Monday, November 11, 2013

അറിയപ്പെടാത്ത നടന്‍


യവനിക ഉയര്‍ന്നു. തിരക്കേറിയ ബസ് സ്റ്റാന്‍ഡിന്‍റെ ആളൊഴിഞ്ഞയിടം. ഒരു തെരുവുതെണ്ടി ചെറുക്കന്‍ കിടന്നുറങ്ങുന്നു. പെട്ടെന്ന് അവന്‍ എഴുന്നേറ്റു. സദസിനെതിരെ തിരിഞ്ഞു നിന്നു മൂത്രമൊഴിക്കുന്നു. അവിടേക്കു കടന്നു വരുന്നയാള്‍ ഛെ, റാസ്ക്കല്‍ എന്നുറക്കെ വിളിക്കുമ്പോള്‍, ആ ചെറുക്കന്‍ പൊടുന്നനെ മൂത്രമൊഴിക്കുന്ന അതേ നില്‍പ്പില്‍ത്തന്നെ ഞെട്ടിത്തരിച്ചു സദസിനു നേരെ തിരിയുന്നു. നാടകത്തില്‍ മുഖം കാണിക്കുക എന്ന പ്രയോഗത്തെ തെറ്റിക്കുകയായിരുന്നു ആ പുതുമുഖം. കാരണം മൂത്രമൊഴിക്കുന്ന പോസില്‍ തിരിഞ്ഞപ്പോള്‍ കാണിച്ചതു മുഖം മാത്രമായിരുന്നില്ലല്ലോ... നാടകം പോര്‍ട്ടര്‍ കുഞ്ഞാലി രചന എന്‍. എന്‍ പിള്ള. ആര്‍ത്താര്‍ത്തു ചിരിക്കുന്ന കാണികള്‍ ഒരാവേശമായി തോന്നി ആ പയ്യന്. ശിഷ്ടകാലം ജീവിതം അരങ്ങിന്‍റെ ആവേശത്തിലായിരിക്കുമെന്ന് ഉറപ്പിക്കാനുള്ള പ്രായമൊന്നുമായിരുന്നില്ല അപ്പോള്‍. പക്ഷേ അരങ്ങുകള്‍ കാത്തിരിക്കുകയായിരുന്നു. പിന്നീട് മലയാളി നെഞ്ചേറ്റിയ നാടകങ്ങളുടെ അരങ്ങില്‍ അഭിനേതാവായി ഇദ്ദേഹം നിറഞ്ഞു. മലയാളത്തിന്‍റെ നാടകാചാര്യന്‍ എന്‍. എന്‍ പിള്ളയുടെ മകന്‍ നാടകത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിന് അനുഭവങ്ങളുടെ കരുത്ത്, സിനിമാനടനെന്ന വിശേഷണത്തില്‍ ചോരാത്ത നാടകസ്നേഹം, അരങ്ങിനോടുള്ള ആത്മാര്‍ഥതയ്ക്കു മേക്കപ്പണിയിക്കാതെ നാടകനടന്‍ വിജയരാഘവന്‍ സംസാരിക്കുന്നു വിശ്വകേരളകലാസമിതിയുടെ നാടകവണ്ടിയില്‍ സഞ്ചരിച്ച വഴികളെക്കുറിച്ച്.... ആദ്യകാലത്ത് അഭിനയത്തിന്‍റെ ബാല്യം പിന്നിടുമ്പോള്‍ കൂടെ അഭിനയിച്ചവരെല്ലാം പില്‍ക്കാലത്തു നാടറിഞ്ഞവര്‍ തന്നെയായിരുന്നു. ആത്മബലി എന്ന നാടകത്തില്‍ വിജയരാഘവന്‍റെ അച്ഛനായി അഭിനയിച്ചത് അന്തരിച്ച വിഖ്യാതനടന്‍ ജോസ് പ്രകാശ്. സോങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍റെ അംഗീകാരം നേടിയ നാടകമായിരുന്നു എന്‍. എന്‍ പിള്ളയുടെ ആത്മബലി. പിന്നീടു പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട നാടകം അരങ്ങിലെത്തിയപ്പോള്‍ ഒപ്പം നിരവധി പ്രഗത്ഭരുണ്ടായിരുന്നു. എന്‍. എന്‍ പിള്ള, ജോസ് പ്രകാശ് എന്നിവര്‍ക്കൊപ്പം മാവേലിക്കര എന്‍. പൊന്നമ്മ, വി. ടി തോമസ്, ഓമന തുടങ്ങിയവര്‍. അപ്പോഴും അഭിനയത്തെ ജീവിതോപാധിയായി എടുത്തിട്ടുണ്ടായിരുന്നില്ല വിജയരാഘവന്‍. അഭിനേതാക്കള്‍ക്ക് അസൗകര്യങ്ങള്‍ വരുമ്പോള്‍ പകരം വേഷമണിയുന്നയാള്‍. ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരുന്ന കോട്ടയം വല്‍സന്‍ എന്ന നടനു ടൈഫോയ്ഡ് ബാധിച്ചു. പകരം അഭിനയിക്കാന്‍ ആളില്ലാതായപ്പോള്‍ ആ വേഷം വിജയരാഘവനിലേക്കെത്തി. സ്വര്‍ഗത്തിനും നരകത്തിനുമിടയിലുള്ള സ്ഥലത്താണു നാടകം നടക്കുന്നത്. എന്‍. എന്‍ പിള്ളയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ സ്ഥലകാലങ്ങളില്ലാത്ത അപാരതയില്‍. അവിടേക്ക് എത്തുന്ന മണ്ടന്‍ ചാക്കോ എന്ന കഥാപാത്രമായിരുന്നു വിജയരാഘവന്. മരണദേവതയെ പ്രേമിക്കാന്‍ ശ്രമിക്കുന്ന, സൗകര്യമായിട്ട് എപ്പോഴോ ഒന്നു കാണാന്‍ കഴിയുക എന്നൊക്കെ ചോദിക്കുന്ന കഥാപാത്രം. ഒരിക്കല്‍ നാടകാവതരണം കഴിഞ്ഞപ്പോള്‍ എം. ടി വാസുദേവന്‍ നായര്‍ ഗ്രീന്‍ റൂമിലേക്കെത്തി എന്‍. എന്‍ പിള്ളയോടു ചോദിച്ചു, ആ കഥാപാത്രത്തെ അവതരിപ്പിച്ചതാരാണെന്ന്. മകനാണെന്ന് അദ്ദേഹത്തിന്‍റെ മറുപടി. അഭിനയം ഇഷ്ടമായെന്നു പറഞ്ഞാണ് എംടി അന്നു മടങ്ങിയതെന്നോര്‍ക്കുന്നു വിജയരാഘവന്‍. ആദ്യ അഭിനന്ദനങ്ങളുടെ ആഹ്ലാദം നിറയുന്ന വാക്കുകള്‍. ഗറില്ല എന്ന നാടകത്തോടെയായിരുന്നു അതൊരു പ്രൊഫഷനായി എടുക്കാന്‍ തീരുമാനിക്കുന്നത്. എത്തെല്‍വോയിച്ചിഷിന്‍റെ ഗി ഗാഡ് ഫ്ളൈ എന്ന നോവലിന്‍റെ പ്രേരണയില്‍ എന്‍. എന്‍ പിള്ള എഴുതിയ നാടകമാണു ഗറില്ല. ഗറില്ലയ്ക്കു ശേഷം നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ഫോളിഡോള്‍, ടു ബി ഓര്‍ നോട്ട് ടു ബി, കണക്ക് ചെമ്പകരാമന്‍, വിഷമവൃത്തം.......നാടകത്തിന്‍റെ വസന്തകാലമായിരുന്നു അപ്പോള്‍. കെപിഎസിയും ഗീഥായും കാളിദാസ കലാകേന്ദ്രവുമാക്കെ ശക്തമായ നാടകങ്ങള്‍ അരങ്ങത്തെത്തിച്ചിരുന്ന കാലം. നാടകം കാണാന്‍ വേണ്ടി മാത്രം എത്തുന്ന പ്രേക്ഷകന്‍ അക്കാലത്തുണ്ടായിരുന്നുവെന്നു പറയുന്നു വിജയരാഘവന്‍. പണം കൊടുത്തു ടിക്കറ്റ് എടുത്തേ നാടകം കാണാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ നാടകത്തിനു വിലയുണ്ട്. അമ്പലപ്പറമ്പില്‍ എത്തുന്നവന്‍ ഉത്സവവും കാണും പൂരവും കാണും, കൂട്ടത്തില്‍ നാടകവും. നാടകത്തിനു മാത്രമായി പ്രേക്ഷകരുണ്ടായിരുന്നു കാലമായിരുന്നു അത്. കൊട്ടും പാട്ടും വിഷ്വല്‍ മാജിക്കുമൊന്നുമില്ലാതെ ജീവനുള്ള നാടകങ്ങള്‍ ഉണ്ടായിരുന്ന കാലത്തു ജനങ്ങള്‍ നാടകത്തെ അംഗീകരിച്ചിരുന്നു, അദ്ദേഹം പറയുന്നു. പരിഹസിച്ചു പവിത്രീകരിക്കുക എന്ന ശൈലിയിലുള്ള നാടകങ്ങളായിരുന്നു വിശ്വകേരള കലാസമിതി അവതരിപ്പിച്ച നാടകങ്ങളില്‍ അധികവും. അച്ഛന്‍ നാടകം പരിശീലിപ്പിച്ചിരുന്ന രീതിയും വ്യത്യസ്തമായിരുന്നെന്നു പറയുന്നു വിജയരാഘവന്‍. ആദ്യം ഒരുമിച്ചിരുന്നു വായിക്കും. മനസിലേക്കു നാടകത്തിന്‍റെ കൃത്യമായ രൂപം തരും. ഒരിക്കലും ഡയലോഗ് കാണാപ്പാഠം പഠിക്കാന്‍ തന്നിരുന്നില്ല. കഥാപാത്രത്തെ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അതായി മാറാനുള്ള സ്ട്രഗിള്‍ തുടങ്ങും. ആ സമയത്ത് അച്ഛന്‍ ചിലപ്പോള്‍ അവതരിപ്പിക്കുന്നതു ശരിയായില്ലെന്നു പറഞ്ഞു വേദനിപ്പിക്കും, ഇറിറ്റേറ്റ് ചെയ്യും വിജയരാഘവന്‍ പറയുന്നു. പക്ഷേ ഒടുവില്‍ കഥാപാത്രത്തിന്‍റെ ആത്മാവു മനസിലാക്കുന്ന നടനായുള്ള രൂപാന്തരപ്പെടലായിരിക്കും സംഭവിക്കുക. കര്‍ട്ടന്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന അവസ്ഥയാണ്. ഒരാള്‍ക്കും സഹായിക്കാന്‍ കഴിയില്ല. എന്‍. എന്‍ പിള്ളയുടെ മകനാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, സഹായിക്കാന്‍ ആരുമുണ്ടാവില്ല. കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നതു നടന്‍റെ മാത്രം ചുമതലയായി മാറും. അഭിനയത്തിന്‍റെ കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ളതു ചിറ്റയാണെന്നു പറയുന്നു വിജയരാഘവന്‍, എന്‍. എന്‍ പിള്ളയുടെ സഹോദരിയും നടിയുമായ ജി. ഓമന. എസ്. കൊന്നനാടിന്‍റെ സുറുമയെഴുതിയ മിഴികളിലെ നായകനായിട്ടായിരുന്നു വിജയരാഘവന്‍റെ സിനിമാപ്രവേശം. അതിനു മുമ്പു എന്‍. എന്‍ പിള്ളയുടെ നാടകം കാപാലിക സിനിമയായപ്പോള്‍ ഒരു ചെറിയ വേഷവും ചെയ്തിരുന്നു. സുറുമയെഴുതിയ മിഴികള്‍ക്കു ശേഷം ഈ ശബ്ദം ഇന്നത്തെ ശബ്ദം, ആന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീടു പൂര്‍ണമായും സിനിമയിലേക്കു മാറുന്നതു ജോഷിയുടെ ന്യൂഡല്‍ഹി എന്ന ചിത്രത്തോടെയാണ്. എങ്കിലും നാടകത്തെ ഉപേക്ഷിച്ചില്ല. 1994ല്‍ വിശ്വകേരളകലാസമിതിയുടെ ബാനറില്‍ കണക്ക് ചെമ്പകരാമന്‍ എന്ന നാടകത്തില്‍ തുടങ്ങി നിരവധി രചനകള്‍ വീണ്ടും അരങ്ങിലെത്തിച്ചു. ഒളശ്ശയിലെ ഡയനീഷ്യ എന്ന വീട്ടില്‍ നാടകസ്മരണകളുടെ കര്‍ട്ടന്‍ വീഴുന്നതേയില്ല. ഇന്നും നാടകത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്കു പായുന്ന നാടകസംഘത്തെ പോലെ. അടുത്ത ബെല്ലിനായി കാത്തു നില്‍ക്കാതെ വിജയരാഘവന്‍റെ അരങ്ങനുഭവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. യവനിക വീഴുന്നില്ല..

