Wednesday, November 30, 2011

നൂറു വെളിച്ചെണ്ണ അമ്പതു കടുക്

സിഗരറ്റു കൂടിന്‍റെ പിന്നിലെ വെളുപ്പില്‍
കണക്കുകൂട്ടല്‍.

നൂറു വെളിച്ചെണ്ണ
അമ്പതു കടുക്
നൂറ്റമ്പതു മുളക്

ബാക്കിക്ക് കല്ലു പെന്‍സിലും നാരങ്ങാമൊട്ടായിം, അതായിരുന്നു അമ്മയുടെ ഓഫര്‍.

മൊട്ടായി കിട്ടി...
കല്ലു പെന്‍സിലു താ...
താഴേന്നൊരു കല്ലെടുത്തോ...
പെന്‍സിലു നാളെത്തരാം...

അത്ര സുഖിച്ചില്ല ആ തമാശ...എല്ലാം വാരിപ്പിടിച്ച്, നാരങ്ങാ മൊട്ടായി നുണഞ്ഞ്...ആനവണ്ടിയുടെ ശബ്ദത്തില്‍ വണ്ടി കളിച്ച് വീട്ടിലേക്കോടുമ്പോള്‍ അമ്മയുടെ മുന്നറിയിപ്പ് ഓര്‍ത്തു, അന്നത്തെപ്പോലെ കുപ്പി പൊട്ടിയാല്‍...വണ്ടിയുടെ സ്പീഡ് കുറച്ചു...പതിവു ഗിയറുമാറ്റം ഇല്ല...കയ്യില്‍ വെളിച്ചെണ്ണക്കുപ്പിയുണ്ടല്ലോ...വീട്ടില്‍ ചെന്ന് സ്ലേറ്റില്‍ തറാ പറാന്ന് എഴുതിത്തുടങ്ങുമ്പോള്‍ അടുക്കളയില്‍ നിന്ന് ഉള്ളി മൂപ്പിച്ച ചോറിന്‍റെ മണം...ആകാശവാണി ശബ്ദിക്കുന്നു... ഇന്നത്തെ യുവവാണിയില്‍...

കോക്കനട്ട് ഓയിലേ... രണ്ടു കിലോ അങ്ങെടുത്താലോ? ഒരു ഗ്ലാസ് ബൗള്‍ ഫ്രീയുണ്ട്...ഭാര്യയുടെ ചോദ്യമാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്. മനസില്‍ ആരോ ചിരിക്കുന്നു, എന്നിട്ട് വീണ്ടും ഓര്‍മിപ്പിക്കുന്നു...

നൂറു വെളിച്ചെണ്ണ
അമ്പതു കടുക്
നൂറ്റമ്പതു മുളക്

ചെറിയ അളവുകളില്‍ സമൃദ്ധമായൊരു അത്താഴം കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചോര്‍ത്തു. ആട്ടിയ കൊപ്രയുടെ മണമുള്ള പലചരക്കുകടയുടെ തണലില്‍ നില്‍ക്കുമ്പോള്‍ കേട്ട ശബ്ദങ്ങള്‍ ഓര്‍ത്തു. കടയിലേക്ക് സാധനം വാങ്ങാന്‍ അയയ്ക്കുമ്പോള്‍ അമ്മയുടെ അല്ലെങ്കില്‍ അമ്മൂമ്മയുടെ മനസില്‍ കണക്കുണ്ടാവും. ഇതൊരു ഇമേജാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ആധുനിക വ്യാപാര സങ്കേതങ്ങളും മലയാളിയുടെ നിത്യജീവിതത്തില്‍ എത്തും മുമ്പേ, ഒരു പക്ഷേ എത്തിയിട്ടും ഈ വ്യാപാരരീതിയുണ്ടായിരുന്നു എല്ലായിടത്തും. ഇപ്പോള്‍ റീടെയ്ല്‍ വില്‍പ്പന ശൃംഖലയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വെറുതേ തോന്നുന്നു ഇതൊക്കെ അവസാനിക്കുന്നുവോ? അതെന്തുമാകട്ടെ, മനസിലേക്ക് വന്നു വീഴുന്നു നാട്ടിന്‍പുറത്തെ ആ ദൃശ്യം. വെളിച്ചെണ്ണയുടെ മണമുള്ള, ഭിത്തിയില്‍ പറ്റുപടിക്കണക്കിന്‍റെ രേഖപ്പെടുത്തലുകളുള്ള, ഒരു കൊളുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ചാക്കുനൂലിന്‍റെ വലിയ കട്ടയുള്ള, ലൈഫ്ബോയ്യുടെ ഗന്ധമുള്ള... മരപ്പലകകള്‍ ഒന്നിനു പിന്നാലെ ഒന്നായി ചേര്‍ത്തു വച്ച് അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്ന ഒരു കട...

കടന്നു പോകുന്ന കച്ചവടക്കാഴ്ച

അന്നത്തെ ആഹാരത്തിനായി ദിവസക്കൂലിയുടെ അളവുകളില്‍ ഒതുങ്ങുന്ന വാങ്ങലുകള്‍, കൃത്യമായ മനക്കണക്കു തെറ്റാതെ. ചില്ലറവ്യാപാരത്തിന്‍റെ അപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തിയ ലാഭം നേടുമ്പോള്‍, വാങ്ങുന്നവനും സംതൃപ്തി. ചെറിയ ദൂരത്തില്‍ ആഗ്രഹിക്കുന്ന അളവില്‍ എന്തും വാങ്ങാനുള്ള സാധ്യത. ചില്ലറവ്യാപാര മേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്കു വിട്ടു കൊടുക്കുമ്പോള്‍ മലയാളിയുടെ മനസില്‍ നിന്ന് ഈ ഇമേജ് അന്യം നിന്നു പോകാന്‍ തുടങ്ങുന്നു. ഒരു പക്ഷേ ഇത്തരമൊരു നീക്കത്തിന്‍റെ അതിഭാവുകത്വം കലര്‍ന്ന സാധ്യതയെന്നു തോന്നാമെങ്കിലും അതിവിദൂരമല്ല ആ കാലം. ഇതെല്ലാം കാലത്തിന്‍റെ വളര്‍ച്ചയിലെ അനിവാര്യമായ മാറ്റം തന്നെ. എങ്കിലും ഒരുപാടു തലമുറകളുടെ മനസില്‍ സജീവമായൊരു കച്ചവടക്കാഴ്ച പതുക്കെ മറയുന്നു, ആരേയും വേദനിപ്പിക്കാതെ, അധികമാര്‍ക്കും ഗൃഹാതുരത ഉണര്‍ത്താ തെ. അങ്ങനെയൊരു സംഭവം മറയുന്നുണ്ടെന്നു തോന്നിപ്പിക്കുക പോലെ ചെയ്യാതെ.


 ആവശ്യക്കാരന്‍ പറയുന്ന പലചരക്കുകളുടെ കണക്കുകൂട്ടാന്‍ വിളിച്ചു പറയുന്നതിനൊരു താളം കൂടിയുണ്ട്. സിഗരറ്റു കൂടിന്‍റെ മറുപ്രതലത്തില്‍ എഴുതി, നിമിഷനേരം കൊണ്ടു കണക്കുകൂട്ടുന്ന പലരും പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഭാഗ്യം കിട്ടാത്തവരായിരിക്കും. അനുഭവപരിചയത്തിന്‍റെ ഗണിതം ഒരിക്കലും പിഴയ്ക്കുകയുമില്ല. അരിയിലേയും പയറിലേയും കല്ലുകളോടു ക്ഷമിക്കാനും, മുളകുപൊടിയുടേയും മഞ്ഞള്‍ പ്പൊടിയുടേയും നിറക്കൂടുതലിനോടു കലഹിക്കാതിരിക്കാനും പഠിച്ചുതുടങ്ങിയത് ഒരുനാള്‍ കടം പറഞ്ഞാലും കുഴപ്പമില്ലെന്നതു കൊണ്ടാണ്, കാശില്ലാത്ത കാരണത്താല്‍ അന്നത്തെ ആഹാരം മുടക്കില്ലെന്നതു കൊണ്ടാണ്. എല്ലാം വാങ്ങിക്കഴിഞ്ഞിട്ട്, എഴുതിക്കോ എന്ന ഒറ്റവാക്കില്‍ അഭേദ്യമായൊരു വിശ്വാസം. പറ്റുപടിയെന്ന കടം പറയ ലിന്‍റെ പരിഷ്കൃതനാമത്തെ പ്രയോജനപ്പെടുത്താന്‍ മറ്റെവിടെക്കഴിയും.കടം പറഞ്ഞവരുടെ പേരെഴുതിയ ചുമരുകള്‍ കാലം മായ്ക്കുന്നു. അവിടെ വില കൂടിയാല്‍ പരിഭവിക്കാനും, വിലയില്‍ ഇളവു വാങ്ങാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നാലു ചക്രമുള്ള ട്രോളിയുമുന്തി ആവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞെടുത്തു മടങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും സൃഷ്ടിക്കപ്പെടാത്ത വിശ്വാസം.

പറ്റുപടിയുടെ വിശ്വാസങ്ങള്‍

അളവില്‍ നൂറിന്‍റേയും അമ്പതിന്‍റേയും സൗകര്യങ്ങളില്ലാതെ വരുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ കഴിയാത്ത ചെറിയൊരു വിഭാഗം ഇപ്പോഴും ശേഷിക്കുന്നുണ്ടാകുമെന്നു തീര്‍ച്ച. അപ്രതീക്ഷിതമായി വിരുന്നു വന്ന അതിഥിക്കുള്ള ഭക്ഷണമൊരുക്കാന്‍ ആരും കാണാതെ പിന്നാമ്പുറത്തൂടെ ഓടി ആശ്രയിക്കാന്‍ ഇത്തരം കടകളല്ലാതെ മറ്റെന്തുണ്ടായിരുന്നു ഒരു കാലത്ത്. കൈയിലൊരു ചെറിയ കുപ്പിയും മടക്കിപ്പിടിച്ച സഞ്ചിയുമായി കടകളിലേക്കു നടന്നടുക്കുന്നവര്‍... ആ കാഴ്ച മറക്കാനാവില്ല.



ഊഴം കാത്തു നില്‍ക്കുമ്പോള്‍ നാട്ടുവര്‍ത്തമാനങ്ങളുടെ ചൂടുള്ള ചര്‍ച്ച. ഒളിച്ചോട്ടവും വേലിചാട്ടവും അവിഹിതവും തുടങ്ങി അവിശ്വാസ പ്രമേയം വരെ വിഷയമാകാവുന്ന ചര്‍ച്ചകള്‍. പലചരക്കു കടയിലെ പലവിധ വിശേഷങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എല്ലാം കേട്ട് ചുമരിലെ കലണ്ടറില്‍ തെങ്കാശി കായത്തിന്‍റെ വലിയ എഴുത്തിനു മുകളില്‍ ശ്രീദേവിയോ പദ്മിനി കൊലാപ്പുരിയോ ചിരിക്കും...

ഇത്തരം കടകള്‍ക്കു പലപ്പോഴുമൊരു പേരിന്‍റെ വിശേഷണം ഉണ്ടാകാറില്ല. മിക്കവാറും കടക്കാരന്‍റെ പേരിനു പിന്നില്‍ ചേട്ടന്‍ എന്നോ അമ്മാവന്‍ എന്നോ ചേര്‍ത്ത് ഒരു പേരു വിളിക്കും. ഏതോ തലമുറ അജ്ഞാതകാരണത്തില്‍ വട്ടപ്പേരു നല്‍കിയ എത്രയോ കടക്കാര്‍. തലമുറകള്‍ കടന്നിട്ടും ആ പേരു മാത്രം നഷ്ടപ്പെടാതെ കച്ചവടത്തിന്‍റെ പാരമ്പര്യം തുടര്‍ന്നവര്‍ അനേകം. കച്ചവടത്തിന്‍റെ ആധുനിക സങ്കേതങ്ങള്‍ തുറന്നിട്ടും, നഷ്ടത്തിലായിട്ടും കടയെന്ന നാലു ചുവരിന്‍റെയുളളില്‍ രാജാവായുള്ള വാഴ്ച അവസാനിപ്പിക്കാന്‍ മടിച്ചവര്‍ എത്രയോ പേര്‍. ആഴ്ചയില്‍ ഒരിക്കല്‍ ചന്തയ്ക്കു പോയി മടങ്ങിവരുമ്പോള്‍ വാര്‍ത്തകളുടെ വിശാലമായ ലോകം ഗ്രാമത്തിലേക്കു കൊണ്ടു വന്നിരുന്നു ഈ കച്ചവടക്കാര്‍. പൊതിയാനുള്ള പത്രക്കടലാസില്‍ നിന്നു വാര്‍ത്തകളുടെ അറിവു നേടിയവര്‍. അസംഘടിതരെങ്കിലും വ്യാപാരരീതിയിലും ഉപഭോക്താവിനെ കൈകാര്യം ചെയ്യുന്ന രീതിയിലും സമാനസംഘടിത സ്വഭാവം പുലര്‍ത്തിയിരുന്നു അവരും.
പൂട്ടാത്ത പൂട്ടുകള്‍
സാധാരണക്കാരന്‍റെ ആവശ്യങ്ങളുടെ അളവിനോട് സമരസപ്പെടാനാകാതെ താഴിട്ടു പൂട്ടുന്നു ഒരു കച്ചവടസംസ്കാരത്തെ. കച്ചവടത്തെ മനുഷ്യത്വവുമായി കൂട്ടിയിണക്കി, മനുഷ്യരുമായി കൂട്ടിയണിക്കിക്കഴിഞ്ഞവരുടെ കാലം കഴിയുന്നു. ഒരു കൂട്ടം അപരിചിതര്‍ അവനവന്‍റെ മാത്രം ആവശ്യത്തിനായി പരസ്പരം അജ്ഞാതരായി വന്നു കടന്നു പോകുന്നവരുടെ സങ്കേതം മാത്രമായി കച്ചവടകേന്ദ്രങ്ങള്‍ മാറിക്കഴിഞ്ഞു. പലവകയുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മേല്‍ക്കൂരയുടെ ചുവട്ടില്‍ ഊഴം കാത്തു നില്‍ക്കുന്ന കാഴ്ചകള്‍ മറയുന്നു. കാലത്തിന്‍റെ ഇരുട്ടു പടരുന്നു. മനസില്‍ സെറ്റിട്ടൊരുക്കിയ പലചരക്കു കട അടയ്ക്കുന്നു. പുറത്തൊരു ബോര്‍ഡ് തൂക്കാം, ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ കട തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ഇനിയൊരറിയിപ്പ് ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ...



അമ്മേ ഹോര്‍ളിക്സ്...രാ വണിന്‍റെ സ്റ്റിക്കര്‍ ഫ്രീയുണ്ട്...മനോഹരമായി ഡിസൈന്‍ ചെയ്ത റാക്കുകള്‍ക്കിടയിലൂടെ ട്രോളി തള്ളുന്നതിനിടെ ഒന്നാം ക്ലാസുകാരന്‍റെ ഓര്‍മപ്പെടുത്തല്‍. അരിക്കു ഫ്രീയായി കുറച്ചു കല്ലു കിട്ടിയിരുന്നു

എന്നതൊഴിച്ചാല്‍... പണ്ട് നൂറു വെളിച്ചെണ്ണയ്ക്കും അമ്പതു കടുകിനും എന്ത് ഫ്രീ തരാനാണ്...

ചെറിയ കടലാസു പൊതികള്‍ക്കൊപ്പം വെളിച്ചെണ്ണക്കുപ്പിയും മാറില്‍ അടുക്കിപ്പിടിച്ച്...നാരങ്ങാമിട്ടായി നുണഞ്ഞ്...വീട്ടിലേക്ക് ഓടിപ്പോയതിന്‍റെ ഓര്‍മകള്‍ മനസിലുള്ള ഒരു തലമുറ ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളോട് താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. എന്നാലും പറയാതെ വയ്യ...മകനേ.. നിനക്കു നഷ്ടം, ത്രാസില്‍ ചെറിയ കട്ടികള്‍ വീഴുമ്പോഴുള്ള ശബ്ദം...കൊപ്രയാട്ടിയ വെളിച്ചെണ്ണയുടെ മണം...ഉള്ളി മൂപ്പിച്ച ചോറ്...യുവവാണി...

കാലമേ...ഗുഡ് ബൈ...

വാള്‍മാര്‍ട്ടേ...സ്വാഗതം....

Thursday, November 17, 2011

പുഴ കടന്ന് മലമുകളിലേക്ക്




ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ ‘’

മലമുകളില്‍ മധ്യമാവതി രാഗത്തില്‍

ഒരു പകലൊടുങ്ങുന്നു.

ശരണമന്ത്രങ്ങളുടെ ശബ്ദഘോഷത്തിരകളില്‍ സര്‍വര്‍ക്കും ആശ്രയമായി കാത്തിരിക്കുന്ന ഒരാള്‍ ഉറങ്ങാന്‍ ഒരുങ്ങുന്നു. കീര്‍ത്തനം താരാട്ടായി മാറുന്നു. നിര്‍മാല്യനേരം മുതല്‍ അത്താഴപൂജയ്ക്കപ്പുറവും മലകയറി വരുന്ന ഭക്തര്‍ക്കു വേണ്ടി ഉണരാനായി... വ്രതപുണ്യത്തിന്‍റെ കാനനപാത താണ്ടിയെത്തുന്നവര്‍ക്കു ദര്‍ശനത്തിന്‍റെ സുകൃതം നല്‍കാനായി... കൂപ്പിയ കൈകളുടെ പിന്നില്‍ കണ്ണുകള്‍ ഈറനണിയുന്നു. വൃശ്ചിക രാവിന്‍റെ മഞ്ഞില്‍ ഒരു മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ നട മെല്ലെ അടയുന്നു. അപ്പോഴും തൊഴുതിറങ്ങിയവര്‍ മല താണ്ടിയിട്ടുണ്ടായിരുന്നില്ല...പുഴയും കാടും കടന്ന് എത്രയോ പേര്‍ മലകയറിക്കൊണ്ടിരിക്കുന്നു. പുണ്യപാപച്ചുമടുകളില്‍ മുറുകെപ്പിടിച്ച് മലമുകളില്‍ എവിടെയോ വച്ച് പരസ്പരം കടന്നു പോയി....

ഇടറിവീഴാന്‍ പാടില്ലാത്ത വിശ്വാസകാലത്തിന്‍റെ വരമ്പിലൂടെയുള്ള യാത്ര തുടങ്ങുകയാണ്, ഒരിക്കല്‍ക്കൂടി. ശബരിമല വ്യത്യസ്തമായ ഇമേജാണ് മലകയറുന്നവര്‍ക്കും മലകയറിയിട്ടില്ലാത്തവര്‍ക്കും. ഈശ്വരനും ഈശ്വരനെ കാണാനെത്തുന്നവരും സ്വാമിയായി മാറുന്ന ഇടം. ജീവിതത്തിന്‍റെ കഠിനപാതകള്‍ പിന്നിട്ട്, വിശ്വാസത്തിന്‍റെ കാനനപാതകള്‍ താണ്ടി, ഒടുവില്‍ ദര്‍ശനപുണ്യത്താല്‍ മനസിന്‍റെ ശ്രീകോവിലില്‍ സംതൃപ്തിയുടെ നിറദീപക്കാഴ്ചയൊരുക്കാന്‍ ജനലക്ഷങ്ങളുടെ തീര്‍ഥാടനം. വൃശ്ചികപ്പുലരിയുടെ വിശ്വാസനാളുകളില്‍ ശബരിമല എന്ന ഏകലക്ഷ്യത്തിലേക്ക് ഇരുമുടിക്കെട്ടുകള്‍ നിറയുന്നു.

വ്രതം നോക്കുന്നതിനും ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിനും ശരണമന്ത്രങ്ങള്‍ ഏറ്റുവിളിക്കുന്നതിനുമപ്പുറം ശബരിമല തീര്‍ഥാടനക്കാലം



മനസില്‍ നിറയ്ക്കുന്നുണ്ട് ഒരുപാടു ജീവിതചിത്രങ്ങള്‍. വൃശ്ചികത്തണുപ്പിന്‍റെ അര്‍ധരാത്രികളില്‍ നിശബ്ദതയെ ഭേദിച്ച് അങ്ങകലെ നിന്നൊഴുകി വരുന്ന ശാസ്താം പാട്ടിന്‍റേയും ചിന്തുപാട്ടിന്‍റേയും അവ്യക്തമായ വരികള്‍, അയ്യപ്പന്‍ വിളക്ക് എന്ന ആഘോഷത്തിന്‍റെ അന്ത്യത്തില്‍ തിളച്ചെണ്ണെയില്‍ നിന്ന് അപ്പം വാരുന്ന വാവരുടെ ആവാഹനം, പുലര്‍ച്ചെ അജ്ഞാതമായ വാഹനത്തില്‍ അകന്നകന്നു ശബരിമലയ്ക്കു പോകുന്ന ശരണം വിളികള്‍, പിന്നെ, മലയില്‍ അയ്യപ്പന്മാര്‍ പെരുകുമ്പോള്‍ മഞ്ഞിറങ്ങി നാട്ടിലേക്കു വരുന്നതുകൊണ്ടാണു അതിരാവിലെ തണുപ്പു കൂടുന്നതെന്ന് ആരോ പകര്‍ന്നു തന്ന വിശദീകരണത്തിന്‍റെ കൗതുകം

ഓണ്‍ലൈന്‍

ദര്‍ശനം


വ്രതം തെറ്റിയാല്‍ പുലി പിടിക്കുമെന്ന കാര്യത്തില്‍ സന്ദേഹമില്ലാത്ത ബാല്യം. തീവ്ര വ്രതത്തില്‍ ഇളവുകള്‍ കാംക്ഷിച്ച കൗമാരം. നിരീശ്വര വിശ്വാസങ്ങളില്‍ ഇടയ്ക്കിടെ ദൈവഭയത്തിന്‍റെ നിലാവു പരന്ന യൗവനം. ഒടുവില്‍ ജീവിതഭാരത്തിന്‍റെ കാനനവഴിയിലൂടെ ആശ്വാസത്തിന്‍റെ അത്താണി തേടി മല കയറ്റം. ഓരോ കാലത്തിനും ജീവിതക്കാഴ്ചയുടെ വ്യത്യസ്ത ഫ്രെയ്മുകള്‍. ശബരിമല ഒരേ സമയം വിശ്വാസവും ആശ്വാസവുമാകുന്നുണ്ടാകാം ഒരുപാടു പേര്‍ക്ക്. മണ്ഡലകാലത്തു ഹോട്ടല്‍ അയ്യപ്പാസ്(വെജിറ്റേറിയന്‍)എന്നു പേരു മാറ്റുന്ന ഹോട്ടലുകള്‍ മുതല്‍ പമ്പ മുതല്‍ സന്നിധാനം വരെ നീളുന്ന കച്ചവടക്കാര്‍ വരെ ശബരിമലയുടെ സാന്നിധ്യത്താല്‍ ജീവിതത്തിന്‍റെ കരിമല താണ്ടുന്നവരാണ്.

ഇക്കുറി ക്യൂ നില്‍ക്കാതെ എളുപ്പം ദര്‍ശനം നേടാനായി ഇന്‍റര്‍നെറ്റിലൂടെ ബുക്ക് ചെയ്യാമെന്ന പൊലീസ് സഹായവുമുണ്ട്, ശബരിമലയില്‍. ഓണ്‍ലൈന്‍ ദര്‍ശനത്തിന്‍റെ സാധ്യതകളിലേക്കുള്ള വാതില്‍ പൂര്‍ണമായും അടയ്ക്കാനാകില്ല വരും കാലങ്ങളില്‍ എന്ന സൂചന നല്‍കുന്ന നീക്കം. ഒരു കാലത്തു ദുഷ്ക്കരമായിരുന്നു ശബരിമല യാത്ര, യഥാര്‍ഥത്തില്‍ തീര്‍ഥാടനത്തിന്‍റെ എല്ലാ ദുരിതങ്ങളും താണ്ടണമായിരുന്നു. ഇപ്പോള്‍ സൗകര്യങ്ങളേറി, യാത്രയുടെ സുരക്ഷിതത്വവും. സാധാരണ ജീവിതത്തില്‍ സാങ്കേതികതയുടെ സ്വാധീനം എറുമ്പോള്‍ സൗകര്യം വര്‍ധിപ്പിക്കലിന്‍റെ അടുത്തപടിയിലേക്കു കൂടി അധികൃതര്‍ കടക്കുന്നു, ഓണ്‍ലൈന്‍ ക്യൂ നില്‍ക്കലിലൂടെ. ഇതൊന്നുമില്ലാതെ കഠിനവ്രതത്തിന്‍റെ ബലത്തില്‍ കാനനപാത താണ്ടി ദര്‍ശനം കണ്ടു മടങ്ങിയവരുണ്ടെന്ന് ഓര്‍ക്കുന്നതു നല്ലത്.

ഡയലര്‍ ടോണിലും

ഹരിവരാസനം...


ശബരിമലക്കാലത്തിന്‍റെ സൂചനകള്‍ എങ്ങും കണ്ടുതുടങ്ങിയിരിക്കുന്നു. കറുത്തമുണ്ടും രുദ്രാക്ഷമാലയും ഇരുമുടിയുമൊക്കെ പതിവുപോലെ കടകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മൊബൈല്‍ ഫോണിന്‍റെ ഡയലര്‍ ടോണുകളില്‍ പാതി മുറിഞ്ഞ ഹരിവരാസനം...പാട്ടിന്‍റെ മണ്ഡലക്കാലം കൂടിയാണിത്. അയ്യപ്പഭക്തിഗാനങ്ങള്‍ക്കു താത്പര്യമേറുന്ന സമയം. പതിവുതെറ്റിക്കാതെ ഇക്കുറിയും ഭക്തിഗാനങ്ങളുടെ മഹാപ്രളയം. ഒരു സീസണല്‍ സംഭവമാണെങ്കിലും മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന എത്രയോ അയ്യപ്പഭക്തി ഗാനങ്ങള്‍... 





ഉദിച്ചുയര്‍ന്നു മാമല മേലേ...

പാപം മറിച്ചിട്ടാല്‍ പമ്പ...

നിലാവേ വാ ഈ പമ്പാതീരത്ത് വിരി വച്ചു താ.....അങ്ങനെ എത്രയോ പാട്ടുകള്‍.

വിശ്വാസകേന്ദ്രങ്ങളിലെ പതിവു മുന്നറിയിപ്പു ബോര്‍ഡുകളില്ല ശബരിമലയില്‍. മത സാഹോദര്യത്തിന്‍റെ ഒരിക്കലും പിരിയാത്ത ഐതിഹ്യങ്ങളുള്ളതു കൊണ്ടു തന്നെ ആര്‍ക്കും ദര്‍ശനസൗഭാഗ്യം നേടാം. അയ്യപ്പന്‍റേയും വാവരുടേയും സൗഹൃദകഥകളില്‍ തലമുറകള്‍ തെറ്റിക്കാത്ത കീഴ്വഴക്കം. ഇപ്പോഴും എത്രയോ വിഭിന്നമതക്കാര്‍ പതിനെട്ടാം പടി ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തുന്നു, പാപദുരിതങ്ങള്‍ അകറ്റുന്നു.

ഇനി വിശ്വാസത്തിന്‍റെ ഇരുമുടിക്കെട്ടു മുറുകുന്ന നാളുകള്‍.

ശരണമന്ത്രങ്ങള്‍ ഉറക്കെ വിളിച്ചു

ശബരിമല തീര്‍ഥാടനമാകാം.

പമ്പയില്‍ പാപം കഴുകാം

കരിമലയും നീലിമലയും താണ്ടാം.

ഒടുവില്‍

ആ സന്നിധിയിലെത്തുമ്പോള്‍ മനസും ശരീരവും ഒരു വാക്ക് വായിക്കാന്‍ പരുവപ്പെട്ടിരിക്കും, തത്വമസി. അതൊരു തിരിച്ചറിവാണ്, ശബരിമല തീര്‍ഥാടനം തിരിച്ചറിവിലേക്കാണ്. അവനവനില്‍ ഈശ്വരനെ കണ്ടെത്തിത്തരുന്ന സുകൃതത്തിലേക്കുള്ള തീര്‍ഥാടനം.