Wednesday, November 30, 2011

നൂറു വെളിച്ചെണ്ണ അമ്പതു കടുക്

സിഗരറ്റു കൂടിന്‍റെ പിന്നിലെ വെളുപ്പില്‍
കണക്കുകൂട്ടല്‍.

നൂറു വെളിച്ചെണ്ണ
അമ്പതു കടുക്
നൂറ്റമ്പതു മുളക്

ബാക്കിക്ക് കല്ലു പെന്‍സിലും നാരങ്ങാമൊട്ടായിം, അതായിരുന്നു അമ്മയുടെ ഓഫര്‍.

മൊട്ടായി കിട്ടി...
കല്ലു പെന്‍സിലു താ...
താഴേന്നൊരു കല്ലെടുത്തോ...
പെന്‍സിലു നാളെത്തരാം...

അത്ര സുഖിച്ചില്ല ആ തമാശ...എല്ലാം വാരിപ്പിടിച്ച്, നാരങ്ങാ മൊട്ടായി നുണഞ്ഞ്...ആനവണ്ടിയുടെ ശബ്ദത്തില്‍ വണ്ടി കളിച്ച് വീട്ടിലേക്കോടുമ്പോള്‍ അമ്മയുടെ മുന്നറിയിപ്പ് ഓര്‍ത്തു, അന്നത്തെപ്പോലെ കുപ്പി പൊട്ടിയാല്‍...വണ്ടിയുടെ സ്പീഡ് കുറച്ചു...പതിവു ഗിയറുമാറ്റം ഇല്ല...കയ്യില്‍ വെളിച്ചെണ്ണക്കുപ്പിയുണ്ടല്ലോ...വീട്ടില്‍ ചെന്ന് സ്ലേറ്റില്‍ തറാ പറാന്ന് എഴുതിത്തുടങ്ങുമ്പോള്‍ അടുക്കളയില്‍ നിന്ന് ഉള്ളി മൂപ്പിച്ച ചോറിന്‍റെ മണം...ആകാശവാണി ശബ്ദിക്കുന്നു... ഇന്നത്തെ യുവവാണിയില്‍...

കോക്കനട്ട് ഓയിലേ... രണ്ടു കിലോ അങ്ങെടുത്താലോ? ഒരു ഗ്ലാസ് ബൗള്‍ ഫ്രീയുണ്ട്...ഭാര്യയുടെ ചോദ്യമാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്. മനസില്‍ ആരോ ചിരിക്കുന്നു, എന്നിട്ട് വീണ്ടും ഓര്‍മിപ്പിക്കുന്നു...

നൂറു വെളിച്ചെണ്ണ
അമ്പതു കടുക്
നൂറ്റമ്പതു മുളക്

ചെറിയ അളവുകളില്‍ സമൃദ്ധമായൊരു അത്താഴം കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചോര്‍ത്തു. ആട്ടിയ കൊപ്രയുടെ മണമുള്ള പലചരക്കുകടയുടെ തണലില്‍ നില്‍ക്കുമ്പോള്‍ കേട്ട ശബ്ദങ്ങള്‍ ഓര്‍ത്തു. കടയിലേക്ക് സാധനം വാങ്ങാന്‍ അയയ്ക്കുമ്പോള്‍ അമ്മയുടെ അല്ലെങ്കില്‍ അമ്മൂമ്മയുടെ മനസില്‍ കണക്കുണ്ടാവും. ഇതൊരു ഇമേജാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ആധുനിക വ്യാപാര സങ്കേതങ്ങളും മലയാളിയുടെ നിത്യജീവിതത്തില്‍ എത്തും മുമ്പേ, ഒരു പക്ഷേ എത്തിയിട്ടും ഈ വ്യാപാരരീതിയുണ്ടായിരുന്നു എല്ലായിടത്തും. ഇപ്പോള്‍ റീടെയ്ല്‍ വില്‍പ്പന ശൃംഖലയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വെറുതേ തോന്നുന്നു ഇതൊക്കെ അവസാനിക്കുന്നുവോ? അതെന്തുമാകട്ടെ, മനസിലേക്ക് വന്നു വീഴുന്നു നാട്ടിന്‍പുറത്തെ ആ ദൃശ്യം. വെളിച്ചെണ്ണയുടെ മണമുള്ള, ഭിത്തിയില്‍ പറ്റുപടിക്കണക്കിന്‍റെ രേഖപ്പെടുത്തലുകളുള്ള, ഒരു കൊളുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ചാക്കുനൂലിന്‍റെ വലിയ കട്ടയുള്ള, ലൈഫ്ബോയ്യുടെ ഗന്ധമുള്ള... മരപ്പലകകള്‍ ഒന്നിനു പിന്നാലെ ഒന്നായി ചേര്‍ത്തു വച്ച് അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്ന ഒരു കട...

കടന്നു പോകുന്ന കച്ചവടക്കാഴ്ച

അന്നത്തെ ആഹാരത്തിനായി ദിവസക്കൂലിയുടെ അളവുകളില്‍ ഒതുങ്ങുന്ന വാങ്ങലുകള്‍, കൃത്യമായ മനക്കണക്കു തെറ്റാതെ. ചില്ലറവ്യാപാരത്തിന്‍റെ അപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തിയ ലാഭം നേടുമ്പോള്‍, വാങ്ങുന്നവനും സംതൃപ്തി. ചെറിയ ദൂരത്തില്‍ ആഗ്രഹിക്കുന്ന അളവില്‍ എന്തും വാങ്ങാനുള്ള സാധ്യത. ചില്ലറവ്യാപാര മേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്കു വിട്ടു കൊടുക്കുമ്പോള്‍ മലയാളിയുടെ മനസില്‍ നിന്ന് ഈ ഇമേജ് അന്യം നിന്നു പോകാന്‍ തുടങ്ങുന്നു. ഒരു പക്ഷേ ഇത്തരമൊരു നീക്കത്തിന്‍റെ അതിഭാവുകത്വം കലര്‍ന്ന സാധ്യതയെന്നു തോന്നാമെങ്കിലും അതിവിദൂരമല്ല ആ കാലം. ഇതെല്ലാം കാലത്തിന്‍റെ വളര്‍ച്ചയിലെ അനിവാര്യമായ മാറ്റം തന്നെ. എങ്കിലും ഒരുപാടു തലമുറകളുടെ മനസില്‍ സജീവമായൊരു കച്ചവടക്കാഴ്ച പതുക്കെ മറയുന്നു, ആരേയും വേദനിപ്പിക്കാതെ, അധികമാര്‍ക്കും ഗൃഹാതുരത ഉണര്‍ത്താ തെ. അങ്ങനെയൊരു സംഭവം മറയുന്നുണ്ടെന്നു തോന്നിപ്പിക്കുക പോലെ ചെയ്യാതെ.


 ആവശ്യക്കാരന്‍ പറയുന്ന പലചരക്കുകളുടെ കണക്കുകൂട്ടാന്‍ വിളിച്ചു പറയുന്നതിനൊരു താളം കൂടിയുണ്ട്. സിഗരറ്റു കൂടിന്‍റെ മറുപ്രതലത്തില്‍ എഴുതി, നിമിഷനേരം കൊണ്ടു കണക്കുകൂട്ടുന്ന പലരും പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഭാഗ്യം കിട്ടാത്തവരായിരിക്കും. അനുഭവപരിചയത്തിന്‍റെ ഗണിതം ഒരിക്കലും പിഴയ്ക്കുകയുമില്ല. അരിയിലേയും പയറിലേയും കല്ലുകളോടു ക്ഷമിക്കാനും, മുളകുപൊടിയുടേയും മഞ്ഞള്‍ പ്പൊടിയുടേയും നിറക്കൂടുതലിനോടു കലഹിക്കാതിരിക്കാനും പഠിച്ചുതുടങ്ങിയത് ഒരുനാള്‍ കടം പറഞ്ഞാലും കുഴപ്പമില്ലെന്നതു കൊണ്ടാണ്, കാശില്ലാത്ത കാരണത്താല്‍ അന്നത്തെ ആഹാരം മുടക്കില്ലെന്നതു കൊണ്ടാണ്. എല്ലാം വാങ്ങിക്കഴിഞ്ഞിട്ട്, എഴുതിക്കോ എന്ന ഒറ്റവാക്കില്‍ അഭേദ്യമായൊരു വിശ്വാസം. പറ്റുപടിയെന്ന കടം പറയ ലിന്‍റെ പരിഷ്കൃതനാമത്തെ പ്രയോജനപ്പെടുത്താന്‍ മറ്റെവിടെക്കഴിയും.കടം പറഞ്ഞവരുടെ പേരെഴുതിയ ചുമരുകള്‍ കാലം മായ്ക്കുന്നു. അവിടെ വില കൂടിയാല്‍ പരിഭവിക്കാനും, വിലയില്‍ ഇളവു വാങ്ങാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നാലു ചക്രമുള്ള ട്രോളിയുമുന്തി ആവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞെടുത്തു മടങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും സൃഷ്ടിക്കപ്പെടാത്ത വിശ്വാസം.

പറ്റുപടിയുടെ വിശ്വാസങ്ങള്‍

അളവില്‍ നൂറിന്‍റേയും അമ്പതിന്‍റേയും സൗകര്യങ്ങളില്ലാതെ വരുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ കഴിയാത്ത ചെറിയൊരു വിഭാഗം ഇപ്പോഴും ശേഷിക്കുന്നുണ്ടാകുമെന്നു തീര്‍ച്ച. അപ്രതീക്ഷിതമായി വിരുന്നു വന്ന അതിഥിക്കുള്ള ഭക്ഷണമൊരുക്കാന്‍ ആരും കാണാതെ പിന്നാമ്പുറത്തൂടെ ഓടി ആശ്രയിക്കാന്‍ ഇത്തരം കടകളല്ലാതെ മറ്റെന്തുണ്ടായിരുന്നു ഒരു കാലത്ത്. കൈയിലൊരു ചെറിയ കുപ്പിയും മടക്കിപ്പിടിച്ച സഞ്ചിയുമായി കടകളിലേക്കു നടന്നടുക്കുന്നവര്‍... ആ കാഴ്ച മറക്കാനാവില്ല.



ഊഴം കാത്തു നില്‍ക്കുമ്പോള്‍ നാട്ടുവര്‍ത്തമാനങ്ങളുടെ ചൂടുള്ള ചര്‍ച്ച. ഒളിച്ചോട്ടവും വേലിചാട്ടവും അവിഹിതവും തുടങ്ങി അവിശ്വാസ പ്രമേയം വരെ വിഷയമാകാവുന്ന ചര്‍ച്ചകള്‍. പലചരക്കു കടയിലെ പലവിധ വിശേഷങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എല്ലാം കേട്ട് ചുമരിലെ കലണ്ടറില്‍ തെങ്കാശി കായത്തിന്‍റെ വലിയ എഴുത്തിനു മുകളില്‍ ശ്രീദേവിയോ പദ്മിനി കൊലാപ്പുരിയോ ചിരിക്കും...

ഇത്തരം കടകള്‍ക്കു പലപ്പോഴുമൊരു പേരിന്‍റെ വിശേഷണം ഉണ്ടാകാറില്ല. മിക്കവാറും കടക്കാരന്‍റെ പേരിനു പിന്നില്‍ ചേട്ടന്‍ എന്നോ അമ്മാവന്‍ എന്നോ ചേര്‍ത്ത് ഒരു പേരു വിളിക്കും. ഏതോ തലമുറ അജ്ഞാതകാരണത്തില്‍ വട്ടപ്പേരു നല്‍കിയ എത്രയോ കടക്കാര്‍. തലമുറകള്‍ കടന്നിട്ടും ആ പേരു മാത്രം നഷ്ടപ്പെടാതെ കച്ചവടത്തിന്‍റെ പാരമ്പര്യം തുടര്‍ന്നവര്‍ അനേകം. കച്ചവടത്തിന്‍റെ ആധുനിക സങ്കേതങ്ങള്‍ തുറന്നിട്ടും, നഷ്ടത്തിലായിട്ടും കടയെന്ന നാലു ചുവരിന്‍റെയുളളില്‍ രാജാവായുള്ള വാഴ്ച അവസാനിപ്പിക്കാന്‍ മടിച്ചവര്‍ എത്രയോ പേര്‍. ആഴ്ചയില്‍ ഒരിക്കല്‍ ചന്തയ്ക്കു പോയി മടങ്ങിവരുമ്പോള്‍ വാര്‍ത്തകളുടെ വിശാലമായ ലോകം ഗ്രാമത്തിലേക്കു കൊണ്ടു വന്നിരുന്നു ഈ കച്ചവടക്കാര്‍. പൊതിയാനുള്ള പത്രക്കടലാസില്‍ നിന്നു വാര്‍ത്തകളുടെ അറിവു നേടിയവര്‍. അസംഘടിതരെങ്കിലും വ്യാപാരരീതിയിലും ഉപഭോക്താവിനെ കൈകാര്യം ചെയ്യുന്ന രീതിയിലും സമാനസംഘടിത സ്വഭാവം പുലര്‍ത്തിയിരുന്നു അവരും.
പൂട്ടാത്ത പൂട്ടുകള്‍
സാധാരണക്കാരന്‍റെ ആവശ്യങ്ങളുടെ അളവിനോട് സമരസപ്പെടാനാകാതെ താഴിട്ടു പൂട്ടുന്നു ഒരു കച്ചവടസംസ്കാരത്തെ. കച്ചവടത്തെ മനുഷ്യത്വവുമായി കൂട്ടിയിണക്കി, മനുഷ്യരുമായി കൂട്ടിയണിക്കിക്കഴിഞ്ഞവരുടെ കാലം കഴിയുന്നു. ഒരു കൂട്ടം അപരിചിതര്‍ അവനവന്‍റെ മാത്രം ആവശ്യത്തിനായി പരസ്പരം അജ്ഞാതരായി വന്നു കടന്നു പോകുന്നവരുടെ സങ്കേതം മാത്രമായി കച്ചവടകേന്ദ്രങ്ങള്‍ മാറിക്കഴിഞ്ഞു. പലവകയുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മേല്‍ക്കൂരയുടെ ചുവട്ടില്‍ ഊഴം കാത്തു നില്‍ക്കുന്ന കാഴ്ചകള്‍ മറയുന്നു. കാലത്തിന്‍റെ ഇരുട്ടു പടരുന്നു. മനസില്‍ സെറ്റിട്ടൊരുക്കിയ പലചരക്കു കട അടയ്ക്കുന്നു. പുറത്തൊരു ബോര്‍ഡ് തൂക്കാം, ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ കട തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ഇനിയൊരറിയിപ്പ് ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ...



അമ്മേ ഹോര്‍ളിക്സ്...രാ വണിന്‍റെ സ്റ്റിക്കര്‍ ഫ്രീയുണ്ട്...മനോഹരമായി ഡിസൈന്‍ ചെയ്ത റാക്കുകള്‍ക്കിടയിലൂടെ ട്രോളി തള്ളുന്നതിനിടെ ഒന്നാം ക്ലാസുകാരന്‍റെ ഓര്‍മപ്പെടുത്തല്‍. അരിക്കു ഫ്രീയായി കുറച്ചു കല്ലു കിട്ടിയിരുന്നു

എന്നതൊഴിച്ചാല്‍... പണ്ട് നൂറു വെളിച്ചെണ്ണയ്ക്കും അമ്പതു കടുകിനും എന്ത് ഫ്രീ തരാനാണ്...

ചെറിയ കടലാസു പൊതികള്‍ക്കൊപ്പം വെളിച്ചെണ്ണക്കുപ്പിയും മാറില്‍ അടുക്കിപ്പിടിച്ച്...നാരങ്ങാമിട്ടായി നുണഞ്ഞ്...വീട്ടിലേക്ക് ഓടിപ്പോയതിന്‍റെ ഓര്‍മകള്‍ മനസിലുള്ള ഒരു തലമുറ ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളോട് താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. എന്നാലും പറയാതെ വയ്യ...മകനേ.. നിനക്കു നഷ്ടം, ത്രാസില്‍ ചെറിയ കട്ടികള്‍ വീഴുമ്പോഴുള്ള ശബ്ദം...കൊപ്രയാട്ടിയ വെളിച്ചെണ്ണയുടെ മണം...ഉള്ളി മൂപ്പിച്ച ചോറ്...യുവവാണി...

കാലമേ...ഗുഡ് ബൈ...

വാള്‍മാര്‍ട്ടേ...സ്വാഗതം....

Thursday, November 17, 2011

പുഴ കടന്ന് മലമുകളിലേക്ക്




ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ ‘’

മലമുകളില്‍ മധ്യമാവതി രാഗത്തില്‍

ഒരു പകലൊടുങ്ങുന്നു.

ശരണമന്ത്രങ്ങളുടെ ശബ്ദഘോഷത്തിരകളില്‍ സര്‍വര്‍ക്കും ആശ്രയമായി കാത്തിരിക്കുന്ന ഒരാള്‍ ഉറങ്ങാന്‍ ഒരുങ്ങുന്നു. കീര്‍ത്തനം താരാട്ടായി മാറുന്നു. നിര്‍മാല്യനേരം മുതല്‍ അത്താഴപൂജയ്ക്കപ്പുറവും മലകയറി വരുന്ന ഭക്തര്‍ക്കു വേണ്ടി ഉണരാനായി... വ്രതപുണ്യത്തിന്‍റെ കാനനപാത താണ്ടിയെത്തുന്നവര്‍ക്കു ദര്‍ശനത്തിന്‍റെ സുകൃതം നല്‍കാനായി... കൂപ്പിയ കൈകളുടെ പിന്നില്‍ കണ്ണുകള്‍ ഈറനണിയുന്നു. വൃശ്ചിക രാവിന്‍റെ മഞ്ഞില്‍ ഒരു മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ നട മെല്ലെ അടയുന്നു. അപ്പോഴും തൊഴുതിറങ്ങിയവര്‍ മല താണ്ടിയിട്ടുണ്ടായിരുന്നില്ല...പുഴയും കാടും കടന്ന് എത്രയോ പേര്‍ മലകയറിക്കൊണ്ടിരിക്കുന്നു. പുണ്യപാപച്ചുമടുകളില്‍ മുറുകെപ്പിടിച്ച് മലമുകളില്‍ എവിടെയോ വച്ച് പരസ്പരം കടന്നു പോയി....

ഇടറിവീഴാന്‍ പാടില്ലാത്ത വിശ്വാസകാലത്തിന്‍റെ വരമ്പിലൂടെയുള്ള യാത്ര തുടങ്ങുകയാണ്, ഒരിക്കല്‍ക്കൂടി. ശബരിമല വ്യത്യസ്തമായ ഇമേജാണ് മലകയറുന്നവര്‍ക്കും മലകയറിയിട്ടില്ലാത്തവര്‍ക്കും. ഈശ്വരനും ഈശ്വരനെ കാണാനെത്തുന്നവരും സ്വാമിയായി മാറുന്ന ഇടം. ജീവിതത്തിന്‍റെ കഠിനപാതകള്‍ പിന്നിട്ട്, വിശ്വാസത്തിന്‍റെ കാനനപാതകള്‍ താണ്ടി, ഒടുവില്‍ ദര്‍ശനപുണ്യത്താല്‍ മനസിന്‍റെ ശ്രീകോവിലില്‍ സംതൃപ്തിയുടെ നിറദീപക്കാഴ്ചയൊരുക്കാന്‍ ജനലക്ഷങ്ങളുടെ തീര്‍ഥാടനം. വൃശ്ചികപ്പുലരിയുടെ വിശ്വാസനാളുകളില്‍ ശബരിമല എന്ന ഏകലക്ഷ്യത്തിലേക്ക് ഇരുമുടിക്കെട്ടുകള്‍ നിറയുന്നു.

വ്രതം നോക്കുന്നതിനും ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിനും ശരണമന്ത്രങ്ങള്‍ ഏറ്റുവിളിക്കുന്നതിനുമപ്പുറം ശബരിമല തീര്‍ഥാടനക്കാലം



മനസില്‍ നിറയ്ക്കുന്നുണ്ട് ഒരുപാടു ജീവിതചിത്രങ്ങള്‍. വൃശ്ചികത്തണുപ്പിന്‍റെ അര്‍ധരാത്രികളില്‍ നിശബ്ദതയെ ഭേദിച്ച് അങ്ങകലെ നിന്നൊഴുകി വരുന്ന ശാസ്താം പാട്ടിന്‍റേയും ചിന്തുപാട്ടിന്‍റേയും അവ്യക്തമായ വരികള്‍, അയ്യപ്പന്‍ വിളക്ക് എന്ന ആഘോഷത്തിന്‍റെ അന്ത്യത്തില്‍ തിളച്ചെണ്ണെയില്‍ നിന്ന് അപ്പം വാരുന്ന വാവരുടെ ആവാഹനം, പുലര്‍ച്ചെ അജ്ഞാതമായ വാഹനത്തില്‍ അകന്നകന്നു ശബരിമലയ്ക്കു പോകുന്ന ശരണം വിളികള്‍, പിന്നെ, മലയില്‍ അയ്യപ്പന്മാര്‍ പെരുകുമ്പോള്‍ മഞ്ഞിറങ്ങി നാട്ടിലേക്കു വരുന്നതുകൊണ്ടാണു അതിരാവിലെ തണുപ്പു കൂടുന്നതെന്ന് ആരോ പകര്‍ന്നു തന്ന വിശദീകരണത്തിന്‍റെ കൗതുകം

ഓണ്‍ലൈന്‍

ദര്‍ശനം


വ്രതം തെറ്റിയാല്‍ പുലി പിടിക്കുമെന്ന കാര്യത്തില്‍ സന്ദേഹമില്ലാത്ത ബാല്യം. തീവ്ര വ്രതത്തില്‍ ഇളവുകള്‍ കാംക്ഷിച്ച കൗമാരം. നിരീശ്വര വിശ്വാസങ്ങളില്‍ ഇടയ്ക്കിടെ ദൈവഭയത്തിന്‍റെ നിലാവു പരന്ന യൗവനം. ഒടുവില്‍ ജീവിതഭാരത്തിന്‍റെ കാനനവഴിയിലൂടെ ആശ്വാസത്തിന്‍റെ അത്താണി തേടി മല കയറ്റം. ഓരോ കാലത്തിനും ജീവിതക്കാഴ്ചയുടെ വ്യത്യസ്ത ഫ്രെയ്മുകള്‍. ശബരിമല ഒരേ സമയം വിശ്വാസവും ആശ്വാസവുമാകുന്നുണ്ടാകാം ഒരുപാടു പേര്‍ക്ക്. മണ്ഡലകാലത്തു ഹോട്ടല്‍ അയ്യപ്പാസ്(വെജിറ്റേറിയന്‍)എന്നു പേരു മാറ്റുന്ന ഹോട്ടലുകള്‍ മുതല്‍ പമ്പ മുതല്‍ സന്നിധാനം വരെ നീളുന്ന കച്ചവടക്കാര്‍ വരെ ശബരിമലയുടെ സാന്നിധ്യത്താല്‍ ജീവിതത്തിന്‍റെ കരിമല താണ്ടുന്നവരാണ്.

ഇക്കുറി ക്യൂ നില്‍ക്കാതെ എളുപ്പം ദര്‍ശനം നേടാനായി ഇന്‍റര്‍നെറ്റിലൂടെ ബുക്ക് ചെയ്യാമെന്ന പൊലീസ് സഹായവുമുണ്ട്, ശബരിമലയില്‍. ഓണ്‍ലൈന്‍ ദര്‍ശനത്തിന്‍റെ സാധ്യതകളിലേക്കുള്ള വാതില്‍ പൂര്‍ണമായും അടയ്ക്കാനാകില്ല വരും കാലങ്ങളില്‍ എന്ന സൂചന നല്‍കുന്ന നീക്കം. ഒരു കാലത്തു ദുഷ്ക്കരമായിരുന്നു ശബരിമല യാത്ര, യഥാര്‍ഥത്തില്‍ തീര്‍ഥാടനത്തിന്‍റെ എല്ലാ ദുരിതങ്ങളും താണ്ടണമായിരുന്നു. ഇപ്പോള്‍ സൗകര്യങ്ങളേറി, യാത്രയുടെ സുരക്ഷിതത്വവും. സാധാരണ ജീവിതത്തില്‍ സാങ്കേതികതയുടെ സ്വാധീനം എറുമ്പോള്‍ സൗകര്യം വര്‍ധിപ്പിക്കലിന്‍റെ അടുത്തപടിയിലേക്കു കൂടി അധികൃതര്‍ കടക്കുന്നു, ഓണ്‍ലൈന്‍ ക്യൂ നില്‍ക്കലിലൂടെ. ഇതൊന്നുമില്ലാതെ കഠിനവ്രതത്തിന്‍റെ ബലത്തില്‍ കാനനപാത താണ്ടി ദര്‍ശനം കണ്ടു മടങ്ങിയവരുണ്ടെന്ന് ഓര്‍ക്കുന്നതു നല്ലത്.

ഡയലര്‍ ടോണിലും

ഹരിവരാസനം...


ശബരിമലക്കാലത്തിന്‍റെ സൂചനകള്‍ എങ്ങും കണ്ടുതുടങ്ങിയിരിക്കുന്നു. കറുത്തമുണ്ടും രുദ്രാക്ഷമാലയും ഇരുമുടിയുമൊക്കെ പതിവുപോലെ കടകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മൊബൈല്‍ ഫോണിന്‍റെ ഡയലര്‍ ടോണുകളില്‍ പാതി മുറിഞ്ഞ ഹരിവരാസനം...പാട്ടിന്‍റെ മണ്ഡലക്കാലം കൂടിയാണിത്. അയ്യപ്പഭക്തിഗാനങ്ങള്‍ക്കു താത്പര്യമേറുന്ന സമയം. പതിവുതെറ്റിക്കാതെ ഇക്കുറിയും ഭക്തിഗാനങ്ങളുടെ മഹാപ്രളയം. ഒരു സീസണല്‍ സംഭവമാണെങ്കിലും മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന എത്രയോ അയ്യപ്പഭക്തി ഗാനങ്ങള്‍... 





ഉദിച്ചുയര്‍ന്നു മാമല മേലേ...

പാപം മറിച്ചിട്ടാല്‍ പമ്പ...

നിലാവേ വാ ഈ പമ്പാതീരത്ത് വിരി വച്ചു താ.....അങ്ങനെ എത്രയോ പാട്ടുകള്‍.

വിശ്വാസകേന്ദ്രങ്ങളിലെ പതിവു മുന്നറിയിപ്പു ബോര്‍ഡുകളില്ല ശബരിമലയില്‍. മത സാഹോദര്യത്തിന്‍റെ ഒരിക്കലും പിരിയാത്ത ഐതിഹ്യങ്ങളുള്ളതു കൊണ്ടു തന്നെ ആര്‍ക്കും ദര്‍ശനസൗഭാഗ്യം നേടാം. അയ്യപ്പന്‍റേയും വാവരുടേയും സൗഹൃദകഥകളില്‍ തലമുറകള്‍ തെറ്റിക്കാത്ത കീഴ്വഴക്കം. ഇപ്പോഴും എത്രയോ വിഭിന്നമതക്കാര്‍ പതിനെട്ടാം പടി ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തുന്നു, പാപദുരിതങ്ങള്‍ അകറ്റുന്നു.

ഇനി വിശ്വാസത്തിന്‍റെ ഇരുമുടിക്കെട്ടു മുറുകുന്ന നാളുകള്‍.

ശരണമന്ത്രങ്ങള്‍ ഉറക്കെ വിളിച്ചു

ശബരിമല തീര്‍ഥാടനമാകാം.

പമ്പയില്‍ പാപം കഴുകാം

കരിമലയും നീലിമലയും താണ്ടാം.

ഒടുവില്‍

ആ സന്നിധിയിലെത്തുമ്പോള്‍ മനസും ശരീരവും ഒരു വാക്ക് വായിക്കാന്‍ പരുവപ്പെട്ടിരിക്കും, തത്വമസി. അതൊരു തിരിച്ചറിവാണ്, ശബരിമല തീര്‍ഥാടനം തിരിച്ചറിവിലേക്കാണ്. അവനവനില്‍ ഈശ്വരനെ കണ്ടെത്തിത്തരുന്ന സുകൃതത്തിലേക്കുള്ള തീര്‍ഥാടനം.

