Monday, May 30, 2011

കണ്ണടച്ചാലുമെന്‍റെ കണ്‍മുന്നില്‍...


അഭ്രമോഹങ്ങളുടെ ആദ്യകുടീരമായ ശ്രീമൂലനഗരം മനോരമ ടാക്കീസ്. സിനിമയുടെ ഉള്‍നാടന്‍ ഗ്രാമ്യസങ്കേതം. ഒരു കരുതലിന്‍റെ കൈയൊതുക്കത്തില്‍, വല്ല്യച്ഛന്‍റെ വാത്സല്യത്തിന്‍റെ മടിയില്‍ കാഴ്ചയുടെ കൗതുകമറിയിക്കുകയായിരുന്നു ഞാന്‍. കൊട്ടകയുടെ ഇരുട്ടില്‍ സിനിമാക്കാഴ്ചയുടെ തയമ്പു വീണ വെള്ളിത്തിരയില്‍ അരങ്ങേറിയതൊരു കളര്‍ ചിത്രം, പിക്നിക്. പഠനയാത്രയുടെ ആഹ്ളാദങ്ങളില്‍ പ്രേംനസീറും ബഹദൂറുമടങ്ങുന്ന കോളെജ് വിദ്യാര്‍ഥികള്‍ വെള്ളിത്തിരയില്‍ തമാശയും കുസൃതിയുമായി നിറയുന്നു. ഒരു പാട്ടു സീനിനൊടുവില്‍ പുഴയില്‍ വീഴുന്ന പെണ്‍കുട്ടിയെ രക്ഷിച്ചുകൊണ്ടൊരു വയസന്‍, വാച്ചര്‍ ശങ്കരപ്പിള്ള, വെള്ളിത്തിരയില്‍. അപ്പോള്‍ വല്ല്യച്ഛന്‍റെ മുഖം കവിളിനോടു ചേര്‍ന്നു, ചെവിയില്‍ ആരും കേള്‍ക്കാതെ സ്ക്രീനിലെ ആ വയസനെ ചൂണ്ടിപ്പറഞ്ഞു..... അതു ഞാനാണെടാ. ഇരുട്ടില്‍ ചില കണ്ണുകള്‍ കൊട്ടകയില്‍ സ്വന്തം സിനിമ കാണുന്ന വല്ല്യച്ഛനെ നോക്കുമ്പോള്‍ ചേര്‍ന്നിരുന്നു ആ സിനിമാനടന്‍റെ മടിയില്‍. അതൊരു പുതിയ അറിവായിരുന്നു, വല്ല്യച്ഛന്‍ സിനിമാനടനാണെന്ന്. പിന്നീടു പിക്നിക് എന്ന ചിത്രത്തില്‍, ഫ്ളാഷ്ബാക്കില്‍ വാച്ചര്‍ ശങ്കരപ്പിള്ള ചെറുപ്പക്കാരനായി സിനിമ തുടര്‍ന്നു. അപ്പോഴൊക്കെ വെള്ളിത്തിരയിലെ മുഖവും വല്ല്യച്ഛന്‍റെ മുഖവും തമ്മിലുള്ള സാമ്യത്തിലേക്കു കണ്ണു പായിക്കുകയായിരുന്നു, മേക്കപ്പും കാലവും വരുത്തിയ മാറ്റത്തോടു പൊരുത്തപ്പെടാന്‍ പ്രയത്നിച്ചുകൊണ്ട്. സിനിമയുടെ അവസാനടൈറ്റിലില്‍ ശ്രീമൂലനഗരം വിജയനെന്ന പേരു തെളിയുമ്പോള്‍ കൈയടിക്കാമെന്ന ഉറപ്പില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഒരോര്‍മ.

ബാല്യത്തിനപ്പുറത്തേക്കു വല്ല്യച്ഛന്‍റെ വാത്സല്യം അനുഭവിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ആ അസാന്നിധ്യത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ നിറയുന്നുണ്ട് എപ്പോഴും, വിയോഗത്തിന്‍റെ ഇരുപതാം വര്‍ഷത്തിലും.

