Tuesday, July 19, 2016

വികെഎന്നിന്റെ വേദവതികഥയ്‌ക്കും യുദ്ധത്തിനും തുടക്കമാണു നന്നാവേണ്ടത്‌. യാത്ര ഭാരതപ്പുഴയുടെ തീരത്തേയ്‌ക്കാണ്‌. എന്നാല്‍ യുദ്ധത്തിനല്ല. എഴുതുമ്പോള്‍ നിളയൊരു ഒബ്‌സഷനാക്കി മാറ്റി ഒരു കഥ പടച്ചുവിടാനുമല്ല. ആജന്മപാപം തീരാന്‍, ഇരുട്ടുവീണ ഇടുങ്ങിയ ജീവിതഗുഹയിലൂടെ അപ്പുറം ചെന്നാല്‍ മതിയെന്നു തിരിച്ചറിയിപ്പിച്ച പുനര്‍ജനിയുടെ തീരത്തേക്ക്‌. മൃതപ്രായയായ നദിയുടെ ഓരങ്ങളില്‍, നിസാരജന്മങ്ങളെ നാലടുക്കുള്ള വിറകില്‍ എരിച്ചൊടുക്കി ജീവിതത്തിന്റെ നിസാരതയെ ബോധ്യപ്പെടുത്തിയ ഐവര്‍മഠത്തിന്റെ നാട്ടിലേക്ക്‌. ഇനിയും ഗ്രാമത്തിന്റെ ഛായ മാറ്റാന്‍ വിസമ്മതിക്കുന്ന തിരുവില്വാമലയിലേക്ക്‌. മൂന്നക്ഷരപ്പേരില്‍ മുക്കോടിമൂലയിലുമുള്ള വായനാരോഗം ബാധിച്ച മലയാളികളെ ഗൗരവമായി ചിന്തിപ്പിച്ചു ചിരിപ്പിച്ചു ചികിത്സിച്ച കഥാകാരന്റെ വീട്ടിലേക്കാണു സഞ്ചാരം.എഴുത്തിന്റെ സ്ഥിരം സങ്കേതങ്ങളെയും രീതികളെയുമൊക്കെ തിരുവില്വാമലയിലെ ഒരു ഓടിട്ട വീടിന്റെ വീട്ടുവരാന്തയിലിരുന്നു നിശബ്ദമായെഴുതി നിഷ്‌കരുണം തകര്‍ത്തു കളഞ്ഞ, വാചകത്തിന്റെയും വാക്കിനേയും വരച്ച വരയില്‍ നിര്‍ത്തിയ എഴുത്തുകാരന്റെ അക്ഷരസന്നിധിയിലേക്ക്‌. ഈ എഴുത്തിന്റെ ആദ്യവാചകത്തിനു കടപ്പാടു രേഖപ്പെടുത്തേണ്ട വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ വീട്ടിലേക്ക്‌.

തിരുവില്വാമലയില്‍ ബസിറങ്ങുമ്പോള്‍ വികെഎന്നിന്റെ വീട്ടിലേക്കു വഴികാട്ടാനായി ഐവര്‍മഠത്തിലെ രമേശന്‍ കോരപ്പത്ത്‌ കാത്തിരിക്കുന്നുണ്ടായിരുന്നു. കഥാകാരന്‍ കഥയും ജീവിതവുമൊഴിഞ്ഞശേഷം ആ വീട്ടിലേക്കു വരുന്ന ഹ്യൂമന്‍ ഇന്ററസ്റ്റ്‌ സ്റ്റോറി ദാഹികളെ അവിടെ എത്തിക്കുന്ന ചുമതല രമേശനാണ്‌. അതുകൊണ്ടു തന്നെ മഹാനായ സാഹിത്യകാരന്റെ, ചിന്തകന്റെ, ബുദ്ധിജീവിയുടെ ജീവിതശേഷം പത്രവാക്കുകള്‍ കൊണ്ടു മുറപ്പെടുത്തരുതെന്നൊരു ഉറപ്പു വാങ്ങിയിട്ടേ പലരെയും രമേശന്‍ ആ വീടിന്റെ ഉമ്മറത്തെത്തിക്കാറുള്ളൂ. വികെഎന്‍ ജീവിച്ചിരുന്ന കാലത്ത്‌, ആരാധനയോടെ, ബഹുമാനത്തോടെ ആ സാന്നിധ്യത്തിന്റെ ഓരം ചേര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കാനുമുണ്ട്‌ രമേശന്‌. അതിനുമപ്പുറം ഒരു ജനുവരി മാസത്തിന്റെ ഒടുക്കത്തില്‍ ഐവര്‍മഠത്തില്‍ വികെഎന്നിനു ചിതയൊരുക്കിയതും രമേശനായിരുന്നു. തിരുവില്വാമലയില്‍ നിന്ന്‌ ഒറ്റപ്പാലം റൂട്ടില്‍ അല്‍പ്പം മുമ്പോട്ടു പോയാല്‍ വലത്തോട്ടു തിരിയുന്ന ഇടവഴി. ആ വഴിയിലൂടെയായിരുന്നു പയ്യന്‍സും നാണ്വാരും ചാത്തന്‍സും നങ്ങേമയുമൊക്കെ സാഹിത്യലോകത്തിന്റെ വിശാലഭൂമികയിലേക്കു വിനയാന്വിതം കടന്നു പോയത്‌.
കാതോര്‍ത്തു, ഒരു കാലത്തു സമകാലിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ ഗൗരവഹാസ്യത്തിന്റെ ചാട്ടവാറുകൊണ്ടു പ്രഹരിച്ചതിന്റെ മാറ്റൊലികള്‍ ഉയരുന്നുണ്ടോ ?

വടക്കേ കൂട്ടാലയുടെ മുറ്റത്ത്‌

ഇരുമ്പു ഗെയ്‌റ്റില്‍ ആംഗലേയത്തില്‍ എഴുതിയിരിക്കുന്നു, വികെഎന്‍. ഇടതുവശത്ത്‌ വികെഎന്‍ സ്‌മാരകം. വാഹനശബ്ദത്തിന്റെ കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയ വീടിനു മുന്നില്‍ സ്വതന്ത്രരായ അനേകം നായ്‌ക്കളുടെ കാവല്‍. അപരിചിതരായ സഞ്ചാരികള്‍ക്കു മുന്നില്‍ ശ്രേഷ്‌ഠമായ സേവനത്തിന്റെ സൂചനകള്‍ കുരയായി പുറത്തുവന്നു. ശേഷം, വീട്ടിലേക്കു കയറുമ്പോഴും ഒഴിഞ്ഞുമാറിയും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു.

വികെഎന്‍ വിട പറഞ്ഞിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സര്‍ഗസൃഷ്ടിയുടെ സങ്കേതമായിരുന്നു ഒരുകാലത്ത്‌ ഈ വീട്‌, പലപ്പോഴും സജീവമായിരുന്ന സാഹിത്യചര്‍ച്ചകളുടെ തണുപ്പുള്ള വരാന്തകള്‍. അച്ഛനും ഭര്‍ത്താവുമൊക്കെയായി ജീവിതത്തിന്റെ ചട്ടകള്‍ മറിയുമ്പോള്‍ എക്കാലത്തും എഴുത്തുകാരനായിരുന്നു അദ്ദേഹം. സ്വന്തം മനസിനിഷ്ടപ്പെട്ടതു എഡിറ്റിങ്ങില്ലാതെ എഴുതി മലയാളിയെ വിസ്‌മയിപ്പിച്ചയാള്‍. കാലം തെറ്റി അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുന്നതിന്റെ ആകാംക്ഷയ്‌ക്കു വിരാമമിടാം. വികെഎന്നിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുണ്ട്‌. സജീവമായിരുന്ന സാഹിത്യകാലത്തിലും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കു നിറഞ്ഞ ഏടുകളിലും ഒപ്പമുണ്ടായിരുന്ന ഒരാള്‍, ബാലചന്ദ്രന്റെയും രഞ്‌ജനയുടെയും അമ്മ. വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ വാമഭാഗം. വേദവതിയമ്മ. വികെഎന്നിന്റെ ഇരുപത്തഞ്ചാം വയസു മുതല്‍ ആ ജീവിതത്തിന്റെ കൂട്ട്‌. ഒടുവില്‍ എഴുപത്തഞ്ചാം വയസില്‍, അമ്പതുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വികെഎന്‍ വിട പറയുമ്പോഴും ശേഷിക്കുന്നു ആ ഓര്‍മകള്‍. പറയുന്നതിലേറെ എഴുതിത്തീര്‍ത്ത സാഹിത്യകാരന്റെ സഹധര്‍മ്മിണി മുന്നിലിരിക്കുന്നു. അരികില്‍, ഒരു പരിചയപ്പെടുത്തലിനു ശേഷം നിശബ്ദനാകാന്‍ രമേശനും. പക്ഷേ, വികെഎന്‍ സ്‌മരണയുടെ സംസാരത്തിനിടയില്‍ നിശബ്ദത വഴിമാറിപോകുന്നു. കാരണം പറയുന്നതു വികെഎന്നിനെക്കുറിച്ചാണ്‌.

വേദവതി വികെഎന്നിന്റേതായി

ഈ വീട്ടില്‍ അമ്മയ്‌ക്ക്‌ മകന്‍ ബാലചന്ദ്രന്റെ ഭാര്യ രമ കൂട്ടിനുണ്ട്‌. മകള്‍ രഞ്‌ജന എറണാകുളത്തും. '' ഇവിടെയിരുന്നായിരുന്നു എഴുതിയിരുന്നത്‌, ചിലപ്പോള്‍ മുകളില്‍''. അമ്മ പറഞ്ഞു തുടങ്ങി. അരികിലെ കസേരയിലിരുന്നു ജനലഴികളിലൂടെ പുറത്തേക്കു നോക്കിയാല്‍ വീട്ടിലേക്കുള്ള വഴി കാണാം. കാറ്റ്‌ യഥേഷ്ടം കടന്നു പോകുന്ന വരാന്തയിലെ കസേരയിലിരുന്നു വികെഎന്‍ എഴുതുന്നതു സങ്കല്‍പ്പിച്ചു നോക്കി. അമ്മ പറയുമ്പോള്‍ കണ്‍മുന്നില്‍ കാണുന്നതു പോലെ, ഇടയ്‌ക്കു ചിരിച്ചും കണ്ണുനിറഞ്ഞുമൊക്കെ സംസാരം തുടര്‍ന്നു. സാഹിത്യവും ജീവിതവും സഹപ്രവര്‍ത്തകരും ശീലങ്ങളും നിശബ്ദതയും തമാശകളും......മുന്നിലൊരു ക്യാന്‍വാസില്‍ വാക്കുകളിലൂടെയൊരു വികെഎന്‍ ജീവിതം വരച്ചിടുകയായിരുന്നു അമ്മ. പ്രായാധിക്യത്തിനും മറയ്‌ക്കാന്‍ കഴിയാത്ത പൂര്‍ണതയോടെ.

തലശേരിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡില്‍ വികെഎന്‍ ജോലി ചെയ്‌തിരുന്ന കാലത്താണ്‌ അദ്ദേഹത്തെ ആദ്യം കാണുന്നത്‌ . അവിടെ ദേവസ്വം ഇന്‍സ്‌പെക്‌റ്ററായിരുന്നു വേദവതി അമ്മയുടെ അച്ഛന്‍ കെ. സി. നമ്പ്യാര്‍. അക്കാലത്തും വികെഎന്‍ എഴുതിയിരുന്നു. ഫ്രീ ഇന്ത്യയിലും ഇലസ്‌ട്രേറ്റഡ്‌ വീക്കിലിയിലുമൊക്കെ വരുന്ന കഥകള്‍ വേദവതിയുടെ കൈകളിലുമെത്തിയിരുന്നു. അച്ഛന്റെ ഓഫിസിലെ ജോലിക്കാര്‍ ഓഫിസിലെ ഒരാള്‍ എഴുതിയതാണെന്നു പറഞ്ഞുകൊണ്ടു മാഗസിനുകള്‍ കാണിച്ചു തന്നു. ഇംഗ്ലിഷിലും മലയാളത്തിലും എഴുതും. വിമല, ഡ്രിപ്‌ ഡ്രോപ്പ്‌ തുടങ്ങിയവയൊക്കെ അക്കാലത്ത്‌ എഴുതിയവയാണെന്ന്‌ ഓര്‍ക്കുന്നു അമ്മ. എഴുത്തും വായനയും ജോലിയുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. പിന്നീടെപ്പോഴോ ആ എഴുത്തുകാരന്റെ വിവാഹാലോചന വന്നു. വേദവതി, വികെഎന്നിന്റെ ഭാര്യയാവുന്നതു ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച്‌. അന്ന്‌ അദ്ദേഹത്തിന്‌ ഇരുപത്തഞ്ചു വയസ്‌.

