മാവേലിക്കരയില്‍ നിശ്ചലമായിക്കിടക്കുന്ന ഒരു മൃതശരീരത്തിന്‍റെ അവസാനരംഗത്തോടെ ഒരു ജീവിതത്തിന്...നാടകത്തിനു തിരശീല. ഇനി അടുത്ത അരങ്ങില്ല. മേക്കപ്പിന്‍റെ ഗന്ധം ഘനീഭവിക്കുന്ന നാടകവണ്ടിയില്‍ മറ്റൊരു യാത്രയില്ല. മൂന്നു ബെല്ലുകള്‍ക്കപ്പുറം പിറവിയെടുക്കുന്ന നാടകമെന്ന അടങ്ങാത്ത ആവേശമില്ല. ആരും അറിയാതെ, അരങ്ങറിയാതെ, അഭ്രപാളിയറിയാതെ മാവേലിക്കര അമ്മിണി യാത്.. ചരമപ്പേജില്‍ ഒതുങ്ങിപ്പോയ ഒരു മരണവാര്‍ത്തയില്‍ നിന്നും മാവേലിക്കര അമ്മിണിയെ തലമുറകള്‍ തിരിച്ചറിയണം, അരങ്ങും അഭ്രപാളിയും ഉപേക്ഷിച്ച ശേഷമുള്ള ജീവിതമറിയണം, ഒടുവിലൊരുനാള്‍ എഴുന്നേല്‍ക്കാനാകാത്ത കിടക്കയില്‍ നിന്നും മരണം വിളിച്ചു കൊണ്ടു പോകുന്നു മാവേലിക്കര അമ്മിണി എന്ന നടിയെ.
നിത്യഹരിതനായകന്‍റെ ആദ്യ അമ്മ. പ്രേംനസീര്‍ ആദ്യമായി വേഷമിട്ട മരുമകള്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ അമ്മയായി അഭിനയിച്ചത് അമ്മിണിയായിരുന്നു. പിന്നെ എണ്ണായിരത്തോളം നാടകവേദികള്‍, കാഥിക, നര്‍ത്തകി..... ആറു മാസം മുമ്പു മാവേലിക്കരയിലെ ചെറുകോലിലുള്ള അമ്മിണിയുടെ വീട്ടിലേക്കു പോകുമ്പോള്‍ കൈവശമുണ്ടായിരുന്ന ജീവിതസംഗ്രഹം. എന്നാല്‍ സംഗ്രഹങ്ങളെ നിഗ്രഹിച്ചു കൊണ്ടൊരു ജീവിതം മുന്നില്‍ വിതുമ്പി നില്‍ക്കുന്നു. ചുളിവു വീണ മുഖത്തെ നീര്‍ച്ചാലുകളില്‍ കണ്ണീരൊഴുകുന്നതു തിരിച്ചറിയാനാകാതെ പതറുകയായിരുന്നു പലപ്പോഴും. ഏകാന്തതയുടെ ഇരുട്ടു വീണ മുറിയില്‍ ഒറ്റയ്ക്കു, കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ. എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളില്‍ നിറഞ്ഞുനിന്ന നടിയുടെ ലോകം ജനാലകള്‍ക്കിടയിലൂടെയുള്ള ഇത്തിരിക്കാഴ്ചയില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. അഭിനയിച്ച നാടകരംഗങ്ങളെ വെല്ലുന്നതായിരുന്നു, അമ്മിണിയുടെ ജീവിതരംഗങ്ങള്‍...
മറിയാമ്മ, അമ്മിണിയായി
നസീറിന്‍റെ അമ്മയായി...
വാലില്‍ പാപ്പിയുടെയും സാറാമ്മയുടെയും മകള്‍, മറിയാമ്മ. പിറവി ക്രൈസ്തവ കുടുംബത്തിലെങ്കിലും തിരുവാതിരയും നാടകവുമൊക്കെയായിരുന്നു താത്പര്യം. അക്കാലത്തു ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ആ വേദിയില്‍ നിറഞ്ഞു നിന്നു. കണ്ടിയൂര്‍ വായനശാലക്കു വേണ്ടി അഭിനയിച്ച ഭാമാവിജയം ആയിരുന്നു ആദ്യനാടകം. പതിനാലു വയസില്‍ അരങ്ങിലെത്തിയതു നാടകനടി എസ്. ആര്‍ പങ്കജത്തിന്‍റെ പ്രേരണയിലായിരുന്നു. അക്കാലത്തു തന്നെ കഥാപ്രസംഗത്തിലും സജീവമായിരുന്നു. കലാലോകത്തു നിറഞ്ഞപ്പോള്‍ മറിയാമ്മ എന്ന പേരു മാറ്റി, അമ്മിണിയായി, മാവേലിക്കര അമ്മിണിയായി. ഒറ്റനാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയതോടെ പേരും പ്രശസ്തിയുമേറി. ആര്‍ട്ടിസ്റ്റ് പി. ജെ ചെറിയാന്‍റെ മിശിഹാചരിത്രം നാടകത്തില്‍ കന്യാമറിയമായി അഭിനയിച്ചതോടെ ഒരു നടി കൂടി പിറക്കുന്നു എന്നു മലയാള നാടകലോകം തിരിച്ചറിയുകയായിരുന്നു.
നാടകനടിയായി പ്രശസ്തയാവുമ്പോള്‍ കഥാപ്രസംഗം കൈവിട്ടിരുന്നില്ല. അങ്ങനെയൊരിക്കല്‍ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ അന്വേഷിച്ചു വന്നതായി അറിഞ്ഞു. സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം. സേലത്താണു സിനിമ, സംവിധാനം ചെയ്യുന്നതൊരു തമിഴനും. ഇന്‍റര്‍മീഡിയറ്റിനു പഠിക്കുന്ന ഒരു പയ്യനാണു നായകന്‍. അമ്മിണിക്ക് അവസരം ലഭിച്ചിരിക്കുന്നതു ആ പയ്യന്‍റെ അമ്മയായി അഭിനയിക്കാനും. എന്നാല്‍ നായകനും നായകന്‍റെ അമ്മയ്ക്കും ഒരേ പ്രായമായിരുന്നു എന്നതു മറ്റൊരു കാര്യം. ആ ഇന്‍റര്‍മീഡിയറ്റുകാരന്‍ പിന്നീടു മലയാള സിനിമയുടെ ചരിത്രമായി, നിത്യഹരിതനായകനായി പ്രേംനസീര്‍. മരുമകള്‍ ആയിരുന്നു ആ സിനിമ. അതിനുശേഷം എപ്പോള്‍ കാണുമ്പോഴും അമ്മേ എന്നു വിളിക്കുമായിരുന്നെന്നു അമ്മിണി ഓര്‍ക്കുന്നു, നല്ല മനുഷ്യനായിരുന്നു. രണ്ടു സിനിമകളില്‍ക്കൂടി അമ്മിണി അഭിനയിച്ചു, വിയര്‍പ്പിന്‍റെ വില, പുതിയ ആകാശം പുതിയ ഭൂമി.
അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്
ജി. കെ പിള്ളയുടെ നാടകക്കമ്പനി, പി. എ തോമസിന്‍റെ നാടകസമിതി, നടന്‍ ബഹദൂറിന്‍റെ നാടകക്കമ്പനി..... പേരില്ലാതെ പ്രശസ്തരുടെ നാടകക്കമ്പനികള്‍ നിറഞ്ഞുനിന്നിരുന്ന കാലത്തും അമ്മിണി തിരക്കുള്ള നടിയായി മാറുകയായിരുന്നു. എത്രയോ നാടകരാവുകള്‍. ബല്ലാത്ത പഹയന്‍, മാണിക്യകൊട്ടാരം തുടങ്ങിയ ഹിറ്റ് നാടകങ്ങള്‍. ഒടുക്കം എന്‍. എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതിയിലെത്തി. പ്രേതലോകം നാടകത്തില്‍ തുടക്കം, വൈന്‍ഗ്ലാസ്, കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍, ക്രോസ്ബെല്‍റ്റ്.... ഇരുപത്തിരണ്ടു വര്‍ഷം വിശ്വകേരള കലാസമിതിയുടെ നാടകത്തിലുണ്ടായിരുന്നു അമ്മിണി.
"" ഞാന്‍ അനാഥയാണു മോനേ. അമ്മയില്ല അച്ഛനില്ല. സഹോദരങ്ങളില്ല. ഭര്‍ത്താവും മകളുമില്ല....'' ഇത് അമ്മിണി അഭിനയിച്ച നാടകത്തിലെ സംഭാഷണമല്ല. സ്വന്തം ജീവിതത്തിന്‍റെ ക്ലൈമാക്സില്‍ എത്തിനില്‍ക്കുമ്പോള്‍ വിധി അമ്മിണിയുടെ അനുഭവങ്ങളാല്‍ ആവര്‍ത്തിപ്പിക്കുന്ന വാചകം. അരങ്ങിനും അഭ്രപാളിക്കുമിടയില്‍ കൈമോശം വന്നുപോയ ജീവിതം. നടിയായിരിക്കുമ്പോള്‍ത്തന്നെയായിരുന്നു വിവാഹം.എറണാകുളത്തുകാരന്‍ ജോസഫ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അദ്ദേഹം മരണമടഞ്ഞു. പിന്നെ മകളെ വളര്‍ത്താനുള്ള പരിശ്രമങ്ങളായിരുന്നു. അഭിനയം അന്നത്തിനുള്ള മാര്‍ഗമായി, മകളെ വളര്‍ത്തി, പഠിപ്പിച്ചു. ലീലാമ്മ ജോസഫ് എന്നായിരുന്നു മകളുടെ പേര്. ഒടുവില്‍ മകള്‍ക്കു ജോലി കിട്ടി, അമ്മിണിയുടെ അനിയത്തിയുടെ ഒപ്പം രാജസ്ഥാനിലായിരുന്നു ജോലി. ആദ്യശമ്പളം അമ്മയ്ക്ക് അയച്ചു കൊടുത്തു.
വിശ്വകേരളകലാസമിതിയിലായിരുന്നു അപ്പോള്‍. കുറെ ദിവസം തുടര്‍ച്ചയായി നാടകം. ആ സമയത്തൊന്നും വീട്ടിലെത്തിയിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം വീട്ടിലെത്തുമ്പോള്‍ ആ ജീവിതത്തിലെ മറ്റൊരു രംഗം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വാര്‍ത്ത, പത്തു ദിവസങ്ങള്‍ക്കു മുമ്പ്, രാജസ്ഥാനില്‍വച്ചു അമ്മിണിയുടെ മകള്‍ മരണമടഞ്ഞു. അന്നു വൈകിട്ടും നാടകമുണ്ടായിരുന്നു. ചങ്ങനാശേരിയിലെ വേദിയില്‍ ക്രോസ്ബെല്‍റ്റ് നാടകത്തിലെ അമ്മുക്കുട്ടിയമ്മയായി വേഷപ്പകര്‍ച്ച. വേദിക്കു മുന്നില്‍ നിരന്നിരിക്കുന്ന കാഴ്ച്ചക്കാരന്‍റെ കൗതുകത്തിനു മുന്നില്‍ മകളെ നഷ്ടപ്പെട്ട അമ്മ അന്നും നല്ല നടിയായി.
അസുഖത്തിന്‍റെ തളര്‍ച്ച അരങ്ങുകളെ അന്യമാക്കി. ചേട്ടത്തിയുടെ മരുമകള്‍ പൊന്നമ്മയായിരുന്നു അമ്മിണിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കുറച്ചുനാള്‍ മുമ്പ് വീണു കാലിലെ അസ്ഥിക്കു പൊട്ടലുണ്ടായതോടെ നടക്കാന്‍ കഴിയാതെയായി. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
എണ്ണായിരത്തിലധികം അരങ്ങുകളില്‍ അഭിനയിച്ചിട്ടും അമ്മിണിക്ക് അര്‍ഹിക്കുന്നതൊന്നും ലഭിച്ചിരുന്നില്ല. ഗുരുപൂജാപുരസ്കാരവും അവാര്‍ഡും ഫെല്ലോഷിപ്പുമൊക്കെ വീതിച്ചു നല്‍കുമ്പോള്‍ ആരും അമ്മിണിയെ ഓര്‍ത്തില്ല. ആഗോളനാടകങ്ങളെ അവതരിച്ചിറക്കുമ്പോഴും ഭൂതകാലനാടക രാവുകളെ അഭിനയം കൊണ്ടു വിസ്മയിപ്പിച്ച നടിയെ സംഗീത നാടക അക്കാഡമി പോലും ഓര്‍ത്തില്ല. ആരോടും പരാതി ഉണ്ടായിരുന്നില്ല, പരിഭവം പറഞ്ഞില്ല.
