മാവേലിക്കരയില്‍ നിശ്ചലമായിക്കിടക്കുന്ന ഒരു മൃതശരീരത്തിന്‍റെ അവസാനരംഗത്തോടെ ഒരു ജീവിതത്തിന്...നാടകത്തിനു തിരശീല. ഇനി അടുത്ത അരങ്ങില്ല. മേക്കപ്പിന്‍റെ ഗന്ധം ഘനീഭവിക്കുന്ന നാടകവണ്ടിയില്‍ മറ്റൊരു യാത്രയില്ല. മൂന്നു ബെല്ലുകള്‍ക്കപ്പുറം പിറവിയെടുക്കുന്ന നാടകമെന്ന അടങ്ങാത്ത ആവേശമില്ല. ആരും അറിയാതെ, അരങ്ങറിയാതെ, അഭ്രപാളിയറിയാതെ മാവേലിക്കര അമ്മിണി യാത്.. ചരമപ്പേജില്‍ ഒതുങ്ങിപ്പോയ ഒരു മരണവാര്‍ത്തയില്‍ നിന്നും മാവേലിക്കര അമ്മിണിയെ തലമുറകള്‍ തിരിച്ചറിയണം, അരങ്ങും അഭ്രപാളിയും ഉപേക്ഷിച്ച ശേഷമുള്ള ജീവിതമറിയണം, ഒടുവിലൊരുനാള്‍ എഴുന്നേല്‍ക്കാനാകാത്ത കിടക്കയില്‍ നിന്നും മരണം വിളിച്ചു കൊണ്ടു പോകുന്നു മാവേലിക്കര അമ്മിണി എന്ന നടിയെ.
നിത്യഹരിതനായകന്‍റെ ആദ്യ അമ്മ. പ്രേംനസീര്‍ ആദ്യമായി വേഷമിട്ട മരുമകള്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ അമ്മയായി അഭിനയിച്ചത് അമ്മിണിയായിരുന്നു. പിന്നെ എണ്ണായിരത്തോളം നാടകവേദികള്‍, കാഥിക, നര്‍ത്തകി..... ആറു മാസം മുമ്പു മാവേലിക്കരയിലെ ചെറുകോലിലുള്ള അമ്മിണിയുടെ വീട്ടിലേക്കു പോകുമ്പോള്‍ കൈവശമുണ്ടായിരുന്ന ജീവിതസംഗ്രഹം. എന്നാല്‍ സംഗ്രഹങ്ങളെ നിഗ്രഹിച്ചു കൊണ്ടൊരു ജീവിതം മുന്നില്‍ വിതുമ്പി നില്‍ക്കുന്നു. ചുളിവു വീണ മുഖത്തെ നീര്‍ച്ചാലുകളില്‍ കണ്ണീരൊഴുകുന്നതു തിരിച്ചറിയാനാകാതെ പതറുകയായിരുന്നു പലപ്പോഴും. ഏകാന്തതയുടെ ഇരുട്ടു വീണ മുറിയില്‍ ഒറ്റയ്ക്കു, കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ. എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളില്‍ നിറഞ്ഞുനിന്ന നടിയുടെ ലോകം ജനാലകള്‍ക്കിടയിലൂടെയുള്ള ഇത്തിരിക്കാഴ്ചയില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. അഭിനയിച്ച നാടകരംഗങ്ങളെ വെല്ലുന്നതായിരുന്നു, അമ്മിണിയുടെ ജീവിതരംഗങ്ങള്‍...
മറിയാമ്മ, അമ്മിണിയായി
നസീറിന്‍റെ അമ്മയായി...
വാലില്‍ പാപ്പിയുടെയും സാറാമ്മയുടെയും മകള്‍, മറിയാമ്മ. പിറവി ക്രൈസ്തവ കുടുംബത്തിലെങ്കിലും തിരുവാതിരയും നാടകവുമൊക്കെയായിരുന്നു താത്പര്യം. അക്കാലത്തു ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ആ വേദിയില്‍ നിറഞ്ഞു നിന്നു. കണ്ടിയൂര്‍ വായനശാലക്കു വേണ്ടി അഭിനയിച്ച ഭാമാവിജയം ആയിരുന്നു ആദ്യനാടകം. പതിനാലു വയസില്‍ അരങ്ങിലെത്തിയതു നാടകനടി എസ്. ആര്‍ പങ്കജത്തിന്‍റെ പ്രേരണയിലായിരുന്നു. അക്കാലത്തു തന്നെ കഥാപ്രസംഗത്തിലും സജീവമായിരുന്നു. കലാലോകത്തു നിറഞ്ഞപ്പോള്‍ മറിയാമ്മ എന്ന പേരു മാറ്റി, അമ്മിണിയായി, മാവേലിക്കര അമ്മിണിയായി. ഒറ്റനാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയതോടെ പേരും പ്രശസ്തിയുമേറി. ആര്‍ട്ടിസ്റ്റ് പി. ജെ ചെറിയാന്‍റെ മിശിഹാചരിത്രം നാടകത്തില്‍ കന്യാമറിയമായി അഭിനയിച്ചതോടെ ഒരു നടി കൂടി പിറക്കുന്നു എന്നു മലയാള നാടകലോകം തിരിച്ചറിയുകയായിരുന്നു.
