Monday, November 11, 2013

അറിയപ്പെടാത്ത നടന്‍


യവനിക ഉയര്‍ന്നു. തിരക്കേറിയ ബസ് സ്റ്റാന്‍ഡിന്‍റെ ആളൊഴിഞ്ഞയിടം. ഒരു തെരുവുതെണ്ടി ചെറുക്കന്‍ കിടന്നുറങ്ങുന്നു. പെട്ടെന്ന് അവന്‍ എഴുന്നേറ്റു. സദസിനെതിരെ തിരിഞ്ഞു നിന്നു മൂത്രമൊഴിക്കുന്നു. അവിടേക്കു കടന്നു വരുന്നയാള്‍ ഛെ, റാസ്ക്കല്‍ എന്നുറക്കെ വിളിക്കുമ്പോള്‍, ആ ചെറുക്കന്‍ പൊടുന്നനെ മൂത്രമൊഴിക്കുന്ന അതേ നില്‍പ്പില്‍ത്തന്നെ ഞെട്ടിത്തരിച്ചു സദസിനു നേരെ തിരിയുന്നു. നാടകത്തില്‍ മുഖം കാണിക്കുക എന്ന പ്രയോഗത്തെ തെറ്റിക്കുകയായിരുന്നു ആ പുതുമുഖം. കാരണം മൂത്രമൊഴിക്കുന്ന പോസില്‍ തിരിഞ്ഞപ്പോള്‍ കാണിച്ചതു മുഖം മാത്രമായിരുന്നില്ലല്ലോ... നാടകം പോര്‍ട്ടര്‍ കുഞ്ഞാലി രചന എന്‍. എന്‍ പിള്ള. ആര്‍ത്താര്‍ത്തു ചിരിക്കുന്ന കാണികള്‍ ഒരാവേശമായി തോന്നി ആ പയ്യന്. ശിഷ്ടകാലം ജീവിതം അരങ്ങിന്‍റെ ആവേശത്തിലായിരിക്കുമെന്ന് ഉറപ്പിക്കാനുള്ള പ്രായമൊന്നുമായിരുന്നില്ല അപ്പോള്‍. പക്ഷേ അരങ്ങുകള്‍ കാത്തിരിക്കുകയായിരുന്നു. പിന്നീട് മലയാളി നെഞ്ചേറ്റിയ നാടകങ്ങളുടെ അരങ്ങില്‍ അഭിനേതാവായി ഇദ്ദേഹം നിറഞ്ഞു. മലയാളത്തിന്‍റെ നാടകാചാര്യന്‍ എന്‍. എന്‍ പിള്ളയുടെ മകന്‍ നാടകത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിന് അനുഭവങ്ങളുടെ കരുത്ത്, സിനിമാനടനെന്ന വിശേഷണത്തില്‍ ചോരാത്ത നാടകസ്നേഹം, അരങ്ങിനോടുള്ള ആത്മാര്‍ഥതയ്ക്കു മേക്കപ്പണിയിക്കാതെ നാടകനടന്‍ വിജയരാഘവന്‍ സംസാരിക്കുന്നു വിശ്വകേരളകലാസമിതിയുടെ നാടകവണ്ടിയില്‍ സഞ്ചരിച്ച വഴികളെക്കുറിച്ച്.... ആദ്യകാലത്ത് അഭിനയത്തിന്‍റെ ബാല്യം പിന്നിടുമ്പോള്‍ കൂടെ അഭിനയിച്ചവരെല്ലാം പില്‍ക്കാലത്തു നാടറിഞ്ഞവര്‍ തന്നെയായിരുന്നു. ആത്മബലി എന്ന നാടകത്തില്‍ വിജയരാഘവന്‍റെ അച്ഛനായി അഭിനയിച്ചത് അന്തരിച്ച വിഖ്യാതനടന്‍ ജോസ് പ്രകാശ്. സോങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍റെ അംഗീകാരം നേടിയ നാടകമായിരുന്നു എന്‍. എന്‍ പിള്ളയുടെ ആത്മബലി. പിന്നീടു പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട നാടകം അരങ്ങിലെത്തിയപ്പോള്‍ ഒപ്പം നിരവധി പ്രഗത്ഭരുണ്ടായിരുന്നു. എന്‍. എന്‍ പിള്ള, ജോസ് പ്രകാശ് എന്നിവര്‍ക്കൊപ്പം മാവേലിക്കര എന്‍. പൊന്നമ്മ, വി. ടി തോമസ്, ഓമന തുടങ്ങിയവര്‍. അപ്പോഴും അഭിനയത്തെ ജീവിതോപാധിയായി എടുത്തിട്ടുണ്ടായിരുന്നില്ല വിജയരാഘവന്‍. അഭിനേതാക്കള്‍ക്ക് അസൗകര്യങ്ങള്‍ വരുമ്പോള്‍ പകരം വേഷമണിയുന്നയാള്‍. ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരുന്ന കോട്ടയം വല്‍സന്‍ എന്ന നടനു ടൈഫോയ്ഡ് ബാധിച്ചു. പകരം അഭിനയിക്കാന്‍ ആളില്ലാതായപ്പോള്‍ ആ വേഷം വിജയരാഘവനിലേക്കെത്തി. സ്വര്‍ഗത്തിനും നരകത്തിനുമിടയിലുള്ള സ്ഥലത്താണു നാടകം നടക്കുന്നത്. എന്‍. എന്‍ പിള്ളയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ സ്ഥലകാലങ്ങളില്ലാത്ത അപാരതയില്‍. അവിടേക്ക് എത്തുന്ന മണ്ടന്‍ ചാക്കോ എന്ന കഥാപാത്രമായിരുന്നു വിജയരാഘവന്. മരണദേവതയെ പ്രേമിക്കാന്‍ ശ്രമിക്കുന്ന, സൗകര്യമായിട്ട് എപ്പോഴോ ഒന്നു കാണാന്‍ കഴിയുക എന്നൊക്കെ ചോദിക്കുന്ന കഥാപാത്രം. ഒരിക്കല്‍ നാടകാവതരണം കഴിഞ്ഞപ്പോള്‍ എം. ടി വാസുദേവന്‍ നായര്‍ ഗ്രീന്‍ റൂമിലേക്കെത്തി എന്‍. എന്‍ പിള്ളയോടു ചോദിച്ചു, ആ കഥാപാത്രത്തെ അവതരിപ്പിച്ചതാരാണെന്ന്. മകനാണെന്ന് അദ്ദേഹത്തിന്‍റെ മറുപടി. അഭിനയം ഇഷ്ടമായെന്നു പറഞ്ഞാണ് എംടി അന്നു മടങ്ങിയതെന്നോര്‍ക്കുന്നു വിജയരാഘവന്‍. ആദ്യ അഭിനന്ദനങ്ങളുടെ ആഹ്ലാദം നിറയുന്ന വാക്കുകള്‍. ഗറില്ല എന്ന നാടകത്തോടെയായിരുന്നു അതൊരു പ്രൊഫഷനായി എടുക്കാന്‍ തീരുമാനിക്കുന്നത്. എത്തെല്‍വോയിച്ചിഷിന്‍റെ ഗി ഗാഡ് ഫ്ളൈ എന്ന നോവലിന്‍റെ പ്രേരണയില്‍ എന്‍. എന്‍ പിള്ള എഴുതിയ നാടകമാണു ഗറില്ല. ഗറില്ലയ്ക്കു ശേഷം നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ഫോളിഡോള്‍, ടു ബി ഓര്‍ നോട്ട് ടു ബി, കണക്ക് ചെമ്പകരാമന്‍, വിഷമവൃത്തം.......നാടകത്തിന്‍റെ വസന്തകാലമായിരുന്നു അപ്പോള്‍. കെപിഎസിയും ഗീഥായും കാളിദാസ കലാകേന്ദ്രവുമാക്കെ ശക്തമായ നാടകങ്ങള്‍ അരങ്ങത്തെത്തിച്ചിരുന്ന കാലം. നാടകം കാണാന്‍ വേണ്ടി മാത്രം എത്തുന്ന പ്രേക്ഷകന്‍ അക്കാലത്തുണ്ടായിരുന്നുവെന്നു പറയുന്നു വിജയരാഘവന്‍. പണം കൊടുത്തു ടിക്കറ്റ് എടുത്തേ നാടകം കാണാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ നാടകത്തിനു വിലയുണ്ട്. അമ്പലപ്പറമ്പില്‍ എത്തുന്നവന്‍ ഉത്സവവും കാണും പൂരവും കാണും, കൂട്ടത്തില്‍ നാടകവും. നാടകത്തിനു മാത്രമായി പ്രേക്ഷകരുണ്ടായിരുന്നു കാലമായിരുന്നു അത്. കൊട്ടും പാട്ടും വിഷ്വല്‍ മാജിക്കുമൊന്നുമില്ലാതെ ജീവനുള്ള നാടകങ്ങള്‍ ഉണ്ടായിരുന്ന കാലത്തു ജനങ്ങള്‍ നാടകത്തെ അംഗീകരിച്ചിരുന്നു, അദ്ദേഹം പറയുന്നു. പരിഹസിച്ചു പവിത്രീകരിക്കുക എന്ന ശൈലിയിലുള്ള നാടകങ്ങളായിരുന്നു വിശ്വകേരള കലാസമിതി അവതരിപ്പിച്ച നാടകങ്ങളില്‍ അധികവും. അച്ഛന്‍ നാടകം പരിശീലിപ്പിച്ചിരുന്ന രീതിയും വ്യത്യസ്തമായിരുന്നെന്നു പറയുന്നു വിജയരാഘവന്‍. ആദ്യം ഒരുമിച്ചിരുന്നു വായിക്കും. മനസിലേക്കു നാടകത്തിന്‍റെ കൃത്യമായ രൂപം തരും. ഒരിക്കലും ഡയലോഗ് കാണാപ്പാഠം പഠിക്കാന്‍ തന്നിരുന്നില്ല. കഥാപാത്രത്തെ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അതായി മാറാനുള്ള സ്ട്രഗിള്‍ തുടങ്ങും. ആ സമയത്ത് അച്ഛന്‍ ചിലപ്പോള്‍ അവതരിപ്പിക്കുന്നതു ശരിയായില്ലെന്നു പറഞ്ഞു വേദനിപ്പിക്കും, ഇറിറ്റേറ്റ് ചെയ്യും വിജയരാഘവന്‍ പറയുന്നു. പക്ഷേ ഒടുവില്‍ കഥാപാത്രത്തിന്‍റെ ആത്മാവു മനസിലാക്കുന്ന നടനായുള്ള രൂപാന്തരപ്പെടലായിരിക്കും സംഭവിക്കുക. കര്‍ട്ടന്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന അവസ്ഥയാണ്. ഒരാള്‍ക്കും സഹായിക്കാന്‍ കഴിയില്ല. എന്‍. എന്‍ പിള്ളയുടെ മകനാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, സഹായിക്കാന്‍ ആരുമുണ്ടാവില്ല. കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നതു നടന്‍റെ മാത്രം ചുമതലയായി മാറും. അഭിനയത്തിന്‍റെ കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ളതു ചിറ്റയാണെന്നു പറയുന്നു വിജയരാഘവന്‍, എന്‍. എന്‍ പിള്ളയുടെ സഹോദരിയും നടിയുമായ ജി. ഓമന. എസ്. കൊന്നനാടിന്‍റെ സുറുമയെഴുതിയ മിഴികളിലെ നായകനായിട്ടായിരുന്നു വിജയരാഘവന്‍റെ സിനിമാപ്രവേശം. അതിനു മുമ്പു എന്‍. എന്‍ പിള്ളയുടെ നാടകം കാപാലിക സിനിമയായപ്പോള്‍ ഒരു ചെറിയ വേഷവും ചെയ്തിരുന്നു. സുറുമയെഴുതിയ മിഴികള്‍ക്കു ശേഷം ഈ ശബ്ദം ഇന്നത്തെ ശബ്ദം, ആന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീടു പൂര്‍ണമായും സിനിമയിലേക്കു മാറുന്നതു ജോഷിയുടെ ന്യൂഡല്‍ഹി എന്ന ചിത്രത്തോടെയാണ്. എങ്കിലും നാടകത്തെ ഉപേക്ഷിച്ചില്ല. 1994ല്‍ വിശ്വകേരളകലാസമിതിയുടെ ബാനറില്‍ കണക്ക് ചെമ്പകരാമന്‍ എന്ന നാടകത്തില്‍ തുടങ്ങി നിരവധി രചനകള്‍ വീണ്ടും അരങ്ങിലെത്തിച്ചു. ഒളശ്ശയിലെ ഡയനീഷ്യ എന്ന വീട്ടില്‍ നാടകസ്മരണകളുടെ കര്‍ട്ടന്‍ വീഴുന്നതേയില്ല. ഇന്നും നാടകത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്കു പായുന്ന നാടകസംഘത്തെ പോലെ. അടുത്ത ബെല്ലിനായി കാത്തു നില്‍ക്കാതെ വിജയരാഘവന്‍റെ അരങ്ങനുഭവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. യവനിക വീഴുന്നില്ല..

Friday, November 1, 2013

ഒരു പഞ്ചസാര കഥ


ഒരു പാടം കടന്നു വേണമായിരുന്നു സ്‌കൂളിലേക്ക്‌ പോകാന്‍. ആ സ്‌കൂള്‍ യാത്രയുടെ ത്രില്ലും അതു തന്നെയായിരുന്നു. പാടം എത്തുന്നതിനു മുമ്പ്‌, ജാതിക്ക തോട്ടവും, ഒരുപാടു തിന്നാല്‍ നാവിലെ തൊലി പോകുമെന്ന്‌ പറഞ്ഞ്‌ അമ്മ പേടിപ്പിച്ചിരുന്ന ഒരു പഴവും.... സ്ഥിരം യാത്രയുടെ ആവര്‍ത്തന കാഴ്‌ചകളും അനുഭവങ്ങളുമായിരുന്നെങ്കിലും ഒരിക്കലും മടുക്കാത്ത കാര്യങ്ങളായിരുന്നു അവയൊക്കെ. മഴ പെയ്‌താല്‍ നടവരമ്പ്‌ മുങ്ങിപ്പോകുന്ന പാടത്തിനു നടുവിലൂടെയുള്ള യാത്ര....
  ഇപ്പോള്‍ അതേ സ്‌കൂളില്‍ തന്നെയാണ്‌ മകന്‍ പഠിക്കുന്നതും. എന്നാല്‍ പാടത്തൂടെയുള്ള യാത്രയും ജാതിക്കയുമൊന്നുമില്ല. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛന്റ്‌ സ്‌കൂള്‍ കഥകള്‍ കേള്‍ക്കുന്ന പതിവുണ്ട്‌ മകന്‌. പട്ടാളത്തില്‍ നിന്നു മടങ്ങിവന്നവന്റെ കഥ പറച്ചില്‍ പോലെ, എത്ര ആവര്‍ത്തിച്ചാലും അവനു തീരെ പരാതിയില്ല.
ഒരിക്കലൊരു കഥ അവനോട്‌ പറഞ്ഞു. അതിങ്ങനെ
  ഒരിക്കല്‍ ഒരു വൈകുന്നേരം സ്‌കൂള്‍ വിട്ടു പതിവു സംഘങ്ങള്‍ക്കൊപ്പം വരുമ്പോള്‍ വല്ലാത്ത ദാഹം. അടുത്തു കണ്ട വീട്ടില്‍ കയറി. ഒരു അമ്മൂമ്മ ഇറങ്ങിവന്നു. ഇത്തിരി വെള്ളം തര്വോ എന്നു ചോദിച്ചു. അമ്മൂമ്മ അകത്തേക്കു പോയി വെള്ളം തന്നു. നല്ല മധുരം. മധുരം ഉണ്ടോ, പഞ്ചാര ഇട്ടിട്ടുണ്ട്‌ട്ടോ...അതൊരു സാധ്യതയായിരുന്നു. പിറ്റേദിവസം തൊട്ട്‌ അതേ സ്ഥലത്ത്‌ എത്തുമ്പോള്‍, എവിടെ നിന്നാണെന്നറിയില്ല, വല്ലാത്ത ദാഹം....ആ പതിവ്‌ ആവര്‍ത്തിച്ചു. പിന്നെ എപ്പോഴാണു ആ ശീലം നിന്നതെന്ന്‌ ഓര്‍മ്മയില്ല. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ്‌ മോനെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ ആ അമ്മൂമ്മയെ കണ്ടു. ഓര്‍മ്മയുണ്ടോ എന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ആ പഴയ പഞ്ചസാര വെള്ളത്തിന്റെ മധുരം വായിലും മനസിലും ഊറിയെത്തി..

