Sunday, June 30, 2013

ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌...



സ്‌മരണയുടെ ചുമരിലൊന്നു കോറിവരച്ചു കൊണ്ടായിരുന്നു ആ ഫോണ്‍കോള്‍.
'' ടാ.. നമ്മടെ റിനൈസന്‍സിന്‌ പത്തു വയസായിട്ടോ..''
ഒരുമിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തിയിരുന്ന പകലുകളും രാത്രികളുമായിരുന്നു പെട്ടെന്നോര്‍മ്മ വന്നത്‌. കൂട്ടായ്‌മയുടെ കാലങ്ങള്‍, പിറ്റേദിവസം കാണാന്‍ വേണ്ടിമാത്രം പിരിഞ്ഞിരുന്ന സായാഹ്നങ്ങള്‍.... അങ്ങനെ റിനൈസന്‍സ്‌ സമ്മാനിച്ച നിമിഷങ്ങളില്‍ ഏറെ വൈകാരികമായ ധാരാളം കാര്യങ്ങളുണ്ട്‌. പക്ഷേ ഈ കുറിപ്പ്‌ പറയുന്നത്‌ ജീവിതക്കഥയില്‍ ഏഴുതിച്ചേര്‍ക്കാന്‍ ഏറെ വൈകിയ ഒരു കഥാപാത്രത്തെക്കുറിച്ചാണ്‌, ഒരു അധ്യാപകനെക്കുറിച്ചാണ്‌. ഗുരു, അധ്യാപകന്‍ എന്ന വാക്കുകളുടെ അര്‍ഥവും വ്യാപ്‌തിയും ഇത്രത്തോളം ആഴത്തില്‍ മനസിലാക്കിയ മറ്റൊരാളുണ്ടാകില്ല, പ്രാവര്‍ത്തികമാക്കിയവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും അഞ്ചക്കത്തിനപ്പുറം കടക്കുന്ന ശമ്പളത്തില്‍ കൊരുത്ത്‌ അധ്യാപകന്‍ എന്ന മുഖം മൂടിയണിയുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്‌. പാകമാകാത്ത ആശയങ്ങളുടെയും മോഹങ്ങളുടെയുമൊക്കെ ഭാരവുമായിട്ടാണ്‌ കാലടി ശ്രീശങ്കരാ കോളേജില്‍ ബിരുദാനന്തരബിരുദ പഠനത്തിനു ചേരുന്നത്‌. ബിരുദാനന്തരം എന്തു സംഭവിക്കുമെന്നറിയാത്ത കാലത്ത്‌ അതിനപ്പുറം ഒരു ബിരുദം നേടുക എന്നതൊരു അതിമോഹമായി തോന്നിയിരുന്ന കാലം. പിന്നെ സെമസ്റ്റര്‍, പ്രോജക്‌റ്റ്‌, ഇന്റേണല്‍ മാര്‍ക്ക്‌.....ഇത്യാദി പതിവു ഭീഷണികളും. 

നീ പേടിക്കണ്ടടാ, നിനക്ക പറ്റിയൊരാള്‌ ഇവിടേണ്ട്‌, എന്നു പറഞ്ഞതൊരു ചാലക്കുടിക്കാരന്‍ ചങ്ങായി. നേരെ പോയതൊരു 1855 യൂനോ കാറിന്റെ അടുത്തേക്ക്‌. കഥാപാത്രത്തെ പരിചയപ്പെടുത്തി. ഇംഗ്ലിഷ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനാണ്‌. പരിചയപ്പെടല്‍ മലയാളത്തില്‍ ആയപ്പോള്‍ത്തന്നെ ഒരു ആശ്വാസം തോന്നി. പിന്നെ കുറെനാളത്തേക്ക്‌ കണ്ടതേയില്ല. അദ്ദേഹം ക്ലാസില്‍ എത്തിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. ഞാനെത്തിയ ചുരുക്കം ചില ക്ലാസുകള്‍ അദ്ദേഹത്തിന്റെ ആയിരുന്നുമില്ല. പിന്നീട്‌ ക്ലാസില്‍വച്ചു കണ്ടുമുട്ടിയപ്പോള്‍, പോയ ദിവസങ്ങളിലെ അസാന്നിധ്യത്തെക്കുറിച്ചദ്ദേഹം ചോദിച്ചു. ഞാനെന്തോ നുണയും പറഞ്ഞു. ഇംഗ്ലീഷ്‌ ബിരുദാനന്തര ബിരുദം എന്നാല്‍ ഷേക്‌സ്‌പിയറിന്റെ പടം വരച്ച്‌ ഭാഗങ്ങള്‍ അടയാളപ്പെടുത്തലല്ല എന്ന്‌ അതിനോടകം തിരിച്ചറിഞ്ഞിരുന്നു. കെട്ടു നിറച്ച്‌ ഇറങ്ങിക്കഴിഞ്ഞു, ശബരിമലയില്‍ എത്തണമെങ്കില്‍ കരിമല കയറിയേ പറ്റൂ എന്ന അവസ്ഥയിലായി. അങ്ങനെ ആംഗലേയ പഠനത്തിന്റെ കരിമല കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു തൃശൂരിലെ സിനിമാപ്പൂരത്തിനു കൊടി കയറുന്നത്‌. 
പഠനത്തിന്റെ ഭാഗമായുള്ള ഫിലിം സ്റ്റഡീസിന്റെ ചുമതല ഇദ്ദേഹത്തിനായതു കൊണ്ടു തന്നെ, ഫിലിം ഫെസ്റ്റിവലിനു ക്ലാസിലെ പതിനെട്ടു പേരെയും കൊണ്ടു പോകാം എന്ന നിര്‍ദ്ദേശം വച്ചു. ഓണക്കാലത്തു തന്നെയാണ്‌ തൃശൂരിലെ സിനിമാക്കാലം. എല്ലാവരും വരാം എന്നു സമ്മതിച്ചെങ്കിലും, അവധി എത്തിയതോടെ ഫെസ്റ്റിവലിനു പോകാന്‍ സന്നദ്ധനായതു ഞാന്‍ മാത്രമായി.
'' ആരുമില്ലെങ്കില്‍പ്പിന്നെ നീ വരണ്ട ''
'' ഞാന്‍ വരണുണ്ട്‌ ''
'' അതുകൊണ്ടല്ല, നീ ഒറ്റയ്‌ക്കാകും,
ഈ കോളേജീന്ന്‌ കൂടെ വരുന്ന്‌ത ബിഎയ്‌ക്കു പഠിക്കുന്ന പിള്ളേരാണ്‌,
അപ്പോ ആരും കൂട്ടില്ലാതെയാകും നിനക്ക്‌ ''
പക്ഷേ തൃശൂരും സിനിമയുമൊക്കെ മനസില്‍ കയറിയതു കൊണ്ടുതന്നെ പിന്തിരിഞ്ഞില്ല. പി്‌ന്നീട്‌ തോന്നിയിട്ടുണ്ട്‌, ആ സിനിമയും സിനിമാക്കാലവുമൊക്കെ ഇല്ലായിരുന്നെങ്കില്‍ സൗഹൃദങ്ങള്‍ അത്ര തീവ്രമാകുമായിരുന്നില്ല. ഏഴും ദിവസം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം. മൂപ്പെത്താത്ത ആശയങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ ഉത്തരത്തിന്റെ സുരക്ഷിതത്വത്തില്‍ കൊണ്ടു ചെന്നെത്തിച്ച രാത്രികള്‍, പാട്ടുകള്‍, അബദ്ധങ്ങള്‍, ആ വീടിനു മുന്നില്‍ ഞങ്ങളിട്ട പൂക്കളങ്ങള്‍.........ഒടുവില്‍ അവസാനദിവസം തിരികെ വീട്ടിലേക്കു പോരുമ്പോള്‍, തൊണ്ടയിലൊരു മുഴയായി വേദന തങ്ങി നിന്നിരുന്നു. 

പഠനം കഴിഞ്ഞു. ജീവിതം തുടങ്ങി. 
ഒരിക്കല്‍ അദ്ദേഹത്തിന്റെ അച്ഛനു സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍, തിരുവനന്തപുരത്തെ ആശുപത്രിയുടെ പുറത്തുനിന്ന്‌ കുറെനേരം സംസാരിച്ചു. അച്ഛനെ കണ്ടു മടങ്ങുമ്പോള്‍ ചോദിച്ചു, നമ്മള്‍ എവിടെയൊക്കെവച്ചാ കണ്ടുമുട്ടുന്നത്‌, അല്ലേ ?.
പിന്നീടാ ആ അച്ഛന്‍ ജീവിതമൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കാണാന്‍ പോയില്ല. ഒരു സന്ദേശം അയച്ചു, ഒന്നും പറയാനില്ല. അങ്ങനെയൊര അവസ്ഥയില്‍ കാണാന്‍ തോന്നുന്നുമില്ല...
താങ്ക്‌്‌ യൂ... അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പിന്നെ ഞ്‌ങ്ങളുടെയൊരു കൂടപ്പിറപ്പ്‌, അദ്ദേഹത്തിന്റെ ശിഷ്യന്‍ ജീവിതവേഷം അഴിച്ചുവച്ച്‌, ഒരു വിഷുദിനത്തില്‍ മടങ്ങിയപ്പോള്‍, റോഡരികിലെ മാഞ്ചുവട്ടില്‍ കരഞ്ഞു തളര്‍ന്ന അദ്ദേഹത്തിനരികില്‍ ആശ്വസിപ്പിക്കാനാകാതെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. 

ജീവിതം നമുക്ക്‌ ചിലരെ സമ്മാനിക്കും, ചിലര്‍ നമുക്ക്‌ ജീവിതം സമ്മാനിക്കും.... നിര്‍ണായകമായ പല ഘട്ടങ്ങളിലും പലപ്പോഴും അദ്ദേഹം പകര്‍ന്ന വാക്കുകള്‍ ആ രണ്ടാമത്തെ വരിയോടാണ്‌, അതിന്റെ ആഴത്തിലുള്ള അര്‍ഥത്തിനോടാണ്‌ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക.
ഇന്നും ഏതു പാതിരാത്രിയിലും വിളിക്കാന്‍ അങ്ങനെയൊരു സാന്നിധ്യം ഉണ്ടെന്നതു വല്ലാത്ത ആശ്വാസമാണ്‌. ഒന്നും പറയാതെ വെറുതെ സംസാരിച്ചു വയ്‌ക്കാന്‍. അദ്ദേഹമറിയാതെ പകരുന്ന ആശ്വാസം നേടാന്‍. അതങ്ങനെ തുടരുകയാണ്‌. ഇപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടുന്നു, വീണ്ടും വീണ്ടും കാണാന്‍ മാത്രമായി പിരിയുന്നു.
ജീവിതപ്രാരാബ്ധങ്ങളുടെ ഭാരം തൂങ്ങിയ മുഖത്തിനു പുറത്ത്‌ മൂടിയിട്ടാലും പറയാതെ അതു തിരിച്ചറിയുന്ന സാന്നിധ്യം. അകല്‍ച്ച നിറയുന്ന സാര്‍ എന്ന പതിവുസംബോധന പലപ്പോഴും പുറത്തു വരുമ്പോള്‍ മനസില്‍ ഒരു മൂത്തചേട്ടനു തുല്യമായ സ്ഥാനം കൊടുത്തിരുന്നു അദ്ദേഹത്തിന്‌.
എഴുതാന്‍ ഇനിയും ഏറെയുണ്ട്‌. എങ്കിലും നിര്‍ത്തുന്നു. ഏറെ വ്യക്തിപരമായ കുറിപ്പാണിത്‌. അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തില്‍ അനുഭവഭേദ്യമായവര്‍ക്കും അതങ്ങനെ തോന്നാം. കാരണം ഈ കുറിപ്പിലെ കഥാപാത്രത്തിനു ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍, അതു തികച്ചും യാദൃച്ഛികമല്ല. ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌...








3 comments: