Wednesday, May 25, 2011

ഓര്‍മയില്‍ ഉദ്യോഗസ്ഥ വേണു

പഴയകാല സംവിധായകന്‍ വേണു.....ഒരു കൂടിക്കാഴ്ചയുടെ ഓര്‍മ


ഒരു ഫ്ളാഷ്ബാക്ക്.

കാലത്തിന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്ക്രീനില്‍ തെളിയുന്നത്, അറുപതുകളിലെ അഭ്രപാളി. ഒരു സിനിമാനോട്ടിസില്‍ പുതുമുഖ സംവിധായകനെ പരിചയപ്പെടുത്തിയത് ഇങ്ങനെ,

“” വിനയാന്വിതനായ വേണുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.’’

ഒരു പക്ഷേ, മലയാളസിനിമയുടെ ചരിത്രത്തില്‍ നവാഗതസംവിധായകന്‍റെ വിനയത്തെ തലക്കെട്ടാക്കി പുറത്തിറങ്ങിയ ആദ്യത്തേയും അവസാനത്തേയും നോട്ടിസ്. വിനയം മാത്രമായിരുന്നില്ല, വെള്ളിത്തരയില്‍ പിന്നീടു വിസ്മയങ്ങളും വിരിയിച്ചു ഈ വേണു.
വര്‍ത്തമാനകാലം.
തൃശൂര്‍ രാമനിലയം.

ഇരുന്നൂറ്റിപ്പന്ത്രണ്ടാം നമ്പര്‍ മുറി.

കോളിങ് ബെല്ലിന്‍റെ ശബ്ദത്തിനപ്പുറം, ആ സംവിധായകനു വേണ്ടി കാത്തു നിന്നു. മലയാളത്തിലെ ആദ്യ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ സംവിധായകന്‍, കൈയിലൊരു പെട്ടിയും തല യിലൊരു തൊപ്പിയും മറുകൈയിലൊരു തോക്കും കൊടുത്ത് പ്രേം നസീറിനെ

സിഐഡി നസീറാക്കിയ സംവിധായകന്‍, ഒരു പിടി നല്ല ഗാനങ്ങളടങ്ങി യ ചിത്രങ്ങളുടെ ശില്‍പ്പി... വാതില്‍പ്പുറക്കാഴ്ചയുടെ ടൈറ്റിലില്‍ ഇതാ വേണു എന്നു തെളിയുന്നു. വാതില്‍ തുറന്ന് വിനയാന്വി തനായ ആ സംവിധായകന്‍. മലയാള സിനിമ, ഉദ്യോഗസ്ഥ വേണു എന്നു വിളിച്ച സംവിധായകന്‍.

മലയാള സിനിമയില്‍ സംവിധാനം ചെയ് ത ചിത്രത്തിന്‍റെ പേര്, സര്‍നെയിമായി കൂടെച്ചേര്‍ന്ന അപൂര്‍വം സംവിധായകരില്‍ ഒരാള്‍, ഉദ്യോഗസ്ഥ വേണു. സ്ഥിരം ചെന്നൈ വാസത്തിന്‍റെ ഇടവേളയില്‍ തൃശൂരിലെത്തിയതാണ് ഇദ്ദേഹം. സിഐഡി സംവിധായകന്‍റെ സ്ഥിരം സങ്കേതമാണ് പണ്ടേ രാമനിലയത്തിലെ ഈ മുറി. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടത്തില്‍ വ്യത്യസ് ത പരീക്ഷണങ്ങളിലൂടെ, പരിചയപ്പെടുത്തലിലൂടെ, നിറഞ്ഞുനിന്നിരുന്നു വേണു. സിനിമയിലെ ഹിറ്റ്ഫോര്‍മുലയെന്നു വാഴ്ത്തുന്ന സിഐഡിയും അസിസ്റ്റന്‍റും ആദ്യം പ്രത്യക്ഷപ്പെട്ടതു വേണുവിന്‍റെ ചിത്രത്തിലൂടെയായിരുന്നു.

