Sunday, October 13, 2013

അനുഭവങ്ങളേ നന്ദി...ദൂരെയെവിടെയോ ഒരു നാടകത്തിന്‍റെ അനൗണ്‍സ്മെന്‍റ് മുഴങ്ങുന്നു. വേദിയിലെ എല്ലാ വെളിച്ചവും കെട്ടു, ആകാംക്ഷയുടെ മൂന്നു ബെല്ലുകള്‍ മുഴങ്ങുമ്പോള്‍ വന്നെത്തി നില്‍ക്കുന്നതു വൈക്കത്തെ ചെമ്മനാത്തുക്കര എന്ന ഗ്രാമത്തില്‍. വൈക്കത്തിന്‍റെ വീഥികള്‍ കടന്നു ഗ്രാമത്തിന്‍റെ ഇടവഴികളിലേക്കു തിരിയുമ്പോള്‍ വെറുതെയോര്‍ത്തു, കാലങ്ങള്‍ക്കു മുമ്പ് എത്രയോ വട്ടം വേദികളിലേക്ക്, അരങ്ങിന്‍റെ രാവുകളിലേക്കു നാടകവണ്ടിയോടിയ വഴികള്‍. അരങ്ങിന്‍റെ നാലു ചുവരുകളില്‍ വേഷവൈവിധ്യത്തോടെ ജീവിതം ആടിത്തീരാനായുള്ള സഞ്ചാരങ്ങള്‍. എല്ലാ വേഷങ്ങളും അഴിച്ചുവച്ച്, നാടകമെന്ന ഭൂതകാലത്തെ ആവേശമായി അവശേഷിപ്പിച്ച ഒരാളെ കാണാനാണു യാത്ര. നീണ്ട വഴിയിലൂടെ ഒരു വീടിനു മുന്നിലേക്ക്, രംഗസജ്ജീകരണം പൂര്‍ത്തിയായ അരങ്ങു പോലെ, അവിടെയെവിടെയോ ഒരു അരങ്ങും, അവതരിച്ചിറങ്ങാന്‍ ഒരു നടനും കാത്തിരിക്കുന്നതു പോലെ. യവനികയ്ക്കു പിന്നില്‍ ഒരു നാടകജീവിതം കാത്തിരിക്കുന്നു. ജീവിതം തുടങ്ങുകയായി, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക.....

ടി. കെ ജോണ്‍ ഇന്‍.....


കാണാനെത്തിയ ആള്‍ അകത്തുണ്ടെന്ന അറിയിപ്പ്, അക്ഷരരൂപത്തില്‍ ടി. കെ ജോണ്‍ ഇന്‍ എന്ന രൂപത്തില്‍ തെളിഞ്ഞിരിക്കുന്നു. വേനലിനെ ഇളം തണുപ്പില്‍ തോല്‍പ്പിക്കുന്ന പൂമുഖത്തു കാത്തിരുന്നു. അകത്തേക്കുള്ള വാതിലില്‍ കര്‍ട്ടന്‍ മാറ്റി, കറുത്ത തൊപ്പിയണിഞ്ഞു പ്രത്യക്ഷപ്പെടുമ്പോള്‍ ഏതോ നാടകത്തിലെ കഥാപാത്രം പോലെ തോന്നിച്ചു. ടി. കെ. ജോണ്‍ മാളവിക. ഒരു കാലത്തു കേരളത്തിലെ നാടകപ്രേമികളെ ഹരം കൊള്ളിച്ചിരുന്ന പേര്. ഒരു പോലെ പ്രശസ്തരായിരുന്ന നാടകസമിതിയും ഉടമയും നടനും സംവിധായകനും. പരീക്ഷണനാടകങ്ങള്‍ എന്ന മുന്‍വിശേഷണങ്ങളില്ലാതെ. നാടകവേദിയിലെ ത്രസിപ്പിക്കുന്ന ഒരുപാടു പരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ച വ്യക്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ഇത്തവണത്തെ എസ്. എല്‍ പുരം സദാനന്ദന്‍ പുരസ്കാരം തേടിയെത്തുമ്പോള്‍, അതു നാടകവേദിക്കു നല്‍കിയ സംഭവാനകളെ മാനിച്ചു സാംസ്കാരിക കേരളം നല്‍കിയ അംഗീകാരങ്ങളുടെ അനിവാര്യമായ തുടര്‍ച്ച മാത്രം.
പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ശല്യം ചെയ്യുമ്പോഴും നാടകം എന്ന ഓര്‍മയ്ക്കു മുന്നില്‍ സാധ്യമാകും വിധം വാചാലനാകുന്നു അദ്ദേഹം. ഇരുപതാമത്തെ വയസില്‍ അരങ്ങില്‍ അഭിനയം തുടങ്ങുമ്പോള്‍, വൈക്കം തുരുത്തിക്കര വീട്ടില്‍ കുര്യന്‍റെയും കുട്ടിയമ്മയുടെയും മകന് പാരമ്പര്യമൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. വടവുകോട് സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നാടകത്തില്‍ അഭിനയിച്ചിരുന്നു. സ്കൂളിലെ അധ്യാപകരെല്ലാം കലാകാരന്മാരായതു കൊണ്ടു തന്നെ അതിനുള്ള വഴി തെളിയുകയായിരുന്നു. പക്ഷേ അപ്പോഴും തന്‍റെ ജീവിത വഴികളില്‍ ഇനിയും ഒരുപാട് അരങ്ങുകള്‍ കാത്തിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞില്ല അദ്ദേഹം. ഒടുവില്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വഴി എന്ന നാടകത്തില്‍ ജയില്‍പ്പുള്ളിയായി അഭിനയിക്കുമ്പോള്‍ ജീവിതം ഇനി നാടകത്തിലായിരിക്കുമെന്നു മനസിലാക്കുകയായിരുന്നു. 


അഭിനയത്തിന്‍റെ അള്‍ത്താരയില്‍....


അമെച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. നാടു മുഴുവന്‍ സഞ്ചരിക്കുന്ന പ്രൊഫഷണല്‍ നാടകവേദിയുടെ സങ്കേതങ്ങളിലേക്ക് എത്തുന്നതിനു മുമ്പു തന്നെ അമെച്വര്‍ വേദിയില്‍ പയറ്റിത്തെളിഞ്ഞു. തകര്‍ന്ന ഹൃദയം, ചെകുത്താനും ചെങ്കോലും, രാവും പകലും തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. മലയാളിയുടെ കലാതാത്പര്യങ്ങളില്‍ നാടകത്തിനു പ്രഥമസ്ഥാനമുണ്ടായിരുന്ന കാലം. അമ്പലപ്പറമ്പുകളിലും ഫൈന്‍ അര്‍ട്സ് ഹാളുകളിലും നാടകം വേരുറച്ചിരുന്ന സമയം. ടി. കെ. ജോണ്‍ നാടകത്തിന്‍റെ ലോകത്തെത്തുമ്പോള്‍ നാടകത്തിന്‍റെ പ്രൗഡകാലം തന്നെയായിരുന്നു. അരങ്ങിനെ ആവാഹിച്ച നാടകരംഗത്തെ പ്രഗത്ഭരെ മലയാളി അംഗീകരിക്കാന്‍ മടിക്കാതിരുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്‍റെ രംഗപ്രവേശം. സഹകരിച്ചതോ അതിപ്രഗത്ഭരോടൊപ്പവും.
വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ഡോക്ടര്‍, എന്‍. എന്‍ പിള്ളയുടെ ആത്മബലി, പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര, കെ. ടി മുഹമ്മദിന്‍റെ കടല്‍പ്പാലം, എസ്. എല്‍ പുരത്തിന്‍റെ അഗ്നിപുത്രി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ധാരാളം വേദികളില്‍ എത്തി. എല്ലാം കേരളം അംഗീകരിച്ച നാടകങ്ങളായിരുന്നു എന്നതാണു പ്രത്യേകത. ഒ. മാധവന്‍, കാലയ്ക്കല്‍ കുമാരന്‍, മണവാളന്‍ ജോസഫ്, കെ. പി. ഉമ്മര്‍, കവിയൂര്‍ പൊന്നമ്മ, വിജയകുമാരി തുടങ്ങിയവരുടെ ഒപ്പം ഇക്കാലയളവില്‍ അഭിനയിച്ചു. സ്വന്തമായി ഒരു സമിതി വേണമെന്ന മോഹം മനസില്‍ അപ്പോഴും ഉണ്ടായിരുന്നു. ഒടുവില്‍ പി. കെ. വിക്രമന്‍ നായരില്‍ നിന്നും സംവിധാനം പഠിച്ച ശേഷം ആ സ്വപ്നം സഫലമാകുന്നു. നടനായി അരങ്ങിലെത്തിയ ടി. കെ. ജോണ്‍ ഒരു സമിതിയുടെ ഉടമയാകുന്നു. 


അവതരണം വൈക്കം മാളവിക...


