Sunday, May 15, 2011

ഓര്‍മകളുടെ അപാരതീരം

ചിലപ്പോള്‍ ഞാന്‍ അച്ഛനെ കെട്ടിപ്പിടിക്കും, ഉമ്മവയ്ക്കും.... ബാല്യത്തിന്‍റെ ഓര്‍മകളില്‍ത്തട്ടി വാക്കുകള്‍ ഇടറുന്നുണ്ട്. മധ്യവയസിന്‍റെ പക്വതയിലേക്കു അടുക്കുമ്പോഴും അച്ഛന്‍റെ ഓര്‍മകളില്‍ കണ്ണുകള്‍ നനയുന്നു. മൂര്‍ദ്ധാവിലൊരു പിതൃചുംബനത്തിന്‍റെ ചൂടേറ്റു വാങ്ങുന്ന പോലെ, ഓര്‍മകള്‍ പൊഴിയാന്‍ അനുവാദം ചോദിക്കാത്ത കണ്ണീരു പോലെ... ആ ഇളയമകന്‍ അച്ഛന്‍റെ ഓര്‍മകളിലൂടെ കൊണ്ടു പോയി. കന്യാകുമാരിക്ക് അടുത്തുള്ള തിരുവട്ടാര്‍ എന്ന ഗ്രാമത്തിലേക്ക്.

ഒരുപാടു കാലങ്ങള്‍ക്കു മുമ്പ്

ഇളയമകന്‍റെ ഭാവിഅറിയാന്‍ ചെന്ന അച്ഛനോടു ജോത്സ്യന്‍റെ തീര്‍പ്പ്, മൂന്നര വയസില്‍ മരണം ഉറപ്പ്. പിന്നീട് ആ മകന് ഒരായുസിന്‍റെ സ്നേഹം ചൊരിഞ്ഞ നാളുകള്‍. മകനെ നോക്കാന്‍ മാത്രം, അതിനു മാത്രം ഒരാളെ നിയോഗിച്ചു. ഒരിടത്തും പോകാതെ പ്രവചനസാധ്യതയുടെ നാളുകള്‍ പിന്നിടുന്നതു വരെ നിഴലായി കൂടെയുണ്ടായിരുന്ന അച്ഛന്‍. അഴിനിലയില്ലാ ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും... എന്നു പാടിയ അച്ഛനായിരുന്നിട്ടു കൂടി, മനസനുവദിച്ചില്ല ആ മകന്‍റെ മൂന്നരവയസിലുള്ള മടങ്ങിപ്പോക്ക്. കരുതലിന്‍റെ മൃത്യുഞ്ജയഹോമങ്ങള്‍ക്കു മുന്നില്‍ മരണം മടങ്ങിപ്പോവുക തന്നെ ചെയ്തു എന്നു ആ മകന്‍ പറയുന്നു. കാലത്തിന്‍റെ ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ മകന്‍ ശ്രീഹരി.

കമുകറ പുരുഷോത്തമന്‍റെ എറണാകുളത്തുണ്ട് എന്നറിഞ്ഞപ്പോള്‍ വിളിച്ചു നോക്കി. മൊബൈല്‍ ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ ആത്മവിദ്യാലയമേ... പാതിമുറിഞ്ഞ പാട്ടിനൊടുവിലെ അനുവാദത്തോടെ ആ വീട്ടിലേക്ക്. വാതില്‍ തുറക്കുമ്പോള്‍ ഓര്‍മകള്‍ക്കു പൂമാലയണിയിക്കാതെ മഹാഗായകന്‍റെ ചിത്രം. ശ്രീഹരി അച്ഛനെക്കുറിച്ചു പറഞ്ഞു തുടങ്ങി. ഇടയ്ക്കു കണ്ണു നിറഞ്ഞു, സ്നേഹസ്മരണകള്‍ക്കു മുമ്പില്‍ മനസു നിറഞ്ഞു...

