Friday, December 30, 2011

സമരഭൂമികള്‍ കടന്ന്


മധ്യകേരളത്തില്‍ നിന്നു മലബാര്‍ എക്സ്പ്രസില്‍ ആരംഭിച്ച യാത്രയുടെ രാവുണര്‍ന്നതു മലബാറിന്‍റെ മണ്ണില്‍. യാത്ര കാഞ്ഞങ്ങാട്ടേക്കാണ്. കോലത്തിരിയുടെ പ്രതിനിധി കാഞ്ഞന്‍റ നാട്, വടക്കന്‍ പാട്ടിലെ കാഞ്ഞിരം കാട്ടപ്പന്‍റെ ഭൂമി. ഐതിഹ്യത്തിന്‍റെ പേരറിവുകളിലേക്കു ആഴ്ന്നിറങ്ങിയാല്‍ നാടിന്‍റെ നാമത്തോടു സാദൃശ്യം നല്‍കാവുന്ന എത്രയോ വിശദീകരണങ്ങള്‍.. ഇക്കുറി നാടിന്‍റെ ചരിത്രം തേടിയല്ല. ആ നാടിന്‍റെ ചരിത്രത്തെ തിരുത്തിയെഴുതിയ ഒരാളെ കാണാന്‍. കാലങ്ങള്‍ക്കു മുമ്പു കാഞ്ഞങ്ങാടു നിന്നു കര്‍ഷക സമരങ്ങളിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കും നടന്നയാള്‍. ഒരു ജന്മി ത്തറവാടിന്‍റെ പൂമുഖത്തിരുന്നു ആജ്ഞാപിക്കാനുള്ള പാരമ്പര്യപ്പെരുമ ഉണ്ടായിരുന്നിട്ടും സാധാരണക്കാരന്‍റെ സമരമുഖങ്ങളില്‍ സജീവമായിരുന്നയാള്‍, കെ. മാധവന്‍. സ്വാതന്ത്ര്യസമരം, കര്‍ഷകസമരം, ഗുരുവായൂര്‍ സത്യഗ്രഹം, ഉപ്പുസത്യഗ്രഹം... ചരിത്രത്തിന്‍റെ ഗതി മാറ്റിയ, കാലഘട്ടങ്ങളെ സമരവീര്യത്തില്‍ രേഖപ്പെടുത്തിയ പ്രക്ഷോഭങ്ങളിലെ സജീവസാന്നിധ്യം.

സമരത്തിന്‍റേയും വിജയത്തിന്‍റേയും പിളര്‍പ്പിന്‍റേയും ആശയസംഘര്‍ഷങ്ങളുടേയും കാലഘട്ടത്തിന്‍റെ സാക്ഷിയെ ത്തേടിയുള്ള യാത്ര കാഞ്ഞങ്ങാട്ടെ നെല്ലിക്കാടുള്ള വീടിനു മുന്നില്‍ അവസാനിക്കുന്നു. ചെറിയ കാത്തിരിപ്പിനൊടുവില്‍ തൊണ്ണൂറ്റേഴു വയസിന്‍റെ അവശതയില്ലാതെ അദ്ദേഹം മുന്നില്‍. ഒന്നു കാതോര്‍ത്തു, കര്‍ഷകസംഘത്തിന്‍റെ തേക്കുപാട്ടിന്‍റെ ഈരടികള്‍, ജാഥയില്‍ മുദ്രാവാക്യങ്ങള്‍ ഇരമ്പിയാര്‍ക്കുന്നു, ലാത്തിയുടേയും ബൂട്ട്സിന്‍റേയും മുന്നില്‍ തളരാത്ത സമരവീര്യശബ്ദങ്ങള്‍, ഇരുട്ടില്‍ ഒളിസങ്കേതങ്ങളുടെ മറവു തേടിയുളള നിശബ്ദയാത്രകള്‍.. ഇവിടെ ഒരു തൊണ്ണൂറ്റേഴുകാരന്‍റെ അനുഭവങ്ങള്‍ക്കൊപ്പം നടക്കുകയല്ല, കാലത്തെ തിരിച്ചറിയുകയാണ്. വാക്കുകളില്‍ വിവരിക്കാനാവില്ല സമരവീര്യങ്ങളുടെ അനുഭവങ്ങളെ...എങ്കിലും ആ വഴിയിലൂടെ ഈ കൈപിടിച്ച് അല്‍പ്പം നടക്കാം...