സീന്‍ നമ്പര്‍ 1 വീട്

തൃശൂര്‍ ജില്ലയിലെ പുറനാട്ടുകരയില്‍ മാങ്കുഴി മാധവക്കുറുപ്പിന്‍റേയും അമ്മിണിയമ്മയുടേയും മകനായി ജനനം. ഉദ്യോഗസ്ഥനാ യ അച്ഛന്‍റെ ജോലിക്കനുസരിച്ചു തൃശൂരും എറണാകുളത്തും തിരുവനന്തപുരത്തമൊക്കെയായിരുന്നു വേണുവിന്‍റെ ജീവിതം. അമ്മയുടെ രാമായണം വായന കേട്ടുണര്‍ന്ന ബാല്യത്തിന്‍റെ അവ്യക്തമായ ഒരോര്‍മ. ആദ്യ സംഗീതതാത്പര്യത്തിന്‍റെ അടിത്തറ പാകിയ ഈരടികള്‍. ഒരിക്കല്‍ അമ്മയെടുത്തു തന്ന രാമായണം വായിച്ചു വേണു. ചുരുങ്ങിയ കാലംകൊണ്ട് ഈണത്തില്‍ മനോഹരമായി രാമായണം വായിക്കാന്‍ പഠിച്ചു.

സ്കൂളില്‍ പഠിക്കുന്ന കാലത്തു തൃശൂരെത്തി സിനിമകള്‍ കാണുമായിരുന്നു. അങ്ങനെയൊരിക്കല്‍ നീലക്കുയില്‍ കണ്ടു, തൃശൂര്‍ വിവേകോദയം സ്കൂളില്‍ പഠിക്കുന്ന കാലം. തിയെറ്ററിന്‍റെ ഇരുട്ടില്‍, സംഗീതത്തിന്‍റെ വെളിച്ചം. പി. ഭാസ്ക്കരന്‍ മാഷിന്‍റെ വരികള്‍, രാഘവന്‍ മാഷിന്‍റെ ഈണം. കായലരികത്ത് വലയെറിഞ്ഞപ്പോള്‍... എങ്ങനെ നീ മറക്കും... എല്ലാരും ചൊല്ലണ്... മാറ്റിനി ഷോയുടെ മായികതയില്‍ നിന്നു തിരികെയിറങ്ങുമ്പോള്‍ ആ മനസ് വെറുതെ ഒന്ന് ആഗ്രഹിച്ചു, അത്യാഗ്രഹിച്ചു... എന്നെങ്കിലുമൊരിക്കല്‍ രാഘവന്‍ മാഷോടൊപ്പം പ്രവര്‍ത്തിക്കണം.

വിദ്യാഭ്യാസത്തിന്‍റെ നാളുകള്‍ കഴിഞ്ഞു. വായന സജീവമായ കാലം. ഡിറ്റക്റ്റിവ് നോവലുകളോടായിരുന്നു പ്രിയം. സാഹിത്യവും കലയും സംഗീതവുമൊക്കെ അഭിനിവേശമായ മകനുണ്ടെ ങ്കില്‍, മാതാപിതാക്കള്‍ ഒരു ജോലി വാങ്ങിക്കൊടു ത്ത് ഒതുക്കിയിരുത്തുന്ന കാലം. എന്നാല്‍ വേണുവിന്‍റെ അച്ഛന്‍ അങ്ങനെയായിരുന്നില്ല. മകന്‍റെ ഓരോ താത്പര്യത്തേയും പ്രോത്സാഹിപ്പിച്ചു. മകന്‍ എഴുതുന്നതെന്തും വായിച്ചു കേട്ടു. അഭിപ്രായങ്ങള്‍ പറഞ്ഞു, വിമര്‍ശിച്ചു. സാഹിത്യവാസന യുടെ പ്രോത്സാഹനം എന്നും അച്ഛനായിരുന്നെ ന്നു വേണു ഓര്‍മിക്കുന്നു. ആയിടയ്ക്കാണു ന്യൂസ് പേപ്പര്‍ ബോയ്യുടെ സംവിധായകന്‍ രാംദാസിനെ പരിചയപ്പെടുന്നത്. അഭിനയിക്കണമെ ന്ന മോഹം അറിയിച്ചു. പക്ഷേ, മോഹത്തെ വഴിതിരിച്ചു വിട്ടു രാംദാസ്. സിനിമയുടെ എബിസിഡി പറഞ്ഞുകൊടുത്തു. ഷോട്ടുകള്‍, സീനുകള്‍... ആ മനസിനെ സിനിമയിലേക്കു പാകപ്പെടുത്തിയ ഉപദേശം.

സീന്‍ നമ്പര്‍ 2 ആകാശവാണി തിരുവനന്തപുരം

അച്ഛന് അന്ന് രാജ്ഭവനിലായി ജോലി. കുടും ബം കവടിയാറിലായി താമസം. സിനിമാമോഹവുമായി മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ സംവിധാന സഹായിയായി. എഴുത്തിന്‍റെ ലോകം മറഞ്ഞില്ല ആ മനസില്‍. അക്കാലത്തു ലളിതഗാനങ്ങളും എഴുതിത്തുടങ്ങിയിരുന്നു. റേഡിയോയുടെ രാജകാ ലം. ആകാശവാണിയിലൂടെ തന്‍റെ ഒരു ലളിതഗാ നം ലോകം കേള്‍ക്കണം എന്നാഗ്രഹിച്ചു വേണു. ശ്രമങ്ങളും തുടങ്ങി. ഒരു ദിവസം ഉച്ചയ്ക്ക് 1.30ന് വാനിന്‍റെ സീമയില്‍ അമ്പിളികാണുമ്പോള്‍... എന്ന ഗാനം ഒഴുകി വന്നു. പിന്നെ ആ ഗാനത്തിന്‍റെ അണിയറശില്‍പ്പികളെ പരിചയപ്പെടുത്തി. ആലപിച്ചതു ഓമനക്കുട്ടി, സംഗീതം പി. രാധാകൃഷ്ണന്‍, ഗാനരചന വേണു... ആ അനൗണ്‍സ്മെന്‍റ് തന്നെ ഒരംഗീകാരമായിരുന്നു. പിന്നീട് എത്രയോ ലളിതഗാനങ്ങള്‍ക്കൊടുവില്‍ ഗാനരചന വേണു എന്ന പേരു കേട്ടു.

അങ്ങനെയൊരു ആകാശവാണി സന്ദര്‍ശന മായിരുന്നു പിന്നീട് വേണുവിന്‍റെ ആദ്യസിനിമയ് ക്കു വഴിമരുന്നിട്ടത്. ഒരിക്കല്‍ ആകാശവാണിയി ലെ സന്ദര്‍ശകമുറിയിലിരിക്കുമ്പോള്‍, സാഹിത്യകാരന്‍ കെ.ജി സേതുനാഥിനെ കണ്ടു. അദ്ദേഹ ത്തിന്‍റെ ഉദ്യോഗസ്ഥ എന്ന റേഡിയോ നാടകം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന സമയം. സേതുനാഥിനോടു ഉദ്യോഗസ്ഥ സിനിമയാക്കാനു ള്ള ആഗ്രഹം പ്രകടിപ്പിച്ചു. മെരിലാന്‍ഡിലെ സംവിധാനസഹായി എന്ന കരുത്തിലായിരുന്നു ആ ചോദ്യം. സേതുനാഥിനും സമ്മതം. പിന്നീടു സ്ക്രിപ്റ്റ് ചര്‍ച്ചയുടെ സായാഹ്നങ്ങള്‍. ഒരു സിനിമാസ്വപ്നത്തിലേക്കടുക്കുകയായിരുന്നു വേണു.