Saturday, October 15, 2011

ആദ്യ അച്ചടിയുടെ അള്‍ത്താരയില്‍

     വൈപ്പിക്കോട്ട സെമിനാരി
                       ചരിത്രത്തിലേക്കു മുസിരിസ് വഴി 4

 ദ്യാക്ഷരങ്ങള്‍ കുറിച്ച അച്ചുകൂടം നിശ്ചലം. എങ്കിലും ചരിത്രം ഹരിശ്രീ കുറിച്ച ചേന്ദമംഗലത്തിന്‍റെ മണ്ണില്‍ അക്ഷരത്തിന്‍റെ തിരുശേഷിപ്പുകളായുള്ള കെട്ടിടാവശിഷ്ടങ്ങള്‍. മുകളിലേക്കുയര്‍ന്ന നിര്‍മിതിയുടെ പായല്‍ പിടിച്ച പുറംചുവരുകളില്‍ നിന്നു ചരിത്രം വായിച്ചെടുക്കാനാവില്ല. ഒരു പക്ഷേ അവിടെ അങ്ങനെയൊരു അച്ചുകൂടത്തില്‍ അക്ഷരങ്ങളെഴുതിയ ബ്ലോക്കില്‍ ചരിത്രത്തിന്‍റെ പതിയലുകള്‍ ഉണ്ടായിരുന്നുവെന്നു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാലം ഇങ്ങനെയാണ്. മനുഷ്യസങ്കല്‍പ്പത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു മാറ്റത്തിന്‍റെ മായാജാലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അങ്ങനെ പോയ കാലത്തു സര്‍വസാധാരണത്തം പേറുന്ന പലതും പിന്നീട് അത്ഭുതമായി മാറും, ചരിത്രവുമാകും. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലം കോട്ടയില്‍ കോവിലകത്തെ ഹോളി ക്രോസ് പള്ളിയിലെത്തുമ്പോള്‍ പണ്ടു പഠിച്ചൊരു അറിവിന്‍റെ അകമ്പടി കൂടിയുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി അച്ചടി നടന്ന ഇടം, വൈപ്പിക്കോട്ട സെമിനാരി.  

                            ഹോളി ക്രോസ് ചര്‍ച്ച്

വാക്കുകളില്‍ ഒതുങ്ങാത്ത ചരിത്രപ്രാധാന്യം.
പള്ളിപ്പറമ്പിലേക്കു കടക്കുമ്പോള്‍ അത്തരമൊരു സാന്നിധ്യത്തിന്‍റെ സൂചനകളില്ല. പിന്നീടുള്ള അന്വേഷണത്തില്‍ സെമിത്തേരിക്കു പുറകിലായി, കാലത്തിന്‍റെ പച്ചപ്പു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം, മേല്‍ക്കൂരയില്ല. നാലു ചുവരുകളുടെ ആകൃതി പോലുമില്ല, മതിലുകള്‍ മാത്രം. പക്ഷേ മതിലുകള്‍ കോറിയിടുന്ന ചരിത്രം അവഗണിക്കാന്‍ കഴിയുന്നതല്ല. അച്ചടിയുടെ ഈറ്റില്ലമെന്ന സ്ഥിരം വിശേഷണത്തെ ഒന്നൊതുക്കി നിര്‍ത്തിയാല്‍, കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ലാങ്ഗ്വേജ് പ്രസ് കൂടിയായിരുന്നു ഇവിടം. നൂറ്റാണ്ടുകള്‍ക്കപ്പുറം ആദ്യകാല അക്ഷരങ്ങളുടെ നിശ്വാസം ഉതിര്‍ന്നു വീണ മണ്ണ്. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സംരക്ഷണയിലാണു വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങള്‍. ഒരുപാടു ചരിത്രപ്രാധാന്യമുള്ള സ്ഥലം. ചരിത്രത്തിന്‍റെ പിന്‍വഴികളിലൂടെ നടന്നു ചെന്നാല്‍ ചെന്നു ചേരുന്നത് നാലാം നൂറ്റാണ്ടു മുതല്‍ ഇവിടം വാണിരുന്ന, ചേന്ദമംഗലം തലസ്ഥാനമായിരുന്ന, വില്ലാര്‍വട്ടം സാമ്രാജ്യത്തിന്‍റെ തിരുമുമ്പില്‍. പിന്നീടിങ്ങോട്ടു അനേകം കൈവഴികളായിത്തിരിയുന്ന ചരിത്രത്തിന്‍റെ മഹാപ്രളയം.

ചേന്ദമംഗലത്തു സെമിനാരി
കാലങ്ങള്‍ക്കു മുമ്പ്. അങ്കമാലി പള്ളിയില്‍ മലങ്കര പള്ളി പ്രതിനിധികളുടെ യോഗമായ അങ്കമാലി സൂനഹദോസിലാണ് ചേന്ദമംഗലത്തു സെമിനാരി എന്ന ആശയം ആദ്യം ഉയര്‍ന്നത്. ബിഷപ്പ് മാര്‍ എബ്രഹാമിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ജസ്യൂട്ട് മിഷനറിമാരുടെ മേല്‍നോട്ടത്തിലൊരു സെമിനാരി എന്ന അപേക്ഷയുമായി ബിഷപ്പ് മാര്‍ എബ്രഹാം പോപ്പിനു കത്തെഴുതി. 1576ല്‍ പോപ്പിന്‍റെ അനുകൂല മറുപടിയുമായി ജസ്യൂട്ട് പുരോഹിതന്‍ അലക്സാന്‍ഡോ വിലിഗാനി കേരളത്തിലെത്തി. കൊച്ചി രാജാവിനേയും ബിഷപ്പിനേയും കണ്ടു. അങ്ങനെ ചേന്ദമംഗലത്തു വില്ലാര്‍വട്ടം കുന്നിനു സമീപം ഇന്ത്യയിലെ ജസ്യൂട്ടുകളുടെ ആദ്യ സെമിനാരിക്കു 1577ല്‍ തുടക്കമായി, വൈപ്പിക്കോട്ട സെമിനാരി. കോളെജ് ഒഫ് ചെന്നോത്ത് എന്നും വൈപ്പിക്കോട്ട സെമിനാരി അറിയപ്പെട്ടിരുന്നു. കൊച്ചി രാജാവിന്‍റെ ഗ്രാന്‍റും സെമിനാരിക്കു ലഭിച്ചിരുന്നു. ദി ഹോളി ക്രോസ് എന്ന പേരില്‍ ഒരു ചാപ്പലും സെമിനാരിക്കു സമീപത്തായി നിര്‍മിച്ചിരുന്നു. ആ പള്ളി തന്നെയാണ് ഇപ്പോഴത്തെ ഹോളി ക്രോസ് ചര്‍ച്ചായി രൂപാന്തരം പ്രാപിച്ചതെന്നു കരുതുന്നു. പള്ളിയുടെ മുഖപ്പിനു മാറ്റം വരുത്തിയെങ്കിലും പഴയകാല നിര്‍മിതിയുടെ സൂചനകള്‍, പ്രത്യേകതകള്‍ ഇപ്പോഴും ദര്‍ശിക്കാം.

                        ഇന്‍സ്‌ക്രിപ്ഷനുകള്‍
1577ല്‍ തന്നെയാണു വൈപ്പിക്കോട്ട സെമിനാരിയില്‍ ആദ്യ പ്രിന്‍റിങ് പ്രസ് സ്ഥാപിച്ചത്. സ്പെയ്നില്‍ നിന്നുള്ള ജസ്യൂട്ടായ ബ്രദര്‍ ജോണ്‍ ഗോണ്‍സാല്‍വസ് മരത്തില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്തു. ആദ്യത്തെ പുസ്തകത്തിന് അച്ചുകൂടമൊരുങ്ങി. ഡോക്റ്ററീന ക്രിസ്റ്റ്യാന എന്ന പുസ്തകം അച്ചടിച്ചത് തമിഴ് ലിപിയില്‍. ഈ പുസ്തകം ഇപ്പോള്‍ പാരിസില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1579ല്‍ അച്ചടിച്ച ഡോക്റ്ററീന ക്രിസ്റ്റിം എന്ന മറ്റൊരു പുസ്തകം ഇപ്പോള്‍ പാരിസിലെ സൊര്‍ബോണ്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവകാശവാദങ്ങള്‍. 1602ല്‍ ചേന്ദമംഗലത്തു സുറിയാനി പ്രിന്‍റിങ്ങും ആരംഭിച്ചു. സുറിയാനി അച്ചടിക്കാനുള്ള പ്രസ് നല്‍കിയതു പോപ്പ് ക്ളെമെന്‍റ് എട്ടാമനാണെന്നും ചരിത്രരേഖകള്‍. ഒടുവില്‍ ഡച്ച് ആക്രമണം ഭയന്നു വൈപ്പിക്കോട്ട സെമിനാരി അമ്പഴക്കാട്ടേക്കു ഷിഫ്റ്റ് ചെയ്തു. പിന്നീട് 1790ല്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്തു ഈ പ്രദേശത്തെ സ്ഥാപനങ്ങള്‍ തകര്‍ത്തു.

ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍

ഇത്രയേറെ പ്രാധാന്യമുള്ള വൈപ്പിക്കോട്ട സെമിനാരിയില്‍ ഇന്ന് അവശേഷിക്കുന്നതു പുല്ലു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം മാത്രം, പിന്നെ രേഖപ്പെടുത്തയ ചരിത്രത്തില്‍ കാലം കൂട്ടിച്ചേര്‍ത്ത ചില അറിവുകളും. ആ പ്രദേശത്തു നിരവധി കെട്ടിടങ്ങളുണ്ടായിരുന്നുവെന്നും പിന്നീടുള്ള കാലങ്ങളില്‍ നടന്ന യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടുവെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പര്യവേഷണങ്ങളിലൂടെ ഈ ഭാഗത്തു നിന്നും കല്ലില്‍ കൊത്തിയ ഇന്‍സ്ക്രിപ്ഷനുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴതു പള്ളിയുടെ സമീപത്തായി പ്രത്യേകം കെട്ടിയുണ്ടാക്കിയ ചുവരില്‍ സൂക്ഷിച്ചിരിക്കുന്നു. ആത്മീയ സംഘടനയായ ദര്‍ശന സമൂഹവും, മരിയന്‍ സൊഡാല്‍റ്റി ഗ്രൂപ്പും ( ഇപ്പോഴത്തെ സിഎല്‍സി ) കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്നതും വൈപ്പിക്കോട്ട സെമിനാരിയിലാണ്.

ഇത്രയും മനുഷ്യന്‍ ചികഞ്ഞെടുത്ത ചരിത്രസത്യങ്ങള്‍. ഇനിയുമെത്രയോ സാന്നിധ്യങ്ങള്‍ അസാന്നിധ്യങ്ങളായി ഈ മണ്ണിനടിയില്‍ ഉറങ്ങുന്നുണ്ടാകും. ചരിത്രമെന്ന രേഖപ്പെടുത്തലിലേക്ക് എത്താന്‍ കഴിയാതെ മറഞ്ഞു പോയ എത്രയോ സത്യങ്ങള്‍ ഉണ്ടാകാം....

                               പാലിയം കൊട്ടാരം
  

കൊച്ചിയില്‍ പാതി പാലിയം

 സമൃദ്ധിയുടെ ആഴമറയിച്ച ഈ പഴമൊഴിയോര്‍ത്ത് പാലിയം കൊട്ടാരത്തിനു മുന്നിലെത്തി. കവാടത്തിനപ്പുറം കൊച്ചി രാജവംശത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍റെ കൊട്ടാരം. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു രാജാവിനു ഭീഷണി ഉണ്ടായപ്പോള്‍ സംരക്ഷണം നല്‍കിയിരുന്നതു പാലിയത്തച്ചനായിരുന്നുവെന്നു ചരിത്രം പറയുന്നു. കൊച്ചി രാജവംശത്തില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തി സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചതു പാലിയത്തെ കോമി അച്ചന്‍ ഒന്നാമന്‍. പാലിയം - ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിലും കോമി അച്ചന്‍ പ്രധാന പങ്കു വഹിച്ചിരുന്നു. മഹാരാജാവിന്‍റെ പ്രധാനമന്ത്രിയായി മുപ്പതു വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു കോമി അച്ചന്‍ രണ്ടാമന്‍. അദ്ദേഹത്തിന്‍റെ കാലയളവിലാണ് തിരുവിതാംകൂറില്‍ നിന്നും, സാമൂതിരിയില്‍ നിന്നും, മൈസൂരിലെ ഹൈദരില്‍ നിന്നും കൊച്ചിരാജ്യം ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടത്. പിന്നീട് ഗോവിന്ദന്‍ വലിയ അച്ചന്‍, രാമന്‍വലിയ അച്ചന്‍....പാലിയം പരമ്പര നീളുന്നു. 
                                   പാലിയം നാലുകെട്ട്‌ 
അങ്ങനെ മുസിരിസ് പൈതൃക പട്ടികയില്‍ ഇടംപിടിച്ച പാലിയം കൊട്ടാരത്തിനും പറയാനുള്ളതും ചരിത്രത്തിന്‍റെ ഒളിമങ്ങാത്ത അധികാരകഥകള്‍. പാലിയം കൊട്ടാരത്തിന്‍റെ നിര്‍മാണത്തില്‍ ഡച്ച് വൈദഗ്ധ്യത്തിന്‍റെ സ്വാധീനമുണ്ട്. കേരള വാസ്തുകലയുടെ സങ്കലനം കൂടിയാകുമ്പോള്‍ കൊട്ടാരത്തിന്‍റെ ഭംഗിയും സൗന്ദര്യവും ഏറുന്നു. ഘനമേറിയ ചുവരുകളും അകത്തളത്തില്‍ കൊത്തുപണി ചെയ്ത ഗോവണികളും. കവാടത്തിനു മുകളിലായുള്ള പ്രസംഗപീഠത്തില്‍ നിന്നു പാലിയത്തച്ചന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമായിരുന്നു. 


കൊട്ടാര കവാടം കടന്ന് അകത്തേക്കു നടപ്പാതകള്‍. പാലിയം ട്രസ്റ്റ് ഓഫിസും കടന്നു വലത്തോട്ടു തിരിഞ്ഞു മുന്നോട്ടു നടന്നാല്‍ ക്ഷേത്രം. ക്ഷേത്രത്തിനപ്പുറത്താണു നിര്‍മാണകലയുടെ മറ്റൊരു ഉദാഹരണായി പാലിയം നാലുകെട്ട്. 1786ല്‍ പാലിയം കുടുംബത്തിലെ മുതിര്‍ന്ന അംഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിച്ചതാണു ക്ലാസിക്കല്‍ സ്ട്രക്ചറുള്ള ഈ നാലുകെട്ട്. നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള പഴയകാല കേരള മോഡല്‍ നിര്‍മാണം തന്നെയാണു പാലിയം നാലുകെട്ടിനുമുള്ളത്. നാലുകെട്ടിലെ ഓരോ പ്രദേശത്തിനും ഓരോ ധര്‍മവും ഉണ്ടായിരുന്നു. പടിഞ്ഞാറ്റിനിയെ മൂന്നു ഭാഗങ്ങളായി തിരിച്ചു. അതില്‍ നടുവിലത്തേതായിരുന്നു വിലപിടിപ്പുള്ളതെല്ലാം സൂക്ഷിച്ചിരുന്ന അറ. വടക്കിനിയെ രണ്ടായി തിരിച്ചു, അടുക്കളയും ഊണുമുറിയും. വലിയ ഹാളുകളുള്ള കിഴക്കിനിയും തെക്കിനിയും അതിഥികളെ സ്വീകരിക്കാനുള്ളതുമായിരുന്നു.

Saturday, October 8, 2011

ചരിത്രത്തിന്‍റെ പേറ്റുനോവുകള്‍..

                 ചരിത്രത്തിലേക്ക് മുസിരിസ് വഴി-3

സ്വന്തം പേരിനോടു രൂപത്തില്‍ അല്‍പ്പം പോലും നീതി പുലര്‍ത്താത്ത നാട്, പട്ടണം. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കുറച്ചുകാലം മുമ്പു മാത്രം ചരിത്രത്താവളമായി തിരിച്ചറിഞ്ഞ നാടിന്‍റെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങനെയാണു തോന്നിയത്. പേരുപോലെ പട്ടണപ്പരിഷ്കാരങ്ങളുടെ വിദൂരഛായ അല്‍പ്പം പോലും പേറുന്നില്ല. മുസിരിസ് എന്നാല്‍ കൊടുങ്ങല്ലൂരായിരുന്നുവെന്നും, പ്രളയത്തില്‍ വഴിമാറി ഒഴുകിയ പുഴയുടെ പഴയ ഓരങ്ങള്‍ പട്ടണമെന്ന ആ ഗ്രാമത്തിലായിരുന്നുവെന്നും സ്ഥിരീകരിക്കാന്‍ പറ്റാത്ത അവകാശങ്ങള്‍. മണ്ണുമാറ്റിയെടുക്കാവുന്ന സാധ്യതകളുടെ ചരിത്രം ഇനിയും ശേഷിക്കുന്നുണ്ടാകും പട്ടണത്തിന്‍റെ അടിത്തട്ടുകളില്‍. അവശിഷ്ടങ്ങളുടെ സമൃദ്ധമായ വിളനിലമായി വാര്‍ത്തകളില്‍ ഇടംപിടിച്ച ഗ്രാമത്തിന്‍റെ ഇടവഴികള്‍ പിന്നിടുന്നു. ഖനനം നടക്കുന്ന സ്ഥലമെന്ന ആവര്‍ത്തനചോദ്യത്തിന്‍റെ ഉത്തരമായി പറഞ്ഞു തന്ന വഴിയിലൂടെ വീണ്ടും മുന്നോട്ട്.

ചെറിയ വഴി. തകരപ്പാട്ടയില്‍ തീര്‍ത്ത ഗെയ്റ്റിന്‍റെ സുരക്ഷിതത്തിനപ്പുറത്തൊരു ലോങ് ഷോട്ടില്‍ വിശാലമായ പറമ്പില്‍ ഒരൊറ്റ വീട്. ഗെയ്റ്റില്‍ തൂക്കിയിരിക്കുന്ന അറിയിപ്പു ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇങ്ങനെ, പട്ടണം പുരാവസ്തു ഗവേഷണം, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍, അഞ്ചാം ഘട്ട ഉദ്ഖനനം.. പ്രദേശവാസികളില്‍ നിന്നു പട്ടണം ഖനനത്തിന്‍റെ അറിവുകള്‍ നേടുമ്പോള്‍ കൗതുകകരമായ ഒരുപാടു കാര്യങ്ങള്‍ അറിഞ്ഞു. എങ്കിലും ജനവാസമേഖലയായ പട്ടണത്തെ പറമ്പുകള്‍ക്കടിയില്‍ ചരിത്രത്തിന്‍റെ സാന്നിധ്യമുണ്ടെന്നെങ്ങനെ തിരിച്ചറിഞ്ഞു എന്ന അത്ഭുതമായിരുന്നു ആദ്യം. പ്രദേശവാസികള്‍ കിണര്‍ കുഴിക്കുമ്പോഴും, വീടു പണിയാന്‍ വാനം താഴ്ത്തുമ്പോഴും കിട്ടിയിരുന്ന വസ്തുക്കളുടെ സമൃദ്ധി. മുത്തും, പ്രത്യേക തരം കല്ലുകളും, മണ്‍പാത്രക്കഷണങ്ങളും..... ഇവിടെ ഇങ്ങനയൊരു കാലം ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തുകയായിരുന്നു ഓരോ കണ്ടെത്തലും. 



ചരിത്രം നങ്കൂരമിട്ട ഭൂമി
കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്‍റെ നേതൃത്വത്തിലാണ് ഖനനം. പോസ്റ്റ് എക്സവേഷന്‍ സ്റ്റഡി നടത്തി. പണ്ടുകാലത്തു വിശാലമായ വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന തെളിവുകള്‍ പട്ടണം ഖനനത്തെ ആഗോള പ്രശസ്തമാക്കി. ഇവിടെ നിന്നു കിട്ടിയ ഓരോ വസ്തുവിന്‍റേയും വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ ചരിത്രം അനാവരണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്കും ചരിത്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും എന്നു പ്രിയപ്പെട്ട സ്ഥലമായി പട്ടണം. ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇത്രത്തോളം സമൃദ്ധമായ മറ്റൊരിടം ഇല്ലെന്നുള്ളതു തന്നെ കാരണം. ഇപ്പോള്‍ അഞ്ചാം ഘട്ട ഉദ്ഖനനം നടക്കുന്നതു പടമഠത്തില്‍ എന്ന പ്ലോട്ടില്‍. പറമ്പിന്‍റെ ഉപരിതലം വൃത്തിയാക്കി ഒരു സംഘം ഉണ്ടായിരുന്നു ആ പ്ലോട്ടില്‍. വലിയൊരു കുളം, ലഭിക്കുന്ന അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള റിങ്ങുകള്‍.... ഇങ്ങനെ ചില സാന്നിധ്യങ്ങളൊഴിച്ചാല്‍ വേറൊന്നും അവിടില്ല. “”

ചരിത്രകാരന്മാര്‍ മാത്രമല്ല പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ പ്രവര്‍ത്തനങ്ങളും മുന്നേറുന്നത്. ഇവന്മാര്‍ക്കു ഭ്രാന്താണെന്നു കരുതിയ നാട്ടുകാര്‍ പിന്നീട് പ്രാധാന്യം മനസിലാക്കുകയായിരുന്നെന്നു ഒരു പ്രദേശവാസിയുടെ സാക്ഷ്യം. ഇനി പറയുന്ന ചരിത്രത്തിന് ഒരു ഔദ്യോഗിക ചരിത്രകാരന്‍റെ സാക്ഷ്യപ്പെടുത്തലുകളുടെ ഛായ ഉണ്ടാകണമെന്നില്ല. ഖനനം തുടങ്ങും മുമ്പേ, പട്ടണമെന്ന ഗ്രാമത്തെ ലോകം അറിയും മുമ്പേ അവിടെ ജനിച്ചു വളര്‍ന്ന നാട്ടുകാരുടെ കാഴ്ചയില്‍ നിന്നുള്ള പരിമിതമായ അറിവിന്‍റെ രേഖപ്പെടുത്തല്‍. പട്ടണം ഖനനം ചരിത്രമറിയാത്ത നാട്ടുകാരുടെ നാവിലൂടെ.



നാട്ടുകാരനും ഖനനത്തില്‍ ചരിത്രകാരന്മാരെ സഹായിക്കുന്നയാളുമായ രവിച്ചേട്ടന്‍ പറഞ്ഞു തുടങ്ങി, ഒരിക്കല്‍ ഇവിടെ കുഴിച്ചു വരുമ്പോള്‍, രണ്ടു മീറ്ററോളം അടിയിലെത്തിയിട്ടുണ്ടാകും, പെട്ടെന്ന്...ഇത്രയും പറഞ്ഞപ്പോഴേക്ക് രവിച്ചേട്ടന്‍റെ ഫോണ്‍ ശബ്ദിച്ചു. കുറച്ചു മാറി നിന്നു സംസാരിക്കുമ്പോള്‍ മണ്ണിനടിയില്‍ അദ്ദേഹം കണ്ടത് എന്താണെന്ന ആകാംക്ഷ നിറഞ്ഞു നിന്നു. ആ മണ്ണില്‍ നിന്നു കൊണ്ടു മനസ് സാധ്യതകളുടെ ഖനനം നടത്തുമ്പോഴേക്കും അദ്ദേഹം ഫോണ്‍ കോള്‍ അവസാനിപ്പിച്ചു തിരികെയെത്തി.

റോമന്‍ ചക്രവര്‍ത്തിക്കു കൊടുക്കുന്ന എന്തോ

താഴേക്കു ചെന്നപ്പോള്‍ ഭിത്തിയുള്ള ഒരു വീടിന്‍റെ അവശിഷ്ടങ്ങള്‍. വലിയ ഭിത്തി, ഇഷ്ടിക കൊണ്ടുള്ള ഫ്ളോര്‍, അവിടെ നിന്നും എനിക്കൊരു വെളുത്ത നിറത്തിലുള്ള വലിയ കല്ല് കിട്ടി, എന്താണെന്നു മനസിലായി. മുകളിലേക്ക് ഇട്ടു കൊടുത്തു. ആ പരിസരത്തു നിന്ന ചരിത്രകാരന്‍ അതു തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് അതിന്‍റെ വില മനസിലാക്കിയത് ‘’ നിധിയേക്കാള്‍ മൂല്യമുള്ളത്. റോമന്‍ ചക്രവര്‍ത്തിക്കു കൊടുക്കുന്ന എന്തോ ആയിരുന്നു. ആകാംക്ഷ അതിരു കടന്നു കൊണ്ടാകാം രവിച്ചേട്ടന്‍റെ കണ്ടെത്തലിന്‍റെ ക്ലൈമാക്സിനു കാര്യമായ പഞ്ച് ഉണ്ടെന്നു തോന്നിയില്ല. പക്ഷേ ഇങ്ങനെ എത്രയോ ചരിത്രകൗതുകങ്ങളുടെ കണ്ടെത്തലിന്‍റെ സന്തോഷം അനുഭവിച്ചിട്ടുണ്ടാകും ഇവരൊക്കെ. ആദ്യമൊക്കെ നാട്ടുകാര്‍ക്കു പല തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു. സ്വന്തം സ്ഥലം പോകുമോ, കുഴിച്ചു വൃത്തികേടാക്കുമോ എന്നുള്ള സംശയങ്ങള്‍. പിന്നീടു ഖനനം പുരോഗമിച്ചപ്പോള്‍ ഖനനത്തിന്‍റെ രീതി മനസിലായപ്പോള്‍ എല്ലാ സംശയങ്ങളും അകന്നു. ഇപ്പോള്‍ നാട്ടുകാരും ഖനനത്തില്‍ സഹകരിക്കുന്നു. 



മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണു പട്ടണം ഖനനം പുരോഗമിക്കുന്നത്. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ മാത്രമല്ല പട്ടണം ഖനനത്തില്‍ പങ്കാളികള്‍ ആയിട്ടുള്ളത്. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയം, യൂണിവേഴ്സിറ്റി ഒഫ് റോം, ദര്‍ഹാം യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ..... കേരളത്തിന്‍റെ ഈ ചെറുഗ്രാമത്തില്‍ നടക്കുന്ന ഖനനത്തില്‍ തല്‍പ്പരരായ സ്ഥാപനങ്ങള്‍ ഇനിയുമേറെ. കൃത്യമായ വര്‍ഷവും കാലഗണനയും മനപ്പാഠമാക്കുന്ന ചരിത്രത്തിന്‍റെ പഠനത്തിന്‍റെ വിരസതയില്ല പട്ടണത്തെ ജനങ്ങള്‍ മനസിലാക്കിത്തരുന്ന ഓരോ ചരിത്രകഥകള്‍ക്കും. ഒരു ഗ്രാമത്തിലെ നാടോടിക്കഥ കേള്‍ക്കുന്ന മനസോടെ കേട്ടറിയാം, പട്ടണത്തിന്‍റെ കഥ. പകര്‍ന്നു തന്ന അറിവില്‍ നിന്നു ചരിത്രസാധ്യതകളുടെ ഒരുപാട് എക്സ്റ്റന്‍ഷനുകളും മനസില്‍ വിരിയുന്നു. ഇവിടെ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഇനിയും ചരിത്രത്തിന്‍റെ ഭ്രൂണങ്ങളുണ്ട്. ഖനനത്തിന്‍റെ ഓരോ ഘട്ടവും പേറ്റുനോവിന്‍റെ നിമിഷങ്ങളാണ്. പിറക്കാനിരിക്കുന്ന ചരിത്ര സത്യങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുക...



മുത്തുകളും മാലകളും
പട്ടണത്തെ ചരിത്രത്തിന്‍റെ ഭൂമിയില്‍ ഓര്‍ണമെന്‍റ് ഡിസൈനിങ്ങിന്‍റെ സാധ്യത കൂടിയുണ്ട്. പണ്ടുകാലത്തെ ഏതോ രാജാവിന്‍റെ ഭാര്യ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നു എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ഇതു ചരിത്രമല്ല, വര്‍ത്തമാനമാണ്. ഒരു കൊച്ചുവര്‍ത്തമാനത്തിന്‍റെ ലാഘവത്തോടെ കേള്‍ക്കേണ്ട കാര്യം. പട്ടണം ഖനനം നടക്കുന്ന പരിസരത്തെ പെണ്ണുങ്ങളുടെ കൈയില്‍ ചില സമ്പാദ്യങ്ങളുണ്ട്. ഇവിടെ നിന്നു ചിലതൊക്കെ ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ടേ....എന്നൊരു ഡയലോഗ് പറഞ്ഞു പോയ പരിസരവാസികള്‍ മടങ്ങി വന്നപ്പോള്‍ കൈയില്‍ ചില മാലകളും മുത്തുകളും..

