
കൊച്ചുമകന്‍ കോറിയിട്ട ചുമരുകള്‍ക്കുള്ളില്‍ വിധി കോറിയിട്ട ജീവിതം
പ്രതിധ്വനിക്കുന്നു. വരികളില്‍ വിഷാദത്തിന്റെ അശ്രുബിന്ദുക്കള്‍ പൊഴിച്ച
എഴുത്തുകാരന് മുന്നിലാണിപ്പോള്‍. എണ്‍പതുകളിലെ യൗവനങ്ങള്‍ക്കും
പിന്നീടിങ്ങോട്ടുള്ള തലമുറകള്‍ക്കും സ്‌നേഹിക്കാനും, സ്വന്തം
ജീവിതാവസ്ഥകളോട് താരതമ്യപ്പെടുത്താനും വരികള്‍ കോറിയിട്ട ഒരാള്‍.
തിരുവനന്തപുരത്തിന്റെ തിരക്കില്‍ നിന്നും വെള്ളനാട് ഗ്രാമത്തിലേക്ക്
തിരിക്കുമ്പോഴും മനസില്‍ അതേ വരികളായിരുന്നു.
നിന്നെ പുണരാന്‍ നീട്ടിയ
കൈകളില്‍ വേദനയോ
വേദനയോ...
നിന്നെ തഴുകാന്‍ പാടിയ
പാട്ടിലും വേദനയോ
വേദനയോ....
1980ല്‍ പുറത്തിറങ്ങിയ സരസ്വതീയാമം എന്ന ചിത്രത്തിന്റെ ഗാനരചയിതാവ്.
തലമുറകള്‍ ഏറ്റെടുത്ത നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ എന്ന ഗാനത്തിന്റെ
സ്രഷ്ടാവ്, വെള്ളനാട് നാരായണന്‍. വിഷാദത്തിന്റെ ഭൂതകാലവരികളെഴുതിയ
എഴുത്തുകാരന്റെ വര്‍ത്തമാനകാലജീവിത്തില്‍ താളമിടറുന്നുണ്ട്. പക്ഷേ
മുറിയുടെ നേരിയ ഇരുട്ടില്‍ ജീവിതത്തിന്റെ ആദ്യരംഗം തെളിയുമ്പോള്‍
വാക്കുകളില്‍ വേദനയില്ല, നഷ്ടബോധത്തിന്റെ മൂകവിഷാദതുഷാരങ്ങളില്ല...
പറഞ്ഞുതുടങ്ങാന്‍ പാരമ്പര്യത്തിന്റെ പശ്ചാത്തലമില്ല. വെള്ളനാട്
ഗ്രാമത്തിലെ കൂലിപ്പണിക്കാരനായിരുന്ന പൊന്നന്റേയും തങ്കമ്മയുടെയും മകന്‍,
നാരായണന്‍. നഗരത്തില്‍ നിന്ന് ഒറ്റപ്പെട്ട ഗ്രാമമായിരുന്നിട്ടു കൂടി
നാരായണന്റെ ആദ്യതാല്‍പ്പര്യത്തിന്റെ വിത്തുകള്‍ പാകാനുള്ള
വിളനിലങ്ങളുണ്ടായിരുന്നു വെള്ളനാട്ടില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കലാസമിതി.
പുസ്‌തകസമ്പത്തിന്റെ സമൃദ്ധി വേണ്ടുവോളമുള്ള ലൈബ്രറി എന്നിവയൊക്കെ
ഉണ്ടായിരുന്നു. ജര്‍മന്‍കാരന്റെ ഈയക്കമ്പനിക്കായി പലയിടങ്ങളില്‍ നിന്നും
നിരവധി ഉദ്യോഗസ്ഥര്‍ എത്തിയതോടെ സാസ്‌കാരിക വിനിമയസാധ്യത കൂടി ഉണ്ടായി.
അക്കാലത്തൊക്കെ ധാരാളമായി നാടകങ്ങള്‍ കാണും.പുസ്‌തകങ്ങള്‍ വായിക്കും.
കലാപശ്ചാത്തലത്തിന്റെ ഒരു കെടാവിളക്ക് നിറഞ്ഞു കത്തി നിന്നിരുന്നു ആ
ഗ്രാമത്തില്‍. അണയാതെ സൂക്ഷിക്കാനുള്ള നിയോഗം അറിയാതെ
ഏറ്റെടുക്കുകയായിരുന്നു നാരായണന്‍.
തുടക്കം ജേതാക്കളില്‍
ഓച്ചറി വേലുക്കുട്ടിയുടെ കൂട്ടുകാരനായ ബാലന്‍ എഴുതിയ നാടകം, ജേതാക്കള്‍
അരങ്ങിലെത്തിക്കാന്‍ തീരുമാനിക്കുന്നു. പട്ടിണിയാല്‍ മരിക്കുന്ന ഒരു
കുട്ടിയുടെ കഥാപാത്രം ചെയ്യാനുള്ള നടനെ തേടിയുള്ള അന്വേഷണം അവസാനിച്ചത്
ഏഴു വയസുകാരന്‍ നാരായണനില്‍. ഭഗവതി ക്ഷേത്രത്തിനു മുന്നിലെ വേദിയില്‍,
പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ നാരായണന്‍ അരങ്ങിലെത്തി,
അഭിനയിച്ചു. അന്നുകിട്ടിയ പ്രചോദനവും അഭിനന്ദനവുമൊക്കെ ആവേശമായി മാറി.
ബിസ്‌ക്കറ്റും മിഠായിയുമൊക്കെ സമ്മാനമായി കിട്ടി. അക്കാലത്തെ പ്രശസ്‌ത
മേക്കപ്പ്‌മാന്‍ നെല്ലിമൂട് രാമകൃഷ്‌ണപിള്ളയായിരുന്നു മുഖത്ത് ചായം
തേച്ചത്. അരങ്ങിന്റെ ആദ്യചായം ഒരാഴ്‌ച കഴുകാതെ സൂക്ഷിച്ചു നാരായണന്‍.
എന്തോ നേടിയ സംതൃപ്‌തിയിലായിരുന്നു ആ ഏഴു വയസുകാരന്‍.
അതൊരു തുടക്കം. പത്തു മൈലോളം നടന്ന് നെടുമങ്ങാട് ഹൈസ്‌ക്കൂളില്‍ പഠനം.
നാട്ടിലുണ്ടായിരുന്ന ബാലസമാജത്തിലൂടെ സമാന്തരമായ കലയുടേയും
എഴുത്തിന്റേയുമൊക്കെ രുചി അറിയുന്നുണ്ടായിരുന്നു നാരായണന്‍. സ്‌കൂള്‍
വിദ്യാഭ്യാസത്തിനു ശേഷം എം ജി കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദം നേടി.
തുടര്‍ന്നു വാട്ടര്‍ അതോറിറ്റിയില്‍ ജോലി. അമേച്വര്‍ നാടകരംഗത്ത്
അപ്പോഴും സജീവമായിരുന്നു. ജ്വാലാമുഖം, കര്‍മ്മഭൂമി, വര്‍ഷമേഘങ്ങള്‍, ഇവിടെ
ജനിച്ചവര്‍, തിരസ്‌ക്കരണി...ഒറ്റവേദിയുടെ ആവേശത്തിലേക്ക് നാടകം
അവതരിപ്പിക്കുന്നതിന് മനസുണ്ടായിരുന്ന ഒരു തലമുറയുടെ കാലത്ത്, വെള്ളനാട്
നാരായണന്റെ നാടകങ്ങള്‍ക്ക് വളരെയധികം സ്വീകാര്യതയുണ്ടായിരുന്നു.
തിരുവനന്തപുരത്തെ ആശാന്‍ മെമ്മോറിയലിനു വേണ്ടി എഴുതിയ അന്വേഷണം ആയിരുന്നു
ആദ്യ പ്രൊഫഷണല്‍ നാടകം. ഇതിനിടയില്‍ സിനിമയോട് താല്‍പ്പര്യം
തോന്നിത്തുടങ്ങി. സിനിമയ്‌ക്കായുള്ള എഴുത്ത് എങ്ങനെയെന്നറിയാനുള്ള മോഹം
തീവ്രമായി. വെള്ളനാട് ഭദ്ര തിയറ്ററില്‍ അഗ്നിപുത്രി സിനിമ കളിക്കുമ്പോള്‍
പേപ്പറും പെന്‍സിലുമെടുത്ത് തിയറ്ററില്‍ എത്തി, നാരായണന്‍. കൊട്ടകയുടെ
ഇരുട്ടിലിരുന്ന് ഓരോ സീനും കുറിച്ചെടുത്തു. അങ്ങനെ ആറു ദിവസം കൊണ്ട്
അഗ്നിപുത്രിയുടെ സ്‌ക്രിപ്‌റ്റ് എഴുതിത്തീര്‍ത്തു. വെള്ളിത്തിരയുടെ
രംഗഭാഷ്യം അറിയാനുള്ള ആത്മാര്‍ത്ഥശ്രമം.
അഴകിന്‍ തുമ്പികള്‍ പാടിയൊരുക്കിയ....
കുട്ടുകാരനായ കല്ലയം കൃഷ്‌ണദാസായിരുന്നു ആദ്യ സിനിമയിലേക്ക് വിളിച്ചത്.
അവളെന്റെ സ്‌പ്‌നം എന്ന സിനിമയുടെ സ്‌ക്രിപ്‌റ്റ് എഴുതി പൂര്‍ത്തിയാക്കി.
പക്ഷേ ചിത്രം തിയറ്ററുകളിലെത്തിയില്ല. പിന്നീടാണ് സരസ്വതിയാമം എന്ന
ചിത്രത്തില്‍ എത്തുന്നത്. കഥയും സംഭാഷണവും എഴുതി. അക്കാലത്ത് ഏറെ
വേരോട്ടമുണ്ടായിരുന്ന തൊഴിലാളി - മുതലാളി കഥയായിരുന്നു ആ സിനിമ. നിന്നെ
പുണരാന്‍ എന്ന പാട്ടും ആ ചിത്രത്തിലേത് തന്നെ. എ. ടി ഉമ്മറിന്റെ
സംഗീതത്തില്‍ യേശുദാസ് പാടിയ ഗാനം. മൂളിപ്പാട്ടായും ഓട്ടൊഗ്രാഫിലെ
വിടവാങ്ങല്‍ വരികളായും നിറഞ്ഞു ആ വരികള്‍. പക്ഷേ നിന്നെ പുണരാന്‍ എന്ന
പാട്ടിനെക്കുറിച്ചു ചോദിച്ചാല്‍ നാരായണന്‍ പറയും, പല്ലവി ഇഷ്ടമായില്ല.
അതിലേറെ ഇഷ്ടം സരസ്വതീയാമത്തിലെ മറ്റൊരു പാട്ടാണ്...
ശ്രീരഞ്‌ജിനി സ്വരരാഗിണി
നീയെന്റ ഭാവനാശില്‍പ്പം
അഴകിന്‍ തുമ്പികള്‍ പാടിയൊരുക്കിയ
അനുരാഗ രാഗതരംഗം
പിന്നീട് ശശികുമാര്‍ സംവിധാനം ചെയ്‌ത പൗരുഷം എന്ന ചിത്രം. പാപ്പനംകോട്
ലക്ഷ്‌മണന്‍ വഴിയാണ് ശശികുമാറിനെ പരിചയപ്പെടുന്നത്. ആദ്യ ഫ്‌ളൈറ്റ്
യാത്രയും അതിനുവേണ്ടിയായിരുന്നു. ജോലി സ്ഥലത്ത് ആള്‍ അന്വേഷിച്ച്
എത്തുകയായിരുന്നു. വീട്ടില്‍ പോയി പുറപ്പെടാന്‍ നേരമില്ല.
പൊതിച്ചോറുമൊക്കെയായി ഓഫീസിലേക്ക് വന്നതാണ്. ഒടുവില്‍ കടം വാങ്ങിയ
ഷര്‍ട്ടുമായി മദ്രാസിലേക്ക്. ലൊക്കേഷനില്‍ ഇരുന്നായിരുന്നു എഴുത്ത്. ഓരോ
നടന്മാര്‍ വരുന്നതനുസരിച്ചായിരുന്നു എഴുതിയിരുന്നത്.
അതിനുശേഷം പാതിവഴിയില്‍ മുടങ്ങിപ്പോയ കുറെയേറെ സിനിമകളുടെ പിന്നണിയില്‍
വെള്ളനാട് നാരായണന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ
എഴുത്തുകളില്‍ പലതും റിലീസ് ചെയ്യാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. അശോകവനം
എന്ന ചിത്രത്തിലെ പ്രേമത്തിന്റെ ലഹരിയില്‍, സരസ്വതീയാമത്തിലെ പ്രകൃതി
നീയൊരു, പൗരുഷത്തിലെ ഇനിയും ഇതള്‍ ചൂടി വരും....ആ തൂലികയില്‍ ഒരുപാട്
ഗാനങ്ങള്‍ പിറന്നു.
വെള്ളനാട് നാരായണന്റെ കലാജീവിതം പിന്നീട് വേരോടിയത്
പുരാണനാടകങ്ങളിലായിരുന്നു. ഇരുന്നൂറില്‍ അധികം പുരാണനാടകങ്ങള്‍ എഴുതി.
കൃഷ്‌ണയാനം, ചിലപ്പതികാരം, ്‌അനന്തപത്മനാഭന്‍. ഇളങ്കോ അടികളുടെ
ചിലപ്പതികാരത്തിന്റെ നാടകാവിഷ്‌കാരത്തിന് അഭിനന്ദനങ്ങള്‍ ഒരുപാട്
ലഭിച്ചു. പിന്നീട് സീരിയലുകളിലും സജീവമായി. എന്നാല്‍ അപ്രതീക്ഷിതമായി
അസുഖങ്ങള്‍, ചികില്‍സ...ജീവിതം താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ
എഴുത്തിനും വായനയ്‌ക്കുമൊക്കെ കുറച്ചുനാളത്തേക്ക് വിശ്രമം കൊടുക്കേണ്ടി
വന്നു. അതിനിടെ നാടകരംഗത്തെ സംഭാവനയ്‌ക്ക് കേരള സംഗീത നാടക അക്കാഡമിയുടെ
ഗുരുപൂജ പുരസ്‌കാരം തേടിയെത്തി.
വെള്ളനാട്ടെ വസന്തം എന്ന വീട്ടിലിരുന്നുള്ള സംസാരത്തിന് ക്ലൈമാക്‌സ്
ആകാറായി. വെള്ളനാട് നാരായണന്റെ ജീവിതാനുഭവങ്ങളെ പുണര്‍ന്നു കഴിയുമ്പോള്‍
മനസില്‍ ശേഷിക്കുന്നതു വേദനയോ എന്നറിയില്ല. എങ്കിലും എണ്‍പതുകളില്‍
നാരായണന്‍ എഴുതിയ വരികളുടെ വേദനയില്‍ കുരുങ്ങിത്തന്നെ അവസാനിപ്പിക്കാം...
മാധവമെത്തിയ ജീവിതവാടിയില്‍
മൂകവിഷാദതുഷാരമോ നീ
ഏതോ മൃദുലതലങ്ങളില്‍ നേടിയ
തേനും മണവും മറന്നു പോയോ
നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ..

കാട് മ്മളെ ചെലപ്പോ കറക്കും
പക്ഷേ ഒരിക്കലും ചതിക്കില്ല
തൂക്കുപാലത്തിന്റെ ഞെരക്കത്തിനും മീതെ മാരിയുടെ വാക്കുകള്‍
വന്യതയുണ്ടായിരുന്നോ ? താഴെ ആ വാക്കുകള്‍ ശരിവെച്ച പതിവ്രതയായി കുന്തിപ്പുഴ
ഒഴുകുന്നു. ഉത്ഭവസ്ഥാനത്ത് നിന്ന് മനുഷ്യസ്‌പര്‍ശമില്ലാത്ത
ഇരുപത്തിമൂന്നു കിലോമീറ്ററുകള്‍ പിന്നിട്ടിരിക്കുന്ന ഈ പുഴ,
നിശബ്ദതാഴ് വരയുടെ താളം. അതിരറിയാത്ത ആരണ്യകത്തിന്റെ നടുവില്‍ നിന്നു
മാരി പറഞ്ഞു തുടങ്ങിയതു കാടിനെക്കുറിച്ച്, പറയുന്നതെല്ലാം
കാടിനെക്കുറിച്ച്. കൈപിടിച്ചു കൊണ്ടുപോകുന്നതു കാടിന്റെ കൈവഴികളിലേക്ക്,
അറിയാത്ത കാട്ടറിവുകളിലേക്ക്, ചതിക്കാത്ത കാടിന്റെ നേരറിവുകളിലേക്ക്.
സൈലന്റ് വാലിയുടെ കാവല്‍ക്കാരനായ മാരിയില്‍ നിന്ന് അനുഭവങ്ങള്‍ പൊഴിഞ്ഞു
കൊണ്ടേയിരുന്നു.
സൈരന്ധ്രിയിലെ ക്യാംപ് ഹൗസില്‍ നിന്നും താഴെ കുന്തിപ്പുഴയുടെ തീരത്തേക്കു
നടക്കാം, കൂടെ മാരിയുണ്ട്. സമയം ഉച്ചയ്‌ക്കു മൂന്നരയോടടുക്കുന്നതേയുള്ളൂ.
പക്ഷേ കാട്ടില്‍ ഇരുട്ടിന്റെ നിഴല്‍ വീണു തുടങ്ങി. കരിയിലകള്‍ മൂടിയ
വഴിത്താരയിലേക്ക് തണുപ്പ് അരിച്ചിറങ്ങുന്നു. രണ്ടു കിലോമീറ്ററോളം
കാല്‍നടയായി കാട്ടുവഴിയുടെ ഇറക്കത്തിലേക്ക്. ഒരു ചെറിയ പൂവിന്റെ കഥയാണ്
മാരി ആദ്യം പറഞ്ഞു തുടങ്ങിയത്. ഔഷധത്തിന്റെ ശക്തി, കാട്ടുചെടികളുടെ
കുസൃതി, വഴികളിലെ മൃഗസാന്നിധ്യത്തിന്റെ സാധ്യത...വര്‍ത്തമാനങ്ങള്‍
കാടുകയറിക്കൊണ്ടേയിരുന്നു.
കാട്ടിലെ കുഞ്ഞുപൂവുകള്‍ക്ക് പോലും കഥയുണ്ട്. മാരിക്ക് കഥയില്ലേ ? ആ കഥ
ഇങ്ങനെ തുടങ്ങാം. മുഡുഗ ഗോത്രത്തില്‍പ്പെട്ട ലച്ചിയപ്പന്റെയും
കുറുമ്പിയുടെയും മകനാണു മാരി. സൈലന്റ് വാലിയുടെ കാട് കാത്തിരുന്ന
അച്ഛന്റെ മകന്‍. സൈലന്റ് വാലിയുടെ സംരക്ഷകനായിരുന്നു ലച്ചിയപ്പന്‍. താഴ്
വരയ്‌ക്കു നിശബ്ദത മാത്രമല്ല, നിഗൂഢതയും ഉണ്ടായിരുന്ന കാലത്ത് ഗവേഷകരെയും
സഞ്ചാരികളെയും കാട്ടിലേക്ക് നയിച്ചതു ലച്ചിയപ്പനായിരുന്നു. ഒപ്പം,
നിത്യഹരിത വനത്തിന്റെ സമ്പത്ത് നഷ്ടമാകുന്നില്ലെന്നും ഉറപ്പിച്ചു
ലച്ചിയപ്പന്‍. കാടിന്റെ കാവല്‍ക്കാരന്റെ മകനും ആ വഴി തന്നെ പിന്തുടര്‍ന്നു.
അച്ഛന്‍ നടന്ന വനവഴികളിലൂടെ മാരിയും നടന്നു. മാസാവസാന ശമ്പളത്തിന്റെയും
അവധിയുടെയും കണക്കുകളില്‍ കുടുങ്ങാതെ, വാച്ചറെന്ന ഔദ്യോഗിക വിശേഷണത്തിന്റെ
തണലില്‍ ഒതുങ്ങാതെ കാടിനെ കാത്തു സൂക്ഷിക്കുന്നു മാരി. കൊടുങ്കാടിന്റെ
ഇരുളും വെളിച്ചവും താണ്ടി നടക്കുന്നു.
മാരിയറിയാത്ത കാടില്ല...
മാരിയറിയാതെ കാടിന് ഒരു രഹസ്യവുമില്ല. ഇരുപത്തഞ്ചിലേറെ വര്‍ഷത്തെ സൗഹൃദം.