മലയാളിക്കു മറക്കാനാകാത്ത ഗാനങ്ങള്‍ അവശേഷിപ്പിച്ചു കമുകറ പുരുഷോത്തമന്‍ വിട വാങ്ങിയിട്ടു പതിനേഴു വര്‍ഷമാകുന്നു ഈ മെയ് ഇരുപത്തഞ്ചിന്. ഇപ്പോള്‍ കമുകറ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളുമായി അച്ഛന്‍റെ സ്മരണകള്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട് കടവന്ത്രയിലെ വിസ്ഡം സിറ്റിസ്കേപ്പ്സ് ഇന്‍റീരിയേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സിന്‍റെ മാനേജിങ് ഡയറക്റ്ററായ കമുകറ പി. ശ്രീഹരി. ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നല്ല ഗായകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.

ആത്മവിദ്യാലയമേ..., ഈശ്വരചിന്തയിതൊന്നേ..., ഏകാന്തയുടെ അപാരതീരം...,ഗംഗായമുനാ സംഗമ സമതല..., സംഗീതമേ ജീവിതം...,ആകാശ പൊയ്കയില്‍..., അശോക വനത്തിലെ സീതമ്മ...ഇന്നും മനസിന്‍റെ കോണിലിരുന്നു പാടുന്നുണ്ട് ആ ഗായകന്‍.

പിതൃസ്നേഹത്തിന്‍റെ പിന്‍വഴികളിലൂടെ

കമുകറ സിനിമയില്‍ സജീവമായിരുന്ന കാലത്താണ് ശ്രീഹരിയുടെ ജനനം. മകനു ജ്യോത്സ്യന്‍ പറഞ്ഞ വിധിയെക്കുറിച്ചു വീട്ടിലാരോടും പറഞ്ഞില്ല. പിന്നെ വിധി മടങ്ങിപ്പോയെന്നുറപ്പിച്ചു. ഒരുപാടു ലാളിച്ചു വളര്‍ത്തി... ഇനിയും വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ പിന്‍വാങ്ങുന്നു.

ഒരിക്കലും തല്ലിയിട്ടില്ല അച്ഛന്‍. നാലു മക്കള്‍. ശ്രീകല, ശ്രീകുമാര്‍, ശ്രീലേഖ പിന്നെ ഇളയതു ശ്രീഹരിയും. പൂര്‍ണസ്വാതന്ത്ര്യം തന്നു മക്കള്‍ക്കെല്ലാം. ഒരു നോട്ടത്തില്‍ അറിയാമായിരുന്നു അച്ഛന്‍ മനസില്‍ ഉദ്ദേശിച്ചത് എന്താണെന്ന്. അക്കാലത്തു തിരുവട്ടാറില്‍ സ്വന്തമായി സ്കൂളുണ്ടായിരുന്നു. തിരുവട്ടാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. മലയാളി അറിഞ്ഞ ഗായകന്‍ കമുകറ പുരുഷോത്തമനായിരുന്നു ആ സ്കൂളില്‍ ഹെഡ്മാസ്റ്റര്‍. ബോട്ടണി അധ്യാപകനായിക്കയറി പിന്നീടു ഹെഡ്മാസ്റ്ററായി. എന്നാല്‍ ശ്രീഹരിയുടെ പഠനം മറ്റൊരു സ്കൂളിലായിരുന്നു. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും മാത്രം സ്വന്തം സ്കൂളിലെത്തി. അച്ഛന്‍ സ്കൂള്‍ക്കാര്യങ്ങളില്‍ സ്ട്രിക്റ്റായിരുന്നു.

ഒരിക്കല്‍ ഒരു ആക്സിഡന്‍റ് പറ്റി ശ്രീഹരിയുടെ യൂണിഫോം പാന്‍റ് കീറിപ്പോയി. ഒരോയൊരു യൂണിഫോമേ ഉള്ളൂ. സ്കൂളില്‍ രണ്ടു ദിവസമായിരുന്നു യൂണിഫോം ധരിക്കേണ്ടത്. ആ ആഴ്ചയിലെ ഊഴം എത്തിയപ്പോള്‍ പാന്‍റില്ല. പകരം നേരിയ ബ്രൗണ്‍ നിറമുള്ള മറ്റൊരു പാന്‍റ് ധരിച്ച് സ്കൂളിലെത്തി. ക്ലാസില്‍ യൂണിഫോം ധരിക്കാത്തതിനു മറ്റൊരു കുട്ടിയെ

എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. ശ്രീഹരിയുടെ പാന്‍റിന്‍റെ കാര്യം ആരോ വിളിച്ചു പറഞ്ഞു. ശ്രീഹരിയും എഴുന്നേറ്റു നിന്നു. ഹെഡ്മാസ്റ്ററുടെ മകന്‍ യൂണിഫോം ധരിക്കാതെ വന്നാല്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു അധ്യാപകന്‍.

ഓഫിസിലിരുന്നു കമുകറ കണ്ടു ശ്രീഹരി എഴുന്നേറ്റു നില്‍ക്കുന്നത്. ക്ലാസിലേക്കു കയറി. അപ്പോഴേക്കു സാഹചര്യം കൈവിട്ടു പോകാതിരിക്കാന്‍ അധ്യാപകന്‍ എല്ലാവരെയും ഇരുത്തി. ശ്രീഹരി എന്താ നിന്നത് എന്നു ചോദ്യം. യൂണിഫോം പ്രശ്നമെന്നു അധ്യാപകന്‍റെ മറുപടി. എന്താ യൂണിഫോം ധരിക്കാത്തതെന്നും കമുകറയുടെ ചോദ്യം ശ്രീഹരിയോട്. രണ്ടു ദിവസം മുമ്പ് ആക്സിഡന്‍റ് പറ്റിയതും പാന്‍റ് കീറിയതും അറിയാവുന്ന അച്ഛന്‍റെ ചോദ്യത്തിനു മുന്നില്‍ പതറി. ഐ ആം ആസ്ക്കിങ് യൂ. വൈ..?. ഉത്തരമില്ല. ഗെറ്റ് ഔട്ട് ഒഫ് ദ് ക്ലാസ്.........

വൈകിട്ട് വീട്ടില്‍ച്ചെല്ലുമ്പോള്‍ വെറ്റില മുറുക്കി ചെറിയൊരു മന്ദഹാസവും പൊഴിച്ച് നില്‍ക്കുന്നു അച്ഛന്‍. എനിക്ക് യൂണിഫോം ഒരണ്ണമേയുള്ളൂ എന്ന് അച്ഛനറിയില്ലേ എന്നു ചോദിച്ച മകനു മറുപടി കൊടുത്തതു മൂന്നു യൂണിഫോം വാങ്ങിക്കൊടുത്തായിരുന്നു.

ഏതാ ബ്രാന്‍ഡ്....?

പ്രാഥമിക പഠനത്തിനു ശേഷം മണിപ്പാലില്‍ എന്‍ജിനിയറിങ് പഠനത്തിനു പോയി ശ്രീഹരി. അത്രയും നാള്‍ അച്ഛന്‍റെ ഒപ്പം നിന്നിട്ടു ദൂരേക്കു പോകാന്‍ മടി. ഓരോ തവണയും വന്നു തിരിച്ചു പോകുമ്പോള്‍ കരഞ്ഞുകൊണ്ടാണു മടക്കം. പോകുന്ന സമയമാകുമ്പോള്‍ അച്ഛനെ കാണില്ല, മാറിക്കളയും.

ഒരിക്കല്‍ ഒരു ചടങ്ങിനിടെ ശ്രീഹരി സിഗരറ്റ് വലിക്കുന്നതു ബന്ധുവായ ഒരാള്‍ കണ്ടു. വീട്ടില്‍ച്ചെന്ന് അമ്മ രമണിയമ്മയോടു പറഞ്ഞു. അച്ഛന്‍ വരട്ടെ കാണിച്ചു തരാമെന്നൊരു താക്കീതില്‍ സമയം നീങ്ങി. അച്ഛന്‍ വന്നു, മോന്‍ ഇന്നു ചെയ്ത പണി അറിഞ്ഞോ.... എന്ന ആമുഖത്തോടെ അമ്മ കാര്യം പറഞ്ഞു. കമുകറ ശ്രീഹരിയുടെ അടുത്തുചെന്നു ചോദിച്ചു ഏതു ബ്രാന്‍ഡാ വലിച്ചത്....

ഒരുപാടു വലിക്കരുത്....

അവനു നല്ലതും ചീത്തയും തിരിച്ചറിയാം എന്നു കമുകറയുടെ കമന്‍റ്. ഒരു പൊട്ടിത്തെറിയും ചീത്ത പറച്ചിലുമൊക്കെ പ്രതീക്ഷിച്ചവര്‍ക്കു നിരാശ. പിന്നീടു തനിച്ചു വിളിച്ചു പറഞ്ഞു അധികം വലിക്കരുതെന്നൊക്കെ. പിന്നീടൊരിക്കല്‍ എവിടെയോ പോയി തിരികെ വന്നപ്പോള്‍ ഒരു കാര്‍ട്ടണ്‍ 555 സിഗററ്റ് കൊണ്ടുവന്നു തന്നതും ശ്രീഹരി ചെറുചിരിയോടെ ഓര്‍ക്കുന്നു. എന്തും തുറന്നു പറയാനുള്ള സാഹചര്യം അച്ഛന്‍ സൃഷ്ടിച്ചിരുന്നുവെന്നു ഓര്‍ക്കുന്നു ശ്രീഹരി. പിന്നീടു നല്ലതും ചീത്തയുമൊക്കെ തിരിച്ചറിയുന്ന പ്രായമായപ്പോള്‍ സിഗററ്റ് വലി ഉപേക്ഷിച്ചു. അതും അച്ഛന്‍റെ അനുഗ്രഹമായിരിക്കാം.

ഇനി കല്യാണം ആകാം..

പഠനം കഴിഞ്ഞു. ആറുമാസത്തേക്കു ജോലിക്കു പോകാന്‍ പറയരുത്. വിശ്രമിക്കണമെന്നായിരുന്നു ശ്രീഹരിയുടെ ആവശ്യം. പക്ഷേ വിശ്രമകാലയളവു നീണ്ടു പോയപ്പോള്‍ അച്ഛന്‍ തന്നെ മുന്‍കൈ എടുത്തു ജോലി മേടിച്ചുകൊടുത്തു. ഒരു കമ്പനിയില്‍ ഓഫിസര്‍ ട്രെയ്നിയായി കയറി. ആദ്യ ശമ്പളം ആയിരം രൂപ. അതുവരെ വീട്ടില്‍ നിന്ന് എത്ര വേണമെങ്കിലും പൈസ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്ന ശ്രീഹരിയോട് അച്ഛന്‍ ഒരു കാര്യം പറഞ്ഞു. ഈ രൂപയില്‍, ശമ്പളത്തില്‍ ജീവിക്കാന്‍ പഠിക്കണം. പിന്നെയൊരിക്കലും കാശ് വാങ്ങിയില്ല വീട്ടില്‍ നിന്ന്. അച്ഛന്‍റെ ഉപദേശത്തില്‍ ജീവിക്കാന്‍ പഠിക്കുകയായിരുന്നു. ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയിലുള്ള വളര്‍ച്ചയുടെ വിത്തു പാകിയതും ഉപദേശങ്ങളിലൂടെ വളമിട്ടതുമൊക്കെ അച്ഛനാണെന്നുറപ്പിക്കുന്നു ശ്രീഹരി.

ജോലിയുടെ ഭാഗമായി പാലക്കാട്ടേക്കു മാറ്റമായി ശ്രീഹരിക്ക്. ഒറ്റയ്ക്കു വീടെടുത്ത് താമസിക്കുന്നു. ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അച്ഛനോടു പറഞ്ഞു, ഇനി കല്യാണം ആവാം. വളരെ യങ് ആണു നീ എന്നൊരു ഉപദേശം നല്‍കി അച്ഛന്‍. തക്കലയിലുള്ള മഞ്ജുവിനെ അച്ഛന്‍ പോയി കണ്ടു, മകനും. അങ്ങനെ മഞ്ജു ശ്രീഹരിയുടെ ജീവിതസഖിയായി.

മാസത്തില്‍ ഒരു പ്രാവശ്യം എല്ലാ മക്കളും ഒരുമിക്കണമെന്ന് അച്ഛനു നിര്‍ബന്ധമായിരുന്നു. ചിലപ്പോള്‍ രാത്രി വിളിക്കും നീ ഉടനെ തിരിക്ക് എന്നായിരിക്കും ആവശ്യം. ആ വിളി വന്നാല്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് ഉടന്‍ തിരുവട്ടാറിലേക്കു തിരിക്കും അര്‍ധരാത്രി ചെന്നു കയറുമ്പോള്‍ അച്ഛനുള്‍പ്പെടെ എല്ലാവരും വീടിനു മുന്നില്‍ കാത്തിരിക്കുകയായിരിക്കും.

ഇനിയില്ലാ ആ ഫോണ്‍കോള്‍.....

അങ്ങനെ ഒരിക്കല്‍ ഒരു ഫോണ്‍ കോള്‍ വന്നു. രാത്രി പത്തരയായിക്കാണും. വളരെ ഡൗണ്‍ ആയ ശബ്ദം, അച്ഛന്‍റേത്, ശ്രീഹരി പറയുന്നു. ഇവിടെ കറന്‍റില്ല. ഞാന്‍ മകളുടെ അടുത്തേക്കു പോകുന്നു എന്നായിരുന്നു കമുകറ പറഞ്ഞത്. ഉറങ്ങാന്‍ ഫാന്‍ നിര്‍ബന്ധമായിരുന്നു അദ്ദേഹത്തിന്. വര്‍ത്തമാനത്തില്‍ എന്തോ അസ്വാഭാവികത...ഇത്രയും ടെന്‍ഷന്‍ എന്തിനാ എന്നൊരു മറുചോദ്യവും ചോദിച്ചു ശ്രീഹരി.. കറന്‍റ് ഇല്ലാത്തതാണു പ്രശ്നമെന്ന് ആവര്‍ത്തിച്ച് അവസാനിച്ചു ആ സംഭാഷണം.

പിന്നെ അച്ഛന്‍ ശ്രീഹരിയെ വിളിച്ചിട്ടില്ല. നീ ഉടനെ തിരിക്ക് എന്നു പറഞ്ഞിട്ടില്ലൊരിക്കലും.

അച്ഛന്‍റെ അവസാനത്തെ ഫോണ്‍ കോളിനു ശേഷം അരമണിക്കൂര്‍ കടന്നു പോയി. സഹോദരിയുടെ ഭര്‍ത്താവു വിളിച്ചു നീ ഉടനെ വരണം, അച്ഛനു സുഖമില്ല. അരമണിക്കൂര്‍ മുമ്പ് അച്ഛന്‍ വിളിച്ചതാണെന്ന വിശദീകരണത്തിനു മറുപടിയില്ല. ശ്രീഹരി ഉടന്‍തന്നെ അച്ഛനെ സ്ഥിരം കൊണ്ടു പോകാറുള്ള ഹോസ്പിറ്റലില്‍ വിളിച്ചു. കമുകറയുടെ മകനാണെന്നു പറഞ്ഞു.

അച്ഛന്‍ പോയി എന്നു മറുപടി..

എങ്ങോട്ടാ വീട്ടിലേക്കാ...?

ആരാ വിളിക്കുന്നതെന്നു വീണ്ടും അവര്‍ ചോദിച്ചു.

മകനാണെന്ന് ആവര്‍ത്തിച്ചു......അച്ഛന്‍ പോയി എന്നതിന്‍റെ വിശദീകരണം. വാക്കുകള്‍ വിശ്വസിക്കാനാകുന്നില്ല. അരമണിക്കൂര്‍ മുമ്പ് മകനെ വിളിച്ചു പോകുന്നുവെന്നു പറഞ്ഞ അച്ഛനെ കാണാന്‍ തിരുവട്ടാറിലേക്ക്. വീടിനു മുന്നില്‍ കാത്തിരിക്കാന്‍ ഇനി അച്ഛനില്ല എന്നതു വിശ്വസിക്കാന്‍ കഴിയാതെ.

ശബ്ദത്തിലൂടെ, വികാരത്തിന്‍റെ ആഴങ്ങളറിയിച്ച ഗായകന്‍റെ മകന്‍റെ വാക്കുകള്‍ വീണ്ടുമിടറുന്നു. ഓര്‍മകളില്‍ അച്ഛന്‍ ശേഷിക്കുന്ന ഒരുപാടു കാര്യങ്ങള്‍ ഇനിയും ആ മകന്‍റെ മനസിലുണ്ടാകും. ഒരിക്കലും പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത കഥ പോലെ....

1 comment:

  1. snehamulla achanmaarute snehamulla makklude katha... kamukara paadiya paattukal engane marakkan?

    ReplyDelete