നാടകനടിയായി പ്രശസ്തയാവുമ്പോള്‍ കഥാപ്രസംഗം കൈവിട്ടിരുന്നില്ല. അങ്ങനെയൊരിക്കല്‍ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ അന്വേഷിച്ചു വന്നതായി അറിഞ്ഞു. സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം. സേലത്താണു സിനിമ, സംവിധാനം ചെയ്യുന്നതൊരു തമിഴനും. ഇന്‍റര്‍മീഡിയറ്റിനു പഠിക്കുന്ന ഒരു പയ്യനാണു നായകന്‍. അമ്മിണിക്ക് അവസരം ലഭിച്ചിരിക്കുന്നതു ആ പയ്യന്‍റെ അമ്മയായി അഭിനയിക്കാനും. എന്നാല്‍ നായകനും നായകന്‍റെ അമ്മയ്ക്കും ഒരേ പ്രായമായിരുന്നു എന്നതു മറ്റൊരു കാര്യം. ആ ഇന്‍റര്‍മീഡിയറ്റുകാരന്‍ പിന്നീടു മലയാള സിനിമയുടെ ചരിത്രമായി, നിത്യഹരിതനായകനായി പ്രേംനസീര്‍. മരുമകള്‍ ആയിരുന്നു ആ സിനിമ. അതിനുശേഷം എപ്പോള്‍ കാണുമ്പോഴും അമ്മേ എന്നു വിളിക്കുമായിരുന്നെന്നു അമ്മിണി ഓര്‍ക്കുന്നു, നല്ല മനുഷ്യനായിരുന്നു. രണ്ടു സിനിമകളില്‍ക്കൂടി അമ്മിണി അഭിനയിച്ചു, വിയര്‍പ്പിന്‍റെ വില, പുതിയ ആകാശം പുതിയ ഭൂമി.
അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്
ജി. കെ പിള്ളയുടെ നാടകക്കമ്പനി, പി. എ തോമസിന്‍റെ നാടകസമിതി, നടന്‍ ബഹദൂറിന്‍റെ നാടകക്കമ്പനി..... പേരില്ലാതെ പ്രശസ്തരുടെ നാടകക്കമ്പനികള്‍ നിറഞ്ഞുനിന്നിരുന്ന കാലത്തും അമ്മിണി തിരക്കുള്ള നടിയായി മാറുകയായിരുന്നു. എത്രയോ നാടകരാവുകള്‍. ബല്ലാത്ത പഹയന്‍, മാണിക്യകൊട്ടാരം തുടങ്ങിയ ഹിറ്റ് നാടകങ്ങള്‍. ഒടുക്കം എന്‍. എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതിയിലെത്തി. പ്രേതലോകം നാടകത്തില്‍ തുടക്കം, വൈന്‍ഗ്ലാസ്, കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍, ക്രോസ്ബെല്‍റ്റ്.... ഇരുപത്തിരണ്ടു വര്‍ഷം വിശ്വകേരള കലാസമിതിയുടെ നാടകത്തിലുണ്ടായിരുന്നു അമ്മിണി.
"" ഞാന്‍ അനാഥയാണു മോനേ. അമ്മയില്ല അച്ഛനില്ല. സഹോദരങ്ങളില്ല. ഭര്‍ത്താവും മകളുമില്ല....'' ഇത് അമ്മിണി അഭിനയിച്ച നാടകത്തിലെ സംഭാഷണമല്ല. സ്വന്തം ജീവിതത്തിന്‍റെ ക്ലൈമാക്സില്‍ എത്തിനില്‍ക്കുമ്പോള്‍ വിധി അമ്മിണിയുടെ അനുഭവങ്ങളാല്‍ ആവര്‍ത്തിപ്പിക്കുന്ന വാചകം. അരങ്ങിനും അഭ്രപാളിക്കുമിടയില്‍ കൈമോശം വന്നുപോയ ജീവിതം. നടിയായിരിക്കുമ്പോള്‍ത്തന്നെയായിരുന്നു വിവാഹം.എറണാകുളത്തുകാരന്‍ ജോസഫ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അദ്ദേഹം മരണമടഞ്ഞു. പിന്നെ മകളെ വളര്‍ത്താനുള്ള പരിശ്രമങ്ങളായിരുന്നു. അഭിനയം അന്നത്തിനുള്ള മാര്‍ഗമായി, മകളെ വളര്‍ത്തി, പഠിപ്പിച്ചു. ലീലാമ്മ ജോസഫ് എന്നായിരുന്നു മകളുടെ പേര്. ഒടുവില്‍ മകള്‍ക്കു ജോലി കിട്ടി, അമ്മിണിയുടെ അനിയത്തിയുടെ ഒപ്പം രാജസ്ഥാനിലായിരുന്നു ജോലി. ആദ്യശമ്പളം അമ്മയ്ക്ക് അയച്ചു കൊടുത്തു.
