മലയാള സാഹിത്യത്തില്‍ മറക്കാതെ ശേഷിക്കുന്ന രണ്ടു ലീലമാരുണ്ട്. അധികമൊന്നും മിണ്ടാതെ അച്ഛന്റെ കൂടെ കയറിവന്ന്, കുടുംബത്തില്‍ സംശയത്തിന്റെ ശേഷിപ്പുകളും, സഹോദരന്റെ തൊണ്ടയില്‍ വേദനയുടെ മുഴയും അവശേഷിപ്പിച്ച്, ഒരു പാടവരമ്പിലൂടെ നടന്നകന്നു പോയ ''നിന്റെ ഓര്‍മയ്‌ക്ക്'' എന്ന ചെറുകഥയിലെ എംടിയുടെ ലീല. പിന്നെയുള്ളത് എംടിയെക്കാള്‍ ഗൗരവമുഖം സ്വന്തമായുള്ള ആര്‍. ഉണ്ണിയുടെ ലീല
എംടിയുടെ വരികള്‍ തന്നെ കടമെടുത്തെഴുതട്ടേ, പന്തീരാണ്ടിനുശേഷം ഞാനിന്നു ലീലയെക്കുറിച്ചോര്‍ത്തുപോയി.
എംടിയുടെ ലീലയെപ്പോലെ അഭ്രപാളിയില്‍ അധികമൊന്നും സംസാരിക്കാതെ അച്ഛാ എന്നൊരു ആശങ്കയുടെ നിലവിളി മാത്രമുപേക്ഷിച്ചു മനസില്‍ നിറഞ്ഞ രഞ്‌ജിത്തിന്റെ ലീല, ഉണ്ണിയുടെ ലീല. ലീല എന്ന ചെറുകഥയുടെ അഭ്രാവിഷ്‌കാരം സമ്മാനിക്കുന്നതു കഥയ്‌ക്ക് സമാനമായ ഭാവനാനുഭവം തന്നെ. പതിവുസിനിമയുടെ ട്രാക്കില്‍ നി്‌ന്നും വ്യത്യസ്‌തമായി ഒരു ചെറുകഥയുടെ വായനാരസം നല്‍കുന്ന സുഖം അനുഭവിക്കാം, കണ്ടറിയാം അഭ്രാവിഷ്‌കാരത്തിലെ ലീലയിലൂടെ
വായിച്ചാസ്വദിച്ച സാഹിത്യം സിനിമയാക്കുക എന്നതു തന്നെ സാഹസമാണ്. വായനയുടെ തലം നല്‍കുന്ന കാഴ്‌ചയുടെ ഭാവനാകാശങ്ങളുടെ ഉയരത്തിലേക്ക് പറക്കാന്‍, വെള്ളിത്തിരയുടെ നാലതിരില്‍ ഒതുങ്ങുന്ന ആവിഷ്‌കാരങ്ങള്‍ക്ക് പലപ്പോഴും കഴിയാറില്ല. എംടിയുടെ വാനപ്രസ്ഥം എന്ന കഥയുടെ സിനിമാവിഷ്‌കാരമായ തീര്‍ഥാടനം, മഞ്ഞിന്റെ അതേപേരിലുള്ള വെള്ളിത്തിരയിലെ പുനരാവിഷ്‌കാരം തുടങ്ങിയവയൊക്കെ ഇത്തരം ദുരന്തങ്ങള്‍ക്ക് പാത്രമായ സിനിമകളാണ്. വാനപ്രസ്ഥത്തിലെ കരുണന്‍ മാഷും വിനോദിനിയും തീര്‍ഥാടനത്തില്‍ ജയറാമിലൂടെയും സുഹാസിനിയിലൂടെയും സിനിമയുടെ കുടജാദ്രി കയറിയപ്പോള്‍ അത്ഭുതം തോന്നിയില്ല പ്രേക്ഷകര്‍ക്ക്. വേറൊന്നും കൊണ്ടല്ല, വായനയില്‍ അവര്‍ കയറിയതു ഭാവനയുടെ സര്‍വജ്ഞപീഠം തന്നെയായിരുന്നു.
ലീല വ്യത്യസ്‌ത അഭ്രാവിഷ്‌കാരമാകുന്നത് ഇവിടെയാണ്. ചെറുകഥ സിനിമയിലേക്ക് എങ്ങനെ മാറ്റിയെഴുതണമെന്നു മനസിലാക്കിത്തരുന്ന അഭ്രലീല തന്നെയാണ് രഞ്‌ജിത്തിന്റേത്. മധ്യതിരുവിതാകൂറില്‍ നിന്ന് പണക്കൊഴുപ്പിന്റെ പല്ലക്കില്‍ പുരുഷമോഹങ്ങളുടെ വയനാടന്‍ ചുരം കയറുന്ന കുട്ടിയപ്പന്റെ ആകാശക്കാഴ്‌ച മലയാള സിനിമയ്‌്‌ക്ക് എറെക്കുറെ അന്യം തന്നെയാണ്. എങ്കിലും വന്യമായ മോഹങ്ങളുടെ സാക്ഷാത്‌കാരത്തി്‌ന് പണം മാത്രം തടസമായി നിന്ന പുരുഷപ്രജകള്‍ക്ക് കുട്ടിയപ്പനെ കുറെയെങ്കിലും തിരിച്ചറിയാന്‍ സാധിക്കും. ചെറുകഥകളില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുക എന്ന അനായാസമായ രീതി സിനിമയിലേക്ക് രൂപമാറ്റം വരുത്തുമ്പോള്‍ കുട്ടിയപ്പന്റെ ആത്മാവ് പേറാന്‍ ബിജു മേനോന് സാധിക്കുന്നു. നല്ല നടനുള്ള പുരസ്‌കാരം നായകനടനു സമ്മാനിക്കുന്ന പ്രവണത ഉപേക്ഷിച്ചാല്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്ന പിള്ളേച്ചനും അംഗീകാരങ്ങള്‍ക്ക് അര്‍ഹനാണ്. കുട്ടിയപ്പന്റെ കാമമോഹങ്ങള്‍ക്ക് വഴിയൊരുക്കുമ്പോള്‍, പിള്ളേച്ചന്റെ മകളേക്കാള്‍ മൂന്നു വയസേ കൂടുതലുള്ളൂ എന്ന കുട്ടിയപ്പന്റെ ഓര്‍മ്മപ്പെടുത്തലില്‍, ആ അച്ഛന്റെ മുഖം പലവട്ടം ആശങ്കാകുലമാകുന്നുണ്ട്. സംഭാഷണമില്ലാതെ മുഖത്തു നിറയുന്ന ആ ഭാവം മാത്രം മതി വിജയരാഘവനിലെ നടനെ വിലയിരുത്താന്‍.
പിന്നെയും നിറയുന്നു, സിനിമയ്‌ക്കു ശേഷവും നിറയുന്ന അഭിനയങ്ങള്‍. ജഗദീഷ് അവതരിപ്പിക്കുന്ന ലീലയുടെ അച്ഛന്‍, തൂവാനത്തുമ്പികളില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളുടെ ഛായ തോന്നിപ്പിക്കുന്ന ദാസപ്പാപ്പി ( യാദൃച്ഛികമാകാം, ഒരു ഗോവണി കയറി ദാസപ്പാപ്പി പോകുന്ന ദൃശ്യം പോലും തൂവാനത്തുമ്പികളെ ഓര്‍മിപ്പിച്ചു ), നിനക്കൊക്കെ ഒന്നു പോയാല്‍ മതി വീര്യവും വീറും തീരും എന്നു പറയുന്ന വിരമിച്ച ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ മിന്നിമറയുന്ന തങ്ങളം ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്താദേവി...അങ്ങനെ ഒരുപാട് പേര്‍. അതിനൊക്കെയപ്പുറം മുമ്പു പറഞ്ഞതു പോലെ, അച്ഛാ എന്നൊരു ദയനീയനിലവിളിക്കു ശേഷം ദൈന്യതയുടെ മുഖമായി നിറഞ്ഞ ലീല. അതിനപ്പുറം ഒരു സംഭാഷണം പോലും ആ കഥാപാത്രത്തിനില്ല. ടൈറ്റില്‍ കഥാപാത്രത്തിന്റെ സംഭാഷണം ഒരു വാക്കില്‍ ഒതുങ്ങിയെന്നു കൗതുകത്തിനു പറയാം. പക്ഷേ അവള്‍ അഭ്രപാളിയില്‍ അറിയിക്കുന്നത് സംഭാഷണത്തിനപ്പുറമായ യാഥാര്‍ഥ്യങ്ങളാണ്. കുട്ടിയപ്പന്റെ കു്‌ന്നായ്‌മകളുടെ തീവ്രതയറിയിക്കുന്ന പശ്ചാത്തല സംഗീതമാണ് ലീലയിലേത്. വിചിത്രമോഹങ്ങളുടെ ചുരങ്ങളേറുമ്പോള്‍ പ്രേക്ഷകനെ ഒപ്പം കൊണ്ടു പോകാന്‍ ഈ സംഗീതത്തിനു കഴിയുന്നുവെന്നതു രേഖപ്പെടുത്താതെ വയ്യ.
ലീല കാണുന്നുവെന്ന് ഫേസ്‌ബുക്കില്‍ രേഖപ്പെടുത്തിയതിനു ശേഷം, കൃത്യമൊരു സിനിമാദൂരം പിന്നിട്ടപ്പോള്‍ പഴയകാല പത്രപ്രവര്‍ത്തക സുഹൃത്ത്, അനുജന്‍ വിളിച്ചു ചോദിച്ചു, സത്യമായും ലീലയെ ഇഷ്ടപ്പെട്ടോ. ഇഷ്ടപ്പെട്ടന്നെ മറുപടി പറഞ്ഞപ്പോള്‍ അവനും ആശ്വസിച്ചു. എനിക്കും. എന്നാലും ഒരു പേടി, ഭൂരിപക്ഷത്തിന്റെ ആസ്വാദനത്തിന്റെ റേറ്റിങ്ങുണ്ടാവുമോ.... ആ ആശങ്ക തന്നെയാണ് പങ്കുവയ്‌ക്കാനുള്ളത്. ലീല തിയറ്ററില്‍ പോയി കാണേണ്ട സിനിമയാണ്. ടെലിവിഷനില്‍ പരസ്യങ്ങള്‍ക്കിടയില്‍ സിനിമ കാണുമ്പോള്‍, നല്ല സിനിമയായിരുന്നു എന്ന ദീര്‍ഘനിശ്വാസത്തോടെയുള്ള അഭിപ്രായനിശ്വാസങ്ങള്‍ അവശേഷിപ്പിക്കേണ്ട സിനിമയല്ല ലീല. ചില രഞ്‌ജിത്ത്‌് സിനിമകള്‍ക്കുണ്ടാവുന്ന സമാനദുരന്തം ലീലയ്‌ക്ക് സംഭവിക്കരുത്. സാഹിത്യം സിനിമയാക്കി എന്ന സാഹസം കൊണ്ടു മാത്രമല്ല, ഒരു നല്ല സിനിമ പ്രേക്ഷകനിലേക്കെത്തിക്കാന്‍ രഞ്‌ജിത്ത് എന്ന സംവിധായകനെടുത്ത സാഹസം കൂടി, പോരാട്ടം കൂടി പരിഗണിക്കേണ്ടതുണ്ട്. അതിനപ്പുറം നല്ലൊരു സിനിമയെന്ന സത്യവും മുന്നിലുണ്ട്.
അഭ്രകഥകളിലെ ആള്‍രൂപങ്ങള്‍, പ്രത്യേകിച്ചും ആണ്‍രൂപങ്ങള്‍, ക്ലൈമാക്‌സില്‍ നല്ലവനായി മാറുന്ന കാഴ്‌ച മാത്രമേ മലയാള സിനിമ ഇക്കാലവും കാണിച്ചു തന്നിട്ടുള്ളൂ. പൂര്‍വ്വകാലത്തിന്റെ എത്രയെത്ര പാപഭാരങ്ങളും രണ്ടരമണിക്കൂറിനൊടുവില്‍ ഒരു വാക്കിലോ നോക്കിലോ ഇല്ലാതാക്കിത്തീര്‍ത്ത് മര്യാദരാമന്മാരാകാന്‍ മലയാള സിനിമ നായകന്മാര്‍ക്ക് എളുപ്പം സാധിക്കും. അതേ കണ്ടു ശീലിച്ചിട്ടുള്ളൂ നമ്മള്‍. അത്തരമൊരു വഴിയിലേക്ക് നടന്നടുക്കുന്നുവെന്നു തോന്നിപ്പിച്ച്, ഇവിടെ കുട്ടിയപ്പന്‍ എന്ന കേന്ദ്രകഥാപാത്രം പരാജയപ്പെടുകയാണ്. ലീലയ്‌ക്ക് മുന്നില്‍, ആനയോളം വലുപ്പത്തില്‍ നില്‍ക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍.
ഇനി ലീലയുടെ ക്ലൈമാക്‌സിന്റെ സവിശേഷതയെന്താണെന്നറിയണ്ടേ.....
കുമ്പിട്ടിരുന്ന് സ്വന്തം തൂക്കുക്കട്ട നോക്കാതെ സിനിമ കണ്ടറിയൂ ക്ലൈമാക്‌സും, ഈ ലീലാനുഭവവും.
Good review
ReplyDeleteKaananam
ReplyDelete