ചിലപ്പോള്‍ ഒരു ദൂരയാത്രയ്ക്കൊടുവിലെ പരിചയപ്പെടുത്തലില്‍, ശ്രീമൂലനഗരം എന്നു നാടിന്‍റെ പേരു പറയുമ്പോള്‍ ആദ്യ അന്വേഷണത്തില്‍ തെളിയുന്ന പേരും വല്ല്യച്ഛന്‍റേതായിരിക്കും. കല്‍പ്പാന്തകാലത്തോളമെന്ന പാട്ടെഴുതിയ..... പൂരിപ്പിക്കാന്‍ ഒരു പേരു മാത്രം അവശേഷിപ്പിച്ച് ആ വരികളെഴുതിയ എഴുത്തുകാരനെ തിരയുന്നവര്‍. ഏറ്റവുമൊടുവില്‍ അക്ഷരങ്ങളില്‍ ഒരു കുറിപ്പു തയാറാക്കുമ്പോള്‍, പതിവു പ്രൊഫൈല്‍ ചട്ടക്കൂടിലേക്ക് ഒതുങ്ങാതെ വാചകങ്ങള്‍ വഴുതുന്നു. സ്മരണയുടെ തണുപ്പുള്ള തിണ്ണയില്‍ ചെറുചിരിയോടെ ആ സാന്നിധ്യം ശേഷിക്കുന്നുവെന്ന തോന്നലുകള്‍ക്കു മുന്നില്‍ വഴങ്ങാത്ത വാക്കുകള്‍..



മജ്മുവാ അത്തറിന്‍റെ മണംവല്യച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇന്നും അത്തറിന്‍റെ മണമാണ്. അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന അത്തറിന്‍റെ പേര് മജ്മുവാ ആണെന്നൊക്കെ തിരിച്ചറിയുന്നത് എത്രയോ കാലങ്ങള്‍ക്കു ശേഷമാണ്. വര്‍ഷാവസാനത്തില്‍ സ്കൂളില്‍ ആനിവേഴ്സറി എന്ന ആചാരത്തിന്‍റെ അരങ്ങ്. പാരമ്പര്യത്തിന്‍റെ എന്തെങ്കിലും ശേഷിക്കുന്നുണ്ടാകും എന്ന അടിച്ചേല്‍പ്പിക്കലില്‍ വേദിയില്‍ കയറേണ്ടി വരുമ്പോഴൊക്കെ, രക്ഷയ്ക്കെത്തിയിരുന്നതും വല്ല്യച്ഛനായിരുന്നു.

ജീവിതത്തില്‍ അറുപതാണ്ട്. നാടക, സിനിമാരംഗങ്ങളില്‍ നാലു പതിറ്റാണ്ട്. പെരിയാറിന്‍റെ തീരത്തെ ശ്രീമൂലനഗരം എന്ന നാട്ടില്‍ നാടകമെന്ന കലാരൂപത്തിന്‍റെ വിത്തു പാകി കലാരംഗത്തു തുടക്കം. അതിശക്തമായ കലാരൂപമെന്ന നിലയില്‍ നാടകം സജീവമായി നിലനിന്നിരുന്ന കാലത്തായിരുന്നു നാട്യശൈലിയുടെ സ്വാഭാവികതകള്‍ അരങ്ങിനെ അറിയിച്ചുള്ള തുടക്കം. പിന്നീടു ഗാനരചയിതാവ്, കഥാകൃത്ത്, നടന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്...... ഒരുപാടു വിശേഷണങ്ങളിലൂടെ, ജനിച്ചതും മരിച്ചതും ഒരേ ദിവസമെന്ന അപൂര്‍വതകൂടി അവശേഷിപ്പിച്ച് അരങ്ങുവിട്ടത്, 1992 മെയ് 22ന്.

പി. ജെ. ആന്‍റണിയുടെ പി.ജെ തിയെറ്റേഴ്സിലൂടെയായിരുന്നു പ്രൊഫഷണല്‍ നാടകരംഗത്തേക്കുള്ള രംഗപ്രവേശം. അരങ്ങില്‍ അവിസ്മരണീയമായ കാലം. നിരവധി കഥാപാത്രങ്ങള്‍. മുസ്ലിം കഥാപാത്രങ്ങളുടെ ഭാവങ്ങളോടു ചേര്‍ന്നു നിന്നുള്ള അഭിനയശൈലി നാടകലോകം അംഗീകരിച്ചു. കെ. ടി മുഹമ്മദിന്‍റെ സംഗമം നാടകത്തിലെ ഇബ്രാഹിംകുട്ടി ഹാജിയാര്‍, കളരിയിലെ വെടിക്കെട്ടുകാരന്‍ അദ്രുമാന്‍, അത്താഴവിരുന്നിലെ ജനാബ് സി.കെ. മൗലവി. കെ. ടി. മുഹമ്മദിന്‍റെ സംഗമം, അച്ഛനും ബാപ്പയും എന്ന പേരില്‍ കെ. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ഇബ്രാഹിംകുട്ടി ഹാജിയാരെ വെള്ളിത്തിരയിലും അവതരിപ്പിച്ചു. മൂന്നു നിക്കാഹ് കഴിച്ചിട്ടും ഇനിയൊരെണ്ണം കൂടി കഴിക്കാന്‍ വിരോധമില്ലെന്നു പറയുന്ന ആ കഥാപാത്രത്തിലൂടെ 1972ലെ സംസ്ഥാന സര്‍ക്കാരിന്‍റെ സഹനടനുള്ള സിനിമാ അവാര്‍ഡ് ശ്രീമൂലനഗരത്തേക്ക്. വീടിന്‍റെ ചുവരില്‍ അവാര്‍ഡിന്‍റെ ഫ്രെയിം ചെയ്ത പ്രശസ്തിപത്രം കണ്ട് എത്രയോ നാളിനു ശേഷമാണ് അച്ഛനും ബാപ്പയും എന്ന സിനിമ കണ്ടത്.

അരങ്ങിന്‍റെ രചനാരൂപങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തിയും, സമകാലിക സംഭവങ്ങളോടു സംവദിച്ചും അറുപതോളം നാടകങ്ങള്‍ എഴുതി. യമുന, യുദ്ധഭൂമി, കളരി, സഹസ്രയോഗം, കുരിശിന്‍റെ വഴി, അത്താഴവിരുന്ന്, ആദാമിന്‍റെ സന്തതികള്‍, ജ്വാലാമുഖി, തുളസിത്തറ... എഴുതിയ നാടകങ്ങളില്‍ മിക്കവയിലും അഭിനേതാവായി. കെപിഎസി, കാളിദാസ കലാകേന്ദ്രം തുടങ്ങി അക്കാലത്തെ പ്രശസ്തമായ പല ട്രൂപ്പുകളിലും സഹകരിച്ചിരുന്നു. അഭ്രപാളിയില്‍ ആദ്യം, 1964ല്‍. പി.എ തോമസ് സംവിധാനം ചെയ്ത കുടുംബിനി. പിന്നെ അച്ഛനും ബാപ്പയും, ഒരാള്‍ കൂടി കള്ളനായി, ആദ്യത്തെ കഥ, പദ്മതീര്‍ഥം, ഭൂമിയിലെ മാലാഖ, പിക്നിക്, അഷ്ടപദി തുടങ്ങിയ ചിത്രങ്ങളില്‍. സേതുമാധവന്‍ സംവിധാനം ചെയ്ത ആദ്യത്തെ കഥയില്‍ അഭിനയിക്കുമ്പോള്‍ മുപ്പതു വയസ്. കഥാപാത്രം നൂറ്റിരണ്ടു വയസായ വൃദ്ധന്‍റേത്, നാണു അമ്മാവന്‍. ഒരു വൃദ്ധജീവിതത്തിന്‍റെ സ്വാഭാവികതകള്‍ വഴുതി പോകാതെ വിദഗ്ധമായി കൈയിലൊതുക്കിയ അഭിനയം. സിനിമയിലെ വേഷം അഭിനേതാവിന്‍റേതു മാത്രമായി ഒതുങ്ങിയില്ല, ഗാനരചന, സംവിധാനം...


കല്‍പ്പാന്ത

കാലത്തോളം
...

തലമുറകള്‍ ഓര്‍ത്തു വയ്ക്കുന്ന ഗാനം, കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍.... സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററുടെ സിനിമയിലെ ആദ്യ ഈണം. നാടകത്തിനു വേണ്ടിയെഴുതിയ പാട്ടായിരുന്നു അത്. പിന്നീടു സ്വന്തം ഗ്രാമം പശ്ചാത്തലമാക്കി എന്‍റെ ഗ്രാമം എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍, അതില്‍ മലയാളിക്കായി കല്‍പ്പാന്തകാലത്തോളം എന്ന ഈ ഗാനം മാറ്റിവച്ചു. ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തില്‍ ചായക്കടക്കാരന്‍ ബീരാന്‍കാക്കേടെ, ഭൂമിയിലെ മാലാഖയില്‍ മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ, എന്‍റെ ഗ്രാമത്തിലെ പത്തായം പോലത്തെ വയറാണ്..., വീണാപാണിനി...., മണിനാഗത്താന്മാരേ..., തുടങ്ങിയ പാട്ടുകളുമെഴുതി. കഥകളായും കവിതകളായും വരകളായും സ്വകാര്യശേഖരത്തില്‍ സൃഷ്ടികള്‍ ഒരുപാട് ഉണ്ടായിരുന്നെന്നു തിരിച്ചറിഞ്ഞതു പിന്നീട്. എഴുതിത്തീര്‍ത്ത കടലാസുകള്‍ തെരഞ്ഞു കണ്ടുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍.

വീടിന്‍റെ വരാന്തയുടെ അങ്ങേത്തലയ്ക്കല്‍ ചാരുകസേരയിലിരുന്ന് അരികിലേക്കു വിളിക്കുന്ന, കരുതലിന്‍റെ ആള്‍രൂപത്തെക്കുറിച്ചുള്ള ഓര്‍മ തികച്ചും വ്യക്തിപരമാണ്, ഈ കുറിപ്പ് ഗുരുദക്ഷിണയാണ്.

ഈ ഓര്‍മകള്‍ പക്ഷേ, കടപ്പെട്ടിരിക്കുന്നു. സൗഹൃദ സദസിലെ സുഹൃത്തിനോട്...കദനകാവ്യം പോലെ കളിയരങ്ങില്‍ക്കണ്ട കതിര്‍മയി ദമയന്തി നീ....എന്ന് പാടി അവസാനിപ്പിക്കുമ്പോള്‍ ഏതോ പ്രണയസ്മരണയില്‍ പൊട്ടിക്കരഞ്ഞ സുഹൃത്തിനോട്...


9 comments:

  1. Good one...

    ezhuhtiyirikkunna shaili valare nannaayirikkunnu..:)

    ReplyDelete
  2. anoop chetta ...valare nannayittundu.....
    really touching...

    ReplyDelete
  3. mundoppadathu koithinu vannappo......athe. ororutharudeyum jeevitathil ore paattinu vere vere niramaayirikkum.......

    ee arivinum lekhanathinum nandhi.

    ReplyDelete
  4. Very..very... very... very........good

    ReplyDelete
  5. IT IS REALLY TOUCHING.VERY GOOD......

    ReplyDelete
  6. നല്ല സ്മരണ സിനിമയില്‍ നിന്നും നേരിട്ടീട്ടുള്ള തിരസ്കാരത്തിന്റെയം കഥകള്‍ കുറെ പറഞ്ഞു കേട്ടീട്ടുണ്ട്. കിട്ടിയതിനേക്കാള്‍ ഏറെ നേട്ടങ്ങള്‍ നേടേണ്ടതായിരുന്നു.

    ReplyDelete