വിശ്വകേരളകലാസമിതിയിലായിരുന്നു അപ്പോള്‍. കുറെ ദിവസം തുടര്‍ച്ചയായി നാടകം. ആ സമയത്തൊന്നും വീട്ടിലെത്തിയിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം വീട്ടിലെത്തുമ്പോള്‍ ആ ജീവിതത്തിലെ മറ്റൊരു രംഗം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വാര്‍ത്ത, പത്തു ദിവസങ്ങള്‍ക്കു മുമ്പ്, രാജസ്ഥാനില്‍വച്ചു അമ്മിണിയുടെ മകള്‍ മരണമടഞ്ഞു. അന്നു വൈകിട്ടും നാടകമുണ്ടായിരുന്നു. ചങ്ങനാശേരിയിലെ വേദിയില്‍ ക്രോസ്ബെല്‍റ്റ് നാടകത്തിലെ അമ്മുക്കുട്ടിയമ്മയായി വേഷപ്പകര്‍ച്ച. വേദിക്കു മുന്നില്‍ നിരന്നിരിക്കുന്ന കാഴ്ച്ചക്കാരന്‍റെ കൗതുകത്തിനു മുന്നില്‍ മകളെ നഷ്ടപ്പെട്ട അമ്മ അന്നും നല്ല നടിയായി.
അസുഖത്തിന്‍റെ തളര്‍ച്ച അരങ്ങുകളെ അന്യമാക്കി. ചേട്ടത്തിയുടെ മരുമകള്‍ പൊന്നമ്മയായിരുന്നു അമ്മിണിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കുറച്ചുനാള്‍ മുമ്പ് വീണു കാലിലെ അസ്ഥിക്കു പൊട്ടലുണ്ടായതോടെ നടക്കാന്‍ കഴിയാതെയായി. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
എണ്ണായിരത്തിലധികം അരങ്ങുകളില്‍ അഭിനയിച്ചിട്ടും അമ്മിണിക്ക് അര്‍ഹിക്കുന്നതൊന്നും ലഭിച്ചിരുന്നില്ല. ഗുരുപൂജാപുരസ്കാരവും അവാര്‍ഡും ഫെല്ലോഷിപ്പുമൊക്കെ വീതിച്ചു നല്‍കുമ്പോള്‍ ആരും അമ്മിണിയെ ഓര്‍ത്തില്ല. ആഗോളനാടകങ്ങളെ അവതരിച്ചിറക്കുമ്പോഴും ഭൂതകാലനാടക രാവുകളെ അഭിനയം കൊണ്ടു വിസ്മയിപ്പിച്ച നടിയെ സംഗീത നാടക അക്കാഡമി പോലും ഓര്‍ത്തില്ല. ആരോടും പരാതി ഉണ്ടായിരുന്നില്ല, പരിഭവം പറഞ്ഞില്ല.
അന്നു തിരികെയിറങ്ങുമ്പോള്‍ ഒരു കാര്യമേ പറഞ്ഞിരുന്നുള്ളൂ, പഴയ നാടകക്കാരെ കാണുകയാണെങ്കില്‍ പറയണം, അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്. ആ വാചകത്തില്‍ നിറഞ്ഞ പ്രതീക്ഷയുടെയും ആയുസൊടുങ്ങുന്നു - അതുവരെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ഒരു നാടകസന്ദര്‍ഭത്തോടും താരതമ്യപ്പെടുത്താന്‍ കഴിയില്ലായിരുന്നു അമ്മിണിചേച്ചിയുടെ അവസാനകാല ജീവിതസന്ദര്‍ഭങ്ങള്‍. താരതമ്യം പോലും അസാധ്യമാക്കി വിജയിക്കുന്നു, ഇനിയും നല്ല രചയിതാവിനുള്ള പുരസ്‌കാരം ലഭിക്കാത്ത വിധി എന്ന നാടകകൃത്ത്
ഇങ്ങനെ ആരെല്ലാം.. എവിടെയെല്ലാം...
ReplyDeleteവേദനിപ്പിക്കുന്ന വായനയായിരുന്നു..