സീന്‍ നമ്പര്‍ 3 ഉദ്യോഗസ്ഥ

സുഖമില്ലാതെ സേതുനാഥ് വീട്ടില്‍ വിശ്രമിക്കുന്ന ദിവസം. അദ്ദേഹത്തിന്‍റെ വീട്ടില്‍ വേണുവുമുണ്ട്. ഒരു കാര്‍ വീട്ടുപടിക്കലെത്തി. മുണ്ടും ഷര്‍ട്ടുമിട്ട ഒരാള്‍ ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങി. നടന്‍ സത്യന്‍. സേതുനാഥിന്‍റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനെത്തിയ സത്യനെ പരിചയപ്പെട്ടു, ഉദ്യോഗസ്ഥ സിനിമയാക്കുന്ന വിവരവും പറഞ്ഞു. തിരികയിറങ്ങുമ്പോള്‍ സേതുനാഥ് ചോദിച്ചു, വേണുവിന് സത്യന്‍സാര്‍ പോകുന്ന വഴിക്കല്ലേ പോകണ്ടത്... പൂജപ്പുര മുതല്‍ വഴുതക്കാട് ജംഗ്ഷന്‍ വരെ സത്യന്‍സാറിനോടൊപ്പം യാത്ര ചെയ്തത് ഇന്നും ഓര്‍ക്കുന്നു വേണു....

ഉദ്യോഗസ്ഥ എന്ന സ്വപ്നത്തിലേക്ക് അടുക്കുകയായിരുന്നു വേണു. ഒടുവില്‍ ഒരുവിജയദശമി നാളില്‍ രേവതി സ്റ്റുഡിയോയില്‍ പാട്ട് റെക്കോഡിങ്ങിന്‍റെ ഉദ്ഘാടന പൂജ. നിത്യഹരിതമായിരുന്നു ആ ചടങ്ങ്, സത്യന്‍, പ്രേംനസീര്‍, കൊട്ടാരക്കര ശ്രീധരന്‍നായര്‍... യൂസഫലി കേച്ചേരിയു ടെ പാട്ടുകള്‍ക്ക് ബാബുരാജിന്‍റെ സംഗീതം. മൂന്നു ദിവസം കൊണ്ടു റെക്കോഡ് ചെയ്തത് ആറു പാട്ടുകള്‍. എഴുതിയതാരാണു സുജാതാ...

കളിചിരിമാറാത്ത പെണ്ണേ...

മാന്‍കിടാവിനേ മാറിലേന്തുന്ന....

ശരണം നിന്‍ ചരണം.....

ഒരു പാട്ടു കൂടിയുണ്ട് മലയാളം എക്കാലവും ഏറ്റുപാടിയ പാട്ട്. അന്ന് രണ്ടോ, മൂന്നോ സിനിമകളില്‍ മാത്രം പാടിയിട്ടുള്ള ജയചന്ദ്രനെക്കൊണ്ടു പാടിപ്പിച്ചു. ഡിസ്ട്രിബ്യൂട്ടര്‍ക്കു വലിയ തൃപ്തിയില്ലായിരുന്നു. പാട്ട് വീണ്ടു പാടിക്കണം എന്ന ആവ ശ്യമുയര്‍ന്നു. ആദ്യസിനിമ. ഇങ്ങനെയൊരു ഉപ ദേശം വരുമ്പോള്‍ നല്ല സമ്മര്‍ദമുണ്ടായിരുന്നു. പക്ഷേ, വേണു വാക്കുമാറിയില്ല. വീണ്ടുമൊരു ഗായകനെക്കൊണ്ടു പാടിച്ചാല്‍ അത് ആ ഗായകന്‍റെ കരിയറിനെ ബാധിക്കും. ആ പാട്ട് മാറ്റിയില്ല. ഒരു പക്ഷേ, വേണു എന്ന സംവിധായകന്‍റെ നിശ്ചയദാര്‍ഢ്യത്തിനൊപ്പമായിരുന്നു കാലം. ആ ഡിസ്ട്രിബ്യൂട്ടറോട് കാലം പ്രതികാരം ചെയ്തു. എന്നിട്ട് എല്ലാവരേയും കൊണ്ട് ഇന്നും പാടിക്കുന്നു,

അനുരാഗഗാനം പോലെ,

അഴകിന്‍റെ അല പോലെ

ആരു നീ ആരു നീ ദേവതേ.....?
1967 ഏപ്രില്‍ 14
ഉദ്യോഗസ്ഥ തിയെറ്ററുകളിലെത്തുന്ന ദിവസം. പക്ഷേ, റിലീസ് കാലത്തു വേണുവിന് ചിക്കന്‍ പോക്സ് പിടിപെട്ടു കിടപ്പിലായിരുന്നു. ഏകനാ യി മുറിയില്‍ കഴിച്ചു കൂട്ടി വേണു. ശശികുമാറിന്‍റെ ബാല്യകാലസഖി, എന്‍. ശങ്കരന്‍ നായരുടെ അര ക്കില്ലം, സുബ്രഹ്മണ്യം മുതലാളിയുടെ ലേഡി ഡോക്റ്റര്‍ തുടങ്ങിയ ചിത്രങ്ങളായിരുന്നു ആ ദിവ സത്തെ മറ്റു റിലീസുകള്‍. വിവരങ്ങള്‍ ഒന്നുമറിയാ തെ വേണു മദ്രാസിലെ മുറിയില്‍. രാത്രി പന്ത്രണ്ടു മണി. ഒരു എക്സ്പ്രസ് ടെലഗ്രാം... ഉദ്യോഗസ്ഥ സൂപ്പര്‍ഹിറ്റായിരിക്കുന്നു കേരളത്തില്‍. അസുഖം മാറി തൃശൂരിലെത്തിയപ്പോള്‍ തിയെറ്ററില്‍ പ്രേക്ഷകരോടൊപ്പം ഇരുന്ന് ഉദ്യോഗസ്ഥ കണ്ടു. മലയാളജനത ആ ചിത്രം ഏറ്റെടുക്കുന്നതു നേരിട്ടു കണ്ടു, ആനന്ദിച്ചു.

ഒരു ട്രെന്‍ഡ് സെറ്റര്‍ സിനിമയുടെ തുടക്കക്കാരന്‍ എന്ന നിലയിലും, നല്ല സംവിധായകന്‍ എന്ന നിലയിലും വേണുവിന് അംഗീകാരം നേടിക്കൊടുത്തു, ഉദ്യോഗസ്ഥ. ഉദ്യോഗസ്ഥ വേണുവെന്ന പേരും വീണു. പിന്നെയങ്ങോട്ടു മലയാള സിനിമയിലെ ഹിറ്റ് സംവിധായകനായി വേണു മാറുകയായിരുന്നു. വിരുതന്‍ ശങ്കു, വിരുന്നുകാരി, സിഐഡി സിനിമകള്‍ക്കു തുടക്കമിട്ട് നസീര്‍-അടൂര്‍ ഭാസി കൂട്ടുകെട്ട് ഹിറ്റാക്കിയ സിഐഡി നസീര്‍, ടാക്സി കാര്‍, പ്രേതങ്ങളുടെ താഴ്വര, ആള്‍മാറാട്ടം, ബോയ്ഫ്രണ്ട്, അറിയപ്പെടാത്ത രഹസ്യം തുടങ്ങി ചിത്രങ്ങള്‍. 2004ല്‍ നാഷണല്‍ ഫിലിം ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ നിര്‍മിച്ച പരിണാമം എന്ന ചിത്രം. തൊട്ടടുത്തവര്‍ഷം ഇസ്രയേലില്‍ നടന്ന ആഷ്ഡോഡ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ബെസ്റ്റ് സ്ക്രീന്‍പ്ലേ അവാര്‍ഡ് മാടമ്പ് കുഞ്ഞുക്കുട്ടനു നേടിക്കൊടു ത്തു പരിണാമം.

വേണുവിന്‍റെ മനസിലെ സംഗീതം സിനിമകളിലേക്കും ഒഴുകിയിറങ്ങി. നീലനിശിഥീനീ..., നിന്‍ മണിയറയിലെ..., മലയാള ഭാഷതന്‍ മാദക ഭംഗി, താമരപ്പൂ നാണിച്ചു...അങ്ങനെ എത്രയോ ഹിറ്റു ഗാനങ്ങള്‍ സമ്മാനിച്ചു വേണുവിന്‍റെ സിനിമകള്‍.