വിജയന്‍ ഒരു സാധു, കുട്ടികളെ പോലെയാ


ജേണലിസത്തില്‍ വലിയ താല്‍പ്പര്യമായിരുന്നു അദ്ദേഹത്തിന്‌. അതുകൊണ്ടു തന്നെ അധികം വൈകാതെ പത്രപ്രവര്‍ത്തനത്തിനായി ഇന്ദ്രപ്രസ്ഥത്തിലെത്തി അദ്ദേഹം. ഒ. വി. വിജയന്‍ വിളിച്ചിട്ടായിരുന്നു ആ യാത്ര. ശങ്കേഴ്‌സ്‌ വീക്കിലിയിലടക്കം ഒരുപാടു സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തു. ഡല്‍ഹിയിലായിരുന്ന കാലത്തു ഒ. വി. വിജയന്‍, എം. പി. നാരായണപിള്ള തുടങ്ങിയവരുമൊക്കെയായി സജീവസൗഹൃദവും. എഴുത്തും പുരോഗമിച്ചു കൊണ്ടിരുന്നു. ഒ. വി. വിജയനെക്കുറിച്ച്‌ ഏറെ പറയാനുണ്ട്‌ വേദവതിയമ്മയ്‌ക്ക്‌. '' ഒരു സാധു, കുട്ടികളെപ്പോലെയാ, ഉണ്ണാനും കൂടിയറിയില്ല. വികെഎന്നിനെ ചെറിയാ പേടിയാ. ചൂടുവെള്ളം വേണം കൈകഴുകാന്‍, അതൊക്കെ സൂത്രത്തില്‍ ചോദിക്കും''. ഒരിക്കല്‍ വിജയന്‍ വീട്ടില്‍ പോകാന്‍ ലീവെടുത്തു, താമസിച്ചിരുന്ന വീടൊഴിഞ്ഞു. എന്നാല്‍ വീട്ടില്‍ പോയതുമില്ല. താമസിക്കാന്‍ ഇടമില്ലാതായപ്പോള്‍ എത്തിയതു വികെഎന്നിന്റെ മുന്നില്‍. അങ്ങനെ കുറച്ചുനാള്‍ ഡല്‍ഹിയിലെ വീട്ടിലുണ്ടായിരുന്നെന്നു വേദവതിയമ്മ ഓര്‍ക്കുന്നു. വികെഎന്‍ ഒ. വി. വിജയനെ വിശേഷിപ്പിച്ചിരുന്നതു ബുദ്ധിജീവി എന്ന്‌. അങ്ങനെ പറയുമ്പോള്‍, നമ്മുടെ വിജയനോ എന്നു ഞാന്‍ സംശയിക്കും. നന്നായി വരയ്‌ക്കുമായിരുന്നു, '' മൂന്നാല്‌ വര വരഞ്ഞാല്‍ ഒരാളായി ''.അങ്ങനെ പത്തു കൊല്ലത്തോളം ഡല്‍ഹിയില്‍. ഒറ്റ മകനായിരുന്നതു കൊണ്ട്‌ അമ്മ വിളിച്ചപ്പോള്‍ നാട്ടിലേക്കു പോന്നു. വീട്ടില്‍ ഇരുന്നു വായനയും എഴുത്തും തന്നെയായിരുന്നു പിന്നീട്‌. അങ്ങനെ സമയമൊന്നുമില്ല, തോന്നുമ്പോ എഴുതും. രാത്രിയിലോ പകലോ. പക്ഷേ എഴുതുമ്പോള്‍ ചുറ്റുപുറം നടക്കുന്നതൊന്നും അറിയില്ല. ഒരാള്‍ വന്നുനിന്നാല്‍പ്പോലും ചിലപ്പോള്‍ കണ്ടില്ലെന്നു വരും. ഒരിക്കല്‍ അങ്ങനെ രണ്ടുപേരു വന്നു. ഗെയ്‌റ്റിന്റെ അവിടെ നില്‍ക്കായിരുന്നു. നായ്‌ക്കള്‍ മുന്നില്‍ കിടക്കുന്നതു കൊണ്ടു വീടിന്റെ മുറ്റത്തേക്കു വരാനും അവര്‍ക്കു പേടി. വികെഎന്‍ ഗൗരവമായ എഴുത്തില്‍ മുഴുകിയിരുന്നതു കൊണ്ടു കണ്ടതുമില്ല. '' അതാരാ നിക്കണ്‌, നായ്‌ക്കളെ കണ്ടിട്ടാവും വരാത്തെ ''. അദ്ദേഹം തലയുയര്‍ത്തി നോക്കി. നായകളെ പേടിച്ചു പുറത്തു നില്‍ക്കുവന്നരോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു. '' വന്നോളിന്‍ അതൊക്കെ നമ്മടെ വര്‍ഗം തന്നെ''.                                                                               ഈ വീട്‌ ഒരിക്കലും ശൂന്യമായിരുന്നില്ല. വേദവതിയമ്മ അഴികള്‍ക്കുള്ളിലൂടെ പുറത്തേക്കു നോക്കി. ഓര്‍മകള്‍ പടികടന്നു വരുന്നു. പിന്നെ മെല്ലെ പറഞ്ഞു, എപ്പോഴും ആള്‍ക്കാര്‍ വരും. പറ്റുന്നയാള്‍ക്കാരാണെങ്കില്‍ കുറെനേരം സംസാരിക്കും. അല്ലാത്തവരെ പണിയുണ്ട്‌ എന്നു പറഞ്ഞ്‌ ഒഴിവാക്കുകയും ചെയ്യും. '' ആ പടികള്‍ കയറി ബഷീര്‍ വരുന്നത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌. ഇന്നാളു വന്ന പോലെ കണ്ണിലിരിക്കണൂ''. സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍. അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഇവിടെ എപ്പോഴും വരും.
 നാണ്വാരില്‍ വികെഎന്നിന്റെ ഒരു ബഷീര്‍ പരാമര്‍ശമുണ്ട്‌. പത്രപരസ്യത്തിലൂടെ പൂവനെ കണ്ടെത്തുന്ന കഥ കോഴി വിവരിക്കുന്നു, '' കുക്കുടം വടമഗോത്രത്തില്‍പ്പെട്ട അഭിജാതയായ ഒരു പിടയ്‌ക്ക്‌ സുമുഖനായ ഒരു പൂവനെ ആവശ്യമുണ്ട്‌. റിപ്പീറ്റ്‌ ' പൂവന്‍' നോട്ട്‌ 'പൂവന്‍പഴം' ബൈ വൈക്കം മുഹമ്മദ്‌ ബഷീര്‍. ജാതകവും ഫോട്ടൊയും സഹിതം അപേക്ഷിക്കുക. കോഴിക്കൂട്‌ നമ്പര്‍..''കോഴി കഥ പറയുമ്പോള്‍ മൃഗങ്ങളും ഭൂമിയുടെ അവകാശികളാണെന്നു പറഞ്ഞ ബഷീറിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ. കഥയുടെ സുല്‍ത്താന്‍ ആ കിരീടം വികെഎന്നിനു നല്‍കിയ ഓര്‍മയുണ്ട്‌ രമേശന്‌. വികെഎന്‍ ഒരു കഥ പറഞ്ഞത്രേ. ആ കഥ കേട്ടതോടെ കഥയുടെ രാജാവ്‌ എന്ന കിരീടം അദ്ദേഹത്തിനു നല്‍കുന്നു എന്നായിരുന്നു ബഷീര്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി ഉണ്ടായി, ആ കഥ എന്താണെന്നു പറയാന്‍ കഴിയില്ല.

ഒറ്റയെഴുത്താണ്‌ തിരുത്തലൊന്നുമില്ല

ഒരു പേപ്പറു കഷ്‌ണം കണ്ടാല്‍ പോലും വിടില്ല. എല്ലാം വായിക്കും. പക്ഷേ, പഠിക്കുന്ന കാലത്ത്‌ ക്ലാസ്‌ പുസ്‌തകം വായിക്കില്ലായിരുന്നെന്നു അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു കേട്ടതായി വേദവതിയമ്മ പറയുന്നു. അതിനൊക്കെ അമ്മാവന്മാരുടെ കൈയില്‍ നിന്നു നല്ല തല്ലും കിട്ടിയിട്ടുണ്ട്‌. വായിക്കണം കുട്ടികളെ, എന്നാലേ എഴുതാന്‍ പറ്റൂ എന്നൊക്കെ കുട്ടികളോടും പറയുമായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്നു വീട്ടിലെത്തി, കുറച്ചുകാലം കാലം കൃഷിയൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ മരണശേഷം അതൊക്കെ വിറ്റു. അമ്മ ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ ചെയ്‌താല്‍ അമ്മയ്‌ക്കു വിഷമമാകും എന്നും കരുതിയിരുന്നു അദ്ദേഹം. ശിഷ്ടജീവിതം എഴുത്തിനും വായനയ്‌ക്കും മാത്രമായി. എഴുത്തിന്റെ ചര്‍ച്ചകളില്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിനു മറുപടി ഉടനെ ലഭിച്ചു. '' എന്നോടൊന്നും പറയാന്‍ നിക്കില്ല. ഒറ്റയെഴുത്താണ്‌. പിന്നീട്‌ തിരുത്തലൊന്നുമില്ല. വായിച്ചു പോലും നോക്കില്ല. എഴുതിക്കഴിഞ്ഞു കാര്യസ്ഥന്‍ കോരിയുടെ കൈയില്‍ കൊടുത്തു പോസ്‌റ്റ്‌ ചെയ്യും. പി്‌ന്നീട്‌ അച്ചടിച്ചു വരുമ്പോഴായിരിക്കും അതൊക്കെ കാണുക തന്നെ. ചിലപ്പോഴൊക്കെ എവിടെയാണു പോകുന്നതെന്നു പറയില്ല. എപ്പോഴാണു വരുന്നതെന്നും പറയില്ല. എഴുത്തുകാരെ കിട്ടിയാല്‍ വിടില്ല, അവിടെ കൂടും. പക്ഷേ, എവിടെയെങ്കിലും ചെന്നാല്‍ ഒരു ഫോണ്‍ വരും, '' ഞാന്‍ ഇവിടെ ഉണ്ട്‌ട്ടോ ''.

അംഗീകാരങ്ങള്‍ ഒരിക്കലും മോഹിപ്പിക്കുകയോ, സന്തോഷിപ്പിക്കുകയോ ചെയ്‌തിരുന്നില്ല അദ്ദേഹത്തെ. ഏതൊരു സാധാരണ ദിവസവും പോലെ അവാര്‍ഡ്‌ പ്രഖ്യാപനദിവസങ്ങളും കടന്നു പോയിരുന്നു ജീവിതത്തില്‍. ഒന്നിനോടും ഒരു മോഹവുമില്ലാതെ എഴുത്തിനെ മാത്രം സ്‌നേഹിച്ച മനുഷ്യന്‍. ചില എഴുത്തൊക്കെ ടൈപ്പ്‌ റൈറ്ററില്‍ ചെയ്‌തുകൊടുത്തിരുന്ന അയ്യപ്പന്‍ എന്ന അയല്‍ക്കാരന്‍ ഒരിക്കല്‍ രാവിലെ വന്നു പറഞ്ഞു, ചുങ്കത്ത്‌ പോയപ്പോ പത്രം കണ്ടു, ഒരു അവാര്‍ഡ്‌ കിട്ടിയിരിക്കുന്നു. '' എനിക്കോ ? എന്തിനാണാവോ ? എന്തിനാ അവര്‌ അവാര്‍ഡ്‌ തന്നേയെന്നു മനസിലായില്ല'' എന്നായി വികെഎന്‍. ചിലപ്പോഴൊക്കെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വന്നു പറയും, അവാര്‍ഡ്‌ എനിക്കാണ്‌ ഇക്കുറി. അവാര്‍ഡിനു സ്വാഗതം, പണമായി തന്നാല്‍ മതിയെന്നൊരു എക്‌സ്റ്റെന്‍ഷന്‍ കൂടിയുണ്ട്‌ അംഗീകാരങ്ങളുടെ വികെഎന്‍ കഥകള്‍ക്ക്‌.

ഒന്നിനോടും ആഗ്രഹമില്ലായിരുന്നു.

ആരോടും ഭംഗിവാക്ക്‌ പറയാന്‍ അറിയില്ല. മനസിലുള്ളതു മുഖത്തു നോക്കി പറയും. ഒരിക്കല്‍ സുഖമില്ലാതായപ്പോള്‍ വികെഎന്നിനെ ആശുപത്രിയില്‍ എത്തിച്ചതു രമേശനായിരുന്നു. പിറ്റേദിവസം അസുഖവിവരങ്ങള്‍ അറിയാന്‍ രമേശന്‍ ആശുപത്രിയിലെത്തി. ദൂരെ നിന്നു തന്നെ രമേശന്‍ വരുന്നത്‌ അദ്ദേഹം കണ്ടു. നഴ്‌സുമാരെ വിളിച്ചു പറഞ്ഞു, ദാ വരുന്നവനോട്‌ ഇങ്ങോട്ട്‌ വരണ്ടാന്നു പറയൂ. സമയമാകുമ്പോ അറിയിക്കാം എന്നു പറഞ്ഞാല്‍ മതി. ഒരിക്കല്‍ അസുഖമായി ഒറ്റപ്പാലം ആശുപത്രിയില്‍ കിടക്കുന്നു. ഇദ്ദേഹം ആരാണെന്നോ, എഴുത്തുകാരനാണെന്നോ അവിടുത്തുകാര്‍ക്ക്‌ അറിയില്ലായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി കബീര്‍ കാണാന്‍ വന്നപ്പോള്‍ മാത്രമാണ്‌ ഇദ്ദേഹം ആരോ ആണെന്നു മനസിലായതു തന്നെ. അതിനെക്കുറിച്ചു വികെഎന്നിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, '' നേഴ്‌സുമാര്‍ക്ക്‌ ഏറ്റവും വലിയയാള്‍ ഡോക്ടര്‍മാരാടോ, രബീന്ദ്രനാഥ ടാഗോര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല, പിന്നെയാ ''

രാവിലെ എഴുന്നേറ്റാല്‍ ആദ്യം പത്രം വായന. പിന്നെ ബ്രേക്ക്‌്‌ഫാസ്റ്റ്‌. പിന്നെ എഴുത്തിന്റേയും വായനയുടേയും ലോകമായിരുന്നു. ഇംഗ്ലിഷും മലയാളവുമൊക്കെ വായിക്കും, കുറിച്ചു വയ്‌ക്കും. ഒന്നിനോടും ഒരു ആഗ്രഹവുമില്ലായിരുന്നു. ഒരു മല്ല്‌ മുണ്ടും ബനിയനും. കുറെ പുസ്‌തകങ്ങളും, വേദവതിയമ്മ ഓര്‍ക്കുന്നു. പുതിയ വസ്‌ത്രം കൊടുത്താല്‍ പറയും, അതൊക്കെ അവിടെ വയ്‌ക്കൂ, പഴയതു മതി. കുറെ പുസ്‌തകങ്ങള്‍ സമീപത്തെ ലൈബ്രറിക്കു കൊടുത്തു. ഒരു ഓട്ടൊറിക്ഷയിലായിരുന്നു അതു കൊണ്ടുപോയത്‌. അത്രയ്‌ക്കുണ്ടായിരുന്നു വികെഎന്നിന്റെ പുസ്‌തകശേഖരം. വായനയായിരുന്നു ഏറ്റവും വലിയ ശീലം. '' അവസാനകാലമായപ്പോള്‍ കാഴ്‌ചയ്‌ക്കു പ്രശ്‌നം. വായിക്കാന്‍ പറ്റാത്ത അവസ്ഥ. വല്ലാതെ മെലിയേം ചെയ്‌തു. ഞാന്‍ പേടിച്ചു ''.

അറിവിന്റെ ആള്‍രൂപം തന്നെയായിരുന്നു വികെഎന്‍. വിജ്ഞാനം പരന്നു കിടക്കുന്ന അവസ്ഥ. കാളിദാസനെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ അവസാനിക്കുന്നതു ക്രിക്കറ്റിലായിരിക്കും. പ്രകൃതിയെ ഇത്രയും സൂക്ഷ്‌മമായി നിരീക്ഷിച്ച വ്യക്തിയില്ല. പക്ഷികളുടെ ശബ്ദം കേട്ടു പറയും ഏതാണെന്ന്‌. പാചകവും വലിയ കാര്യമായിരുന്നു. കുറുക്ക്‌ കാളനെക്കുറിച്ചൊക്കെ വര്‍ത്തമാനം പറയും. പാചകമൊന്നും ചെയ്യില്ല. പക്ഷേ എല്ലാം അറിയും. കഥകളിയും മദ്ദളവും ചെണ്ടയും ജ്യോത്സ്യവും..ഗംഗാധരന്‍ മാഷ്‌ എന്നൊരു ജ്യോത്സ്യന്‍ വന്നതും രണ്ടു പേരും ചേര്‍ന്നിരുന്നു പഠിച്ചതും, പിന്നെ വായിച്ചു മനസിലാക്കിയതുമൊക്കെ ഇന്നലെ പോലെ ഓര്‍ക്കുന്നു.

