Monday, August 26, 2013

ശേഖരനോവിച്ച്‌ വൈദ്യരോസ്‌ക്കിയും മറ്റു ചിലരും



കുറുന്തോട്ടിക്കഷായത്തിന്റെ കൂട്ട്‌ പറഞ്ഞു കൊടുക്കുമ്പോള്‍ ശേഖരന്‍ വൈദ്യര്‍ റഷ്യയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. വാതപ്പനിയുമായ വന്നവനെ ബോള്‍ഷെവിക്‌ നേതാവ്‌ വ്‌ളാഡിമിര്‍ ലെനിന്റെ വിപ്ലവച്ചൂടിന്റെ കഥയറിയിപ്പിച്ചു കുളിരു കോരിപ്പിച്ചു വൈദ്യര്‍. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനിക്കുന്നതു റഷ്യയിലായിരിക്കും. ചിലപ്പോള്‍ തുടങ്ങുന്നതു തന്നെ റഷ്യയില്‍ നിന്നു തന്നെ. മരുന്നു മണം മാറാത്ത വൈദ്യശാലയുടെ ഇടനാഴിയില്‍ റഷ്യന്‍ വോഡ്‌കയുടെ മണമാണെന്നു സ്വയം വിശ്വസിച്ചു വൈദ്യര്‍. അങ്ങനെ ശേഖരന്‍ വൈദ്യന്റെ റഷ്യന്‍ പ്രണയം നാട്ടാരറിഞ്ഞപ്പോള്‍ സഹൃദയരായ ആ നാട്ടുകാര്‍ അദ്ദേഹത്തിനൊരു ഇരട്ടപ്പേരിട്ടു.... ശേഖരനോവിച്ച്‌ വൈദ്യരോസ്‌ക്കി.

ഇതു പറഞ്ഞുകേട്ട കഥ. വൈദ്യനും വൈദ്യന്റെ റഷ്യന്‍ പ്രേമം തിരിച്ചറിഞ്ഞ തലമുറയും നാടിന്റെ കളമൊഴിഞ്ഞു കഴിഞ്ഞു. വായ്‌മൊഴിയായി പകര്‍ന്നു കിട്ടിയതാണ്‌ ഈ കളിപ്പേരുകഥ. എങ്കിലും കളിപ്പേരിടലിന്റെ അപാരഭാവ തുളുമ്പിയ നാമം നല്‍കിയവന്‍ ഇന്നും അജ്ഞാതന്‍. കളിപ്പേര്‌, വട്ടപ്പേര്‌, മറുപ്പേര്‌ എന്നിങ്ങനെ നിക്ക്‌നെയിമിന്റെ മലയാള പരിഭാഷയ്‌ക്കു വൈവിധ്യമേറെ. പക്ഷേ വട്ടപ്പേരിടുന്നതില്‍ മലയാളിയോളം ഭാവനയും കഴിവുമുള്ള ജീവിവര്‍ഗം ഈ ദുനിയാവില്‍ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാലമത്രയും കേട്ടറിഞ്ഞും വിളിച്ചും തഴമ്പിച്ച, സ്വന്തം പേരു മറന്നു പോകുന്ന വിധത്തില്‍ മറുപേര്‌ ആധിപത്യം സ്ഥാപിച്ച ഒരുപാടു പേരുണ്ടാകും. ഓര്‍മ്മയില്‍ തെളിയുന്ന ചില വട്ടപ്പേരുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.

അധ്യാപകര്‍ക്കു നല്‍കുന്ന പേരുകളില്‍ ഗുരുസ്‌മരണയുടെ കടപ്പാടില്ലാതെ ചിലപ്പോള്‍ അശ്ലീലത്തിന്റെ അംശമുണ്ടാകും. അതുപിന്നെ പ്രായത്തിന്റെ കുസൃതി എന്ന്‌ ആശ്വസിക്കാം. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളെക്കുറിച്ച്‌ എപ്പോഴും പറയുന്ന ടീച്ചര്‍ക്ക്‌ സ്‌കൂളിലെ ഒരു തലമുറ നല്‍കിയ പേരും കോമണ്‍ വെല്‍ത്ത്‌ എന്നായിരുന്നു. പക്ഷേ കാലമേറെക്കഴിഞ്ഞു, ആ തലമുറ സ്‌കൂള്‍ ഒഴിഞ്ഞു. പുതിയ വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ കോമണ്‍ വെല്‍ത്തിനു പേരുമാറ്റം സംഭവിച്ചു. കോണോന്‍ ബെല്‍റ്റായി മാറി. അതിന്റെ പരിണാമസാദ്ധ്യതകള്‍ പരിശോധിച്ചിട്ടു കാര്യമില്ല. പേരു പറഞ്ഞുകൊടുക്കുമ്പോള്‍ എവിടെയോ സംഭവിച്ച പിഴവായിരിക്കാം. എന്തായാലും അത്തരമൊരു ബെല്‍റ്റിന്റെ നിര്‍മ്മാണസാധ്യത തെളിയിക്കുകയായിരുന്നു ആ പേര്‌.

അനന്തപുരിയില്‍ ഒരു അധ്യാപകന്റെ മറുപേര്‌ അമ്മാവന്‍ എന്നായിരുന്നു. കുട്ടികള്‍ ഒളിച്ചിരുന്ന്‌ അമ്മാവന്‍ എന്നു വിളിക്കുമ്പോള്‍, അദ്ദേഹം ചോദിക്കും. അമ്മാവനാണോ അച്ഛനാണോ എന്നു വീട്ടില്‍ ചെന്നു ചോദിക്കടാ എന്ന്‌. ബറോഡയില്‍ പോയി ഡ്രോയിങ്‌ പഠിച്ച അധ്യാപകന്റെ പേര്‌ ബറോഡ എന്നു തന്നെയായി. പിന്നെ കുറെ സ്ഥിരം പേരുകള്‍, നിത്യഗര്‍ഭിണി, പോസ്‌റ്റ്‌,....അങ്ങനെയങ്ങനെ

കോളേജിലേക്കു വരുന്ന വഴിയില്‍ പശു കുത്താന്‍ വന്ന പെണ്‍കുട്ടിക്ക്‌ പിന്നീട്‌ പശു എന്നായി പേര്‌. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ട്‌ കോഴി എന്നു പേരുണ്ടായിരുന്നു കോളേജ്‌ കുമാരന്മാര്‍ ധാരാളം. റീലീസ്‌ ദിവസം തന്നെ ഷക്കീല പടത്തിനു പോകുന്ന പയ്യനു പതിവ്രത എന്നു പേര്‌. ഏതു വാചകം തുടങ്ങിയാലും വാസ്‌തവം പറഞ്ഞാല്‍ എന്നാരംഭിക്കുന്നയാളുടെ പേരിനു മുന്നിലും ആ വാക്കു ചേര്‍ന്നു നിന്നു. ചിലപ്പോള്‍ പേരു മറന്നു പോകുന്ന തരത്തില്‍ കളിപ്പേരിന്റെ ജനസ്വാധീനം വര്‍ദ്ധിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാള എന്നു പേരുണ്ടായിരുന്ന സഹപാഠിയെ കാലങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ എന്തു പേരു വിളിക്കുമെന്ന ആശങ്ക അനുഭവിച്ചവര്‍ ധാരാളം.


തലമുറകളായി കളിപ്പേരുകള്‍ കൈമോശം വരാത സൂക്ഷിക്കുന്ന കുടുംബക്കാര്‍ ധാരാളമുണ്ട്‌ ചില നാടുകളില്‍. കൊക്ക്‌, കൂട്ടുപ്പായസം, മന്ത്രി, ആലപ്പി, അറുപതിരുപത്‌, വടി, മൊസൈക്ക്‌....അങ്ങനെ പലതും. രസകരമായ ഒരു കളിപ്പേരിന്റെ കഥ കൂടി പറയാതെ അവസാനിപ്പിക്കാന്‍ വയ്യ....

വട്ടപ്പേര്‌ ജയിംസ്‌ക്കോമറിയന്‍

പേരിനു പിന്നിലെ കഥയിങ്ങനെ.

ആലുവ, ദേശം, ചൊവ്വര, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി റൂട്ടില്‍ ഒാടുന്ന ബസിന്റെ പേരാണ്‌ ജയിംസ്‌കോ. പ്രസ്‌തുത കഥാപാത്രം എന്നൊക്കെ ആ ബസില്‍ കയറിയിട്ടുണ്ടോ, അന്നൊക്കെ ആ ബസ്‌ മറിഞ്ഞ്‌ അപടകമുണ്ടായിട്ടുണ്ട്‌. പിന്നീട്‌ അദ്ദേഹം കയറാന്‍ വരുമ്പോള്‍ പൊന്നുചേട്ടാ, വേറെ ബസ്‌ പുറകില്‍ വരുന്നുണ്ട്‌ അതില്‍ കയറിക്കോ എന്നു കിളി പറയുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. അനന്തരം അദ്ദേഹം ജയിംസ്‌കോ മറിയന്‍ എന്ന പേരില്‍ അറിയപ്പെട്ട. പിന്നീട്‌ ആ ബസ ആ റൂട്ടില്‍ ഓടാതെയായി. പകരം മറ്റൊരു ബസ്‌ ഓടിത്തുടങ്ങി. ഒരിക്കല്‍ ഒരു ബസ്‌ അപകടം. ചുണ്ടിലൊരു മുറിവുമായി പഴയ ജയിംസ്‌കോമറിയാന്‍. ബസിന്റെ പേര്‌ ആന്‍മേരി. പക്ഷേ ആദ്യത്തെ പേരു പുതുക്കിയില്ല നാട്ടകാര്‍. ഇപ്പോഴും ജയിംസ്‌കോമറിയന്‍ എന്ന പേരു തുടരുന്നു.  

4 comments:

  1. vattaperu ishtamayi,pakshea njangalkkumudayirunnu collagil vattapperu,"THUPPAL KUDIYANMAR".classil munbanjil irunnathu kondu sahapadikal kanijaruli charthiya peranathu.ippol athokkea oorkkan oru rasam

    ReplyDelete
  2. Adiyan! Aviduthe vattapper koodi cherkkaamaayirunnu. :-P

    ReplyDelete
  3. ഇത് വായിച്ചപ്പോള്‍ പലരെയും ഓര്‍ത്ത്‌ പോയി ,,,,!!

    ReplyDelete
  4. നന്നായിരിക്കുന്നു അനൂപ്‌ ... ഒരുപാടെഴുതുക ... അഭിനന്ദനങ്ങൾ

    ReplyDelete