ഈ കഥ പറഞ്ഞ്‌ അവസാനിക്കുമ്പോള്‍, കുറച്ചു നേരം മിണ്ടാതെയിരുന്നു മകന്‍. എന്നിട്ടു ചോദിച്ചു...
എവിടെയാ അച്ഛാ ആ വീട്‌.....
പറഞ്ഞുകൊടുത്തില്ല പഞ്ചസാരയ്‌ക്കൊക്കെ ഇപ്പോ എന്താ വില 

Tuesday, October 15, 2013

പറയണം അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്‌....


 മാവേലിക്കരയില്‍ നിശ്ചലമായിക്കിടക്കുന്ന ഒരു മൃതശരീരത്തിന്‍റെ അവസാനരംഗത്തോടെ ഒരു ജീവിതത്തിന്...നാടകത്തിനു തിരശീല. ഇനി അടുത്ത അരങ്ങില്ല. മേക്കപ്പിന്‍റെ ഗന്ധം ഘനീഭവിക്കുന്ന നാടകവണ്ടിയില്‍ മറ്റൊരു യാത്രയില്ല. മൂന്നു ബെല്ലുകള്‍ക്കപ്പുറം പിറവിയെടുക്കുന്ന നാടകമെന്ന അടങ്ങാത്ത ആവേശമില്ല. ആരും അറിയാതെ, അരങ്ങറിയാതെ, അഭ്രപാളിയറിയാതെ മാവേലിക്കര അമ്മിണി യാത്.. ചരമപ്പേജില്‍ ഒതുങ്ങിപ്പോയ ഒരു മരണവാര്‍ത്തയില്‍ നിന്നും മാവേലിക്കര അമ്മിണിയെ തലമുറകള്‍ തിരിച്ചറിയണം, അരങ്ങും അഭ്രപാളിയും ഉപേക്ഷിച്ച ശേഷമുള്ള ജീവിതമറിയണം, ഒടുവിലൊരുനാള്‍ എഴുന്നേല്‍ക്കാനാകാത്ത കിടക്കയില്‍ നിന്നും മരണം വിളിച്ചു കൊണ്ടു പോകുന്നു മാവേലിക്കര അമ്മിണി എന്ന നടിയെ. 
നിത്യഹരിതനായകന്‍റെ ആദ്യ അമ്മ. പ്രേംനസീര്‍ ആദ്യമായി വേഷമിട്ട മരുമകള്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ അമ്മയായി അഭിനയിച്ചത് അമ്മിണിയായിരുന്നു. പിന്നെ എണ്ണായിരത്തോളം നാടകവേദികള്‍, കാഥിക, നര്‍ത്തകി..... ആറു മാസം മുമ്പു മാവേലിക്കരയിലെ ചെറുകോലിലുള്ള അമ്മിണിയുടെ വീട്ടിലേക്കു പോകുമ്പോള്‍ കൈവശമുണ്ടായിരുന്ന ജീവിതസംഗ്രഹം. എന്നാല്‍ സംഗ്രഹങ്ങളെ നിഗ്രഹിച്ചു കൊണ്ടൊരു ജീവിതം മുന്നില്‍ വിതുമ്പി നില്‍ക്കുന്നു. ചുളിവു വീണ മുഖത്തെ നീര്‍ച്ചാലുകളില്‍ കണ്ണീരൊഴുകുന്നതു തിരിച്ചറിയാനാകാതെ പതറുകയായിരുന്നു പലപ്പോഴും. ഏകാന്തതയുടെ ഇരുട്ടു വീണ മുറിയില്‍ ഒറ്റയ്ക്കു, കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ. എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളില്‍ നിറഞ്ഞുനിന്ന നടിയുടെ ലോകം ജനാലകള്‍ക്കിടയിലൂടെയുള്ള ഇത്തിരിക്കാഴ്ചയില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. അഭിനയിച്ച നാടകരംഗങ്ങളെ വെല്ലുന്നതായിരുന്നു, അമ്മിണിയുടെ ജീവിതരംഗങ്ങള്‍...

മറിയാമ്മ, അമ്മിണിയായി 
നസീറിന്‍റെ അമ്മയായി...

വാലില്‍ പാപ്പിയുടെയും സാറാമ്മയുടെയും മകള്‍, മറിയാമ്മ. പിറവി ക്രൈസ്തവ കുടുംബത്തിലെങ്കിലും തിരുവാതിരയും നാടകവുമൊക്കെയായിരുന്നു താത്പര്യം. അക്കാലത്തു ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ആ വേദിയില്‍ നിറഞ്ഞു നിന്നു. കണ്ടിയൂര്‍ വായനശാലക്കു വേണ്ടി അഭിനയിച്ച ഭാമാവിജയം ആയിരുന്നു ആദ്യനാടകം. പതിനാലു വയസില്‍ അരങ്ങിലെത്തിയതു നാടകനടി എസ്. ആര്‍ പങ്കജത്തിന്‍റെ പ്രേരണയിലായിരുന്നു. അക്കാലത്തു തന്നെ കഥാപ്രസംഗത്തിലും സജീവമായിരുന്നു. കലാലോകത്തു നിറഞ്ഞപ്പോള്‍ മറിയാമ്മ എന്ന പേരു മാറ്റി, അമ്മിണിയായി, മാവേലിക്കര അമ്മിണിയായി. ഒറ്റനാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയതോടെ പേരും പ്രശസ്തിയുമേറി. ആര്‍ട്ടിസ്റ്റ് പി. ജെ ചെറിയാന്‍റെ മിശിഹാചരിത്രം നാടകത്തില്‍ കന്യാമറിയമായി അഭിനയിച്ചതോടെ ഒരു നടി കൂടി പിറക്കുന്നു എന്നു മലയാള നാടകലോകം തിരിച്ചറിയുകയായിരുന്നു.
നാടകനടിയായി പ്രശസ്തയാവുമ്പോള്‍ കഥാപ്രസംഗം കൈവിട്ടിരുന്നില്ല. അങ്ങനെയൊരിക്കല്‍ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ അന്വേഷിച്ചു വന്നതായി അറിഞ്ഞു. സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം. സേലത്താണു സിനിമ, സംവിധാനം ചെയ്യുന്നതൊരു തമിഴനും. ഇന്‍റര്‍മീഡിയറ്റിനു പഠിക്കുന്ന ഒരു പയ്യനാണു നായകന്‍. അമ്മിണിക്ക് അവസരം ലഭിച്ചിരിക്കുന്നതു ആ പയ്യന്‍റെ അമ്മയായി അഭിനയിക്കാനും. എന്നാല്‍ നായകനും നായകന്‍റെ അമ്മയ്ക്കും ഒരേ പ്രായമായിരുന്നു എന്നതു മറ്റൊരു കാര്യം. ആ ഇന്‍റര്‍മീഡിയറ്റുകാരന്‍ പിന്നീടു മലയാള സിനിമയുടെ ചരിത്രമായി, നിത്യഹരിതനായകനായി പ്രേംനസീര്‍. മരുമകള്‍ ആയിരുന്നു ആ സിനിമ. അതിനുശേഷം എപ്പോള്‍ കാണുമ്പോഴും അമ്മേ എന്നു വിളിക്കുമായിരുന്നെന്നു അമ്മിണി ഓര്‍ക്കുന്നു, നല്ല മനുഷ്യനായിരുന്നു. രണ്ടു സിനിമകളില്‍ക്കൂടി അമ്മിണി അഭിനയിച്ചു, വിയര്‍പ്പിന്‍റെ വില, പുതിയ ആകാശം പുതിയ ഭൂമി.


 അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്

ജി. കെ പിള്ളയുടെ നാടകക്കമ്പനി, പി. എ തോമസിന്‍റെ നാടകസമിതി, നടന്‍ ബഹദൂറിന്‍റെ നാടകക്കമ്പനി..... പേരില്ലാതെ പ്രശസ്തരുടെ നാടകക്കമ്പനികള്‍ നിറഞ്ഞുനിന്നിരുന്ന കാലത്തും അമ്മിണി തിരക്കുള്ള നടിയായി മാറുകയായിരുന്നു. എത്രയോ നാടകരാവുകള്‍. ബല്ലാത്ത പഹയന്‍, മാണിക്യകൊട്ടാരം തുടങ്ങിയ ഹിറ്റ് നാടകങ്ങള്‍. ഒടുക്കം എന്‍. എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതിയിലെത്തി. പ്രേതലോകം നാടകത്തില്‍ തുടക്കം, വൈന്‍ഗ്ലാസ്, കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍, ക്രോസ്ബെല്‍റ്റ്.... ഇരുപത്തിരണ്ടു വര്‍ഷം വിശ്വകേരള കലാസമിതിയുടെ നാടകത്തിലുണ്ടായിരുന്നു അമ്മിണി.
"" ഞാന്‍ അനാഥയാണു മോനേ. അമ്മയില്ല അച്ഛനില്ല. സഹോദരങ്ങളില്ല. ഭര്‍ത്താവും മകളുമില്ല....'' ഇത് അമ്മിണി അഭിനയിച്ച നാടകത്തിലെ സംഭാഷണമല്ല. സ്വന്തം ജീവിതത്തിന്‍റെ ക്ലൈമാക്സില്‍ എത്തിനില്‍ക്കുമ്പോള്‍ വിധി അമ്മിണിയുടെ അനുഭവങ്ങളാല്‍ ആവര്‍ത്തിപ്പിക്കുന്ന വാചകം. അരങ്ങിനും അഭ്രപാളിക്കുമിടയില്‍ കൈമോശം വന്നുപോയ ജീവിതം. നടിയായിരിക്കുമ്പോള്‍ത്തന്നെയായിരുന്നു വിവാഹം.എറണാകുളത്തുകാരന്‍ ജോസഫ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അദ്ദേഹം മരണമടഞ്ഞു. പിന്നെ മകളെ വളര്‍ത്താനുള്ള പരിശ്രമങ്ങളായിരുന്നു. അഭിനയം അന്നത്തിനുള്ള മാര്‍ഗമായി, മകളെ വളര്‍ത്തി, പഠിപ്പിച്ചു. ലീലാമ്മ ജോസഫ് എന്നായിരുന്നു മകളുടെ പേര്. ഒടുവില്‍ മകള്‍ക്കു ജോലി കിട്ടി, അമ്മിണിയുടെ അനിയത്തിയുടെ ഒപ്പം രാജസ്ഥാനിലായിരുന്നു ജോലി. ആദ്യശമ്പളം അമ്മയ്ക്ക് അയച്ചു കൊടുത്തു.
വിശ്വകേരളകലാസമിതിയിലായിരുന്നു അപ്പോള്‍. കുറെ ദിവസം തുടര്‍ച്ചയായി നാടകം. ആ സമയത്തൊന്നും വീട്ടിലെത്തിയിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം വീട്ടിലെത്തുമ്പോള്‍ ആ ജീവിതത്തിലെ മറ്റൊരു രംഗം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വാര്‍ത്ത, പത്തു ദിവസങ്ങള്‍ക്കു മുമ്പ്, രാജസ്ഥാനില്‍വച്ചു അമ്മിണിയുടെ മകള്‍ മരണമടഞ്ഞു. അന്നു വൈകിട്ടും നാടകമുണ്ടായിരുന്നു. ചങ്ങനാശേരിയിലെ വേദിയില്‍ ക്രോസ്ബെല്‍റ്റ് നാടകത്തിലെ അമ്മുക്കുട്ടിയമ്മയായി വേഷപ്പകര്‍ച്ച. വേദിക്കു മുന്നില്‍ നിരന്നിരിക്കുന്ന കാഴ്ച്ചക്കാരന്‍റെ കൗതുകത്തിനു മുന്നില്‍ മകളെ നഷ്ടപ്പെട്ട അമ്മ അന്നും നല്ല നടിയായി.
അസുഖത്തിന്‍റെ തളര്‍ച്ച അരങ്ങുകളെ അന്യമാക്കി. ചേട്ടത്തിയുടെ മരുമകള്‍ പൊന്നമ്മയായിരുന്നു അമ്മിണിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കുറച്ചുനാള്‍ മുമ്പ് വീണു കാലിലെ അസ്ഥിക്കു പൊട്ടലുണ്ടായതോടെ നടക്കാന്‍ കഴിയാതെയായി. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
എണ്ണായിരത്തിലധികം അരങ്ങുകളില്‍ അഭിനയിച്ചിട്ടും അമ്മിണിക്ക് അര്‍ഹിക്കുന്നതൊന്നും ലഭിച്ചിരുന്നില്ല. ഗുരുപൂജാപുരസ്കാരവും അവാര്‍ഡും ഫെല്ലോഷിപ്പുമൊക്കെ വീതിച്ചു നല്‍കുമ്പോള്‍ ആരും അമ്മിണിയെ ഓര്‍ത്തില്ല. ആഗോളനാടകങ്ങളെ അവതരിച്ചിറക്കുമ്പോഴും ഭൂതകാലനാടക രാവുകളെ അഭിനയം കൊണ്ടു വിസ്മയിപ്പിച്ച നടിയെ സംഗീത നാടക അക്കാഡമി പോലും ഓര്‍ത്തില്ല. ആരോടും പരാതി ഉണ്ടായിരുന്നില്ല, പരിഭവം പറഞ്ഞില്ല.
അന്നു തിരികെയിറങ്ങുമ്പോള്‍ ഒരു കാര്യമേ പറഞ്ഞിരുന്നുള്ളൂ, പഴയ നാടകക്കാരെ കാണുകയാണെങ്കില്‍ പറയണം, അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്. ആ വാചകത്തില്‍ നിറഞ്ഞ പ്രതീക്ഷയുടെയും ആയുസൊടുങ്ങുന്നു - 
അതുവരെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ഒരു നാടകസന്ദര്‍ഭത്തോടും താരതമ്യപ്പെടുത്താന്‍ കഴിയില്ലായിരുന്നു അമ്മിണിചേച്ചിയുടെ അവസാനകാല ജീവിതസന്ദര്‍ഭങ്ങള്‍. താരതമ്യം പോലും അസാധ്യമാക്കി വിജയിക്കുന്നു, ഇനിയും നല്ല രചയിതാവിനുള്ള പുരസ്‌കാരം ലഭിക്കാത്ത വിധി എന്ന നാടകകൃത്ത്‌

Sunday, October 13, 2013

അനുഭവങ്ങളേ നന്ദി...ദൂരെയെവിടെയോ ഒരു നാടകത്തിന്‍റെ അനൗണ്‍സ്മെന്‍റ് മുഴങ്ങുന്നു. വേദിയിലെ എല്ലാ വെളിച്ചവും കെട്ടു, ആകാംക്ഷയുടെ മൂന്നു ബെല്ലുകള്‍ മുഴങ്ങുമ്പോള്‍ വന്നെത്തി നില്‍ക്കുന്നതു വൈക്കത്തെ ചെമ്മനാത്തുക്കര എന്ന ഗ്രാമത്തില്‍. വൈക്കത്തിന്‍റെ വീഥികള്‍ കടന്നു ഗ്രാമത്തിന്‍റെ ഇടവഴികളിലേക്കു തിരിയുമ്പോള്‍ വെറുതെയോര്‍ത്തു, കാലങ്ങള്‍ക്കു മുമ്പ് എത്രയോ വട്ടം വേദികളിലേക്ക്, അരങ്ങിന്‍റെ രാവുകളിലേക്കു നാടകവണ്ടിയോടിയ വഴികള്‍. അരങ്ങിന്‍റെ നാലു ചുവരുകളില്‍ വേഷവൈവിധ്യത്തോടെ ജീവിതം ആടിത്തീരാനായുള്ള സഞ്ചാരങ്ങള്‍. എല്ലാ വേഷങ്ങളും അഴിച്ചുവച്ച്, നാടകമെന്ന ഭൂതകാലത്തെ ആവേശമായി അവശേഷിപ്പിച്ച ഒരാളെ കാണാനാണു യാത്ര. നീണ്ട വഴിയിലൂടെ ഒരു വീടിനു മുന്നിലേക്ക്, രംഗസജ്ജീകരണം പൂര്‍ത്തിയായ അരങ്ങു പോലെ, അവിടെയെവിടെയോ ഒരു അരങ്ങും, അവതരിച്ചിറങ്ങാന്‍ ഒരു നടനും കാത്തിരിക്കുന്നതു പോലെ. യവനികയ്ക്കു പിന്നില്‍ ഒരു നാടകജീവിതം കാത്തിരിക്കുന്നു. ജീവിതം തുടങ്ങുകയായി, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക.....

ടി. കെ ജോണ്‍ ഇന്‍.....


കാണാനെത്തിയ ആള്‍ അകത്തുണ്ടെന്ന അറിയിപ്പ്, അക്ഷരരൂപത്തില്‍ ടി. കെ ജോണ്‍ ഇന്‍ എന്ന രൂപത്തില്‍ തെളിഞ്ഞിരിക്കുന്നു. വേനലിനെ ഇളം തണുപ്പില്‍ തോല്‍പ്പിക്കുന്ന പൂമുഖത്തു കാത്തിരുന്നു. അകത്തേക്കുള്ള വാതിലില്‍ കര്‍ട്ടന്‍ മാറ്റി, കറുത്ത തൊപ്പിയണിഞ്ഞു പ്രത്യക്ഷപ്പെടുമ്പോള്‍ ഏതോ നാടകത്തിലെ കഥാപാത്രം പോലെ തോന്നിച്ചു. ടി. കെ. ജോണ്‍ മാളവിക. ഒരു കാലത്തു കേരളത്തിലെ നാടകപ്രേമികളെ ഹരം കൊള്ളിച്ചിരുന്ന പേര്. ഒരു പോലെ പ്രശസ്തരായിരുന്ന നാടകസമിതിയും ഉടമയും നടനും സംവിധായകനും. പരീക്ഷണനാടകങ്ങള്‍ എന്ന മുന്‍വിശേഷണങ്ങളില്ലാതെ. നാടകവേദിയിലെ ത്രസിപ്പിക്കുന്ന ഒരുപാടു പരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ച വ്യക്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ഇത്തവണത്തെ എസ്. എല്‍ പുരം സദാനന്ദന്‍ പുരസ്കാരം തേടിയെത്തുമ്പോള്‍, അതു നാടകവേദിക്കു നല്‍കിയ സംഭവാനകളെ മാനിച്ചു സാംസ്കാരിക കേരളം നല്‍കിയ അംഗീകാരങ്ങളുടെ അനിവാര്യമായ തുടര്‍ച്ച മാത്രം.
പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ശല്യം ചെയ്യുമ്പോഴും നാടകം എന്ന ഓര്‍മയ്ക്കു മുന്നില്‍ സാധ്യമാകും വിധം വാചാലനാകുന്നു അദ്ദേഹം. ഇരുപതാമത്തെ വയസില്‍ അരങ്ങില്‍ അഭിനയം തുടങ്ങുമ്പോള്‍, വൈക്കം തുരുത്തിക്കര വീട്ടില്‍ കുര്യന്‍റെയും കുട്ടിയമ്മയുടെയും മകന് പാരമ്പര്യമൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. വടവുകോട് സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നാടകത്തില്‍ അഭിനയിച്ചിരുന്നു. സ്കൂളിലെ അധ്യാപകരെല്ലാം കലാകാരന്മാരായതു കൊണ്ടു തന്നെ അതിനുള്ള വഴി തെളിയുകയായിരുന്നു. പക്ഷേ അപ്പോഴും തന്‍റെ ജീവിത വഴികളില്‍ ഇനിയും ഒരുപാട് അരങ്ങുകള്‍ കാത്തിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞില്ല അദ്ദേഹം. ഒടുവില്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വഴി എന്ന നാടകത്തില്‍ ജയില്‍പ്പുള്ളിയായി അഭിനയിക്കുമ്പോള്‍ ജീവിതം ഇനി നാടകത്തിലായിരിക്കുമെന്നു മനസിലാക്കുകയായിരുന്നു. 


അഭിനയത്തിന്‍റെ അള്‍ത്താരയില്‍....


അമെച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. നാടു മുഴുവന്‍ സഞ്ചരിക്കുന്ന പ്രൊഫഷണല്‍ നാടകവേദിയുടെ സങ്കേതങ്ങളിലേക്ക് എത്തുന്നതിനു മുമ്പു തന്നെ അമെച്വര്‍ വേദിയില്‍ പയറ്റിത്തെളിഞ്ഞു. തകര്‍ന്ന ഹൃദയം, ചെകുത്താനും ചെങ്കോലും, രാവും പകലും തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. മലയാളിയുടെ കലാതാത്പര്യങ്ങളില്‍ നാടകത്തിനു പ്രഥമസ്ഥാനമുണ്ടായിരുന്ന കാലം. അമ്പലപ്പറമ്പുകളിലും ഫൈന്‍ അര്‍ട്സ് ഹാളുകളിലും നാടകം വേരുറച്ചിരുന്ന സമയം. ടി. കെ. ജോണ്‍ നാടകത്തിന്‍റെ ലോകത്തെത്തുമ്പോള്‍ നാടകത്തിന്‍റെ പ്രൗഡകാലം തന്നെയായിരുന്നു. അരങ്ങിനെ ആവാഹിച്ച നാടകരംഗത്തെ പ്രഗത്ഭരെ മലയാളി അംഗീകരിക്കാന്‍ മടിക്കാതിരുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്‍റെ രംഗപ്രവേശം. സഹകരിച്ചതോ അതിപ്രഗത്ഭരോടൊപ്പവും.
വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ഡോക്ടര്‍, എന്‍. എന്‍ പിള്ളയുടെ ആത്മബലി, പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര, കെ. ടി മുഹമ്മദിന്‍റെ കടല്‍പ്പാലം, എസ്. എല്‍ പുരത്തിന്‍റെ അഗ്നിപുത്രി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ധാരാളം വേദികളില്‍ എത്തി. എല്ലാം കേരളം അംഗീകരിച്ച നാടകങ്ങളായിരുന്നു എന്നതാണു പ്രത്യേകത. ഒ. മാധവന്‍, കാലയ്ക്കല്‍ കുമാരന്‍, മണവാളന്‍ ജോസഫ്, കെ. പി. ഉമ്മര്‍, കവിയൂര്‍ പൊന്നമ്മ, വിജയകുമാരി തുടങ്ങിയവരുടെ ഒപ്പം ഇക്കാലയളവില്‍ അഭിനയിച്ചു. സ്വന്തമായി ഒരു സമിതി വേണമെന്ന മോഹം മനസില്‍ അപ്പോഴും ഉണ്ടായിരുന്നു. ഒടുവില്‍ പി. കെ. വിക്രമന്‍ നായരില്‍ നിന്നും സംവിധാനം പഠിച്ച ശേഷം ആ സ്വപ്നം സഫലമാകുന്നു. നടനായി അരങ്ങിലെത്തിയ ടി. കെ. ജോണ്‍ ഒരു സമിതിയുടെ ഉടമയാകുന്നു. 


അവതരണം വൈക്കം മാളവിക...


അതൊരു തുടക്കമായിരുന്നു. മലയാളിയുടെ മനസില്‍ ചേക്കേറിയ എണ്ണം പറഞ്ഞ നാടകസമിതിയില്‍ ഒന്നായി വൈക്കം മാളവിക മാറുകയായിരുന്നു, ചുരുങ്ങിയ കാലം കൊണ്ടു തന്നെ. നാടകരംഗത്തെ പ്രമുഖരുടെ രചനയില്‍ നിരവധി നാടകങ്ങള്‍ മാളവികയുടെ ബാനറില്‍ അരങ്ങിലെത്തി. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വെളിച്ചമേ നയിച്ചാലും, പി. ജെ. ആന്‍റണിയുടെ പ്രളയം, പൊന്‍കുന്നം വര്‍ക്കിയുടെ തിരുവാതിര, എ. കെ. ലോഹിതദാസിന്‍റെ അവസാനം വന്ന അതിഥി.....അങ്ങനെ അനേകം നാടകങ്ങള്‍, എല്ലാ നാടകങ്ങളും സംവിധാനം ചെയ്തതും പ്രധാന വേഷത്തില്‍ അരങ്ങിലെത്തിയതും ജോണ്‍ തന്നെയായിരുന്നു. വൈക്കം മാളവികയുമായി പതിനായിരത്തിലധികം വേദികളില്‍ ജോണ്‍ എത്തി. 1969ലായിരുന്നു വൈക്കം മാളവിക രൂപീകരിക്കുന്നത്. പിന്നീടുള്ള മുപ്പത്താറു വര്‍ഷം സജീവനാടകവേദിയുടെ സ്പന്ദനമായി വൈക്കം മാളവികയും ടി. കെ. ജോണും നിലകൊണ്ടു.
നാടകവേദിയില്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടത്തിയിരുന്നു അദ്ദേഹം. ലൈറ്റിങ്ങിലും രംഗസജ്ജീകരണത്തിലും മാറ്റങ്ങള്‍ കൊണ്ടു വന്നു. വേദിയില്‍ ആദ്യമായി സ്റ്റെയര്‍ കെയ്സ് പ്രത്യക്ഷപ്പെട്ടതൊക്കെ വൈക്കം മാളവികയുടെ നാടകത്തിലായിരുന്നു. ജീവസുറ്റ നാടകത്തിന്‍റെ പിന്‍ബലത്തില്‍ അരങ്ങിലെത്തിയ അത്ഭുതങ്ങളെ കാണികള്‍ അംഗീകരിച്ചു. 


അനുഭവങ്ങളേ നന്ദി...


മാളവികയുടെ ബാനറില്‍ അവസാനം അരങ്ങിലെത്തിയ നാടകം, അനുഭവങ്ങളേ നന്ദി. കാലങ്ങളോളം നീണ്ട നാടകജീവിതത്തിലൂടെ അറിഞ്ഞ അനുഭവങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ടൊരു അവസാനം. പയറ്റിത്തെളിഞ്ഞ അരങ്ങൊഴിയുമ്പോഴും അഭിനയം ആ രക്തത്തില്‍ തന്നെയുണ്ടായിരുന്നു. നാടകത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ത്തന്നെ സിനിമയിലും സാന്നിധ്യമറിയിച്ചു. കന്മദം, വജ്രം, അരയന്നങ്ങളുടെ വീട്, മണിയറ കള്ളന്‍, ബാലേട്ടന്‍.... എസ്. എല്‍. പുരം സദാനന്ദന്‍ പുരസ്കാരത്തില്‍ എത്തിനില്‍ക്കുന്ന അംഗീകാരം, അതിനു മുമ്പേ സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജാ പുരസ്കാരം, മലയാളി സമാജം അവാര്‍ഡുകള്‍....
പഴയ ആളുകളില്‍ ഇപ്പോള്‍ വിജയകുമാരി മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ചില നാടകപ്രവര്‍ത്തകരൊക്കെ വരാറുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഈ പുരസ്കാരമെന്നു പറയുന്നു ജോണ്‍. ഒരുപാടു സന്തോഷം തോന്നി. ഒരു കാലത്തു സഹകരിക്കാന്‍ കഴിഞ്ഞ എസ്. എല്‍ പുരം സദാനന്ദന്‍റെ പേരില്‍ത്തന്നെയുള്ള പുരസ്കാരം ആകുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുന്നു. ഭാര്യ ആലിസും ആറു മക്കളും അടങ്ങുന്നതാണു ജോണിന്‍റെ കുടുംബം. അസുഖത്തിന്‍റെ അസ്വസ്ഥതകളുള്ളതു കൊണ്ടു തന്നെ ഇപ്പോള്‍ വിശ്രമജീവിതത്തിന്‍റെ അരങ്ങില്‍..
അരങ്ങില്‍ ഗാംഭീര്യത്തോടെ പ്രത്യക്ഷപ്പെട്ട നടന്‍റെ അതേ ഭാവങ്ങളോടെത്തന്നെയാണ് ഇദ്ദേഹം ഇപ്പോഴും മുന്നിലിരിക്കുന്നത്. എഴുപത്തഞ്ചാം വയസില്‍ ശരീരത്തെ തളര്‍ത്തുന്ന അസുഖങ്ങളുണ്ടെങ്കിലും, ആ മനസിലിപ്പോഴും നാടകം നിറഞ്ഞുനില്‍ക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ചിരിക്കാന്‍ മടിക്കുന്ന മുഖം, ഒരു പക്ഷേ ആ മുഖത്തു ഭാവങ്ങള്‍ നിറയണമെങ്കില്‍ മൂന്നാമത്തെ ബെല്ല് മുഴങ്ങണമായിരിക്കും.... ജീവിതം വീണ്ടുമൊരു കലാകാരന് ആദരവര്‍പ്പിക്കുന്നു... അനുഭവങ്ങളേ നന്ദി .............