കാട്ടിലൂടെ നടക്കുകയല്ല മാരി. കാടിനൊപ്പം നടക്കുകയാണ്. പതിനഞ്ചാം വയസില്‍ ഈ
നിശബ്ദതയിലേക്ക് എത്തി. കാട്ടുതീ വരുമ്പോള്‍ ലക്ഷ്‌മണരേഖ
ചമയ്‌ക്കലായിരുന്നു ആദ്യജോലി, ഫയര്‍ലൈന്‍ ഒരുക്കല്‍. പിന്നീടു വാച്ചറായി.
ഒരു ദിവസം ഇരുപതിലധികം കിലോമീറ്റര്‍ കാട്ടിലൂടെ നടക്കും. ചിലപ്പോള്‍
കൊടുങ്കാട്ടിലൂടെ ഒറ്റയ്‌ക്ക്. സൂര്യപ്രകാശമെത്താത്ത പകലുകളും, ഇരുളിന്റെ
തീവ്രതയറിയിക്കുന്ന ദൂരങ്ങളും പിന്നിടും. ഗവേഷണത്തിനെത്തുവരും
ആശ്രയിക്കുന്നതു മാരിയെത്തന്നെ. കാരണം മാരി കാടിനെ അറിയുന്നു, മാരിയെ
കാടറിയുന്നു.
മാരിയുടെ വാക്കുകളില്‍ വന്യാനുഭവങ്ങള്‍ വീണ്ടും കാടു കയറുന്നു. രണ്ടുമൂന്നു
കൊല്ലങ്ങള്‍ക്ക് മുമ്പൊരു സഞ്ചാരം. സംഘത്തില്‍ ഏഴു പേര്‍. കൊടുങ്കാടിന്റെ
പേരറിയാ തെരുവിലെവിടെയോ എത്തിയപ്പോള്‍ ഒരു കൊമ്പന്‍. എല്ലാവരും ഓടി. മാരി
ഒരു മരച്ചുവട്ടില്‍ ശ്വാസമടക്കിപ്പിടിച്ച് കുത്തിയിരുന്നു.
മരത്തിനപ്പുറത്തു വന്ന് കൊമ്പന്‍ മനുഷ്യന്റെ മണം പിടിച്ചു.
കുറച്ചുദൂരത്ത് നിന്ന് മറ്റൊരാള്‍ കൊമ്പന്റെ ചെയ്‌തികള്‍ മാരിയോട്
വിളിച്ചു പറയുന്നുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞു. കൊമ്പന്‍
പിന്മാറിയെന്നു തോന്നിയപ്പോള്‍ എഴുന്നേറ്റു. ആനച്ചാലിലൂടെ മാരിയും സംഘവും
നീങ്ങി. കുറച്ചുദൂരം മുന്നോട്ടേക്ക്. ഒരു വളവില്‍ കൊമ്പന്‍
കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അന്നു കൊമ്പന്‍ മാരിയെ ഓടിച്ചു
കൊക്കയില്‍ ചാടിച്ചു.....
പൂച്ചിപ്പാറ വനമേഖല. മാരിയുടെ പതിവുസഞ്ചാരം. കുറച്ചുദൂരം ചെന്നപ്പോള്‍
മുന്നില്‍ ചെന്നായയും രണ്ടു കുഞ്ഞുങ്ങളും. ചെറിയ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍
മാരിക്ക് കൗതുകം. ഒന്നു കൊഞ്ചിക്കാമെന്നു കരുതി. ഒരു കുഞ്ഞിനെ
കൈയിലെടുത്തു തലോടി. അമ്മച്ചെന്നായ അലറിക്കൊണ്ട് ഓടിവന്നു. കുഞ്ഞിനെ
താഴെവച്ച് മാരി ഓടി. ഒരു മരത്തില്‍ കയറി. ചെന്നായ വിടുന്ന മട്ടില്ല.
മാരിയെ താഴെയിറക്കാനായി ശ്രമം. ഒടുവില്‍ അലറിക്കരഞ്ഞും ചെന്നായയെ ഓടിച്ചു.
എങ്കിലും മാരി പറയും സൈലന്റ് വാലിയിലെ മൃഗങ്ങളെ വന്യമൃഗങ്ങള്‍ എന്നു
വിളിക്കരുത്. ആരും ഇങ്ങോട്ട് ആക്രമിച്ചിട്ടില്ല. കരടി, കടുവ,
പുള്ളിപ്പുലി, പാമ്പുകള്‍.....ഇങ്ങനെ മൃഗങ്ങളേറെ മാരിയുടെ മുന്നില്‍
വന്നിട്ടുണ്ട്.
കുന്തിപ്പുഴയിലേക്ക് നടക്കുമ്പോള്‍, ഭയത്തിന്റെ വിത്തുപാകി കൊണ്ട് മാരി
ഈറ്റക്കാടുകള്‍ ചൂണ്ടിപ്പറഞ്ഞു, രാജവെമ്പാലകളുടെ കേന്ദ്രമാണിത്.
മാരി പറയാത്ത കഥകള്‍
ഇത്ര നേരമായിട്ടും മാരി ദുരിതങ്ങളുടെ കഥ പറയുന്നില്ല. മാരിയുള്‍പ്പെടുന്ന
വാച്ചര്‍മാരുടെ ജീവിതത്തിന്റെ ദുരവസ്ഥ ഈ കാട്ടില്‍ മറഞ്ഞിരിക്കുന്നു.
മാരിയുടെ വാക്കുകളില്‍ നിന്നും വായിക്കാനാകും വാച്ചര്‍മാരുടെ ദുരിതങ്ങള്‍.
കരിയില പോലെയുള്ള വാഗ്‌ദാനങ്ങള്‍. കാടിനെ ഇത്രമേല്‍ സ്‌നേഹിക്കുന്ന മാരി
ഒരിക്കല്‍ കെഎസ്‌ഇബി മസ്‌ദൂര്‍ ജോലിക്ക് ശ്രമിച്ചു, എന്തിനി ?
ജീവിതദുരിതങ്ങള്‍ തന്നെ കാരണം. അതിരു കാക്കുന്ന മാരിയെ നഷ്ടപ്പെടുത്താന്‍
കാട് ഒരുക്കമായിരുന്നില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയാത്തതു കൊണ്ട്
മസ്‌ദൂര്‍ ജോലി നഷ്ടപ്പെട്ടു. സൈലന്റ് വാലിക്ക് മാരിയെ തിരിച്ചുകിട്ടി.
മാസത്തില്‍ ഇരുപത്തഞ്ചു ദിവസത്തിലധികവും കാടിനകത്താണ് താമസം. ബാക്കിയുള്ള
കുറച്ചുദിവസം ഭാര്യ പുഷ്‌പയ്‌ക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍.
ഇതു മാരിയുടെ മാത്രം കഥയല്ല. വനം കാക്കുന്ന വാച്ചര്‍മാരുടെ എല്ലാം
സ്ഥിതിയാണ്. നിശബ്ദതാഴ് വരയുടെ കാവല്‍ക്കാരായി എണ്‍പതോളം പേര്‍
അട്ടപ്പാടി വനമേഖലയിലുണ്ട്. അമ്പതു വയസുള്ള ശങ്കരനാരായണ്‍ എന്ന
അപ്പുവേട്ടന്‍, മുസ്‌തഫ, ഷണ്‍മുഖന്‍, രവി, ഗോപിയേട്ടന്‍, രതീഷ്.....അങ്ങനെ
കാടിനെ പോറല്‍ പോലുമേല്‍ക്കാതെ കാത്തുസുക്ഷിക്കുന്നവര്‍. കാട്ടുപാതയില്‍
ഒരു മിഠായിക്കടലാസിന്റെ, പ്ലാസ്റ്റിക്കിന്റെ കഷണം പോലും ഇല്ലെന്നു
വാശിപിടിക്കുന്നു അവരെല്ലാം. പൂച്ചിപ്പാറ വനമേഖലയിലെ ഔട്ട്‌പോസ്‌റ്റില്‍
പുറംലോകവുമായി വയര്‍ലെസിന്റെ ബന്ധത്തില്‍ മാത്രം കഴിയുന്നവരുണ്ട്. ഒരു
അത്യാവശ്യമുണ്ടായാല്‍ അതറിയാനും തിരികെ നാട്ടിലെത്താനും ദിവസങ്ങള്‍ കഴിയും.
ഔട്ട് പോസ്‌റ്റില്‍ വച്ച് അസുഖമുണ്ടായാല്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.
വിനോദസഞ്ചാരത്തിന്റെ കൗതുകങ്ങളില്‍ എത്തുന്നവര്‍ക്ക് ഇതൊക്കെ വെറും
കാഴ്‌ച. പ്രഖ്യാപനങ്ങള്‍ നടത്താനും പരിശോധനകള്‍ക്കുമായി എത്തുന്നവര്‍ക്ക്
സൈലന്റ് വാലി ഒരു അത്ഭുതം. ഇതാണ്, ഇതു തന്നെയാണ് ദൈവത്തിന്റെ ഗിഫ്‌റ്റ്
എന്ന വാഴ്‌്‌ത്തലുകളിലൊതുങ്ങുന്നു എല്ലാം. കൊടുങ്കാട്ടിലെ
ഒറ്റപ്പെടലുകള്‍, അട്ട കടിയില്‍ വാര്‍ന്നൊഴുകുന്ന
ചോരച്ചാലുകള്‍...വാച്ചര്‍മാരുടെ ജോലിയില്‍ പുറംലോകമറിയാത്ത കഷ്ടപ്പാടുകള്‍
ഏറെയുണ്ട്. മനസില്‍ ദുരിതങ്ങളുടെ കൊടുങ്കാടുള്ളപ്പോഴും ഈ താഴ്‌്‌്‌വരയെ
അവരാരും ഉപേക്ഷിക്കുന്നില്ല. സൈലന്റ് വാലിയുടെ ശ്വാസത്തില്‍
വാച്ചര്‍മാരുടെ കഠിനാധ്വാനത്തിന്റെ നിശ്വാസങ്ങളുണ്ട്.
ഒരു മരത്തിന്റെ ചുവട്ടില്‍ നിന്നും ഒരു കാട്ടിലേക്ക് എന്ന പോലെ മാരിയിലൂടെ
നിരവധി പേരിലേക്ക് എത്തി. കാടിറങ്ങുമ്പോള്‍ കൂടെ മറ്റാരൊക്കയോ ഉള്ളതു
പോലെ. അങ്ങോട്ടു പോകുമ്പോള്‍ കൈപിടിച്ചത്, കഥകള്‍ പറഞ്ഞത് മാരി
മാത്രമായിരുന്നു. ഇപ്പോള്‍ അപ്പുവേട്ടന്‍, ഗോപിയേട്ടന്‍, മുസ്‌തഫ, രവി,
രതീഷ്...കാടിന്റെ കഥയറിയാന്‍ പോയിട്ട് കുറേ മനുഷ്യരുടെ കഥയറിഞ്ഞു
തിരിച്ചിറങ്ങുന്നു. എല്ലാ കഥകളും ഏറ്റുവാങ്ങി കുന്തിപ്പുഴ ഒഴുകുകയാണ്...

യവനിക ഉയര്‍ന്നു. തിരക്കേറിയ ബസ് സ്റ്റാന്‍ഡിന്‍റെ ആളൊഴിഞ്ഞയിടം. ഒരു തെരുവുതെണ്ടി ചെറുക്കന്‍ കിടന്നുറങ്ങുന്നു. പെട്ടെന്ന് അവന്‍ എഴുന്നേറ്റു. സദസിനെതിരെ തിരിഞ്ഞു നിന്നു മൂത്രമൊഴിക്കുന്നു. അവിടേക്കു കടന്നു വരുന്നയാള്‍ ഛെ, റാസ്ക്കല്‍ എന്നുറക്കെ വിളിക്കുമ്പോള്‍, ആ ചെറുക്കന്‍ പൊടുന്നനെ മൂത്രമൊഴിക്കുന്ന അതേ നില്‍പ്പില്‍ത്തന്നെ ഞെട്ടിത്തരിച്ചു സദസിനു നേരെ തിരിയുന്നു. നാടകത്തില്‍ മുഖം കാണിക്കുക എന്ന പ്രയോഗത്തെ തെറ്റിക്കുകയായിരുന്നു ആ പുതുമുഖം. കാരണം മൂത്രമൊഴിക്കുന്ന പോസില്‍ തിരിഞ്ഞപ്പോള്‍ കാണിച്ചതു മുഖം മാത്രമായിരുന്നില്ലല്ലോ... നാടകം പോര്‍ട്ടര്‍ കുഞ്ഞാലി രചന എന്‍. എന്‍ പിള്ള. ആര്‍ത്താര്‍ത്തു ചിരിക്കുന്ന കാണികള്‍ ഒരാവേശമായി തോന്നി ആ പയ്യന്. ശിഷ്ടകാലം ജീവിതം അരങ്ങിന്‍റെ ആവേശത്തിലായിരിക്കുമെന്ന് ഉറപ്പിക്കാനുള്ള പ്രായമൊന്നുമായിരുന്നില്ല അപ്പോള്‍. പക്ഷേ അരങ്ങുകള്‍ കാത്തിരിക്കുകയായിരുന്നു. പിന്നീട് മലയാളി നെഞ്ചേറ്റിയ നാടകങ്ങളുടെ അരങ്ങില്‍ അഭിനേതാവായി ഇദ്ദേഹം നിറഞ്ഞു. മലയാളത്തിന്‍റെ നാടകാചാര്യന്‍ എന്‍. എന്‍ പിള്ളയുടെ മകന്‍ നാടകത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിന് അനുഭവങ്ങളുടെ കരുത്ത്, സിനിമാനടനെന്ന വിശേഷണത്തില്‍ ചോരാത്ത നാടകസ്നേഹം, അരങ്ങിനോടുള്ള ആത്മാര്‍ഥതയ്ക്കു മേക്കപ്പണിയിക്കാതെ നാടകനടന്‍ വിജയരാഘവന്‍ സംസാരിക്കുന്നു വിശ്വകേരളകലാസമിതിയുടെ നാടകവണ്ടിയില്‍ സഞ്ചരിച്ച വഴികളെക്കുറിച്ച്.... ആദ്യകാലത്ത് അഭിനയത്തിന്‍റെ ബാല്യം പിന്നിടുമ്പോള്‍ കൂടെ അഭിനയിച്ചവരെല്ലാം പില്‍ക്കാലത്തു നാടറിഞ്ഞവര്‍ തന്നെയായിരുന്നു. ആത്മബലി എന്ന നാടകത്തില്‍ വിജയരാഘവന്‍റെ അച്ഛനായി അഭിനയിച്ചത് അന്തരിച്ച വിഖ്യാതനടന്‍ ജോസ് പ്രകാശ്. സോങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍റെ അംഗീകാരം നേടിയ നാടകമായിരുന്നു എന്‍. എന്‍ പിള്ളയുടെ ആത്മബലി. പിന്നീടു പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട നാടകം അരങ്ങിലെത്തിയപ്പോള്‍ ഒപ്പം നിരവധി പ്രഗത്ഭരുണ്ടായിരുന്നു. എന്‍. എന്‍ പിള്ള, ജോസ് പ്രകാശ് എന്നിവര്‍ക്കൊപ്പം മാവേലിക്കര എന്‍. പൊന്നമ്മ, വി. ടി തോമസ്, ഓമന തുടങ്ങിയവര്‍. അപ്പോഴും അഭിനയത്തെ ജീവിതോപാധിയായി എടുത്തിട്ടുണ്ടായിരുന്നില്ല വിജയരാഘവന്‍. അഭിനേതാക്കള്‍ക്ക് അസൗകര്യങ്ങള്‍ വരുമ്പോള്‍ പകരം വേഷമണിയുന്നയാള്‍. ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരുന്ന കോട്ടയം വല്‍സന്‍ എന്ന നടനു ടൈഫോയ്ഡ് ബാധിച്ചു. പകരം അഭിനയിക്കാന്‍ ആളില്ലാതായപ്പോള്‍ ആ വേഷം വിജയരാഘവനിലേക്കെത്തി. സ്വര്‍ഗത്തിനും നരകത്തിനുമിടയിലുള്ള സ്ഥലത്താണു നാടകം നടക്കുന്നത്. എന്‍. എന്‍ പിള്ളയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ സ്ഥലകാലങ്ങളില്ലാത്ത അപാരതയില്‍. അവിടേക്ക് എത്തുന്ന മണ്ടന്‍ ചാക്കോ എന്ന കഥാപാത്രമായിരുന്നു വിജയരാഘവന്. മരണദേവതയെ പ്രേമിക്കാന്‍ ശ്രമിക്കുന്ന, സൗകര്യമായിട്ട് എപ്പോഴോ ഒന്നു കാണാന്‍ കഴിയുക എന്നൊക്കെ ചോദിക്കുന്ന കഥാപാത്രം. ഒരിക്കല്‍ നാടകാവതരണം കഴിഞ്ഞപ്പോള്‍ എം. ടി വാസുദേവന്‍ നായര്‍ ഗ്രീന്‍ റൂമിലേക്കെത്തി എന്‍. എന്‍ പിള്ളയോടു ചോദിച്ചു, ആ കഥാപാത്രത്തെ അവതരിപ്പിച്ചതാരാണെന്ന്. മകനാണെന്ന് അദ്ദേഹത്തിന്‍റെ മറുപടി. അഭിനയം ഇഷ്ടമായെന്നു പറഞ്ഞാണ് എംടി അന്നു മടങ്ങിയതെന്നോര്‍ക്കുന്നു വിജയരാഘവന്‍. ആദ്യ അഭിനന്ദനങ്ങളുടെ ആഹ്ലാദം നിറയുന്ന വാക്കുകള്‍. ഗറില്ല എന്ന നാടകത്തോടെയായിരുന്നു അതൊരു പ്രൊഫഷനായി എടുക്കാന്‍ തീരുമാനിക്കുന്നത്. എത്തെല്‍വോയിച്ചിഷിന്‍റെ ഗി ഗാഡ് ഫ്ളൈ എന്ന നോവലിന്‍റെ പ്രേരണയില്‍ എന്‍. എന്‍ പിള്ള എഴുതിയ നാടകമാണു ഗറില്ല. ഗറില്ലയ്ക്കു ശേഷം നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ഫോളിഡോള്‍, ടു ബി ഓര്‍ നോട്ട് ടു ബി, കണക്ക് ചെമ്പകരാമന്‍, വിഷമവൃത്തം.......നാടകത്തിന്‍റെ വസന്തകാലമായിരുന്നു അപ്പോള്‍. കെപിഎസിയും ഗീഥായും കാളിദാസ കലാകേന്ദ്രവുമാക്കെ ശക്തമായ നാടകങ്ങള്‍ അരങ്ങത്തെത്തിച്ചിരുന്ന കാലം. നാടകം കാണാന്‍ വേണ്ടി മാത്രം എത്തുന്ന പ്രേക്ഷകന്‍ അക്കാലത്തുണ്ടായിരുന്നുവെന്നു പറയുന്നു വിജയരാഘവന്‍. പണം കൊടുത്തു ടിക്കറ്റ് എടുത്തേ നാടകം കാണാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ നാടകത്തിനു വിലയുണ്ട്. അമ്പലപ്പറമ്പില്‍ എത്തുന്നവന്‍ ഉത്സവവും കാണും പൂരവും കാണും, കൂട്ടത്തില്‍ നാടകവും. നാടകത്തിനു മാത്രമായി പ്രേക്ഷകരുണ്ടായിരുന്നു കാലമായിരുന്നു അത്. കൊട്ടും പാട്ടും വിഷ്വല്‍ മാജിക്കുമൊന്നുമില്ലാതെ ജീവനുള്ള നാടകങ്ങള്‍ ഉണ്ടായിരുന്ന കാലത്തു ജനങ്ങള്‍ നാടകത്തെ അംഗീകരിച്ചിരുന്നു, അദ്ദേഹം പറയുന്നു. പരിഹസിച്ചു പവിത്രീകരിക്കുക എന്ന ശൈലിയിലുള്ള നാടകങ്ങളായിരുന്നു വിശ്വകേരള കലാസമിതി അവതരിപ്പിച്ച നാടകങ്ങളില്‍ അധികവും. അച്ഛന്‍ നാടകം പരിശീലിപ്പിച്ചിരുന്ന രീതിയും വ്യത്യസ്തമായിരുന്നെന്നു പറയുന്നു വിജയരാഘവന്‍. ആദ്യം ഒരുമിച്ചിരുന്നു വായിക്കും. മനസിലേക്കു നാടകത്തിന്‍റെ കൃത്യമായ രൂപം തരും. ഒരിക്കലും ഡയലോഗ് കാണാപ്പാഠം പഠിക്കാന്‍ തന്നിരുന്നില്ല. കഥാപാത്രത്തെ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അതായി മാറാനുള്ള സ്ട്രഗിള്‍ തുടങ്ങും. ആ സമയത്ത് അച്ഛന്‍ ചിലപ്പോള്‍ അവതരിപ്പിക്കുന്നതു ശരിയായില്ലെന്നു പറഞ്ഞു വേദനിപ്പിക്കും, ഇറിറ്റേറ്റ് ചെയ്യും വിജയരാഘവന്‍ പറയുന്നു. പക്ഷേ ഒടുവില്‍ കഥാപാത്രത്തിന്‍റെ ആത്മാവു മനസിലാക്കുന്ന നടനായുള്ള രൂപാന്തരപ്പെടലായിരിക്കും സംഭവിക്കുക. കര്‍ട്ടന്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന അവസ്ഥയാണ്. ഒരാള്‍ക്കും സഹായിക്കാന്‍ കഴിയില്ല. എന്‍. എന്‍ പിള്ളയുടെ മകനാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, സഹായിക്കാന്‍ ആരുമുണ്ടാവില്ല. കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നതു നടന്‍റെ മാത്രം ചുമതലയായി മാറും. അഭിനയത്തിന്‍റെ കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ളതു ചിറ്റയാണെന്നു പറയുന്നു വിജയരാഘവന്‍, എന്‍. എന്‍ പിള്ളയുടെ സഹോദരിയും നടിയുമായ ജി. ഓമന. എസ്. കൊന്നനാടിന്‍റെ സുറുമയെഴുതിയ മിഴികളിലെ നായകനായിട്ടായിരുന്നു വിജയരാഘവന്‍റെ സിനിമാപ്രവേശം. അതിനു മുമ്പു എന്‍. എന്‍ പിള്ളയുടെ നാടകം കാപാലിക സിനിമയായപ്പോള്‍ ഒരു ചെറിയ വേഷവും ചെയ്തിരുന്നു. സുറുമയെഴുതിയ മിഴികള്‍ക്കു ശേഷം ഈ ശബ്ദം ഇന്നത്തെ ശബ്ദം, ആന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീടു പൂര്‍ണമായും സിനിമയിലേക്കു മാറുന്നതു ജോഷിയുടെ ന്യൂഡല്‍ഹി എന്ന ചിത്രത്തോടെയാണ്. എങ്കിലും നാടകത്തെ ഉപേക്ഷിച്ചില്ല. 1994ല്‍ വിശ്വകേരളകലാസമിതിയുടെ ബാനറില്‍ കണക്ക് ചെമ്പകരാമന്‍ എന്ന നാടകത്തില്‍ തുടങ്ങി നിരവധി രചനകള്‍ വീണ്ടും അരങ്ങിലെത്തിച്ചു. ഒളശ്ശയിലെ ഡയനീഷ്യ എന്ന വീട്ടില്‍ നാടകസ്മരണകളുടെ കര്‍ട്ടന്‍ വീഴുന്നതേയില്ല. ഇന്നും നാടകത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്കു പായുന്ന നാടകസംഘത്തെ പോലെ. അടുത്ത ബെല്ലിനായി കാത്തു നില്‍ക്കാതെ വിജയരാഘവന്‍റെ അരങ്ങനുഭവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. യവനിക വീഴുന്നില്ല..

ഒരു പാടം കടന്നു വേണമായിരുന്നു സ്‌കൂളിലേക്ക്
പോകാന്‍. ആ സ്‌കൂള്‍ യാത്രയുടെ ത്രില്ലും അതു തന്നെയായിരുന്നു. പാടം
എത്തുന്നതിനു മുമ്പ്, ജാതിക്ക തോട്ടവും, ഒരുപാടു തിന്നാല്‍ നാവിലെ തൊലി
പോകുമെന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ചിരുന്ന ഒരു പഴവും.... സ്ഥിരം
യാത്രയുടെ ആവര്‍ത്തന കാഴ്‌ചകളും അനുഭവങ്ങളുമായിരുന്നെങ്കിലും ഒരിക്കലും
മടുക്കാത്ത കാര്യങ്ങളായിരുന്നു അവയൊക്കെ. മഴ പെയ്‌താല്‍ നടവരമ്പ്
മുങ്ങിപ്പോകുന്ന പാടത്തിനു നടുവിലൂടെയുള്ള യാത്ര....
ഇപ്പോള്‍ അതേ സ്‌കൂളില്‍ തന്നെയാണ് മകന്‍ പഠിക്കുന്നതും. എന്നാല്‍
പാടത്തൂടെയുള്ള യാത്രയും ജാതിക്കയുമൊന്നുമില്ല. രാത്രി ഉറങ്ങാന്‍
കിടക്കുമ്പോള്‍ അച്ഛന്റ് സ്‌കൂള്‍ കഥകള്‍ കേള്‍ക്കുന്ന പതിവുണ്ട് മകന്.
പട്ടാളത്തില്‍ നിന്നു മടങ്ങിവന്നവന്റെ കഥ പറച്ചില്‍ പോലെ, എത്ര
ആവര്‍ത്തിച്ചാലും അവനു തീരെ പരാതിയില്ല.
ഒരിക്കലൊരു കഥ അവനോട് പറഞ്ഞു. അതിങ്ങനെ
ഒരിക്കല്‍ ഒരു വൈകുന്നേരം സ്‌കൂള്‍ വിട്ടു പതിവു സംഘങ്ങള്‍ക്കൊപ്പം
വരുമ്പോള്‍ വല്ലാത്ത ദാഹം. അടുത്തു കണ്ട വീട്ടില്‍ കയറി. ഒരു അമ്മൂമ്മ
ഇറങ്ങിവന്നു. ഇത്തിരി വെള്ളം തര്വോ എന്നു ചോദിച്ചു. അമ്മൂമ്മ അകത്തേക്കു
പോയി വെള്ളം തന്നു. നല്ല മധുരം. മധുരം ഉണ്ടോ, പഞ്ചാര
ഇട്ടിട്ടുണ്ട്‌ട്ടോ...അതൊരു സാധ്യതയായിരുന്നു. പിറ്റേദിവസം തൊട്ട് അതേ
സ്ഥലത്ത് എത്തുമ്പോള്‍, എവിടെ നിന്നാണെന്നറിയില്ല, വല്ലാത്ത ദാഹം....ആ
പതിവ് ആവര്‍ത്തിച്ചു. പിന്നെ എപ്പോഴാണു ആ ശീലം നിന്നതെന്ന് ഓര്‍മ്മയില്ല.
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മോനെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ ആ
അമ്മൂമ്മയെ കണ്ടു. ഓര്‍മ്മയുണ്ടോ എന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ആ പഴയ
പഞ്ചസാര വെള്ളത്തിന്റെ മധുരം വായിലും മനസിലും ഊറിയെത്തി..
ഈ കഥ പറഞ്ഞ് അവസാനിക്കുമ്പോള്‍, കുറച്ചു നേരം മിണ്ടാതെയിരുന്നു മകന്‍. എന്നിട്ടു ചോദിച്ചു...
എവിടെയാ അച്ഛാ ആ വീട്.....
പറഞ്ഞുകൊടുത്തില്ല പഞ്ചസാരയ്‌ക്കൊക്കെ ഇപ്പോ എന്താ വില
മാവേലിക്കരയില്‍ നിശ്ചലമായിക്കിടക്കുന്ന ഒരു മൃതശരീരത്തിന്‍റെ അവസാനരംഗത്തോടെ ഒരു ജീവിതത്തിന്...നാടകത്തിനു തിരശീല. ഇനി അടുത്ത അരങ്ങില്ല. മേക്കപ്പിന്‍റെ ഗന്ധം ഘനീഭവിക്കുന്ന നാടകവണ്ടിയില്‍ മറ്റൊരു യാത്രയില്ല. മൂന്നു ബെല്ലുകള്‍ക്കപ്പുറം പിറവിയെടുക്കുന്ന നാടകമെന്ന അടങ്ങാത്ത ആവേശമില്ല. ആരും അറിയാതെ, അരങ്ങറിയാതെ, അഭ്രപാളിയറിയാതെ മാവേലിക്കര അമ്മിണി യാത്.. ചരമപ്പേജില്‍ ഒതുങ്ങിപ്പോയ ഒരു മരണവാര്‍ത്തയില്‍ നിന്നും മാവേലിക്കര അമ്മിണിയെ തലമുറകള്‍ തിരിച്ചറിയണം, അരങ്ങും അഭ്രപാളിയും ഉപേക്ഷിച്ച ശേഷമുള്ള ജീവിതമറിയണം, ഒടുവിലൊരുനാള്‍ എഴുന്നേല്‍ക്കാനാകാത്ത കിടക്കയില്‍ നിന്നും മരണം വിളിച്ചു കൊണ്ടു പോകുന്നു മാവേലിക്കര അമ്മിണി എന്ന നടിയെ.
നിത്യഹരിതനായകന്‍റെ ആദ്യ അമ്മ. പ്രേംനസീര്‍ ആദ്യമായി വേഷമിട്ട മരുമകള്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ അമ്മയായി അഭിനയിച്ചത് അമ്മിണിയായിരുന്നു. പിന്നെ എണ്ണായിരത്തോളം നാടകവേദികള്‍, കാഥിക, നര്‍ത്തകി..... ആറു മാസം മുമ്പു മാവേലിക്കരയിലെ ചെറുകോലിലുള്ള അമ്മിണിയുടെ വീട്ടിലേക്കു പോകുമ്പോള്‍ കൈവശമുണ്ടായിരുന്ന ജീവിതസംഗ്രഹം. എന്നാല്‍ സംഗ്രഹങ്ങളെ നിഗ്രഹിച്ചു കൊണ്ടൊരു ജീവിതം മുന്നില്‍ വിതുമ്പി നില്‍ക്കുന്നു. ചുളിവു വീണ മുഖത്തെ നീര്‍ച്ചാലുകളില്‍ കണ്ണീരൊഴുകുന്നതു തിരിച്ചറിയാനാകാതെ പതറുകയായിരുന്നു പലപ്പോഴും. ഏകാന്തതയുടെ ഇരുട്ടു വീണ മുറിയില്‍ ഒറ്റയ്ക്കു, കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ. എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളില്‍ നിറഞ്ഞുനിന്ന നടിയുടെ ലോകം ജനാലകള്‍ക്കിടയിലൂടെയുള്ള ഇത്തിരിക്കാഴ്ചയില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. അഭിനയിച്ച നാടകരംഗങ്ങളെ വെല്ലുന്നതായിരുന്നു, അമ്മിണിയുടെ ജീവിതരംഗങ്ങള്‍...
മറിയാമ്മ, അമ്മിണിയായി
നസീറിന്‍റെ അമ്മയായി...
വാലില്‍ പാപ്പിയുടെയും സാറാമ്മയുടെയും മകള്‍, മറിയാമ്മ. പിറവി ക്രൈസ്തവ കുടുംബത്തിലെങ്കിലും തിരുവാതിരയും നാടകവുമൊക്കെയായിരുന്നു താത്പര്യം. അക്കാലത്തു ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ആ വേദിയില്‍ നിറഞ്ഞു നിന്നു. കണ്ടിയൂര്‍ വായനശാലക്കു വേണ്ടി അഭിനയിച്ച ഭാമാവിജയം ആയിരുന്നു ആദ്യനാടകം. പതിനാലു വയസില്‍ അരങ്ങിലെത്തിയതു നാടകനടി എസ്. ആര്‍ പങ്കജത്തിന്‍റെ പ്രേരണയിലായിരുന്നു. അക്കാലത്തു തന്നെ കഥാപ്രസംഗത്തിലും സജീവമായിരുന്നു. കലാലോകത്തു നിറഞ്ഞപ്പോള്‍ മറിയാമ്മ എന്ന പേരു മാറ്റി, അമ്മിണിയായി, മാവേലിക്കര അമ്മിണിയായി. ഒറ്റനാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയതോടെ പേരും പ്രശസ്തിയുമേറി. ആര്‍ട്ടിസ്റ്റ് പി. ജെ ചെറിയാന്‍റെ മിശിഹാചരിത്രം നാടകത്തില്‍ കന്യാമറിയമായി അഭിനയിച്ചതോടെ ഒരു നടി കൂടി പിറക്കുന്നു എന്നു മലയാള നാടകലോകം തിരിച്ചറിയുകയായിരുന്നു.
നാടകനടിയായി പ്രശസ്തയാവുമ്പോള്‍ കഥാപ്രസംഗം കൈവിട്ടിരുന്നില്ല. അങ്ങനെയൊരിക്കല്‍ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ അന്വേഷിച്ചു വന്നതായി അറിഞ്ഞു. സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം. സേലത്താണു സിനിമ, സംവിധാനം ചെയ്യുന്നതൊരു തമിഴനും. ഇന്‍റര്‍മീഡിയറ്റിനു പഠിക്കുന്ന ഒരു പയ്യനാണു നായകന്‍. അമ്മിണിക്ക് അവസരം ലഭിച്ചിരിക്കുന്നതു ആ പയ്യന്‍റെ അമ്മയായി അഭിനയിക്കാനും. എന്നാല്‍ നായകനും നായകന്‍റെ അമ്മയ്ക്കും ഒരേ പ്രായമായിരുന്നു എന്നതു മറ്റൊരു കാര്യം. ആ ഇന്‍റര്‍മീഡിയറ്റുകാരന്‍ പിന്നീടു മലയാള സിനിമയുടെ ചരിത്രമായി, നിത്യഹരിതനായകനായി പ്രേംനസീര്‍. മരുമകള്‍ ആയിരുന്നു ആ സിനിമ. അതിനുശേഷം എപ്പോള്‍ കാണുമ്പോഴും അമ്മേ എന്നു വിളിക്കുമായിരുന്നെന്നു അമ്മിണി ഓര്‍ക്കുന്നു, നല്ല മനുഷ്യനായിരുന്നു. രണ്ടു സിനിമകളില്‍ക്കൂടി അമ്മിണി അഭിനയിച്ചു, വിയര്‍പ്പിന്‍റെ വില, പുതിയ ആകാശം പുതിയ ഭൂമി.
അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്
ജി. കെ പിള്ളയുടെ നാടകക്കമ്പനി, പി. എ തോമസിന്‍റെ നാടകസമിതി, നടന്‍ ബഹദൂറിന്‍റെ നാടകക്കമ്പനി..... പേരില്ലാതെ പ്രശസ്തരുടെ നാടകക്കമ്പനികള്‍ നിറഞ്ഞുനിന്നിരുന്ന കാലത്തും അമ്മിണി തിരക്കുള്ള നടിയായി മാറുകയായിരുന്നു. എത്രയോ നാടകരാവുകള്‍. ബല്ലാത്ത പഹയന്‍, മാണിക്യകൊട്ടാരം തുടങ്ങിയ ഹിറ്റ് നാടകങ്ങള്‍. ഒടുക്കം എന്‍. എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതിയിലെത്തി. പ്രേതലോകം നാടകത്തില്‍ തുടക്കം, വൈന്‍ഗ്ലാസ്, കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍, ക്രോസ്ബെല്‍റ്റ്.... ഇരുപത്തിരണ്ടു വര്‍ഷം വിശ്വകേരള കലാസമിതിയുടെ നാടകത്തിലുണ്ടായിരുന്നു അമ്മിണി.
"" ഞാന്‍ അനാഥയാണു മോനേ. അമ്മയില്ല അച്ഛനില്ല. സഹോദരങ്ങളില്ല. ഭര്‍ത്താവും മകളുമില്ല....'' ഇത് അമ്മിണി അഭിനയിച്ച നാടകത്തിലെ സംഭാഷണമല്ല. സ്വന്തം ജീവിതത്തിന്‍റെ ക്ലൈമാക്സില്‍ എത്തിനില്‍ക്കുമ്പോള്‍ വിധി അമ്മിണിയുടെ അനുഭവങ്ങളാല്‍ ആവര്‍ത്തിപ്പിക്കുന്ന വാചകം. അരങ്ങിനും അഭ്രപാളിക്കുമിടയില്‍ കൈമോശം വന്നുപോയ ജീവിതം. നടിയായിരിക്കുമ്പോള്‍ത്തന്നെയായിരുന്നു വിവാഹം.എറണാകുളത്തുകാരന്‍ ജോസഫ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അദ്ദേഹം മരണമടഞ്ഞു. പിന്നെ മകളെ വളര്‍ത്താനുള്ള പരിശ്രമങ്ങളായിരുന്നു. അഭിനയം അന്നത്തിനുള്ള മാര്‍ഗമായി, മകളെ വളര്‍ത്തി, പഠിപ്പിച്ചു. ലീലാമ്മ ജോസഫ് എന്നായിരുന്നു മകളുടെ പേര്. ഒടുവില്‍ മകള്‍ക്കു ജോലി കിട്ടി, അമ്മിണിയുടെ അനിയത്തിയുടെ ഒപ്പം രാജസ്ഥാനിലായിരുന്നു ജോലി. ആദ്യശമ്പളം അമ്മയ്ക്ക് അയച്ചു കൊടുത്തു.
വിശ്വകേരളകലാസമിതിയിലായിരുന്നു അപ്പോള്‍. കുറെ ദിവസം തുടര്‍ച്ചയായി നാടകം. ആ സമയത്തൊന്നും വീട്ടിലെത്തിയിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം വീട്ടിലെത്തുമ്പോള്‍ ആ ജീവിതത്തിലെ മറ്റൊരു രംഗം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വാര്‍ത്ത, പത്തു ദിവസങ്ങള്‍ക്കു മുമ്പ്, രാജസ്ഥാനില്‍വച്ചു അമ്മിണിയുടെ മകള്‍ മരണമടഞ്ഞു. അന്നു വൈകിട്ടും നാടകമുണ്ടായിരുന്നു. ചങ്ങനാശേരിയിലെ വേദിയില്‍ ക്രോസ്ബെല്‍റ്റ് നാടകത്തിലെ അമ്മുക്കുട്ടിയമ്മയായി വേഷപ്പകര്‍ച്ച. വേദിക്കു മുന്നില്‍ നിരന്നിരിക്കുന്ന കാഴ്ച്ചക്കാരന്‍റെ കൗതുകത്തിനു മുന്നില്‍ മകളെ നഷ്ടപ്പെട്ട അമ്മ അന്നും നല്ല നടിയായി.
അസുഖത്തിന്‍റെ തളര്‍ച്ച അരങ്ങുകളെ അന്യമാക്കി. ചേട്ടത്തിയുടെ മരുമകള്‍ പൊന്നമ്മയായിരുന്നു അമ്മിണിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കുറച്ചുനാള്‍ മുമ്പ് വീണു കാലിലെ അസ്ഥിക്കു പൊട്ടലുണ്ടായതോടെ നടക്കാന്‍ കഴിയാതെയായി. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
എണ്ണായിരത്തിലധികം അരങ്ങുകളില്‍ അഭിനയിച്ചിട്ടും അമ്മിണിക്ക് അര്‍ഹിക്കുന്നതൊന്നും ലഭിച്ചിരുന്നില്ല. ഗുരുപൂജാപുരസ്കാരവും അവാര്‍ഡും ഫെല്ലോഷിപ്പുമൊക്കെ വീതിച്ചു നല്‍കുമ്പോള്‍ ആരും അമ്മിണിയെ ഓര്‍ത്തില്ല. ആഗോളനാടകങ്ങളെ അവതരിച്ചിറക്കുമ്പോഴും ഭൂതകാലനാടക രാവുകളെ അഭിനയം കൊണ്ടു വിസ്മയിപ്പിച്ച നടിയെ സംഗീത നാടക അക്കാഡമി പോലും ഓര്‍ത്തില്ല. ആരോടും പരാതി ഉണ്ടായിരുന്നില്ല, പരിഭവം പറഞ്ഞില്ല.
അന്നു തിരികെയിറങ്ങുമ്പോള്‍ ഒരു കാര്യമേ പറഞ്ഞിരുന്നുള്ളൂ, പഴയ നാടകക്കാരെ കാണുകയാണെങ്കില്‍ പറയണം, അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്. ആ വാചകത്തില്‍ നിറഞ്ഞ പ്രതീക്ഷയുടെയും ആയുസൊടുങ്ങുന്നു - അതുവരെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ഒരു നാടകസന്ദര്‍ഭത്തോടും
താരതമ്യപ്പെടുത്താന്‍ കഴിയില്ലായിരുന്നു അമ്മിണിചേച്ചിയുടെ അവസാനകാല
ജീവിതസന്ദര്‍ഭങ്ങള്‍. താരതമ്യം പോലും അസാധ്യമാക്കി വിജയിക്കുന്നു, ഇനിയും
നല്ല രചയിതാവിനുള്ള പുരസ്‌കാരം ലഭിക്കാത്ത വിധി എന്ന നാടകകൃത്ത്
ദൂരെയെവിടെയോ ഒരു നാടകത്തിന്‍റെ അനൗണ്‍സ്മെന്‍റ് മുഴങ്ങുന്നു. വേദിയിലെ എല്ലാ വെളിച്ചവും കെട്ടു, ആകാംക്ഷയുടെ മൂന്നു ബെല്ലുകള്‍ മുഴങ്ങുമ്പോള്‍ വന്നെത്തി നില്‍ക്കുന്നതു വൈക്കത്തെ ചെമ്മനാത്തുക്കര എന്ന ഗ്രാമത്തില്‍. വൈക്കത്തിന്‍റെ വീഥികള്‍ കടന്നു ഗ്രാമത്തിന്‍റെ ഇടവഴികളിലേക്കു തിരിയുമ്പോള്‍ വെറുതെയോര്‍ത്തു, കാലങ്ങള്‍ക്കു മുമ്പ് എത്രയോ വട്ടം വേദികളിലേക്ക്, അരങ്ങിന്‍റെ രാവുകളിലേക്കു നാടകവണ്ടിയോടിയ വഴികള്‍. അരങ്ങിന്‍റെ നാലു ചുവരുകളില്‍ വേഷവൈവിധ്യത്തോടെ ജീവിതം ആടിത്തീരാനായുള്ള സഞ്ചാരങ്ങള്‍. എല്ലാ വേഷങ്ങളും അഴിച്ചുവച്ച്, നാടകമെന്ന ഭൂതകാലത്തെ ആവേശമായി അവശേഷിപ്പിച്ച ഒരാളെ കാണാനാണു യാത്ര. നീണ്ട വഴിയിലൂടെ ഒരു വീടിനു മുന്നിലേക്ക്, രംഗസജ്ജീകരണം പൂര്‍ത്തിയായ അരങ്ങു പോലെ, അവിടെയെവിടെയോ ഒരു അരങ്ങും, അവതരിച്ചിറങ്ങാന്‍ ഒരു നടനും കാത്തിരിക്കുന്നതു പോലെ. യവനികയ്ക്കു പിന്നില്‍ ഒരു നാടകജീവിതം കാത്തിരിക്കുന്നു. ജീവിതം തുടങ്ങുകയായി, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക.....
ടി. കെ ജോണ്‍ ഇന്‍.....
കാണാനെത്തിയ ആള്‍ അകത്തുണ്ടെന്ന അറിയിപ്പ്, അക്ഷരരൂപത്തില്‍ ടി. കെ ജോണ്‍ ഇന്‍ എന്ന രൂപത്തില്‍ തെളിഞ്ഞിരിക്കുന്നു. വേനലിനെ ഇളം തണുപ്പില്‍ തോല്‍പ്പിക്കുന്ന പൂമുഖത്തു കാത്തിരുന്നു. അകത്തേക്കുള്ള വാതിലില്‍ കര്‍ട്ടന്‍ മാറ്റി, കറുത്ത തൊപ്പിയണിഞ്ഞു പ്രത്യക്ഷപ്പെടുമ്പോള്‍ ഏതോ നാടകത്തിലെ കഥാപാത്രം പോലെ തോന്നിച്ചു. ടി. കെ. ജോണ്‍ മാളവിക. ഒരു കാലത്തു കേരളത്തിലെ നാടകപ്രേമികളെ ഹരം കൊള്ളിച്ചിരുന്ന പേര്. ഒരു പോലെ പ്രശസ്തരായിരുന്ന നാടകസമിതിയും ഉടമയും നടനും സംവിധായകനും. പരീക്ഷണനാടകങ്ങള്‍ എന്ന മുന്‍വിശേഷണങ്ങളില്ലാതെ. നാടകവേദിയിലെ ത്രസിപ്പിക്കുന്ന ഒരുപാടു പരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ച വ്യക്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ഇത്തവണത്തെ എസ്. എല്‍ പുരം സദാനന്ദന്‍ പുരസ്കാരം തേടിയെത്തുമ്പോള്‍, അതു നാടകവേദിക്കു നല്‍കിയ സംഭവാനകളെ മാനിച്ചു സാംസ്കാരിക കേരളം നല്‍കിയ അംഗീകാരങ്ങളുടെ അനിവാര്യമായ തുടര്‍ച്ച മാത്രം.
പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ശല്യം ചെയ്യുമ്പോഴും നാടകം എന്ന ഓര്‍മയ്ക്കു മുന്നില്‍ സാധ്യമാകും വിധം വാചാലനാകുന്നു അദ്ദേഹം. ഇരുപതാമത്തെ വയസില്‍ അരങ്ങില്‍ അഭിനയം തുടങ്ങുമ്പോള്‍, വൈക്കം തുരുത്തിക്കര വീട്ടില്‍ കുര്യന്‍റെയും കുട്ടിയമ്മയുടെയും മകന് പാരമ്പര്യമൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. വടവുകോട് സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നാടകത്തില്‍ അഭിനയിച്ചിരുന്നു. സ്കൂളിലെ അധ്യാപകരെല്ലാം കലാകാരന്മാരായതു കൊണ്ടു തന്നെ അതിനുള്ള വഴി തെളിയുകയായിരുന്നു. പക്ഷേ അപ്പോഴും തന്‍റെ ജീവിത വഴികളില്‍ ഇനിയും ഒരുപാട് അരങ്ങുകള്‍ കാത്തിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞില്ല അദ്ദേഹം. ഒടുവില്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വഴി എന്ന നാടകത്തില്‍ ജയില്‍പ്പുള്ളിയായി അഭിനയിക്കുമ്പോള്‍ ജീവിതം ഇനി നാടകത്തിലായിരിക്കുമെന്നു മനസിലാക്കുകയായിരുന്നു.
അഭിനയത്തിന്‍റെ അള്‍ത്താരയില്‍....
അമെച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. നാടു മുഴുവന്‍ സഞ്ചരിക്കുന്ന പ്രൊഫഷണല്‍ നാടകവേദിയുടെ സങ്കേതങ്ങളിലേക്ക് എത്തുന്നതിനു മുമ്പു തന്നെ അമെച്വര്‍ വേദിയില്‍ പയറ്റിത്തെളിഞ്ഞു. തകര്‍ന്ന ഹൃദയം, ചെകുത്താനും ചെങ്കോലും, രാവും പകലും തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. മലയാളിയുടെ കലാതാത്പര്യങ്ങളില്‍ നാടകത്തിനു പ്രഥമസ്ഥാനമുണ്ടായിരുന്ന കാലം. അമ്പലപ്പറമ്പുകളിലും ഫൈന്‍ അര്‍ട്സ് ഹാളുകളിലും നാടകം വേരുറച്ചിരുന്ന സമയം. ടി. കെ. ജോണ്‍ നാടകത്തിന്‍റെ ലോകത്തെത്തുമ്പോള്‍ നാടകത്തിന്‍റെ പ്രൗഡകാലം തന്നെയായിരുന്നു. അരങ്ങിനെ ആവാഹിച്ച നാടകരംഗത്തെ പ്രഗത്ഭരെ മലയാളി അംഗീകരിക്കാന്‍ മടിക്കാതിരുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്‍റെ രംഗപ്രവേശം. സഹകരിച്ചതോ അതിപ്രഗത്ഭരോടൊപ്പവും.
വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ഡോക്ടര്‍, എന്‍. എന്‍ പിള്ളയുടെ ആത്മബലി, പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര, കെ. ടി മുഹമ്മദിന്‍റെ കടല്‍പ്പാലം, എസ്. എല്‍ പുരത്തിന്‍റെ അഗ്നിപുത്രി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ധാരാളം വേദികളില്‍ എത്തി. എല്ലാം കേരളം അംഗീകരിച്ച നാടകങ്ങളായിരുന്നു എന്നതാണു പ്രത്യേകത. ഒ. മാധവന്‍, കാലയ്ക്കല്‍ കുമാരന്‍, മണവാളന്‍ ജോസഫ്, കെ. പി. ഉമ്മര്‍, കവിയൂര്‍ പൊന്നമ്മ, വിജയകുമാരി തുടങ്ങിയവരുടെ ഒപ്പം ഇക്കാലയളവില്‍ അഭിനയിച്ചു. സ്വന്തമായി ഒരു സമിതി വേണമെന്ന മോഹം മനസില്‍ അപ്പോഴും ഉണ്ടായിരുന്നു. ഒടുവില്‍ പി. കെ. വിക്രമന്‍ നായരില്‍ നിന്നും സംവിധാനം പഠിച്ച ശേഷം ആ സ്വപ്നം സഫലമാകുന്നു. നടനായി അരങ്ങിലെത്തിയ ടി. കെ. ജോണ്‍ ഒരു സമിതിയുടെ ഉടമയാകുന്നു.
അവതരണം വൈക്കം മാളവിക...
അതൊരു തുടക്കമായിരുന്നു. മലയാളിയുടെ മനസില്‍ ചേക്കേറിയ എണ്ണം പറഞ്ഞ നാടകസമിതിയില്‍ ഒന്നായി വൈക്കം മാളവിക മാറുകയായിരുന്നു, ചുരുങ്ങിയ കാലം കൊണ്ടു തന്നെ. നാടകരംഗത്തെ പ്രമുഖരുടെ രചനയില്‍ നിരവധി നാടകങ്ങള്‍ മാളവികയുടെ ബാനറില്‍ അരങ്ങിലെത്തി. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വെളിച്ചമേ നയിച്ചാലും, പി. ജെ. ആന്‍റണിയുടെ പ്രളയം, പൊന്‍കുന്നം വര്‍ക്കിയുടെ തിരുവാതിര, എ. കെ. ലോഹിതദാസിന്‍റെ അവസാനം വന്ന അതിഥി.....അങ്ങനെ അനേകം നാടകങ്ങള്‍, എല്ലാ നാടകങ്ങളും സംവിധാനം ചെയ്തതും പ്രധാന വേഷത്തില്‍ അരങ്ങിലെത്തിയതും ജോണ്‍ തന്നെയായിരുന്നു. വൈക്കം മാളവികയുമായി പതിനായിരത്തിലധികം വേദികളില്‍ ജോണ്‍ എത്തി. 1969ലായിരുന്നു വൈക്കം മാളവിക രൂപീകരിക്കുന്നത്. പിന്നീടുള്ള മുപ്പത്താറു വര്‍ഷം സജീവനാടകവേദിയുടെ സ്പന്ദനമായി വൈക്കം മാളവികയും ടി. കെ. ജോണും നിലകൊണ്ടു.
നാടകവേദിയില്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടത്തിയിരുന്നു അദ്ദേഹം. ലൈറ്റിങ്ങിലും രംഗസജ്ജീകരണത്തിലും മാറ്റങ്ങള്‍ കൊണ്ടു വന്നു. വേദിയില്‍ ആദ്യമായി സ്റ്റെയര്‍ കെയ്സ് പ്രത്യക്ഷപ്പെട്ടതൊക്കെ വൈക്കം മാളവികയുടെ നാടകത്തിലായിരുന്നു. ജീവസുറ്റ നാടകത്തിന്‍റെ പിന്‍ബലത്തില്‍ അരങ്ങിലെത്തിയ അത്ഭുതങ്ങളെ കാണികള്‍ അംഗീകരിച്ചു.
അനുഭവങ്ങളേ നന്ദി...
മാളവികയുടെ ബാനറില്‍ അവസാനം അരങ്ങിലെത്തിയ നാടകം, അനുഭവങ്ങളേ നന്ദി. കാലങ്ങളോളം നീണ്ട നാടകജീവിതത്തിലൂടെ അറിഞ്ഞ അനുഭവങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ടൊരു അവസാനം. പയറ്റിത്തെളിഞ്ഞ അരങ്ങൊഴിയുമ്പോഴും അഭിനയം ആ രക്തത്തില്‍ തന്നെയുണ്ടായിരുന്നു. നാടകത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ത്തന്നെ സിനിമയിലും സാന്നിധ്യമറിയിച്ചു. കന്മദം, വജ്രം, അരയന്നങ്ങളുടെ വീട്, മണിയറ കള്ളന്‍, ബാലേട്ടന്‍.... എസ്. എല്‍. പുരം സദാനന്ദന്‍ പുരസ്കാരത്തില്‍ എത്തിനില്‍ക്കുന്ന അംഗീകാരം, അതിനു മുമ്പേ സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജാ പുരസ്കാരം, മലയാളി സമാജം അവാര്‍ഡുകള്‍....
പഴയ ആളുകളില്‍ ഇപ്പോള്‍ വിജയകുമാരി മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ചില നാടകപ്രവര്‍ത്തകരൊക്കെ വരാറുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഈ പുരസ്കാരമെന്നു പറയുന്നു ജോണ്‍. ഒരുപാടു സന്തോഷം തോന്നി. ഒരു കാലത്തു സഹകരിക്കാന്‍ കഴിഞ്ഞ എസ്. എല്‍ പുരം സദാനന്ദന്‍റെ പേരില്‍ത്തന്നെയുള്ള പുരസ്കാരം ആകുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുന്നു. ഭാര്യ ആലിസും ആറു മക്കളും അടങ്ങുന്നതാണു ജോണിന്‍റെ കുടുംബം. അസുഖത്തിന്‍റെ അസ്വസ്ഥതകളുള്ളതു കൊണ്ടു തന്നെ ഇപ്പോള്‍ വിശ്രമജീവിതത്തിന്‍റെ അരങ്ങില്‍..
അരങ്ങില്‍ ഗാംഭീര്യത്തോടെ പ്രത്യക്ഷപ്പെട്ട നടന്‍റെ അതേ ഭാവങ്ങളോടെത്തന്നെയാണ് ഇദ്ദേഹം ഇപ്പോഴും മുന്നിലിരിക്കുന്നത്. എഴുപത്തഞ്ചാം വയസില്‍ ശരീരത്തെ തളര്‍ത്തുന്ന അസുഖങ്ങളുണ്ടെങ്കിലും, ആ മനസിലിപ്പോഴും നാടകം നിറഞ്ഞുനില്‍ക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ചിരിക്കാന്‍ മടിക്കുന്ന മുഖം, ഒരു പക്ഷേ ആ മുഖത്തു ഭാവങ്ങള്‍ നിറയണമെങ്കില്‍ മൂന്നാമത്തെ ബെല്ല് മുഴങ്ങണമായിരിക്കും.... ജീവിതം വീണ്ടുമൊരു കലാകാരന് ആദരവര്‍പ്പിക്കുന്നു... അനുഭവങ്ങളേ നന്ദി .............

സമര്‍പ്പണം : അനന്തപുരിയെ പ്രണയിക്കുന്നവര്‍ക്ക്
കുടപ്പനക്കുന്നില്‍ എന്റെ അച്ഛന്റെ ചേച്ചിയുടെ വീടിനപ്പുറത്തു നിന്നാണ് ദൂരദര്‍ശനെന്ന മഹാത്ഭുതം ടെലിവിഷനില്‍ വിരുന്നെത്തുന്നതെന്ന അറിവ് അത്ഭുതം മാത്രമായിരുന്നില്ല, ഒരു അഹങ്കാരവുമായിരുന്നു എനിക്ക്. കൊച്ചമ്മായിയുടെ വീട്ടില്‍ നിന്നാല്‍ കാണാവുന്ന ദൂരദര്‍ശന്റെ ടവര്‍ലൈറ്റും, കെട്ടിടവുമൊക്കെ എന്റെ അതിഭാവുകത്വം നിറഞ്ഞ കഥയിലെ കഥാപാത്രങ്ങളായി പലവട്ടം കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചിറങ്ങി. എറണാകുളം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ദൂരദര്‍ശന്‍ പിറക്കുന്ന നാട് ഒരു അത്ഭുതം തന്നെയായിരുന്നു. സത്യത്തില്‍ എനിക്കും. എന്നാല്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം സ്ഥിരമായി മുഖത്തു നിറച്ചു നിര്‍ത്തി ഞാന്‍, എന്നും.
ഇന്നും അനന്തപുരിയിലെ ഈ ചെറിയ ഗ്രാമം ഒരു ആവേശമാണ്. തീവണ്ടിയേയും ആ യാത്രയേയും ഏറെ സ്‌നേഹിക്കുന്ന ഭൂതകാലം കൈമോശം വന്നു പോയിട്ടില്ലാത്തതിനാല്‍ എന്റെ കുടപ്പനക്കുന്ന് യാത്രകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അപരിചിതരുടെ അനന്തപുരിയിലേക്കുള്ള യാത്രകള്‍ എന്നും തുടര്‍ന്നു കൊണ്ടേയിരുന്നു. അവധിക്കാലത്ത് തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രയുടെ കൗതുകവും ആവേശവും സുഹൃത്തുക്കള്‍ക്കു മേല്‍, ലഡാക്കില്‍ ജോലി ചെയ്‌ത പട്ടാളക്കാരന്റെ വെടിയുണ്ടകഥകള്‍ പോലെ പലവട്ടം തുളച്ചിറങ്ങി.
ആദ്യം മകനായി, ഭര്‍ത്താവായി, അച്ഛനായി.................ആ നഗരത്തില്‍ പോയവര്‍ഷങ്ങളുടെ കാലത്തിന്റെ കല്‍പ്പടവുകളില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേഷം പലതായിരുന്നു. കഷ്ടപ്പാടുകളുടെ തയമ്പ് വീണ അച്ഛന്റെ കൈകളില്‍ മുറുകെപിടിച്ച്, ആ മണ്ണിലൂടെ നടന്നു. മാസശമ്പളത്തില്‍ ഒതുങ്ങാത്ത ജീവിതക്കണക്കുകളില്‍ ആ യാത്രയുടെ ചെലവുകള്‍ എങ്ങനെ അച്ഛന്‍ എഴുതിച്ചേര്‍ക്കുമെന്നറിയില്ലായിരുന്ന്‌ു അന്ന്. പിന്നീട് ജീവിതത്തില്‍ അച്ഛന്റെ, ഭര്‍ത്താവിന്റെ വേഷമണിയുമ്പോള്‍ കാലത്തിന്റെ ആ കണക്കുപുസ്‌തകം എനിക്കു മുന്നില്‍ നിവര്‍ന്നിരുന്നു, വ്യക്തമായിത്തന്നെ.
അമ്മേ, അച്ഛന്‍ എന്നെ ജനലിന്റെ അരികില്‍ ഇരുത്തുന്നില്ല... ഈ വാചകം എന്റെ മകന്‍ അവന്റെ അമ്മയോട് പറഞ്ഞതാണ്. നാലു വയസുകാരന്‍ മകനോട് വഴക്കിട്ട്, ജനലരികില്‍ പാടങ്ങളുടെ കാഴ്‌ച കണ്ടു നീങ്ങാനുള്ള സ്വാര്‍ത്ഥ ബാല്യകൗതുകം ഇനിയും കൈമോശം വന്നിട്ടില്ല. തമ്പാനൂരിലെ തിരുവനന്തപുരം ഗന്ധം പരിചിതമായാലും, ഓരോ തവണയും വന്നിറങ്ങുമ്പോള്‍ ആവേശമാണ്. പണ്ടൊരു ട്രങ്ക്‌പ്പെട്ടിയുമായി തിരുവനന്തപുരത്ത് വന്നിറങ്ങിയതും, വേരുറയ്‌ക്കാത്ത മണ്ണില്‍ ജീവിതത്തിന്റെ വിത്തു പാകിയതും, മക്കളെ വളര്‍ത്തിയതുമൊക്കെ അച്ഛന്റെ സഹോദരിയുടെ വാക്കുകളിലൂടെ എത്രയോ വട്ടം ആവര്‍ത്തിച്ചിരിക്കുന്നു. പിന്നീട് പലവട്ടം ശ്രീപത്മനാഭന്റെ നഗരത്തിലെ അപരിചിത വഴികള്‍ പരിചിതമാക്കി നടന്നു തളര്‍ന്നിരിക്കുന്നു. ന്‌ല്ല ചായ കിട്ടുന്ന, നല്ല വട കിട്ടുന്ന എത്രയോ ചായക്കടകളുടെ രുചികള്‍ സ്വായത്തമാക്കിയിരിക്കുന്നു. എങ്കിലും ആദ്യമായി ഒരു നഗരത്തില്‍ വന്നിറങ്ങുന്ന ആവേശത്തോടെ ഇന്നും ആ യാത്ര തുടരാന്‍ കഴിയുന്നു. ഒരിക്കലും മടുക്കാതെ
ഇന്നും, ഒരു തിരുവനന്തപുരം യാത്രയുടെ തലേന്ന്, കലാലയത്തില്‍ നിന്നും വിനോദയാത്ര പോകുന്നതിന്റെ തലേന്നത്തെ എക്‌സൈറ്റ്‌മെന്റാണ്. മുപ്പതാം വയസിലും ആ യാത്രാവേശം അനുഭവിക്കാന്‍ കഴിയുന്നു........................സമര്‍പ്പിക്കുന്നു അനന്തപുരിയെ അഗാധമായി പ്രണയിക്കുന്നവര്‍ക്ക്....