Saturday, October 15, 2011

ആദ്യ അച്ചടിയുടെ അള്‍ത്താരയില്‍

     വൈപ്പിക്കോട്ട സെമിനാരി
                       ചരിത്രത്തിലേക്കു മുസിരിസ് വഴി 4

 ദ്യാക്ഷരങ്ങള്‍ കുറിച്ച അച്ചുകൂടം നിശ്ചലം. എങ്കിലും ചരിത്രം ഹരിശ്രീ കുറിച്ച ചേന്ദമംഗലത്തിന്‍റെ മണ്ണില്‍ അക്ഷരത്തിന്‍റെ തിരുശേഷിപ്പുകളായുള്ള കെട്ടിടാവശിഷ്ടങ്ങള്‍. മുകളിലേക്കുയര്‍ന്ന നിര്‍മിതിയുടെ പായല്‍ പിടിച്ച പുറംചുവരുകളില്‍ നിന്നു ചരിത്രം വായിച്ചെടുക്കാനാവില്ല. ഒരു പക്ഷേ അവിടെ അങ്ങനെയൊരു അച്ചുകൂടത്തില്‍ അക്ഷരങ്ങളെഴുതിയ ബ്ലോക്കില്‍ ചരിത്രത്തിന്‍റെ പതിയലുകള്‍ ഉണ്ടായിരുന്നുവെന്നു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാലം ഇങ്ങനെയാണ്. മനുഷ്യസങ്കല്‍പ്പത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു മാറ്റത്തിന്‍റെ മായാജാലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അങ്ങനെ പോയ കാലത്തു സര്‍വസാധാരണത്തം പേറുന്ന പലതും പിന്നീട് അത്ഭുതമായി മാറും, ചരിത്രവുമാകും. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലം കോട്ടയില്‍ കോവിലകത്തെ ഹോളി ക്രോസ് പള്ളിയിലെത്തുമ്പോള്‍ പണ്ടു പഠിച്ചൊരു അറിവിന്‍റെ അകമ്പടി കൂടിയുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി അച്ചടി നടന്ന ഇടം, വൈപ്പിക്കോട്ട സെമിനാരി.  

                            ഹോളി ക്രോസ് ചര്‍ച്ച്

വാക്കുകളില്‍ ഒതുങ്ങാത്ത ചരിത്രപ്രാധാന്യം.
പള്ളിപ്പറമ്പിലേക്കു കടക്കുമ്പോള്‍ അത്തരമൊരു സാന്നിധ്യത്തിന്‍റെ സൂചനകളില്ല. പിന്നീടുള്ള അന്വേഷണത്തില്‍ സെമിത്തേരിക്കു പുറകിലായി, കാലത്തിന്‍റെ പച്ചപ്പു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം, മേല്‍ക്കൂരയില്ല. നാലു ചുവരുകളുടെ ആകൃതി പോലുമില്ല, മതിലുകള്‍ മാത്രം. പക്ഷേ മതിലുകള്‍ കോറിയിടുന്ന ചരിത്രം അവഗണിക്കാന്‍ കഴിയുന്നതല്ല. അച്ചടിയുടെ ഈറ്റില്ലമെന്ന സ്ഥിരം വിശേഷണത്തെ ഒന്നൊതുക്കി നിര്‍ത്തിയാല്‍, കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ലാങ്ഗ്വേജ് പ്രസ് കൂടിയായിരുന്നു ഇവിടം. നൂറ്റാണ്ടുകള്‍ക്കപ്പുറം ആദ്യകാല അക്ഷരങ്ങളുടെ നിശ്വാസം ഉതിര്‍ന്നു വീണ മണ്ണ്. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സംരക്ഷണയിലാണു വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങള്‍. ഒരുപാടു ചരിത്രപ്രാധാന്യമുള്ള സ്ഥലം. ചരിത്രത്തിന്‍റെ പിന്‍വഴികളിലൂടെ നടന്നു ചെന്നാല്‍ ചെന്നു ചേരുന്നത് നാലാം നൂറ്റാണ്ടു മുതല്‍ ഇവിടം വാണിരുന്ന, ചേന്ദമംഗലം തലസ്ഥാനമായിരുന്ന, വില്ലാര്‍വട്ടം സാമ്രാജ്യത്തിന്‍റെ തിരുമുമ്പില്‍. പിന്നീടിങ്ങോട്ടു അനേകം കൈവഴികളായിത്തിരിയുന്ന ചരിത്രത്തിന്‍റെ മഹാപ്രളയം.

ചേന്ദമംഗലത്തു സെമിനാരി
കാലങ്ങള്‍ക്കു മുമ്പ്. അങ്കമാലി പള്ളിയില്‍ മലങ്കര പള്ളി പ്രതിനിധികളുടെ യോഗമായ അങ്കമാലി സൂനഹദോസിലാണ് ചേന്ദമംഗലത്തു സെമിനാരി എന്ന ആശയം ആദ്യം ഉയര്‍ന്നത്. ബിഷപ്പ് മാര്‍ എബ്രഹാമിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ജസ്യൂട്ട് മിഷനറിമാരുടെ മേല്‍നോട്ടത്തിലൊരു സെമിനാരി എന്ന അപേക്ഷയുമായി ബിഷപ്പ് മാര്‍ എബ്രഹാം പോപ്പിനു കത്തെഴുതി. 1576ല്‍ പോപ്പിന്‍റെ അനുകൂല മറുപടിയുമായി ജസ്യൂട്ട് പുരോഹിതന്‍ അലക്സാന്‍ഡോ വിലിഗാനി കേരളത്തിലെത്തി. കൊച്ചി രാജാവിനേയും ബിഷപ്പിനേയും കണ്ടു. അങ്ങനെ ചേന്ദമംഗലത്തു വില്ലാര്‍വട്ടം കുന്നിനു സമീപം ഇന്ത്യയിലെ ജസ്യൂട്ടുകളുടെ ആദ്യ സെമിനാരിക്കു 1577ല്‍ തുടക്കമായി, വൈപ്പിക്കോട്ട സെമിനാരി. കോളെജ് ഒഫ് ചെന്നോത്ത് എന്നും വൈപ്പിക്കോട്ട സെമിനാരി അറിയപ്പെട്ടിരുന്നു. കൊച്ചി രാജാവിന്‍റെ ഗ്രാന്‍റും സെമിനാരിക്കു ലഭിച്ചിരുന്നു. ദി ഹോളി ക്രോസ് എന്ന പേരില്‍ ഒരു ചാപ്പലും സെമിനാരിക്കു സമീപത്തായി നിര്‍മിച്ചിരുന്നു. ആ പള്ളി തന്നെയാണ് ഇപ്പോഴത്തെ ഹോളി ക്രോസ് ചര്‍ച്ചായി രൂപാന്തരം പ്രാപിച്ചതെന്നു കരുതുന്നു. പള്ളിയുടെ മുഖപ്പിനു മാറ്റം വരുത്തിയെങ്കിലും പഴയകാല നിര്‍മിതിയുടെ സൂചനകള്‍, പ്രത്യേകതകള്‍ ഇപ്പോഴും ദര്‍ശിക്കാം.

                        ഇന്‍സ്‌ക്രിപ്ഷനുകള്‍
1577ല്‍ തന്നെയാണു വൈപ്പിക്കോട്ട സെമിനാരിയില്‍ ആദ്യ പ്രിന്‍റിങ് പ്രസ് സ്ഥാപിച്ചത്. സ്പെയ്നില്‍ നിന്നുള്ള ജസ്യൂട്ടായ ബ്രദര്‍ ജോണ്‍ ഗോണ്‍സാല്‍വസ് മരത്തില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്തു. ആദ്യത്തെ പുസ്തകത്തിന് അച്ചുകൂടമൊരുങ്ങി. ഡോക്റ്ററീന ക്രിസ്റ്റ്യാന എന്ന പുസ്തകം അച്ചടിച്ചത് തമിഴ് ലിപിയില്‍. ഈ പുസ്തകം ഇപ്പോള്‍ പാരിസില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1579ല്‍ അച്ചടിച്ച ഡോക്റ്ററീന ക്രിസ്റ്റിം എന്ന മറ്റൊരു പുസ്തകം ഇപ്പോള്‍ പാരിസിലെ സൊര്‍ബോണ്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവകാശവാദങ്ങള്‍. 1602ല്‍ ചേന്ദമംഗലത്തു സുറിയാനി പ്രിന്‍റിങ്ങും ആരംഭിച്ചു. സുറിയാനി അച്ചടിക്കാനുള്ള പ്രസ് നല്‍കിയതു പോപ്പ് ക്ളെമെന്‍റ് എട്ടാമനാണെന്നും ചരിത്രരേഖകള്‍. ഒടുവില്‍ ഡച്ച് ആക്രമണം ഭയന്നു വൈപ്പിക്കോട്ട സെമിനാരി അമ്പഴക്കാട്ടേക്കു ഷിഫ്റ്റ് ചെയ്തു. പിന്നീട് 1790ല്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്തു ഈ പ്രദേശത്തെ സ്ഥാപനങ്ങള്‍ തകര്‍ത്തു.

ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍

ഇത്രയേറെ പ്രാധാന്യമുള്ള വൈപ്പിക്കോട്ട സെമിനാരിയില്‍ ഇന്ന് അവശേഷിക്കുന്നതു പുല്ലു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം മാത്രം, പിന്നെ രേഖപ്പെടുത്തയ ചരിത്രത്തില്‍ കാലം കൂട്ടിച്ചേര്‍ത്ത ചില അറിവുകളും. ആ പ്രദേശത്തു നിരവധി കെട്ടിടങ്ങളുണ്ടായിരുന്നുവെന്നും പിന്നീടുള്ള കാലങ്ങളില്‍ നടന്ന യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടുവെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പര്യവേഷണങ്ങളിലൂടെ ഈ ഭാഗത്തു നിന്നും കല്ലില്‍ കൊത്തിയ ഇന്‍സ്ക്രിപ്ഷനുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴതു പള്ളിയുടെ സമീപത്തായി പ്രത്യേകം കെട്ടിയുണ്ടാക്കിയ ചുവരില്‍ സൂക്ഷിച്ചിരിക്കുന്നു. ആത്മീയ സംഘടനയായ ദര്‍ശന സമൂഹവും, മരിയന്‍ സൊഡാല്‍റ്റി ഗ്രൂപ്പും ( ഇപ്പോഴത്തെ സിഎല്‍സി ) കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്നതും വൈപ്പിക്കോട്ട സെമിനാരിയിലാണ്.

ഇത്രയും മനുഷ്യന്‍ ചികഞ്ഞെടുത്ത ചരിത്രസത്യങ്ങള്‍. ഇനിയുമെത്രയോ സാന്നിധ്യങ്ങള്‍ അസാന്നിധ്യങ്ങളായി ഈ മണ്ണിനടിയില്‍ ഉറങ്ങുന്നുണ്ടാകും. ചരിത്രമെന്ന രേഖപ്പെടുത്തലിലേക്ക് എത്താന്‍ കഴിയാതെ മറഞ്ഞു പോയ എത്രയോ സത്യങ്ങള്‍ ഉണ്ടാകാം....

                               പാലിയം കൊട്ടാരം
  

കൊച്ചിയില്‍ പാതി പാലിയം

 സമൃദ്ധിയുടെ ആഴമറയിച്ച ഈ പഴമൊഴിയോര്‍ത്ത് പാലിയം കൊട്ടാരത്തിനു മുന്നിലെത്തി. കവാടത്തിനപ്പുറം കൊച്ചി രാജവംശത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍റെ കൊട്ടാരം. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു രാജാവിനു ഭീഷണി ഉണ്ടായപ്പോള്‍ സംരക്ഷണം നല്‍കിയിരുന്നതു പാലിയത്തച്ചനായിരുന്നുവെന്നു ചരിത്രം പറയുന്നു. കൊച്ചി രാജവംശത്തില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തി സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചതു പാലിയത്തെ കോമി അച്ചന്‍ ഒന്നാമന്‍. പാലിയം - ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിലും കോമി അച്ചന്‍ പ്രധാന പങ്കു വഹിച്ചിരുന്നു. മഹാരാജാവിന്‍റെ പ്രധാനമന്ത്രിയായി മുപ്പതു വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു കോമി അച്ചന്‍ രണ്ടാമന്‍. അദ്ദേഹത്തിന്‍റെ കാലയളവിലാണ് തിരുവിതാംകൂറില്‍ നിന്നും, സാമൂതിരിയില്‍ നിന്നും, മൈസൂരിലെ ഹൈദരില്‍ നിന്നും കൊച്ചിരാജ്യം ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടത്. പിന്നീട് ഗോവിന്ദന്‍ വലിയ അച്ചന്‍, രാമന്‍വലിയ അച്ചന്‍....പാലിയം പരമ്പര നീളുന്നു. 
                                   പാലിയം നാലുകെട്ട്‌ 
അങ്ങനെ മുസിരിസ് പൈതൃക പട്ടികയില്‍ ഇടംപിടിച്ച പാലിയം കൊട്ടാരത്തിനും പറയാനുള്ളതും ചരിത്രത്തിന്‍റെ ഒളിമങ്ങാത്ത അധികാരകഥകള്‍. പാലിയം കൊട്ടാരത്തിന്‍റെ നിര്‍മാണത്തില്‍ ഡച്ച് വൈദഗ്ധ്യത്തിന്‍റെ സ്വാധീനമുണ്ട്. കേരള വാസ്തുകലയുടെ സങ്കലനം കൂടിയാകുമ്പോള്‍ കൊട്ടാരത്തിന്‍റെ ഭംഗിയും സൗന്ദര്യവും ഏറുന്നു. ഘനമേറിയ ചുവരുകളും അകത്തളത്തില്‍ കൊത്തുപണി ചെയ്ത ഗോവണികളും. കവാടത്തിനു മുകളിലായുള്ള പ്രസംഗപീഠത്തില്‍ നിന്നു പാലിയത്തച്ചന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമായിരുന്നു. 


കൊട്ടാര കവാടം കടന്ന് അകത്തേക്കു നടപ്പാതകള്‍. പാലിയം ട്രസ്റ്റ് ഓഫിസും കടന്നു വലത്തോട്ടു തിരിഞ്ഞു മുന്നോട്ടു നടന്നാല്‍ ക്ഷേത്രം. ക്ഷേത്രത്തിനപ്പുറത്താണു നിര്‍മാണകലയുടെ മറ്റൊരു ഉദാഹരണായി പാലിയം നാലുകെട്ട്. 1786ല്‍ പാലിയം കുടുംബത്തിലെ മുതിര്‍ന്ന അംഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിച്ചതാണു ക്ലാസിക്കല്‍ സ്ട്രക്ചറുള്ള ഈ നാലുകെട്ട്. നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള പഴയകാല കേരള മോഡല്‍ നിര്‍മാണം തന്നെയാണു പാലിയം നാലുകെട്ടിനുമുള്ളത്. നാലുകെട്ടിലെ ഓരോ പ്രദേശത്തിനും ഓരോ ധര്‍മവും ഉണ്ടായിരുന്നു. പടിഞ്ഞാറ്റിനിയെ മൂന്നു ഭാഗങ്ങളായി തിരിച്ചു. അതില്‍ നടുവിലത്തേതായിരുന്നു വിലപിടിപ്പുള്ളതെല്ലാം സൂക്ഷിച്ചിരുന്ന അറ. വടക്കിനിയെ രണ്ടായി തിരിച്ചു, അടുക്കളയും ഊണുമുറിയും. വലിയ ഹാളുകളുള്ള കിഴക്കിനിയും തെക്കിനിയും അതിഥികളെ സ്വീകരിക്കാനുള്ളതുമായിരുന്നു.

2 comments:

  1. നല്ല വിവരണം. അഭിനന്ദനങ്ങൾ.
    വടക്കൻ പറവൂരുള്ള കൊത്തലെൻഗോ പള്ളിയെക്കുറിച്ചും എഴുതണേ! അതു വെറും പള്ളിയാണോ അതോ സെമിനാരിയാണോ എന്താണ് കൊത്തലെൻഗോ എന്ന വാക്കിന്റെ അർഥം എന്നൊക്കെ....
    ഈ വേഡ് വെരിഫിക്കേഷൻ എടുത്തു മാറ്റിക്കൂടേ?

    ReplyDelete