Saturday, May 7, 2011

അഭ്രപാളിയിലെ അമ്മമാര്‍

സ്റ്റാര്‍ട്ട് ക്യാമറ,

ആക്ഷന്‍.

ഞാനെന്താ ചെറിയ കുട്ടിയാണോ..? ‘’

വളര്‍ച്ചയുടെ നടവഴിയില്‍ അമ്മയുടെ കൈപ്പിടിയില്‍ നിന്നു കുതറിമാറി തിരിഞ്ഞുനിന്നു ചോദിക്കുന്ന മകന്‍. വേദനിക്കുന്ന അമ്മമനസ്. അടുത്ത വാക്കിന്‍റെ ഇടര്‍ച്ച അറിയാതിരിക്കാന്‍ ശേഷിക്കുന്നതു വേദനയൂറുന്ന നിശബ്ദതയുടെ ക്ലോസപ്പ്.

കട്ട്..

പക്ഷേ കട്ട് എന്ന അലര്‍ച്ചയില്‍ മുറിഞ്ഞുവീഴില്ല, അഭ്രപാളിയിലെ അമ്മമാര്‍ അഭിനയിച്ചറിയിച്ച സ്നേഹത്തിന്‍റേയും വേദനയുടേയും ആഴം. അഭിനയത്തിന്‍റെ അതിതീവ്ര മുഹൂര്‍ത്തങ്ങളിലൂടെ, പ്രോംപ്റ്റ് ചെയ്ത സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ, ജനറേറ്റര്‍ ശബ്ദത്തിന്‍റെ അസ്വസ്ഥതകളിലൂടെ ഒക്കെ കടന്നു പോകുന്നതാണു വിരസമായ ചിത്രീകരണമെങ്കിലും, അവ വെള്ളിത്തിരയിലെ ജീവിതനാടകമായിത്തീരുമ്പോള്‍ അഭ്രപാളിയിലെ അമ്മമാര്‍ നല്‍കിയ സ്നേഹവും കരുതലും ത്യാഗങ്ങളും ക്ലൈമാക്സിനപ്പുറവും മലയാളിയുടെ മനസില്‍ നിറഞ്ഞു നിന്നു. അതുകൊണ്ടു തന്നെയാണ്, സേതുമാധവന്‍റെ അമ്മയും ബാലന്‍ മാസ്റ്ററുടെ അമ്മയും അച്ചുവിന്‍റെ അമ്മയുമൊക്കെ മായാതെ, മറയാതെ മനസില്‍ ശേഷിക്കുന്നത്. സിനിമയിലെ അമ്മ എന്നു പറയുമ്പോള്‍ത്തന്നെ മനസിലേക്കെത്തുന്ന എത്രയോ അമ്മമാരുണ്ട് മലയാള സിനിമയുടെ അഭ്രപാളിയില്‍. ഇന്ന് മദേഴ്സ് ഡേയാണ്, അമ്മമാരുടെ ദിവസം. മലയാള സിനിമയിലെ അമ്മമാര്‍ക്കും നേരാം ആശംസകള്‍.