ഏച്ചിക്കാനത്തെ കുട്ടി ആനപ്പുറത്ത്

നന്നേ ചെറുപ്പത്തില്‍ത്തന്നെ ഖദര്‍ ധരിക്കണമെന്നു മോഹമുണ്ടായിരുന്നു എച്ചിക്കാനത്തു തറവാട്ടിലെ എ.സി. രാമന്‍ നായരുടേയും കൊഴുമ്മല്‍ ഉണ്ണാങ്ങാമയുടേയും മകന്. പക്ഷേ അച്ഛന്‍ സമ്മതിക്കുന്നില്ല. അച്ഛന്‍റെ ബന്ധുഎ. സി. കണ്ണന്‍നായര്‍ എന്ന കണ്ണേട്ടന്‍റെ വീട്ടില്‍ വന്നു പോകുന്ന നേതാക്കളായിരുന്നു ഖദര്‍ ധരിക്കാനുള്ള പ്രചോദനം. ഒടുവില്‍ കണ്ണേട്ടന്‍ വാങ്ങിക്കൊടുത്ത ഖദര്‍ വസ്ത്രത്തില്‍ നിന്നു രാഷ്ട്രീയത്തിലേക്കുള്ള ദൂരം വളരെ കുറവായിരുന്നു. ഗാന്ധിജിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം. മാധവനന്നു പതിനാലു വയസ്. ഗാന്ധിജിയുടെ ഫോട്ടൊ ആനപ്പുറത്തേറ്റിയൊരു ഘോഷയാത്രയായിരുന്നു സംഘടിപ്പിച്ചിരുന്നത്. പക്ഷേ സമയമായപ്പോള്‍ ചിത്രം പിടിച്ച് ആനപ്പുറത്തേറാന്‍ ആളില്ല. കണ്ണേട്ടനൊപ്പം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പോയ മാധവനാണു നറുക്ക് വീണത്, അന്നു ഖദര്‍ ധരിച്ചിട്ടുമുണ്ടായിരുന്നു. ഏച്ചിക്കാനം തറവാട്ടിലെ കുട്ടി ആനപ്പുറത്തു കയറുകയോ എന്ന ആശങ്ക പലര്‍ക്കുമുണ്ടായി. പക്ഷേ ഏഴാനകളുള്ള തറവാട്ടിലെ കുട്ടി ആശങ്കപ്പെട്ടില്ല. മഹാത്മാഗാന്ധിയുടെ ചിത്രവുമേന്തി ആനപ്പുറത്തേറി, ആ മനസില്‍ ആവേശവുമേറി. നെഞ്ചോടു ചേര്‍ത്ത് അടുക്കിപ്പിടിച്ച ഒരു ചിത്രത്തിന്‍റെ ആവേശത്തില്‍ ഒരു രാഷ്ട്രീയജീവിതം ആലവട്ടവും വെഞ്ചാമരവും വീശി ഉണരുകയായിരുന്നു.


