Saturday, May 7, 2011

പണ്ട് പറഞ്ഞൊരു തീവണ്ടിക്കഥ....

പണ്ട് പറഞ്ഞൊരു തീവണ്ടിക്കഥയില്‍ നിന്ന് തുടങ്ങുന്നു. സ്ഥിരം യാത്രയുടെ അനുഭൂതിയില്‍ എഴുതിത്തുടങ്ങുന്നു. സഹായാത്രികരാകുക. ഇടക്ക് എങ്കിലും പുഷ് പുള്ളില്‍ കയറി ഇറങ്ങുക..

ഈ തീവണ്ടിക്കഥ തികച്ചും സാങ്കല്‍പ്പികമാണ്. ഒരു നായകനില്ല. ഓരോരുത്തര്‍ക്കും തോന്നാം ഞാനാണ് നായകന്‍ എന്ന്. ഒരു മുന്നറിയിപ്പു കൂടി, ഈ കഥയില്‍ പരാമര്‍ശിക്കുന്ന ചില കഥാപാത്രങ്ങള്‍ക്ക് ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍ അതു യാദൃച്ഛികവുമല്ല.

യാത്രിയോം കൃപയാ

ധ്യാന്‍ ദീജിയേ
....

ഹിന്ദി അറിയിപ്പിനൊടുവിലൊരു പ്ലാറ്റ്ഫോം നമ്പറിനു കാതോര്‍ത്തു. പതിവു പാസഞ്ചറിന്‍റെ പരിചിതമുറിയിലേക്കു ചേക്കേറി. അവിടെ റെയ്ല്‍വേ ബജറ്റിന്‍റെ ചര്‍ച്ചയുടെ ചൂളംവിളിയില്ല. പാര്‍ലമെന്‍റില്‍ പ്രസംഗിച്ചിട്ടതു നാളെ മുതല്‍ പാളത്തില്‍ കാണാമെന്ന പ്രതീക്ഷയുമില്ല. സംസ്ഥാനത്തിന്‍റെ നഷ്ടങ്ങള്‍, കിട്ടാതെ പോയ പുതിയ തീവണ്ടികള്‍, ബംഗാളിനോടുള്ള മമത... അങ്ങനെയൊരു സ്ലീപ്പര്‍ക്ലാസ് ആശങ്കയുടെ സ്ഥിരം വാചകക്കസര്‍ത്തുകള്‍ ഈ പാസഞ്ചര്‍ കംപാര്‍ട്ട്മെന്‍റുകളില്‍ കേള്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.

ഇടയ്ക്കിടെയുള്ള പതിവു ബഹളത്തിന്‍റെ ചൂളംവിളിക്കിടെ ഇന്നലെ കേട്ട റെയ്ല്‍ ബജറ്റിന്‍റെ വകയിരുത്തലുകളില്‍പ്പെടാത്ത ചില വിശേഷങ്ങളുണ്ട്. ബജറ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാലും ