അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ ക്രൂശിച്ചു...

യോഹന്നാന്‍റെ സുവിശേഷത്തിലെ ഈ വാക്യങ്ങള്‍ക്ക് പെരിയാറിന്‍റെ ശോകതാളം. വിശ്വാസത്തിന്‍റെ മലമുകളിലേക്കുള്ള യാത്രയു ടെ അടിവാരത്തെത്താന്‍ അല്‍പ്പദൂരം ബാക്കി. താഴത്തെ പള്ളിയു ടെ താഴ്വരയില്‍ പുഴ കടന്നു വരു ന്ന കാറ്റേറ്റു വിശ്രമിക്കുമ്പോള്‍ മലയാറ്റൂര്‍ മുത്തപ്പനെ വണങ്ങാന്‍ കാതങ്ങള്‍ താണ്ടി കാല്‍നടയായി വിശ്വാസിസംഘങ്ങള്‍ പ്രവഹിച്ചു കൊണ്ടേയിരുന്നു. കാറി ലും ജീപ്പിലുമൊക്കെയായി ക്യാപ്സ്യൂള്‍ തീര്‍ഥാടനത്തിന്‍റെ കനിവു നേടാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്കൊപ്പം ചെറിയൊരു കുറ്റബോധത്തോടെ ആ സംഘങ്ങളെ നോക്കി. പെരിയാറിന്‍റെ തണുപ്പില്‍ കാലും മുഖവുമൊക്കെ കഴുകി യാത്ര തുടരുകയായി, അടിവാരത്തേക്ക്. പിന്നെ പാപങ്ങളു ടെ ആണ്ടറുതിയില്‍ അഹങ്കാരത്തിന്‍റെ മെതിയടികള്‍ അഴിച്ചുവച്ച്, പാറക്കൂട്ടങ്ങളും കല്ലും താണ്ടി അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ പുണ്യത്തിലേക്ക്.

ഭാരമേറിയ കുരിശേന്തി വരുന്ന വിശ്വാസിസംഘങ്ങള്‍ക്ക് ഇനിയെത്ര ദൂര മെന്ന ആശങ്കയില്ല. സന്നിധിയിലേക്കു ള്ള യാത്രയുടെ ഓരോ ചുവടുകളിലും വിശ്വാസ കവചങ്ങളുടെ കാവല്‍. ആദിശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലം, മലയാറ്റൂര്‍. വേരുകള്‍ തേടിച്ചെന്ന സാഹിത്യകാരനേയും വിശ്വാസ ത്തിന്‍റെ പുണ്യമലയേയും പ്രകൃതിമനോഹരമായ ദൃശ്യങ്ങളേയും ഓര്‍മിപ്പിക്കുന്ന ഇടം. താഴത്തെ പള്ളിയ്ക്കു മുമ്പില്‍ നിന്നു കുറച്ചുദൂരം നടന്നു. വെയിലിന്‍റെ കാഠിന്യമേറുന്നു. കുറച്ചകലെ ഐതിഹ്യങ്ങളുടെ മല തലയുയര്‍ത്തി നില്‍ക്കുന്നു. തീര്‍ഥാടനത്തിന്‍റെ തുടക്കം കുറിക്കുന്ന അടിവാരത്തേക്ക്. തിരുനാളിനൊരുങ്ങുന്ന താഴ്വാരം. തീര്‍ഥാടകപ്രവാഹത്തെ കാത്തിരിക്കുന്ന തീരം. ആഘോഷത്തിന്‍റെ ദിനങ്ങളല്ലെങ്കില്‍ ആള്‍ക്കൂട്ടങ്ങളില്ലാത്ത അടിവാരത്ത്, കച്ചവടസമൃദ്ധിയില്‍ ജീവിതം നെയ്യുന്നവര്‍ തമ്പടിച്ചിരിക്കുന്നു. അടിവാരത്തെ തടാകമായ മണപ്പാട്ടിച്ചിറയുടെ തീരത്തു നിന്നു മലയുടെ മുകളിലേക്ക് ഇനിയെ ത്ര ദൂരം...?

പ്രാര്‍ഥനയുടെ പ്രതിധ്വനികള്‍. പാറക്കൂട്ടങ്ങളും പ്രാര്‍ഥനക്കൂട്ടങ്ങളും കടന്നു മല കയറിത്തുടങ്ങുന്നു. മലകയറ്റത്തിന്‍റെ ആദ്യ ആവേശത്തിനു മീതേ കിതപ്പിന്‍റെ തളര്‍ച്ചകള്‍. പാതയ്ക്കരികില്‍ ജീവിതത്തിന്‍റെ വിളികള്‍, യാചനയാ യും ക്ഷീണമകറ്റാനുള്ള കുടിനീരായും കളിപ്പാട്ടങ്ങളിലേക്കുള്ള പ്രലോഭനങ്ങളായും... മലകയറ്റത്തിന്‍റെ കാഠിന്യമറിഞ്ഞുതുടങ്ങുമ്പോള്‍ പ്രാര്‍ഥനകളും ശരണം വിളികളും ഉച്ചസ്ഥായിയിലെത്തു ന്നു. ആത്മശാന്തി തേടി ആയിരങ്ങള്‍ കല്ലും പാറക്കൂട്ടങ്ങളും താണ്ടി മുകളിലേ ക്ക്. ക്രിസ്തുവിന്‍റെ പീഡാനുഭവയാത്ര യെ അനുസ്മരിപ്പിക്കുന്ന പതിനാലു സ്ഥലങ്ങള്‍ താണ്ടിയാല്‍ മലയാറ്റൂര്‍ കുരിശുമലയുടെ മുകളിലെത്താം. പാറക്കെട്ടുകള്‍ നിറഞ്ഞ, കുത്തനെയുള്ള കഠിനപാതയാണു മലകയറ്റത്തില്‍ ഏറ്റ വും ബുദ്ധിമുട്ടേറിയ പ്രദേശം. എങ്കിലും വിശ്വാസത്തിന്‍റെ ശരണമന്ത്രങ്ങള്‍ ഉയരുമ്പോള്‍, പാതയിലെ കാഠിന്യം വഴിമാറുമെന്നു വിശ്വാസവും അനുഭവവും. അതുകൊണ്ടു തന്നെ ആ മന്ത്രങ്ങള്‍ വാനിലുയര്‍ന്നുകൊണ്ടേയിരുന്നു. പൊന്നിന്‍കുരിശു മുത്തപ്പാ... പൊന്‍മലകയറ്റം.

വിശ്രമിക്കാതെ വയ്യ. അല്‍പ്പനേരമിരുന്നു. ചെറുപ്പത്തിന്‍റെ മുഖത്തേക്കു വാര്‍ധക്യത്തിന്‍റെ വെല്ലുവിളി നിറഞ്ഞ പുഞ്ചിരി എറിഞ്ഞൊരാള്‍ കടന്നു പോയി. കിതപ്പിനിടയിലും മറുചിരി നല്‍കി. അപ്പോള്‍ മനസോര്‍ത്തതു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മനുഷ്യയാത്രയുടെ കാലടിപ്പാടുകള്‍ ആ മലയുടെ മുകളിലേക്കു പ്രവഹിക്കും മുമ്പ്, വഴിതെളിക്കാനൊരു മുന്‍ഗാമി എത്തുംമുമ്പ്, ആദ്യമായി കയറിയ ഒരു വിശുദ്ധനെക്കുറിച്ചായിരുന്നു. ക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ തോമാസ്ലീഹയെക്കുറിച്ച്...

എ.ഡി 52. കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ തോമാസ്ലീഹ ഏകാന്തധ്യാനത്തിനിടം തേടി മലയാറ്റൂര്‍ മലമുകളിലെത്തി. കാലം ഒരുപാടു പിന്നില്‍. പശ്ചിമഘട്ടത്തിലെ മലയിലേക്കാണു തോമാസ്ലീഹാ എത്തിയത്. വന്യമൃഗങ്ങള്‍ സ്വസ്ഥമായി മേയുന്ന കൊടുങ്കാട്, പകലും രാത്രിയും പ്രാര്‍ഥനയുടെ പുണ്യവുമായി തോമാസ്ലീഹ പാറപ്പരപ്പില്‍ ധ്യാനനിരതനായി. മുട്ടുകാലില്‍ നിന്ന് ആകാശത്തേക്കു നോക്കി മനസുരുകി പ്രാര്‍ഥിച്ചു. പാറയുടെ പുറത്തു കുരിശടയാളം വരച്ചു ചുംബിച്ചു. പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്.

ഇങ്ങനെ ഇരുന്നാല്‍ മലകയറ്റം ബുദ്ധിമുട്ടാകും, മുകളിലെത്തും വരെ പതുക്കെ ആണെങ്കിലും നടന്നുകൊണ്ടിരിക്കണം. ഒരു പരിചിതതീര്‍ഥാടകന്‍റെ ഉപദേശത്തിന്‍റെ കരുത്തില്‍ പതുക്കെ നടന്നു തുടങ്ങി, തോമാസ്ലീഹ ദര്‍ശിച്ച ആ അത്ഭുതം സംഭവിച്ച ഇടം കാണാനുള്ള വ്യഗ്രത മനസില്‍. കുറച്ചകലെ ഒന്നാം സ്ഥലത്തിന്‍റെ തിരിനാളങ്ങള്‍. ക്രിസ്തുവിനെ കുരിശുമരണത്തിനു വിധിക്കുന്ന പീലാത്തോസ്. സഹനത്തിന്‍റെ നിശബ്ദതയില്‍ യേശു നില്‍ക്കുന്ന രംഗം ആലേഖനം ചെയ്തിരിക്കുന്ന ഒന്നാം ഇടം. വാനിലുയര്‍ന്ന പ്രാര്‍ഥനകളെ പിന്നിലാക്കി യാത്ര തുടര്‍ന്നു.


കുരിശു ചുമന്നിടുന്നു ലോകത്തിന്‍

വിനകള്‍ ചുമന്നിടുന്നു

നീങ്ങുന്നു ദിവ്യനാഥന്‍ നിന്ദനം

നിറയും നിരത്തിലൂടെ ‘’


സഹായിക്കാന്‍ ആരുമില്ലാതെ, ആശ്വാസത്തിനാരുമില്ലാതെ ക്രിസ്തു കുരിശും ചുമന്നു നടന്ന വഴികളുടെ സ്മരണയില്‍ പ്രാര്‍ഥനകള്‍ ഉയരുന്നുണ്ട്. എങ്കിലും തീര്‍ഥാടനത്തിന്‍റെ കാഠിന്യങ്ങള്‍ മനസിലേറ്റാതെ വിനോദയാത്രയുടെ ലാഘവത്തോടെ മലയാറ്റൂരില്‍ മലചവിട്ടുന്നുണ്ട്, ചിലര്‍. നടക്കുന്നതു പതുക്കെയാണെങ്കിലും കഠിനപാതയുടെ തളര്‍ച്ച കാലുകളിലേക്കു വേദനയായെത്തുന്നു. ജീവിതത്തിന്‍റെ നിരപ്പായ വഴികളില്‍ നിന്നൊരു തിരിവു വരുമ്പോള്‍ തളരുന്നതു പോലെ. ഇവിടെ കൈപിടിച്ചു നടത്താന്‍ വിശ്വാസത്തിന്‍റെ കൂട്ടുണ്ട്, മുന്‍പേ പോയവര്‍ തെളിച്ച സഞ്ചാരപാതകളും.

ക്രിസ്തു കുരിശു ചുമക്കുന്ന രംഗം ആലേഖനം ചെയ്ത രണ്ടാം സ്ഥലം. ഇവിടെയും പ്രാര്‍ഥന നല്‍കുന്ന വിശ്രമത്തിനായി കുറച്ചു നിമിഷങ്ങള്‍. പാതയ്ക്കരികിലെ തണലില്‍ വീണ്ടുമിരുന്നു. അടിവാരത്തു നിന്നു തലച്ചുമടുകളുമായി സ്ത്രീകള്‍ മുകളിലേക്കു പോകുന്നു. കുരിശുമുടിയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും തലച്ചുമടായി താഴെ നിന്നു കൊണ്ടു പോകുന്നതാണ്. ഭാരം ചുമക്കുന്ന ആ തൊഴിലാളികള്‍ക്കൊപ്പം മുകളിലേക്കുള്ള യാത്ര തുടര്‍ന്നു.


കുരിശിന്‍ കനത്ത ഭാരം താങ്ങുവാന്‍

കഴിയാതെ ലോകനാഥന്‍

പാദങ്ങള്‍ പതറിവീണു കല്ലുകള്‍

നിറയും പെരുവഴിയില്‍ ‘’


എന്നാല്‍ ഭാരമേറ്റി പൊന്‍മലയുടെ മുകളിലേക്കു പോകുന്ന തൊഴിലാളികളുടെ കാല്‍ ഇടറുന്നില്ല. അത് അന്നന്നത്തെ അപ്പത്തിനായുള്ള മലകയറ്റം. ശീലമായിട്ടുണ്ടാവണം. കാല്‍വരിക്കുന്നിലേക്കുള്ള യാത്രയില്‍ പാദങ്ങള്‍ ഇടറിവീണ നാഥന്‍ നല്‍കുന്ന വിശ്വാസത്തിന്‍റെ തുണയുണ്ട് അവര്‍ക്ക്. നല്ല ജീവിതത്തിന്‍റെ തുരുത്തുകളില്‍ ചേക്കേറാന്‍ കഴിയുന്ന വിധമൊരു അത്ഭുതം സംഭവിക്കുമെന്നു സ്വപ്നം കാണുന്നു, അവര്‍.

പാറയുടെ പുറത്തു കുരിശടയാളം വരച്ച തോമാസ്ലീഹയ്ക്കു മുന്നില്‍ സംഭവിച്ച ആ അത്ഭുതം. പരിശുദ്ധമാതാവ് ഉണ്ണിയുമായി പെട്ടെന്നു പ്രത്യക്ഷപ്പെടുകയായിരുന്നു. അനുഗ്രഹം ചൊരിഞ്ഞു. അദ്ദേഹത്തിനു വിശ്വാസത്തിന്‍റെ കരുത്തു പകര്‍ന്നു ആ സാന്നിധ്യം. പിന്നീടു മദ്രാസിലെ മൈലാപ്പൂരില്‍ വച്ചു തോമാസ്ലീഹ കുന്തത്താലുള്ള കുത്തേറ്റു രക്തസാക്ഷിത്തം വഹിച്ചെന്ന് ഐതിഹ്യം.

പക്ഷേ മലയാറ്റൂര്‍ പൊന്‍മലയില്‍ മറ്റൊരു ആശ്ചര്യസംഭവം അരങ്ങേറി. ആ സംഭവം നടക്കുന്നതു തോമാസ്ലീഹ വന്നുപോയി ഒരുപാടു കാലങ്ങള്‍ക്കു ശേഷം.

രാത്രി, കണ്ണില്‍ക്കുത്തിയാലും കാണാന്‍ കഴിയാത്തവിധം ഇരുട്ട്. നായാട്ടിനായി മലമുകളില്‍ എത്തിയതായിരുന്നു മലവേടന്മാര്‍. പണ്ടു തോമാസ്ലീഹ ധ്യാനിച്ചിരുന്ന പാറപ്പുറത്തെത്തിയ അവര്‍ അമ്പരന്നു പോയി.

ആ അമ്പരപ്പിന്‍റെ വിശദീകരണത്തിലേക്കു മനസെത്തും മുമ്പ് മുന്നില്‍ മൂന്നാം സ്ഥലം. ക്രിസ്തു ആദ്യം വീഴുന്ന രംഗം. പ്രായമേറിയ ഒരു അമ്മയുടെ കണ്ണു നിറയുന്നു. ആ അമ്മയുടെ പ്രാര്‍ഥനയ്ക്കു ശേഷം അമ്മയെ കൈപിടിച്ചു മകന്‍ നടത്തി, മുകളില്‍ നാലാം സ്ഥലത്തേക്ക്...


വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ

തനയന്‍ തിരിഞ്ഞു നോക്കി

സ്വര്‍ഗ്ഗീയകാന്തി ചിന്തും മിഴികളില്‍

കൂരമ്പു താണിറങ്ങി ‘’


വലിയ മരക്കുരിശുമേന്തി ഒരു സംഘം കാഷായധാരികള്‍ മുകളിലേക്കു വരുന്നു. ഒരുപാടു ദൂരങ്ങളില്‍ നിന്നു കാല്‍നടയായി എത്തുന്നവര്‍. ദിവസങ്ങള്‍ക്കു മുമ്പേ നടന്നു തുടങ്ങുന്നവര്‍. പാപപരിഹാരത്തിനായി കല്ലു തലയില്‍ വച്ചാണു ചിലരുടെ മലകയറ്റം. ഓരോ സ്ഥലങ്ങളിലും പ്രാര്‍ഥന അര്‍പ്പിച്ചു പൊന്‍മല ചവിട്ടുന്നു. ശരണമന്ത്രങ്ങള്‍ ഉരുവിടുന്നു, കൂടെയുള്ളവര്‍ ഏറ്റുവിളിക്കുന്നു. കഠിനമായ പാതയിലെ തടസങ്ങളൊന്നും അവരെ പിന്നോട്ടു വലിക്കുന്നേയില്ല.

ഇവിടെ കാട്ടില്‍ മൃഗങ്ങളുണ്ടോ....? മകനെ തോളത്തേറ്റി വരുന്ന അച്ഛനോടു മകന്‍റെ സംശയം. ഇപ്പോ മൃഗമൊന്നും കാണില്ല. പണ്ടുണ്ടായിരുന്നുവെന്ന മറുപടി. ആ മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയ മലവേടന്മാരായിരുന്നല്ലോ മലമുകളിലെ അത്ഭുതം നാട്ടുകാരെ അറിയിച്ചതും, മലയാറ്റൂര്‍ എന്ന പൊന്‍മലയുടെ വിസ്മയത്തെക്കുറിച്ചു ലോകം അറിയാന്‍ ഇടയാക്കിയതും.


മലവേടന്മാര്‍ ഇരുന്ന പാറയില്‍ പ്രകാശം പരക്കുന്നു. അവര്‍ ഭയന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച് പ്രകാശത്തില്‍ ആയുധം കൊണ്ടു തട്ടി. ചോരപ്പാടുകള്‍ തെളിഞ്ഞു. പെട്ടെന്ന് അവിടെ നിന്നൊരു പൊന്‍കുരിശുയര്‍ന്നു. തൊട്ടടുത്തു തന്നെ കാല്‍പ്പാടുകളുടേയും കാല്‍മുട്ടുകളുടേയും മുദ്രയും തെളിഞ്ഞു. മലയിറങ്ങിയ വേടന്മാര്‍ ഈ സംഭവം അടിവാരത്തെ നാട്ടുകാരെ അറിയിച്ചു. അവരെത്തി ആരാധന ആരംഭിച്ചു.


മലയാറ്റൂര്‍ പൊന്‍മലയിലേക്കുള്ള തീര്‍ഥാടനത്തിന്‍റെ തുടക്കം. കഥയും ഐതിഹ്യവും കേട്ടുകേള്‍വികളും പ്രതിധ്വനിക്കുന്ന മലയാറ്റൂര്‍ പൊന്‍മല ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. കുരിശിന്‍റെ വഴിയിലെ ഏറ്റവും വികാരനിര്‍ഭരമായ രംഗമായ നാലാം സ്ഥലത്തെത്തിയിരിക്കുന്നു. ക്രിസ്തു വഴിയില്‍ വച്ചു തന്‍റെ മാതാവിനെ കാണുന്നു. അമ്മയും മകനും തമ്മില്‍ സംസാരിക്കുന്നില്ല. പക്ഷേ അമ്മയുടെ വേദന മകനെ ദു: ഖിപ്പിക്കുന്നു.

വെയിലിന്‍റെ ചൂടേറി വരുന്നു. യാത്രയുടെ ദുരിതങ്ങളും. മലയിറങ്ങി വരുന്നവരും ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍ വിളിക്കുന്നുണ്ട്, പൊന്‍കുരിശു മുത്തപ്പാ പൊന്‍മല ഇറക്കം. ഇനി കുറച്ചുദൂരമേയുള്ളൂ എന്നാരോ പറഞ്ഞു. കുരിശു ചുമക്കാന്‍ ക്രിസ്തുവിനെ ശിമയോന്‍ സഹായിക്കുന്ന അഞ്ചാം സ്ഥലവും, വെറോനിക്ക മുഖം തുടയ്ക്കുന്ന ആറാം സ്ഥലവും, രണ്ടാം പ്രാവശ്യം വീഴുന്ന ഏഴാം സ്ഥലവും ഓര്‍ശ്ലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഏട്ടാം സ്ഥലവും മൂന്നാം പ്രാവശ്യം വീഴുന്ന ഒമ്പതാം സ്ഥലവും ക്രിസ്തുവിന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്ന പത്താം സ്ഥലവും പിന്നിട്ടു.

വെറുതെ തിരിഞ്ഞുനോക്കി, പാപമോചനത്തിനായി വിശ്വാസത്തിന്‍റെ ഊന്നുവടികളേന്തി നിരവധിപേര്‍ മലകയറി വരുന്നു. എല്ലാ ഇടങ്ങളിലും മെഴുകുതിരിനാളങ്ങള്‍ തെളിയിച്ച്, മനസുരുകി പ്രാര്‍ഥിച്ച്... വൈകല്യങ്ങളും ശാരീരിക അവശതകളും മറന്നാണു പലരും മല ചവിട്ടുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്നവരും ധാരാളം. ഇനി കുറച്ചു ദൂരം കൂടിയേ കുരിശുമുടിയിലേക്കു ബാക്കിയുള്ളൂ. താഴെ തെളിഞ്ഞു കാണുന്ന നദിയുടെ നേര്‍രേഖയെ പശ്ചാത്തലമാക്കി, ഫോട്ടൊ എടുക്കുന്ന ഒരു സംഘം, പ്രാര്‍ഥന മാത്രമായി മല കയറുന്നവര്‍, കുടുംബവുമൊത്തു പ്രാര്‍ഥിക്കാനും ഒരു യാത്രയ്ക്കായും ഇറങ്ങിത്തിരിച്ചവര്‍, ഏകാന്തതീര്‍ഥാടകര്‍, കൈയിലൊരു ക്യാമറയുമേന്തി കാഴ്ച പകര്‍ത്താനിറങ്ങിയവര്‍, കച്ചവടക്കാര്‍...... ഇതു ജീവിതവീഥികളിലൂടെയുള്ള തീര്‍ഥാടനമാകുന്നു.

ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കുന്ന പതിനൊന്നാം സ്ഥലം. ലോകരക്ഷകന്‍ വേദനയില്‍ അമരുന്നതു നിശ്ചലമായ നിറഞ്ഞമിഴികളില്‍ നോക്കിനില്‍ക്കുന്നു, ഒരാള്‍. പ്രാര്‍ഥനയില്‍ വാക്കുകള്‍ ഇടറുന്നുവോ...

ക്രിസ്തു കുരിശില്‍ മരണം വരിക്കുന്ന പന്ത്രണ്ടാം സ്ഥലവും പിന്നിട്ടു. ആ മൃതദേഹം മാതാവിന്‍റെ മടിയില്‍ കിടത്തിയിരിക്കുന്ന പതിമൂന്നാം സ്ഥലം. മനസില്‍ പ്രശസ്തമായ പിയാത്ത ചിത്രത്തിന്‍റെ സ്മരണ. വിശ്വപ്രസിദ്ധമായ ഒരു കലാരൂപത്തിനു പ്രചോദനമായ രംഗം. ഇനി ഒരു സ്ഥലം മാത്രം, മൃതദേഹം കല്ലറയില്‍ സംസ്കരിക്കുന്ന പതിനാലാം ഇടം. കുരിശുമല തീര്‍ഥാടനത്തിന്‍റെ ഉയരങ്ങളിലേക്ക്. വിശ്രമിച്ചും വിസ്മയിച്ചും കഥകളറിഞ്ഞും തുടര്‍ന്ന തീര്‍ഥാടനത്തിന്‍റെ പുണ്യത്തിലേക്ക്. മലയാറ്റൂര്‍ കുരിശുമുടിയുടെ ഉയരത്തിലെത്തുമ്പോള്‍ വേനല്‍സൂര്യന്‍ കത്തിനിന്നു. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ പ്രാര്‍ഥനയുടെ ശകലങ്ങള്‍ ആ മലമുകളില്‍ നിരന്തരം പ്രതിധ്വനിച്ചു കൊണ്ടിരുന്നു. തോമാസ്ലീഹയുടെ രൂപവും തിരുശേഷിപ്പും സ്ഥാപിച്ചിരിക്കുന്ന മാര്‍ത്തോമാ മണ്ഡപത്തിലും പള്ളിയിലും വിശ്വാസികളുടെ പ്രാര്‍ഥന.