 

പതിനഞ്ചുകാരന്‍ ഉപ്പു സത്യാഗ്രഹത്തിന്

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഉപ്പു കൊണ്ടു തോല്‍പ്പിക്കാമെന്നു പഠിപ്പിച്ച ഗാന്ധിജിക്കൊപ്പം മാധവനുമുണ്ടായിരുന്നു. പയ്യന്നൂരിലെ ഉപ്പു സത്യഗ്രഹത്തില്‍. കോഴിക്കോട്ട് നിന്ന് പയ്യന്നൂരിലേക്ക് പോയത്, കെ. കേളപ്പന്‍റെ നേതൃത്വത്തില്‍. സത്യഗ്രഹികള്‍ ക്യാമ്പ് ചെയ്തിരുന്നയിടത്തു വച്ചാണ് ആദ്യമായി പി. കൃഷ്ണപ്പിള്ളയെ കാണുന്നതെന്നു മാധവന്‍ ഓര്‍ക്കുന്നു. പതിനഞ്ചു വയസുകാരനെ പിന്തിരിപ്പിക്കാന്‍ നോക്കി കേളപ്പന്‍. എന്നാല്‍ ആ മനസുറച്ചു തന്നെയായിരുന്നു. ഒരു പവന്‍ സ്വര്‍ണമോതിരം ഊരി സമരഫണ്ടിലേക്കു നല്‍കുകയും ചെയ്തു.

1930 ഏപ്രില്‍ ഇരുപത്തൊന്നിന് പയ്യന്നൂരിലെ ഒളവറ പുഴയിലെ ഉളിയത്ത് കടവിലെത്തി. കന്നത്ത പൊലീസ് സന്നാഹം. വെള്ളം കുറുക്കി ഉപ്പെടുത്തു. ആ ജനസമൂഹത്തില്‍ ഞാനുമുണ്ടായിരുന്നു, അഭിമാനത്തോടെ. എന്നാല്‍ പയ്യന്നൂരെ അവസ്ഥയായിരുന്നില്ല കോഴിക്കോട്ട്. കേളപ്പന്‍റെ നേതൃത്വം, അച്ചുതക്കുറുപ്പും കേരളീയനുമൊക്കെയുണ്ട്. പൊലീസ് പിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചു, ആരും ചെവിക്കൊണ്ടില്ല. അതിഭീകരമായ ലാത്തിച്ചാര്‍ജ് തുടങ്ങി. ആരുടേയും സമരവീര്യം ചോര്‍ന്നില്ല, ലാത്തിക്കു മുന്നില്‍ തളര്‍ന്നില്ല. ഭാരത് മാതാ കീ ജയ്, ഗാന്ധിജി കീ ജയ്....വേദനയില്‍ കുതിര്‍ന്ന, ചോരപുരണ്ട ഉപ്പില്‍ നിന്ന് പുതിയൊരു പോരാട്ട വീര്യം നെഞ്ചിലേറ്റുകയായിരുന്നു ഒരു പതിനഞ്ചു വയസുകാരന്‍.

1930ല്‍ കല്ലായി മദ്യഷാപ്പ് പിക്കറ്റ് ചെയ്യുമ്പോള്‍ ആദ്യമായി അറസ്റ്റിലായി. ജയില്‍ജീവിതം തുടങ്ങുകയായി പതിനഞ്ചാം വയസില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. അതൊരു അനുഭവം തന്നെയായിരുന്നു. കേരളീയന്‍, വി.പി കൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് നേതാവ് ടി. പ്രകാശം, എകെജി.....സഹതടവുകാരായി അവരൊക്കെ ഉണ്ടായിരുന്നു. 1931 ജനുവരിയില്‍ ജയില്‍മോചിതനായി.


   ഇടയ്ക്കൊക്കെ ഓര്‍മകള്‍ ഇടറുന്നു. വാക്കുകള്‍ മുറിയുന്നു. അനുഭവങ്ങള്‍ പറഞ്ഞു വരുമ്പോള്‍ മനസില്‍ ഓടിയെത്തുന്നുണ്ടാവാം പഴയ സഖാക്കള്‍...സൗഹൃദങ്ങളുടെ നിമിഷങ്ങള്‍...പക്ഷേ, ചരിത്രത്തിന് ഇടവേളകള്‍ ഇല്ല എന്നു നന്നായി അറിയാവുന്ന മാധവന്‍ വീണ്ടും പറഞ്ഞു തുടങ്ങി. മുപ്പത്തൊന്നു ജനുവരിയില്‍ ഞാന്‍ ജയിലില്‍ നിന്നു വന്നു എന്നു പറഞ്ഞല്ലോ. അധികം വൈകാതെ മറ്റൊരു സമരത്തിനു കേളികൊട്ടുയര്‍ന്നു. കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷത്തെ മാറ്റി മറിച്ച സമരം, ഗുരുവായൂരില്‍...

ഗുരുവായൂരമ്പല നടയില്‍

1931 നവംബര്‍ 1. അന്നായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹത്തിന്‍റെ ആരംഭം. അവര്‍ണരുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിനു തുടക്കം. പണ്ഡിതകവിയും സ്വാതന്ത്ര്യസമരനേതാവുമായിരുന്ന ടി. സുബ്രഹ്മണ്യതിരുമുമ്പിന്‍റെ നേതൃത്വത്തില്‍ ഞാനും ഗുരുവായൂരിലെത്തി. ദിവസവും രണ്ടു നേരം സമരത്തില്‍ പങ്കാളിയായി. വാകച്ചാര്‍ത്തു മുതല്‍ രാത്രി ഏറെ വൈകും വരെ സമരം. പിന്നീട് ആല്‍ത്തറയ്ക്കല്‍ പൊതുയോഗം. പക്ഷേ സമരം തീരുമാനമില്ലാതെ നീണ്ടു പോയിക്കൊണ്ടിരുന്നു. എകെജിയേയും പി. കൃഷ്ണപ്പിള്ളയേയും ക്ഷേത്ര കാവല്‍ക്കാര്‍ മര്‍ദിക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടായി.

ഗാന്ധി - ഇര്‍വിന്‍ സന്ധി സംഭാഷണം പരാജയപ്പെട്ട കാലമായിരുന്നു അത്. നാട്ടില്‍ സമരം രൂക്ഷമാവുന്നു. തിരികെപ്പോയി നാട്ടിലെ സമരത്തില്‍ സജീവമാകണമെന്നായി ആഗ്രഹം. കേളപ്പന്‍റെ സമ്മതത്തോടെ നാട്ടിലേക്ക്. പിന്നീടുണ്ടായ ചില സംഭവവികാസങ്ങളോടെ നിയമലംഘന പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. അക്കാലത്തു ഹിന്ദിയില്‍ ബിരുദം നേടണമെന്ന മോഹം കലശലായി. ഹോസ്ദുര്‍ഗില്‍ ഹിന്ദി പഠിച്ച്, രാഷ്ട്രഭാഷ പാസായി. അതിനുശേഷം എറണാകുളം ഹിന്ദി കോളെജില്‍ എത്തി വിശാരദ് കോഴ്സ് ചെയ്തിരുന്നു.

