Thursday, November 17, 2011

പുഴ കടന്ന് മലമുകളിലേക്ക്




ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ ‘’

മലമുകളില്‍ മധ്യമാവതി രാഗത്തില്‍

ഒരു പകലൊടുങ്ങുന്നു.

ശരണമന്ത്രങ്ങളുടെ ശബ്ദഘോഷത്തിരകളില്‍ സര്‍വര്‍ക്കും ആശ്രയമായി കാത്തിരിക്കുന്ന ഒരാള്‍ ഉറങ്ങാന്‍ ഒരുങ്ങുന്നു. കീര്‍ത്തനം താരാട്ടായി മാറുന്നു. നിര്‍മാല്യനേരം മുതല്‍ അത്താഴപൂജയ്ക്കപ്പുറവും മലകയറി വരുന്ന ഭക്തര്‍ക്കു വേണ്ടി ഉണരാനായി... വ്രതപുണ്യത്തിന്‍റെ കാനനപാത താണ്ടിയെത്തുന്നവര്‍ക്കു ദര്‍ശനത്തിന്‍റെ സുകൃതം നല്‍കാനായി... കൂപ്പിയ കൈകളുടെ പിന്നില്‍ കണ്ണുകള്‍ ഈറനണിയുന്നു. വൃശ്ചിക രാവിന്‍റെ മഞ്ഞില്‍ ഒരു മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ നട മെല്ലെ അടയുന്നു. അപ്പോഴും തൊഴുതിറങ്ങിയവര്‍ മല താണ്ടിയിട്ടുണ്ടായിരുന്നില്ല...പുഴയും കാടും കടന്ന് എത്രയോ പേര്‍ മലകയറിക്കൊണ്ടിരിക്കുന്നു. പുണ്യപാപച്ചുമടുകളില്‍ മുറുകെപ്പിടിച്ച് മലമുകളില്‍ എവിടെയോ വച്ച് പരസ്പരം കടന്നു പോയി....

ഇടറിവീഴാന്‍ പാടില്ലാത്ത വിശ്വാസകാലത്തിന്‍റെ വരമ്പിലൂടെയുള്ള യാത്ര തുടങ്ങുകയാണ്, ഒരിക്കല്‍ക്കൂടി. ശബരിമല വ്യത്യസ്തമായ ഇമേജാണ് മലകയറുന്നവര്‍ക്കും മലകയറിയിട്ടില്ലാത്തവര്‍ക്കും. ഈശ്വരനും ഈശ്വരനെ കാണാനെത്തുന്നവരും സ്വാമിയായി മാറുന്ന ഇടം. ജീവിതത്തിന്‍റെ കഠിനപാതകള്‍ പിന്നിട്ട്, വിശ്വാസത്തിന്‍റെ കാനനപാതകള്‍ താണ്ടി, ഒടുവില്‍ ദര്‍ശനപുണ്യത്താല്‍ മനസിന്‍റെ ശ്രീകോവിലില്‍ സംതൃപ്തിയുടെ നിറദീപക്കാഴ്ചയൊരുക്കാന്‍ ജനലക്ഷങ്ങളുടെ തീര്‍ഥാടനം. വൃശ്ചികപ്പുലരിയുടെ വിശ്വാസനാളുകളില്‍ ശബരിമല എന്ന ഏകലക്ഷ്യത്തിലേക്ക് ഇരുമുടിക്കെട്ടുകള്‍ നിറയുന്നു.

വ്രതം നോക്കുന്നതിനും ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിനും ശരണമന്ത്രങ്ങള്‍ ഏറ്റുവിളിക്കുന്നതിനുമപ്പുറം ശബരിമല തീര്‍ഥാടനക്കാലം



മനസില്‍ നിറയ്ക്കുന്നുണ്ട് ഒരുപാടു ജീവിതചിത്രങ്ങള്‍. വൃശ്ചികത്തണുപ്പിന്‍റെ അര്‍ധരാത്രികളില്‍ നിശബ്ദതയെ ഭേദിച്ച് അങ്ങകലെ നിന്നൊഴുകി വരുന്ന ശാസ്താം പാട്ടിന്‍റേയും ചിന്തുപാട്ടിന്‍റേയും അവ്യക്തമായ വരികള്‍, അയ്യപ്പന്‍ വിളക്ക് എന്ന ആഘോഷത്തിന്‍റെ അന്ത്യത്തില്‍ തിളച്ചെണ്ണെയില്‍ നിന്ന് അപ്പം വാരുന്ന വാവരുടെ ആവാഹനം, പുലര്‍ച്ചെ അജ്ഞാതമായ വാഹനത്തില്‍ അകന്നകന്നു ശബരിമലയ്ക്കു പോകുന്ന ശരണം വിളികള്‍, പിന്നെ, മലയില്‍ അയ്യപ്പന്മാര്‍ പെരുകുമ്പോള്‍ മഞ്ഞിറങ്ങി നാട്ടിലേക്കു വരുന്നതുകൊണ്ടാണു അതിരാവിലെ തണുപ്പു കൂടുന്നതെന്ന് ആരോ പകര്‍ന്നു തന്ന വിശദീകരണത്തിന്‍റെ കൗതുകം

ഓണ്‍ലൈന്‍

ദര്‍ശനം


വ്രതം തെറ്റിയാല്‍ പുലി പിടിക്കുമെന്ന കാര്യത്തില്‍ സന്ദേഹമില്ലാത്ത ബാല്യം. തീവ്ര വ്രതത്തില്‍ ഇളവുകള്‍ കാംക്ഷിച്ച കൗമാരം. നിരീശ്വര വിശ്വാസങ്ങളില്‍ ഇടയ്ക്കിടെ ദൈവഭയത്തിന്‍റെ നിലാവു പരന്ന യൗവനം. ഒടുവില്‍ ജീവിതഭാരത്തിന്‍റെ കാനനവഴിയിലൂടെ ആശ്വാസത്തിന്‍റെ അത്താണി തേടി മല കയറ്റം. ഓരോ കാലത്തിനും ജീവിതക്കാഴ്ചയുടെ വ്യത്യസ്ത ഫ്രെയ്മുകള്‍. ശബരിമല ഒരേ സമയം വിശ്വാസവും ആശ്വാസവുമാകുന്നുണ്ടാകാം ഒരുപാടു പേര്‍ക്ക്. മണ്ഡലകാലത്തു ഹോട്ടല്‍ അയ്യപ്പാസ്(വെജിറ്റേറിയന്‍)എന്നു പേരു മാറ്റുന്ന ഹോട്ടലുകള്‍ മുതല്‍ പമ്പ മുതല്‍ സന്നിധാനം വരെ നീളുന്ന കച്ചവടക്കാര്‍ വരെ ശബരിമലയുടെ സാന്നിധ്യത്താല്‍ ജീവിതത്തിന്‍റെ കരിമല താണ്ടുന്നവരാണ്.

ഇക്കുറി ക്യൂ നില്‍ക്കാതെ എളുപ്പം ദര്‍ശനം നേടാനായി ഇന്‍റര്‍നെറ്റിലൂടെ ബുക്ക് ചെയ്യാമെന്ന പൊലീസ് സഹായവുമുണ്ട്, ശബരിമലയില്‍. ഓണ്‍ലൈന്‍ ദര്‍ശനത്തിന്‍റെ സാധ്യതകളിലേക്കുള്ള വാതില്‍ പൂര്‍ണമായും അടയ്ക്കാനാകില്ല വരും കാലങ്ങളില്‍ എന്ന സൂചന നല്‍കുന്ന നീക്കം. ഒരു കാലത്തു ദുഷ്ക്കരമായിരുന്നു ശബരിമല യാത്ര, യഥാര്‍ഥത്തില്‍ തീര്‍ഥാടനത്തിന്‍റെ എല്ലാ ദുരിതങ്ങളും താണ്ടണമായിരുന്നു. ഇപ്പോള്‍ സൗകര്യങ്ങളേറി, യാത്രയുടെ സുരക്ഷിതത്വവും. സാധാരണ ജീവിതത്തില്‍ സാങ്കേതികതയുടെ സ്വാധീനം എറുമ്പോള്‍ സൗകര്യം വര്‍ധിപ്പിക്കലിന്‍റെ അടുത്തപടിയിലേക്കു കൂടി അധികൃതര്‍ കടക്കുന്നു, ഓണ്‍ലൈന്‍ ക്യൂ നില്‍ക്കലിലൂടെ. ഇതൊന്നുമില്ലാതെ കഠിനവ്രതത്തിന്‍റെ ബലത്തില്‍ കാനനപാത താണ്ടി ദര്‍ശനം കണ്ടു മടങ്ങിയവരുണ്ടെന്ന് ഓര്‍ക്കുന്നതു നല്ലത്.