അവിടെ നിന്നു ലഭിച്ച മുത്തുകള്‍ ഉപയോഗിച്ചു കോര്‍ത്തെടുത്ത മാല, കൃത്യമായ ഡിസൈനില്‍ രാകിയെടുത്ത പോലത്തെ കല്ലുകള്‍. അങ്ങനെ കിട്ടുന്ന മുത്തുകള്‍ ഒരു ചെറിയ പാത്രത്തില്‍ ശേഖരിച്ചു മാലയാക്കിയിരിക്കുന്നു പരിസരവാസികള്‍. ഒറ്റനോട്ടത്തില്‍ ലേറ്റസ്റ്റ് ഫാഷനാണന്നേ കരുതൂ. പല ആകൃതിയിലും വലുപ്പത്തിലുമുള്ള മുത്തുകള്‍ ഇക്കൂട്ടത്തിലുണ്ട്. മിക്ക മുത്തുകള്‍ക്കും നൂലു കോര്‍ക്കാന്‍ പാകത്തിനു ചെറിയ ദ്വാരങ്ങളും ഉണ്ട്. ഇതു ചിലപ്പോള്‍ വ്യത്യസ്ത കാലങ്ങളിലെ കല്ലുകളും മുത്തുകളും ആയിരിക്കാം. അങ്ങനെ കോര്‍ത്തിണക്കിയ ഇത്തരമൊരു മാല അണിയാന്‍, ഹിസ്റ്റോറിക്കലി റിച്ചായ ആഭരണം ധരിക്കാന്‍ വേറെ ആര്‍ക്കു ഭാഗ്യം ഉണ്ടാകും, പട്ടണത്തുകാര്‍ക്കല്ലാതെ. ചിലപ്പോള്‍ പറമ്പില്‍ കിളയ്ക്കുമ്പോഴോ മറ്റോ ആയിരിക്കും മുത്തുകള്‍ കിട്ടുക. മഴ പെയ്യുമ്പോള്‍ തെളിഞ്ഞു വന്നവയും ധാരാളം. പല മോഡലുകളില്‍ ഉള്ളവ. മെഷീന്‍ കട്ട് ചെയ്തതാണെന്നു തോന്നിക്കുന്ന വിധത്തിലുള്ളവ പോലും ഇവിടെയുണ്ട്. ഇത്തരത്തിലുള്ള ചെറിയ പൊടുകള്‍ പോലും കുട്ടികള്‍ കലക്റ്റ് ചെയ്തു മാലയാക്കി മാറ്റാറുണ്ട്. 



ചരിത്രത്തിന്‍റെ അറിയാവീഥികളിലെ അജ്ഞാതന്‍ ധരിച്ച ആഭരണത്തിന്‍റെ അവശിഷ്ടമാകാം. ഒരുപാടു നൂറ്റാണ്ടുകള്‍ക്കു ശേഷം പട്ടണം വാസികള്‍ അവ ശേഖരിക്കാനും സൂക്ഷിച്ചു വയ്ക്കാനുമൊക്കെ ഇടവരുത്തിയതു കാലത്തിന്‍റെ നിയോഗവുമാകാം.

Thursday, October 6, 2011

ജോയ് എന്തു കൊണ്ട് സിനിമ ചെയ്യുന്നു


അഭിനേതാക്കള്‍
ബാലേട്ടന്‍ ( നിലമ്പൂര്‍ ബാലന്‍ )
ഹരി, ജോയ് മാത്യൂ....

മങ്ങിയ വെള്ളിത്തിരയില്‍ കറുത്ത അക്ഷരങ്ങളാല്‍ ഇങ്ങനെയൊരു ടൈറ്റില്‍ തെളിഞ്ഞിട്ടു ഇരുപത്തഞ്ചു വര്‍ഷം. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്‍റെ ആദ്യരംഗം, കുളത്തില്‍ കുളിച്ച ശേഷം കരയിലേക്കു കയറുന്നയാള്‍... ടൈറ്റിലിലെ മൂന്നാം പേരുകാരന്‍, ജോയ് മാത്യു. അമ്മയോടു യാത്ര പറഞ്ഞ്, നാട്ടിടവഴികളിലൂടെ യാത്ര തിരിച്ച മകന്‍, പുരുഷന്‍. സിനിമയുടെ വ്യാകരണങ്ങളോടു കലഹിച്ച ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ രംഗം. ജോണിന്‍റെ പുരുഷനു ജീവന്‍ നല്‍കിയയാളെ കാണാന്‍ പോകുമ്പോള്‍ പ്രൊഫൈലിന്‍റെ വിശേഷണങ്ങളില്‍ അമ്മ അറിയാനിലെ നടന്‍ എന്നു മാത്രമായിരുന്നില്ല. മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, ജോയ് മാത്യു.

അഭ്രപാളിയില്‍ നവാഗതനല്ല

സംവിധായകന്‍റെ കുപ്പായമണിഞ്ഞ് ആദ്യമായി ഒരാള്‍ എത്തുമ്പോള്‍ പേരിനൊപ്പം കുറിക്കുന്ന അലങ്കാര പ്രയോഗം, നവാഗത സംവിധായകന്‍. പരിചയപ്പെടുത്തലിന്‍റെ ഈ ഔപചാരിക പലപ്പോഴും അനിവാര്യം. ജോയ് മാത്യുവിന്‍റെ കാര്യത്തിലും ഈ പതിവ് ഇന്‍ട്രൊഡക്ഷന്‍ ആവാം. എന്നാല്‍ നവാഗതന്‍ എന്നു വേണ്ട. പകരം ആ വാചകം ഇങ്ങനെയാവാം...ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ പുരുഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യു സംവിധായകനാവുന്നു, ചിത്രം ഷട്ടര്‍. കൊച്ചിയില്‍ പൂജ കഴിഞ്ഞു...

റിപ്പോര്‍ട്ടിന്‍റെ ആമുഖ വാചകങ്ങള്‍ കടന്ന് ജോയ് മാത്യുവിന്‍റെ മുന്നില്‍. ജോണിന്‍റെ കലാപങ്ങളിലെ കഥാപാത്രങ്ങളില്‍ ഒരാളായി, പുരുഷനായി കണ്ടിട്ട് ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സംഭാഷണത്തിന്‍റെ ഷട്ടര്‍ തുറക്കുമ്പോള്‍ ആദ്യത്തെ ചോദ്യം അതു തന്നെ, എവിടെയായിരുന്നു ഇത്ര നാള്‍?

ജീവിതമായിലും പെട്ടെന്നു ക്ലൈമാക്സിലേക്കു വരുന്നത് ശരിയല്ലല്ലോ? ടൈറ്റില്‍ കാണിക്കുന്നിടത്തു നിന്നു തന്നെ തുടങ്ങണം. 



മാര്‍ത്തോമക്കാരന്‍ നക്സലൈറ്റ് ആകുകയോ...
വസന്തത്തിന്‍റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത ഒരു തലമുറയുടെ പ്രതിനിധിയായി തുടങ്ങുന്നു കോഴിക്കോട് മലാപ്പറമ്പിലെ പി. വി. മാത്യുവിന്‍റേയും എസ്തറിന്‍റേയും രണ്ടാമത്തെ മകന്‍ ജോയ്യുടെ ജീവിതവും. നക്സലൈറ്റ് ആയില്ലെങ്കില്‍ അപമാനം ആണെന്നു കരുതിയ കാലം. അടിയന്തിരാവസ്ഥയ്ക്കു ശേഷം അഴിമതിക്കെതിരെ ആവേശം പൂണ്ടു നടക്കുന്ന സമയം. ശക്തമായ ഒരു മൂവ്മെന്‍റ് ഏതുണ്ടെന്നു അന്വേഷിച്ചു. നക്സിലസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ ജനകീയ വിചാരണ. ആ മൂവ്മെന്‍റില്‍ പങ്കാളിയായി. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കൈക്കൂലിക്കാരനായ ഡോക്റ്ററെ കണ്ടുപിടിച്ചു. ജനകീയ വിചാരണ ഉണ്ടാകുമെന്ന് പോസ്റ്ററുകള്‍ പതിച്ചു. പക്ഷേ, ആരും കാര്യമായി കരുതിയില്ല. ഒരു ദിവസം രാവിലെ ഡോക്റ്റര്‍ വന്നിറങ്ങുമ്പോള്‍ ഒരു സംഘം വളഞ്ഞു. ചെരുപ്പ് മാലയണിയിച്ചു. ഡോക്റ്റര്‍ കുറ്റസമ്മതിച്ചു. എന്നാല്‍ മറ്റു ഡോക്റ്റര്‍മാര്‍ സമരം ആരംഭിച്ചു. പൊലീസ് അറുപത്തിരണ്ടോളം പേരെ അറസ്റ്റ് ചെയ്തു. അങ്ങനെ പ്രതീകാത്മകമായ പ്രതിഷേധങ്ങളെ അനുകൂലിച്ചു നില്‍ക്കുന്ന കാലത്താണു കാസര്‍ഗോഡ് കേണിച്ചറയില്‍ മഠത്തില്‍ മത്തായി എന്നയാളുടെ തല വെട്ടുന്നത്. അത്തരം നീക്കങ്ങളോടു താത്പര്യമില്ലാത്തതിനാല്‍ പിന്‍വാങ്ങുകയായിരുന്നു ഞാനടക്കം പലരും പിന്മാറുകയായിരുന്നു. മാര്‍ത്തോമക്കാരനായ നീ നക്സലൈറ്റ് ആകുകയോ...എപ്പഴോ അമ്മ ചോദിച്ചത് ഓര്‍ക്കുന്നു.

ജനകീയ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനാകുമ്പോള്‍ മനസില്‍ അരങ്ങും നാടകവുമൊക്കെ യവനിക ഉയര്‍ത്തി. ബിരുദപഠനകാലത്തു ക്യാംപസ് തിയെറ്ററുകളില്‍ സജീവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്റ്റര്‍, നാടകകൃത്ത്.... കയ്യൂര്‍ എന്ന സിനിമയുടെ ചര്‍ച്ചകള്‍ ജോണ്‍ എബ്രഹാം സജീവമാക്കിയ കാലം. അണിയറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോണിനൊപ്പം കാസര്‍ഗോഡൊക്കെ പോയി. പക്ഷേ, ആ സിനിമ നടന്നില്ല. അതിനുശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം. തിരികെ എത്തുമ്പോള്‍ ജോണിന്‍റെ മനസില്‍ മറ്റൊരു സിനിമ വിരിഞ്ഞിട്ടുണ്ടായിരുന്നു. 


whereever continuity breaks,  there begins creativity
ജോയ് തിരികെ എത്തിയതറിഞ്ഞു ജോണ്‍ വിളിച്ചു. കാണണം. പുതിയ സിനിമയുണ്ട്, സഹകരിക്കണം. പതിവുപോലെ നടക്കാത്ത സിനിമയുടെ ചര്‍ച്ചയെന്നേ കരുതിയുള്ളൂ. ഇക്കുറി അഭിനയിക്കണം എന്നാണു ജോണിന്‍റെ ആവശ്യം. അതത്ര സീരിയസ് ആയി എടുത്തതുമില്ല. പക്ഷേ, ഒരു ദിവസം സ്ക്രിപ്റ്റ് തന്നു. ഒഡേസ എന്ന ജനകീയക്കൂട്ടായ്മയില്‍ സിനിമയുടെ പിറവി. മട്ടാഞ്ചേരിയില്‍ നിന്നാരംഭിച്ചു കേരളം മുഴുവന്‍ ലൊക്കേഷനായ ചിത്രം. സിനിമ അവസാനിക്കുന്നിടത്തായിരുന്നു ചിത്രീകരണത്തിന്‍റെ ആരംഭം. ജോണിന് സിനിമയെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരുന്നു ജോണ്‍ കൊടുത്ത ഒരു ഷര്‍ട്ടാണ് സിനിമയില്‍ ധരിച്ചത്. ആദ്യം ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തില്ല. പിന്നീട് എപ്പഴോ ഇന്‍ ചെയ്തു. കണ്ട്യുനിറ്റി നഷ്ടപ്പെട്ടില്ലേ? ജോയ് സംശയിച്ചു. എന്നാല്‍ ജോണിന് സംശയമൊന്നുമില്ല, ...whereever continuity breaks, there begins creativity. ഒരിക്കല്‍ ഷൂട്ട് ഇല്ലാത്ത ഒരു ദിവസം എവിടെയോ പോയി വരുമ്പോള്‍ മഞ്ഞപ്പൂക്കള്‍ വീണു കിടക്കുന്ന ഒരു പ്ലാറ്റ്ഫോം കണ്ടു ജോണ്‍. ഉടനെ തന്നെ എന്നെ വിളിച്ചു. ക്യാമറാമാന്‍ വേണുവുമെത്തി. മഞ്ഞപ്പൂക്കള്‍ക്കു നടുവില്‍ കിടന്നിട്ട്, എഴുന്നേറ്റ് ഓടണമെന്നു പറഞ്ഞു. അതു ഷൂട്ട് ചെയ്തു. അങ്ങനെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ ജോണിന്‍റേതായ ഇംപ്രവൈസേഷനുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ആ ചിത്രം പലര്‍ക്കും ഒരു യൂണിവേഴ്സിറ്റിയായിരുന്നു. ക്ലാപ്പ് ബോര്‍ഡ് പിടിക്കുന്നതിലും അഭിനയിക്കുന്നതിലും എഡിറ്റിങ്ങിലും തുടങ്ങി എല്ലാ വിഭാഗത്തിലും പങ്കാളിയാകാന്‍ കഴിഞ്ഞു. പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചു. സ്വന്തം സിനിമയുടെ പ്രദര്‍ശനം കൊണ്ടുനടന്നു നടത്താന്‍ ഭാഗ്യം സിദ്ധിച്ച നടന്മാര്‍ മലയാള സിനിമയില്‍ വേറെയുണ്ടാകില്ല.

പിന്നെ നാടകത്തില്‍ സജീവമായി ജോയ്. മധ്യതരണിയാഴി, സങ്കടല്‍, രക്തതബല, വീടുകള്‍ കത്തുന്നു, ജോസഫ് എന്തു കൊണ്ട് ആത്മഹത്യ ചെയ്തു.... സക്കറിയയുടെ ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും നാടകമാക്കിയപ്പോള്‍ ജോയ്യുടെ അഭിനയം അഭിനന്ദനം നേടി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന സീരിയലിന്‍റെ നിര്‍മാതാവും ജോയ്യായിരുന്നു. പിന്നെ പത്രപ്രവര്‍ത്തന കാലം, സണ്‍ഡേ ഒബ്സര്‍വര്‍, ഫ്രീ പ്രസ് ജേണല്‍, ജയ്കോ പബ്ലിഷേഴ്സ്, സൂര്യ ടിവി, അമൃത ടിവി.. ഇപ്പോള്‍ ന്യൂസ് പ്ലസ് ചാനലില്‍.

