Saturday, October 8, 2011

ചരിത്രത്തിന്‍റെ പേറ്റുനോവുകള്‍..

                 ചരിത്രത്തിലേക്ക് മുസിരിസ് വഴി-3

സ്വന്തം പേരിനോടു രൂപത്തില്‍ അല്‍പ്പം പോലും നീതി പുലര്‍ത്താത്ത നാട്, പട്ടണം. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കുറച്ചുകാലം മുമ്പു മാത്രം ചരിത്രത്താവളമായി തിരിച്ചറിഞ്ഞ നാടിന്‍റെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങനെയാണു തോന്നിയത്. പേരുപോലെ പട്ടണപ്പരിഷ്കാരങ്ങളുടെ വിദൂരഛായ അല്‍പ്പം പോലും പേറുന്നില്ല. മുസിരിസ് എന്നാല്‍ കൊടുങ്ങല്ലൂരായിരുന്നുവെന്നും, പ്രളയത്തില്‍ വഴിമാറി ഒഴുകിയ പുഴയുടെ പഴയ ഓരങ്ങള്‍ പട്ടണമെന്ന ആ ഗ്രാമത്തിലായിരുന്നുവെന്നും സ്ഥിരീകരിക്കാന്‍ പറ്റാത്ത അവകാശങ്ങള്‍. മണ്ണുമാറ്റിയെടുക്കാവുന്ന സാധ്യതകളുടെ ചരിത്രം ഇനിയും ശേഷിക്കുന്നുണ്ടാകും പട്ടണത്തിന്‍റെ അടിത്തട്ടുകളില്‍. അവശിഷ്ടങ്ങളുടെ സമൃദ്ധമായ വിളനിലമായി വാര്‍ത്തകളില്‍ ഇടംപിടിച്ച ഗ്രാമത്തിന്‍റെ ഇടവഴികള്‍ പിന്നിടുന്നു. ഖനനം നടക്കുന്ന സ്ഥലമെന്ന ആവര്‍ത്തനചോദ്യത്തിന്‍റെ ഉത്തരമായി പറഞ്ഞു തന്ന വഴിയിലൂടെ വീണ്ടും മുന്നോട്ട്.

ചെറിയ വഴി. തകരപ്പാട്ടയില്‍ തീര്‍ത്ത ഗെയ്റ്റിന്‍റെ സുരക്ഷിതത്തിനപ്പുറത്തൊരു ലോങ് ഷോട്ടില്‍ വിശാലമായ പറമ്പില്‍ ഒരൊറ്റ വീട്. ഗെയ്റ്റില്‍ തൂക്കിയിരിക്കുന്ന അറിയിപ്പു ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇങ്ങനെ, പട്ടണം പുരാവസ്തു ഗവേഷണം, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍, അഞ്ചാം ഘട്ട ഉദ്ഖനനം.. പ്രദേശവാസികളില്‍ നിന്നു പട്ടണം ഖനനത്തിന്‍റെ അറിവുകള്‍ നേടുമ്പോള്‍ കൗതുകകരമായ ഒരുപാടു കാര്യങ്ങള്‍ അറിഞ്ഞു. എങ്കിലും ജനവാസമേഖലയായ പട്ടണത്തെ പറമ്പുകള്‍ക്കടിയില്‍ ചരിത്രത്തിന്‍റെ സാന്നിധ്യമുണ്ടെന്നെങ്ങനെ തിരിച്ചറിഞ്ഞു എന്ന അത്ഭുതമായിരുന്നു ആദ്യം. പ്രദേശവാസികള്‍ കിണര്‍ കുഴിക്കുമ്പോഴും, വീടു പണിയാന്‍ വാനം താഴ്ത്തുമ്പോഴും കിട്ടിയിരുന്ന വസ്തുക്കളുടെ സമൃദ്ധി. മുത്തും, പ്രത്യേക തരം കല്ലുകളും, മണ്‍പാത്രക്കഷണങ്ങളും..... ഇവിടെ ഇങ്ങനയൊരു കാലം ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തുകയായിരുന്നു ഓരോ കണ്ടെത്തലും. ചരിത്രം നങ്കൂരമിട്ട ഭൂമി
കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്‍റെ നേതൃത്വത്തിലാണ് ഖനനം. പോസ്റ്റ് എക്സവേഷന്‍ സ്റ്റഡി നടത്തി. പണ്ടുകാലത്തു വിശാലമായ വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന തെളിവുകള്‍ പട്ടണം ഖനനത്തെ ആഗോള പ്രശസ്തമാക്കി. ഇവിടെ നിന്നു കിട്ടിയ ഓരോ വസ്തുവിന്‍റേയും വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ ചരിത്രം അനാവരണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്കും ചരിത്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും എന്നു പ്രിയപ്പെട്ട സ്ഥലമായി പട്ടണം. ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇത്രത്തോളം സമൃദ്ധമായ മറ്റൊരിടം ഇല്ലെന്നുള്ളതു തന്നെ കാരണം. ഇപ്പോള്‍ അഞ്ചാം ഘട്ട ഉദ്ഖനനം നടക്കുന്നതു പടമഠത്തില്‍ എന്ന പ്ലോട്ടില്‍. പറമ്പിന്‍റെ ഉപരിതലം വൃത്തിയാക്കി ഒരു സംഘം ഉണ്ടായിരുന്നു ആ പ്ലോട്ടില്‍. വലിയൊരു കുളം, ലഭിക്കുന്ന അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള റിങ്ങുകള്‍.... ഇങ്ങനെ ചില സാന്നിധ്യങ്ങളൊഴിച്ചാല്‍ വേറൊന്നും അവിടില്ല. “”

