Thursday, September 5, 2013

സ്‌മരണകളുടെ ജീവിതപുസ്‌തകത്തില്‍ നിന്ന്‌



ഒരിക്കലൊന്നു പോയി കാണണം എന്ന ഒരിക്കലും നടക്കാത്ത വാചകം മാത്രം ശേഷിക്കുന്നു. പിന്നീടൊരിക്കലും കാണാനാകാതെ ഹക്കീം ഇക്ക പോവുന്നു. സിനിമാനടന്‍ ഹക്കീം അന്തരിച്ചെന്ന വാചകത്തിന്റെ നിര്‍വികാരതയിലേക്ക്‌ തളയ്‌ക്കാന്‍ കഴിയാത്ത വിയോഗം. നഗരം നവവത്സരത്തിന്റെ നൈമിഷിക ലഹരിയുടെ മണിക്കൂറുകളിലൂടെ കടന്നു പോകുന്ന ഒരു സായാഹ്നത്തിലായിരുന്നു അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത്‌. കായലിനക്കരെ യാത്രയാകാന്‍ കാത്തുകിടക്കുന്ന നൗകയുടെ പശ്ചാത്തലത്തില്‍ വിരിയുന്ന വര്‍ണ്ണപ്പൂത്തിരികള്‍. സുഭാഷ്‌ പാര്‍ക്കിന്റെ ജനസഞ്ചയത്തിനിടയില്‍ സിനിമകളില്‍ പരിചിതമായ മുഖം. പരിചയപ്പെട്ടു. പരിചയം സൗഹൃദമായി വളരുമ്പോഴേക്കും ജീവിതത്തിന്റെ നഷ്ടങ്ങളും യാദൃച്ഛികതകളും അത്ഭുതങ്ങളുമൊക്കെ വിവരിച്ച ആ ജീവിതകഥ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.
പിന്നെ സ്വാമിപ്പടിയിലെ വാടകവീട്ടില്‍, ഉച്ചയൂണിന്റെ ഒത്തൊരുമയ്‌ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ ദേവിച്ചേച്ചിയുടെ ഗസല്‍, ഒരു പിടി അവലുമായി.....കാല്‍ നോക്കി ഫലം പറയാമെന്ന അപൂര്‍വ പ്രവചനസാധ്യതയുടെ അത്ഭുതങ്ങളിലേക്കും ഹക്കീം ഇക്ക ഞങ്ങളെ കൊണ്ടു പോയി. എന്റെ ഗുരുനാഥന്‍ എന്ന ആദരവോടെ സംവിധായകന്‍ ജയരാജിനൊപ്പം ചേര്‍ന്ന കഥകള്‍.... അങ്ങനെയങ്ങനെ ഒരു പത്രപ്രവര്‍ത്തകനെ പ്രലോഭിപ്പിക്കുംവിധം ആ ജീവിതം തുടിച്ചു നിന്നു. ഇടയ്‌ക്ക്‌ ഫോണ്‍ കോളുകളിലൂടെ, വഴിയില്‍ എവിടെയെങ്കിലും കാണുമ്പോള്‍ പിന്നീടൊരിക്കല്‍ എല്ലാവരെയും കൂട്ടി വീട്ടിലെത്താമെന്ന നടക്കാത്ത ഉറപ്പിന്റെ കരുത്തില്‍......
പിന്നീട്‌ കാലത്തിന്റെ കലണ്ടറുകള്‍ മറിഞ്ഞപ്പോള്‍ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍, തിരക്കുകള്‍ക്കിടയില്‍ ഇടയ്‌ക്കെപ്പോഴെങ്കിലും ഓര്‍ക്കുന്ന വ്യക്തിയായി മാറി. മംഗളത്തില്‍ ശ്യാമിനൊപ്പം ചേരുന്ന സായാഹ്നങ്ങളില്‍ ഇക്കയുടെ വീട്ടില്‍ പോയതും പരിചയപ്പെട്ടതുമൊക്കെ കടന്നു വന്നു.
എന്നാല്‍ ഒടുവില്‍ ഹക്കീം ഇക്കയെ കണ്ടത്‌ ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മയായി നില്‍ക്കുന്നു.