Friday, November 1, 2013

ഒരു പഞ്ചസാര കഥ


ഒരു പാടം കടന്നു വേണമായിരുന്നു സ്‌കൂളിലേക്ക്‌ പോകാന്‍. ആ സ്‌കൂള്‍ യാത്രയുടെ ത്രില്ലും അതു തന്നെയായിരുന്നു. പാടം എത്തുന്നതിനു മുമ്പ്‌, ജാതിക്ക തോട്ടവും, ഒരുപാടു തിന്നാല്‍ നാവിലെ തൊലി പോകുമെന്ന്‌ പറഞ്ഞ്‌ അമ്മ പേടിപ്പിച്ചിരുന്ന ഒരു പഴവും.... സ്ഥിരം യാത്രയുടെ ആവര്‍ത്തന കാഴ്‌ചകളും അനുഭവങ്ങളുമായിരുന്നെങ്കിലും ഒരിക്കലും മടുക്കാത്ത കാര്യങ്ങളായിരുന്നു അവയൊക്കെ. മഴ പെയ്‌താല്‍ നടവരമ്പ്‌ മുങ്ങിപ്പോകുന്ന പാടത്തിനു നടുവിലൂടെയുള്ള യാത്ര....
  ഇപ്പോള്‍ അതേ സ്‌കൂളില്‍ തന്നെയാണ്‌ മകന്‍ പഠിക്കുന്നതും. എന്നാല്‍ പാടത്തൂടെയുള്ള യാത്രയും ജാതിക്കയുമൊന്നുമില്ല. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛന്റ്‌ സ്‌കൂള്‍ കഥകള്‍ കേള്‍ക്കുന്ന പതിവുണ്ട്‌ മകന്‌. പട്ടാളത്തില്‍ നിന്നു മടങ്ങിവന്നവന്റെ കഥ പറച്ചില്‍ പോലെ, എത്ര ആവര്‍ത്തിച്ചാലും അവനു തീരെ പരാതിയില്ല.
ഒരിക്കലൊരു കഥ അവനോട്‌ പറഞ്ഞു. അതിങ്ങനെ
  ഒരിക്കല്‍ ഒരു വൈകുന്നേരം സ്‌കൂള്‍ വിട്ടു പതിവു സംഘങ്ങള്‍ക്കൊപ്പം വരുമ്പോള്‍ വല്ലാത്ത ദാഹം. അടുത്തു കണ്ട വീട്ടില്‍ കയറി. ഒരു അമ്മൂമ്മ ഇറങ്ങിവന്നു. ഇത്തിരി വെള്ളം തര്വോ എന്നു ചോദിച്ചു. അമ്മൂമ്മ അകത്തേക്കു പോയി വെള്ളം തന്നു. നല്ല മധുരം. മധുരം ഉണ്ടോ, പഞ്ചാര ഇട്ടിട്ടുണ്ട്‌ട്ടോ...അതൊരു സാധ്യതയായിരുന്നു. പിറ്റേദിവസം തൊട്ട്‌ അതേ സ്ഥലത്ത്‌ എത്തുമ്പോള്‍, എവിടെ നിന്നാണെന്നറിയില്ല, വല്ലാത്ത ദാഹം....ആ പതിവ്‌ ആവര്‍ത്തിച്ചു. പിന്നെ എപ്പോഴാണു ആ ശീലം നിന്നതെന്ന്‌ ഓര്‍മ്മയില്ല. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ്‌ മോനെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ ആ അമ്മൂമ്മയെ കണ്ടു. ഓര്‍മ്മയുണ്ടോ എന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ആ പഴയ പഞ്ചസാര വെള്ളത്തിന്റെ മധുരം വായിലും മനസിലും ഊറിയെത്തി..

ഈ കഥ പറഞ്ഞ്‌ അവസാനിക്കുമ്പോള്‍, കുറച്ചു നേരം മിണ്ടാതെയിരുന്നു മകന്‍. എന്നിട്ടു ചോദിച്ചു...
എവിടെയാ അച്ഛാ ആ വീട്‌.....
പറഞ്ഞുകൊടുത്തില്ല പഞ്ചസാരയ്‌ക്കൊക്കെ ഇപ്പോ എന്താ വില