വര്‍ഷങ്ങള്‍ക്കു മുന്‍പ്.
സെമിത്തേരിയില്‍ കുഴി വെട്ടുന്ന അമ്മയെ സഹായിക്കുന്ന പെണ്‍കുട്ടി. പെട്ടെന്നു മണ്‍വെട്ടി, തകിടു പോലെ എന്തിലോ മുട്ടിയ ശബ്ദം. അമ്മ മണ്ണുമാറ്റി നോക്കുമ്പോള്‍, ഇന്‍റാലിയത്തിന്‍റെ ശവപ്പെട്ടി. നീ മുകളിലേക്കു കയറിക്കോ, ഇങ്ങോട്ട് നോക്കണ്ട, അമ്മയുടെ ആജ്ഞ. മകള്‍ മുകളിലേക്കു കയറിയെങ്കിലും, കുഴിയിലേക്കു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പെട്ടിയുടെ കൊളുത്തുകള്‍ ഓരോന്നായി തുറക്കുകയാ ണ് അമ്മ. ഒടുവില്‍ അവസാനത്തെ കൊളുത്തും മാറ്റി... പെട്ടി പതുക്കെ തുറന്നു... ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഭയമുണരാന്‍ അതു മതിയായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി...
വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു...
അന്നു പേടിച്ചോടിയ പെണ്‍കുട്ടിക്ക് ഇന്നു പ്രായം അമ്പത്തിമൂന്ന്. പാരമ്പര്യം കൈയിലേല്‍പ്പിച്ച മണ്‍വെട്ടി ഇപ്പോഴും കൈയിലുണ്ട്. പഴയ പേടിയില്ല. മൃതദേഹങ്ങളുടെ കാഴ്ച, ഭയം ജനിപ്പിക്കാത്ത വിധത്തില്‍ ശീലമായി മാറിക്കഴിഞ്ഞു. ഇതും ഒരു തൊഴിലാണെന്ന തിരിച്ചറിവില്‍, അന്നത്തെ ആ പെണ്‍കുട്ടി, പാത്രക്കടവില്‍ ബേബി ആന്‍റണിയെന്ന സ്ത്രീ, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയില്‍ കുഴി വെട്ടുന്ന ജോലി തുടരുന്നു. ശീതീകരിച്ച മുറിയില്‍ സ്ത്രീസംവരണത്തിന്‍റെ ശതമാനക്കണക്കു കൂട്ടിക്കിഴിക്കുമ്പോള്‍, അറിയണം പുരുഷന്മാര്‍പോലും മൂക്കറ്റം മദ്യപിച്ചു ചെയ്യുന്ന ജോലി, കഴിഞ്ഞ മുപ്പത്താറു വര്‍ഷമായി, ഇവര്‍ തുടരുകയാണെന്ന്.
ബേബിയുടെ അമ്മ കുഞ്ഞമ്മയുടെ ആങ്ങള യായിരുന്നു ആദ്യം കുഴി വെട്ടിയിരുന്നത്. പിന്നീട് കുഞ്ഞമ്മ ഏറ്റെടുത്തു. പതിനേഴാം വയസില്‍ അമ്മയെ സഹായിക്കാന്‍ ബേബി യും പോയിത്തുടങ്ങി. മൂന്നാം ക്ലാസ് വരെ മാത്രമേ മേരി പഠിച്ചിട്ടുള്ളൂ. അപ്പന്‍ നേരത്തേ മരിച്ചു. ഒടുവില്‍ അമ്മയും പോയപ്പോള്‍, ആരുമില്ലാതാ യി. അന്വേഷിക്കാന്‍ ആരുമില്ലെന്നായപ്പോള്‍ പേടി മാറുകയായിരുന്നെന്നു ബേബി. സെമിത്തേരിയിലെ അവശിഷ്ടങ്ങള്‍ ഒറ്റയ്ക്കു നീക്കം ചെയ്യാനുള്ള ധൈര്യം അനുഭവത്തിലൂടെ നേടിയെടുത്തു. കുഴി വെട്ടുന്നതൊരു സ്ത്രീയെന്നു കേള്‍ക്കുമ്പോള്‍, ചിലര്‍ക്ക് അത്ഭുതം...ഇതെങ്ങനെ കഴിയുന്നുവെന്ന സംശയം. എന്നാല്‍ തന്‍റെ ജോലി ഇതാണെന്നു ബേബി മനസാ അംഗീകരിച്ചു കഴിഞ്ഞു.
ആദ്യകാലത്തു ഏഴര രൂപയായിരുന്നു കൂലി. ഇപ്പോഴതു നാനൂറു രൂപയിലധികമായി. പണം നല്‍കുന്നതു പള്ളിയില്‍ നിന്നാണ്. ഭയം ജനിപ്പിക്കുന്ന കാഴ്ചകള്‍ മാത്രമല്ല, പാറ്റ, ഇരുതലമൂരി... കുഴിവെട്ടുന്നതിനിടയില്‍ ഇവയൊക്കെ പുറത്തുവരും. അപ്പോള്‍ കുഴിയില്‍ നിന്നു കുറച്ചു നേരം കയറി പുറത്തുനില്‍ക്കും. കുറച്ചു കഴിഞ്ഞേ ജോലി തുടരൂ. പകല്‍സമയത്തു മാത്രമേ ജോലി ചെയ്യാറുള്ളൂ. രാത്രി വേണ്ടെന്നു പള്ളിയില്‍ നിന്നു നിര്‍ദേശമുണ്ടെ ന്നു ബേബി പറയുന്നു. ഒരു കുഴി വീണ്ടും കുഴിക്കുന്നതിന് ആദ്യം രണ്ടര വര്‍ഷമായിരുന്നു കാലാവധി. അക്കാലത്തായിരുന്നു പേടിപ്പിക്കുന്ന കാഴ്ചകള്‍ കൂടുതല്‍. ഇപ്പോഴതു നാലു വര്‍ഷമാണ്.
പള്ളിപ്പുറം മഞ്ഞുമാത പള്ളിക്കു സമീപത്തു തന്നെയാണു ബേബിയുടെ വീട്. ഭര്‍ത്താവ് ആന്‍റണി ഹാര്‍ബറിലെ ജോലിക്കാരനായിരുന്നു. പള്ളി നല്‍കിയ സ്ഥലത്തു തന്നെയാണു വീടുവച്ചിരിക്കുന്നത്. ഈ ജോലി ചെയ്യുമ്പോള്‍ എന്തെങ്കിലും മടിയില്ലേ എന്നു ചോദിച്ചാല്‍... ജീവിക്കാന്‍ വേണ്ടിയല്ലേ എന്നു മറുപടി. ആരും ഇതുവരെ ഞാന്‍ കേള്‍ക്കേ കുഴിവെട്ടി എന്നു വിളിച്ചിട്ടില്ല, ബേബി പറയുന്നു. ബേബി ചേച്ചി എന്നേ വിളിക്കാറുള്ളൂ. എല്ലാക്കാര്യത്തിലും നാട്ടുകാര്‍ സഹകരിച്ചിട്ടേയുള്ളൂ, ചിലപ്പോള്‍ കേള്‍ക്കാ തെ അങ്ങനെ വിളിക്കുന്നവരുണ്ടാകും, ബഹുജനം പലവിധം എന്നല്ലേ...? ബേബി ചോദിക്കുന്നു.
സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച്, തുല്യപങ്കാളിത്തത്തെക്കുറിച്ച് വനിതാദിനത്തില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ അറിയണം, പള്ളിപ്പുറത്തെ ഈ ബേബിയെ. അവകാശവാദങ്ങളോ, സമത്വവാദചിന്തയോ ആയിരുന്നില്ല, ഈ ജോലി ഏറ്റെടുക്കുമ്പോള്‍ ബേബിക്കു മുന്നിലുണ്ടായിരുന്നത്. ജീവിതമായിരുന്നു. പുരികത്തിന്‍റെ അഴകളവുകള്‍ കൃത്യമാക്കി, ചാനല്‍ഫ്ളോറിലിരുന്ന് സ്ത്രീസമത്വത്തെക്കുറിച്ചു ഓക്കാനിച്ചിടുമ്പോള്‍ മറക്കരുത്.... ഇവിടെയൊരു സ്ത്രീ മണ്‍വെട്ടിയുമേന്തി ജീവിതത്തിന്‍റെ മണ്ണില്‍ ആഞ്ഞുകിളയ്ക്കുന്നുണ്ടെന്ന്, ഒരുപാടു മനുഷ്യര്‍ ആ കുഴിയിലെ മണ്ണിലേയ്ക്കാണ് മടങ്ങുന്നതെന്ന്...
അനൂപേട്ടാ ..വളരെ അധികം സന്തോഷം ഉണ്ട് ..ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും അധികം ആരും ശ്രദ്ധിക്കില്ല ..ഒരു പക്ഷെ ഇപ്പോള്‍ ഒരു പാട് പേര് ഇതറിഞ്ഞു കാണുമല്ലോ
ReplyDeleteഇതൊക്കെ പുറത്തറിയേണ്ട കാര്യങ്ങള്‍ തന്നെ
ReplyDeleteബേബിച്ചേച്ചി എന്റെ നാട്ടുകാരിയാണെന്നതിൽ അഭിമാനിക്കുന്നു.
ReplyDeleteനന്നായി....
ReplyDeletebebichechiye t v yil kandittund. eathu paripaadiyanennu marannu poi. ee lekhanavum nannai. abhinandanangal
ReplyDeleteബേബിച്ചേയുടെ സ്റ്റോറി ഞാന്‍ മാനസികമായി വല്ലാതെ ബുദ്ധിമുട്ടി ചെയ്തതാണ്. എല്ലാവരുടേയും അഭിനന്ദനത്തിനു സന്തോഷം അറിയിക്കുന്നു.
ReplyDeleteGreat!
ReplyDeleteനന്നായി അനൂപേ , ഇങ്ങനെ ഉള്ള വാർത്ത കളാ പുറത്ത് അറിയണ്ടത് , നിന്റ ചില വാക്കുകൾക്കു വേദനിപ്പിച്ചു മുറിപ്പടുത്തുന്നു ......
ReplyDelete