പതിവുപോലെ പാസഞ്ചര്‍ നോര്‍ത്ത്‌ റെയ്‌ല്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തുന്നു. പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തില്‍ ഇക്കയും ചേച്ചിയും ഇരിക്കുന്നതു തീവണ്ടി നിര്‍ത്തുന്നതിനു മുമ്പേ കണ്ടിരുന്നു. അടുത്തേക്ക്‌ ചെന്നു. നേരെ മുമ്പില്‍ നിന്ന്‌ ഇക്കയോട്‌ ചോദിച്ചു, മനസിലായോ...?
ആ കണ്ണുകള്‍ എന്റെ മുഖത്ത്‌ ഒരു അപരിചിതനെ തിരിച്ചറിയുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അസുഖങ്ങളുടെ ആഴങ്ങളിലെവിടെയോ ആ നവവത്സരപരിചയത്തിന്റെ വര്‍ഷം ഒടുങ്ങിയിരിക്കുന്നു. സ്‌മരണകളുടെ ജീവിതപുസ്‌തകത്തില്‍ നിന്നും എന്റെ പേരു മറഞ്ഞിരിക്കുന്നു. ഒന്നും മിണ്ടാതെ, തിരിച്ചറിയാതെ ഒരു നിമിഷം അദ്ദേഹത്തിനു മുന്നില്‍ നിന്നു. വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്ത അനുഭവങ്ങളിലൂടെ കടന്നു പോയതിനാലാകാം, വിദൂരതയിലേക്ക്‌ നിറഞ്ഞ കണ്ണുകള്‍ പായിച്ച്‌ ദേവിച്ചേച്ചിയും ഇരുന്നു. ഓഫിസിലേക്ക്‌ നടക്കുമ്പോള്‍ പരിചിതനായ ഒരു അപരിചിതന്റെ മുഖഭാവങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.. പിന്നീടൊരിക്കല്‍ ഇക്കയെക്കുറിച്ച്‌ ഒരു സുഹൃത്ത്‌ വഴി സംവിധായകന്‍ ജയരാജിനോട്‌ അന്വേഷിച്ചിരുന്നു. സുഖമായിരിക്കുന്നു, ഇപ്പോഴും വിളിക്കാറുണ്ട്‌ എന്ന സമാധാനത്തിലേക്ക്‌ എത്തിച്ചു. പിന്നെ നിത്യജീവിതത്തിന്റെ തിരക്കില്‍ മറഞ്ഞു പോകുന്ന രൂപമായി ഇക്കയും.
ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഹക്കീം ഇക്ക മരിച്ചുവെന്ന വാര്‍ത്തയുമായി ശ്യാമിന്റെ ഫോണ്‍ എത്തുന്നതു വരെ സുഖമായിരിക്കുന്ന ഇക്കയുടെ മുഖമായിരുന്നു മനസില്‍. ആ മുഖം തന്നെയായിരിക്കും ഇനിയും മനസില്‍. കാരണം മരിച്ചു കിടക്കുന്ന ഒരാളുടെ മുഖം, അത്‌ ഇക്കയ്‌ക്ക്‌ ഒട്ടും ചേരില്ല. നിര്‍ത്തട്ടേ, താടിയുടെ മീശയുടെയും മുടിയുടെയുമൊക്കെ ആധിക്യത്തിലും മറഞ്ഞു പോകാത്ത ആ ചിരിയുണ്ടല്ലോ, ഇക്ക അതൊരിക്കലും മറക്കില്ല. 

2 comments:

  1. മറക്കാനാവുന്നില്ല.... ഉള്ളിലെ നൊമ്പരം മറയ്ക്കാനുമാകുന്നില്ല....

    ReplyDelete
  2. സിനിമകളില്‍ കണ്ടു പരിചയമുള്ള മുഖം... എന്‍റെ ഗുരുനാഥന്‍ എന്ന് സിനിമാ സംവിധായകന്‍ ജയരാജിനെക്കുറിച്ച് പറയുന്നത് ഒരു ഇന്‍റര്‍വ്യൂവില്‍ കേട്ടിട്ടൂണ്ട്.

    ReplyDelete