Thursday, June 23, 2011

കാഞ്ഞൂര്‍ സ്കൂളില്‍ പഠിച്ച കാഞ്ഞവിത്തുകള്‍ വായിക്കാന്‍



ആദ്യ പിരിയഡില്‍  മിക്കവരുടെയും മുഖത്ത് ആശങ്ക. പുറകിലെ ബെഞ്ചില്‍ ആസൂത്രണത്തിന്റെ അടക്കം പറയലുകള്‍. ഒരു പക്ഷെ പിടിക്കപെട്ടാല്‍...? പെട്ടെന്ന് ബെല്‍ അടിച്ചു. പോകാന്‍ സമയം ആയി. ജിജോ പതുക്കെ എഴുന്നേറ്റു. പിരിവിട്ട് കിട്ടിയ 35 രൂപ അവനെ ഏല്പിച്ചു. ഒരു വട്ടം കൂടി പറയാന്‍ മറന്നില്ല. പടവും വേണം, വായിക്കാനും വേണം...പറ്റിക്കപെടരുത്. മൂത്രപുരയുടെ അപ്പുറത്തെ മതില്‍ ചാടി, റബ്ബറുംകുടിയും കടന്നു അവന്‍ പോകുനത് ടെന്‍ഷനോടെ  നോക്കി നിന്ന് പുരുഷസമൂഹം. 
ഉച്ചയൂണിന്റെ സമയത്തെ ഇനി തിരിച്ചെത്തു...കാഞ്ഞൂര്‍ പുണ്യാള... അവനെ കാക്കണേ. ഉച്ചക്ക് വരാന്തയില്‍ നിന്ന് നോക്കുമ്പോള്‍ വെറും കൈയോടെ ജിജോ നടന്നു വരുന്നത് അല്‍പ്പം നിരാശയോടെ കണ്ടു. അവന്‍ ക്ലാസ്സിലേക്ക് എത്തി.. കിട്ടിയില്ലേ... കട തുറന്നില്ലേ...ഒരു ചോദ്യത്തിനും മറുപടി തരാതെ അവന്‍ ഷര്‍ട്ട്‌ പൊക്കി... അവന്റെ വയറിനു മുകളിലായി ഒരു വാരിക........മാരമ. 




കൊച്ചുപുസ്തകം... ആര് പേരിട്ടു വിളിച്ചതെങ്കിലും അഭിനിവേശത്തിന്റെ ആദ്യ അക്ഷരങ്ങള്‍ ആയിരുന്നു അതൊക്കെ. പുരുഷപ്രജകള്‍ അടക്കി വാണ ഒരു വിദ്യാലയത്തിലെ കാഴ്ച. ഒരു വട്ടം കൂടി തിരികെ എത്താന്‍ മോഹിക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ ഇത്തരം കഥകള്‍ കൂടി അനിവാര്യം. ആദ്യകാമനകളുടെ ആവിഷ്കാരങ്ങള്‍ അരങ്ങേറിയ ഇടം. ഇത്തരം കള്ളത്തരവും കൌതുകവും വികൃതിയും സൌഹ്ര്ടവും സ്നേഹവും നഷ്ടമാകുന്ന ഒരു മുനമ്പില്‍ നിന്ന് കൊണ്ട് ഒരുപാട് തലമുറകള്‍ ഇനി പറയേണ്ടി വരും... ഹാ വിഫലമീ വാഴ്വ്......പുറകിലെ പേര് കോറിയിട്ട പതിനഞ്ചുകാരന്‍ വളര്‍ന്നു. പക്ഷെ ഇപ്പോഴും ആ പഴയ സ്കൂളിന്റെ പുണ്യ പരിസരങ്ങളില്‍ എത്തുമ്പോള്‍ പതിനഞ്ചുകാരന്റെ പരകായപ്രവേശം. ഓര്‍മ്മകള്‍ പഴയ കൊച്ചു പുസ്തകതിലെക്കും, വലിയ കൂട്ടുകളിലേക്കും, നഷ്ടമാകാത്ത സ്മരണകളിലേക്കും ചേക്കേറുന്നു. ചിലപ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം, ഒരു കഥ പോലെ പറയാന്‍ പറ്റാത്ത വിധം സ്മരണകളുടെ ഒരു സ്കൂള്‍കാലം മണി അടിക്കുന്നു.



st സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ കാഞ്ഞൂര്‍... ആ ലക്ഷ്യത്തിലേക്കുള്ള  സൈക്കിള്‍ വഴികളില്‍ സങ്കേതങ്ങള്‍ ഉണ്ട്. ഞങ്ങള്‍ പുഴു എന്ന് വിളിച്ച ശ്രീജിത്തിന്റെ വീട്. ( പണ്ട് പുഴുപല്ല് ഉണ്ടായിരുന്ന ശ്രീജിത്ത്‌ അത് മറയ്ക്കാന്‍ മരച്ചീനിയുടെ തോലിന്റെ വെളുത്ത വശം പല്ല് പോലെ വെട്ടി വായില്‍ വെച്ചെന്ന് കഥ. അനന്തരം അവന്‍ പുഴു എന്ന് അറിയപെട്ടു, പിനീട് നല്ല പല്ലുകള്‍ വന്നെങ്കിലും ആ വിളിപേരിലെ പുഴുക്കുത്തു ശേഷിച്ചു ). രണ്ടു കൈയും വിട്ടു സൈക്കിള്‍  ചവിട്ടാന്‍ അറിയുന്നവനെ പെണ്‍പിള്ളേര്‍ നോക്കും, ചിലപ്പോള്‍ സ്നേഹിചേക്കും എന്നൊരു ധാരണ എനിക്കും പുഴുവിനും ഉണ്ടായിരുന്നു. അങ്ങനെ പലവട്ടം ചവിട്ടി കാണിച്ചിട്ടും, ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കിയില്ല. ഒരിക്കല്‍ തലയും തള്ളി റോഡില്‍ വീണപ്പോള്‍ ആ വഞ്ചകികള്‍ പൊട്ടിച്ചിരിച്ചു..  നിങ്ങള്ക് വേണ്ടി ആയിരുന്നോ ഞാന്‍, ഞങള്‍ ജീവന്‍ പണയം വച്ച കൈ വിട്ടു സൈക്കിള്‍ ചവിട്ടിയത്...ഇത്രയൊക്കെ ചെയ്തെങ്കിലും ഒരിക്കല്‍ കുട ഇല്ലാത്ത അവര്‍ മഴ  നനഞ്ഞു  പോകുമ്പോള്‍, വേണേല്‍ ചൂടിക്കാം എന്ന് മനസ്സില്‍ പറഞ്ഞു...


മണ്‍വെട്ടി ഏന്തി നില്‍കുന്ന കര്‍ഷകന്‍.... ഡ്രോയിംഗ് ക്ലാസ്സില്‍ ഈ കര്‍ഷകനെ അറിഞ്ഞു പ്രാകി. എത്ര നോക്കിയിട്ടും വരയ്കാന്‍ പറ്റണില്ല. ഫിലിപ്പ് സാറിന്റെ പിച്ച് കൊണ്ട് ചാകാറായി. അല്ലെങ്കില്‍ വര എന്നൊക്കെ പറയുന്നത് ഒരു കഴിവ് അല്ലെ...അത് എനിക്ക് ഇല്ല എന്ന് ആശ്വസിച്ചു. പക്ഷെ അത് സാറിനെ പറഞ്ഞു മനസിലാക്കാനുള്ള ധൈര്യം ഇല്ല. മാത്രമല്ല ഒരിക്കല്‍ ഫിലിപ്പ് സര്‍ പിച്ചിയപ്പോള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരുത്തന്‍ മൂത്രം ഒഴിച്ചു എന്നൊരു കഥയും കേട്ട്. ഡ്രോയിംഗ് ക്ലാസ്സ്‌ ഉള്ളതിന്റെ തലേ ദിവസം രാത്രി...എന്‍റെ മൂത്രം ക്ലാസ്സില്‍ തളം കെട്ടി കിടകുന്നത് ഞാന്‍ സ്വപ്നം കണ്ടു പേടിച്ചു..ഒരുപാട് തവണ. അതുകൊണ്ട്തന്നെ ആ ഒരു സാധ്യത ഇല്ലാതാകാന്‍ ക്ലാസിനു മുന്പ് ഓടുമായിരുന്നു, മൂത്രപുരയിലേക്ക് . പിന്നെ എപ്പോഴോ ആ കര്‍ഷകന്‍ എന്‍റെ കൈകള്‍ക്ക് എളുപ്പമായി. അധ്യാപകരെ സ്മരിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ഒരുപാട് പേരുകള്‍ ഉണ്ട്. ...പോള്‍ സര്‍, സോമശേഖരന്‍ സര്‍, ജോര്‍ജ് സര്‍, ശശി സര്‍ ... അങ്ങനെ ഒരുപാട് പേര്‍. കളിപ്പേര്, വട്ടപ്പേര്, മറുപ്പേര് എന്നിങ്ങനെ വിളിപ്പേരുകള്‍ സ്വന്തമായുള്ള ഒരുപാട് പേര്‍ ക്ലാസ്സില്‍. മാള, ഉണ്ടന്‍, പുഴു, വായു, പോസ്റ്റ്‌, കങ്കന്‍, തിമ്മന്‍, സോഡാ, ലാറ, മണ്ണെണ്ണ, കൊതു....അങ്ങനെ പേരുവിളിയുടെ പരമാവധി സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി. അധ്യാപകര്‍ക്ക്  നല്‍കിയ പേരിലും ഭാവനയുടെ അപാരമായ സ്പര്‍ശം ഉണ്ടായിരുന്നു.


അമ്പത് പൈസക്ക് ഐസ് ക്രീം, കടല, കട്ടി മിട്ടായി....അങ്ങനെ ഒരുപാട് സൌഭാഗ്യങ്ങള്‍ ഉണ്ടായിരുന്നു അക്കാലത്ത്‌. ഒരു ഉച്ചയൂണിന്റെ ഇടവേളയില്‍ ഞങ്ങള്‍ക്ക് കാണാന്‍ സ്കൂളിന്റെ പുറകില്‍ പുഴ ഉണ്ടായിരുന്നു. സംസ്കൃതം ക്ലാസ്സിന്റെ ജനാലയില്‍ കൂടി നോക്കിയാല്‍ ഗേള്‍സ്‌ സ്കൂള്‍ പോകുന്ന പെണ്‍കുട്ടികളെ  കാണാമായിരുന്നു. ഉച്ചക്ക് ഇരുപതില്‍ അധികം ടീമുകള്‍ ഒരേസമയം ഫുട്ബാള്‍ കളിക്കുന്ന ഗ്രൌണ്ട് ഉണ്ടായിരുന്നു ( പലപ്പോഴും ബോള്‍ മാറിപ്പോകും).,, ഒരിക്കല്‍ ട്രെയിനിങ്ങിനു വന്ന ടീച്ചര്‍ക്ക് ഒരുത്തന്‍ ലവ് ലെറ്റര്‍ കൊടുത്തെന്നു കേട്ടിരുന്നു. അതിനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് മാത്രം ഞാന്‍ അതിനു മുതിര്‍ന്നില്ല ...പക്ഷെ പിന്നീട് എന്‍റെ കല്യാണം കഴിഞ്ഞ് ഒരുപാട് കഴിഞ്ഞ് ഞാന്‍ അറിഞ്ഞു , അന്ന് ലവ് ലെറ്റര്‍ കൊടുത്ത ആ ധൈര്യശാലിയെ ആണ് എന്‍റെ സ്വന്തം അളിയന്‍ എന്ന്... ഞാന്‍ അഭിമാനപുളികതന്‍ ആയിപ്പോയി എന്ന് കുറച്ചു കൂട്ടിപ്പറയാം. 


സ്കൂള്‍ വിശേഷത്തിന്റെ തണലിലേക്ക്‌ നിര്‍ത്താന്‍ ഇനിയും എത്രയോ ഓര്‍മ്മകള്‍.
.ഒരു വട്ടം കൂടി എഴുതാവുന്ന വിധത്തില്‍...