Saturday, August 20, 2011

മണ്ണിലേക്ക് വഴി വെട്ടുന്ന ബേബി



വര്‍ഷങ്ങള്‍ക്കു മുന്‍പ്.

സെമിത്തേരിയില്‍ കുഴി വെട്ടുന്ന അമ്മയെ സഹായിക്കുന്ന പെണ്‍കുട്ടി. പെട്ടെന്നു മണ്‍വെട്ടി, തകിടു പോലെ എന്തിലോ മുട്ടിയ ശബ്ദം. അമ്മ മണ്ണുമാറ്റി നോക്കുമ്പോള്‍, ഇന്‍റാലിയത്തിന്‍റെ ശവപ്പെട്ടി. നീ മുകളിലേക്കു കയറിക്കോ, ഇങ്ങോട്ട് നോക്കണ്ട, അമ്മയുടെ ആജ്ഞ. മകള്‍ മുകളിലേക്കു കയറിയെങ്കിലും, കുഴിയിലേക്കു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പെട്ടിയുടെ കൊളുത്തുകള്‍ ഓരോന്നായി തുറക്കുകയാ ണ് അമ്മ. ഒടുവില്‍ അവസാനത്തെ കൊളുത്തും മാറ്റി... പെട്ടി പതുക്കെ തുറന്നു... ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഭയമുണരാന്‍ അതു മതിയായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി...

വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു...

അന്നു പേടിച്ചോടിയ പെണ്‍കുട്ടിക്ക് ഇന്നു പ്രായം അമ്പത്തിമൂന്ന്. പാരമ്പര്യം കൈയിലേല്‍പ്പിച്ച മണ്‍വെട്ടി ഇപ്പോഴും കൈയിലുണ്ട്. പഴയ പേടിയില്ല. മൃതദേഹങ്ങളുടെ കാഴ്ച, ഭയം ജനിപ്പിക്കാത്ത വിധത്തില്‍ ശീലമായി മാറിക്കഴിഞ്ഞു. ഇതും ഒരു തൊഴിലാണെന്ന തിരിച്ചറിവില്‍, അന്നത്തെ ആ പെണ്‍കുട്ടി, പാത്രക്കടവില്‍ ബേബി ആന്‍റണിയെന്ന സ്ത്രീ, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയില്‍ കുഴി വെട്ടുന്ന ജോലി തുടരുന്നു. ശീതീകരിച്ച മുറിയില്‍ സ്ത്രീസംവരണത്തിന്‍റെ ശതമാനക്കണക്കു കൂട്ടിക്കിഴിക്കുമ്പോള്‍, അറിയണം പുരുഷന്മാര്‍പോലും മൂക്കറ്റം മദ്യപിച്ചു ചെയ്യുന്ന ജോലി, കഴിഞ്ഞ മുപ്പത്താറു വര്‍ഷമായി, ഇവര്‍ തുടരുകയാണെന്ന്.

ബേബിയുടെ അമ്മ കുഞ്ഞമ്മയുടെ ആങ്ങള യായിരുന്നു ആദ്യം കുഴി വെട്ടിയിരുന്നത്. പിന്നീട് കുഞ്ഞമ്മ ഏറ്റെടുത്തു. പതിനേഴാം വയസില്‍ അമ്മയെ സഹായിക്കാന്‍ ബേബി യും പോയിത്തുടങ്ങി. മൂന്നാം ക്ലാസ് വരെ മാത്രമേ മേരി പഠിച്ചിട്ടുള്ളൂ. അപ്പന്‍ നേരത്തേ മരിച്ചു. ഒടുവില്‍ അമ്മയും പോയപ്പോള്‍, ആരുമില്ലാതാ യി. അന്വേഷിക്കാന്‍ ആരുമില്ലെന്നായപ്പോള്‍ പേടി മാറുകയായിരുന്നെന്നു ബേബി. സെമിത്തേരിയിലെ അവശിഷ്ടങ്ങള്‍ ഒറ്റയ്ക്കു നീക്കം ചെയ്യാനുള്ള ധൈര്യം അനുഭവത്തിലൂടെ നേടിയെടുത്തു. കുഴി വെട്ടുന്നതൊരു സ്ത്രീയെന്നു കേള്‍ക്കുമ്പോള്‍, ചിലര്‍ക്ക് അത്ഭുതം...ഇതെങ്ങനെ കഴിയുന്നുവെന്ന സംശയം. എന്നാല്‍ തന്‍റെ ജോലി ഇതാണെന്നു ബേബി മനസാ അംഗീകരിച്ചു കഴിഞ്ഞു.



ആദ്യകാലത്തു ഏഴര രൂപയായിരുന്നു കൂലി. ഇപ്പോഴതു നാനൂറു രൂപയിലധികമായി. പണം നല്‍കുന്നതു പള്ളിയില്‍ നിന്നാണ്. ഭയം ജനിപ്പിക്കുന്ന കാഴ്ചകള്‍ മാത്രമല്ല, പാറ്റ, ഇരുതലമൂരി... കുഴിവെട്ടുന്നതിനിടയില്‍ ഇവയൊക്കെ പുറത്തുവരും. അപ്പോള്‍ കുഴിയില്‍ നിന്നു കുറച്ചു നേരം കയറി പുറത്തുനില്‍ക്കും. കുറച്ചു കഴിഞ്ഞേ ജോലി തുടരൂ. പകല്‍സമയത്തു മാത്രമേ ജോലി ചെയ്യാറുള്ളൂ. രാത്രി വേണ്ടെന്നു പള്ളിയില്‍ നിന്നു നിര്‍ദേശമുണ്ടെ ന്നു ബേബി പറയുന്നു. ഒരു കുഴി വീണ്ടും കുഴിക്കുന്നതിന് ആദ്യം രണ്ടര വര്‍ഷമായിരുന്നു കാലാവധി. അക്കാലത്തായിരുന്നു പേടിപ്പിക്കുന്ന കാഴ്ചകള്‍ കൂടുതല്‍. ഇപ്പോഴതു നാലു വര്‍ഷമാണ്.

പള്ളിപ്പുറം മഞ്ഞുമാത പള്ളിക്കു സമീപത്തു തന്നെയാണു ബേബിയുടെ വീട്. ഭര്‍ത്താവ് ആന്‍റണി ഹാര്‍ബറിലെ ജോലിക്കാരനായിരുന്നു. പള്ളി നല്‍കിയ സ്ഥലത്തു തന്നെയാണു വീടുവച്ചിരിക്കുന്നത്. ഈ ജോലി ചെയ്യുമ്പോള്‍ എന്തെങ്കിലും മടിയില്ലേ എന്നു ചോദിച്ചാല്‍... ജീവിക്കാന്‍ വേണ്ടിയല്ലേ എന്നു മറുപടി. ആരും ഇതുവരെ ഞാന്‍ കേള്‍ക്കേ കുഴിവെട്ടി എന്നു വിളിച്ചിട്ടില്ല, ബേബി പറയുന്നു. ബേബി ചേച്ചി എന്നേ വിളിക്കാറുള്ളൂ. എല്ലാക്കാര്യത്തിലും നാട്ടുകാര്‍ സഹകരിച്ചിട്ടേയുള്ളൂ, ചിലപ്പോള്‍ കേള്‍ക്കാ തെ അങ്ങനെ വിളിക്കുന്നവരുണ്ടാകും, ബഹുജനം പലവിധം എന്നല്ലേ...? ബേബി ചോദിക്കുന്നു.





സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച്, തുല്യപങ്കാളിത്തത്തെക്കുറിച്ച് വനിതാദിനത്തില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ അറിയണം, പള്ളിപ്പുറത്തെ ഈ ബേബിയെ. അവകാശവാദങ്ങളോ, സമത്വവാദചിന്തയോ ആയിരുന്നില്ല, ഈ ജോലി ഏറ്റെടുക്കുമ്പോള്‍ ബേബിക്കു മുന്നിലുണ്ടായിരുന്നത്. ജീവിതമായിരുന്നു. പുരികത്തിന്‍റെ അഴകളവുകള്‍ കൃത്യമാക്കി, ചാനല്‍ഫ്ളോറിലിരുന്ന് സ്ത്രീസമത്വത്തെക്കുറിച്ചു ഓക്കാനിച്ചിടുമ്പോള്‍ മറക്കരുത്.... ഇവിടെയൊരു സ്ത്രീ മണ്‍വെട്ടിയുമേന്തി ജീവിതത്തിന്‍റെ മണ്ണില്‍ ആഞ്ഞുകിളയ്ക്കുന്നുണ്ടെന്ന്, ഒരുപാടു മനുഷ്യര്‍ ആ കുഴിയിലെ മണ്ണിലേയ്ക്കാണ് മടങ്ങുന്നതെന്ന്...

Thursday, August 4, 2011

നിശബ്ദ താഴ്വരയുടെ തീരങ്ങളില്‍

കാടിന്‍റെ വന്യതയിലൂടെയാണ് പ്രപഞ്ചത്തിലേക്കുള്ള ഏറ്റവും തെളിഞ്ഞ വഴി 
ജോണ്‍ മിര്‍ (സ്കോട്ടിഷ് എഴുത്തുകാരന്‍)

യാത്ര മണ്ണാര്‍ക്കാടിന്‍റെ സമതലങ്ങള്‍ പിന്നിടുന്നു. ലക്ഷ്യം മുക്കാലി എന്ന സ്ഥലം. ദൂരെ, മഞ്ഞ് അരിച്ചിറങ്ങുന്ന മലഞ്ചെരിവുകള്‍, വീഴാന്‍ വെമ്പി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. ഹെയര്‍പിന്‍ വളവിന്‍റെ കാഴ്ചകളിലൂടെ ബസ് മലമുകളിലേക്കു നീങ്ങുമ്പോള്‍, കാടിന്‍റെ വന്യത തെളിയുന്നു. കഴിഞ്ഞ ദിവസം ഇവിടെ ആനയിറങ്ങിയിരുന്നു, സഹയാത്രികന്‍റെ ലോഹ്യം. പാറക്കൂട്ടങ്ങള്‍ക്കപ്പുറം ഒരു ആനക്കാഴ്ചയ്ക്കു കണ്ണോര്‍ത്തു.

താഴ്വരയുടെ നിശബ്ദത നേരത്തെ മനസില്‍ കയറിയോ? നേരില്‍ കാണുമ്പോള്‍ മനസിന്‍റെ ആദ്യകാഴ്ചയോട് നീതിപുലര്‍ത്തുമെന്ന് ഉറപ്പില്ല. സൈലന്‍റ് വാലിയുടെ കാഴ്ചകളെ ഭാവനയില്‍ വിരിയിച്ച് യാത്ര തുടരുകയായി. മുക്കാലി എത്താറായോ? ഈ ചോദ്യത്തിന്‍റെ ആവര്‍ത്തനവിരസതയില്‍ നേരത്തെ മടുപ്പു രേഖപ്പെടുത്തിയതാണു കണ്ടക്റ്റര്‍. ഒരു വട്ടം കൂടി ചോദിക്കാനായി ആ മുഖത്തേക്കു നോക്കിയപ്പോള്‍ ഭീഷണി, ഇനി രണ്ടാമത്തെ സ്റ്റോപ്പ്.

ചെറിയൊരു ടൗണ്‍ഷിപ്പ്, മുക്കാലി. ഇനിയങ്ങോട്ടു കാടാണെന്നു പറയാതെ പറയുന്ന നഗരത്തിന്‍റെ വിദൂരഛായ പേറുന്ന ചെറിയ ഗ്രാമം. ഭവാനിപ്പുഴയൊഴുകുന്ന ഗ്രാമം. മുക്കാലിയില്‍ വച്ചൊരു ടേണ്‍, അതിലൂടെയാണു കിഴക്കോട്ടൊഴുകുന്ന നദിയെന്ന വിശേഷണം ഭവാനി നേടിയെടുക്കുന്നത്.
 
 ഇനി കാടിന്‍റെ നടുവിലൂടെ യാത്ര. മുക്കാലിയില്‍ നിന്നു കാട് അതിരിടുന്ന വഴിയിലൂടെ സൈരന്ധ്രിയിലേക്ക്. സമയം ഉച്ചക്കു പന്ത്രണ്ടു മണിയോടടുക്കുന്നു. കൂട്ടിന് താഴ്വരയിലെ വാച്ചര്‍ ഗോപിച്ചേട്ടനുണ്ട്. വിനോദം വഴിമാറുന്നു. അറിയാന്‍ ഏറെയുണ്ട്. ഓരോ മരച്ചുവട്ടിലും ഒരോ കഥകള്‍ കാത്തിരിക്കുന്നുണ്ട്. കല്ലു പാകിയ റോഡിലൂടെ ജീപ്പ് പായുകയാണ്.

വനസമൃദ്ധിയുടെ വഴിയിലേക്ക്....

ജീപ്പിന്‍റെ ചക്രങ്ങള്‍ ഉരുളുന്നത് കൊളോണിയലിസത്തിലൂടെയാണ്. ബ്രിട്ടിഷുകാര്‍ നിര്‍മിച്ച കൂപ്പ് റോഡ്. പിന്നെ ഇലക്ട്രിസിറ്റിയുടെ സാധ്യത തേടി വൈദ്യുതി വകുപ്പെത്തിയപ്പോള്‍ നടത്തിയ ചെറിയ പരിഷ്കാരങ്ങള്‍. പെട്ടെന്നു ജീപ്പ് നിര്‍ത്തി. ഇടതുവശത്ത് താഴേക്കു ചൂണ്ടി ഗോപിച്ചേട്ടന്‍ പറഞ്ഞു, അവിടെ പാറയില്‍ കയറിനിന്നാല്‍, താഴെ കരുവാര ട്രൈബല്‍ കോളനി കാണാം. 
 
 
കരുവാര മലയുടെ താഴ്വാരത്തില്‍ ജീവിതം കൂടുകൂട്ടിയിരിക്കുന്ന ആദിവാസികള്‍. താഴെ പച്ചപ്പിനു നടുവില്‍ തീപ്പെട്ടിക്കൂടുകള്‍ പോലെ വീടുകള്‍. അടുത്ത സ്റ്റോപ്പ് ഒരു മിഠായിയുടെ പ്ലാസ്റ്റിക് കടലാസിനു മുന്നില്‍. കാടിനെ മലിനമാക്കുന്ന യാതൊന്നും അവശേഷിപ്പിക്കരുതെന്ന് അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സനൂഷിനു നിര്‍ബന്ധമുണ്ട്.

കഴിഞ്ഞ ദിവസം പന്തന്‍തോടില്‍ അനിമല്‍ സൈറ്റിങ് ഉണ്ടായത്രേ. അഞ്ചു കടുവകള്‍. വഴിയരികിലെ മരക്കൊമ്പില്‍ കഴുകനും മലയണ്ണാനും കാനനസുന്ദരി എന്നറിയപ്പെടുന്ന ചിത്രശലഭവും, മരതകപ്രാവും ഓലേഞ്ഞാലിയും പേരറിയാ പക്ഷികളും. കാട്ടിലെ ജീവന്‍റെ കാഴ്ച തുടര്‍ന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെപ്പോഴോ ഗോപിച്ചേട്ടന്‍

പറഞ്ഞു, ഇവിടെ നിന്നു സെമി എവര്‍ഗ്രീന്‍ ഫോറസ്റ്റ് തുടങ്ങുകയാണ്. വഴിയരികിലൊരു വെള്ളച്ചാട്ടം, ചിത്രശലഭങ്ങളുടെ കളിത്തട്ട്.
 
 
 
പല വര്‍ണങ്ങളിലുള്ള, ആകൃതിയിലുള്ള ശലഭങ്ങള്‍. കന്യാവനത്തില്‍ മരങ്ങളുടെ വൈവിധ്യവും ധാരാളം. എണ്ണിയാലൊടുങ്ങാത്ത, സ്വര്‍ഗത്തിലേക്കു മുട്ടുന്ന തലപ്പുകളുള്ള കൂറ്റന്‍ മരങ്ങള്‍. അറുനൂറു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്ന മുത്തശിപ്ലാവ്, ഭദ്രാക്ഷം, സിംഹവാലന്‍ കുരങ്ങുകളുടെ ഇഷ്ടഭക്ഷണം കായ്ക്കുന്ന വെടിപ്ലാവ്, വൈല്‍ഡ് ടുബാക്കോ, ആനവിരട്ടി, കുന്തിരിക്കം..

ഒരു കാലത്തു ബ്രിട്ടിഷുകാര്‍, തീവണ്ടിപ്പാളങ്ങളുടെ സ്ലീപ്പറുകള്‍ നിര്‍മിക്കാനുള്ള ചുരുളിമരം കൊണ്ടു പോയിരുന്നത് ഈ റോഡിലൂടെയാണ്. ഒരിക്കലും നശിക്കാത്ത മരമാണു ചുരുളി. സൈലന്‍റ് വാലിയിലാണെങ്കില്‍ അതു സമൃദ്ധവും. പക്ഷേ, ഇനിയൊരു ശക്തിക്കും ഈ കാടിന്‍റെ ഹൃദയത്തില്‍, ആഞ്ഞുവെട്ടാനാകില്ല. ഒരു വനവിഭവവും കടത്താനാകില്ല. 1200ലേറെ ഔഷധസസ്യങ്ങളുള്ള ജൈവ കലവറയാണ് ഈ താഴ്വര.

തുംബാര്‍ജിയ മൈസുറന്‍സിസ്
ജീപ്പ് പെട്ടെന്നു നിര്‍ത്തിയപ്പോള്‍ ഗോപിച്ചേട്ടന്‍ മുഖത്തേക്കു നോക്കി ഗൗരവത്തോടെ പറഞ്ഞു, തുംബാര്‍ജിയ മൈസുറന്‍സിസ്. നാടകീയമായ ആ വാക്കിനു ശേഷം വിശദീകരണം എത്തുംവരെ, കാട്ടുഭാഷ അറിയുമോ എന്ന് ഈ മനുഷ്യന്‍ പരീക്ഷിക്കുകയാണോ എന്നു പോലും സംശയിച്ചു. തുംബാര്‍ജിയ മൈസുറന്‍സിസ്..നിത്യഹരിത വനങ്ങളില്‍ മാത്രം കാണുന്ന പുഷ്പം. ഫോട്ടൊയ്ക്ക് പോസ് ചെയ്യാന്‍ മടിച്ച്, കാട്ടുവള്ളികളിലാടി കളിക്കുന്ന മഞ്ഞ പുഷ്പം. സൈലന്‍റ് വാലിയുടെ മാത്രം വരദാനങ്ങളിലൊന്ന്. നവംബര്‍ - ഡിസംബര്‍ മാസങ്ങളിലാണു കൂടുതലായി പൂക്കുന്നത്. തുംബാര്‍ജിയയുടെ കഥയറിഞ്ഞു ജീപ്പില്‍ക്കയറുമ്പോള്‍, കാലില്‍ അട്ടകളുടെ രക്തരൂക്ഷിത വിപ്ലവം.

പുലിയിറങ്ങും മാമലയില്‍

യാത്ര തുടരുകയാണ്, ഉള്‍ക്കാടിന്‍റെ സൂചനകള്‍ പിന്നിട്ട്. പെട്ടെന്നൊരു വളവ് ഇരമ്പിയാര്‍ത്തു തിരിയുമ്പോള്‍. മുമ്പിലൊരു രൂപം മിന്നിനീങ്ങുന്നു. ഒരുള്‍ക്കിടിലത്തോടെ തിരിച്ചറിഞ്ഞു, പുള്ളിപ്പുലി. വളവില്‍ വീണു കിടക്കുന്ന മരത്തിന്‍റെ മറവില്‍ പതുങ്ങി. ശബ്ദമുണ്ടാക്കരുതെന്ന മുന്നറിയിപ്പില്‍ ഗോപിച്ചേട്ടന്‍ ജീപ്പിനു പുറത്തേക്ക്. കാടിനെ അറിയുന്നയാള്‍ മുന്നിലുണ്ടല്ലോ എന്ന ധൈര്യത്തില്‍ തൊട്ടുപിറകില്‍ നടന്നു. പുലി കാടിന്‍റെ സുരക്ഷിതത്വത്തിലേക്കു മറഞ്ഞു. 

പുലിക്കാഴ്ചയില്‍ ത്രില്ലടിച്ച കണ്ണുകള്‍ കൂടുതല്‍ കാഴ്ചകള്‍ക്കു പരതുന്നുണ്ടായിരുന്നു. അല്‍പ്പം ഉയരത്തില്‍ ജീപ്പ് നിര്‍ത്തി, ഗോപിച്ചേട്ടന്‍ മൊട്ടക്കുന്നുകളിലേക്കു വിരല്‍ ചൂണ്ടി. കാടിന്‍റെ സമൃദ്ധിക്ക് അപവാദമായി നില്‍ക്കുന്ന ആ മൊട്ടക്കുന്നുകള്‍ ഒരു കഥയാണ്. സൈലന്‍റ് വാലിയില്‍ വൈദ്യുത പദ്ധതിയുടെ സാധ്യത തേടി കേന്ദ്രകമ്മീഷന്‍ എത്തുന്നു. എഴുപതുകളുടെ അവസാനത്തില്‍. സൈലന്‍റ് വാലിയില്‍ കാടില്ല എന്നു കമ്മീഷനു മുന്നില്‍ തെളിയിക്കണം. അതിനു മനുഷ്യര്‍, നിത്യഹരിതവനത്തിന്‍റെ മാറില്‍ തീയിട്ടു.
 
 
കാടും കാട്ടുമൃഗങ്ങളും നിറഞ്ഞ കുന്നുകള്‍ നാളുകളോളം നിന്നു കത്തി. ആകാശത്തേക്കുയര്‍ന്നതു വനത്തിന്‍റെ പച്ചപ്പായിരുന്നില്ല, കലിയൊടുങ്ങാത്ത അഗ്നിയുടെ നാളങ്ങള്‍.... നാളുകളുടെ ശ്രമത്തിനു ശേഷം തീയണച്ചു. പതുക്കപ്പതുക്കെ കാട് വളര്‍ന്നു വരുന്നു. കാട്ടുതീയുടെ ഓര്‍മ, ഇപ്പോഴും ഇവിടത്തുകാര്‍ക്കു തീരാവേദന...

കാട്ടിലൂടെ പിന്നെയും മുന്നോട്ട്. ചില അറിവുകള്‍ കൗതുകകരം. പാതയിലൊരിടത്ത് മഴ പെയ്യുമ്പോള്‍, ഇടതു വശത്തെ വെള്ളം കുന്തിപ്പുഴയിലേക്കും വലതു വശത്തെ വെള്ളം ഭവാനിയിലേക്കും ഒഴുകിപ്പോകും. പരാതിയില്ലാതെ വെള്ളം പകുത്തു നല്‍കുന്ന വാട്ടര്‍ ഷെയറിങ് ട്രിബ്യൂണലാണ് ഇവിടെ പ്രകൃതി.

ഇനി വനഹൃദയത്തിലേക്കാണ്.....
ദേശീയോദ്യാനത്തിന്‍റെ കാതല്‍ഭൂമി. അമ്പതു ദശലക്ഷം വര്‍ഷം പഴക്കമുള്ള കാട്. ദിനോസറുകള്‍ ഭക്ഷിച്ചിരുന്നതെന്നു ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയ ട്രീഫണ്‍ എന്ന സസ്യം ഈ കാടുകളിലുണ്ട്. ട്രീഫണിന്‍റെ ചെറുരൂപങ്ങളും വഴിയരികില്‍ സമൃദ്ധമായി വളരുന്നു. സാധാരണ കാടുകളില്‍ കേള്‍ക്കുന്നതു പോലെ ചീവിടുകളുടെ ചിലമ്പല്‍ശബ്ദമില്ല. സൈലന്‍റ് വാലിയെന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്നു അന്തരീക്ഷം പോലും. സ്കൂള്‍ അങ്കണത്തില്‍ അസംബ്ലിക്ക് അനുസരണയോടെ നിശബ്ദരായി നില്‍ക്കുന്ന കുട്ടികളെപ്പോലെയാണ് വന്‍ മരങ്ങളും. ആ മരങ്ങളുടെ ഉയരങ്ങളിലേക്കു നോക്കി. സ്വര്‍ഗത്തോട് സംസാരിക്കാനുള്ള ഭൂമിയുടെ അവസാനിക്കാത്ത ശ്രമങ്ങളാണ് മരങ്ങള്‍ എന്നെഴുതിയ രവീന്ദ്രനാഥ് ടഗോറിനെ ഓര്‍ത്തു.

സൈരന്ധ്രിയുടെ സന്നിധിയില്‍..


യാത്ര ഇരുപത്തിമൂന്നു കിലോമീറ്റര്‍ പിന്നിടുന്നു. മരങ്ങള്‍ അതിരിട്ട വഴിയുടെ അവസാനം.. ടോപ് സ്റ്റേഷന്‍. മലമുകളിലെ ഔട്ട് പോസ്റ്റ്.....സൈരന്ധ്രി. താഴെ കുന്തിപ്പുഴയുടെ കലമ്പല്‍. മല കടന്നെത്തുന്ന കാറ്റിന്‍റെ വന്യതയില്ലാത്ത തലോടല്‍. സൈരന്ധ്രിയില്‍ ക്യാംപ് ഹൗസും റിസര്‍ച്ച് സെന്‍ററും ഉണ്ട്. മുക്കാലിയില്‍ നിന്നു കാട്ടിലേക്കു കടക്കുമ്പോള്‍ ഒപ്പം ഗൈഡുണ്ടാകും, അറിവു പകരാന്‍. നാടിന്‍റെ മര്യാദക്കേടുകള്‍ കാട്ടില്‍ തുടരുന്നില്ല എന്നുറപ്പാക്കും എന്ന് ഫോറസ്റ്റ് റെയ്ഞ്ചര്‍ ശിവദാസ് പറഞ്ഞത് ഓര്‍ത്തു. 


സൈരന്ധ്രിയില്‍ നിന്നു കുന്തിപ്പുഴയിലേക്കു ഒന്നരക്കിലോമീറ്റര്‍ നടത്തം. ജൈവസമൃദ്ധിയുടെ വഴിത്താരകള്‍. കാട്ടിലൂടെ ഔഷധസസ്യങ്ങളെ തഴുകിയെത്തുന്ന കാറ്റിനു പോലും ഔഷധവീര്യമുണ്ട്. ഒരു നല്ല ശ്വാസോച്ഛാസത്തിനു പോലും ഈ കാടിനോടു കടപ്പെട്ടു പോകുന്നു. കാടും മലമടക്കുകളും കടന്നൊഴുകുന്ന കുന്തിപ്പുഴയുടെ തീരത്ത്, സൈലന്‍റ് വാലി നാരിയ എന്നറിയപ്പെടുന്ന പുല്ലു വളരുന്നുണ്ട്.

 
 
പുരാണത്തിന്‍റെ പുണ്യമൊഴുകുന്ന പുഴ. പുഴയ്ക്കു മുകളിലെ തൂക്കുപ്പാലത്തിനു കുറച്ചകലെ, കമഴ്ത്തിവച്ച പാത്രം പോലെയാണ് പാറ. ദ്രൗപദി കഴുകി കമഴ്ത്തി വച്ച അക്ഷയപാത്രമത്രേ അത്. മഴ പെയ്യുമ്പോള്‍ പാത്രത്തിനു മുകളില്‍ വെള്ളം വീഴുന്ന ശബ്ദമാണ് അവിടെനിന്ന് കേള്‍ക്കുക.

പ്രകൃതിയുടെ വാച്ച് ടവര്‍
 

 സൈരന്ധ്രിയിലെ വാച്ച് ടവറിനു മുകളില്‍ നിന്നാല്‍ കാടിന്‍റെ വിസ്തൃതി അറിയാം. പക്ഷേ, അതൊരിക്കലും പൂര്‍ണതയല്ല, കണ്ണെത്താ ദൂരത്ത് കാടുകള്‍ ബാക്കി. കാറ്റുവീശുമ്പോള്‍ ടവറിലേക്കു കയറുമ്പോള്‍ അല്‍പ്പം പേടി തോന്നി. ആ ഭയം കാഴ്ചയുടെ ആനന്ദത്തിനു വഴിമാറിയതും പെട്ടെന്നായിരുന്നു. താഴെ വെള്ള വര പോലെ കുന്തിപ്പുഴ. 
 
 
ചെത്തിമിനുക്കിയ പെന്‍സിലിന്‍റെ തുമ്പു പോലെ പൂച്ചിപ്പാറ ടോപ്, ഡബ്ള്യൂ മല. പേരറിയാ വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍. പറഞ്ഞറിയിക്കാന്‍ കഴിയാത്ത പച്ചപ്പിന്‍റെ വിസ്തൃതി. കാടിന്‍റെ ഉയരക്കാഴ്ചകള്‍ക്കു മീതെ രാവില്‍ വിരല്‍സ്പര്‍ശനം

ഇനി മടക്കം

തിരികെയിറങ്ങുമ്പോള്‍, ജീപ്പിനു പുറകിലിരുന്ന് നിശബ്ദമായി ആരോടോ യാത്ര പറഞ്ഞു, വരട്ടെ..
 അങ്ങനെ പറയാനാണ് തോന്നിയത്. വരും, വരാതിരിക്കില്ല.

ഒരു കവിതയായിരുന്നു മനസില്‍....

കസ്തൂരി തേടിപ്പോയ മുത്തച്ഛന്‍
ഇന്നലെ മലയിറങ്ങി വന്നു.
കൈയില്‍ കസ്തൂരിക്കു പകരം 
ഒരു സംസ്കാരത്തിന്‍റെ അമ്പ്.
അതു കനല്‍ അണയാത്ത 
ചിതയില്‍  നിന്നു കിട്ടിയത്.
അതിനു മണ്ണിന്‍റെ ഗന്ധവും 
മിന്നലിന്‍റെ ശക്തിയും.