ഡയലര്‍ ടോണിലും

ഹരിവരാസനം...


ശബരിമലക്കാലത്തിന്‍റെ സൂചനകള്‍ എങ്ങും കണ്ടുതുടങ്ങിയിരിക്കുന്നു. കറുത്തമുണ്ടും രുദ്രാക്ഷമാലയും ഇരുമുടിയുമൊക്കെ പതിവുപോലെ കടകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മൊബൈല്‍ ഫോണിന്‍റെ ഡയലര്‍ ടോണുകളില്‍ പാതി മുറിഞ്ഞ ഹരിവരാസനം...പാട്ടിന്‍റെ മണ്ഡലക്കാലം കൂടിയാണിത്. അയ്യപ്പഭക്തിഗാനങ്ങള്‍ക്കു താത്പര്യമേറുന്ന സമയം. പതിവുതെറ്റിക്കാതെ ഇക്കുറിയും ഭക്തിഗാനങ്ങളുടെ മഹാപ്രളയം. ഒരു സീസണല്‍ സംഭവമാണെങ്കിലും മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന എത്രയോ അയ്യപ്പഭക്തി ഗാനങ്ങള്‍... 





ഉദിച്ചുയര്‍ന്നു മാമല മേലേ...

പാപം മറിച്ചിട്ടാല്‍ പമ്പ...

നിലാവേ വാ ഈ പമ്പാതീരത്ത് വിരി വച്ചു താ.....അങ്ങനെ എത്രയോ പാട്ടുകള്‍.

വിശ്വാസകേന്ദ്രങ്ങളിലെ പതിവു മുന്നറിയിപ്പു ബോര്‍ഡുകളില്ല ശബരിമലയില്‍. മത സാഹോദര്യത്തിന്‍റെ ഒരിക്കലും പിരിയാത്ത ഐതിഹ്യങ്ങളുള്ളതു കൊണ്ടു തന്നെ ആര്‍ക്കും ദര്‍ശനസൗഭാഗ്യം നേടാം. അയ്യപ്പന്‍റേയും വാവരുടേയും സൗഹൃദകഥകളില്‍ തലമുറകള്‍ തെറ്റിക്കാത്ത കീഴ്വഴക്കം. ഇപ്പോഴും എത്രയോ വിഭിന്നമതക്കാര്‍ പതിനെട്ടാം പടി ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തുന്നു, പാപദുരിതങ്ങള്‍ അകറ്റുന്നു.

ഇനി വിശ്വാസത്തിന്‍റെ ഇരുമുടിക്കെട്ടു മുറുകുന്ന നാളുകള്‍.

ശരണമന്ത്രങ്ങള്‍ ഉറക്കെ വിളിച്ചു

ശബരിമല തീര്‍ഥാടനമാകാം.

പമ്പയില്‍ പാപം കഴുകാം

കരിമലയും നീലിമലയും താണ്ടാം.

ഒടുവില്‍

ആ സന്നിധിയിലെത്തുമ്പോള്‍ മനസും ശരീരവും ഒരു വാക്ക് വായിക്കാന്‍ പരുവപ്പെട്ടിരിക്കും, തത്വമസി. അതൊരു തിരിച്ചറിവാണ്, ശബരിമല തീര്‍ഥാടനം തിരിച്ചറിവിലേക്കാണ്. അവനവനില്‍ ഈശ്വരനെ കണ്ടെത്തിത്തരുന്ന സുകൃതത്തിലേക്കുള്ള തീര്‍ഥാടനം.

No comments:

Post a Comment