മാറ്റത്തിന്‍റെ ചെങ്കടല്‍

അധിനിവേശ ശക്തിക്കെതിരെയുള്ള പോരാട്ടം തണുത്ത കാലമായിരുന്നു അത്. 1934 കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടു. ഉപ്പു സത്യഗ്രഹം കാര്യമായി വിജയിക്കാതിരുന്നതിന്‍റെ കാരണം വിലയിരുത്തപ്പെട്ടു. കൃഷിക്കാരേയും തൊഴിലാളികളേയും സംഘടിപ്പിക്കാനും തീരുമാനമായി. 1935ല്‍ കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സമ്മേളനം കണ്ണൂരില്‍ നടക്കുമ്പോഴാണ് ആദ്യമായി ഇഎംഎസിനെ കണ്ടത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകസംഘം സജീവമാകുകയായിരുന്നു. കോണ്‍ഗ്രസില്‍ രണ്ട് ആശയക്കാര്‍ വളര്‍ന്നു വരികയായിരുന്നു അക്കാലത്ത്, ഇടതു പക്ഷവും വലതുപക്ഷവും. ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഇന്ത്യ ബ്രിട്ടനൊപ്പമായിരുന്നു. അതില്‍ പ്രതിഷേധിച്ചു ഗാന്ധിജി സത്യഗ്രഹം ആരംഭിച്ചു. പക്ഷെ ബഹുജനപ്രക്ഷോഭം വേണമെന്നായിരുന്നു പലരുടേയും ആവശ്യം. അക്രമസമരത്തിലേക്കു മാറുമെന്നു കരുതി ഗാന്ധിജി സമ്മതിച്ചതുമില്ല. അതോടെ കേരളത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പുതിയ രൂപം കൈക്കൊള്ളുകയായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. 1939ല്‍ ഡിസംബറില്‍ രഹസ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യയോഗം ചേര്‍ന്നു. കമ്യൂണിസ്റ്റായിരിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസിന്‍റെ ഭാരവാഹികളുമായിരുന്നു അക്കാലത്ത് മാധവനടക്കമുള്ള പലരും. പാര്‍ട്ടിയുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായി.
കുളകുന്ത ശിവറാവു എന്ന ശിഷ്യന്‍
നീലേശ്വരത്ത് ഒരു ഹിന്ദി ക്ലാസ് തുടങ്ങാന്‍ നിര്‍ദ്ദേശം വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യസംഘടന ആ ഭാഗത്ത് ആരംഭിക്കുകയായിരുന്നു ലക്ഷ്യം. രാജാസ് ഹൈസ്കൂളിലും വായനശാലയിലുമായി ക്ലാസുകള്‍ തുടങ്ങി. പാര്‍ട്ടിസെല്ലും സമാന്തരമായി തുടങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അക്കാലത്തു മാധവനൊരു ശിഷ്യനുണ്ടായിരുന്നു, കുളകുന്ത ശിവറാവു. തികഞ്ഞ ഗാന്ധിയന്‍. സാമ്പത്തികമായി പിന്നാക്കമായിരുന്നതിനാല്‍ ഒരു മാസത്തെ ഫീസ് ശിവറാവുവിന്‍റെ കൈയില്‍ നിന്നു വാങ്ങിയില്ല. ഫീസ് വാങ്ങാത്തതിനാല്‍ ക്ലാസില്‍ വരാന്‍ ശിവറാവുവും കൂട്ടാക്കിയില്ല. ഒടുവില്‍ താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്നു ശിവറാവുവിനോടു വെളിപ്പെടുത്തേണ്ടി വന്നു. ഗാന്ധിയനായ ശിവറാവുവിന് അതംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിന്നീടു കയ്യൂരിലുണ്ടായ സംഭവത്തില്‍ ശിവറാവുവിന്‍റെ ആശയവഴി തിരിഞ്ഞു, കമ്യൂണിസത്തോടൊപ്പമായി. ഒരു നിയോഗം കൂടി ശിവറാവുവിനുണ്ടായിരുന്നു. കയ്യൂര്‍ സംഭവത്തെ അദ്ദേഹം ഒരു നോവലിലൂടെ രേഖപ്പെടുത്തി. ചിരസ്മരണ. അതെ, ചിരസ്മരണ എഴുതിയ നിരഞ്ജനയുടെ യഥാര്‍ഥ പേരാണു കുളകുന്ത ശിവറാവു !!കയ്യൂര്‍ സംഭവത്തിനു ശേഷം മാധവനും ദീര്‍ഘനാള്‍ ഒളിവിലായിരുന്നു. അപ്പോഴും അതിനുശേഷവും പ്രവര്‍ത്തനങ്ങളും സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സമരങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. പിന്നെയും ആ രാഷ്ട്രീയ ജീവിതത്തില്‍ കൊടുങ്കാറ്റുകളും പെയ്തൊഴിയലുകളും ഉണ്ടായി. എങ്കിലും സമരഭൂവില്‍ അടിയുറച്ചു നിന്ന, പതറാതെ മുന്നേറിയ ആ പോരാളി ഒരിക്കലും തളര്‍ന്നില്ല. പോരാട്ടം തുടരുക തന്നെ ചെയ്തു.
അനുഭവങ്ങള്‍ ഇരമ്പുന്നു ഇപ്പോഴും
1953 മാര്‍ച്ച് നാലിന് കോടോം കുടുംബാംഗമായ മീനാക്ഷിയെ വിവാഹം ചെയ്തു. നാലുമക്കള്‍- ഇന്ദിര, സേതുമാധവന്‍, ആശാലത, അജയകു മാര്‍. കുടുംബ ജീവിതം പൊതുപ്രവര്‍ത്തനത്തിനു വിരാമമിട്ടില്ല, അതു ജീവിതത്തിന്‍റെഭാഗമായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്‍റെ എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട്, കെ. മാധവന്‍ ഒരു ആത്മകഥയുമെഴുതി, ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്‍റെ ഓര്‍മകള്‍. ഈ ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്‍റെ ജീവിതം രേഖപ്പെടുത്തുമ്പോള്‍ പൂര്‍ണമാക്കുക എന്ന വ്യാമോഹം ഒരിക്കലും സാധ്യമല്ലെന്നു തിരിച്ചറിഞ്ഞു തന്നെ ഈ അഭിമുഖക്കുറിപ്പ് അവസാനിപ്പിക്കാം. അത്രയേറെ അനുഭവങ്ങളുണ്ട്, ഇദ്ദേഹം കടന്നു വന്ന പോരാട്ടവീഥികളില്‍.

ഇപ്പോള്‍ കാഞ്ഞങ്ങാട്ടെ വീട്ടില്‍ സ്വസ്ഥജീവിതം. വാര്‍ധക്യത്തിന്‍റെ പറയത്തക്ക അവശതകളില്ല. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള ആര്‍ജവം ഇപ്പോഴുമുണ്ട്.

ഒരു കാലത്തെ തിരിച്ചറിഞ്ഞ സംതൃപ്തിയോടെ തിരിച്ചിറങ്ങുന്നു. ഇത്രനേരം സംവദിച്ചതു ചരിത്രത്തോട്. പിന്നീടൊരിക്കല്‍ രേഖപ്പെടുത്താമെന്ന മോഹത്തോടെ സംഭവബഹുലമാക്കിയ ജീവിതമല്ല, അനിവാര്യമായ മാറ്റത്തെ സ്വപ്നം കണ്ട്, പ്രക്ഷുബ്ധമായ കാലത്തിന്‍റെ മുനമ്പിലായിരുന്നു കെ. മാധവന്‍ എന്ന മഹാരഥന്‍റെ രണാങ്കണം. വ്യക്തിപരമായ നഷ്ടങ്ങള്‍ തോല്‍വിയല്ലെന്നു തിരിച്ചറിഞ്ഞുള്ള പോരാട്ടങ്ങള്‍. തിരികെ നടക്കുമ്പോള്‍ മനസിലൊരു കര്‍ഷകജാഥ ഇരമ്പിയാര്‍ക്കുന്നുണ്ടോ, അതോ ഉപ്പ് സത്യഗ്രഹസേനാനികളുടെ ജാഥയോ...കയ്യൂരിന്‍റേയും മൊറാഴയുടേയും പയ്യന്നൂരിന്‍റേയും കാഞ്ഞങ്ങാടിന്‍റേയും സമരഭൂമികള്‍ കടന്ന്....അനുഭവങ്ങളുടെ ചെങ്കടല്‍ തിരയടിച്ചുകൊണ്ടേയിരുന്നു.