പറഞ്ഞു തീരാത്ത സിനിമാനുഭവങ്ങള്‍. രാമനിലയത്തിലെ മുറിയിലിരുന്നു സംസാരിക്കുമ്പോള്‍ ഓര്‍മയുടെ റീലുകള്‍ പൊട്ടിവീഴാതെ ഓടിക്കൊണ്ടേയിരുന്നു. സംസാരത്തിനിടെ പ്രിയസുഹൃത്തി നെക്കാണാന്‍ മാടമ്പ് കുഞ്ഞുക്കുട്ടനെത്തി. പി. ജയചന്ദ്രന്‍റെ ഫോണ്‍ കോള്‍ എത്തി. കുറച്ചുനാളുകളുടെ ഇടവേളയ്ക്കു ശേഷം കേരളത്തിലെത്തുമ്പോള്‍, വേണുവിനെ ഓര്‍ക്കുന്ന ഒരുപാടു സഹ പ്രവര്‍ത്തകരുണ്ട്. ഒരിക്കലും മറക്കാന്‍ കഴിയാത്തവരുണ്ട്. എല്ലാ സിനിമാഓര്‍മകളുടെ അനുഭവങ്ങളും കോര്‍ത്തിണക്കി, വായനയുടെ ഫ്ളോ കാത്തു സൂക്ഷിച്ച്, വേണുവിന്‍റെ സിനിമാനുഭവ ങ്ങളുടെ അക്ഷരരൂപം ഒരുങ്ങിക്കഴിഞ്ഞു. ഉദ്യോഗ സ്ഥ മുതല്‍ എന്നു പേരിട്ടിരിക്കുന്ന പുസ്തകം, ഒരു കാലഘട്ടത്തിന്‍റെ സിനിമാചരിത്രം കൂടിയാണ്. ചെന്നൈയിലെ ഷേണായ് നഗറിലാണു വേണുവിന്‍റെ സ്ഥിരതാമസം. ഭാര്യ ശശികല. മക്കള്‍ വിജയന്‍, ശ്രീദേവി.

വര്‍ത്തമാനം അവസാനിപ്പിച്ച്, തൃശൂരിന്‍റെ തിരക്കിലേക്കിറങ്ങി. വടക്കുംന്നാഥന്‍റെ മുന്നിലെ പൂരപ്പറമ്പില്‍ വെയില്‍ വീണു തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് ആകെയൊരു ബ്ലാക് ആന്‍ഡ് വൈറ്റ് മൂഡ്. ജനാലകളില്‍ കാറ്റടിക്കുന്നു. കര്‍ട്ടനുകള്‍ ഇളകിയാടുന്നു. സിഐഡി ചന്ദ്രന് എന്തോ അപകടം മണക്കുന്നു. അയാള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു. എല്ലാ മുറികളും പരിശോധിക്കു ന്നതിനിടെ കറന്‍റു പോയി. അപ്പോഴേക്കും അയാളെ മുഖംമൂടി അണിഞ്ഞ ഒരാള്‍ ആക്രമിച്ചു. സംഘട്ടനത്തിനൊടുവില്‍ ചന്ദ്രന്‍ കൊല്ലപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി, ഇപ്പോഴത്തെ അവസ്ഥയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിഐഡി നസീറി നേ കഴിയൂ... നസീര്‍ പറന്നിറങ്ങുന്നതിനു മുമ്പ് സ്ക്രീനില്‍ തെളിഞ്ഞിരുന്നു, നിര്‍മാണം, തിരനാടകം, സംവിധാനം വേണു...

2 comments:

  1. CID nazeerinu paiharikkan pattunna praznangal....kollaam ketto. lekhanam ishtamai.

    ReplyDelete
  2. എച്ച്മുക്കുട്ടി.....എല്ലാം വായിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം

    ReplyDelete