Thursday, October 9, 2014

നഗരമേ നന്ദി.....



ഏറെ വൈകിയൊരു രാത്രിയില്‍ തീവണ്ടിയില്‍ മടങ്ങുകയാണ്‌, കൊച്ചിയില്‍ നിന്ന്‌. അവസാനപേജിലെ തെറ്റുനോട്ടങ്ങള്‍ക്കുശേഷം അരണ്ട വെളിച്ചത്തില്‍, അല്‍പ്പം വീഞ്ഞാല്‍ ബോധത്തെ തെളിയിച്ച ഇരവ്‌ ഇനിയില്ലെന്നുറപ്പിച്ചു പതിവുപോലെ. തീവണ്ടിയുടെ സൗഹൃദപ്പാളങ്ങളില്‍ കൂകിയാര്‍ത്തൊരു മടക്കം. അടുത്ത പുലര്‍ച്ചയുടെ ശീലങ്ങളിലേക്കും ശീലക്കേടുകളിലേക്കുമൊരു മടക്കയാത്ര. ഇന്നലത്തെ ഉറപ്പുകളുടെ ലംഘനം. ആവര്‍ത്തനങ്ങളുടെ അതിപ്രസരമായിരുന്നെങ്കിലും....ഓരോ ഇടവും സങ്കേതവും മനുഷ്യരെയുമൊക്കെ ഹൃദയത്തോളം ചേര്‍ന്നു വച്ച കാലമായിരുന്നു അത്‌. ഇന്നും നഗരഞെരമ്പുകളിലൂടെ കയറിയിറങ്ങിപ്പോകുന്ന അപരിചിതരെ വരവേല്‍ക്കുന്നുണ്ട്‌ കൊച്ചി, ആസക്തികള്‍ ഒടുങ്ങാത്ത ഒരു വേശ്യയെപ്പോലെ....

എറണാകുളത്തു പോകുക എന്നതു തന്നെ ആവേശമായിരുന്ന കാലത്താണ്‌, ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ എറണാകുളത്ത്‌ സിനിമയ്‌ക്ക്‌ പോകുക എന്ന അതിസാഹസികമായ തീരുമാനമെടുത്ത്‌ ഇറങ്ങിത്തിരിക്കുന്നത്‌. ആലുവയില്‍ നിന്നും ബസില്‍ മൂന്നു പെണ്ണുങ്ങളുടെ പേരിലുള്ള തിയറ്ററുകളിലേക്ക്‌. മോഹന്‍ലാലിന്റെ സിനിമയായിരുന്നു ലക്ഷ്യം. സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാ വാതിലുകളും തുറന്നിട്ട്‌ എയര്‍ കണ്ടീഷനാക്കുന്ന തിയറ്ററുള്ള നാട്ടില്‍ നിന്നും എറണാകുളത്തേക്ക്‌ ബസ്‌ കയറുമ്പോള്‍ ഹൗസ്‌ഫുള്‍ എന്നൊരു വാക്ക്‌ കേട്ടിട്ടേയില്ലായിരുന്നു. ടിക്കറ്റ്‌ കിട്ടില്ലെന്നുറപ്പായി. അപ്പോഴാണ്‌ രണ്ടാമത്തെ പെണ്‍തിയേറ്റര്‍ വാതില്‍ മലക്കെ തുറന്നത്‌. സിനിമയുടെ പേര്‌ പൊന്നരഞ്ഞാണം എന്നാണ്‌ ഓര്‍മ്മ. ആംഗലേയത്തിലെ ആദ്യ അക്ഷരം വളയത്തിലാക്കിയിട്ട സിനിമ. അന്നതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു, പിന്നീടതിന്റെ അര്‍ത്ഥം അറിഞ്ഞപ്പോള്‍ പലപ്പോഴും വിട്ടുകളഞ്ഞിട്ടുമില്ല. അങ്ങനെ ആദ്യ എറണാകുളം സിനിമാനുഭവം സംഭവബഹുലമായി. വീട്ടില്‍ തിരികെ ചെല്ലുമ്പോള്‍ പറയാന്‍ ഒരു മോഹന്‍ലാല്‍ സിനിമാക്കഥ ഒരുക്കിയും വച്ചു.

പിന്നെ കാലങ്ങള്‍ക്കു ശേഷം നഗരം ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. പത്രപ്രവര്‍ത്തനകാലത്ത്‌ കടന്നു ചെല്ലാത്തയിടങ്ങളില്ല. ഇടവഴികളും ഊടുവഴികളും നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളും, മുറുക്കാന്‍ കടകളും, അധികമാരുമെത്താത്ത ലഹരിയിടങ്ങളും.....എല്ലാ വഴികളും എല്ലാ തരത്തിലും ആസ്വാദനത്തിന്റെ ഏതെങ്കിലുമൊരു തുരുത്തിലേക്ക്‌ തന്നെയായിരുന്നു. നഗരവും സാഗരവും സംഗമിക്കുന്ന തീരം ഇന്നു നിത്യജീവിതത്തിന്റെ ഭാഗമല്ല. പുതിയ ജോലിയിടത്തിലേക്ക്‌ അഞ്ച്‌ മിനിറ്റിന്റെ യാത്ര പോലുമില്ല. എങ്കിലും അന്യനാട്ടില്‍ താമസമാക്കി ഇടയ്‌ക്ക്‌ മടങ്ങിയെത്തുന്ന പോലെ ചില വരവുകള്‍, പോക്കുകള്‍ പോലെ കൊച്ചിയിലേക്ക്‌ ഇടയ്‌ക്കൊക്കെ. അത്രയും കാലം ആസ്വാദനങ്ങള്‍ ആതിഥ്യമരുളിയ നഗരത്തോട്‌ നന്ദികേടിന്റെ ഒരായിരം നൊസ്‌റ്റാള്‍ജിയകള്‍ വര്‍ക്ക്‌ ചെയ്യിപ്പിച്ച്‌ ഇപ്പോഴിങ്ങനെ ഒരു എഴുത്തും....വെറുതെ വാക്കുകളില്‍ പറഞ്ഞൊതുക്കാം. നഗരമേ നന്ദി. അല്ലാതെ ഒരു നന്ദിയുമില്ല. നല്ലൊരു തലക്കെട്ടിനും, അവസാനിപ്പിക്കാനും വേണ്ടി മാത്രം.