അങ്ങനെ ഒരു വികെഎന്‍ ഉണ്ടായിരുന്നു

ജീവിതത്തിന്റെ ഓരോ സ്‌റ്റേജും തിരിച്ചറിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം ഭാര്യയോട്‌ പറഞ്ഞു, നാളെ നിന്നെ വിട്ടു പോണോല്ലോ..
എവിടേക്കാ പോണേ, ഇതാപ്പ രസായേ...
അതിനുശേഷം മറ്റേതോ വിഷയത്തിലേക്കു വഴുതിപ്പോയ ആ പ്രവചനത്തിന്റെ അര്‍ഥം പിറ്റേദിവസമാണു തിരിച്ചറിഞ്ഞത്‌. മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ വേദവതിയെ വിട്ടുപോയി. '' ആരെയും ബുദ്ധിമുട്ടിച്ചേയില്ല, കുറച്ചു വയ്യായ്‌ക ഉണ്ടായിരുന്നു. പാവം, അങ്ങനെ ഒരു വികെഎന്‍ ഉണ്ടായിരുന്നു. ''ഒരു കഥ പറഞ്ഞവസാനിപ്പിക്കുന്നതു പോലെ വേദവതി പറഞ്ഞു നിര്‍ത്തി. അദ്ദേഹം പറഞ്ഞതു പോലെ ആ ജീവിതകഥയുടെ അവസാനവും നന്നായിത്തന്നെ അവസാനിച്ചിരിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ. ഫോട്ടൊ എടുക്കുമ്പോള്‍ വേദവതിയമ്മ വീണ്ടും പറഞ്ഞു. ഫോട്ടൊ എടുക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഓരോ ഓര്‍മയും എത്തിനില്‍ക്കുന്നതു വികെഎന്നിലേക്ക്‌ തന്നെ. അമ്പതുവര്‍ഷം മുഴങ്ങിയ ആ വിളിയുണ്ട്‌ ഈ കാതുകളില്‍, വേദ. ആ വിളിക്കു ശേഷം എത്രയോ പ്രാവശ്യം ഈ ഉമ്മറത്തേക്കു വന്നിട്ടുണ്ടാകാം. ഒടുവില്‍ മടങ്ങിപ്പോകുന്നതിന്റെ തലേന്നും പറയാനുണ്ടായിരുന്ന സങ്കടം, നിന്നെ വിട്ടു പോകണമെന്നതായിരുന്നല്ലോ...?

സ്വഭാവങ്ങള്‍ മറന്ന കര്‍ക്കടകത്തിന്റെ വെയില്‍ മുറ്റത്തു വീണിരിക്കുന്നു. ജനലിലൂടെ പുറത്തേക്കു നോക്കി. അകത്തേക്കു പോയ അപരിചിതര്‍ വരാന്‍ വൈകുന്നതു കൊണ്ടാവും അര്‍ദ്ധമയക്കത്തിലൊരു കാവലിന്റെ ഭാവത്തില്‍ നായകള്‍. തിരികെയിറങ്ങുമ്പോള്‍ വേദവതിയമ്മ, നാരായണന്‍നായരുടെ വേദ പറയാന്‍ മറന്നില്ല, '' നല്ലതു മാത്രമേ എഴുതാവൂ, എന്നാലേ ഇനി വന്നാല്‍ ഞാന്‍ മിണ്ടോളൂ..''
ഇടവഴിയിലൂടെ ടാറിട്ട റോഡിലേക്കു നടന്നു. ചാത്തന്‍സ്‌, നാണ്വാര്‌, പയ്യന്‍സ്‌, നങ്ങേമ...ആ വഴിയിലൂടെ അടുത്ത ജീവിതപ്പെരുവഴിയിലേക്കു തിരിയും വരെ അവരങ്ങനെ നിറഞ്ഞു നില്‍ക്കുകയായിരുന്നു മനസില്‍. പിന്നെ അതിനൊക്കെ മുകളില്‍, ഒരിടത്തൊരിടത്തു ജീവിച്ചിരുന്ന വികെഎന്നും.

ഫോട്ടൊ...ജിമോന്‍ കെ. പോള്‍.
വര..... ഗിരീശന്‍ ഭട്ടതിരിപ്പാട്‌.
No comments:

Post a Comment