Tuesday, December 30, 2014

വേദിയില്‍ ജോണ്‍സണ്‍




എത്താന്‍ വൈകിയ ഒരു നാടകസംഘത്തിന്‍റെ മനസായിരുന്നു അപ്പോള്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് പോത്തന്‍കോടിനുള്ള റൂട്ടില്‍ കീഴാവൂരില്‍ ബസിറങ്ങി. എത്താന്‍ വൈകിയോ?. അരങ്ങുണരാനുള്ള ബെല്‍ വളരെ നേരത്തേ മുഴങ്ങിയിരുന്നു. യവനിക ഉയര്‍ന്നിരുന്നു. അവതരണഗാനത്തിന്‍റെ അവസാനത്തെ വരിയില്‍ ഓര്‍മകളുടെ ഈണങ്ങള്‍ പിടഞ്ഞു. വീടിന്‍റെ ഉമ്മറത്ത് അസ്വസ്ഥനായി ഉലാത്തുകയാണ് ആ കഥാപാത്രം. നടന്‍റെ ഭാവതീവ്രതയില്‍ നിശബ്ദമായ സദസുപോ ലെ അന്തരീക്ഷം. ചുമരില്‍ തൂക്കിയ ഒരു ചിത്രത്തിലേക്കു നോക്കി നില്‍ക്കുകയാണിപ്പോള്‍ കഥാപാ ത്രം. പിന്നില്‍ നിന്നു വിളിച്ചു, മാഷേ... ഏറ്റവും നാട കീയമായിത്തന്നെ പതുക്കെ മുഖം തിരിച്ചു, ജോണ്‍സണ്‍ കെപിഎസി.

അപ്പോഴേക്കും അങ്ങു ദൂരെ എവിടേയോ കാ ലം എന്ന സൂത്രധാരന്‍ അരങ്ങിന്‍റെ മറ്റൊരു ബ്ലാ ക് ആന്‍ഡ് വൈറ്റ് ദൃശ്യം ഒരുക്കി വച്ചിരുന്നു.

പാമ്പുകള്‍ക്കു മാളമുണ്ട്,

പറവകള്‍ക്കാകാശമുണ്ട്,

മനുഷ്യപുത്രനു തല ചായ്ക്കാന്‍ മണ്ണിലിടമില്ല....

വേച്ചു വേച്ച് അരങ്ങിലെത്തിയ കുഷ്ഠരോഗിയു ടെ വിറയ്ക്കുന്ന കൈകള്‍, ഇടറുന്ന ശബ്ദം.

മോഹങ്ങള്‍ മരവിച്ചു,

മോതിരക്കൈ മുരടിച്ചു

മനസു മാത്രം മനസു മാത്രം മുരടിച്ചില്ല...

കൊയ്ത്തൊഴിഞ്ഞ പാടത്തു പറന്നിറങ്ങാന്‍ വെമ്പി നിന്ന കതിരുകാണാക്കിളികളും നിശബ്ദം. സദസ് അടക്കം പറഞ്ഞു, ജോണ്‍സണ്‍. അവസാനരംഗം കഴിഞ്ഞ് ഗ്രീന്‍ റൂമിനു പിന്നില്‍ ഗോവിന്ദന്‍ എന്ന കുഷ്ഠ രോഗിയെക്കാണാണ്‍ ആരാ ധകര്‍ കാത്തു നിന്നു.

കയറിയിരിക്കൂ, ഓര്‍മകള്‍ക്ക് യവനികയിട്ട വാക്കുകള്‍. കെപിഎസിയുടെ അശ്വമേധത്തിലെ കുഷ്ഠരോഗിയുടെ റോളിലടക്കം അരങ്ങുകളെ വിസ്മയിപ്പിച്ച ജോണ്‍സണ്‍ കെപിഎസി എന്ന നടന്‍റെ മുന്നിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഒരു ഹസ്തദാനത്തിനു കൈ നീട്ടിയപ്പോള്‍ സദസുകളെ കരയിപ്പിച്ച ആ മോതിര ക്കൈയെ മനസില്‍ നമിച്ചു.

നാടകം ആരംഭിക്കുകയായി

ഓര്‍മയുടെ ഒരു നാടകവണ്ടി ഇപ്പോള്‍ എത്തിനില്‍ക്കുന്നതു കോട്ടയം നഗരത്തിലെ കീഴ്ക്കുന്നില്‍. ജോണ്‍സന്‍റെ ജന്മനാട്. വടശേരില്‍ ഡാനിയലിന്‍റെയും മോനിക്കയുടെയും നാലു മക്കളില്‍ ഇളയവന്‍. സ്കൂള്‍ പഠനകാലത്തു പ്രവാചകന്‍ എന്ന നാടകത്തിലൊരു മാലാഖയുടെ വേഷം. ഓര്‍മകളിലെ ആദ്യ അരങ്ങ്. അക്കാലത്താണു കോട്ടയം നാണുക്കുട്ടന്‍ ഭാഗവതരുടെ ഒരു പെര്‍ഫോമന്‍സ് കണ്ടത്. ഡബിള്‍ ഹാര്‍മോണിയം വായിക്കുന്നു. ജോണ്‍സണ്‍ എന്ന കുട്ടി ഹാര്‍മോണിയത്തെ പ്രണയിച്ചു. ആഗ്രഹം അറിയിച്ചപ്പോള്‍ അഞ്ചു പൈസ വാങ്ങാതെ ഭാഗവതര്‍ പഠിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ വിജയപുരം രൂപതയിലെത്തിയ സ്പെയ്ന്‍കാരനായ പുരോഹിതന്‍ ഓര്‍ഗണ്‍ വായിക്കാനും പഠിപ്പിച്ചു. ചെറിയ ചെറിയ പരിപാടികള്‍, അരങ്ങുകള്‍, പ്രതിഫലങ്ങള്‍...

കോളെജ് പഠനമോഹത്തിനു മുന്നില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ യവനികയിട്ട നാളുകള്‍. തൊഴില്‍ തേടുകയായിരുന്നു പോംവഴി. കോട്ടയത്തെ കത്തോലിക് മിഷന്‍ പ്രസില്‍ ജോലിക്കു കയറി. അക്ഷരങ്ങളുടെ അച്ചുനിരത്തി. കംപോസിങ്ങും പ്രിന്‍റിങ്ങും ബൈന്‍ഡിങ്ങുമെല്ലാം പഠിച്ചു. ഫോര്‍മെന്‍ എന്നൊരു പേരും. അത്യാവശ്യം നല്ല ശമ്പളവും കിട്ടി. കലാപ്രവര്‍ത്തനത്തിന് അവധി ദിവസം പതിച്ചു കൊടുത്തു ജോണ്‍സണ്‍. കോട്ടയം ആര്‍ട്സ് ക്ലബ്ബിലും സജീവമായി. ഹാര്‍മോണിസ്റ്റ് എന്ന നിലയില്‍ പേരെടുത്തു. എന്‍. എന്‍. പിള്ളയുടെ വിശ്വകേരള കലാസമിതിയില്‍ ഒഴിവു വന്നപ്പോള്‍ ജോണ്‍സണെ വിളിച്ചു. അമച്വര്‍ നാടകത്തിന്‍റെ വേദിയിലെ അഭിനയസാന്നിധ്യം.

കഥാപ്രസംഗത്തിനു ഹാര്‍മോണിയത്തിന്‍റെ പിന്നണി.

പ്രസിലെ ഫോര്‍മെന്‍.

വേദിയൊന്ന്, വേഷങ്ങള്‍ അനവധി.

നിങ്ങളെന്നെ നാടകക്കാരനാക്കി

 ഒരു ഞായറാഴ്ച. രാവിലെ പത്തുമണി. കെപിഎസിയില്‍ ക്ലാരിനെറ്റ് വായിക്കുന്ന തയ്യില്‍ ആന്‍റണി, ജോണ്‍സന്‍റെ വീട്ടിലെത്തി. അന്നു വൈകിട്ട് കോട്ടയം ജില്ലാക്കോടതി ( ഇപ്പോഴത്തെ പൊലീസ് ഗ്രൗണ്ട്) വളപ്പില്‍ കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം കളിക്കുന്നു. ജോണ്‍സണ്‍ വന്നു ഹാര്‍മോണിയം വായിക്കണം. ആരോ പറഞ്ഞ് ജോണ്‍സനെക്കുറിച്ചറിഞ്ഞിട്ട് ദേവരാജന്‍ മാസ്റ്റര്‍ അറിഞ്ഞു. മാസ്റ്റര്‍ പറഞ്ഞിട്ടാണ് ആന്‍റണിയുടെ വരവ്. ജോണ്‍സണ്‍ നടുങ്ങി. കെ.എസ് ജോര്‍ജും സുലോചനയുമൊക്കെ പാടുമ്പോള്‍, ഹാര്‍മോണിയ ശബ്ദത്തില്‍ എന്തെങ്കിലും അപാകതയുണ്ടായാലോ. ഒരു റിഹേഴ്സല്‍ പോലുമില്ല. ആശങ്കയ്ക്കൊക്കെ വാക്കുകളാല്‍ ആശ്വാസം നല്‍കി, ആന്‍റണി. നാടകസമയത്തു ജോണ്‍സണ്‍ വേദിയിലെത്തി. ഹാര്‍മോണിയം ഭംഗിയായി വായിച്ചു. ഒരു തെറ്റും സംഭവിച്ചതുമില്ല. ദേവരാജന്‍ മാസ്റ്റര്‍ക്കു ബോധിച്ചു.



നാടകം കഴിഞ്ഞു. നാടക വണ്ടി കോട്ടയം വിടാന്‍ ഒരുങ്ങുന്നു. എന്‍ജിന്‍ ഇരമ്പിത്തുടങ്ങി. ഒരു ഔപചാരിക യാത്ര ചോദിക്കലിന്‍റെ ചടങ്ങിനായി കാത്തു നില്‍ക്കുകയാണ് ജോണ്‍സണ്‍. വണ്ടിയുടെ ഡോര്‍ ദേവരാജന്‍ മാസ്റ്റര്‍ അടയ്ക്കുന്നില്ല. അത് ജോണ്‍സണു മുന്നില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. വണ്ടിയില്‍ കയറിക്കോളൂ. ദേവരാജന്‍ മാസ്റ്ററുടെ വാക്കുകള്‍ ജോണ്‍സണ്‍ എന്ന നാടകക്കാരന്‍റെ രംഗപ്രവേശത്തിനുള്ള അവതരണ ഗാനമായിരുന്നു. നേരേ കൊല്ലം നളന്ദ ഹോട്ടലിലേക്ക്. വീട്ടില്‍പ്പറഞ്ഞിട്ടില്ലല്ലോ പോന്നത് എന്നോര്‍ത്തത് അപ്പോഴാണ്. പിറ്റേദിവസം രാവിലെ ചേട്ടന്‍ ജോലി ചെയ്യുന്ന പ്രസിലേക്കു വിളിച്ചു കാര്യം പറഞ്ഞു. അന്നു പകല്‍ ദേവരാജന്‍ മാസ്റ്റര്‍ മുറിയിലെത്തി. സംഗീതത്തില്‍ ചില മിനുക്കുപണികള്‍ പറഞ്ഞു തന്നു. ചെയ്യേണ്ടത് എന്തൊക്കെയെന്നു നിര്‍ദ്ദേശിച്ചു. ആദ്യവേദിയുടെ തീയതി ജോണ്‍സണ്‍ ഓര്‍മയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു....1952 ഓഗസ്റ്റ് 14. വെറും ജോണ്‍സണല്ല, ജോണ്‍സണ്‍ കെപിഎസി.

അഭിനയത്തിന്‍റെ മാനിഫെസ്റ്റോ 

 അറുപത്തിനാലില്‍ നാടകത്തില്‍ നിന്ന് ഓര്‍ക്കസ്ട്ര പുറത്തായി. കസെറ്റിലേക്കൊതുങ്ങി സംഗീതം സൃഷ്ടിച്ച തീവ്രമുഹൂര്‍ത്തങ്ങള്‍. അപ്പോഴും ജോണ്‍സണെ കെപിഎസി കൈവിട്ടില്ല. ഓര്‍ക്കസ്ട്രയിലെ അഭിനയശേഷിയുള്ളവരെ നിലനിര്‍ത്തുക തന്നെ ചെയ്തു. തോപ്പില്‍ ഭാസി, എസ്. എല്‍. പുരം സദാനന്ദന്‍, കെ. ടി. മുഹമ്മദ്, എന്‍. എന്‍. പിള്ള....അങ്ങനെ നിരവധി നാടകകൃത്തുക്കളുടെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങളാകാന്‍ കഴിഞ്ഞു. നിങ്ങളെന്ന കമ്യൂണിസ്റ്റാക്കിയിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ തുടങ്ങിയ അഭിനയജീവിതം. അരങ്ങുകള്‍ കടല്‍ കടന്നു, അമേരിക്ക, കാനഡ...ഭഗവാന്‍ കാലു മാറുന്നു എന്ന നാടകം കളിക്കുമ്പോള്‍ കല്ലേറു കൊണ്ടു പരുക്കേറ്റു. വര്‍ഷങ്ങള്‍ക്കു ശേഷവും കാലില്‍ ആ മുറിപ്പാട് അവശേഷിക്കുന്നു. അരങ്ങില്‍ നിന്നുള്ള മായാത്ത അനുഭവങ്ങളില്‍ ഒന്ന്.



നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കഴിഞ്ഞ് മനുഷ്യന്‍റെ മാനിഫെസ്റ്റോ, മന്വന്തരം, അശ്വമേധം, മുടിയനായ പുത്രന്‍.....കേരളം ആവേശത്തോടെ കണ്ടിരുന്ന നിരവധി കെപിഎസി നാടകങ്ങളില്‍ ജോണ്‍സന്‍റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു മൂന്നു സിനിമകളിലും അഭിനയിച്ചു. ഒതേനന്‍റെ മകന്‍, ഒരു സുന്ദരിയുടെ കഥ, പിച്ചാത്തിക്കുട്ടപ്പന്‍. ഒതേനന്‍റെ മകന്‍ എന്ന ചിത്രത്തില്‍ പുള്ളുവനായി അഭിനയിക്കുമ്പോള്‍ കൂടെ ഒരു പുള്ളോത്തിയുണ്ടായിരുന്നു. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുകയായിരുന്നു ലളിത എന്ന ആ പെണ്‍കുട്ടി. പിന്നെ മലയാളത്തിന്‍റെ കെപിഎസി ലളിത.

ഇന്നലെകളിലെ ആകാശം

അഭിനയത്തോടുളള അഭിനിവേശം അടക്കിവച്ച് 2006ല്‍ ജോണ്‍സണ്‍ നാടകവേദി വിട്ടു. കെപിഎസിയില്‍ നിന്നു പടിയിറങ്ങി. മാവേലിക്കരയിലെ വേദി. ഇന്നലെകളിലെ ആകാശമായിരുന്നു അവസാന നാടകം. നാടകത്തിന്‍റെ വിശാലമായ ആകാശത്തു നക്ഷത്രമായി തിളങ്ങിയ ജോണ്‍സണ്‍ അരങ്ങിറങ്ങിയ നാടകത്തിന്‍റെ പേര് ഇന്നലെകളിലെ ആകാശം എന്നായതു യാദൃച്ഛികതമായ അറം പറ്റലായിരിക്കാം. അമ്പത്തെട്ടു വര്‍ഷം ഒരേ ട്രൂപ്പില്‍. പതിനഞ്ചു രൂപയില്‍ തുടങ്ങിയ പ്രതിഫലം എത്തിയത് നൂറ്റമ്പതു രൂപ വരെ. തോപ്പില്‍ ഭാസി മുതല്‍ പുതുതലമുറ വരെയുള്ള നാടകകൃത്തുക്കള്‍. ഓരോ വര്‍ഷവും അഡ്വാന്‍സ് തുകയിലെ ആധിക്യത്തില്‍ ആകൃഷ്ടനായി ട്രൂപ്പുകള്‍ മാറുന്ന നാടകക്കാര്‍ ഒരുപാട് പേരുണ്ട്. ഒരു റോള്‍ ഉണ്ട് എന്നു ചോദിച്ചാല്‍, എത്ര അഡ്വാന്‍സ് ഉണ്ട് എന്നു മറുചോദ്യമുന്നയിക്കുന്നവര്‍. എന്നിട്ടും ജോണ്‍സണ്‍ കെപിഎസിയില്‍ നിന്നതു അമ്പത്തെട്ടു വര്‍ഷം. അരങ്ങൊഴിയാനുള്ള കാരണം ചോദിച്ചാല്‍, ഒരു നിമിഷം നിശബ്ദനാകും ജോണ്‍സണ്‍. ചുമരിലെ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തിലേക്കു കൈ ചൂണ്ടി...

എന്‍റെ എല്‍സമ്മ പറഞ്ഞിട്ടാ...അയര്‍ക്കുന്നംകാരി എല്‍സമ്മ ജോണ്‍സന്‍റെ ഭാര്യയായതു അറുപത്തൊന്നില്‍. അരങ്ങില്‍ നിന്ന് അരങ്ങിലേക്കുള്ള ഒഴുക്കില്‍പ്പെടുമ്പോള്‍ ജോണ്‍സണ് അത്താണിയായിരുന്നതു എല്‍സമ്മയായിരുന്നു. ഭാര്യയുടെ മരണം തളര്‍ത്തിക്കളഞ്ഞു ജോണ്‍സണെ. ജീവിതത്തിന്‍റെ അരങ്ങില്‍ അഭിനേതാവ് തോറ്റുപോയ നാളുകള്‍. ഒരിക്കല്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് എല്‍സമ്മയുടെ കുഴിമാടത്തില്‍ പോയി തിരി കത്തിച്ചു. തിരികെ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍, ആ പരിചിത ശബ്ദം, എല്‍സമ്മ എന്തോ പറഞ്ഞു...ഇനി നാടകത്തിനു പോകണ്ട, മക്കളെ നോക്കണം. കുരിശില്‍ പിടിച്ചു തളര്‍ന്നിരുന്നു പോയി ജോണ്‍സണ്‍. ഭര്‍ത്താവിന്‍റെ ദുശീലം മാറ്റാന്‍ മുറുക്കാന്‍പൊതി ഒളിച്ചുവയ്ക്കുന്ന ഭാര്യ, സീനയുടെയും നീനയുടെയും ബെന്നിയുടെയും അമ്മ. അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, അരങ്ങിനെ ഏറെ സ്നേഹിച്ച ഈ നടന്.

ക്ലൈമാക്സ് സെന്‍റിമെന്‍റലാക്കാന്‍ ഉറപ്പിച്ച് ചോദിച്ചു, ഇപ്പോഴും തോന്നുന്നില്ലേ അരങ്ങിലെത്താന്‍, അഭിനയിക്കാന്‍?

ഇല്ല, ഇപ്പോള്‍ നാടകം കാണാനും പോകാറില്ല. കെപിഎസിക്കാര്‍ തിരുവനന്തപുരത്തു വേദി ഉള്ളപ്പോഴൊക്കെ വിളിക്കും. പോകില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി നാടകം കാണാന്‍ വയ്യ. കൊതിയാവും. ആരോ അരങ്ങിലേക്കു പിടിച്ചു വലിക്കുന്നതു പോലെ...ജോണ്‍സണ്‍ കെപിഎസി എന്ന എണ്‍പത്തൊമ്പതുകാരന്‍ മെല്ലെ ചിരിച്ചു. കല്ലറയ്ക്കരികില്‍ നിന്ന് പ്രിയപ്പെട്ട എല്‍സമ്മയ്ക്ക് കൊടുത്ത വാക്ക് പിടയുന്നുണ്ടോ ആ ചിരിയില്‍.

പറയാന്‍ ഇനിയും ബാക്കി. എന്നാലും സംസാരത്തിന് യവനിക വീണേ പറ്റൂ. അതാണു നാടകത്തിന്‍റേയും നിയമം. തുടക്കത്തില്‍ ഇല്ലാതെ പോയ അവതരണഗാനത്തിനായി ആ ചുണ്ടുകള്‍ പതുക്കെ ചലിച്ചു.

പോകാം ഒരേ അണിയായ്

പോക നാം

പോക നാം ..