കഥയും ഐതിഹ്യവും അത്ഭുതവും നിറയുന്ന നിരവധി സാന്നിധ്യങ്ങളുണ്ട്, മലയാറ്റൂര്‍ കുരിശുമുടിയില്‍. ഏറ്റവും ശ്രദ്ധേയമാണ് ആന കുത്തിയ പള്ളി. കാലം രേഖപ്പെടുത്തിയത് അനുസരിച്ചു 1595 മുതല്‍ 1968 വരെ കുരിശുമുടി ഘോരവനമായിരുന്നു. ധാരാളം വന്യമൃഗങ്ങള്‍ സ്വസ്ഥമായി വാണിരുന്ന കൊടുങ്കാട്. അക്കാലത്ത് ആനകള്‍ കപ്പേള ആക്രമിച്ചു. അങ്ങനെ ആന കുത്തിയ പള്ളി എന്ന പേരു കിട്ടി. കപ്പേളയുടെ പുറകിലെ ചുവരില്‍ ആന കുത്തിയ പാട് ഇപ്പോഴും ചില്ലിട്ടു സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. ഒപ്പം ഐതിഹ്യങ്ങളില്‍ മലവേടന്മാര്‍ അമ്പരന്നു പോയ കാല്‍പ്പാടുകളും ഇവിടെയുണ്ട്. തോമാസ്ലീഹയുടേതെന്നു വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദം. വിശ്വാസികളുടെ നേര്‍ച്ചപ്പണം കാരണം വ്യക്തമായി കാണാന്‍ കഴിയില്ലെന്നു മാത്രം. പൊന്‍കുരിശു കണ്ടുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു തങ്കം പൂശിയ പതിനാറ് അടി ഉയരമുള്ള കുരിശു സ്ഥാപിച്ചിരിക്കുന്നു. മലമുകളില്‍ നിന്നു കുറച്ചുതാഴെയാണ് അത്ഭുതഉറവ. തണുത്ത തെളിനീരൂറുന്ന ഉറവയ്ക്കും ഐതിഹ്യത്തിന്‍റെ കുളിര്. തോമാസ്ലീഹ മലയില്‍ ധ്യാനിച്ചിരുന്നപ്പോള്‍ വെള്ളത്തിനായി പാറയില്‍ കുത്തിയെന്നും, അവിടെ നിന്നും ജലം പ്രവഹിച്ചുവെന്നും. കടുത്ത വേനലില്‍പ്പോലും വറ്റാതെ വെള്ളം നല്‍കുന്ന ഉറവ പലര്‍ക്കും അത്ഭുതം. പലരും ഇവിടെ നിന്നു വെള്ളം ശേഖരിച്ചു കൊണ്ടു പോകുന്നു. ഉറവയുടെ തെളിനീരില്‍ മുഖം കഴുകി. തിരികെ ഇറങ്ങാന്‍ ഒരുങ്ങി.

അത്ഭുതങ്ങളുടേയും ഐതിഹ്യങ്ങളുടേയും കഥകളുടെയും കൈപിടിച്ചു തുടങ്ങിയ തീര്‍ഥാടനം അവസാനിക്കുന്നു. ഇനി കാത്തിരിക്കുന്നതു മലമുകളില്‍ നിന്നുള്ള താഴ്വാരത്തിന്‍റെ ഒരിക്കലും മറക്കാനാകാത്ത കാഴ്ച. ചുറ്റുപാടും പച്ചപ്പിന്‍റെ മേലാപ്പ്. പേരറിയാത്ത ഗ്രാമത്തിന്‍റെ മേല്‍ക്കൂരകള്‍. മലയാറ്റൂര്‍ പള്ളിയിലെ പെരുന്നാളു കൂടി ആലുവ ശിവരാത്രി മണപ്പുറത്തേക്ക് ഒഴുകുന്ന പെരിയാര്‍ ഒരു ചെറിയ നീര്‍ച്ചാലു പോലെ... തിരികെയിറങ്ങുമ്പോള്‍ മനസിലുണ്ടായിരുന്നു, ചരിത്രവും വിശ്വാസവും ഇഴചേര്‍ന്നൊഴുകിയ ഒരു പുഴ