അന്നു തിരികെയിറങ്ങുമ്പോള്‍ ഒരു കാര്യമേ പറഞ്ഞിരുന്നുള്ളൂ, പഴയ നാടകക്കാരെ കാണുകയാണെങ്കില്‍ പറയണം, അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്. ആ വാചകത്തില്‍ നിറഞ്ഞ പ്രതീക്ഷയുടെയും ആയുസൊടുങ്ങുന്നു - അതുവരെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ഒരു നാടകസന്ദര്‍ഭത്തോടും
താരതമ്യപ്പെടുത്താന്‍ കഴിയില്ലായിരുന്നു അമ്മിണിചേച്ചിയുടെ അവസാനകാല
ജീവിതസന്ദര്‍ഭങ്ങള്‍. താരതമ്യം പോലും അസാധ്യമാക്കി വിജയിക്കുന്നു, ഇനിയും
നല്ല രചയിതാവിനുള്ള പുരസ്‌കാരം ലഭിക്കാത്ത വിധി എന്ന നാടകകൃത്ത്
ദൂരെയെവിടെയോ ഒരു നാടകത്തിന്‍റെ അനൗണ്‍സ്മെന്‍റ് മുഴങ്ങുന്നു. വേദിയിലെ എല്ലാ വെളിച്ചവും കെട്ടു, ആകാംക്ഷയുടെ മൂന്നു ബെല്ലുകള്‍ മുഴങ്ങുമ്പോള്‍ വന്നെത്തി നില്‍ക്കുന്നതു വൈക്കത്തെ ചെമ്മനാത്തുക്കര എന്ന ഗ്രാമത്തില്‍. വൈക്കത്തിന്‍റെ വീഥികള്‍ കടന്നു ഗ്രാമത്തിന്‍റെ ഇടവഴികളിലേക്കു തിരിയുമ്പോള്‍ വെറുതെയോര്‍ത്തു, കാലങ്ങള്‍ക്കു മുമ്പ് എത്രയോ വട്ടം വേദികളിലേക്ക്, അരങ്ങിന്‍റെ രാവുകളിലേക്കു നാടകവണ്ടിയോടിയ വഴികള്‍. അരങ്ങിന്‍റെ നാലു ചുവരുകളില്‍ വേഷവൈവിധ്യത്തോടെ ജീവിതം ആടിത്തീരാനായുള്ള സഞ്ചാരങ്ങള്‍. എല്ലാ വേഷങ്ങളും അഴിച്ചുവച്ച്, നാടകമെന്ന ഭൂതകാലത്തെ ആവേശമായി അവശേഷിപ്പിച്ച ഒരാളെ കാണാനാണു യാത്ര. നീണ്ട വഴിയിലൂടെ ഒരു വീടിനു മുന്നിലേക്ക്, രംഗസജ്ജീകരണം പൂര്‍ത്തിയായ അരങ്ങു പോലെ, അവിടെയെവിടെയോ ഒരു അരങ്ങും, അവതരിച്ചിറങ്ങാന്‍ ഒരു നടനും കാത്തിരിക്കുന്നതു പോലെ. യവനികയ്ക്കു പിന്നില്‍ ഒരു നാടകജീവിതം കാത്തിരിക്കുന്നു. ജീവിതം തുടങ്ങുകയായി, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക.....
ടി. കെ ജോണ്‍ ഇന്‍.....
കാണാനെത്തിയ ആള്‍ അകത്തുണ്ടെന്ന അറിയിപ്പ്, അക്ഷരരൂപത്തില്‍ ടി. കെ ജോണ്‍ ഇന്‍ എന്ന രൂപത്തില്‍ തെളിഞ്ഞിരിക്കുന്നു. വേനലിനെ ഇളം തണുപ്പില്‍ തോല്‍പ്പിക്കുന്ന പൂമുഖത്തു കാത്തിരുന്നു. അകത്തേക്കുള്ള വാതിലില്‍ കര്‍ട്ടന്‍ മാറ്റി, കറുത്ത തൊപ്പിയണിഞ്ഞു പ്രത്യക്ഷപ്പെടുമ്പോള്‍ ഏതോ നാടകത്തിലെ കഥാപാത്രം പോലെ തോന്നിച്ചു. ടി. കെ. ജോണ്‍ മാളവിക. ഒരു കാലത്തു കേരളത്തിലെ നാടകപ്രേമികളെ ഹരം കൊള്ളിച്ചിരുന്ന പേര്. ഒരു പോലെ പ്രശസ്തരായിരുന്ന നാടകസമിതിയും ഉടമയും നടനും സംവിധായകനും. പരീക്ഷണനാടകങ്ങള്‍ എന്ന മുന്‍വിശേഷണങ്ങളില്ലാതെ. നാടകവേദിയിലെ ത്രസിപ്പിക്കുന്ന ഒരുപാടു പരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ച വ്യക്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ഇത്തവണത്തെ എസ്. എല്‍ പുരം സദാനന്ദന്‍ പുരസ്കാരം തേടിയെത്തുമ്പോള്‍, അതു നാടകവേദിക്കു നല്‍കിയ സംഭവാനകളെ മാനിച്ചു സാംസ്കാരിക കേരളം നല്‍കിയ അംഗീകാരങ്ങളുടെ അനിവാര്യമായ തുടര്‍ച്ച മാത്രം.
പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ശല്യം ചെയ്യുമ്പോഴും നാടകം എന്ന ഓര്‍മയ്ക്കു മുന്നില്‍ സാധ്യമാകും വിധം വാചാലനാകുന്നു അദ്ദേഹം. ഇരുപതാമത്തെ വയസില്‍ അരങ്ങില്‍ അഭിനയം തുടങ്ങുമ്പോള്‍, വൈക്കം തുരുത്തിക്കര വീട്ടില്‍ കുര്യന്‍റെയും കുട്ടിയമ്മയുടെയും മകന് പാരമ്പര്യമൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. വടവുകോട് സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നാടകത്തില്‍ അഭിനയിച്ചിരുന്നു. സ്കൂളിലെ അധ്യാപകരെല്ലാം കലാകാരന്മാരായതു കൊണ്ടു തന്നെ അതിനുള്ള വഴി തെളിയുകയായിരുന്നു. പക്ഷേ അപ്പോഴും തന്‍റെ ജീവിത വഴികളില്‍ ഇനിയും ഒരുപാട് അരങ്ങുകള്‍ കാത്തിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞില്ല അദ്ദേഹം. ഒടുവില്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വഴി എന്ന നാടകത്തില്‍ ജയില്‍പ്പുള്ളിയായി അഭിനയിക്കുമ്പോള്‍ ജീവിതം ഇനി നാടകത്തിലായിരിക്കുമെന്നു മനസിലാക്കുകയായിരുന്നു.
അഭിനയത്തിന്‍റെ അള്‍ത്താരയില്‍....
അമെച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. നാടു മുഴുവന്‍ സഞ്ചരിക്കുന്ന പ്രൊഫഷണല്‍ നാടകവേദിയുടെ സങ്കേതങ്ങളിലേക്ക് എത്തുന്നതിനു മുമ്പു തന്നെ അമെച്വര്‍ വേദിയില്‍ പയറ്റിത്തെളിഞ്ഞു. തകര്‍ന്ന ഹൃദയം, ചെകുത്താനും ചെങ്കോലും, രാവും പകലും തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. മലയാളിയുടെ കലാതാത്പര്യങ്ങളില്‍ നാടകത്തിനു പ്രഥമസ്ഥാനമുണ്ടായിരുന്ന കാലം. അമ്പലപ്പറമ്പുകളിലും ഫൈന്‍ അര്‍ട്സ് ഹാളുകളിലും നാടകം വേരുറച്ചിരുന്ന സമയം. ടി. കെ. ജോണ്‍ നാടകത്തിന്‍റെ ലോകത്തെത്തുമ്പോള്‍ നാടകത്തിന്‍റെ പ്രൗഡകാലം തന്നെയായിരുന്നു. അരങ്ങിനെ ആവാഹിച്ച നാടകരംഗത്തെ പ്രഗത്ഭരെ മലയാളി അംഗീകരിക്കാന്‍ മടിക്കാതിരുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്‍റെ രംഗപ്രവേശം. സഹകരിച്ചതോ അതിപ്രഗത്ഭരോടൊപ്പവും.
വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ഡോക്ടര്‍, എന്‍. എന്‍ പിള്ളയുടെ ആത്മബലി, പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര, കെ. ടി മുഹമ്മദിന്‍റെ കടല്‍പ്പാലം, എസ്. എല്‍ പുരത്തിന്‍റെ അഗ്നിപുത്രി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ധാരാളം വേദികളില്‍ എത്തി. എല്ലാം കേരളം അംഗീകരിച്ച നാടകങ്ങളായിരുന്നു എന്നതാണു പ്രത്യേകത. ഒ. മാധവന്‍, കാലയ്ക്കല്‍ കുമാരന്‍, മണവാളന്‍ ജോസഫ്, കെ. പി. ഉമ്മര്‍, കവിയൂര്‍ പൊന്നമ്മ, വിജയകുമാരി തുടങ്ങിയവരുടെ ഒപ്പം ഇക്കാലയളവില്‍ അഭിനയിച്ചു. സ്വന്തമായി ഒരു സമിതി വേണമെന്ന മോഹം മനസില്‍ അപ്പോഴും ഉണ്ടായിരുന്നു. ഒടുവില്‍ പി. കെ. വിക്രമന്‍ നായരില്‍ നിന്നും സംവിധാനം പഠിച്ച ശേഷം ആ സ്വപ്നം സഫലമാകുന്നു. നടനായി അരങ്ങിലെത്തിയ ടി. കെ. ജോണ്‍ ഒരു സമിതിയുടെ ഉടമയാകുന്നു.
അവതരണം വൈക്കം മാളവിക...
അതൊരു തുടക്കമായിരുന്നു. മലയാളിയുടെ മനസില്‍ ചേക്കേറിയ എണ്ണം പറഞ്ഞ നാടകസമിതിയില്‍ ഒന്നായി വൈക്കം മാളവിക മാറുകയായിരുന്നു, ചുരുങ്ങിയ കാലം കൊണ്ടു തന്നെ. നാടകരംഗത്തെ പ്രമുഖരുടെ രചനയില്‍ നിരവധി നാടകങ്ങള്‍ മാളവികയുടെ ബാനറില്‍ അരങ്ങിലെത്തി. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വെളിച്ചമേ നയിച്ചാലും, പി. ജെ. ആന്‍റണിയുടെ പ്രളയം, പൊന്‍കുന്നം വര്‍ക്കിയുടെ തിരുവാതിര, എ. കെ. ലോഹിതദാസിന്‍റെ അവസാനം വന്ന അതിഥി.....അങ്ങനെ അനേകം നാടകങ്ങള്‍, എല്ലാ നാടകങ്ങളും സംവിധാനം ചെയ്തതും പ്രധാന വേഷത്തില്‍ അരങ്ങിലെത്തിയതും ജോണ്‍ തന്നെയായിരുന്നു. വൈക്കം മാളവികയുമായി പതിനായിരത്തിലധികം വേദികളില്‍ ജോണ്‍ എത്തി. 1969ലായിരുന്നു വൈക്കം മാളവിക രൂപീകരിക്കുന്നത്. പിന്നീടുള്ള മുപ്പത്താറു വര്‍ഷം സജീവനാടകവേദിയുടെ സ്പന്ദനമായി വൈക്കം മാളവികയും ടി. കെ. ജോണും നിലകൊണ്ടു.
നാടകവേദിയില്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടത്തിയിരുന്നു അദ്ദേഹം. ലൈറ്റിങ്ങിലും രംഗസജ്ജീകരണത്തിലും മാറ്റങ്ങള്‍ കൊണ്ടു വന്നു. വേദിയില്‍ ആദ്യമായി സ്റ്റെയര്‍ കെയ്സ് പ്രത്യക്ഷപ്പെട്ടതൊക്കെ വൈക്കം മാളവികയുടെ നാടകത്തിലായിരുന്നു. ജീവസുറ്റ നാടകത്തിന്‍റെ പിന്‍ബലത്തില്‍ അരങ്ങിലെത്തിയ അത്ഭുതങ്ങളെ കാണികള്‍ അംഗീകരിച്ചു.
അനുഭവങ്ങളേ നന്ദി...
മാളവികയുടെ ബാനറില്‍ അവസാനം അരങ്ങിലെത്തിയ നാടകം, അനുഭവങ്ങളേ നന്ദി. കാലങ്ങളോളം നീണ്ട നാടകജീവിതത്തിലൂടെ അറിഞ്ഞ അനുഭവങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ടൊരു അവസാനം. പയറ്റിത്തെളിഞ്ഞ അരങ്ങൊഴിയുമ്പോഴും അഭിനയം ആ രക്തത്തില്‍ തന്നെയുണ്ടായിരുന്നു. നാടകത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ത്തന്നെ സിനിമയിലും സാന്നിധ്യമറിയിച്ചു. കന്മദം, വജ്രം, അരയന്നങ്ങളുടെ വീട്, മണിയറ കള്ളന്‍, ബാലേട്ടന്‍.... എസ്. എല്‍. പുരം സദാനന്ദന്‍ പുരസ്കാരത്തില്‍ എത്തിനില്‍ക്കുന്ന അംഗീകാരം, അതിനു മുമ്പേ സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജാ പുരസ്കാരം, മലയാളി സമാജം അവാര്‍ഡുകള്‍....
പഴയ ആളുകളില്‍ ഇപ്പോള്‍ വിജയകുമാരി മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ചില നാടകപ്രവര്‍ത്തകരൊക്കെ വരാറുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഈ പുരസ്കാരമെന്നു പറയുന്നു ജോണ്‍. ഒരുപാടു സന്തോഷം തോന്നി. ഒരു കാലത്തു സഹകരിക്കാന്‍ കഴിഞ്ഞ എസ്. എല്‍ പുരം സദാനന്ദന്‍റെ പേരില്‍ത്തന്നെയുള്ള പുരസ്കാരം ആകുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുന്നു. ഭാര്യ ആലിസും ആറു മക്കളും അടങ്ങുന്നതാണു ജോണിന്‍റെ കുടുംബം. അസുഖത്തിന്‍റെ അസ്വസ്ഥതകളുള്ളതു കൊണ്ടു തന്നെ ഇപ്പോള്‍ വിശ്രമജീവിതത്തിന്‍റെ അരങ്ങില്‍..
അരങ്ങില്‍ ഗാംഭീര്യത്തോടെ പ്രത്യക്ഷപ്പെട്ട നടന്‍റെ അതേ ഭാവങ്ങളോടെത്തന്നെയാണ് ഇദ്ദേഹം ഇപ്പോഴും മുന്നിലിരിക്കുന്നത്. എഴുപത്തഞ്ചാം വയസില്‍ ശരീരത്തെ തളര്‍ത്തുന്ന അസുഖങ്ങളുണ്ടെങ്കിലും, ആ മനസിലിപ്പോഴും നാടകം നിറഞ്ഞുനില്‍ക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ചിരിക്കാന്‍ മടിക്കുന്ന മുഖം, ഒരു പക്ഷേ ആ മുഖത്തു ഭാവങ്ങള്‍ നിറയണമെങ്കില്‍ മൂന്നാമത്തെ ബെല്ല് മുഴങ്ങണമായിരിക്കും.... ജീവിതം വീണ്ടുമൊരു കലാകാരന് ആദരവര്‍പ്പിക്കുന്നു... അനുഭവങ്ങളേ നന്ദി .............
സമര്‍പ്പണം : അനന്തപുരിയെ പ്രണയിക്കുന്നവര്‍ക്ക്
കുടപ്പനക്കുന്നില്‍ എന്റെ അച്ഛന്റെ ചേച്ചിയുടെ വീടിനപ്പുറത്തു നിന്നാണ് ദൂരദര്‍ശനെന്ന മഹാത്ഭുതം ടെലിവിഷനില്‍ വിരുന്നെത്തുന്നതെന്ന അറിവ് അത്ഭുതം മാത്രമായിരുന്നില്ല, ഒരു അഹങ്കാരവുമായിരുന്നു എനിക്ക്. കൊച്ചമ്മായിയുടെ വീട്ടില്‍ നിന്നാല്‍ കാണാവുന്ന ദൂരദര്‍ശന്റെ ടവര്‍ലൈറ്റും, കെട്ടിടവുമൊക്കെ എന്റെ അതിഭാവുകത്വം നിറഞ്ഞ കഥയിലെ കഥാപാത്രങ്ങളായി പലവട്ടം കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചിറങ്ങി. എറണാകുളം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ദൂരദര്‍ശന്‍ പിറക്കുന്ന നാട് ഒരു അത്ഭുതം തന്നെയായിരുന്നു. സത്യത്തില്‍ എനിക്കും. എന്നാല്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം സ്ഥിരമായി മുഖത്തു നിറച്ചു നിര്‍ത്തി ഞാന്‍, എന്നും.
ഇന്നും അനന്തപുരിയിലെ ഈ ചെറിയ ഗ്രാമം ഒരു ആവേശമാണ്. തീവണ്ടിയേയും ആ യാത്രയേയും ഏറെ സ്‌നേഹിക്കുന്ന ഭൂതകാലം കൈമോശം വന്നു പോയിട്ടില്ലാത്തതിനാല്‍ എന്റെ കുടപ്പനക്കുന്ന് യാത്രകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അപരിചിതരുടെ അനന്തപുരിയിലേക്കുള്ള യാത്രകള്‍ എന്നും തുടര്‍ന്നു കൊണ്ടേയിരുന്നു. അവധിക്കാലത്ത് തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രയുടെ കൗതുകവും ആവേശവും സുഹൃത്തുക്കള്‍ക്കു മേല്‍, ലഡാക്കില്‍ ജോലി ചെയ്‌ത പട്ടാളക്കാരന്റെ വെടിയുണ്ടകഥകള്‍ പോലെ പലവട്ടം തുളച്ചിറങ്ങി.