Tuesday, October 1, 2013

അനന്തപുരിയെ പ്രണയിക്കുന്നവര്‍ക്ക്‌സമര്‍പ്പണം : അനന്തപുരിയെ പ്രണയിക്കുന്നവര്‍ക്ക്‌
കുടപ്പനക്കുന്നില്‍ എന്റെ അച്ഛന്റെ ചേച്ചിയുടെ വീടിനപ്പുറത്തു നിന്നാണ്‌ ദൂരദര്‍ശനെന്ന മഹാത്ഭുതം ടെലിവിഷനില്‍ വിരുന്നെത്തുന്നതെന്ന അറിവ്‌ അത്ഭുതം മാത്രമായിരുന്നില്ല, ഒരു അഹങ്കാരവുമായിരുന്നു എനിക്ക്‌. കൊച്ചമ്മായിയുടെ വീട്ടില്‍ നിന്നാല്‍ കാണാവുന്ന ദൂരദര്‍ശന്റെ ടവര്‍ലൈറ്റും, കെട്ടിടവുമൊക്കെ എന്റെ അതിഭാവുകത്വം നിറഞ്ഞ കഥയിലെ കഥാപാത്രങ്ങളായി പലവട്ടം കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചിറങ്ങി. എറണാകുളം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക്‌ ദൂരദര്‍ശന്‍ പിറക്കുന്ന നാട്‌ ഒരു അത്ഭുതം തന്നെയായിരുന്നു. സത്യത്തില്‍ എനിക്കും. എന്നാല്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം സ്ഥിരമായി മുഖത്തു നിറച്ചു നിര്‍ത്തി ഞാന്‍, എന്നും. 
ഇന്നും അനന്തപുരിയിലെ ഈ ചെറിയ ഗ്രാമം ഒരു ആവേശമാണ്‌. തീവണ്ടിയേയും ആ യാത്രയേയും ഏറെ സ്‌നേഹിക്കുന്ന ഭൂതകാലം കൈമോശം വന്നു പോയിട്ടില്ലാത്തതിനാല്‍ എന്റെ കുടപ്പനക്കുന്ന്‌ യാത്രകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അപരിചിതരുടെ അനന്തപുരിയിലേക്കുള്ള യാത്രകള്‍ എന്നും തുടര്‍ന്നു കൊണ്ടേയിരുന്നു. അവധിക്കാലത്ത്‌ തിരുവനന്തപുരത്തേക്ക്‌ പോകുന്ന യാത്രയുടെ കൗതുകവും ആവേശവും സുഹൃത്തുക്കള്‍ക്കു മേല്‍, ലഡാക്കില്‍ ജോലി ചെയ്‌ത പട്ടാളക്കാരന്റെ വെടിയുണ്ടകഥകള്‍ പോലെ പലവട്ടം തുളച്ചിറങ്ങി.
ആദ്യം മകനായി, ഭര്‍ത്താവായി, അച്ഛനായി.................ആ നഗരത്തില്‍ പോയവര്‍ഷങ്ങളുടെ കാലത്തിന്റെ കല്‍പ്പടവുകളില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേഷം പലതായിരുന്നു. കഷ്ടപ്പാടുകളുടെ തയമ്പ്‌ വീണ അച്ഛന്റെ കൈകളില്‍ മുറുകെപിടിച്ച്‌, ആ മണ്ണിലൂടെ നടന്നു. മാസശമ്പളത്തില്‍ ഒതുങ്ങാത്ത ജീവിതക്കണക്കുകളില്‍ ആ യാത്രയുടെ ചെലവുകള്‍ എങ്ങനെ അച്ഛന്‍ എഴുതിച്ചേര്‍ക്കുമെന്നറിയില്ലായിരുന്ന്‌ു അന്ന്‌. പിന്നീട്‌ ജീവിതത്തില്‍ അച്ഛന്റെ, ഭര്‍ത്താവിന്റെ വേഷമണിയുമ്പോള്‍ കാലത്തിന്റെ ആ കണക്കുപുസ്‌തകം എനിക്കു മുന്നില്‍ നിവര്‍ന്നിരുന്നു, വ്യക്തമായിത്തന്നെ.
അമ്മേ, അച്ഛന്‍ എന്നെ ജനലിന്റെ അരികില്‍ ഇരുത്തുന്നില്ല... ഈ വാചകം എന്റെ മകന്‍ അവന്റെ അമ്മയോട്‌ പറഞ്ഞതാണ്‌. നാലു വയസുകാരന്‍ മകനോട്‌ വഴക്കിട്ട്‌, ജനലരികില്‍ പാടങ്ങളുടെ കാഴ്‌ച കണ്ടു നീങ്ങാനുള്ള സ്വാര്‍ത്ഥ ബാല്യകൗതുകം ഇനിയും കൈമോശം വന്നിട്ടില്ല. തമ്പാനൂരിലെ തിരുവനന്തപുരം ഗന്ധം പരിചിതമായാലും, ഓരോ തവണയും വന്നിറങ്ങുമ്പോള്‍ ആവേശമാണ്‌. പണ്ടൊരു ട്രങ്ക്‌പ്പെട്ടിയുമായി തിരുവനന്തപുരത്ത്‌ വന്നിറങ്ങിയതും, വേരുറയ്‌ക്കാത്ത മണ്ണില്‍ ജീവിതത്തിന്റെ വിത്തു പാകിയതും, മക്കളെ വളര്‍ത്തിയതുമൊക്കെ അച്ഛന്റെ സഹോദരിയുടെ വാക്കുകളിലൂടെ എത്രയോ വട്ടം ആവര്‍ത്തിച്ചിരിക്കുന്നു. പിന്നീട്‌ പലവട്ടം ശ്രീപത്മനാഭന്റെ നഗരത്തിലെ അപരിചിത വഴികള്‍ പരിചിതമാക്കി നടന്നു തളര്‍ന്നിരിക്കുന്നു. ന്‌ല്ല ചായ കിട്ടുന്ന, നല്ല വട കിട്ടുന്ന എത്രയോ ചായക്കടകളുടെ രുചികള്‍ സ്വായത്തമാക്കിയിരിക്കുന്നു. എങ്കിലും ആദ്യമായി ഒരു നഗരത്തില്‍ വന്നിറങ്ങുന്ന ആവേശത്തോടെ ഇന്നും ആ യാത്ര തുടരാന്‍ കഴിയുന്നു. ഒരിക്കലും മടുക്കാതെ
ഇന്നും, ഒരു തിരുവനന്തപുരം യാത്രയുടെ തലേന്ന്‌, കലാലയത്തില്‍ നിന്നും വിനോദയാത്ര പോകുന്നതിന്റെ തലേന്നത്തെ എക്‌സൈറ്റ്‌മെന്റാണ്‌. മുപ്പതാം വയസിലും ആ യാത്രാവേശം അനുഭവിക്കാന്‍ കഴിയുന്നു........................സമര്‍പ്പിക്കുന്നു അനന്തപുരിയെ അഗാധമായി പ്രണയിക്കുന്നവര്‍ക്ക്‌....

Thursday, September 5, 2013

സ്‌മരണകളുടെ ജീവിതപുസ്‌തകത്തില്‍ നിന്ന്‌ഒരിക്കലൊന്നു പോയി കാണണം എന്ന ഒരിക്കലും നടക്കാത്ത വാചകം മാത്രം ശേഷിക്കുന്നു. പിന്നീടൊരിക്കലും കാണാനാകാതെ ഹക്കീം ഇക്ക പോവുന്നു. സിനിമാനടന്‍ ഹക്കീം അന്തരിച്ചെന്ന വാചകത്തിന്റെ നിര്‍വികാരതയിലേക്ക്‌ തളയ്‌ക്കാന്‍ കഴിയാത്ത വിയോഗം. നഗരം നവവത്സരത്തിന്റെ നൈമിഷിക ലഹരിയുടെ മണിക്കൂറുകളിലൂടെ കടന്നു പോകുന്ന ഒരു സായാഹ്നത്തിലായിരുന്നു അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത്‌. കായലിനക്കരെ യാത്രയാകാന്‍ കാത്തുകിടക്കുന്ന നൗകയുടെ പശ്ചാത്തലത്തില്‍ വിരിയുന്ന വര്‍ണ്ണപ്പൂത്തിരികള്‍. സുഭാഷ്‌ പാര്‍ക്കിന്റെ ജനസഞ്ചയത്തിനിടയില്‍ സിനിമകളില്‍ പരിചിതമായ മുഖം. പരിചയപ്പെട്ടു. പരിചയം സൗഹൃദമായി വളരുമ്പോഴേക്കും ജീവിതത്തിന്റെ നഷ്ടങ്ങളും യാദൃച്ഛികതകളും അത്ഭുതങ്ങളുമൊക്കെ വിവരിച്ച ആ ജീവിതകഥ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.
പിന്നെ സ്വാമിപ്പടിയിലെ വാടകവീട്ടില്‍, ഉച്ചയൂണിന്റെ ഒത്തൊരുമയ്‌ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ ദേവിച്ചേച്ചിയുടെ ഗസല്‍, ഒരു പിടി അവലുമായി.....കാല്‍ നോക്കി ഫലം പറയാമെന്ന അപൂര്‍വ പ്രവചനസാധ്യതയുടെ അത്ഭുതങ്ങളിലേക്കും ഹക്കീം ഇക്ക ഞങ്ങളെ കൊണ്ടു പോയി. എന്റെ ഗുരുനാഥന്‍ എന്ന ആദരവോടെ സംവിധായകന്‍ ജയരാജിനൊപ്പം ചേര്‍ന്ന കഥകള്‍.... അങ്ങനെയങ്ങനെ ഒരു പത്രപ്രവര്‍ത്തകനെ പ്രലോഭിപ്പിക്കുംവിധം ആ ജീവിതം തുടിച്ചു നിന്നു. ഇടയ്‌ക്ക്‌ ഫോണ്‍ കോളുകളിലൂടെ, വഴിയില്‍ എവിടെയെങ്കിലും കാണുമ്പോള്‍ പിന്നീടൊരിക്കല്‍ എല്ലാവരെയും കൂട്ടി വീട്ടിലെത്താമെന്ന നടക്കാത്ത ഉറപ്പിന്റെ കരുത്തില്‍......
പിന്നീട്‌ കാലത്തിന്റെ കലണ്ടറുകള്‍ മറിഞ്ഞപ്പോള്‍ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍, തിരക്കുകള്‍ക്കിടയില്‍ ഇടയ്‌ക്കെപ്പോഴെങ്കിലും ഓര്‍ക്കുന്ന വ്യക്തിയായി മാറി. മംഗളത്തില്‍ ശ്യാമിനൊപ്പം ചേരുന്ന സായാഹ്നങ്ങളില്‍ ഇക്കയുടെ വീട്ടില്‍ പോയതും പരിചയപ്പെട്ടതുമൊക്കെ കടന്നു വന്നു.
എന്നാല്‍ ഒടുവില്‍ ഹക്കീം ഇക്കയെ കണ്ടത്‌ ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മയായി നില്‍ക്കുന്നു.
പതിവുപോലെ പാസഞ്ചര്‍ നോര്‍ത്ത്‌ റെയ്‌ല്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തുന്നു. പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തില്‍ ഇക്കയും ചേച്ചിയും ഇരിക്കുന്നതു തീവണ്ടി നിര്‍ത്തുന്നതിനു മുമ്പേ കണ്ടിരുന്നു. അടുത്തേക്ക്‌ ചെന്നു. നേരെ മുമ്പില്‍ നിന്ന്‌ ഇക്കയോട്‌ ചോദിച്ചു, മനസിലായോ...?
ആ കണ്ണുകള്‍ എന്റെ മുഖത്ത്‌ ഒരു അപരിചിതനെ തിരിച്ചറിയുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അസുഖങ്ങളുടെ ആഴങ്ങളിലെവിടെയോ ആ നവവത്സരപരിചയത്തിന്റെ വര്‍ഷം ഒടുങ്ങിയിരിക്കുന്നു. സ്‌മരണകളുടെ ജീവിതപുസ്‌തകത്തില്‍ നിന്നും എന്റെ പേരു മറഞ്ഞിരിക്കുന്നു. ഒന്നും മിണ്ടാതെ, തിരിച്ചറിയാതെ ഒരു നിമിഷം അദ്ദേഹത്തിനു മുന്നില്‍ നിന്നു. വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്ത അനുഭവങ്ങളിലൂടെ കടന്നു പോയതിനാലാകാം, വിദൂരതയിലേക്ക്‌ നിറഞ്ഞ കണ്ണുകള്‍ പായിച്ച്‌ ദേവിച്ചേച്ചിയും ഇരുന്നു. ഓഫിസിലേക്ക്‌ നടക്കുമ്പോള്‍ പരിചിതനായ ഒരു അപരിചിതന്റെ മുഖഭാവങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.. പിന്നീടൊരിക്കല്‍ ഇക്കയെക്കുറിച്ച്‌ ഒരു സുഹൃത്ത്‌ വഴി സംവിധായകന്‍ ജയരാജിനോട്‌ അന്വേഷിച്ചിരുന്നു. സുഖമായിരിക്കുന്നു, ഇപ്പോഴും വിളിക്കാറുണ്ട്‌ എന്ന സമാധാനത്തിലേക്ക്‌ എത്തിച്ചു. പിന്നെ നിത്യജീവിതത്തിന്റെ തിരക്കില്‍ മറഞ്ഞു പോകുന്ന രൂപമായി ഇക്കയും.
ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഹക്കീം ഇക്ക മരിച്ചുവെന്ന വാര്‍ത്തയുമായി ശ്യാമിന്റെ ഫോണ്‍ എത്തുന്നതു വരെ സുഖമായിരിക്കുന്ന ഇക്കയുടെ മുഖമായിരുന്നു മനസില്‍. ആ മുഖം തന്നെയായിരിക്കും ഇനിയും മനസില്‍. കാരണം മരിച്ചു കിടക്കുന്ന ഒരാളുടെ മുഖം, അത്‌ ഇക്കയ്‌ക്ക്‌ ഒട്ടും ചേരില്ല. നിര്‍ത്തട്ടേ, താടിയുടെ മീശയുടെയും മുടിയുടെയുമൊക്കെ ആധിക്യത്തിലും മറഞ്ഞു പോകാത്ത ആ ചിരിയുണ്ടല്ലോ, ഇക്ക അതൊരിക്കലും മറക്കില്ല. 

Monday, August 26, 2013

ശേഖരനോവിച്ച്‌ വൈദ്യരോസ്‌ക്കിയും മറ്റു ചിലരുംകുറുന്തോട്ടിക്കഷായത്തിന്റെ കൂട്ട്‌ പറഞ്ഞു കൊടുക്കുമ്പോള്‍ ശേഖരന്‍ വൈദ്യര്‍ റഷ്യയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. വാതപ്പനിയുമായ വന്നവനെ ബോള്‍ഷെവിക്‌ നേതാവ്‌ വ്‌ളാഡിമിര്‍ ലെനിന്റെ വിപ്ലവച്ചൂടിന്റെ കഥയറിയിപ്പിച്ചു കുളിരു കോരിപ്പിച്ചു വൈദ്യര്‍. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനിക്കുന്നതു റഷ്യയിലായിരിക്കും. ചിലപ്പോള്‍ തുടങ്ങുന്നതു തന്നെ റഷ്യയില്‍ നിന്നു തന്നെ. മരുന്നു മണം മാറാത്ത വൈദ്യശാലയുടെ ഇടനാഴിയില്‍ റഷ്യന്‍ വോഡ്‌കയുടെ മണമാണെന്നു സ്വയം വിശ്വസിച്ചു വൈദ്യര്‍. അങ്ങനെ ശേഖരന്‍ വൈദ്യന്റെ റഷ്യന്‍ പ്രണയം നാട്ടാരറിഞ്ഞപ്പോള്‍ സഹൃദയരായ ആ നാട്ടുകാര്‍ അദ്ദേഹത്തിനൊരു ഇരട്ടപ്പേരിട്ടു.... ശേഖരനോവിച്ച്‌ വൈദ്യരോസ്‌ക്കി.

ഇതു പറഞ്ഞുകേട്ട കഥ. വൈദ്യനും വൈദ്യന്റെ റഷ്യന്‍ പ്രേമം തിരിച്ചറിഞ്ഞ തലമുറയും നാടിന്റെ കളമൊഴിഞ്ഞു കഴിഞ്ഞു. വായ്‌മൊഴിയായി പകര്‍ന്നു കിട്ടിയതാണ്‌ ഈ കളിപ്പേരുകഥ. എങ്കിലും കളിപ്പേരിടലിന്റെ അപാരഭാവ തുളുമ്പിയ നാമം നല്‍കിയവന്‍ ഇന്നും അജ്ഞാതന്‍. കളിപ്പേര്‌, വട്ടപ്പേര്‌, മറുപ്പേര്‌ എന്നിങ്ങനെ നിക്ക്‌നെയിമിന്റെ മലയാള പരിഭാഷയ്‌ക്കു വൈവിധ്യമേറെ. പക്ഷേ വട്ടപ്പേരിടുന്നതില്‍ മലയാളിയോളം ഭാവനയും കഴിവുമുള്ള ജീവിവര്‍ഗം ഈ ദുനിയാവില്‍ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാലമത്രയും കേട്ടറിഞ്ഞും വിളിച്ചും തഴമ്പിച്ച, സ്വന്തം പേരു മറന്നു പോകുന്ന വിധത്തില്‍ മറുപേര്‌ ആധിപത്യം സ്ഥാപിച്ച ഒരുപാടു പേരുണ്ടാകും. ഓര്‍മ്മയില്‍ തെളിയുന്ന ചില വട്ടപ്പേരുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.

അധ്യാപകര്‍ക്കു നല്‍കുന്ന പേരുകളില്‍ ഗുരുസ്‌മരണയുടെ കടപ്പാടില്ലാതെ ചിലപ്പോള്‍ അശ്ലീലത്തിന്റെ അംശമുണ്ടാകും. അതുപിന്നെ പ്രായത്തിന്റെ കുസൃതി എന്ന്‌ ആശ്വസിക്കാം. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളെക്കുറിച്ച്‌ എപ്പോഴും പറയുന്ന ടീച്ചര്‍ക്ക്‌ സ്‌കൂളിലെ ഒരു തലമുറ നല്‍കിയ പേരും കോമണ്‍ വെല്‍ത്ത്‌ എന്നായിരുന്നു. പക്ഷേ കാലമേറെക്കഴിഞ്ഞു, ആ തലമുറ സ്‌കൂള്‍ ഒഴിഞ്ഞു. പുതിയ വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ കോമണ്‍ വെല്‍ത്തിനു പേരുമാറ്റം സംഭവിച്ചു. കോണോന്‍ ബെല്‍റ്റായി മാറി. അതിന്റെ പരിണാമസാദ്ധ്യതകള്‍ പരിശോധിച്ചിട്ടു കാര്യമില്ല. പേരു പറഞ്ഞുകൊടുക്കുമ്പോള്‍ എവിടെയോ സംഭവിച്ച പിഴവായിരിക്കാം. എന്തായാലും അത്തരമൊരു ബെല്‍റ്റിന്റെ നിര്‍മ്മാണസാധ്യത തെളിയിക്കുകയായിരുന്നു ആ പേര്‌.

അനന്തപുരിയില്‍ ഒരു അധ്യാപകന്റെ മറുപേര്‌ അമ്മാവന്‍ എന്നായിരുന്നു. കുട്ടികള്‍ ഒളിച്ചിരുന്ന്‌ അമ്മാവന്‍ എന്നു വിളിക്കുമ്പോള്‍, അദ്ദേഹം ചോദിക്കും. അമ്മാവനാണോ അച്ഛനാണോ എന്നു വീട്ടില്‍ ചെന്നു ചോദിക്കടാ എന്ന്‌. ബറോഡയില്‍ പോയി ഡ്രോയിങ്‌ പഠിച്ച അധ്യാപകന്റെ പേര്‌ ബറോഡ എന്നു തന്നെയായി. പിന്നെ കുറെ സ്ഥിരം പേരുകള്‍, നിത്യഗര്‍ഭിണി, പോസ്‌റ്റ്‌,....അങ്ങനെയങ്ങനെ

കോളേജിലേക്കു വരുന്ന വഴിയില്‍ പശു കുത്താന്‍ വന്ന പെണ്‍കുട്ടിക്ക്‌ പിന്നീട്‌ പശു എന്നായി പേര്‌. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ട്‌ കോഴി എന്നു പേരുണ്ടായിരുന്നു കോളേജ്‌ കുമാരന്മാര്‍ ധാരാളം. റീലീസ്‌ ദിവസം തന്നെ ഷക്കീല പടത്തിനു പോകുന്ന പയ്യനു പതിവ്രത എന്നു പേര്‌. ഏതു വാചകം തുടങ്ങിയാലും വാസ്‌തവം പറഞ്ഞാല്‍ എന്നാരംഭിക്കുന്നയാളുടെ പേരിനു മുന്നിലും ആ വാക്കു ചേര്‍ന്നു നിന്നു. ചിലപ്പോള്‍ പേരു മറന്നു പോകുന്ന തരത്തില്‍ കളിപ്പേരിന്റെ ജനസ്വാധീനം വര്‍ദ്ധിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാള എന്നു പേരുണ്ടായിരുന്ന സഹപാഠിയെ കാലങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ എന്തു പേരു വിളിക്കുമെന്ന ആശങ്ക അനുഭവിച്ചവര്‍ ധാരാളം.


തലമുറകളായി കളിപ്പേരുകള്‍ കൈമോശം വരാത സൂക്ഷിക്കുന്ന കുടുംബക്കാര്‍ ധാരാളമുണ്ട്‌ ചില നാടുകളില്‍. കൊക്ക്‌, കൂട്ടുപ്പായസം, മന്ത്രി, ആലപ്പി, അറുപതിരുപത്‌, വടി, മൊസൈക്ക്‌....അങ്ങനെ പലതും. രസകരമായ ഒരു കളിപ്പേരിന്റെ കഥ കൂടി പറയാതെ അവസാനിപ്പിക്കാന്‍ വയ്യ....

വട്ടപ്പേര്‌ ജയിംസ്‌ക്കോമറിയന്‍

പേരിനു പിന്നിലെ കഥയിങ്ങനെ.

ആലുവ, ദേശം, ചൊവ്വര, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി റൂട്ടില്‍ ഒാടുന്ന ബസിന്റെ പേരാണ്‌ ജയിംസ്‌കോ. പ്രസ്‌തുത കഥാപാത്രം എന്നൊക്കെ ആ ബസില്‍ കയറിയിട്ടുണ്ടോ, അന്നൊക്കെ ആ ബസ്‌ മറിഞ്ഞ്‌ അപടകമുണ്ടായിട്ടുണ്ട്‌. പിന്നീട്‌ അദ്ദേഹം കയറാന്‍ വരുമ്പോള്‍ പൊന്നുചേട്ടാ, വേറെ ബസ്‌ പുറകില്‍ വരുന്നുണ്ട്‌ അതില്‍ കയറിക്കോ എന്നു കിളി പറയുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. അനന്തരം അദ്ദേഹം ജയിംസ്‌കോ മറിയന്‍ എന്ന പേരില്‍ അറിയപ്പെട്ട. പിന്നീട്‌ ആ ബസ ആ റൂട്ടില്‍ ഓടാതെയായി. പകരം മറ്റൊരു ബസ്‌ ഓടിത്തുടങ്ങി. ഒരിക്കല്‍ ഒരു ബസ്‌ അപകടം. ചുണ്ടിലൊരു മുറിവുമായി പഴയ ജയിംസ്‌കോമറിയാന്‍. ബസിന്റെ പേര്‌ ആന്‍മേരി. പക്ഷേ ആദ്യത്തെ പേരു പുതുക്കിയില്ല നാട്ടകാര്‍. ഇപ്പോഴും ജയിംസ്‌കോമറിയന്‍ എന്ന പേരു തുടരുന്നു.  

Saturday, August 10, 2013

അനന്തനെത്തേടി തിരുവട്ടാറില്‍അനന്തപുരിയുടെ അതിര്‍ത്തി കടന്നെത്തുന്നത് അയല്‍ സംസ്ഥാനത്തേക്കല്ല, "അന്യ'സംസ്ഥാന ത്തേക്കാണെന്ന ബോധം കൂടുതലുള്ള കാലം. കന്യാകുമാരി ജില്ലയിലേക്ക് അതിര്‍ത്തി കടന്നുള്ള യാത്ര ഒരു ക്ഷേത്രത്തിലേക്കാണ്, തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിലേക്ക്. തിരുവനന്തപുരം ശീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂല സ്ഥാനം. ഭാഷാടിസ്ഥാനത്തില്‍ അതിര്‍ത്തി തിരിക്കുമ്പോള്‍ മല യാളിക്ക് അന്യമായിപ്പോയ തീര്‍ഥാടനകേന്ദ്രം. ഇവിടെ നിധിശേഖരങ്ങളില്ല, കാവല്‍ നില്‍ക്കാന്‍ ആയുധധാരികളില്ല. ഇത്രയും പ്രധാനപ്പെട്ട വിശ്വാസകേന്ദ്രത്തില്‍ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നുമില്ല. തീര്‍ഥാടകന്‍റെ മനസോടെ ഈ ഗ്രാമത്തിന്‍റെ വിശ്വാസ കുടീരത്തിലെത്തുന്നവര്‍ക്കു മുമ്പില്‍ തുറക്കുന്നതു നിഗൂഢതയുടെ നിലവറകള്‍... അവഗണന എന്ന തേഞ്ഞ പദപ്രയോഗത്തിന്‍റെ തീവ്രമായ അവസ്ഥ. എന്തേ ഈ ക്ഷേത്രം ഇങ്ങനെയായി...?
തിരുവട്ടാര്‍ ക്ഷേത്രത്തിനു പറയാനുള്ളതു മലയാളനാടിന്‍റെ ചരിത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്നതു തമിഴ്നാടിന്‍റെ മണ്ണിലും...! ആദികേശവപ്പെരുമാള്‍ ക്ഷേത്രം തേടിയെത്തുന്നവര്‍ക്കു വഴികാണിക്കാന്‍ ബോര്‍ഡുകളില്ല. തമിഴ്നാടിന്‍റെ സ്വന്തം എന്ന് അവകാശപ്പെടുന്ന ഒന്നു രണ്ടു കുറിപ്പുകളുണ്ട്. അതിലാകട്ടെ, അക്ഷരത്തെറ്റിന്‍റെ ഘോഷയാത്ര.
ചുവപ്പിലും വെളുപ്പിലും അഴുക്കു പടര്‍ന്ന ഒരു മതിലിനടുത്താണിപ്പോള്‍. ഇതിനകത്തൊരു ക്ഷേത്രമുണ്ടെന്ന് ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ തിരിച്ചറിയുന്നു. ഇനിയങ്ങോട്ട് ക്ഷേത്രത്തിന്‍റെ നടവഴികളിലൂടെ, ഗ്രാമത്തിന്‍റെ തെരുവുകളിലൂടെ, പുഴക്കടവിലൂടെ... ചരിത്രത്തിലൂടെയും ഐതിഹ്യത്തിലൂടെയും നടക്കാനും വഴികാട്ടാനും നാട്ടുകാരന്‍ ഋഷികുമാറുണ്ട്. ഓരോ വാക്കിലും വലിയ നൊമ്പരത്തിന്‍റെ ഗദ്ഗദം. അവഗണിക്കപ്പെട്ട ഒരു പുരാതന ചൈതന്യത്തിന്‍റെ തേങ്ങല്‍ കേള്‍ക്കുന്നപോലെ... പകുതിപറഞ്ഞും പറയാതെയും ഋഷികുമാറിനൊപ്പം നടന്നു, തിരുവട്ടാറിന്‍റെ തെരുവുകളിലൂടെ...
കാലഗണനയ്ക്കപ്പുറത്ത്...
ഒരു വലിയ ചരിത്രത്തിന്‍റെ മതില്‍ക്കെട്ടിനരികിലാണെന്ന തോന്നല്‍ മാറിയിരിക്കുന്നു. കന്യാകുമാരിയിലേക്കു പോകുന്ന വഴിയുടെ സമീപത്തായിട്ടും ആളുകള്‍ നന്നേ കുറവ്. ഇവിടെയൊരു ക്ഷേത്രമുണ്ടെന്നറിയാന്‍ പോലും മാര്‍ഗങ്ങളില്ല. അറിഞ്ഞെത്തുന്നവര്‍ക്കും അറിയാതെ എത്തിപ്പെടുന്നവര്‍ക്കും അത്ഭുതമായി ശേഷിക്കുന്നു, തിരുവട്ടാര്‍ ആദികേശവ പ്പെരുമാള്‍ ക്ഷേത്രം. പരാമര്‍ശങ്ങളുടെ തെളിവുകളേയുള്ളൂ ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവം പറയാന്‍. എ.ഡി. എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന നമ്മാള്‍വാര്‍ രചിച്ച ആറാം തിരുവായ്മൊഴിയില്‍ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. അതുകൊണ്ടു തന്നെ അതിനു മുമ്പും പ്രൗഢിയോടെ തിരുവട്ടാര്‍ ക്ഷേത്രമുണ്ടായിരുന്നു എന്നു കരുതാം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കുളച്ചല്‍ യുദ്ധത്തിനു പോകുമ്പോള്‍പണവും പട്ടും ഉടവാളും ആദികേശവപ്പെരുമാള്‍ ക്ഷേത്ര നടയില്‍ വച്ചു പ്രാര്‍ഥിച്ചിരുന്നെ ന്നു ചരിത്രം.
മുപ്പതടിയോളം ഉയരമുള്ള കോട്ടമതിലിനരികില്‍ നിന്നു പുഴയ്ക്കരയിലേക്ക്. കടവിലേ ക്കു പോകുന്ന വഴിയില്‍ ഒരു ബംഗ്ലാവ്. പണ്ട് ആറാട്ടിനു രാജാവിന്‍റെ പ്രതിനിധി എത്തുമ്പോള്‍ താമസിക്കുന്ന സ്ഥലമായിരുന്നു. അതും നാശത്തിന്‍റെ വക്കിലാണിപ്പോള്‍. വലിയ കല്ലുകള്‍കൊണ്ടു നിര്‍മിച്ച തീര്‍ഥ മണ്ഡപം കടന്നാല്‍ പുഴയിലേക്കുള്ള കല്‍പ്പടവുകള്‍. പടവുകളില്‍ പലതിലും ഏതോ ലിപിയില്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. ഒരുപക്ഷേ, കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ തിരിച്ചറിയാന്‍ കഴിയുന്ന, ചരിത്രത്തിന്‍റെ ഉള്ളറകളിലേക്ക് അക്ഷരങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുന്ന സൂചനകളായിരിക്കാം ഈ കുറിപ്പുകള്‍. ""അല്‍പ്പദൂരം നടന്നാല്‍ പാറയോടു കൂടി ഒഴുകുന്ന പുഴ കാണാം, അവിടെ ഭഗവാന്‍റെ കാല്‍പ്പാദം ഇപ്പോഴുമുണ്ട്. പുഴ പാറയോടു കൂടി ഒഴുകിയതിനും, പിന്നീട് പാറയില്ലാതെ ഒഴുകിയതിനും ഒരു ഐതിഹ്യമുണ്ട്'' ഋഷികുമാറിന്‍റെ വാക്കുകള്‍ തിരുവട്ടാറിന്‍റെ ചരിത്ര കഥകളിലേക്കുള്ള താക്കോലാവുകയാണ്. പാറയോടു കൂടി പുഴ ഒഴുകിയ വഴിയിലേക്കു മറ്റൊരു വഴിയിലൂടെ പോകണം. പുഴയരികിലെ വഴികള്‍ കൈയേറ്റക്കാരുടെ ഭൂമിയായി മാറിയിരിക്കുന്നു..
ഇരട്ടത്തെരുവും കടന്ന്...

അഗ്രഹാരത്തെരുവിലൂടെയാണു നടക്കുന്നത്. വീടുകള്‍ക്കു മുന്നില്‍ അരിമാവില്‍ വരച്ച കോലങ്ങള്‍. അപരിചിതരെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ആകാംക്ഷ... ഇരട്ടത്തെരുവ് എന്നാണു സ്ഥലത്തിന്‍റെ പേര്. തമിഴ്ബ്രാഹ്മണ കുടുംബങ്ങളാണ് താമസക്കാര്‍. ഇവി ടെ നിന്നാല്‍ പുഴ കാണാം. പക്ഷേ, നേരത്തേ കണ്ട പുഴയുടെ പ്രകൃതമല്ല. പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഇവി ടെ നീരൊഴുക്ക്. ഇത്ര പെട്ടെന്നു പുഴയെങ്ങനെ മാറി..? അതിനുമുണ്ടൊരു ഐതിഹ്യം.
കേശവനും കേശന്‍ എന്ന അസുരനും തമ്മില്‍ യുദ്ധമുണ്ടായി. തെക്ക് ഭാഗത്തു ശിരസും വടക്കു ഭാഗത്തു കാലുകളും വരത്തക്കവിധത്തില്‍ കേശനെ അനന്തന്‍ വരിഞ്ഞുകെട്ടി. അനന്തന്‍റെ പുറത്തു കേശവന്‍ ശയനം ചെയ്തു കേശനെ കീഴടക്കി. അങ്ങനെ ആദികേശവനായി തിരുവട്ടാറിലെ പ്രതിഷ്ഠയായി. അക്കാലത്ത് ചെമ്പകവനം എന്നായിരുന്നു തിരുവട്ടാറിന്‍റെ നാമം. കേശന്‍റെ ദുരന്തം സഹോദരിയായ കേശി അറിഞ്ഞു. പ്രതികാരം വീട്ടാന്‍ കേശി പുറപ്പെട്ടു, കൂടെ തോഴിയായ കോതയും. അലറിവിളിക്കുന്ന പുഴയുടെ രൂപത്തിലാണ് ചെമ്പകവനത്തിലേക്ക് കേശിയെത്തിയത്. ഈ വരവ് നേരത്തേ ഭഗവാന്‍ മനസിലാക്കി. ആര്‍ത്തലച്ച നദിയുടെ രൂപത്തില്‍ മഹാപ്രവാഹമാ യി വരുന്ന കേശിയെ നേരിടാന്‍ കേശവന്‍ ഒരു ബ്രാഹ്മണവടുവിന്‍റെ രൂപം പൂണ്ടു. ആ വടു നില കൊണ്ടിടത്ത് ഇപ്പോഴും ഭഗവാന്‍റെ തൃപ്പാദങ്ങള്‍ ദൃശ്യം. വൃക്ഷങ്ങളും പാറക്കെട്ടുകളും ഇളക്കിമറിച്ചെത്തിയ നദി ബ്രാഹ്ണവടുവിനു മുന്നില്‍ നിലച്ചു. വഴി ചോദിച്ചപ്പോള്‍ ബ്രാഹ്മണവടു തന്‍റെ ചൂരല്‍ ചുഴറ്റി വഴി കാണിച്ചു. ജലപ്രളയം നിലച്ചു. പുഴ ശാന്തമായി ഒഴുകി...
മുന്നോട്ടൊഴുകിയ നദി തൃപ്പാദത്ത് കടവില്‍ മൂവാറ്റുമുഖത്തെത്തുന്നു. അവിടെ തോഴിയാ യ കോതയുമായി ചേരുന്നു. പുഴയുടെ ഒഴുക്കിന്‍റെ ഭാവം കണ്ടാല്‍ ഐതിഹ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ഇപ്പോഴും തോന്നും. പാറകള്‍ നിറഞ്ഞിടത്തെ രൗദ്രഭാവവും പിന്നീടങ്ങോട്ട് ശാന്തഭാവവും. പിന്നെ ഇപ്പോള്‍ മനുഷ്യന്‍റെ കൈയേറ്റത്തില്‍ രൂപം നഷ്ടപ്പെട്ട് പറളി, കോത എന്നീ പേരുകളില്‍ നദിയുടെ പ്രയാണം തുടരുന്നു. പുണ്യനദി വലയം ചെയ്യുന്ന സ്ഥലമായതു കൊണ്ടാണു തിരുവട്ടാര്‍ എന്നറിയപ്പെടുന്നത്.
ശ്രീകോവില്‍ നട തുറന്നു...

മതില്‍ക്കെട്ടുകള്‍ക്കു നടുവില്‍ പടിക്കെട്ടുകളിലൂടെ നടയിലേക്ക്. വലിയ വാതില്‍ കടന്നാല്‍ ആദ്യം ശീവേലിപ്പുരയുടെ നടവഴികള്‍. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മാതൃകയിലുള്ള നിര്‍മാണങ്ങള്‍. ചുറ്റമ്പലത്തിലും നടപ്പാതകളിലും നിര്‍മാണവൈദഗ്ധ്യം പ്രകടം. 224 കല്‍മണ്ഡപങ്ങള്‍, ചിത്രപ്പണികള്‍. ദാരുശില്‍പ്പങ്ങള്‍ കഥ പറയുന്ന മുഖമണ്ഡപം. ശീവേലിപ്പുരയിലൂടെ വലം വയ്ക്കുമ്പോള്‍ വഴിപാട് രസീതുകള്‍ക്കായുള്ള വിളി.
മൂലം തിരുനാള്‍ മഹാരാജാവ് കൊല്ലവര്‍ഷം 1071ല്‍ പുതുക്കിപ്പണിത കൊടിമരം ഉയര്‍ന്നു നില്‍ക്കുന്നു. ഒറ്റക്കല്ലില്‍ നിര്‍മിച്ച വലിയ കല്‍മണ്ഡപം. ശേഷം, ആദികേശവ ദര്‍ശനം. ഇത്രയും നേരം കേട്ടറിഞ്ഞ രൂപത്തിനു മുന്നില്‍ നേര്‍ത്ത ഇരുട്ടില്‍ നിന്ന് ആദികേശവ സ്മരണയില്‍ ഒരു നിമിഷം... ഇരുപത്തിരണ്ട ടി നീളത്തില്‍ അനന്തശയനം. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലേതിലും നീളമുണ്ടെന്ന് നാട്ടുകാരുടെ അവകാശം. ഭക്തജനത്തിരക്കില്ല. ആവശ്യത്തിനു സൗകര്യങ്ങളില്ല. ആരും തിരിഞ്ഞു നോക്കാനില്ല....
തിരുഹള്ളാപൂജയുടെ കഥ
ഓരോ കാലത്തും ക്ഷേത്രത്തിനോടു ചേര്‍ന്ന് ഒരുപാട് ഐതിഹ്യങ്ങളും കഥകളുമുണ്ടാ യി. ഇത്ര വൈവിധ്യം അവകാശപ്പെടാന്‍ മറ്റൊരു ക്ഷേത്രത്തിനും കഴിഞ്ഞെന്നും വരില്ല. അത്തരത്തിലൊരു കഥയാണ് ഇന്നും തുടരുന്ന തിരുഹള്ളാപൂജയുടേത്.
ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ആര്‍ക്കാട്ട് നവാബ് വേണാടിലെ ക്ഷേത്രങ്ങള്‍ ആക്രമി ച്ചു. തിരുവട്ടാര്‍ ക്ഷേത്രവും കൊള്ളയടിച്ചു. അര്‍ച്ചനാബിംബങ്ങള്‍ തട്ടിയെടുത്തു. ശിഷ്ടകാലം, സ്വസ്ഥജീവിതമുണ്ടായില്ല നവാബിന്. രോഗങ്ങള്‍, വ്യാധികള്‍... ബിംബം സ്വയം ചലിച്ചു... വിഗ്രഹത്തില്‍ തുളയുണ്ടാക്കി സിംഹാസ നത്തില്‍ ബന്ധിച്ചെങ്കിലും പ്രശ്നങ്ങള്‍ തുടര്‍ ന്നു. ദോഷം മനസിലാക്കിയ നവാബ് പ്രായശ്ചിത്തം ചെയ്തു. തങ്കത്തില്‍ നിര്‍മിച്ച തൊപ്പി, തട്ടം എന്നിവ ക്ഷേത്ര നടയില്‍ അര്‍പ്പിച്ചു. തിരുഹള്ളാ മണ്ഡപം എന്നൊരു മണ്ഡപം നിര്‍മിച്ചു. ഇപ്പോഴും ആ മണ്ഡപത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. തിരുഹള്ളാപൂജാ എന്നാണിത് അറിയപ്പെടുന്നത്. ഉരുട്ടു ചെണ്ട പോലുള്ള അപൂര്‍വമായ പലതും ഇപ്പോഴുമുണ്ട് ക്ഷേത്രത്തില്‍.
ഇനിയും കഥകളും വിശ്വാസങ്ങളും അനവ ധി. ക്ഷേത്രത്തിനോടു ചേര്‍ന്ന് ആ ചൈതന്യ ത്തെ മനസില്‍ ആവാഹിച്ചു കഴിയുന്ന ഒരുപാടു പേരുണ്ട് ഋഷികുമാറിനെപ്പോലെ. തിരുവട്ടാര്‍ ക്ഷേത്രമഹാത്മ്യം രേഖപ്പെടുത്തിയ കെ.വി. രാമചന്ദ്രന്‍ നായര്‍ സാറിനെപ്പോലെ ഒരുപാടു പേര്‍. തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിന് ചൈതന്യം തിരികെ ലഭിക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവര്‍. തങ്ങളുടെ നാടിന്‍റെ ദേവന്‍ പ്രൗഢിയോടെ വാഴണമെന്നു മനസില്‍ കൊതിക്കുന്നവര്‍. ക്ഷേത്ര മാഹാത്മ്യത്തിന്‍റെ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ആ വാക്കുകളില്‍ അതിന്‍റെ ആവേശമുണ്ട്, അടങ്ങാത്ത ആഗ്രഹമുണ്ട്. ഇടയ്ക്കൊക്കെ ആ വേദനയില്‍ കണ്ണു നിറയുന്നു.
തമിഴ്നാടിന്‍റെ മണ്ണില്‍ നിന്ന് അറിഞ്ഞതു കേരളത്തിന്‍റെ ചരിത്രം...! തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം കേരളത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ അനാഥത്വം, അവഗണന സംഭവിക്കുമായിരുന്നോ...? അങ്ങനെയൊരു ചിന്തയ്ക്ക് ഇനി പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഐതിഹ്യത്തിന്‍റെ നടവഴികളിലൂടെ മടക്കം. ഇപ്പോഴും തെരുവുകളില്‍ നിന്ന് അത്ഭുതത്തിന്‍റെ കണ്ണുകള്‍ മറഞ്ഞിട്ടില്ല. ഇതൊ രു ദേശാടനമാണ്, ചരിത്രത്തിന്‍റെ ദേശാടനം. അതിരു തിരിക്കലുകളില്‍ അന്യമായിപ്പോയ സ്വന്തം നാടിന്‍റെ അറിയാത്ത ചരിത്രത്തിലേക്കു കാലം തെറ്റിയുള്ള ദേശാടനം....

Sunday, July 14, 2013

സൈറ്റ്‌ ഓപ്പറേഷന്‍ സ്റ്റാര്‍ട്ടഡ്‌......... സ്റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി... സൈറ്റ്‌ ഓപ്പറേഷന്‍ സ്റ്റാര്‍ട്ടഡ്‌. സ്റ്റാര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി...
  മുഖത്ത്‌ ആവശ്യത്തില്‍ കൂടുതല്‍ ആശങ്കയുമായി പാപ്പച്ചന്‍ പോസ്‌റ്റ്‌മാന്‍ പടികടന്നു വരുന്നതു കണ്ടപ്പോള്‍ത്തന്നെ ആ അമ്മയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി. ടെലഗ്രാമിന്റെ വെള്ളപേപ്പര്‍ നിരത്തി ആംഗലേയത്തില്‍ ഇതു വായിച്ചതോടെ ആ അമ്മയുടെ ആശങ്കയേറി. വരികളില്‍ ഓപ്പറേഷന്‍ എന്നൊരു വാക്കു കണ്ടത്തോടെ നെഞ്ചിടിപ്പിനു തായമ്പകയുടെ താളം. എന്നാല്‍ പൂര്‍ണമായും അര്‍ഥം മനസിലാകുന്നതുമില്ല. എന്താ പറ്റിയതെന്ന്‌ പോസ്‌റ്റ്‌മാനോടു തന്നെ ചോദിച്ചു. ഒരുപാടു സ്ഥലങ്ങളില്‍ കത്തു കൊടുക്കാനുണ്ടെന്നും, അര്‍ഥം പറയാന്‍ സമയമില്ലെന്നും പറഞ്ഞ്‌ പോസ്‌റ്റ്‌മാന്‍ തന്റെ അറിവുകേടിനു മീതേ തിരക്കിന്റെ പുതപ്പിട്ടു. പക്ഷേ ഒരുകാര്യം പറയാം, സംഭവം പ്രശ്‌നമാണ്‌. ആര്‍ക്കോ ഓപ്പറേഷനാണ്‌, ഒന്നും പറയാന്‍ പറ്റില്ല.ആന്ധ്രയില്‍ നിന്നാണ്‌ ടെലഗ്രാം വന്നിരിക്കുന്നത്‌. അമ്മയുടെ ഒരേയൊരു മകളും കുടുംബവും അവിടെയാണ്‌. വെള്ളക്കടലാസില്‍ വെള്ളിടിയുടെ അക്ഷരരൂപങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ അമ്മ നിന്നു. അപ്പോഴേക്കും സംഭവമറിഞ്ഞ്‌ അയല്‍ക്കാര്‍ കൂടി. ഉച്ചകഴിഞ്ഞു കമ്പനിയില്‍ ജോലിക്കു പോകാന്‍ ഒരുങ്ങിയ അയല്‍ക്കാരന്‍ ദേവസിക്കുട്ടി ലീവെടുത്തു. അയല്‍വക്കത്ത്‌ ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ ഇല്ലാതിരിക്കുന്നത്‌ ശരിയല്ലല്ലോ. ടെലഗ്രാമിലെ അവസാനവാക്കിന്റെ അര്‍ഥം പെട്ടെന്ന്‌ എന്നാണെന്നാരോ മുറിഅറിവു പങ്കുവച്ചപ്പോള്‍ സാധ്യതകളുടെ ഭൂപടം നിരത്തി ചിലര്‍. പെട്ടെന്ന്‌ ഓപ്പറേഷന്‍ എന്നൊക്കെ പറയുമ്പോള്‍.....എന്തായിരിക്കും അസുഖം. അതും ആര്‍ക്കായിരിക്കും. നാട്ടിലെ അറിയപ്പെടുന്ന അറിവുകാരിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌ അയല്‍ക്കാരില്‍ ആരോ ആയിരുന്നു. അങ്ങനെ കൈയില്‍ ടെലഗ്രാം കടലാസും കണ്ണീരും കൂട്ടവുമായി ജാഥ പോലെ അറിവുകാരി റോസിയുടെ വീട്ടിലേക്ക്‌. ഇന്ദിരാ ഗാന്ധി മരിച്ചപ്പോഴും ഇത്തരത്തിലൊരു ജാഥ ഉണ്ടായിരുന്നെന്ന്‌ കടവരാന്തയിലിരുന്ന്‌ കൊച്ചാപ്പുട്ടി ചേട്ടന്‍ പറഞ്ഞു. റോസിയുടെ മരുമകള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്ലാ അഭ്യാസവും കഴിഞ്ഞതാണെന്നും, ഇംഗ്ലീഷൊക്കെ മലയാളത്തിലും നന്നായി പറയുമെന്നും ആരോ പറഞ്ഞു. പോരാത്തതിന്‌ മൂന്നു മാസം അവര്‍ വാടകയ്‌ക്ക്‌ താമസിച്ചത്‌ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളിന്റെ അടുത്തും. 

ടെലഗ്രാം നീട്ടി. മരുമകള്‍ മടിയൊന്നും കൂടാതെ കണ്ണോടിച്ചു. തന്റെ അറിവിനെ ഒരു ഉള്‍നാടന്‍ ഗ്രാമം അംഗീകരിച്ചതിന്റെ അഹങ്കാരവുമുണ്ടായിരുന്നു ആ കണ്ണുകളില്‍. റോസിയും അഭിമാനപുളകിതയായിരുന്നു, ഇങ്ങനെയാരു മരുമകളെ തന്നതിന്‌ കാഞ്ഞൂര്‍ പുണ്യാളനു വീണ്ടും വീണ്ടും നന്ദി പറഞ്ഞു. രണ്ടുമൂന്നു പ്രാവശ്യം വായിച്ചതിനു ശേഷം മരുമകള്‍ ആംഗലേയത്തിന്റെ അര്‍ഥങ്ങളിലേക്ക്‌ കടന്നു.
ആന്ധ്രയിലെ മകളുടെ ഭര്‍ത്താവാണ്‌ ടെലഗ്രാം അയച്ചിരിക്കുന്നത്‌. സംഭവം ഓപ്പറേഷന്‍ തന്നെ. സൈറ്റ്‌ എന്ന്‌ എഴുതിയിരിക്കുന്നതു കൊണ്ടു കണ്ണിനാണ്‌ ഓപ്പറേഷന്‍. ചിലപ്പോ തിമിരത്തിന്റെ ആയിരിക്കുമെന്നൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി പരിഭാഷക നല്‍കി. ആശങ്കകള്‍ക്കും ഉത്‌്‌കണ്‌ഠയ്‌ക്കും വിരാമം. പിന്നെ വൈകിയില്ല. അന്നു വൈകീട്ടത്തെ തീവണ്ടിക്കു തന്നെ അമ്മ ആന്ധ്രയിലേക്ക്‌ വണ്ടി കയറി.
ആ അമ്മയ്‌ക്കു വന്ന ടെലഗ്രാമായിരുന്നു നാട്ടിലെ അന്നത്തെ സായാഹ്ന ചര്‍ച്ചാവിഷയം. ഇമ്മീഡിയറ്റ്‌ലി എന്നാല്‍ പെട്ടെന്ന്‌ എന്നാണ്‌ അര്‍ഥമെന്നു പറഞ്ഞ ഭാസിയെ, വൈകീട്ട്‌ ശ്രീധരന്‍ തല്ലി. തിമിരത്തിന്റെ ഇംഗ്ലീഷ്‌ വാക്കാണ്‌ ഇമ്മീഡിയറ്റ്‌ലി എന്നായിരുന്നു ശ്രീധരന്റെ കണ്ടുപിടുത്തം. പൈപ്പിന്റെ ചുവട്ടിലെ സംസാരവും മറ്റൊന്നായിരുന്നില്ല. തിമിരത്തിന്റെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ കുറെനാള്‍ കറുത്ത കണ്ണടവയ്‌ക്കണമെന്നും, അങ്ങനെയൊരു ഓപ്പറേഷനില്‍ പിഴവു പറ്റിയപ്പോഴാണ്‌ എംജിആര്‍ സ്ഥിരമായി കറുത്തകണ്ണട വച്ചുതുടങ്ങിയതെന്നും പറഞ്ഞ്‌ യശോദ വെള്ളവുമെടുത്ത്‌ വീട്ടിലേക്ക്‌ പോയി. അമ്മയുടെ മരുമകന്‍ കറുത്ത കണ്ണടവച്ചു നടക്കുന്നതു ഭാവനയില്‍ കണ്ടു യശോദയുടെ മകന്‍ ദിവാകരന്‍. അതൊന്നു കാണണമെന്നും ആ കുഞ്ഞുമനസ്‌ മോഹിച്ചു

ഒരു മാസത്തിനു ശേഷം...
ടെലഗ്രാമിന്റെ ആഘാതത്തില്‍ ആന്ധ്രയ്‌ക്കു വണ്ടികയറിയ അമ്മ തിരികെ വന്നതു മകളുടെ കുടുംബവുമൊത്തായിരുന്നു. മരുമകന്‍ കണ്ണടവച്ചിരുന്നില്ല. കണ്ണില്‍ ഓപ്പറേഷന്റെ പാടുകളില്ലെന്ന്‌ ബസിറങ്ങിയപ്പോള്‍ത്തന്നെ പലരും തിരിച്ചറിഞ്ഞിരുന്നു.
ഗുജറാത്തിലെ വര്‍ക്ക്‌ സൈറ്റിലെ ജോലി ആരംഭിച്ചുവെന്നും, ഉടന്‍തന്നെ അങ്ങോട്ട്‌ പോകേണ്ടതിനാല്‍ ഒറ്റയ്‌ക്കാകുന്ന ഭാര്യയ്‌ക്കും മക്കള്‍ക്കും കൂട്ടിനായി അമ്മയെ വിളിക്കുമ്പോള്‍ ഇങ്ങനെയൊരു ട്വിസ്‌റ്റ്‌ മരുമകനും പ്രതീക്ഷിച്ചിരുന്നില്ല.
കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍, പ്രത്യേകിച്ചും ഇമ്മീഡിയറ്റ്‌ലിയുടെ അര്‍ഥം പെട്ടെന്ന്‌ എന്നാണെന്ന്‌ അറിഞ്ഞപ്പോള്‍, ഭാസി അന്നുതന്നെ ശ്രീധരനെ തിരിച്ചുതല്ലി.
എന്നാലും കുറച്ചുനാളത്തേക്ക്‌ റോസിയുടെ മരുമകള്‍ തന്നെയായിരുന്നു നാട്ടിലെ ആസ്ഥാന അറിവുകാരി....അക്ഷരം വ്യക്തമാകാത്തതു കൊണ്ടാണ്‌ അങ്ങനെയൊരു അര്‍ഥവ്യത്യാസം സംഭവിച്ചതെന്നും. ഓപ്പറേഷന്‍ എന്ന വാക്കിന്റെ മറ്റൊരു അര്‍ഥം പഠിപ്പിച്ച ദിവസം, കാലില്‍ വളംകടി ആയതിനാല്‍ ക്ലാസില്‍ പോയിരുന്നില്ലെന്നും മരുമകള്‍ പലരോടും വിശദീകരിച്ചു എന്നൊരു അങ്ങാടിപ്പാട്ടുണ്ടായിരുന്നു പിന്നീട്‌ നാട്ടില്‍. പക്ഷേ ഒരാള്‍ മാത്രം നിരാശനായിരുന്നു. ആ അമ്മയുടെ മരുമകനെ കറുത്ത കണ്ണടവച്ചു കാണാത്ത നിരാശയുമായി ദിവാകരന്‍....

ഇന്നു രാത്രിയോടെ ആശയവിനിമയ ആശങ്കകളുടെ തീവ്രതയേറ്റിയ ടെലഗ്രാം ഇല്ലാതാകുന്നു. പക്ഷേ ഒരിക്കലും മായാതെ മറയാതെ, ടെലഗ്രാമിന്റെ വെള്ളക്കടലാസില്‍ പിറന്ന ഇത്തരം കഥകള്‍ ശേഷിക്കുന്നു.


Sunday, June 30, 2013

ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌...സ്‌മരണയുടെ ചുമരിലൊന്നു കോറിവരച്ചു കൊണ്ടായിരുന്നു ആ ഫോണ്‍കോള്‍.
'' ടാ.. നമ്മടെ റിനൈസന്‍സിന്‌ പത്തു വയസായിട്ടോ..''
ഒരുമിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തിയിരുന്ന പകലുകളും രാത്രികളുമായിരുന്നു പെട്ടെന്നോര്‍മ്മ വന്നത്‌. കൂട്ടായ്‌മയുടെ കാലങ്ങള്‍, പിറ്റേദിവസം കാണാന്‍ വേണ്ടിമാത്രം പിരിഞ്ഞിരുന്ന സായാഹ്നങ്ങള്‍.... അങ്ങനെ റിനൈസന്‍സ്‌ സമ്മാനിച്ച നിമിഷങ്ങളില്‍ ഏറെ വൈകാരികമായ ധാരാളം കാര്യങ്ങളുണ്ട്‌. പക്ഷേ ഈ കുറിപ്പ്‌ പറയുന്നത്‌ ജീവിതക്കഥയില്‍ ഏഴുതിച്ചേര്‍ക്കാന്‍ ഏറെ വൈകിയ ഒരു കഥാപാത്രത്തെക്കുറിച്ചാണ്‌, ഒരു അധ്യാപകനെക്കുറിച്ചാണ്‌. ഗുരു, അധ്യാപകന്‍ എന്ന വാക്കുകളുടെ അര്‍ഥവും വ്യാപ്‌തിയും ഇത്രത്തോളം ആഴത്തില്‍ മനസിലാക്കിയ മറ്റൊരാളുണ്ടാകില്ല, പ്രാവര്‍ത്തികമാക്കിയവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും അഞ്ചക്കത്തിനപ്പുറം കടക്കുന്ന ശമ്പളത്തില്‍ കൊരുത്ത്‌ അധ്യാപകന്‍ എന്ന മുഖം മൂടിയണിയുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്‌. പാകമാകാത്ത ആശയങ്ങളുടെയും മോഹങ്ങളുടെയുമൊക്കെ ഭാരവുമായിട്ടാണ്‌ കാലടി ശ്രീശങ്കരാ കോളേജില്‍ ബിരുദാനന്തരബിരുദ പഠനത്തിനു ചേരുന്നത്‌. ബിരുദാനന്തരം എന്തു സംഭവിക്കുമെന്നറിയാത്ത കാലത്ത്‌ അതിനപ്പുറം ഒരു ബിരുദം നേടുക എന്നതൊരു അതിമോഹമായി തോന്നിയിരുന്ന കാലം. പിന്നെ സെമസ്റ്റര്‍, പ്രോജക്‌റ്റ്‌, ഇന്റേണല്‍ മാര്‍ക്ക്‌.....ഇത്യാദി പതിവു ഭീഷണികളും. 

നീ പേടിക്കണ്ടടാ, നിനക്ക പറ്റിയൊരാള്‌ ഇവിടേണ്ട്‌, എന്നു പറഞ്ഞതൊരു ചാലക്കുടിക്കാരന്‍ ചങ്ങായി. നേരെ പോയതൊരു 1855 യൂനോ കാറിന്റെ അടുത്തേക്ക്‌. കഥാപാത്രത്തെ പരിചയപ്പെടുത്തി. ഇംഗ്ലിഷ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനാണ്‌. പരിചയപ്പെടല്‍ മലയാളത്തില്‍ ആയപ്പോള്‍ത്തന്നെ ഒരു ആശ്വാസം തോന്നി. പിന്നെ കുറെനാളത്തേക്ക്‌ കണ്ടതേയില്ല. അദ്ദേഹം ക്ലാസില്‍ എത്തിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. ഞാനെത്തിയ ചുരുക്കം ചില ക്ലാസുകള്‍ അദ്ദേഹത്തിന്റെ ആയിരുന്നുമില്ല. പിന്നീട്‌ ക്ലാസില്‍വച്ചു കണ്ടുമുട്ടിയപ്പോള്‍, പോയ ദിവസങ്ങളിലെ അസാന്നിധ്യത്തെക്കുറിച്ചദ്ദേഹം ചോദിച്ചു. ഞാനെന്തോ നുണയും പറഞ്ഞു. ഇംഗ്ലീഷ്‌ ബിരുദാനന്തര ബിരുദം എന്നാല്‍ ഷേക്‌സ്‌പിയറിന്റെ പടം വരച്ച്‌ ഭാഗങ്ങള്‍ അടയാളപ്പെടുത്തലല്ല എന്ന്‌ അതിനോടകം തിരിച്ചറിഞ്ഞിരുന്നു. കെട്ടു നിറച്ച്‌ ഇറങ്ങിക്കഴിഞ്ഞു, ശബരിമലയില്‍ എത്തണമെങ്കില്‍ കരിമല കയറിയേ പറ്റൂ എന്ന അവസ്ഥയിലായി. അങ്ങനെ ആംഗലേയ പഠനത്തിന്റെ കരിമല കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു തൃശൂരിലെ സിനിമാപ്പൂരത്തിനു കൊടി കയറുന്നത്‌. 
പഠനത്തിന്റെ ഭാഗമായുള്ള ഫിലിം സ്റ്റഡീസിന്റെ ചുമതല ഇദ്ദേഹത്തിനായതു കൊണ്ടു തന്നെ, ഫിലിം ഫെസ്റ്റിവലിനു ക്ലാസിലെ പതിനെട്ടു പേരെയും കൊണ്ടു പോകാം എന്ന നിര്‍ദ്ദേശം വച്ചു. ഓണക്കാലത്തു തന്നെയാണ്‌ തൃശൂരിലെ സിനിമാക്കാലം. എല്ലാവരും വരാം എന്നു സമ്മതിച്ചെങ്കിലും, അവധി എത്തിയതോടെ ഫെസ്റ്റിവലിനു പോകാന്‍ സന്നദ്ധനായതു ഞാന്‍ മാത്രമായി.
'' ആരുമില്ലെങ്കില്‍പ്പിന്നെ നീ വരണ്ട ''
'' ഞാന്‍ വരണുണ്ട്‌ ''
'' അതുകൊണ്ടല്ല, നീ ഒറ്റയ്‌ക്കാകും,
ഈ കോളേജീന്ന്‌ കൂടെ വരുന്ന്‌ത ബിഎയ്‌ക്കു പഠിക്കുന്ന പിള്ളേരാണ്‌,
അപ്പോ ആരും കൂട്ടില്ലാതെയാകും നിനക്ക്‌ ''
പക്ഷേ തൃശൂരും സിനിമയുമൊക്കെ മനസില്‍ കയറിയതു കൊണ്ടുതന്നെ പിന്തിരിഞ്ഞില്ല. പി്‌ന്നീട്‌ തോന്നിയിട്ടുണ്ട്‌, ആ സിനിമയും സിനിമാക്കാലവുമൊക്കെ ഇല്ലായിരുന്നെങ്കില്‍ സൗഹൃദങ്ങള്‍ അത്ര തീവ്രമാകുമായിരുന്നില്ല. ഏഴും ദിവസം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം. മൂപ്പെത്താത്ത ആശയങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ ഉത്തരത്തിന്റെ സുരക്ഷിതത്വത്തില്‍ കൊണ്ടു ചെന്നെത്തിച്ച രാത്രികള്‍, പാട്ടുകള്‍, അബദ്ധങ്ങള്‍, ആ വീടിനു മുന്നില്‍ ഞങ്ങളിട്ട പൂക്കളങ്ങള്‍.........ഒടുവില്‍ അവസാനദിവസം തിരികെ വീട്ടിലേക്കു പോരുമ്പോള്‍, തൊണ്ടയിലൊരു മുഴയായി വേദന തങ്ങി നിന്നിരുന്നു. 

പഠനം കഴിഞ്ഞു. ജീവിതം തുടങ്ങി. 
ഒരിക്കല്‍ അദ്ദേഹത്തിന്റെ അച്ഛനു സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍, തിരുവനന്തപുരത്തെ ആശുപത്രിയുടെ പുറത്തുനിന്ന്‌ കുറെനേരം സംസാരിച്ചു. അച്ഛനെ കണ്ടു മടങ്ങുമ്പോള്‍ ചോദിച്ചു, നമ്മള്‍ എവിടെയൊക്കെവച്ചാ കണ്ടുമുട്ടുന്നത്‌, അല്ലേ ?.
പിന്നീടാ ആ അച്ഛന്‍ ജീവിതമൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കാണാന്‍ പോയില്ല. ഒരു സന്ദേശം അയച്ചു, ഒന്നും പറയാനില്ല. അങ്ങനെയൊര അവസ്ഥയില്‍ കാണാന്‍ തോന്നുന്നുമില്ല...
താങ്ക്‌്‌ യൂ... അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പിന്നെ ഞ്‌ങ്ങളുടെയൊരു കൂടപ്പിറപ്പ്‌, അദ്ദേഹത്തിന്റെ ശിഷ്യന്‍ ജീവിതവേഷം അഴിച്ചുവച്ച്‌, ഒരു വിഷുദിനത്തില്‍ മടങ്ങിയപ്പോള്‍, റോഡരികിലെ മാഞ്ചുവട്ടില്‍ കരഞ്ഞു തളര്‍ന്ന അദ്ദേഹത്തിനരികില്‍ ആശ്വസിപ്പിക്കാനാകാതെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. 

ജീവിതം നമുക്ക്‌ ചിലരെ സമ്മാനിക്കും, ചിലര്‍ നമുക്ക്‌ ജീവിതം സമ്മാനിക്കും.... നിര്‍ണായകമായ പല ഘട്ടങ്ങളിലും പലപ്പോഴും അദ്ദേഹം പകര്‍ന്ന വാക്കുകള്‍ ആ രണ്ടാമത്തെ വരിയോടാണ്‌, അതിന്റെ ആഴത്തിലുള്ള അര്‍ഥത്തിനോടാണ്‌ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക.
ഇന്നും ഏതു പാതിരാത്രിയിലും വിളിക്കാന്‍ അങ്ങനെയൊരു സാന്നിധ്യം ഉണ്ടെന്നതു വല്ലാത്ത ആശ്വാസമാണ്‌. ഒന്നും പറയാതെ വെറുതെ സംസാരിച്ചു വയ്‌ക്കാന്‍. അദ്ദേഹമറിയാതെ പകരുന്ന ആശ്വാസം നേടാന്‍. അതങ്ങനെ തുടരുകയാണ്‌. ഇപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടുന്നു, വീണ്ടും വീണ്ടും കാണാന്‍ മാത്രമായി പിരിയുന്നു.
ജീവിതപ്രാരാബ്ധങ്ങളുടെ ഭാരം തൂങ്ങിയ മുഖത്തിനു പുറത്ത്‌ മൂടിയിട്ടാലും പറയാതെ അതു തിരിച്ചറിയുന്ന സാന്നിധ്യം. അകല്‍ച്ച നിറയുന്ന സാര്‍ എന്ന പതിവുസംബോധന പലപ്പോഴും പുറത്തു വരുമ്പോള്‍ മനസില്‍ ഒരു മൂത്തചേട്ടനു തുല്യമായ സ്ഥാനം കൊടുത്തിരുന്നു അദ്ദേഹത്തിന്‌.
എഴുതാന്‍ ഇനിയും ഏറെയുണ്ട്‌. എങ്കിലും നിര്‍ത്തുന്നു. ഏറെ വ്യക്തിപരമായ കുറിപ്പാണിത്‌. അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തില്‍ അനുഭവഭേദ്യമായവര്‍ക്കും അതങ്ങനെ തോന്നാം. കാരണം ഈ കുറിപ്പിലെ കഥാപാത്രത്തിനു ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍, അതു തികച്ചും യാദൃച്ഛികമല്ല. ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌...
Saturday, June 22, 2013

ജീവിതപ്പാളത്തിലെ അജ്ഞാതദേഹം


ജീവിതത്തിന്റെ ഇടവഴി തിരിഞ്ഞു മുമ്പില്‍ വന്നുപെടുന്നവര്‍ ആരൊക്കയെന്നു ഊഹിക്കാന്‍ പോലും കഴിയില്ല. പ്രത്യേകിച്ചും തീവണ്ടിയാത്രകളില്‍. അപരിചിതരായി വന്നു പരിചിതത്വത്തിന്റെ ഊഷ്‌മളതകള്‍ സമ്മാനിച്ചു മടങ്ങുന്നവര്‍ എത്രയോ പേര്‍. ഒരിക്കല്‍ മഴയൊഴിഞ്ഞ മഴക്കാലദിവസത്തില്‍ ആളൊഴിഞ്ഞ കംപാര്‍ട്ട്‌മെന്റില്‍ അപരിചിതനായി വന്നയാള്‍.
ഇന്നത്തെ കേരളയുടെ ഭാഗ്യം നീട്ടിയപ്പോള്‍ ആദ്യം വേണ്ടെന്നു പറഞ്ഞു. അടുത്ത ഭാഗ്യവാനെ കണ്ടെത്താന്‍ മടങ്ങുമെന്നു കരുതിയെങ്കിലും അയാള്‍ ശൂന്യമായിക്കിടന്ന സീറ്റിലേക്കിരുന്നു. എവിടെപ്പോകുന്നു എന്ന ചോദ്യം അയാളെറിഞ്ഞപ്പോള്‍ ലോട്ടറി വാങ്ങിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി എന്നേ കരുതിയുള്ളൂ. മറുപടി പറഞ്ഞു, ഒരു മരണം, ആ വീട്‌ വരെ പോകണം..മരണങ്ങള്‍ക്കു പോകണം. വിയോഗമാണ്‌. അസാന്നിധ്യം സംഭവിക്കുമ്പോള്‍ നമ്മുടെ സാന്നിധ്യം പകരുന്ന ആശ്വാസത്തെക്കുറിച്ചൊന്നും പറയാന്‍ അയാള്‍ക്കറിയില്ല. എങ്കിലും അതാവര്‍ത്തിച്ചു. വിവാഹത്തിനു പോയില്ലെങ്കിലും കുഴപ്പമില്ല, മരണത്തിനു പോകണം. പിന്നെ പരിചയത്തിന്റെ നൂലിഴകളില്‍ പിടിച്ചൊരു ജീവിതകഥയുടെ മുറ്റത്തേക്കിറങ്ങുകയായിരുന്നു.
രവി. ഓര്‍മ്മയില്‍ അദ്ദേഹത്തിന്‌ ആ പേരാണ്‌.
ഇരുമ്പുപാളങ്ങള്‍ക്കു മുമ്പില്‍, ജീവിതത്തിന്റെ ഭാരങ്ങള്‍ പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍ ഒടുക്കിയവരുടെ മൃതദേഹങ്ങള്‍ മാറ്റലായിരുന്നു രവിച്ചേട്ടന്റെ ജോലി. മൂക്കറ്റം മദ്യപിച്ച്‌, അബോധാവസ്ഥയുടെയും ബോധത്തിന്റെയും അതിര്‍വരമ്പുകളില്‍ നിന്ന്‌ അജ്ഞാതരായ, വികൃതമായ ശവശരീരങ്ങള്‍ നീക്കിയയാള്‍. ഒരുകാലത്ത്‌ എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള പ്രദേശത്ത്‌ തീവണ്ടി തട്ടിയുള്ള മരണം സംഭവിക്കുമ്പോള്‍, അന്വേഷണം അവസാനിക്കുന്നതു രവിച്ചേട്ടനിലായിരുന്നു. ചീഞ്ഞളിഞ്ഞ, തിരിച്ചറിയാനാകാത്ത നിര്‍ജ്ജീവശരീരങ്ങളുടെ അന്ത്യയാത്രയ്‌ക്ക്‌ ഇദ്ദേഹം വേണമായിരുന്നു. മരണമെടുത്ത ദേഹത്തെ അന്വേഷിച്ചുവരുന്നവര്‍ ഉണ്ടാകും, ആരുമില്ലാത്തവരെ പാളങ്ങള്‍ക്കരികില്‍ത്തന്നെ കുഴിവെട്ടി മൂടും.
മൃതശരീരങ്ങളുടെ പോക്കറ്റിലെ അവസാന തുട്ടും എടുത്തുതരാന്‍ ആവസ്യപ്പെടുന്ന പൊലീസുകാര്‍, പിറവം ഭാഗത്തു മരണപ്പെട്ട ഒരു വൃദ്ധയുടെ ചെവിയിലെ കമ്മല്‍ ഊരാന്‍ ആവശ്യപ്പെട്ടയാള്‍...............അങ്ങനെ ഇനിയും ജീവിതം ശേഷിക്കുന്നവരുടെ ആര്‍ത്തിമൂത്ത എത്രയെത്ര പരാക്രമങ്ങള്‍. 

 മരണത്തിന്റെ ദുര്‍ഗന്ധം മടുത്തു തുടങ്ങിയപ്പോള്‍ രവിച്ചേട്ടന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ അന്വേഷണങ്ങള്‍ വന്നു. പാളങ്ങള്‍ക്കരികില്‍ അജ്ഞാതരായ മൃതദേഹങ്ങള്‍ രവിച്ചേട്ടനെ കാത്തുകിടുന്നു, പരിവഭവങ്ങളില്ലാതെ..
ആ അനുഭവങ്ങള്‍ക്ക്‌ മദ്യത്തിന്റെ നേര്‍ത്ത ഗന്ധമുണ്ടായിരുന്നു. വയലാര്‍ എത്തി. എറണാകുളത്തേക്ക്‌ പോകുന്ന തീവണ്ടി പിടിക്കാന്‍ ഇവിടെ ഇറങ്ങണം. വെറുതെ വാതില്‍ക്കലേക്ക്‌ ചെന്നു. സ്വന്തം ജീവിതകഥ പറഞ്ഞ്‌, അനുഭവങ്ങള്‍ പകര്‍ന്ന്‌ മടങ്ങുമ്പോള്‍ വെറുതെ ഫോണ്‍നമ്പര്‍ ചോദിച്ചു, ഫോണില്ലെന്നു മറുപടി. എവിടെക്കാണും എന്നു ചോദിച്ചു, എന്തിനിനി കാണണം എന്നു മറുചോദ്യം. ഒടുവില്‍ വയലാര്‍ റെയ്‌ല്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്കിറങ്ങി കൈവീശി കാണിച്ചു മടങ്ങി. പിന്നീടൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തയാളുടെ ചിത്രം പകര്‍ത്തി, ഒരിക്കല്‍ക്കൂടി. അപ്പോഴേക്കും പാളങ്ങളില്‍ക്കൂടി പാഞ്ഞുതുടങ്ങിയിരുന്നു. ജീവിതത്തീവണ്ടിയിലെ വെറുമൊരു യാ്‌ത്രക്കാരന്‍ മാത്രമായി ഞാനും