അതൊരു തുടക്കമായിരുന്നു. മലയാളിയുടെ മനസില്‍ ചേക്കേറിയ എണ്ണം പറഞ്ഞ നാടകസമിതിയില്‍ ഒന്നായി വൈക്കം മാളവിക മാറുകയായിരുന്നു, ചുരുങ്ങിയ കാലം കൊണ്ടു തന്നെ. നാടകരംഗത്തെ പ്രമുഖരുടെ രചനയില്‍ നിരവധി നാടകങ്ങള്‍ മാളവികയുടെ ബാനറില്‍ അരങ്ങിലെത്തി. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വെളിച്ചമേ നയിച്ചാലും, പി. ജെ. ആന്‍റണിയുടെ പ്രളയം, പൊന്‍കുന്നം വര്‍ക്കിയുടെ തിരുവാതിര, എ. കെ. ലോഹിതദാസിന്‍റെ അവസാനം വന്ന അതിഥി.....അങ്ങനെ അനേകം നാടകങ്ങള്‍, എല്ലാ നാടകങ്ങളും സംവിധാനം ചെയ്തതും പ്രധാന വേഷത്തില്‍ അരങ്ങിലെത്തിയതും ജോണ്‍ തന്നെയായിരുന്നു. വൈക്കം മാളവികയുമായി പതിനായിരത്തിലധികം വേദികളില്‍ ജോണ്‍ എത്തി. 1969ലായിരുന്നു വൈക്കം മാളവിക രൂപീകരിക്കുന്നത്. പിന്നീടുള്ള മുപ്പത്താറു വര്‍ഷം സജീവനാടകവേദിയുടെ സ്പന്ദനമായി വൈക്കം മാളവികയും ടി. കെ. ജോണും നിലകൊണ്ടു.
നാടകവേദിയില്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടത്തിയിരുന്നു അദ്ദേഹം. ലൈറ്റിങ്ങിലും രംഗസജ്ജീകരണത്തിലും മാറ്റങ്ങള്‍ കൊണ്ടു വന്നു. വേദിയില്‍ ആദ്യമായി സ്റ്റെയര്‍ കെയ്സ് പ്രത്യക്ഷപ്പെട്ടതൊക്കെ വൈക്കം മാളവികയുടെ നാടകത്തിലായിരുന്നു. ജീവസുറ്റ നാടകത്തിന്‍റെ പിന്‍ബലത്തില്‍ അരങ്ങിലെത്തിയ അത്ഭുതങ്ങളെ കാണികള്‍ അംഗീകരിച്ചു. 


അനുഭവങ്ങളേ നന്ദി...


മാളവികയുടെ ബാനറില്‍ അവസാനം അരങ്ങിലെത്തിയ നാടകം, അനുഭവങ്ങളേ നന്ദി. കാലങ്ങളോളം നീണ്ട നാടകജീവിതത്തിലൂടെ അറിഞ്ഞ അനുഭവങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ടൊരു അവസാനം. പയറ്റിത്തെളിഞ്ഞ അരങ്ങൊഴിയുമ്പോഴും അഭിനയം ആ രക്തത്തില്‍ തന്നെയുണ്ടായിരുന്നു. നാടകത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ത്തന്നെ സിനിമയിലും സാന്നിധ്യമറിയിച്ചു. കന്മദം, വജ്രം, അരയന്നങ്ങളുടെ വീട്, മണിയറ കള്ളന്‍, ബാലേട്ടന്‍.... എസ്. എല്‍. പുരം സദാനന്ദന്‍ പുരസ്കാരത്തില്‍ എത്തിനില്‍ക്കുന്ന അംഗീകാരം, അതിനു മുമ്പേ സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജാ പുരസ്കാരം, മലയാളി സമാജം അവാര്‍ഡുകള്‍....
പഴയ ആളുകളില്‍ ഇപ്പോള്‍ വിജയകുമാരി മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ചില നാടകപ്രവര്‍ത്തകരൊക്കെ വരാറുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഈ പുരസ്കാരമെന്നു പറയുന്നു ജോണ്‍. ഒരുപാടു സന്തോഷം തോന്നി. ഒരു കാലത്തു സഹകരിക്കാന്‍ കഴിഞ്ഞ എസ്. എല്‍ പുരം സദാനന്ദന്‍റെ പേരില്‍ത്തന്നെയുള്ള പുരസ്കാരം ആകുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുന്നു. ഭാര്യ ആലിസും ആറു മക്കളും അടങ്ങുന്നതാണു ജോണിന്‍റെ കുടുംബം. അസുഖത്തിന്‍റെ അസ്വസ്ഥതകളുള്ളതു കൊണ്ടു തന്നെ ഇപ്പോള്‍ വിശ്രമജീവിതത്തിന്‍റെ അരങ്ങില്‍..
അരങ്ങില്‍ ഗാംഭീര്യത്തോടെ പ്രത്യക്ഷപ്പെട്ട നടന്‍റെ അതേ ഭാവങ്ങളോടെത്തന്നെയാണ് ഇദ്ദേഹം ഇപ്പോഴും മുന്നിലിരിക്കുന്നത്. എഴുപത്തഞ്ചാം വയസില്‍ ശരീരത്തെ തളര്‍ത്തുന്ന അസുഖങ്ങളുണ്ടെങ്കിലും, ആ മനസിലിപ്പോഴും നാടകം നിറഞ്ഞുനില്‍ക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ചിരിക്കാന്‍ മടിക്കുന്ന മുഖം, ഒരു പക്ഷേ ആ മുഖത്തു ഭാവങ്ങള്‍ നിറയണമെങ്കില്‍ മൂന്നാമത്തെ ബെല്ല് മുഴങ്ങണമായിരിക്കും.... ജീവിതം വീണ്ടുമൊരു കലാകാരന് ആദരവര്‍പ്പിക്കുന്നു... അനുഭവങ്ങളേ നന്ദി .............

1 comment:

  1. വായിച്ചു ഈ കുറിപ്പ്...

    ReplyDelete