Tuesday, December 29, 2015

സമര്‍പ്പണം, പുലരുന്നതു പുതുവര്‍ഷമെന്നറിയാത്തവര്‍ക്ക്സമര്‍പ്പണം,
പുലരുന്നതു പുതുവര്‍ഷമെന്നറിയാത്തവര്‍ക്ക്

''ഇതല്ലോ കലണ്ടര്‍
നാളെയുടെ നരകപടം''

കവി പാടിയതു പോലെ അനിവാര്യനായ അതിഥിയെ പോലെ, കണക്കുകളിലൊതുങ്ങുന്ന വര്‍ഷം വീണ്ടുമെത്തുന്നു. കാലത്തിന്റെ ചുമരില്‍ പുതിയൊരു കലണ്ടര്‍ തൂക്കാം. എന്നിട്ടു പ്രാര്‍ത്ഥിക്കാം. അതു നാളെയുടെ നരകപടമാകാതിരിക്കട്ടേ. ഒരാണ്ടിന്റെ രക്തസാക്ഷിത്വം. ആഘോഷത്തിന്റെ രാത്രിയില്‍ ഒരു വര്‍ഷനഷ്ടത്തിന്റെ വിങ്ങലുകള്‍. ഒരു സ്വാഭാവിക രാവൊടുങ്ങലിന്റെ പുലരിയില്‍ പുതുവര്‍ഷത്തിന്റെ നിമിഷാര്‍ധ ആഹ്ലാദശോഭ കാത്തിരിക്കുന്നു. ആശംസാവിപ്ലവത്തിന്റെ അന്തരീക്ഷത്തില്‍ ചെറുവാക്കുകളില്‍ വാട്‌സപ്പിലും ഇന്‍ബോക്‌സിലും നിസംഗമായ നന്മനേരലുകള്‍ തിക്കിത്തിരക്കുന്നു. പിന്നെ പതിവുജീവിതത്തിന്റെ ചതുരങ്ങളില്‍ ഒതുങ്ങിപ്പോകുന്ന ജീവിതാവര്‍ത്തനങ്ങള്‍, ദിനങ്ങള്‍, ചര്യകള്‍.

എത്ര പെട്ടെന്നാ ഒരു വര്‍ഷം കടന്നു പോയത്, ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയില്‍ പതിവു പ്രതിധ്വനി. പതിവു ജീവിതത്തിന്റെ പരിമിതിയിലേക്കെന്ന തിരിച്ചറിവുകളെ മറന്ന് ഒരാണ്ട് തുടങ്ങുകയായി. 2016ന്റെയും വര്‍ഷാവസാനത്തില്‍ നിരത്താന്‍ കണക്കുകള്‍ കാത്തിരിക്കുന്നുണ്ടാകും. നേട്ടങ്ങള്‍, നഷ്ടങ്ങള്‍, നൊമ്പരങ്ങള്‍, ഒരു വര്‍ഷം പൊയ്‌പ്പോയതറിഞ്ഞില്ല എന്ന ആവര്‍ത്തനങ്ങള്‍. ജീവിതക്കടവിലേക്ക് ഒരു വര്‍ഷാരംഭത്തിന്റെ തോണി കൂടി അടുക്കുന്നു. മറുകരയിലേക്ക് എത്ര തുഴപ്പാട് ബാക്കിയെന്നറിയാതെ.

പതിവു തെറ്റുന്നില്ല. പുതുവര്‍ഷം പ്രതീക്ഷകളുടേതും പ്രതിജ്ഞകളുടേതും തന്നെ. ആണ്ടുതുടക്കത്തിന്റെ അച്ചടക്കങ്ങളില്‍ പുതിയ ജീവിതം തുടങ്ങുമെന്നുറപ്പിച്ചവര്‍. കാലത്തിന്റെ കലണ്ടര്‍ കണക്കുകളില്‍ കൃത്യതയോടെ ജീവിതം പാകപ്പെടുത്തുന്നവര്‍. ഇടയ്‌ക്കൊന്ന് ഇടറിയാല്‍ കൈപിടിച്ചു നടക്കാന്‍ ഇനിയൊരു വര്‍ഷാരംഭത്തിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവര്‍. ഒരു തുടക്കത്തിന്റെ പൂമുഖത്ത് ഇത്തരം മുഖങ്ങള്‍ ഒരുപാടുണ്ട്, മുഖംമൂടികളും. വിഷമങ്ങളുടെ ചുമടിറക്കിവയ്ക്കാന്‍ മലയാളിക്ക് ഇടവേളകളില്ലാതെ ഓരോ അത്താണികളുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം, ഓണം, വിഷു...ഓരോ വിശേഷദിനാന്ത്യത്തിലും, ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലെ ആഘോഷശേഷിപ്പുകള്‍ കണ്ട് അടുത്ത ഉത്സവം സ്വപ്‌നം കാണുന്നു ധാരാളം പേര്‍.

ഇനി അടുത്ത വര്‍ഷം കാണാം എന്നു പറഞ്ഞ സായാഹ്നത്തില്‍ നിന്നും അടുത്ത വര്‍ഷത്തിലേക്കുള്ള ദൂരം ഏതാനും മണിക്കൂറുകള്‍, വാക്കുകളിലെ ഒരു വര്‍ഷത്തിന്റെ അനിശ്ചിതത്വത്തിന് ഒരു രാത്രിയുടെ ആയുസ്. കച്ചവടക്കാര്‍, സിരകളില്‍ ലഹരിയുടെ ആഹ്ലാദം നിറച്ചവര്‍, പതിവുരീതികളില്‍ നിന്നു മാറ്റമില്ലാതെ ജോലി കഴിഞ്ഞു അവസാനവണ്ടിയില്‍ വീട്ടിലെത്തിയവര്‍, പോയവര്‍ഷത്തെ തിന്മകള്‍ക്ക് ആള്‍രൂപം നല്‍കി അര്‍ധരാത്രി അഗ്നിക്കിരയാക്കിയവര്‍. പുതുവര്‍ഷമെന്ന പ്ലാറ്റ്‌ഫോമില്‍ വ്യത്യസ്ത ആഘോഷങ്ങളുടെ ലഹരി നിറയുകയാണ്.

ഓര്‍ക്കണം. അതിര്‍ത്തിയില്‍ ഇമവെട്ടാതെ രാജ്യത്തെ കാക്കുന്ന സൈനികരുണ്ട്. നഗരങ്ങളുടെ ആഘോഷങ്ങളില്‍ സുരക്ഷയുടെ കവചം തീര്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ട്, പുലരുന്നത് പുതുവര്‍ഷമെന്നറിയാതെ അധ്വാനിക്കുന്നവരുണ്ട്, ആഘോഷം കഴിഞ്ഞു വൈകിയെത്തുന്ന അച്ഛനെന്ന ആശങ്കയെ ഇരുട്ടില്‍ കാത്തിരിക്കുന്ന മക്കളുണ്ട്, പോയവര്‍ഷത്തിന്റെ നഷ്ടങ്ങളില്‍ ഉറ്റവരില്ലാതെ ഉറങ്ങാതെ പുതുവര്‍ഷം വേദനയായി നീറുന്നവരുണ്ട്....ദുരിതത്തിന്റെ ജീവിതക്കടലു താണ്ടുന്നവര്‍. ഇവരെ ഒരു നിമിഷമെങ്കിലും ഓര്‍ക്കാതെ, കനിവിന്റെ ഒരുരുള മാറ്റിവയ്ക്കാതെ കടന്നു പോകരുത്, ഒരാണ്ടും ഒരായുസും.

ഹാപ്പി ന്യൂ ഇയര്‍ എന്നാശംസിച്ചപ്പോള്‍, അല്‍പ്പം നിരാശയോടെ അക്കം മാറുന്നതല്ലാതെ ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു ഒരു പ്രത്യഭിവാദ്യം. ഈ മറുപടിക്കു പിന്തുണ പ്രഖ്യാപിക്കുന്നവരാണ് പലരും. ജീവിതം കരുപ്പിടിപ്പിക്കാന്‍ പായുന്നവര്‍ക്കും ദേശാടനക്കിളികള്‍ക്കും കലണ്ടറിലെ അക്കം മാറുന്ന തീയതി ബാധകമല്ല. നമുക്ക് പ്രതീക്ഷകളില്ലാതെ പ്രതീക്ഷിക്കാം, അടുത്ത ദിവസത്തില്‍, പുതുവര്‍ഷത്തില്‍ ഉണ്ടാകട്ടേ, യുദ്ധമില്ലാത്ത ലോകം, പ്രണയത്തിന്റെയും പ്രതീക്ഷയുടെയും ലോകം, കാവ്യസാക്ഷരതയുള്ള സബ് എഡിറ്റര്‍മാരുടെ ലോകം, കംപ്യൂട്ടറിന്റെ അക്ഷരക്കട്ടകളില്‍ യാതൊരു ചെലവുമില്ലാതെ ആശംസകള്‍ നേരുന്നവരുടെ ലോകം, ഭൂമിയുടെ വേദനകളെ സഹനമാക്കി മാറ്റുന്നവരുടെ ലോകം. നല്ലൊരു ലോകം.