ഈ കഥയിലെ മുഖങ്ങള്‍ക്കു കുറച്ചു പ്രായമായിട്ടുണ്ടാകും. കഥാപാത്രങ്ങ ളും സാഹചര്യങ്ങളും ഒട്ടും സാങ്കല്‍പ്പികമല്ല. സാങ്കല്‍പ്പികമായി തോന്നുന്നെങ്കില്‍, അതു വൈകി ജനിച്ചതു കൊണ്ടു മാത്രമാണ്....
കുറവൊന്നും വരുത്തിയില്ല. ഇക്കുറിയും പത്താം ക്ലാസ് വിശാലമാ യി തോറ്റു. 210 മാര്‍ക്കിനപ്പുറം കടക്കാന്‍ അസൂയയുള്ള അധ്യാപകര്‍ സഹായിച്ചില്ലെന്നു പതിവുപോലെ ആശ്വസിച്ചു. ഇനിയവളെ കെട്ടിച്ചയയ് ക്കാമെന്നു കുടുംബത്തി ലെ കാരണവര്‍ പ്രഖ്യാപിക്കുന്നു. പത്താം ക്ലാസ്തോല്‍വിയും കല്യാണപ്പരീക്ഷയും തമ്മിലുള്ള ഗ്യാപ്പ് ഫില്‍ ചെയ്യാനുള്ള അക്കാലത്തെ സ്ഥിരം പോംവഴിയും കാരണവര്‍ തന്നെ നിര്‍ദ്ദേശിച്ചു.
അവള്‍ ടൈപ്പ് പഠിക്കട്ടേ...
അന്ന് അതായിരുന്നു ഏറ്റവും എളുപ്പവും ഇഫക്റ്റിവുമായ വഴി. ടൈപ്പ് പഠിക്കുകയാണെങ്കില്‍ ഇടയ്ക്കുവച്ചു നിര്‍ത്തിപ്പോന്നാലും കുഴപ്പമില്ല. പഠിച്ചു മുഴുമിപ്പിച്ചാല്‍ വെറുതെയാവുകയുമില്ല. കൈയിലൊരു കുടയും വെള്ളക്കടലാസും വായിച്ചു പകുതിയാക്കിയ വാരികയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് എത്രയോ കൗമാരക്കാരികള്‍ ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേ ക്കു നടന്നു. കലുങ്കിലും കവലയിലും കണ്ണെത്താത്ത മതിലിനുമുകളിലുമൊക്കെ എത്രയോ പൂവാലക്കൂട്ടങ്ങള്‍ കാത്തുനിന്നു. ഒരു പക്ഷേ, വീട്ടുകാര്‍ ഉറപ്പിക്കുന്ന വിവാഹം വരെ കാത്തു നില്‍ക്കാതെ, ടൈപ്പ് റൈറ്റി ങ് സഞ്ചാരത്തിന്‍റെ നടവഴിയില്‍വച്ചു ഭാവിവരനെ കണ്ടെത്തിയവരും ഒട്ടും കുറവല്ല. പത്തും ടൈപ്പുമെന്ന കല്യാണയോഗ്യത പാസായവര്‍ എത്രയോ പേര്‍. കണ്ണും മനസും കീബോര്‍ഡില്‍ പതിയേണ്ട വിദ്യ പരിശീലിക്കുമ്പോള്‍ എത്രയോ കണ്ണുകള്‍ വഴിയരികിലേ ക്കും ആള്‍ക്കൂട്ടങ്ങളിലെ സൗന്ദര്യങ്ങളിലേക്കും പാഞ്ഞിരിക്കുന്നു.
അസമയത്തൊരു ടൈപ്പ് റൈറ്റര്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നത് എന്തിനാണെന്നൊരു സംശയം തോന്നാം. കേരളത്തിലെ ഗ്രാമങ്ങളിലെ ചില ടൈപ്പ് കാഴ്ചകള്‍ സ്മരണയിലെത്തുന്നു. ഓര്‍മയുടെ കീബോര്‍ഡില്‍ കറുത്ത പ്രതലത്തിലെ വിരല്‍കൊണ്ടു തേഞ്ഞു മങ്ങിയ വെളുത്ത അക്ഷരാനുഭവങ്ങള്‍ വീണ്ടും താഴ്ന്നുപൊങ്ങു ന്നു. എ എസ് ഡി എഫ് സ്ലാഷ് എല്‍ കെ ജെ എന്ന ടൈപ്പ് റൈറ്റിങ് ആദ്യപാഠത്തിന്‍റെ താളുകള്‍ വീണ്ടും മറിഞ്ഞു മുന്നില്‍ നിവര്‍ന്നിരിക്കുന്നു. ടൈപ്പ് റൈറ്ററിന്‍റെ ജനനവും വളര്‍ച്ച യും വികാസവുമടങ്ങുന്നു പ്രൊഫൈല്‍ ഡീറ്റെയ്ല്‍സ് മാറ്റിവച്ച് ആ അച്ചടി ഉപകരണം ഉയര്‍ത്തിയ ഊഷ്മളത തിരിച്ചറിയാം.
ഉപരിപഠനത്തിന്‍റെ ഉന്നതികളിലേ ക്ക് ഇപ്പോഴത്തെ സോ കോള്‍ഡ് കോഴ്സുകള്‍ എത്തുന്നതിനു മുമ്പ്, കേരളത്തിലെ സാധാരണക്കാരന്‍റെ മനസില്‍ ഉദിച്ചിരുന്ന പ്രാദേശിക ഉപരിപഠനമാര്‍ഗം ടൈപ്പ് റൈറ്റിങ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ഗ്രാമങ്ങളും നഗരങ്ങളും വ്യത്യാസമില്ലാതെ അനേകം ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉയര്‍ന്നു. ഒരു ചെറിയ മുറിയില്‍ ഒരിക്കലും മുറിയാതെ ടൈപ്പ് റൈറ്റിങ് താളങ്ങള്‍ ഉയര്‍ന്നു കേട്ടുകൊണ്ടിരു ന്ന കാലം. ലോവറും ഹയറും ഷോര്‍ട്ട് ഹാന്‍ഡും പാസായാല്‍ ജോലി ഉറപ്പ് എന്ന സാഹചര്യം വരെ നിലനിന്നിരു ന്നു. ടൈപ്പ് റൈറ്റിങ് പഠിക്കുന്നവര്‍ ഏറെക്കുറെ ഇല്ലാതായെങ്കിലും, ഇപ്പോ ഴും ജോലിയോഗ്യതയുടെ കോളങ്ങളില്‍ ടൈപ്പ് റൈറ്റിങ് (ഹയര്‍) എന്നു തെളിയുന്ന തസ്തികകള്‍ നിലനില്‍ക്കുന്നു. ജോലിക്കു കയറിയാല്‍ ടൈപ്പ് റൈറ്റിങ് മെഷീന്‍ ചിലപ്പോള്‍ കണ്ടെ ന്നു പോലും വരില്ല, കംപ്യൂട്ടറുകള്‍ കളം വാഴുന്നുണ്ടാകാം. ഒരു കാലത്തു സ്റ്റെനോഗ്രഫര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ വരുന്നതു ടൈപ്പ് റൈറ്റിങ് മെഷീന്‍റെ മുന്നിലിരിക്കുന്ന സുന്ദരിയായിരുന്നു.
ടൈപ്പ് റൈറ്റിങ്ങും കഴിഞ്ഞ്, പഴയ ട്രങ്ക് പെട്ടിയില്‍ തുണി വാരിനിറച്ചു ബോംബെയിലേക്കും മദ്രാസിലേക്കും ജോലിമോഹവുമായി വണ്ടി കയറുന്നവര്‍. പിന്നെ ഏതെങ്കിലുമൊരു ഉദ്യോഗ സ്ഥന്‍റേയോ അഡ്വക്കെറ്റിന്‍റേയോ സഹായിയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്ന കഥാപാത്രങ്ങളെ എത്രവട്ടം വായിച്ചാസ്വദിച്ചു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ വേരുകളില്‍ ടൈപ്പ് റൈറ്റിങ്ങിന്‍റെ താളം വരെ വിവരിക്കുന്നു, കൊട്ട് കൊട് കൊട്ട്... ആനന്ദിന്‍റെ ആള്‍ക്കൂട്ടത്തിലും ടൈപ്പ് റൈറ്ററിന്‍റെ താളമുണ്ടായിരുന്നു. ടൈപ്പ് റൈറ്റി ങ് പഠിക്കാനായി പോകുന്ന വഴിയില്‍ എത്രയോ പെണ്‍കഥാപാത്രങ്ങള്‍ സ്വന്തം കാമുകനെ കണ്ടെത്തിയിരിക്കുന്നു, മലയാള സിനിമയില്‍. പത്രസ്ഥാപ നങ്ങളുടെ ന്യൂസ്റൂമുകളില്‍ ടൈപ്പ് റൈറ്റിങ്ങിന്‍റെ താളം മുഴങ്ങിക്കേട്ടിരു ന്ന കാലവുമുണ്ടായിരുന്നു. ടൈപ്പ് ചെയ്തു കൊടുക്കപ്പെടും എന്ന ബോര്‍ഡ് വച്ചു സ്വയം തൊഴിലിന്‍റെ സാധ്യത തേടിയവരും കുറവല്ല.
അവസാന ടൈപ്പ് റൈറ്റിങ് മെഷീന്‍ ഫാക്റ്ററിയും വിസ്മൃതിയിലേക്കു മറയുന്നു. 1955ലാണ് മഹരാഷ്ട്രയിലെ സത്താറയിലുള്ള ഷീര്‍വാളില്‍ ഗോദ്റേജ് കമ്പനി ടൈപ്പ് റൈറ്റര്‍ ഫാക്റ്ററി ആരംഭിച്ചത്. ഏഷ്യയിലെ ആദ്യ ടൈപ്പ്റൈറ്റിങ് ഫാക്റ്ററി എന്ന പെരുമയുണ്ടായിരുന്നു അന്നതിന്. പ്രശ്നം നില നില്‍പ്പിന്‍റേതാണ്. 2009വരെ പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെ മെഷീനുകളായിരുന്നു ഗോദ്റേജ് ആന്‍ഡ് ബോയ്സ് കമ്പനി പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. ഏറ്റവും ഡിമാന്‍ഡുണ്ടായിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രതിവര്‍ഷം അമ്പതിനായി രം ടൈപ്പ്റൈറ്ററുകള്‍ നിര്‍മിച്ചിരുന്നനു. 2009ല്‍ പ്രൊഡക്ഷന്‍ നിര്‍ത്തി. പിന്നെ വിതരണം മാത്രമായിരുന്നു.
ഇനി വരുന്ന തലമുറയ്ക്കു പറഞ്ഞു കൊടുക്കേണ്ടി വരും, ടൈപ്പ് റൈറ്ററുകള്‍ എന്തായിരുന്നെന്ന്. കാലത്തിന്‍റെ പൊടിപിടിച്ച പിന്‍വഴികളിലെ പഠനമുറികളില്‍ ഒരേ താളത്തില്‍ അവ അച്ചടിയുടേയും അനുഭവങ്ങളുടേയും ആന ന്ദം പകര്‍ന്നിരുന്നെന്ന്. ടൈപ്പ് പഠിക്കാന്‍ പോകുന്ന കൗമാരാനുഭവങ്ങളില്‍ ഗൃഹാതുരതയുടെ മായാത്ത മഷി പടര്‍ന്നിരുന്നുവെന്ന്. പിന്നെ പറഞ്ഞു കൊടുത്തു മനസിലാക്കാന്‍ കഴിയാ ത്ത ഒരുപാട് അനുഭവങ്ങളും.
മഴ തിമിര്‍ക്കുമ്പോള്‍ ചാറ്റലുകള്‍ ചിതറിവീഴുന്ന ജനലരികിലെ സീറ്റില്‍ വീണ്ടുമിരുന്നു. ടൈപ്പ് റൈറ്റിങ് മെഷീന്‍ നേരെയാക്കി. ആദ്യാക്ഷരത്തില്‍ ആഞ്ഞു കൊട്ടി. പേപ്പറിന്‍റെ വെളുത്ത പ്രതലത്തില്‍ വാക്കുകളുടെ കറുത്ത കുനിപ്പുകള്‍. അവയ്ക്കു മീതേ കാലത്തിന്‍റെ മഴച്ചാറ്റലുകള്‍ അക്ഷരങ്ങളെ മായ്ക്കാനെത്തുന്നു. നിലനില്‍പ്പിന്‍റെ വാക്കുകള്‍ക്കു പൊട്ടലുകള്‍ വീഴുന്നു. ടൈപ്പ് ചെയ്തു പൂര്‍ത്തിയാക്കാത്ത കടലാസ് തിരികെ എടുക്കാം. പക്ഷേ, വീണ്ടുമൊരു തലമുറയ്ക്കായി പുതിയ കടലാസ് തിരുകി, ഹാന്‍ഡില്‍ വലിച്ചിട്ട്, അടുത്ത വരിയിലേക്ക് അക്ഷരം പകരാനാവില്ല. എങ്കിലും ടൈപ്പിങ്ങിന്‍റെ താളം ശേഷിക്കുന്ന മനസുകള്‍ ബാക്കി.
No comments:
Post a Comment