രഘുറാം |
''ഏട്ടാ എവിടെത്തി..''
കാലങ്ങള്‍ മുമ്പായിരുന്നെങ്കില്‍ ഇന്നലെ ഇങ്ങനയൊരു ഫോണ്‍ കോള്‍ പ്രതീക്ഷിക്കാമായിരുന്നു. തോളത്തൊരു തോര്‍ത്തുമിട്ട് വീട്ടില്‍ നില്‍ക്കുകയാണെങ്കിലും , അവനെ വിശ്വസിപ്പിച്ചു മറുപടി പറയാമായിരുന്നു.
''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്..''
ഇന്നലെ ആ കോള്‍ വന്നില്ല. ഇനിയൊരിക്കലും വരികയുമില്ല. എന്നാലും നിന്റെ നമ്പര്‍ ഇപ്പോഴും ഞാന്‍ മായ്‌ച്ചു കളഞ്ഞിട്ടില്ല. ഇനിയൊരിക്കലും നീ വിളിക്കില്ലെന്നറിഞ്ഞിട്ടും, നിന്നെ പറ്റിക്കാനെനിക്ക് കഴിയില്ലെന്നറിഞ്ഞിട്ടും നിന്റെ നമ്പറിങ്ങനെ ശേഷിക്കും. ഒരു വിഷുനാള്‍ മുതല്‍ നിതാന്തമൗനത്താല്‍ നിശ്ചലമായിപ്പോയ അക്കങ്ങള്‍. മഴയും വെള്ളച്ചാട്ടവും കാടുമൊക്കെ നിറഞ്ഞുനിന്ന യാത്രയുടെ മടക്കത്തില്‍ മനസില്‍ മുഴുവന്‍ നീയായിരുന്നു, രഘൂ.
പറയാതെ പോയവരെ ഒടുവില്‍ കണ്ടതെവിടെ വച്ചായിരുന്നെന്നു ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. വെറുതെയാണ്, ഇന്നലെയും കൂടി കണ്ടതാണല്ലോ എന്നു പറഞ്ഞു തീര്‍ക്കുമ്പോള്‍, ഇന്നലെ കണ്ടിട്ടും പറയാതെ പോയതിന്റെ പരാതിയോ, ആ കാഴ്‌ചയുടെ ആവര്‍ത്തനമുണ്ടാവില്ലെന്ന നിരാശയോ അല്ല നിഴലിക്കുന്നത്. അടുത്ത കൂടിക്കാഴ്‌ചയ്‌ക്കായി കാത്തുവയ്‌ക്കാതെ മരണം തട്ടിയെടുത്തത്തിന്റെ വേദന നിറഞ്ഞ അവിശ്വസനീയതയാണ്. രഘൂ, നീയും അങ്ങനെയായിരുന്നു. അവസാനമായി വിളിച്ചത് നടന്‍ അഗസ്‌റ്റിന്റെ നമ്പര്‍ ചോദിച്ചായിരുന്നു. പക്ഷേ അവസാനം കണ്ടത്.... ഓര്‍മ്മയില്ല. ഒരു കണക്കിനതാണു നല്ലതും. ഒരുപാട് കാഴ്‌ചകളില്‍ ഒടുക്കത്തേതെന്നു തിരിച്ചറിഞ്ഞ് മനസില്‍ ചോര പൊടിയും പോലെ ചേര്‍ത്തു വയ്‌ക്കണ്ടല്ലോ. നീ പോയതിനു ശേഷം ഞാനൊരു കരുതല്‍ കൊടുക്കുന്നുണ്ട്. പലരുമായുള്ള ഓരോ കൂടിക്കാഴ്‌ചയും ഇനിയൊരിക്കലും ആവര്‍ത്തിച്ചേക്കില്ലെന്നൊരു മുന്നൊരുക്കത്തില്‍ പെരുമാറാന്‍ ശ്രമിക്കുന്നുണ്ട് ഇപ്പോള്‍. അപൂര്‍വമായെങ്കിലും ആ മുന്നൊരുക്കം മറന്നു പോവും, പിന്നീടു പശ്ചാത്തപിക്കുമെങ്കിലും.
രഘു, ലിബിന്‍, അമല്‍, രാജന്‍, സുദീപ് |
മറഞ്ഞവരെക്കുറിച്ചെഴുതാനാണ് ഏറെ ബുദ്ധിമുട്ട്‌്. എങ്കിലും ഞാനിതങ്ങ് കുറിക്കുകയാണ്. കുറിച്ചൊടുക്കുയാണ്. പണ്ടൊരിക്കല്‍ തീവണ്ടിയില്‍ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പുസ്‌തകങ്ങളെക്കുറിച്ചായിരുന്നു നമ്മുടെ ചര്‍ച്ച. എന്തെങ്കിലും എഴുതുന്നതിനു മുമ്പ് വെറുതെയൊരു പുസ്‌തകം മറിച്ചു നോക്കി, ഒരു വാചകത്തിലുടക്കുന്നതും, ആ നിമിഷത്തില്‍, അപ്പോള്‍ നാം കടന്നു പോകുന്നതുമായ ജീവിതസന്ദര്‍ഭത്തോട് താരതമ്യം ചെയ്യുന്നതും ഓര്‍മിക്കുന്നുണ്ടാകും. ഈ കുറിപ്പ് അവസാനിക്കുമ്പോള്‍ മുന്നിലിരിക്കുന്നതു വിശുദ്ധ ഖുറാന്റെ മലയാള ഭാഷാന്തരമാണ്. ആദ്യത്തെ മറിച്ചു നോക്കലില്‍, പുതിയ പേജിന്റെ ഗന്ധമറിഞ്ഞ ശേഷം കണ്ണില്‍ കൊരുത്ത വാചകമിതാണ്.
''നിശ്ചയമായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്‌തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.''
സമാന്തരരേഖയില്‍ നിന്നും നീയങ്ങിറങ്ങിപ്പോയപ്പോഴും, സ്‌മരണകളുടെ ഒരു രേഖ, തീവണ്ടിപ്പാളങ്ങള്‍ പോലെ അറ്റമില്ലാതെ നീണ്ടു കിടക്കുന്നുണ്ട്. നീ ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഈ ഇടവേളയുണ്ടല്ലോ. അതൊക്കെ മാറ്റിവയ്‌ക്കേണ്ട കാലമാകുമ്പോള്‍, ഒരിക്കല്‍ക്കൂടി ധൈര്യമായി എന്നെ വിളിച്ചു ചോദിക്കണം,
''ഏട്ടാ എവിടെത്തി.''
അന്നു പറയാനായി ഞാനാ പഴയ മറുപടി തന്നെ കാത്തുവചിട്ടുണ്ട്.
''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്..''
ഇത്തവണ പറ്റിക്കില്ല. കുളിച്ചൊരുങ്ങി ഒരഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ ഉറപ്പായുമെത്താം. അന്നു നമുക്കൊരുമിച്ചാ സവാരി പോകാം.