ആദ്യം മകനായി, ഭര്‍ത്താവായി, അച്ഛനായി.................ആ നഗരത്തില്‍ പോയവര്‍ഷങ്ങളുടെ കാലത്തിന്റെ കല്‍പ്പടവുകളില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേഷം പലതായിരുന്നു. കഷ്ടപ്പാടുകളുടെ തയമ്പ് വീണ അച്ഛന്റെ കൈകളില്‍ മുറുകെപിടിച്ച്, ആ മണ്ണിലൂടെ നടന്നു. മാസശമ്പളത്തില്‍ ഒതുങ്ങാത്ത ജീവിതക്കണക്കുകളില്‍ ആ യാത്രയുടെ ചെലവുകള്‍ എങ്ങനെ അച്ഛന്‍ എഴുതിച്ചേര്‍ക്കുമെന്നറിയില്ലായിരുന്ന്‌ു അന്ന്. പിന്നീട് ജീവിതത്തില്‍ അച്ഛന്റെ, ഭര്‍ത്താവിന്റെ വേഷമണിയുമ്പോള്‍ കാലത്തിന്റെ ആ കണക്കുപുസ്‌തകം എനിക്കു മുന്നില്‍ നിവര്‍ന്നിരുന്നു, വ്യക്തമായിത്തന്നെ.
അമ്മേ, അച്ഛന്‍ എന്നെ ജനലിന്റെ അരികില്‍ ഇരുത്തുന്നില്ല... ഈ വാചകം എന്റെ മകന്‍ അവന്റെ അമ്മയോട് പറഞ്ഞതാണ്. നാലു വയസുകാരന്‍ മകനോട് വഴക്കിട്ട്, ജനലരികില്‍ പാടങ്ങളുടെ കാഴ്‌ച കണ്ടു നീങ്ങാനുള്ള സ്വാര്‍ത്ഥ ബാല്യകൗതുകം ഇനിയും കൈമോശം വന്നിട്ടില്ല. തമ്പാനൂരിലെ തിരുവനന്തപുരം ഗന്ധം പരിചിതമായാലും, ഓരോ തവണയും വന്നിറങ്ങുമ്പോള്‍ ആവേശമാണ്. പണ്ടൊരു ട്രങ്ക്‌പ്പെട്ടിയുമായി തിരുവനന്തപുരത്ത് വന്നിറങ്ങിയതും, വേരുറയ്‌ക്കാത്ത മണ്ണില്‍ ജീവിതത്തിന്റെ വിത്തു പാകിയതും, മക്കളെ വളര്‍ത്തിയതുമൊക്കെ അച്ഛന്റെ സഹോദരിയുടെ വാക്കുകളിലൂടെ എത്രയോ വട്ടം ആവര്‍ത്തിച്ചിരിക്കുന്നു. പിന്നീട് പലവട്ടം ശ്രീപത്മനാഭന്റെ നഗരത്തിലെ അപരിചിത വഴികള്‍ പരിചിതമാക്കി നടന്നു തളര്‍ന്നിരിക്കുന്നു. ന്‌ല്ല ചായ കിട്ടുന്ന, നല്ല വട കിട്ടുന്ന എത്രയോ ചായക്കടകളുടെ രുചികള്‍ സ്വായത്തമാക്കിയിരിക്കുന്നു. എങ്കിലും ആദ്യമായി ഒരു നഗരത്തില്‍ വന്നിറങ്ങുന്ന ആവേശത്തോടെ ഇന്നും ആ യാത്ര തുടരാന്‍ കഴിയുന്നു. ഒരിക്കലും മടുക്കാതെ
ഇന്നും, ഒരു തിരുവനന്തപുരം യാത്രയുടെ തലേന്ന്, കലാലയത്തില്‍ നിന്നും വിനോദയാത്ര പോകുന്നതിന്റെ തലേന്നത്തെ എക്‌സൈറ്റ്‌മെന്റാണ്. മുപ്പതാം വയസിലും ആ യാത്രാവേശം അനുഭവിക്കാന്‍ കഴിയുന്നു........................സമര്‍പ്പിക്കുന്നു അനന്തപുരിയെ അഗാധമായി പ്രണയിക്കുന്നവര്‍ക്ക്....