Thursday, October 6, 2011

ജോയ് എന്തു കൊണ്ട് സിനിമ ചെയ്യുന്നു


അഭിനേതാക്കള്‍
ബാലേട്ടന്‍ ( നിലമ്പൂര്‍ ബാലന്‍ )
ഹരി, ജോയ് മാത്യൂ....

മങ്ങിയ വെള്ളിത്തിരയില്‍ കറുത്ത അക്ഷരങ്ങളാല്‍ ഇങ്ങനെയൊരു ടൈറ്റില്‍ തെളിഞ്ഞിട്ടു ഇരുപത്തഞ്ചു വര്‍ഷം. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്‍റെ ആദ്യരംഗം, കുളത്തില്‍ കുളിച്ച ശേഷം കരയിലേക്കു കയറുന്നയാള്‍... ടൈറ്റിലിലെ മൂന്നാം പേരുകാരന്‍, ജോയ് മാത്യു. അമ്മയോടു യാത്ര പറഞ്ഞ്, നാട്ടിടവഴികളിലൂടെ യാത്ര തിരിച്ച മകന്‍, പുരുഷന്‍. സിനിമയുടെ വ്യാകരണങ്ങളോടു കലഹിച്ച ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ രംഗം. ജോണിന്‍റെ പുരുഷനു ജീവന്‍ നല്‍കിയയാളെ കാണാന്‍ പോകുമ്പോള്‍ പ്രൊഫൈലിന്‍റെ വിശേഷണങ്ങളില്‍ അമ്മ അറിയാനിലെ നടന്‍ എന്നു മാത്രമായിരുന്നില്ല. മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, ജോയ് മാത്യു.

അഭ്രപാളിയില്‍ നവാഗതനല്ല

സംവിധായകന്‍റെ കുപ്പായമണിഞ്ഞ് ആദ്യമായി ഒരാള്‍ എത്തുമ്പോള്‍ പേരിനൊപ്പം കുറിക്കുന്ന അലങ്കാര പ്രയോഗം, നവാഗത സംവിധായകന്‍. പരിചയപ്പെടുത്തലിന്‍റെ ഈ ഔപചാരിക പലപ്പോഴും അനിവാര്യം. ജോയ് മാത്യുവിന്‍റെ കാര്യത്തിലും ഈ പതിവ് ഇന്‍ട്രൊഡക്ഷന്‍ ആവാം. എന്നാല്‍ നവാഗതന്‍ എന്നു വേണ്ട. പകരം ആ വാചകം ഇങ്ങനെയാവാം...ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ പുരുഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യു സംവിധായകനാവുന്നു, ചിത്രം ഷട്ടര്‍. കൊച്ചിയില്‍ പൂജ കഴിഞ്ഞു...

റിപ്പോര്‍ട്ടിന്‍റെ ആമുഖ വാചകങ്ങള്‍ കടന്ന് ജോയ് മാത്യുവിന്‍റെ മുന്നില്‍. ജോണിന്‍റെ കലാപങ്ങളിലെ കഥാപാത്രങ്ങളില്‍ ഒരാളായി, പുരുഷനായി കണ്ടിട്ട് ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സംഭാഷണത്തിന്‍റെ ഷട്ടര്‍ തുറക്കുമ്പോള്‍ ആദ്യത്തെ ചോദ്യം അതു തന്നെ, എവിടെയായിരുന്നു ഇത്ര നാള്‍?

ജീവിതമായിലും പെട്ടെന്നു ക്ലൈമാക്സിലേക്കു വരുന്നത് ശരിയല്ലല്ലോ? ടൈറ്റില്‍ കാണിക്കുന്നിടത്തു നിന്നു തന്നെ തുടങ്ങണം. 