ചരിത്രകാരന്മാര്‍ മാത്രമല്ല പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ പ്രവര്‍ത്തനങ്ങളും മുന്നേറുന്നത്. ഇവന്മാര്‍ക്കു ഭ്രാന്താണെന്നു കരുതിയ നാട്ടുകാര്‍ പിന്നീട് പ്രാധാന്യം മനസിലാക്കുകയായിരുന്നെന്നു ഒരു പ്രദേശവാസിയുടെ സാക്ഷ്യം. ഇനി പറയുന്ന ചരിത്രത്തിന് ഒരു ഔദ്യോഗിക ചരിത്രകാരന്‍റെ സാക്ഷ്യപ്പെടുത്തലുകളുടെ ഛായ ഉണ്ടാകണമെന്നില്ല. ഖനനം തുടങ്ങും മുമ്പേ, പട്ടണമെന്ന ഗ്രാമത്തെ ലോകം അറിയും മുമ്പേ അവിടെ ജനിച്ചു വളര്‍ന്ന നാട്ടുകാരുടെ കാഴ്ചയില്‍ നിന്നുള്ള പരിമിതമായ അറിവിന്‍റെ രേഖപ്പെടുത്തല്‍. പട്ടണം ഖനനം ചരിത്രമറിയാത്ത നാട്ടുകാരുടെ നാവിലൂടെ.നാട്ടുകാരനും ഖനനത്തില്‍ ചരിത്രകാരന്മാരെ സഹായിക്കുന്നയാളുമായ രവിച്ചേട്ടന്‍ പറഞ്ഞു തുടങ്ങി, ഒരിക്കല്‍ ഇവിടെ കുഴിച്ചു വരുമ്പോള്‍, രണ്ടു മീറ്ററോളം അടിയിലെത്തിയിട്ടുണ്ടാകും, പെട്ടെന്ന്...ഇത്രയും പറഞ്ഞപ്പോഴേക്ക് രവിച്ചേട്ടന്‍റെ ഫോണ്‍ ശബ്ദിച്ചു. കുറച്ചു മാറി നിന്നു സംസാരിക്കുമ്പോള്‍ മണ്ണിനടിയില്‍ അദ്ദേഹം കണ്ടത് എന്താണെന്ന ആകാംക്ഷ നിറഞ്ഞു നിന്നു. ആ മണ്ണില്‍ നിന്നു കൊണ്ടു മനസ് സാധ്യതകളുടെ ഖനനം നടത്തുമ്പോഴേക്കും അദ്ദേഹം ഫോണ്‍ കോള്‍ അവസാനിപ്പിച്ചു തിരികെയെത്തി.

റോമന്‍ ചക്രവര്‍ത്തിക്കു കൊടുക്കുന്ന എന്തോ

താഴേക്കു ചെന്നപ്പോള്‍ ഭിത്തിയുള്ള ഒരു വീടിന്‍റെ അവശിഷ്ടങ്ങള്‍. വലിയ ഭിത്തി, ഇഷ്ടിക കൊണ്ടുള്ള ഫ്ളോര്‍, അവിടെ നിന്നും എനിക്കൊരു വെളുത്ത നിറത്തിലുള്ള വലിയ കല്ല് കിട്ടി, എന്താണെന്നു മനസിലായി. മുകളിലേക്ക് ഇട്ടു കൊടുത്തു. ആ പരിസരത്തു നിന്ന ചരിത്രകാരന്‍ അതു തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് അതിന്‍റെ വില മനസിലാക്കിയത് ‘’ നിധിയേക്കാള്‍ മൂല്യമുള്ളത്. റോമന്‍ ചക്രവര്‍ത്തിക്കു കൊടുക്കുന്ന എന്തോ ആയിരുന്നു. ആകാംക്ഷ അതിരു കടന്നു കൊണ്ടാകാം രവിച്ചേട്ടന്‍റെ കണ്ടെത്തലിന്‍റെ ക്ലൈമാക്സിനു കാര്യമായ പഞ്ച് ഉണ്ടെന്നു തോന്നിയില്ല. പക്ഷേ ഇങ്ങനെ എത്രയോ ചരിത്രകൗതുകങ്ങളുടെ കണ്ടെത്തലിന്‍റെ സന്തോഷം അനുഭവിച്ചിട്ടുണ്ടാകും ഇവരൊക്കെ. ആദ്യമൊക്കെ നാട്ടുകാര്‍ക്കു പല തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു. സ്വന്തം സ്ഥലം പോകുമോ, കുഴിച്ചു വൃത്തികേടാക്കുമോ എന്നുള്ള സംശയങ്ങള്‍. പിന്നീടു ഖനനം പുരോഗമിച്ചപ്പോള്‍ ഖനനത്തിന്‍റെ രീതി മനസിലായപ്പോള്‍ എല്ലാ സംശയങ്ങളും അകന്നു. ഇപ്പോള്‍ നാട്ടുകാരും ഖനനത്തില്‍ സഹകരിക്കുന്നു. മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണു പട്ടണം ഖനനം പുരോഗമിക്കുന്നത്. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ മാത്രമല്ല പട്ടണം ഖനനത്തില്‍ പങ്കാളികള്‍ ആയിട്ടുള്ളത്. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയം, യൂണിവേഴ്സിറ്റി ഒഫ് റോം, ദര്‍ഹാം യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ..... കേരളത്തിന്‍റെ ഈ ചെറുഗ്രാമത്തില്‍ നടക്കുന്ന ഖനനത്തില്‍ തല്‍പ്പരരായ സ്ഥാപനങ്ങള്‍ ഇനിയുമേറെ. കൃത്യമായ വര്‍ഷവും കാലഗണനയും മനപ്പാഠമാക്കുന്ന ചരിത്രത്തിന്‍റെ പഠനത്തിന്‍റെ വിരസതയില്ല പട്ടണത്തെ ജനങ്ങള്‍ മനസിലാക്കിത്തരുന്ന ഓരോ ചരിത്രകഥകള്‍ക്കും. ഒരു ഗ്രാമത്തിലെ നാടോടിക്കഥ കേള്‍ക്കുന്ന മനസോടെ കേട്ടറിയാം, പട്ടണത്തിന്‍റെ കഥ. പകര്‍ന്നു തന്ന അറിവില്‍ നിന്നു ചരിത്രസാധ്യതകളുടെ ഒരുപാട് എക്സ്റ്റന്‍ഷനുകളും മനസില്‍ വിരിയുന്നു. ഇവിടെ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഇനിയും ചരിത്രത്തിന്‍റെ ഭ്രൂണങ്ങളുണ്ട്. ഖനനത്തിന്‍റെ ഓരോ ഘട്ടവും പേറ്റുനോവിന്‍റെ നിമിഷങ്ങളാണ്. പിറക്കാനിരിക്കുന്ന ചരിത്ര സത്യങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുക...മുത്തുകളും മാലകളും
പട്ടണത്തെ ചരിത്രത്തിന്‍റെ ഭൂമിയില്‍ ഓര്‍ണമെന്‍റ് ഡിസൈനിങ്ങിന്‍റെ സാധ്യത കൂടിയുണ്ട്. പണ്ടുകാലത്തെ ഏതോ രാജാവിന്‍റെ ഭാര്യ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നു എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ഇതു ചരിത്രമല്ല, വര്‍ത്തമാനമാണ്. ഒരു കൊച്ചുവര്‍ത്തമാനത്തിന്‍റെ ലാഘവത്തോടെ കേള്‍ക്കേണ്ട കാര്യം. പട്ടണം ഖനനം നടക്കുന്ന പരിസരത്തെ പെണ്ണുങ്ങളുടെ കൈയില്‍ ചില സമ്പാദ്യങ്ങളുണ്ട്. ഇവിടെ നിന്നു ചിലതൊക്കെ ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ടേ....എന്നൊരു ഡയലോഗ് പറഞ്ഞു പോയ പരിസരവാസികള്‍ മടങ്ങി വന്നപ്പോള്‍ കൈയില്‍ ചില മാലകളും മുത്തുകളും..

അവിടെ നിന്നു ലഭിച്ച മുത്തുകള്‍ ഉപയോഗിച്ചു കോര്‍ത്തെടുത്ത മാല, കൃത്യമായ ഡിസൈനില്‍ രാകിയെടുത്ത പോലത്തെ കല്ലുകള്‍. അങ്ങനെ കിട്ടുന്ന മുത്തുകള്‍ ഒരു ചെറിയ പാത്രത്തില്‍ ശേഖരിച്ചു മാലയാക്കിയിരിക്കുന്നു പരിസരവാസികള്‍. ഒറ്റനോട്ടത്തില്‍ ലേറ്റസ്റ്റ് ഫാഷനാണന്നേ കരുതൂ. പല ആകൃതിയിലും വലുപ്പത്തിലുമുള്ള മുത്തുകള്‍ ഇക്കൂട്ടത്തിലുണ്ട്. മിക്ക മുത്തുകള്‍ക്കും നൂലു കോര്‍ക്കാന്‍ പാകത്തിനു ചെറിയ ദ്വാരങ്ങളും ഉണ്ട്. ഇതു ചിലപ്പോള്‍ വ്യത്യസ്ത കാലങ്ങളിലെ കല്ലുകളും മുത്തുകളും ആയിരിക്കാം. അങ്ങനെ കോര്‍ത്തിണക്കിയ ഇത്തരമൊരു മാല അണിയാന്‍, ഹിസ്റ്റോറിക്കലി റിച്ചായ ആഭരണം ധരിക്കാന്‍ വേറെ ആര്‍ക്കു ഭാഗ്യം ഉണ്ടാകും, പട്ടണത്തുകാര്‍ക്കല്ലാതെ. ചിലപ്പോള്‍ പറമ്പില്‍ കിളയ്ക്കുമ്പോഴോ മറ്റോ ആയിരിക്കും മുത്തുകള്‍ കിട്ടുക. മഴ പെയ്യുമ്പോള്‍ തെളിഞ്ഞു വന്നവയും ധാരാളം. പല മോഡലുകളില്‍ ഉള്ളവ. മെഷീന്‍ കട്ട് ചെയ്തതാണെന്നു തോന്നിക്കുന്ന വിധത്തിലുള്ളവ പോലും ഇവിടെയുണ്ട്. ഇത്തരത്തിലുള്ള ചെറിയ പൊടുകള്‍ പോലും കുട്ടികള്‍ കലക്റ്റ് ചെയ്തു മാലയാക്കി മാറ്റാറുണ്ട്. ചരിത്രത്തിന്‍റെ അറിയാവീഥികളിലെ അജ്ഞാതന്‍ ധരിച്ച ആഭരണത്തിന്‍റെ അവശിഷ്ടമാകാം. ഒരുപാടു നൂറ്റാണ്ടുകള്‍ക്കു ശേഷം പട്ടണം വാസികള്‍ അവ ശേഖരിക്കാനും സൂക്ഷിച്ചു വയ്ക്കാനുമൊക്കെ ഇടവരുത്തിയതു കാലത്തിന്‍റെ നിയോഗവുമാകാം.

2 comments: