Friday, May 27, 2011

കൈലാസഗിരിയില്‍ മഴ പെയ്യുമ്പോള്‍



ഒരു മഴക്കാലം ചാറിത്തുടങ്ങുന്നു. മഴ മനസില്‍ പെയ്യിക്കുന്നത് ഓര്‍മകളാണ്. യാത്രയുടെ, മുമ്പെപ്പോഴെങ്കിലും വായിച്ച ഒരു പുസ്തകത്തിന്‍റെ, ഒരു പ്രണയത്തിന്‍റെ...

ഇതുപോലൊരു മഴ വെമ്പി നില്‍ക്കുന്ന സന്ധ്യയില്‍ ശരീരവും മനസും തണുത്ത് ദൂരെ മിന്നാമിനുങ്ങുകള്‍ നിറഞ്ഞ കമ്പളം പുതച്ച പോലെ ഒരു നഗരം കണ്ടു നിന്നതോര്‍ക്കുന്നു. ഇങ്ങനെ ഒരു മഴക്കാലത്ത് കൈലാസഗിരിയിലേക്കു പോയതോര്‍ക്കുന്നു. ഇന്‍ക്രെഡ്ബിള്‍ ഇന്ത്യയുടെ സ്റ്റാര്‍ ഡെസ്റ്റിനേഷനുകള്‍ സെര്‍ച്ചു ചെയ്താല്‍ ശിവനും പാര്‍വതിയും ഒന്നിച്ചിരിക്കുന്ന ഈ കുന്നിനെക്കുറിച്ച് ഭ്രമിപ്പിക്കുന്ന വിശേഷണങ്ങള്‍ കിട്ടിയേക്കില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ തിരയടിക്കുന്ന ശബ്ദം കേട്ട് കൈലാസഗിരിയില്‍ നിന്ന്, അധികം ദൂരെയല്ലാതെ വിശാഖപട്ടണത്തിനു മുകളില്‍ മഴ പെയ്യുന്നത് കാണുമ്പോള്‍ ഇതു തന്നെയാണ് കാത്തിരുന്ന ആ ഡെസ്റ്റിനേഷന്‍ എന്നു തോന്നും, അങ്ങനെ തോന്നിപ്പിക്കുന്നതെന്തോ ഒളിച്ചു വച്ചിട്ടുണ്ട് ഈ കുന്ന്.


സന്ധ്യയുടെ അവസാനവെട്ടവും രാത്രിക്കു വഴിമാറുമ്പോള്‍ കൈലാസഗിരിയുടെ ഉയരങ്ങളില്‍ നിന്നൊരു നഗരക്കാഴ്ച. നഗരരാവിന്‍റെ അറിയാവഴികളില്‍ പ്രകാശത്തിന്‍റെ വസന്തം വിരിയുന്നു. വന്ന വഴിയിലെ പരിചിതവെളിച്ചത്തെ വെറുതെ ഓര്‍ത്തു, തിരിച്ചറിയാനാകുന്നില്ല. തിരക്കിന്‍റെ ആടകള്‍ അഴിച്ചുവച്ച് ഒരു പട്ടണം ആലസ്യത്തിലേക്ക്. പരമശിവന്‍റെ പുത്രനായ വിശാഖന്‍റെ നഗരം....വിശാഖപട്ടണം. കിഴക്കന്‍ തീരത്തിന്‍റെ രത്നം എന്നറിയപ്പെടുന്ന സ്ഥലം. കാഴ്ച, വിശാഖപട്ടണത്തെ പിക്നിക് സ്പോട്ടായ കൈലാസഗിരിയുടെ മുകളില്‍ നിന്ന്. കാതില്‍ കടലിന്‍റെ ഇരമ്പം. ദൂരെ ഒരു കപ്പല്‍ തീരമടുക്കുമ്പോള്‍ മാത്രം മനസിലാകും, കാഴ്ചയുടെ തുടക്കത്തില്‍ നിന്നു കപ്പലിന്‍റെ വെളിച്ചം വരെ കടലാണ്.


പാഠപുസ്തകങ്ങളില്‍ അറിഞ്ഞ തുറമുഖനഗരത്തെ നേരില്‍ക്കാണുമ്പോള്‍ ഒരു മുന്‍വിധിയുണ്ടായിരുന്നു. ആന്ധ്രയിലെ രണ്ടാമത്തെ വലിയ പട്ടണത്തിന്‍റെ പാരുഷ്യങ്ങളില്‍, ഒരിക്കലും കൈലാസഗിരി പോലൊരു, കാഴ്ചയുടെ സംഗമസ്ഥാനം പ്രതീക്ഷിച്ചതുമില്ല. വിശാഖപട്ടണത്തിന്‍റെ നഗരവന്യതയിലൂടെ എട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൈലാസിഗിരിയിലെത്താം. ഒരു ഹില്‍ ടോപ്പ്. രാമകൃഷ്ണബീച്ചില്‍ നിന്നു ഭീംലിപട്ടണത്തിലേക്കുള്ള വഴിയിലാണു കൈലാസഗിരി. നഗരത്തിന്‍റെയും കടലിന്‍റെയും മലനിരകളുടെയും കാഴ്ച നല്‍കുന്ന സംഗമസ്ഥാനം. മലനിരകളിലെ റോഡ് വഴിയോ, ടോയ് ട്രെയ്ന്‍ വഴിയോ കൈലാസഗിരിയുടെ മുകളിലെത്താം. നാട്ടുകാരും മറുനാട്ടുകാരുമായി ഒരുപാടുപേരുണ്ടിവിടെ. ഒരിക്കലും മടുക്കില്ല ഇവിടെനിന്നുള്ള കാഴ്ച. ജന്മനാട്ടിലെ ഈ പിക്നിക്ക് സ്പോട്ടിന്‍റെ സൗന്ദര്യം അനുഭവിച്ചു കൊതിതീര്‍ന്നിട്ടില്ലാത്ത ഒരു സഞ്ചാരിയെ കണ്ടു, പ്രസാദ്. താഴെ നഗരത്തിന്‍റെ നടുവിലേക്കു ലക്ഷ്യബോധമില്ലാതെ വിരല്‍ചൂണ്ടി വെറുതെ ചോദിച്ചു, ആ സ്ഥലമേതെന്ന്..? വിശാലാക്ഷി നഗര്‍, പിന്നെ എംവിപി കോളനി, അപ്പുറം വാങ്കോച്ചിപാലം. കാഴ്ചയ്ക്കു തിരിച്ചറിയാനാകാത്ത പ്രാദേശിക അറിവുകള്‍ പകര്‍ന്ന്, പ്രസാദ് നടന്നകന്നു. പോകുമ്പോള്‍ പ്രസാദ് ചോദിച്ചു, ഒച്ചെ സെലവലൊക്കി മീരു ഇക്കടാ ഉണ്ടാറാ...? ( അടുത്ത അവധിദിവസം നിങ്ങള്‍ ഇവിടെ ഉണ്ടാകുമോ).

കടല്‍ക്കാറ്റു തഴുകിയിറങ്ങുന്ന മലനിരകളാണു ചുറ്റും. മലകള്‍ക്കു തെലുങ്കില്‍ കൊണ്ട. തൊട്ട്ലാക്കൊണ്ടാ, ബവിക്കൊണ്ടാ, പവുരലക്കൊണ്ടാ.. കടപ്പാട് വിശാലാക്ഷിനഗര്‍ സ്വദേശി പ്രസാദിനോട്. മുകളില്‍ നിന്നു നോക്കുമ്പോള്‍, കടല്‍ത്തിരകള്‍ അനുസരണയോടെ വന്നു തിരികെ മടങ്ങുന്നു. വേലിയേറ്റങ്ങളുടെ വീരഭാവമില്ല. കൃത്യമായ ഇടവേളകളില്‍ വരുന്നു, അടുത്തിതിനായി വഴിമാറുന്നു. താഴെ ഉറുമ്പുകളെ പോലെ വാഹനങ്ങള്‍. വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനായി, കൈലാസിഗിരിയലെ നടവഴികളിലൂടെ നടക്കാനായി ഒരുപാടു പേരുണ്ടിവിടെ. സിമന്‍റ് ബഞ്ചുകളിലിരുന്ന് കടലിന്‍റെ സൗന്ദര്യം നുകരുന്ന ഏകാന്ത ആസ്വാദകര്‍, സുരക്ഷിതവഴിയില്‍ നടക്കാനിറങ്ങിയ പ്രായമേറിയവര്‍, സ്ഥിരംപാതകളില്‍ നിന്നു മാറി, സ്വസ്ഥസങ്കേതത്തിന്‍റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന പ്രണയജോടികള്‍..

മൂന്നറ്റമ്പത് ഏക്കറില്‍ മരങ്ങള്‍ നിറഞ്ഞ മല. പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യഭംഗിയല്ലാതെ, മനുഷ്യന്‍റെ ധാരാളം കൂട്ടിച്ചേര്‍ക്കലുകളുണ്ട് ഇവിടെ. ഏച്ചു കെട്ടല്‍ അല്ലാത്തതിനാല്‍, കൈലാസഗിരിയുടെ തനിമയോടു ചേര്‍ന്നു നില്‍ക്കുന്നു അവ. ഫ്ളോറല്‍ ക്ലോക്ക്, സെവന്‍ വണ്ടേഴ്സ് ഒഫ് വൈസാഗ്, റോഡ് ട്രെയ്ന്‍, ടെലിസ്കോപ്പിക് പൊയ്ന്‍റ്. കടലിലേക്കു ഫെയ്സ് ചെയ്തു നില്‍ക്കുന്ന ഒരിടം, കപ്പലിന്‍റെ മുനമ്പു പോലെ, പേരു ടൈറ്റാനിക് വ്യൂ പൊയ്ന്‍റ്. സമുദ്രത്തെ പശ്ചാത്തലമാക്കി, ജാക്കും റോസുമായി നിന്നു ചിത്രമെടുക്കാന്‍ മത്സരിക്കുന്നവര്‍ നിരവധി. പൂന്തോട്ടവും സ്വസ്ഥമായി വിശ്രമിക്കാനുള്ള താവളങ്ങളും ഇവിടെയുണ്ട്. കൈലാസഗിരി ചുറ്റിക്കാണാന്‍ ഒരു ട്രെയ്നുമുണ്ട്. തീവണ്ടിയുടെ സുതാര്യമായ ഗ്ലാസിലൂടെ കടലിന്‍റെയും നഗരത്തിന്‍റെയും പുതിയ കാഴ്ച കള്‍.

മലനിരയിലെ ഒരു വ്യൂ പൊയ്ന്‍റില്‍ നിന്നു നോക്കിയാല്‍, അങ്ങു ദൂരെ വെട്ടിയൊതുക്കിയ പോലൊയൊരു കുന്ന്. അറിയപ്പെടുന്നത് തൊട്ട്ലകൊണ്ടാ എന്ന്. ബുദ്ധസംസ്കാരം നിറഞ്ഞു നിന്ന കലിംഗാ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു അവിടം. ഇരുന്നൂറു വര്‍ഷം മുന്‍പുള്ള ബുദ്ധ വിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ അവിടെ നിന്നു കണ്ടെത്തിയതോടെ ആന്ധ്രാ സര്‍ക്കാര്‍ അവിടം സംരക്ഷിതമേഖലയാക്കി.



വാക്കുകളില്‍ വിവരിക്കാനാകാത്ത ഒരു അനുഭൂതിയായി കൈലാസഗിരി മാറുകയാണ്. സായാഹ്നമണയുന്നു. മഴ പെയ്തു തോര്‍ന്നിട്ടില്ല. സന്ധ്യയുടെ ചുവന്ന പ്രകാശം പശ്ചാത്തലമായ ആകാശത്തിനു മുന്നില്‍ ശിവപാര്‍വതി രൂപം. ഭക്തിയുടെ കൈലാസമുടിയിലെത്തിയ അനുഭവം. കടലിന്‍റെ ഇരമ്പമുണ്ട്. കാഴ്ചകളില്‍ അല്‍പ്പം മുന്‍പു മിന്നിമാഞ്ഞ നഗരത്തെരുവുകളുണ്ട്. എങ്കിലും കൈലാസഗിരിയുടെ കാഴ്ച ശിവപാര്‍വതി രൂപമാണ്. ഏകദേശം നാല്‍പ്പതടി ഉയരം. പിന്നീടു കൈലാസിഗിരി മനസില്‍ തെളിയുമ്പോള്‍ ആദ്യം വിരിയും, ഈ ശിവപാര്‍പതി ശില്‍പ്പം. ശില്‍പ്പത്തിനപ്പുറം സൂര്യന്‍ മറയുന്നു. നിയോണ്‍ബള്‍ബുകളുടെ മാസ്മരപ്രഭ പ്രകാശമാനമായ പട്ടണത്തിന്‍റെ സാന്നിധ്യം വിളിച്ചോതുന്നു.

കൈലാസഗിരിയുടെ ഉയരങ്ങളില്‍ നിന്നു വിശാഖപട്ടണത്തിന്‍റെ തിരക്കിലേക്കു മടങ്ങുന്നത്, ബീച്ച് റോഡിലൂടെ. അവിടെ വിശാഖപട്ടണത്തിന്‍റെ വിസ്മയമായി ഇന്ത്യയിലെ ആദ്യത്തെ സബ്മറൈന്‍ മ്യൂസിയം, ഐഎന്‍എസ് കുര്‍സുറ. രണ്ടായിരത്തിയൊന്നില്‍ വിശിഷ്ടസേവനം അവസാനിപ്പിച്ച്, ഡീകമീഷന്‍ ചെയ്ത ശേഷം വിശാഖപട്ടണത്തെ രാമകൃഷ്ണബീച്ചിലുണ്ട് ഈ അന്തര്‍വാഹിനി. ശിഷ്ടകാലം ആഴങ്ങളുടെ അത്ഭുതം വിവരിക്കുന്ന മ്യൂസിയമായി സേവനം തുടരുന്നു.

പ്രസാദിന്‍റെ ചോദ്യം ഓര്‍ത്തു, ഒച്ചെ സെലവലൊക്കി മീരു ഇക്കടാ ഉണ്ടാറാ...? തീര്‍ച്ചയായും സുഹൃത്തെ, യാത്ര പറയുമ്പോള്‍ വീണ്ടും തിരിച്ചു വിളിക്കുന്നുണ്ട് കൈലാസഗിരി. ഒരു കാഴ്ചക്കു കൂടി തിരിഞ്ഞു നോക്കി, ശിവന്‍റെ കണ്ണുകളില്‍ പതിവു കുസൃതിയുണ്ട്, പാര്‍വതിക്ക് അതേ ഭാവം.

2 comments:

  1. റോഡ് ഇവിടെയുണ്ട്ട്രെയ്ന്‍, കടലിലേമത്സരിര്‍ നിരവധി. പൂ, ജാക്കും കുന്ന്. കുന്ന്. കുന്ന്. മായിരിടം, കപ്പലിന്‍റെക് വ്യൂണ്ട്. സമുദ്രമെരിക്കുന്നവര്‍ നിരവധി. പൂ,യ്ന്‍റില്‍ യ്ന്‍റില്‍ ജാക്കും മായി താവളങ്ങളും ഇയുണാന്‍ ഒരു ട്രെയ്നുമുണ്ട്. തീവണ്ടിയുടെ സുതായ ഗ്ലാസിടെ കടലിന്‍റെപൊയ്ന്‍റില്‍ മ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു അവിടം. ഇരുന്നൂറു വര്‍ഷം മുന്‍പുള്ള ബുദ്ധ വിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ അവിടെ നിന്നു കണ്ടെത്തിയര്‍ക്കാര്‍ അവിടം സംരക്ഷിതമേഖലയാക്കി.

    ReplyDelete