മാര്‍ത്തോമക്കാരന്‍ നക്സലൈറ്റ് ആകുകയോ...
വസന്തത്തിന്‍റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത ഒരു തലമുറയുടെ പ്രതിനിധിയായി തുടങ്ങുന്നു കോഴിക്കോട് മലാപ്പറമ്പിലെ പി. വി. മാത്യുവിന്‍റേയും എസ്തറിന്‍റേയും രണ്ടാമത്തെ മകന്‍ ജോയ്യുടെ ജീവിതവും. നക്സലൈറ്റ് ആയില്ലെങ്കില്‍ അപമാനം ആണെന്നു കരുതിയ കാലം. അടിയന്തിരാവസ്ഥയ്ക്കു ശേഷം അഴിമതിക്കെതിരെ ആവേശം പൂണ്ടു നടക്കുന്ന സമയം. ശക്തമായ ഒരു മൂവ്മെന്‍റ് ഏതുണ്ടെന്നു അന്വേഷിച്ചു. നക്സിലസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ ജനകീയ വിചാരണ. ആ മൂവ്മെന്‍റില്‍ പങ്കാളിയായി. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കൈക്കൂലിക്കാരനായ ഡോക്റ്ററെ കണ്ടുപിടിച്ചു. ജനകീയ വിചാരണ ഉണ്ടാകുമെന്ന് പോസ്റ്ററുകള്‍ പതിച്ചു. പക്ഷേ, ആരും കാര്യമായി കരുതിയില്ല. ഒരു ദിവസം രാവിലെ ഡോക്റ്റര്‍ വന്നിറങ്ങുമ്പോള്‍ ഒരു സംഘം വളഞ്ഞു. ചെരുപ്പ് മാലയണിയിച്ചു. ഡോക്റ്റര്‍ കുറ്റസമ്മതിച്ചു. എന്നാല്‍ മറ്റു ഡോക്റ്റര്‍മാര്‍ സമരം ആരംഭിച്ചു. പൊലീസ് അറുപത്തിരണ്ടോളം പേരെ അറസ്റ്റ് ചെയ്തു. അങ്ങനെ പ്രതീകാത്മകമായ പ്രതിഷേധങ്ങളെ അനുകൂലിച്ചു നില്‍ക്കുന്ന കാലത്താണു കാസര്‍ഗോഡ് കേണിച്ചറയില്‍ മഠത്തില്‍ മത്തായി എന്നയാളുടെ തല വെട്ടുന്നത്. അത്തരം നീക്കങ്ങളോടു താത്പര്യമില്ലാത്തതിനാല്‍ പിന്‍വാങ്ങുകയായിരുന്നു ഞാനടക്കം പലരും പിന്മാറുകയായിരുന്നു. മാര്‍ത്തോമക്കാരനായ നീ നക്സലൈറ്റ് ആകുകയോ...എപ്പഴോ അമ്മ ചോദിച്ചത് ഓര്‍ക്കുന്നു.

ജനകീയ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനാകുമ്പോള്‍ മനസില്‍ അരങ്ങും നാടകവുമൊക്കെ യവനിക ഉയര്‍ത്തി. ബിരുദപഠനകാലത്തു ക്യാംപസ് തിയെറ്ററുകളില്‍ സജീവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്റ്റര്‍, നാടകകൃത്ത്.... കയ്യൂര്‍ എന്ന സിനിമയുടെ ചര്‍ച്ചകള്‍ ജോണ്‍ എബ്രഹാം സജീവമാക്കിയ കാലം. അണിയറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോണിനൊപ്പം കാസര്‍ഗോഡൊക്കെ പോയി. പക്ഷേ, ആ സിനിമ നടന്നില്ല. അതിനുശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം. തിരികെ എത്തുമ്പോള്‍ ജോണിന്‍റെ മനസില്‍ മറ്റൊരു സിനിമ വിരിഞ്ഞിട്ടുണ്ടായിരുന്നു. 


whereever continuity breaks,  there begins creativity
ജോയ് തിരികെ എത്തിയതറിഞ്ഞു ജോണ്‍ വിളിച്ചു. കാണണം. പുതിയ സിനിമയുണ്ട്, സഹകരിക്കണം. പതിവുപോലെ നടക്കാത്ത സിനിമയുടെ ചര്‍ച്ചയെന്നേ കരുതിയുള്ളൂ. ഇക്കുറി അഭിനയിക്കണം എന്നാണു ജോണിന്‍റെ ആവശ്യം. അതത്ര സീരിയസ് ആയി എടുത്തതുമില്ല. പക്ഷേ, ഒരു ദിവസം സ്ക്രിപ്റ്റ് തന്നു. ഒഡേസ എന്ന ജനകീയക്കൂട്ടായ്മയില്‍ സിനിമയുടെ പിറവി. മട്ടാഞ്ചേരിയില്‍ നിന്നാരംഭിച്ചു കേരളം മുഴുവന്‍ ലൊക്കേഷനായ ചിത്രം. സിനിമ അവസാനിക്കുന്നിടത്തായിരുന്നു ചിത്രീകരണത്തിന്‍റെ ആരംഭം. ജോണിന് സിനിമയെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരുന്നു ജോണ്‍ കൊടുത്ത ഒരു ഷര്‍ട്ടാണ് സിനിമയില്‍ ധരിച്ചത്. ആദ്യം ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തില്ല. പിന്നീട് എപ്പഴോ ഇന്‍ ചെയ്തു. കണ്ട്യുനിറ്റി നഷ്ടപ്പെട്ടില്ലേ? ജോയ് സംശയിച്ചു. എന്നാല്‍ ജോണിന് സംശയമൊന്നുമില്ല, ...whereever continuity breaks, there begins creativity. ഒരിക്കല്‍ ഷൂട്ട് ഇല്ലാത്ത ഒരു ദിവസം എവിടെയോ പോയി വരുമ്പോള്‍ മഞ്ഞപ്പൂക്കള്‍ വീണു കിടക്കുന്ന ഒരു പ്ലാറ്റ്ഫോം കണ്ടു ജോണ്‍. ഉടനെ തന്നെ എന്നെ വിളിച്ചു. ക്യാമറാമാന്‍ വേണുവുമെത്തി. മഞ്ഞപ്പൂക്കള്‍ക്കു നടുവില്‍ കിടന്നിട്ട്, എഴുന്നേറ്റ് ഓടണമെന്നു പറഞ്ഞു. അതു ഷൂട്ട് ചെയ്തു. അങ്ങനെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ ജോണിന്‍റേതായ ഇംപ്രവൈസേഷനുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ആ ചിത്രം പലര്‍ക്കും ഒരു യൂണിവേഴ്സിറ്റിയായിരുന്നു. ക്ലാപ്പ് ബോര്‍ഡ് പിടിക്കുന്നതിലും അഭിനയിക്കുന്നതിലും എഡിറ്റിങ്ങിലും തുടങ്ങി എല്ലാ വിഭാഗത്തിലും പങ്കാളിയാകാന്‍ കഴിഞ്ഞു. പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചു. സ്വന്തം സിനിമയുടെ പ്രദര്‍ശനം കൊണ്ടുനടന്നു നടത്താന്‍ ഭാഗ്യം സിദ്ധിച്ച നടന്മാര്‍ മലയാള സിനിമയില്‍ വേറെയുണ്ടാകില്ല.

പിന്നെ നാടകത്തില്‍ സജീവമായി ജോയ്. മധ്യതരണിയാഴി, സങ്കടല്‍, രക്തതബല, വീടുകള്‍ കത്തുന്നു, ജോസഫ് എന്തു കൊണ്ട് ആത്മഹത്യ ചെയ്തു.... സക്കറിയയുടെ ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും നാടകമാക്കിയപ്പോള്‍ ജോയ്യുടെ അഭിനയം അഭിനന്ദനം നേടി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന സീരിയലിന്‍റെ നിര്‍മാതാവും ജോയ്യായിരുന്നു. പിന്നെ പത്രപ്രവര്‍ത്തന കാലം, സണ്‍ഡേ ഒബ്സര്‍വര്‍, ഫ്രീ പ്രസ് ജേണല്‍, ജയ്കോ പബ്ലിഷേഴ്സ്, സൂര്യ ടിവി, അമൃത ടിവി.. ഇപ്പോള്‍ ന്യൂസ് പ്ലസ് ചാനലില്‍.

അമ്മ അറിയാന്‍ ഹാങ് ഓവര്‍

അമ്മ അറിയാന്‍ എന്ന സിനിമയുടെ ഹാങ് ഓവറില്‍ ജീവിച്ചിരുന്ന പലരുമുണ്ടായിരുന്നു, ജോയ് ഓര്‍ക്കുന്നു. പലരുടേയും ലാസ്റ്റ് ഹോസ്പിറ്റലായിരുന്നു അമ്മ അറിയാന്‍. സിനിമ കഴിഞ്ഞതോടെ പലരും വല്ലാത്ത അവസ്ഥയിലായി. പിരിഞ്ഞു പോകാന്‍ പറ്റാതെയായി. ജോണ്‍ മരിച്ചതോടെ വീണ്ടും പലരും അനാഥരായി. സത്യത്തില്‍ അമ്മ അറിയാനിലെ നടന്‍ എന്നെതാരു ലേബലാണ്. അതു മാറ്റി നിര്‍ത്താന്‍ കഴിയണം. എന്നെ എന്നും ആവേശഭരിതനാക്കിയിരുന്നതു തിയെറ്റര്‍ ആണ്. കര്‍ട്ടന്‍ ഉയരുമ്പോള്‍ അനുഭവിക്കുന്ന ആവേശം പറഞ്ഞറിയിക്കാന്‍ കഴിയില്ല, ശരിക്കും വെളിച്ചപ്പാടിന്‍റേതിനു തുല്യമായ അവസ്ഥ...

ഷട്ടര്‍ തുറക്കുന്നു

പത്തു വര്‍ഷം മുമ്പു മനസിലെത്തിയ സിനിമയാണ് ഷട്ടര്‍. പിന്നീടതു പാകപ്പെടുത്തുകയായിരുന്നു. സൗണ്ടിന് ഏറെ പ്രാധാന്യമുളള ചിത്രം. പ്രവാസജീവിതത്തിലെ മലയാളി, ഗള്‍ഫ് പണത്തെ ആശ്രയിച്ചു കഴിയുന്ന കേരളം...എന്നിങ്ങനെ സിനിമയുടെ ഭാഗമാകുന്ന ആശയങ്ങള്‍ അനവധി. സമൂഹം, കുടുംബാന്തരീക്ഷം, സദാചാരം അങ്ങനെ നിരവധി കാര്യങ്ങള്‍ ഷട്ടറില്‍ പ്രതിപാദ്യ വിഷയമാകുന്നു. സിനിമയുടെ രത്നചുരുക്കം തേടിയപ്പോള്‍ ജോയ് പറഞ്ഞു, ഒരു അപസര്‍പ്പകകഥ.

ജോയ് മാത്യു മലയാള സിനിമയില്‍ ഷട്ടര്‍ തുറക്കുകയാണ്. കാലങ്ങളോളം വിഹരിച്ച അരങ്ങിന്‍റെ അനുഭവ സമ്പത്തുണ്ട്. ജീവിതാനുഭവങ്ങളുടെ കരുത്തുണ്ട്...

5 comments:

  1. സാബു വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി

    ReplyDelete
  2. ഹൃദ്യമായ ഭാഷ. പോങ്ങച്ചങ്ങളില്ലാതെ.

    ReplyDelete