അഭ്രപാളിയില്‍ കറുപ്പിന്‍റേയും വെളുപ്പിന്‍റേയും കാലത്തിലൂടെ തുടങ്ങി കളറിന്‍റെ അധിനിവേശത്തിലൂടെ തുടരുമ്പോള്‍ എത്രയോ അമ്മമാര്‍. എന്നാല്‍ 1950ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന സിനിമയില്‍ മിസ് കുമാരിയുടെ അമ്മയായി ഒരു ഇരുപത്തൊമ്പതുകാരി അഭ്രപാളിയിലെത്തി. അതേ വര്‍ഷം തന്നെ ഈ ഇരുപത്തൊമ്പതുകാരിക്കു തിക്കുറിശി സുകുമാരന്‍ നായരുടെ അമ്മ വേഷവും ലഭിച്ചു, അതും അമ്മ എന്ന സിനിമയില്‍. മലയാള സിനിമയിലെ അമ്മമാരെക്കുറിച്ചു പറയുമ്പോള്‍ അഭ്രപാളിയില്‍ ആറു പതിറ്റാണ്ടോളം മാതൃസ്നേഹമൊഴുക്കി കടന്നുപോയ ഈ അമ്മയെ മറക്കുന്നതെങ്ങനെ... ആറന്മുള പൊന്നമ്മയെ സ്മരിക്കാതെ തുടങ്ങുന്നതെങ്ങനെ. തിക്കുറിശി സുകുമാരന്‍ നായരിലൂടെ തുടങ്ങി പ്രേംനസീറിലൂടെയും സത്യനിലൂടെയും തുടര്‍ന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും വരെ അമ്മയും അമ്മൂമ്മയുമായി ആറന്മുള പൊന്നമ്മ. കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം, സുകുമാരി, കെ. ആര്‍. വിജയ, ശ്രീവിദ്യ, കോഴിക്കോട് ശാന്താദേവി....പഴയകാല അമ്മമാര്‍ ഒരുപാടുണ്ട്.

സിനിമയിലും സീനിയോരിറ്റിയുടെ പ്രമോഷന്‍ നല്‍കിയിട്ടുണ്ട്, പല നടിമാര്‍ക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ യുവനടിമാരായി നിറഞ്ഞുനിന്ന കെ. ആര്‍. വിജയയും ശ്രീവിദ്യയും കെപിഎസി ലളിതയുമൊക്കെ പിന്നീടു അമ്മമാരായി. അവര്‍ അമ്മമാരായി അഭ്രപാളിയില്‍ തിളങ്ങിക്കൊണ്ടിരുന്ന കാലത്തു നായികമാരായിരുന്ന ഉര്‍വശിയും രോഹിണിയും സരിതയുമൊക്കെ ഇപ്പോള്‍ പുതുതലമുറയുടെ അമ്മമാരാണ്. കഥാപാത്രവൈവിധ്യത്തിന്‍റെ തലം മാറുന്നതു കാലത്തിന്‍റെ മാറ്റമനുസരിച്ചാണെന്നു പറയാം, പക്ഷേ, ഒരു അപവാദം മാത്രം. ആറന്മുള പൊന്നമ്മയും പിന്നെയിങ്ങോട്ടുള്ള എല്ലാ അമ്മമാരും (അതായതു അവസാനം റിലീസ് ചെയ്ത ചിത്രത്തിലെ പുതുമുഖ അമ്മ വരെ ) അഭ്രപാളിയിലെത്തുമ്പോഴും മലയാള സിനിമയിലെ ഒരമ്മ, കവിയൂര്‍ പൊന്നമ്മ. തലമുറകളെ അതിജീവിച്ച അമ്മ.

1964ല്‍ പി.എ തോമസ് സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെയാണു കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തുന്നത്. തുടക്കവും അമ്മ വേഷത്തിലൂടെത്തന്നെ. പിന്നെയിങ്ങോട്ട് ഒരുപാടു അമ്മവേഷങ്ങള്‍. സ്നേഹമയിയായ അമ്മ എന്ന ഇമേജ് കവിയൂര്‍ പൊന്നമ്മയില്‍ നിന്നു മാറിയില്ല ഒരിക്കലും. തിങ്കളാഴ്ച നല്ല ദിവസമെന്ന ചിത്രത്തിലെ അമ്മ കവിയൂര്‍ പൊന്നമ്മയെ മലയാളിയോടു ചേര്‍ത്തു നിര്‍ത്തി. തന്‍റെ കഥാപ്രപഞ്ചം മുഴുവന്‍ സ്വന്തം അമ്മയ്ക്കു സമര്‍പ്പിച്ച കഥാകാരന്‍ പത്മരാജന്‍റെ സൃഷ്ടിയായിരുന്നു, തിങ്കളാഴ്ച നല്ല ദിവസം. ഒടുവില്‍, വീടുവാങ്ങിയ അച്ചന്‍കുഞ്ഞിന്‍റെ കഥാപാത്രത്തോട് അമ്മയുടെ മരണശേഷം കരമന ജനാര്‍ദ്ദനന്‍ നായര്‍ അവതരിപ്പിച്ച മകന്‍ ചോദിക്കുന്നു, ഇനി ഈ വീടിന്‍റെ മുക്കിലും മൂലയിലും അമ്മ വന്നു നില്‍ക്കും, അപ്പോ നിനക്ക് ഈ മണ്ണില്‍ചവിട്ടി നില്‍ക്കാന്‍ കഴിയുമോ...? പത്മരാജന്‍ അഭ്രപാളിയിലേക്കു കൈപിടിച്ചു കൊണ്ടുവന്ന ആ അമ്മ ഇന്നും മലയാളിയുടെ നൊമ്പരമാണ്.

എന്നാല്‍ കവിയൂര്‍ പൊന്നമ്മ അല്‍പ്പം വ്യത്യസ്തമായി കുശുമ്പിയായ ചെറിയമ്മയുടെ വേഷം സുകൃതം എന്ന ചിത്രത്തില്‍ ചെയ്തപ്പോള്‍ അംഗീകരിക്കാന്‍ മടിച്ചു മലയാളികള്‍. മലയാളിയുടെ കവിയൂര്‍ പൊന്നമ്മയ്ക്ക് അങ്ങനെയാവാന്‍ കഴിയില്ലെന്നു വാശി പിടിച്ചു. മോഹന്‍ലാലിന്‍റെ അമ്മയാണു കവിയൂര്‍ പൊന്നമ്മയെന്നു കരുതിയവരുണ്ട്. പ്രത്യേകിച്ചും കിരീടം എന്ന ചിത്രത്തില്‍ ആ അമ്മയും മകന്‍ സേതുമാധവനും തമ്മിലുള്ള സ്നേഹം പ്രേക്ഷകന്‍ അറിഞ്ഞപ്പോള്‍. മോഹന്‍ലാലിന്‍റെ അമ്മയായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും കവിയൂര്‍ പൊന്നമ്മ തന്നെ. സ്വന്തം അമ്മയെ അമ്മ എന്നു വിളിച്ചതിനേക്കാളേറെ സ്ക്രീനില്‍ കവിയൂര്‍ പൊന്നമ്മയെ അമ്മ എന്നു വിളിച്ച എത്രയോ നായകന്മാര്‍.

തനിയാവര്‍ത്തനത്തിലെ ബാലന്‍ മാസ്റ്ററുടെ അമ്മയില്‍ നിന്നാണ് സേതുമാധവന്‍റെ അമ്മയിലേക്ക് കവിയൂര്‍ പൊന്നമ്മ എത്തുന്നത്. കഥാപ്രപഞ്ചത്തില്‍ വ്യത്യസ്ത അമ്മമഴക്കാറുകളെ പെയ്യിച്ച ലോഹിതദാസിനേയും ഓര്‍ക്കാം. തനിയാവര്‍ത്തനത്തില്‍ മകനു വിഷച്ചോറുരുളകള്‍ കൊടുക്കുന്ന അമ്മയുടെ കണ്ണീര്‍ മറക്കുവതെങ്ങനെ, എന്‍റെ സൂര്യപുത്രിയില്‍ ശ്രീവിദ്യയും അമലയും അഭിനയിച്ചു ഫലിപ്പിച്ച അമ്മയും മകളും, അച്ചുവിന്‍റെ അമ്മയില്‍ ഉര്‍വ്വശിയും മീര ജാസ്മിനും ചെയ്ത കഥാപാത്രങ്ങള്‍...അങ്ങനെ എത്രയോ. ഒരു വാചകത്തില്‍ അമ്മയുടെ മരണത്തിന്‍റെ വേദന ഒളിപ്പിച്ച കഥാപാത്രം. ഒരു വിശേഷമുണ്ട്, അമ്മ മരിച്ചു. കണ്ണുനിറഞ്ഞു പറയുന്ന മോഹന്‍ലാല്‍ കഥാപാത്രം രാംദാസ്, കോമഡി ചിത്രമായ നാടോടിക്കാറ്റിലായിരുന്നു. തിരികെ മുറിയിലേക്കെത്തുന്ന രാംദാസിന്‍റെ നനഞ്ഞ കണ്ണുകളില്‍, ആ അമ്മയുടെ, കോഴിക്കോട് ശാന്താദേവിയുടെ ചിരിക്കുന്ന മുഖത്തിന്‍റെ ഫ്ളാഷ് ബാക്ക്.

അഭ്രപാളിയില്‍ അമ്മമാരുടെ പുതിയ തലമുറ എത്തിക്കഴിഞ്ഞു. ഉര്‍വശിയും രോഹിണിയും യുവതലമുറയുടെ അമ്മവേഷമണിഞ്ഞു കഴിഞ്ഞു. ഇക്കാലമത്രയും മലയാള സിനിമ പിന്തുടര്‍ന്നു പോന്ന സ്ഥിരം അമ്മ ഇമേജുകള്‍ക്കു കാര്യമായ മാറ്റം വന്നു. പുതിയ തലമുറയിലെ അടിപൊളി അമ്മമാരും കളം വാണു തുടങ്ങി. എങ്കിലും ചില മുഖങ്ങള്‍ അനുവാദം ചോദിക്കാതെ വേരുറച്ചു പോയിട്ടുണ്ട് നമ്മുടെയൊക്കെ മനസില്‍. പെയ്തൊഴിയാന്‍ മടിക്കുന്ന അമ്മമഴക്കാറുകള്‍, ചെന്നു ചേക്കേറാവുന്ന അമ്മക്കിളിക്കൂടുകള്‍.

മുഖം നിറഞ്ഞ ചിരിയില്‍ ഒരായുസിന്‍റെ സ്നേഹം ഒളിപ്പിച്ച അമ്മ, അതു കവിയൂര്‍ പൊന്നമ്മയാണ്. സുകുമാരിയാണു കരുതലും വാത്സല്യവുംകൊണ്ടു മനസു നിറയ്ക്കുന്ന അമ്മ. അല്‍പ്പം കുശുമ്പും കുന്നായ്മയും പരദൂഷണവുമൊക്കെയായി കെപിഎസി ലളിതയും, ചെറുപ്പക്കാരിയായ മകളുടെ മനസിനോടൊത്തു നിന്നാലും ഇടയ്ക്ക് ഇടഞ്ഞു നിന്നാലും മലയാളി അംഗീകരിക്കും ഉര്‍വശിയുടെ അമ്മവേഷങ്ങളെ.

മലയാള സിനിമയുടെ തുടക്കം മുതല്‍ കരുതലോടെ കൂടെയുണ്ടായിരുന്ന വികാരമാണ് അമ്മ. ഒരു സിനിമയിലും ഒന്നോ രണ്ടോ സിനിമയിലുമൊക്കെ അമ്മയായി വന്നു മടങ്ങിപ്പോയവര്‍ ഒരുപാടുണ്ടാകും. നിരവധി ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിട്ടും ഇപ്പോള്‍ ഓര്‍മയുടെ സ്ക്രീനില്‍ തെളിയാത്ത അമ്മമാരെ പരാമര്‍ശിക്കാതെ പോയിട്ടുമുണ്ടാകും. മറന്നു പോയ അമ്മമാര്‍ക്കും ആശംസകള്‍ നേരാം, മടിയൊന്നുമില്ലാതെ.

2 comments: