കൊച്ചുമകന്‍ കോറിയിട്ട ചുമരുകള്‍ക്കുള്ളില്‍ വിധി കോറിയിട്ട ജീവിതം പ്രതിധ്വനിക്കുന്നു. വരികളില്‍ വിഷാദത്തിന്റെ അശ്രുബിന്ദുക്കള്‍ പൊഴിച്ച എഴുത്തുകാരന് മുന്നിലാണിപ്പോള്‍. എണ്‍പതുകളിലെ യൗവനങ്ങള്‍ക്കും പിന്നീടിങ്ങോട്ടുള്ള തലമുറകള്‍ക്കും സ്‌നേഹിക്കാനും, സ്വന്തം ജീവിതാവസ്ഥകളോട് താരതമ്യപ്പെടുത്താനും വരികള്‍ കോറിയിട്ട ഒരാള്‍. തിരുവനന്തപുരത്തിന്റെ തിരക്കില്‍ നിന്നും വെള്ളനാട് ഗ്രാമത്തിലേക്ക് തിരിക്കുമ്പോഴും മനസില്‍ അതേ വരികളായിരുന്നു.
നിന്നെ പുണരാന്‍ നീട്ടിയ
കൈകളില്‍ വേദനയോ
വേദനയോ...
നിന്നെ തഴുകാന്‍ പാടിയ
പാട്ടിലും വേദനയോ
വേദനയോ....
1980ല്‍ പുറത്തിറങ്ങിയ സരസ്വതീയാമം എന്ന ചിത്രത്തിന്റെ ഗാനരചയിതാവ്. തലമുറകള്‍ ഏറ്റെടുത്ത നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ എന്ന ഗാനത്തിന്റെ സ്രഷ്ടാവ്, വെള്ളനാട് നാരായണന്‍. വിഷാദത്തിന്റെ ഭൂതകാലവരികളെഴുതിയ എഴുത്തുകാരന്റെ വര്‍ത്തമാനകാലജീവിത്തില്‍ താളമിടറുന്നുണ്ട്. പക്ഷേ മുറിയുടെ നേരിയ ഇരുട്ടില്‍ ജീവിതത്തിന്റെ ആദ്യരംഗം തെളിയുമ്പോള്‍ വാക്കുകളില്‍ വേദനയില്ല, നഷ്ടബോധത്തിന്റെ മൂകവിഷാദതുഷാരങ്ങളില്ല...
പറഞ്ഞുതുടങ്ങാന്‍ പാരമ്പര്യത്തിന്റെ പശ്ചാത്തലമില്ല. വെള്ളനാട് ഗ്രാമത്തിലെ കൂലിപ്പണിക്കാരനായിരുന്ന പൊന്നന്റേയും തങ്കമ്മയുടെയും മകന്‍, നാരായണന്‍. നഗരത്തില്‍ നിന്ന് ഒറ്റപ്പെട്ട ഗ്രാമമായിരുന്നിട്ടു കൂടി നാരായണന്റെ ആദ്യതാല്‍പ്പര്യത്തിന്റെ വിത്തുകള്‍ പാകാനുള്ള വിളനിലങ്ങളുണ്ടായിരുന്നു വെള്ളനാട്ടില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കലാസമിതി. പുസ്‌തകസമ്പത്തിന്റെ സമൃദ്ധി വേണ്ടുവോളമുള്ള ലൈബ്രറി എന്നിവയൊക്കെ ഉണ്ടായിരുന്നു. ജര്‍മന്‍കാരന്റെ ഈയക്കമ്പനിക്കായി പലയിടങ്ങളില്‍ നിന്നും നിരവധി ഉദ്യോഗസ്ഥര്‍ എത്തിയതോടെ സാസ്‌കാരിക വിനിമയസാധ്യത കൂടി ഉണ്ടായി. അക്കാലത്തൊക്കെ ധാരാളമായി നാടകങ്ങള്‍ കാണും.പുസ്‌തകങ്ങള്‍ വായിക്കും. കലാപശ്ചാത്തലത്തിന്റെ ഒരു കെടാവിളക്ക് നിറഞ്ഞു കത്തി നിന്നിരുന്നു ആ ഗ്രാമത്തില്‍. അണയാതെ സൂക്ഷിക്കാനുള്ള നിയോഗം അറിയാതെ ഏറ്റെടുക്കുകയായിരുന്നു നാരായണന്‍.
തുടക്കം ജേതാക്കളില്‍
ഓച്ചറി വേലുക്കുട്ടിയുടെ കൂട്ടുകാരനായ ബാലന്‍ എഴുതിയ നാടകം, ജേതാക്കള്‍ അരങ്ങിലെത്തിക്കാന്‍ തീരുമാനിക്കുന്നു. പട്ടിണിയാല്‍ മരിക്കുന്ന ഒരു കുട്ടിയുടെ കഥാപാത്രം ചെയ്യാനുള്ള നടനെ തേടിയുള്ള അന്വേഷണം അവസാനിച്ചത് ഏഴു വയസുകാരന്‍ നാരായണനില്‍. ഭഗവതി ക്ഷേത്രത്തിനു മുന്നിലെ വേദിയില്‍, പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ നാരായണന്‍ അരങ്ങിലെത്തി, അഭിനയിച്ചു. അന്നുകിട്ടിയ പ്രചോദനവും അഭിനന്ദനവുമൊക്കെ ആവേശമായി മാറി. ബിസ്‌ക്കറ്റും മിഠായിയുമൊക്കെ സമ്മാനമായി കിട്ടി. അക്കാലത്തെ പ്രശസ്‌ത മേക്കപ്പ്‌മാന്‍ നെല്ലിമൂട് രാമകൃഷ്‌ണപിള്ളയായിരുന്നു മുഖത്ത് ചായം തേച്ചത്. അരങ്ങിന്റെ ആദ്യചായം ഒരാഴ്‌ച കഴുകാതെ സൂക്ഷിച്ചു നാരായണന്‍. എന്തോ നേടിയ സംതൃപ്‌തിയിലായിരുന്നു ആ ഏഴു വയസുകാരന്‍.
അതൊരു തുടക്കം. പത്തു മൈലോളം നടന്ന് നെടുമങ്ങാട് ഹൈസ്‌ക്കൂളില്‍ പഠനം. നാട്ടിലുണ്ടായിരുന്ന ബാലസമാജത്തിലൂടെ സമാന്തരമായ കലയുടേയും എഴുത്തിന്റേയുമൊക്കെ രുചി അറിയുന്നുണ്ടായിരുന്നു നാരായണന്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എം ജി കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദം നേടി. തുടര്‍ന്നു വാട്ടര്‍ അതോറിറ്റിയില്‍ ജോലി. അമേച്വര്‍ നാടകരംഗത്ത് അപ്പോഴും സജീവമായിരുന്നു. ജ്വാലാമുഖം, കര്‍മ്മഭൂമി, വര്‍ഷമേഘങ്ങള്‍, ഇവിടെ ജനിച്ചവര്‍, തിരസ്‌ക്കരണി...ഒറ്റവേദിയുടെ ആവേശത്തിലേക്ക് നാടകം അവതരിപ്പിക്കുന്നതിന് മനസുണ്ടായിരുന്ന ഒരു തലമുറയുടെ കാലത്ത്, വെള്ളനാട് നാരായണന്റെ നാടകങ്ങള്‍ക്ക് വളരെയധികം സ്വീകാര്യതയുണ്ടായിരുന്നു. തിരുവനന്തപുരത്തെ ആശാന്‍ മെമ്മോറിയലിനു വേണ്ടി എഴുതിയ അന്വേഷണം ആയിരുന്നു ആദ്യ പ്രൊഫഷണല്‍ നാടകം. ഇതിനിടയില്‍ സിനിമയോട് താല്‍പ്പര്യം തോന്നിത്തുടങ്ങി. സിനിമയ്‌ക്കായുള്ള എഴുത്ത് എങ്ങനെയെന്നറിയാനുള്ള മോഹം തീവ്രമായി. വെള്ളനാട് ഭദ്ര തിയറ്ററില്‍ അഗ്നിപുത്രി സിനിമ കളിക്കുമ്പോള്‍ പേപ്പറും പെന്‍സിലുമെടുത്ത് തിയറ്ററില്‍ എത്തി, നാരായണന്‍. കൊട്ടകയുടെ ഇരുട്ടിലിരുന്ന് ഓരോ സീനും കുറിച്ചെടുത്തു. അങ്ങനെ ആറു ദിവസം കൊണ്ട് അഗ്നിപുത്രിയുടെ സ്‌ക്രിപ്‌റ്റ് എഴുതിത്തീര്‍ത്തു. വെള്ളിത്തിരയുടെ രംഗഭാഷ്യം അറിയാനുള്ള ആത്മാര്‍ത്ഥശ്രമം.
അഴകിന്‍ തുമ്പികള്‍ പാടിയൊരുക്കിയ....
കുട്ടുകാരനായ കല്ലയം കൃഷ്‌ണദാസായിരുന്നു ആദ്യ സിനിമയിലേക്ക് വിളിച്ചത്. അവളെന്റെ സ്‌പ്‌നം എന്ന സിനിമയുടെ സ്‌ക്രിപ്‌റ്റ് എഴുതി പൂര്‍ത്തിയാക്കി. പക്ഷേ ചിത്രം തിയറ്ററുകളിലെത്തിയില്ല. പിന്നീടാണ് സരസ്വതിയാമം എന്ന ചിത്രത്തില്‍ എത്തുന്നത്. കഥയും സംഭാഷണവും എഴുതി. അക്കാലത്ത് ഏറെ വേരോട്ടമുണ്ടായിരുന്ന തൊഴിലാളി - മുതലാളി കഥയായിരുന്നു ആ സിനിമ. നിന്നെ പുണരാന്‍ എന്ന പാട്ടും ആ ചിത്രത്തിലേത് തന്നെ. എ. ടി ഉമ്മറിന്റെ സംഗീതത്തില്‍ യേശുദാസ് പാടിയ ഗാനം. മൂളിപ്പാട്ടായും ഓട്ടൊഗ്രാഫിലെ വിടവാങ്ങല്‍ വരികളായും നിറഞ്ഞു ആ വരികള്‍. പക്ഷേ നിന്നെ പുണരാന്‍ എന്ന പാട്ടിനെക്കുറിച്ചു ചോദിച്ചാല്‍ നാരായണന്‍ പറയും, പല്ലവി ഇഷ്ടമായില്ല. അതിലേറെ ഇഷ്ടം സരസ്വതീയാമത്തിലെ മറ്റൊരു പാട്ടാണ്...
ശ്രീരഞ്‌ജിനി സ്വരരാഗിണി
നീയെന്റ ഭാവനാശില്‍പ്പം
അഴകിന്‍ തുമ്പികള്‍ പാടിയൊരുക്കിയ
അനുരാഗ രാഗതരംഗം
പിന്നീട് ശശികുമാര്‍ സംവിധാനം ചെയ്‌ത പൗരുഷം എന്ന ചിത്രം. പാപ്പനംകോട് ലക്ഷ്‌മണന്‍ വഴിയാണ് ശശികുമാറിനെ പരിചയപ്പെടുന്നത്. ആദ്യ ഫ്‌ളൈറ്റ് യാത്രയും അതിനുവേണ്ടിയായിരുന്നു. ജോലി സ്ഥലത്ത് ആള്‍ അന്വേഷിച്ച് എത്തുകയായിരുന്നു. വീട്ടില്‍ പോയി പുറപ്പെടാന്‍ നേരമില്ല. പൊതിച്ചോറുമൊക്കെയായി ഓഫീസിലേക്ക് വന്നതാണ്. ഒടുവില്‍ കടം വാങ്ങിയ ഷര്‍ട്ടുമായി മദ്രാസിലേക്ക്. ലൊക്കേഷനില്‍ ഇരുന്നായിരുന്നു എഴുത്ത്. ഓരോ നടന്മാര്‍ വരുന്നതനുസരിച്ചായിരുന്നു എഴുതിയിരുന്നത്.
അതിനുശേഷം പാതിവഴിയില്‍ മുടങ്ങിപ്പോയ കുറെയേറെ സിനിമകളുടെ പിന്നണിയില്‍ വെള്ളനാട് നാരായണന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ എഴുത്തുകളില്‍ പലതും റിലീസ് ചെയ്യാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. അശോകവനം എന്ന ചിത്രത്തിലെ പ്രേമത്തിന്റെ ലഹരിയില്‍, സരസ്വതീയാമത്തിലെ പ്രകൃതി നീയൊരു, പൗരുഷത്തിലെ ഇനിയും ഇതള്‍ ചൂടി വരും....ആ തൂലികയില്‍ ഒരുപാട് ഗാനങ്ങള്‍ പിറന്നു.
വെള്ളനാട് നാരായണന്റെ കലാജീവിതം പിന്നീട് വേരോടിയത് പുരാണനാടകങ്ങളിലായിരുന്നു. ഇരുന്നൂറില്‍ അധികം പുരാണനാടകങ്ങള്‍ എഴുതി. കൃഷ്‌ണയാനം, ചിലപ്പതികാരം, ്‌അനന്തപത്മനാഭന്‍. ഇളങ്കോ അടികളുടെ ചിലപ്പതികാരത്തിന്റെ നാടകാവിഷ്‌കാരത്തിന് അഭിനന്ദനങ്ങള്‍ ഒരുപാട് ലഭിച്ചു. പിന്നീട് സീരിയലുകളിലും സജീവമായി. എന്നാല്‍ അപ്രതീക്ഷിതമായി അസുഖങ്ങള്‍, ചികില്‍സ...ജീവിതം താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ എഴുത്തിനും വായനയ്‌ക്കുമൊക്കെ കുറച്ചുനാളത്തേക്ക് വിശ്രമം കൊടുക്കേണ്ടി വന്നു. അതിനിടെ നാടകരംഗത്തെ സംഭാവനയ്‌ക്ക് കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം തേടിയെത്തി.
വെള്ളനാട്ടെ വസന്തം എന്ന വീട്ടിലിരുന്നുള്ള സംസാരത്തിന് ക്ലൈമാക്‌സ് ആകാറായി. വെള്ളനാട് നാരായണന്റെ ജീവിതാനുഭവങ്ങളെ പുണര്‍ന്നു കഴിയുമ്പോള്‍ മനസില്‍ ശേഷിക്കുന്നതു വേദനയോ എന്നറിയില്ല. എങ്കിലും എണ്‍പതുകളില്‍ നാരായണന്‍ എഴുതിയ വരികളുടെ വേദനയില്‍ കുരുങ്ങിത്തന്നെ അവസാനിപ്പിക്കാം...
മാധവമെത്തിയ ജീവിതവാടിയില്‍
മൂകവിഷാദതുഷാരമോ നീ
ഏതോ മൃദുലതലങ്ങളില്‍ നേടിയ
തേനും മണവും മറന്നു പോയോ
നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ..
No comments:
Post a Comment