അമ്മ അറിയാന്‍ ഹാങ് ഓവര്‍

അമ്മ അറിയാന്‍ എന്ന സിനിമയുടെ ഹാങ് ഓവറില്‍ ജീവിച്ചിരുന്ന പലരുമുണ്ടായിരുന്നു, ജോയ് ഓര്‍ക്കുന്നു. പലരുടേയും ലാസ്റ്റ് ഹോസ്പിറ്റലായിരുന്നു അമ്മ അറിയാന്‍. സിനിമ കഴിഞ്ഞതോടെ പലരും വല്ലാത്ത അവസ്ഥയിലായി. പിരിഞ്ഞു പോകാന്‍ പറ്റാതെയായി. ജോണ്‍ മരിച്ചതോടെ വീണ്ടും പലരും അനാഥരായി. സത്യത്തില്‍ അമ്മ അറിയാനിലെ നടന്‍ എന്നെതാരു ലേബലാണ്. അതു മാറ്റി നിര്‍ത്താന്‍ കഴിയണം. എന്നെ എന്നും ആവേശഭരിതനാക്കിയിരുന്നതു തിയെറ്റര്‍ ആണ്. കര്‍ട്ടന്‍ ഉയരുമ്പോള്‍ അനുഭവിക്കുന്ന ആവേശം പറഞ്ഞറിയിക്കാന്‍ കഴിയില്ല, ശരിക്കും വെളിച്ചപ്പാടിന്‍റേതിനു തുല്യമായ അവസ്ഥ...

ഷട്ടര്‍ തുറക്കുന്നു

പത്തു വര്‍ഷം മുമ്പു മനസിലെത്തിയ സിനിമയാണ് ഷട്ടര്‍. പിന്നീടതു പാകപ്പെടുത്തുകയായിരുന്നു. സൗണ്ടിന് ഏറെ പ്രാധാന്യമുളള ചിത്രം. പ്രവാസജീവിതത്തിലെ മലയാളി, ഗള്‍ഫ് പണത്തെ ആശ്രയിച്ചു കഴിയുന്ന കേരളം...എന്നിങ്ങനെ സിനിമയുടെ ഭാഗമാകുന്ന ആശയങ്ങള്‍ അനവധി. സമൂഹം, കുടുംബാന്തരീക്ഷം, സദാചാരം അങ്ങനെ നിരവധി കാര്യങ്ങള്‍ ഷട്ടറില്‍ പ്രതിപാദ്യ വിഷയമാകുന്നു. സിനിമയുടെ രത്നചുരുക്കം തേടിയപ്പോള്‍ ജോയ് പറഞ്ഞു, ഒരു അപസര്‍പ്പകകഥ.

ജോയ് മാത്യു മലയാള സിനിമയില്‍ ഷട്ടര്‍ തുറക്കുകയാണ്. കാലങ്ങളോളം വിഹരിച്ച അരങ്ങിന്‍റെ അനുഭവ സമ്പത്തുണ്ട്. ജീവിതാനുഭവങ്ങളുടെ കരുത്തുണ്ട്...

Saturday, October 1, 2011

വാഗ്ദത്ത ഭൂമിയു ടെ വിശ്വാസകുടീരം

 മുസിരിസന്റെ ചരിത്രവഴിയിലൂടെ...2


ഒരു വഴി തീരുന്നു. അവിടെ ചരിത്രം തുടങ്ങുന്നു.
വിരുന്നു വന്ന ഭൂമിയില്‍ നിന്നു വാഗ്ദത്ത ഭൂമിയു ടെ ഉള്‍ച്ചൂടിലേക്കു മടങ്ങിപ്പോയ ജൂതര്‍ ശേഷിപ്പിച്ച വിശ്വാസകുടീരം. അധിനിവേശമെന്ന വാക്കിനുമപ്പു റം അഭയാര്‍ഥിയെന്ന ആരോപണത്തിനുമപ്പു റം ആത്മാവറിഞ്ഞ അന്യഭൂമിയുടെ സ്നേഹ ത്തില്‍ നിന്നു തിരികെ ജന്മനാടെന്ന വേരുകളിലേക്കു മടങ്ങിപ്പോകുമ്പോള്‍, ജൂതസിനഗോഗിന്‍റെ കാഴ്ച മറയുന്ന തിരിവില്‍ കണ്ണു നിറഞ്ഞവര്‍ എത്രയുണ്ടാകാം. ഒരിക്കല്‍ ഞങ്ങളും പോകും ഇസ്രയേലിലേക്ക് എന്ന സ്വപ്നവുമായി തിരിഞ്ഞു നോക്കാ തെ പോയവരും... ഈ വഴികളില്‍ പ്രതീക്ഷകളും നഷ്ടങ്ങളും ഓര്‍മകളും ഒടുങ്ങാത്ത വേര്‍പിരിയലിന്‍റെ വേദനകളും പേറി എത്ര പേര്‍ നടന്നകന്നിട്ടുണ്ടാ കാം... അടുത്തിട്ടുണ്ടാകാം. മുസിരിസിന്‍റെ ചരിത്രവഴിയിലൂടെയുള്ള സഞ്ചാരം എത്തിനില്‍ക്കുന്നതു ചേന്ദമംഗലം ജൂതസിനഗോഗിനു മുന്നില്‍.

മുകളില്‍ മൂന്നു ജനാല കള്‍. വെള്ളപൂശിയ സിനഗോഗിനു മുമ്പിലെ വലിയ വാതിലിനു മുന്നില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന ബോര്‍ഡ്. മുന്നറിയിപ്പിന്‍റെ അര്‍ധശങ്കയ്ക്കു അധികം വൈകാതെ തന്നെ വിരാമമായി. അകത്തേക്കു കയറാന്‍ അനുവാദം. ചെറിയ വാതിലിനപ്പുറത്തെ ഇരുട്ടില്‍ വിശ്വാസത്തിന്‍റെ നിശബ്ദത. ജൂതരുടെ അനുഷ്ഠാന ങ്ങളും ആചാരങ്ങളും അരങ്ങേറിയിരുന്ന ഇടം. പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. പൊതുജനങ്ങള്‍ക്കു സന്ദര്‍ശനവും അനുവദിച്ചു. എങ്കിലും ആരാധനാകേന്ദ്രത്തില്‍ കയറുമ്പോള്‍ വിശ്വാസത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകള്‍, മുന്‍കരുതലുകള്‍. പിന്നെ സൂക്ഷ്മതയോ ടെ ചരിത്രം കാക്കുന്നതിന്‍റെ കരുതലും.

പഴയകാലം. വിവിധ മതക്കാര്‍ തിങ്ങിവാണിരുന്നയിടത്ത് എല്ലാവര്‍ക്കും അവരവരുടെ വിശ്വാസ കേന്ദ്രങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു ഒരു മഹാരാജാവ്. 1600ലായിരുന്നു ഇതെന്നു ചരിത്രം ഗണിക്കുന്നു. അങ്ങനെ കോട്ടയില്‍ കോവിലകത്തു ഹിന്ദു, മുസ്ലീം, ക്രൈസ്തവ, ജൂത വിശ്വാസികള്‍ക്ക് ആലയങ്ങളായി. കോട്ടയില്‍ കോവിലകത്തെത്തുമ്പോള്‍ ശ്രദ്ധിച്ചാല്‍ അറിയാം, ഈ മൂന്നു വിശ്വാസകേന്ദ്രങ്ങ ളും അടുത്തടുത്തു തന്നെ, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ള സിനഗോഗ് മൂന്നാമത്തേതാണ്. 1614ല്‍ നിര്‍മിച്ച സിനഗോഗ് അഗ്നിക്കിരയായി. പിന്നീടു നിര്‍മിച്ചതും ദീര്‍ഘകാലം ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ അവസാന ജൂതനും ചേന്ദമംഗലം വിട്ടു യാത്രയായപ്പോള്‍ ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു ചേന്ദമംഗലം ജൂത സിനഗോഗ്. പുനരുദ്ധാരണവും നടന്നു. പാരമ്പര്യമനുസരിച്ചു തന്നെയായിരുന്നു ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാര ണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

                                     സിനഗോഗിന്റെ മേല്‍ക്കൂര


ചുറ്റുമതിലുള്ള സിനഗോഗിന്‍റെ ഉള്ളിലേക്കു പ്രധാനവഴി കൂടാതെ ഇരുവശത്തും രണ്ടു ചെറി യ വാതിലുകള്‍ കൂടിയുണ്ട്. വിശ്വാസമനുസ രിച്ചു സിനഗോഗിനുള്ളില്‍ സ്ത്രീകള്‍, പുരുഷന്മാരോടൊപ്പമായിരുന്നില്ല ഇരുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് അകത്തേക്കു കയറാന്‍ ഇരുവശത്തും വാതിലുകളുണ്ട്. ഇരുവശങ്ങളിലൂടെയുളള വാതിലുകളിലൂടെ കടന്നു ഗോവണിയിലൂടെ മുകളിലേക്കു കടന്നാല്‍ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള മുറിയായി. അകത്തേക്കു കടന്നാല്‍ ആദ്യകാഴ്ച തൂക്കുവിളക്കുകള്‍. പല തരത്തിലുള്ള റെയിലുകളാല്‍ തറയില്‍ നിന്നല്‍പ്പം ഉയരത്തില്‍ നില്‍ക്കുന്ന പ്ലാറ്റ്ഫോം, ബെമ്മ എന്നാണ് അറിയപ്പെടുന്നത്. അവിടെ നിന്നാണു വിശുദ്ധകര്‍മങ്ങള്‍ ചെയ്യുന്നത്. ജൂതനിയമമനുസരിച്ചു പ്രാര്‍ഥനയക്കു പ്രായപൂര്‍ത്തിയായ പത്തു പുരുഷന്മാര്‍ വേണം. പലരും വാഗ്ദ ത്ത ഭൂമിയിലേക്കു മടങ്ങുമ്പോള്‍, അവശേഷിക്കുന്നവര്‍ പത്തു പേരില്‍ താഴെയാകുമ്പോള്‍ വിശ്വാസത്തിന്‍റെ കുടീരം നിശബ്ദമായ ഒരു കാലമുണ്ടായിരുന്നിരിക്കണം ഈ സിനഗോഗിനും...

                                    സ്ത്രീകള്‍ക്കുള്ള പ്രവേശനകവാടം

പള്ളികളിലെ അള്‍ത്താരയ്ക്കു തുല്യമായ ഇടം കൂടിയുണ്ട് സിന ഗോഗിനുള്ളില്‍. പച്ച, ചുവപ്പ്, സ്വര്‍ണ്ണനിറങ്ങളില്‍ മനോഹരമായി അലങ്കാരവേലകളും വരകളുമു ള്ള ഇടം. ഇതിനുള്ളിലെ അറയിലാണു ജൂതരുടെ വിശുദ്ധഗ്രന്ഥമായ തോറ സൂക്ഷിച്ചിരുന്നത്. കടലാസിനു പകരം ആട്ടിന്‍തോലില്‍ തീര്‍ത്ത പേജുകളുള്ള വിശുദ്ധ ഗ്രന്ഥമാണു തോറ. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചേന്ദമംഗലം സിനഗോഗിലെ തോറ ഇപ്പോള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസിലാ ണു സൂക്ഷിച്ചിരിക്കുന്നത്. സിനഗോഗിന്‍റെ ഉള്ളിലെ ജനാലകളില്‍ നിന്നു വെളിച്ചത്തിന്‍റെ സമൃദ്ധിയുണ്ടെങ്കിലും ശാന്തമായ ഇടം. വേദപഠനത്തിനുള്ള മുറിയും സിനഗോഗില്‍ ഉണ്ട്. ചേന്ദമംഗലത്തെ ജൂതസാന്നിധ്യത്തെക്കുറിച്ചു വിവരിക്കുന്ന ചിത്രങ്ങള്‍, വിശദീകരണങ്ങള്‍ എന്നിവയൊക്കെ സിനഗോഗില്‍ ഉണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അവ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നു മാത്രം. ചരിത്രത്തിന്‍റെ വിശ്വാസക്കാഴ്ചയ്ക്കു വിരാമം. മുസിരിസിന്‍റെ വഴിയിലെ അന്നത്തെ യാത്ര അവസാനിച്ചിറങ്ങുമ്പോള്‍ സിനഗോഗിന്‍റെ പുറത്തായി ജൂതശവകുടീരഫലകം സൂക്ഷിച്ചിരിക്കുന്നതു കണ്ടു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പുതിയ ഇടത്തേക്കുള്ള വഴി തുറന്നു. അവിടെ അടുത്തു തന്നെ, പണ്ടു കാലത്തു ജൂതന്മാ രെ സംസ്കരിച്ചിരുന്ന സെമിത്തേരിയുണ്ട്. അവിടെ പഴയ ലിഖിതങ്ങളുള്ള ഫലകങ്ങള്‍ ഇപ്പോള്‍ തത്കാലം പള്ളിയിലേക്കു മാറ്റിയിരിക്കുന്നുവെന്നു മാത്രം. ഇസ്രയേല്‍ എന്ന സ്വപ്നവുമായി ഒരുപാടു പേര്‍ തിരികെപ്പോയ വഴികളിലൂടെ മടക്കം. അടുത്ത താവളത്തിലേക്ക്, ചരിത്രത്തിന്‍റെ അടുത്ത കല്‍പ്പടവുകളിലേക്ക്....

സെമിത്തേരിയിലേക്കുള്ള വഴി

സിനഗോഗിനു പുറത്തു ചാരിവച്ചിരിക്കുന്ന ഫലകങ്ങളില്‍ നിന്നാണ് ജൂതസെമിത്തേരിയിലേക്കുള്ള വഴി തെളിഞ്ഞത്. ആദ്യം എത്തിച്ചേര്‍ന്ന ക്ഷേത്രത്തിനു താഴേക്കൊരാള്‍ വിരല്‍ ചൂണ്ടി. കാടു പിടിച്ചു കിടക്കുന്നയിടം. മറ്റൊരു വഴിയേ പോയാല്‍ എളുപ്പം എത്താമെന്ന മുന്നറിയിപ്പ്. പറഞ്ഞവഴിയേ വീണ്ടും അല്‍പ്പദൂരം. എന്നാല്‍ സെമിത്തേരിയെന്നു സൂചിപ്പിക്കാനുള്ളതൊന്നുമില്ല. വീണ്ടുമൊരു വഴി ചോദിക്കലിന്‍റെ ക്ലൈമാക്സില്‍ മാത്രമേ സെമിത്തേരിയിലേക്ക് എത്താന്‍ കഴിഞ്ഞുള്ളൂ.

                                            ജൂതസെമിത്തേരി


എല്ലായിടത്തും കാടു പിടിച്ചു കിടക്കുന്നു. കല്ലറയ്ക്കു മുന്നില്‍ വച്ചിരിക്കുന്ന ശ്മശാനസ്തംഭങ്ങള്‍ പോലും കാടുപിടിച്ചു കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ മാറ്റിയാലേ കാണാനാകൂ എന്ന അവസ്ഥ. ശ്മശാന സ്തംഭങ്ങളില്‍ ഹീബ്രു ഭാഷയില്‍ എഴുതിയിരിക്കുന്നു. ഒരു പക്ഷേ, മരിച്ചയാളുടെ വിശദാംശങ്ങളാകാം. പശുക്കള്‍ സ്വസ്ഥമായി മേയുന്ന ഇടം. അവയ്ക്കിടയില്‍ പുല്ല് വകഞ്ഞുണ്ടായ ഒറ്റയടിപ്പാതകള്‍. വിശാലമായ പറമ്പാണെങ്കിലും കാടുപിടിച്ചു കിടക്കുന്നതിനാല്‍ പലയിടത്തേക്കും കടക്കാന്‍ കഴിയില്ല. 


സാറ, ഇസ്രയേലിന്‍റെ പുത്രി

ചേന്ദമംഗലം സിനഗോഗിന്‍റെ മുന്നിലായി ഒരു ശിലാലിഖിതത്തില്‍ ഹീബ്രുവില്‍ എഴുതിയ സാറ ബാത് ഇസ്രയേല്‍ എന്നതിന്‍റെ മലയാള പരിഭാഷ, സാറ, ഇസ്രയേലിന്‍റെ പുത്രി. ലിഖിതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു ഹീബ്രു വര്‍ഷം, എഡി 1269. അതായത് എഡി 1269ല്‍ എഴുതിയിരിക്കുന്നതാണെങ്കില്‍, ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും പഴയ ഹീബ്രു ലിഖിതമാണി ത്. ചരിത്രത്തിന്‍റെ അത്ഭുതങ്ങളിലേക്കുള്ള എഴുത്ത്. ഇന്ത്യയില്‍തന്നെ ആദ്യത്തേതെന്ന വിശേഷണം തീര്‍ ത്തും ശാന്തമായ അന്തരീക്ഷത്തില്‍ അത്തരമൊരു വിശേഷണത്തിന്‍റെ പ്രൗഢിയൊന്നുമില്ലാതെ ശേഷിക്കു ന്നു. തികച്ചു ശാന്തമായ, ഉള്‍നാടന്‍ ഗ്രാമമായ ഇവിടെ അത്രയും വര്‍ഷങ്ങള്‍ക്കു മുമ്പ് കടലു കടന്ന് ആരു കുറിച്ചിട്ടു ഈ ലിഖിതം. 
                                     സാറയുടെ സ്മാരകശില 
സാറ എന്ന ഇസ്രയേലിന്‍റെ പുത്രിയുടെ സ്മരണയുടെ കുടീരം ചരിത്രത്തിന്‍റെ വിസ്മരിക്കാനാകാത്ത സ്മാരകശില കൂടിയായി മാറുന്നു. 1936 മുതല്‍ ഗവണ്‍മെന്‍റ് ഒഫ് കൊച്ചിന്‍ സംരക്ഷിക്കുന്നതാണെന്നും ഫലകത്തിനു താഴെ കൊത്തിവച്ചിരിക്കുന്നു. കാലത്തിന്‍റെ പഴക്കമുണ്ടെങ്കി ലും ഹീബ്രുവിലുള്ള എഴുത്ത് ഇപ്പോ ഴും വ്യക്തം. ഇവിടെയെത്തുന്നവര്‍ക്കു കൗതുകമാണു സാറയുടെ ഫലകം. ഇത്രയേറെ പഴക്കമുള്ള പാരമ്പര്യം ഉണ്ടെന്നുള്ളത് ഇവിടെയെത്തുന്നതു വരെ അജ്ഞാതമായിരുന്നു.

ഒരിക്കലൊരു നാള്‍, ജന്മനാടിന്‍റെ ഊഷ്മളതയിലേക്ക് എല്ലാവരും മടങ്ങിപ്പോകുമ്പോള്‍ ഇസ്രയേലിന്‍റെ പുത്രിയുടെ ഓര്‍മകുടീരം അന്യനാട്ടില്‍ അനാഥമാകരുതെന്നു കരുതി ബന്ധുക്കളോ ഉറ്റവരോ എഴുതിസൂക്ഷിച്ചതാകാം. സാറ, ഇസ്രയേലിന്‍റെ പുത്രി ഒരേ സമയം ചരിത്രവും നേര്‍ ത്ത നോവുണര്‍ത്തുന്ന ഫലകവുമാകുന്നു. 

Sunday, September 25, 2011

ചരിത്രത്തിലേക്ക് മുസിരിസ് വഴി


                         ചേന്ദമംഗലം ജൂത സിനഗോഗ്

കാലഗണനയ്ക്കപ്പുറം...
കാതങ്ങള്‍ക്കപ്പുറത്തു നിന്നൊരു പായ്ക്കപ്പല്‍. കാറ്റിന്‍റെ ഗതിവേഗങ്ങളിലൂടെ അടുക്കുന്നത് അജ്ഞാതതീരത്തേക്ക്. കപ്പല്‍ച്ചാലിന്‍റെ പതിവു സഞ്ചാരവഴികളില്‍ നിന്നു വ്യതിചലിച്ചെത്തിയ തീരം. തീരത്തിന്‍റെ അപരിചിതത്വം മാറാന്‍ അധികം സമയമെടുത്തില്ല. കടലിനപ്പുറത്തെ കരയില്‍ നിന്നു പിന്നെയും കപ്പലുകള്‍ കരയണഞ്ഞു. കരക്കാരെ അറിഞ്ഞു. കരയിലെ വിഭവങ്ങളുടെ വിലയറിഞ്ഞു. ചരിത്രാതീതകാലത്തെ സജീവമായൊരു കപ്പല്‍ച്ചാലിന്‍റെ വഴികള്‍ അവസാനിക്കുന്ന തുറമുഖനഗരമായി ആ നാട്. പതുക്കെപ്പതുക്കെ വൈദേശിക വിരുന്നെത്തലിന്‍റെ താവളമായി മാറുകയായിരുന്നു. കാലത്തിന്‍റെ കലണ്ടറുകള്‍ മറിഞ്ഞപ്പോള്‍ മനുഷ്യവംശത്തിന്‍റെ വിഭിന്ന പേരുകാര്‍ വിരുന്നെത്തി ആ കരയില്‍, യവനര്‍, ജൂതര്‍, അറബികള്‍, ചൈനക്കാര്‍, പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടിഷുകാര്‍. കടലിലൂടെയൊരു വ്യാപാര ഇടനാഴി തുറക്കുകയായിരുന്നു. കടല്‍യാത്രാചരിത്രത്തിന്‍റെ താവളമാകുന്നതിനൊപ്പം സാംസ്കാരിക വൈജാത്യത്തിന്‍റെ സംഗമഭൂമി കൂടിയായി ആ തീരം. വ്യാപാരത്തിന്‍റെ, സാംസ്കാരിക വിനിമയത്തിന്‍റെ, വൈദേശിക വിത്തുപാകലുകളുടെ, വിശ്വാസങ്ങളുടെ, വാതിലുകള്‍ തുറന്നിട്ട തുറമുഖ നഗരം. പിന്നീടു ഗണിക്കാവുന്ന കാലത്തിന്‍റെ കല്‍പ്പടവുകളില്‍ എത്തിയപ്പോഴും ആ നാടിന്‍റെ പുരാതന പേരുകള്‍ക്കെന്നും അഭ്യൂഹങ്ങളുടേയും രസകരമായ സാധ്യതാനാമങ്ങളുടേയും ആവരണമുണ്ടായിരുന്നു...
വാല്മീകി രാമായണത്തില്‍
മുരചിപ്പട്ടണം,
സംഘകാല കൃതികളില്‍
മുചിരിപ്പട്ടണം,
ശിവലിംഗങ്ങളുടെ
ആധിക്യത്താല്‍
കോടി ലിംഗ പുരം,
കുലശേഖരന്മാരുടെ
മഹോദയപുരം
പുരാതന നാമത്തിന്‍റെ ആധുനിക പരിഷ്കരണമാണെന്നു കരുതാവുന്ന മുസിരിസ് വരെ, ഒരു സ്ഥലനാമത്തിന് എത്രയോ വ്യാഖ്യാനങ്ങള്‍. പുരാണത്തില്‍ത്തുടങ്ങി പിന്നീടു തെളിവുകളോടെ കാത്തുസൂക്ഷിച്ച എത്രയോ സാധ്യതകള്‍.
മുസിരിസ് ആണ് പിന്നീട് കൊടുങ്ങല്ലൂരായത് എന്നു വിശ്വാസം പുലര്‍ത്തിയിരുന്നു ചരിത്രം. വടക്കന്‍ പറവൂരിനടുത്തുള്ള പട്ടണം എന്ന സ്ഥലത്തെ ഖനനം, ചരിത്രത്തെ വീണ്ടും പുതിയൊരു കൈവഴിയിലൂടെ ഒഴുക്കി. അടുത്തടുത്തു കിടക്കുന്ന ഈ സ്ഥലങ്ങളുടെ ചരിത്രപ്രാധാന്യം വളരെ വ്യക്തം. വിദേശ വ്യാപാരികള്‍ പ്രധാനമായും തീരത്തെത്തിയതു നാട്ടുകാര്‍ക്കു വിലയറിയാത്ത ഒരു കറുത്ത കായയുടെ വിപണനസാധ്യത തേടിയായിരുന്നു. ചവര്‍പ്പും എരിവും ഇഴചേര്‍ന്ന കറുത്തഫലത്തിന്‍റെ വിശേഷണം യവനപ്രിയ എന്നാകുന്നതും മറ്റൊന്നും കൊണ്ടല്ല. കുരുമുളകായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. പിന്നെയും അനേകം പ്രാദേശിക വിഭവങ്ങള്‍ കടല്‍കടന്നു. സജീവമായൊരു സാംസ്കാരിക വ്യാപാര തുറമുഖം എങ്ങനെയാണ് ഇല്ലാതായത്....?


                                    പാലിയം കൊട്ടാരം

എഡി 1341-42

തോരാത്ത മഴ. എങ്ങും വെള്ളപ്പൊക്കം. പെരിയാര്‍ കരകവിഞ്ഞു. സ്ഥിരം വഴികളില്‍ നിന്നു പ്രളയത്തിന്‍റെ പുതുവഴികള്‍ തേടി പെരിയാര്‍ നദി. ഒടുവില്‍ പ്രളയമൊടുങ്ങിയപ്പോള്‍ ചില തീരങ്ങള്‍ മുങ്ങി, പുതിയ കരകളും കടവുകളും രൂപമെടുത്തു. മുസിരിസിന്‍റെ തീരം ഇല്ലാതാവുകയായിരുന്നു. പകരം പുതിയൊ രു കര ഉയരുകയും ചെയ്തു. അറബിക്കടലിന്‍റെ കരയില്‍ കൊച്ചാഴി എന്നൊരു കര ഉയര്‍ന്നു. പെരിയാറിന്‍റെ പാതമാറ്റത്തില്‍ പുതുതുറമുഖ നഗരം ജന്മം കൊണ്ടു. കപ്പലുകള്‍ പുതിയ കരപറ്റി. വ്യാപാരകേന്ദ്രങ്ങളുണ്ടായി. അനിവാര്യമായ മാറ്റത്തിന്‍റെ പുതിയ താവളമായി മാറിയ കൊച്ചഴി അറബിക്കടലിന്‍റെ തീരത്തു സജീവമായി. പുതിയ സംസ്കാരങ്ങള്‍ക്കും ജനങ്ങള്‍ക്കുമായി തുറമുഖവാതിലുകള്‍ തുറന്നിട്ട കൊച്ചഴി, പിന്നീടു കൊച്ചി എന്നറിയപ്പെട്ടു. പെരിയാറിലെ പ്രളയത്തില്‍ മുങ്ങിയ മുസിരിസിനു ജീവന്‍ വീണ്ടെടുക്കാന്‍ ചരിത്രം വീണ്ടും വാതിലുകള്‍ തുറന്നിടേണ്ടി വന്നു.
കാലങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു യാത്ര. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചരിത്രത്തിന്‍റെ ചക്രവാളത്തിനപ്പുറത്തു നിന്നു കപ്പലടുത്ത അതേ തീരത്തേക്ക്. യവനരും ജൂതരും അറബികളുമൊക്കെ ശേഷിപ്പുകള്‍ അവശേഷിപ്പിച്ച, കാതങ്ങള്‍ക്കപ്പുറത്തു നിന്നു എങ്ങനെയെത്തി എന്ന അത്ഭുതം അവശേഷിപ്പിച്ച അതേ സ്ഥലത്തേക്ക്. സാംസ്കാരിക വൈവിധ്യത്തിന്‍റെ വിസ്മയങ്ങള്‍ ഉണര്‍ന്നിരിക്കുന്ന മുസിരിസിന്‍റെ മണ്ണിലേക്ക്. ഇവിടെ കഥ തുടങ്ങുന്നു. ചരിത്രം വര്‍ത്തമാനത്തോടു ചേര്‍ന്നു നില്‍ക്കുന്ന മണ്ണിന്‍റെ തുടര്‍ച്ചയുള്ള കഥ, ആധികാരികതയുടെ അധിനിവേശമുള്ള കൂട്ടിച്ചേര്‍ക്കലുകളെ എന്നും സ്വീകരിച്ച മണ്ണിലൂടെ വീണ്ടുമൊരു യാത്ര... കൊടുങ്ങല്ലൂര്‍ എന്ന സംക്ഷിപ്തരൂപത്തിന്‍റെ നഗരഹൃദയത്തിലേക്കു മാത്രമായിരുന്നില്ല. ജൂതരുടേയും ഡച്ചുകാരുടേയുമൊക്കെ സാന്നിധ്യത്തിന്‍റെ ശേഷിപ്പുകളുള്ള ചരിത്രത്താവളങ്ങളിലേക്ക്, വിശ്വാസകുടീരങ്ങളിലേക്ക്. ചരിത്രത്തിനപ്പുറത്തെ കാലത്തിന്‍റെ കഥ പറഞ്ഞു തരാന്‍ തെളിവുകളാകുന്ന ലിഖിതങ്ങള്‍, വായ്മൊഴിയായി പകര്‍ന്നു കിട്ടിയ അറിവരുളുന്ന ആധുനിക ആള്‍രൂപങ്ങള്‍.... ചരിത്രത്തെ പരസ്പരം കണക്റ്റ് ചെയ്തുള്ള യാത്ര രസകരമായിരുന്നു. 

                              പാലിയം നാലുകെട്ട്

സ്മാരകശിലകള്‍

പൊയ്പ്പോയ കാലഘട്ടത്തിന്‍റെ സ്മാരശിലകള്‍ ഇപ്പോഴും പേറുന്നുണ്ട് ഈ പരിസരമാകെ. മുസിരിസ് തുറമുഖത്തിന്‍റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍, ചരിത്രത്തെ സംരക്ഷിക്കാന്‍ മുസിരിസ് ഹെറിറ്റേജ് പദ്ധതി തുടക്കം കുറിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ചാരത്തിന്‍റെ കാലപശ്ചാത്തലം അനുയോജ്യമെന്നു തോന്നി. പറവൂര്‍ ജൂതസിനഗോഗ്, പട്ടണം ഖനനസ്ഥലം, കോട്ടയില്‍ കോവിലകം, വൈപ്പിക്കോട്ട സെമിനാരി, ചേന്ദമംഗലം ഡച്ച് സിനഗോഗ്, പാലിയം ഡച്ച് പാലസ്, പാലിയം നാലുകെട്ട്, ഗോതുരുത്ത്, കോട്ടപ്പുറം കോട്ട, ചേരമാന്‍ പറമ്പ്.....ഔദ്യോഗിക ഹെറിറ്റേജ് സൈറ്റുകളുടെ ലിസ്റ്റില്‍ ഇനിയും സ്ഥലങ്ങളേറെ.
പക്ഷേ മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചരിത്രസങ്കേതങ്ങളില്‍ മാത്രം ഒതുങ്ങിയില്ല ഈ യാത്രയും വിവരണങ്ങളും വിശേഷങ്ങളും. ചില പ്രാദേശിക വിശ്വാസത്തിന്‍റെ കുടീരങ്ങള്‍, മിത്തുകള്‍, കെട്ടുകഥകള്‍, കേട്ടറിവുകള്‍, ആരോ പടച്ചുവിട്ട പ്രേതകഥയെന്നറിയാമെങ്കിലും രസകരമായ കൗതുകങ്ങള്‍. ഒരു ഗ്രാമനന്മയുടെ കുസൃതികളിലൂടെയായിരുന്നു മുസിരിസ് യാത്രയുടെ ആദ്യദിനം.
ചരിത്രത്തിന്‍റെ വിത്തുപാകിയ വഴികളിലൂടെയുള്ള തുടക്കം. ഹിസ്റ്റോറിക്കല്‍ സൈറ്റ് എന്ന വിളിപ്പേരുള്ള കൃത്യമായ ഒരു കുടീരം തന്നെ ആദ്യം ലക്ഷ്യം വച്ചു. കോട്ടയില്‍ കോവിലകത്തെ ചേന്ദമംഗലം ജൂത സിനഗോഗ്. ആള്‍ത്തിരക്കില്ലാത്ത ഇടവഴിയുടെ അവസാനത്തിലൊരു ജൂതനിര്‍മിതി. പാരമ്പര്യശൈലിയില്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച സിനഗോഗ്. സിനഗോഗിനെ ചുറ്റിപ്പറ്റി ജൂതസാന്നിധ്യത്തിന്‍റെ ഒരുപാടു സൂചനകള്‍. ഒരു പക്ഷേ ഇന്ത്യയിലെ ആദ്യത്തെ ലിഖിതമെന്നു പറയാവുന്ന തെളിവുകള്‍. തൊട്ടടുത്തു തന്നെ ജൂതന്മാരെ അടക്കിയിരിക്കുന്ന സെമിത്തേരി. വില്ലാര്‍വട്ടത്തു രാജാവിന്‍റെ രാജകൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍, ഒരു ക്ഷേത്രം ഇവയെല്ലാം അടുത്തടുത്തു തന്നെ. അല്‍പ്പം അകലെയായി, വൈപ്പിക്കോട്ട സെമിനാരി, പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ചത്. ഓരോ ചരിത്രസ്മാരകങ്ങള്‍ക്കും ഒരു കാലഘട്ടത്തിന്‍റെ കഥ തന്നെ പറയുന്നു. കൊച്ചി മഹാരാജാവിന്‍റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാരുടെ കൊട്ടാരത്തിലേക്കായിരുന്നു യാത്രയുടെ തുടര്‍ച്ച. കൊട്ടാരത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചരിത്രത്തിന്‍റെ പുനരുദ്ധാരണം. കാലത്തേയും കാഴ്ചകളേയും തെളിവുകളേയുമൊക്കെ ചേര്‍ത്തുവച്ചുള്ള യാത്രയില്‍ ഇനിയും തീരങ്ങളും താവളങ്ങളും ബാക്കിയാണു മുചിരിപ്പട്ടണത്തിന്‍റെ മണ്ണില്‍. നൂറ്റാണ്ടുകളുടെ ചരിത്രത്തെ ഒറ്റദിവസ യാത്രയില്‍ ഒതുക്കാനാകില്ലെന്നു ചുരുക്കം.

കഥ തുടരുന്നു

മുസിരിയുടെ കഥ തുടരുന്നു. ജൂതരും യവനരും അറബികളും വന്നിറങ്ങിയ കരയുടെ കഥ... പായ്ക്കപ്പലിനൊപ്പം ചരിത്രവും വന്നു നങ്കൂരമിട്ട കരയുടെ കഥ...ചരിത്രത്തിന്‍റെ കണ്ണികള്‍ ചേര്‍ത്തുവച്ചുള്ള മുസിരിസിലെ കഥകള്‍ യാത്ര അവസാനിക്കുന്നില്ല. ആ കഥകളിലൂടെയുള്ള യാത്രയും...

                                          മാളവനപ്പാറ


മറയാതെ മാളവനപ്പാറ

""ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും...ചില രാത്രികളില്‍ പന്ത്രണ്ട്, ഒരു മണിയൊക്കെ ആകുമ്പോ, പാറയുടെ നടുവില്‍ നിന്നൊരു വിളി കേള്‍ക്കാം, വല്ലാത്തൊരു വലിയ ശബ്ദം, ഞാന്‍ പല പ്രാവശ്യം കേട്ടിട്ടുണ്ട് ‘''’

എണ്‍പതുകാരന്‍ മുഹമ്മദാലി പറഞ്ഞുനിര്‍ത്തുമ്പോള്‍ വീണ്ടുമൊന്നു പാറയിലേക്കു നോക്കി. വലിയൊരു ശബ്ദം പകലിന്‍റെ തിരക്കിന്‍റെ ശബ്ദങ്ങളില്‍ നേര്‍ത്തില്ലാതാകുന്നുണ്ടോ...? കോട്ടയില്‍ കോവിലകത്തെ ജൂതസിനഗോഗിനു സമീപത്തു പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന പ്രദേശത്തെ പാറയാണു മാളവനപ്പാറ. അവിടെ നിന്നു രാത്രികാലങ്ങളില്‍ ശബ്ദം കേള്‍ക്കുമെന്നാണു മുഹമ്മദാലി പറയുന്നത്. അമ്പതു വര്‍ഷത്തോളം കോട്ടയില്‍ കോവിലകം - മാളവന ഭാഗത്തെ കടത്തുകാരനായിരുന്നു മുഹമ്മദാലി. അതുകൊണ്ടു തന്നെ പാറയെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകളും കഥകളും മുഹമ്മദാലിയോളം അറിയാവുന്നവര്‍ ചുരുക്കം. മുസിരിസിന്‍റെ പാതയിലൂടെ പോകുമ്പോള്‍ അപ്രതീക്ഷിതമായൊരു ടേണ്‍. പ്രാദേശിക പാറയുടെ കഥകളറിഞ്ഞപ്പോള്‍ ഒന്നടുത്തു കാണണമെന്നായി. മുസിരിസ് പൈതൃകം തേടിയുള്ള യാത്രയില്‍ ഇത്തരം ചില അനൗദ്യോഗിക ഇടത്താവളങ്ങളുണ്ട്, മുഹമ്മദാലിയെപ്പോലെ ഇതുവരെ ആരും രേഖപ്പെടുത്താത്ത ചരിത്രപുരുഷന്മാരുണ്ട്. 

                                            മുഹമ്മദാലി
                                                          
കോട്ടയില്‍ കോവിലകത്തിന ടുത്തു നിന്നു മാളവനയിലേക്കു ജങ്കാര്‍. പക്ഷേ പോകുന്നതു പാറയുടെ സമീപത്തു കൂടെയല്ല. പാറ കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍, പ്രത്യേക റൂട്ട് സാങ്ഷന്‍ ചെയ്തു ജങ്കാറുകാരന്‍. പാറയുടെ വളരെ അടുത്തൂടെ യാത്ര. എല്ലാ വശങ്ങളിലും വെള്ളം, നടുവില്‍ ഒരു പാറ. ഭീമാകാരനായ ഒരാള്‍ നിവര്‍ന്നു കിടക്കുന്ന പോലെ. ഒരു വശത്തു നിന്നു നോക്കുമ്പോള്‍ ഏതോ ജീവിയുടെ രൂപം പോലെ. അങ്ങനെ നോക്കുന്നവരുടെ മനസിനനുസരിച്ചു പാറയുടെ രൂപം മാറുന്നു. അഞ്ച് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള യാത്രയിലൂടെ മറുകരയായ മാളവനയിലെത്തി. പാറയുടെ വിശേഷങ്ങള്‍ അറിയാനുള്ള യാത്രയെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കു താത്പര്യം, ജങ്കാറുകാരനും കൂടെക്കൂടി.
മാളവനപ്പാറയുടെ മുകളില്‍ ആനയുടെ രൂപത്തില്‍ മറ്റൊരു പാറ കൂടി ഉണ്ടായിരുന്നെന്നും, ഒരു സുപ്രഭാതത്തില്‍ അതു കാണാതായെന്നും പ്രാദേശിക അറിവ്. പക്ഷേ ആ അറിവിനെ അപ്പോള്‍ത്തന്നെ നിഷ്ക്കരുണം വെട്ടിയരിഞ്ഞു ഒരു ചെറുപ്പക്കാരന്‍, അതു തോട്ട പൊട്ടിയപ്പോള്‍ അടര്‍ന്നു പോയതാ. പാറയ്ക്ക് നിഗൂഢത നല്‍കാനുള്ള ശ്രമം ദയനീയ പരാജയമായി. കോട്ടയില്‍ കോവിലകത്തേയ്ക്കു മടങ്ങുമ്പോഴും മറുകരയില്‍ മാളവനപ്പാറയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല.
കോട്ടയില്‍ കോവിലകത്തെ ഫെറിക്കു സമീപത്തെ കടയിലാണു മുഹമ്മദാലിയെ കണ്ടുമുട്ടിയത്. പാറയുടെ കഥകള്‍ അറിയാവുന്നയാള്‍ താനാണെന്ന മട്ടില്‍ പറഞ്ഞു തുടങ്ങി. “” പണ്ട് അവിടെയൊക്കെ വെള്ളമായിരുന്നു. വെള്ളം ഊറി വന്നപ്പോള്‍ കരയും പാറയും തെളിഞ്ഞു. പിന്നീടു പുഴയില്‍ നിന്നു പാറ മറഞ്ഞില്ല. നീര്‍നായ്ക്കളുടെ താവളമാണു പാറയെന്നും മുഹമ്മദാലി പറയുന്നു. പാറയുടെ എതിര്‍ഭാഗത്തായി ശിവക്ഷേത്രമുള്ളതിനാല്‍, തൊട്ടടുത്തുള്ള കല്‍പ്പടവില്‍ ചിതാ ഭസ്മം നിര്‍മജ്ജനം ചെയ്യാനും ധാരാളം പേരെത്തുന്നുണ്ടെന്നു പ്രദേശവാസികള്‍.
എങ്കിലും പാറയുടെ ഭാഗത്തു നിന്നു വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും കേള്‍ക്കുന്ന ശബ്ദത്തിന്‍റെ നിഗൂഢത മനസില്‍ നിറഞ്ഞു നിന്നു. വിശദീകരണത്തിനായി വീണ്ടും ചോദിച്ചു, രാത്രി പന്ത്രണ്ടു മണിക്കെന്തിനാ വഞ്ചി ഇറക്കിയത്..? എളന്തിക്കര, മാള ഭാഗത്തു നിന്നൊക്കെ ചിലര്‍ രാത്രി വരും. അവരെ കൊണ്ടു ചെന്നാക്കണം. അങ്ങനെ പോയി മടങ്ങി വരുമ്പോഴായിരിക്കും മിക്കവാറും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാറുള്ളതെന്നു മുഹമ്മദാലിയുടെ തൃപ്തികരമായ വിശദീകരണം. വള്ളക്കാരന്‍റെ റോളില്‍ നിന്നു പെന്‍ഷന്‍പറ്റി മുഹമ്മദാലി. എങ്കിലും ഇത്തരം കഥകളുമായി കരയില്‍ സജീവം. ആരെയും ഉപദ്രവിക്കാതെ, വെറുതെ ശബ്ദം മാത്രമുണ്ടാക്കുന്ന പാറ. ആ ശബ്ദത്തിന്‍റെ ശാസ്ത്രീയ വിശദീകരണം തേടിയില്ല. ഒരു നാടിന്‍റെ കെട്ടുകഥകളും വിശ്വാസങ്ങളും പേറുന്ന പാറയായി മാളവനപ്പാറ മനസില്‍ അവശേഷിപ്പിച്ചു കൊണ്ടു മടക്കം.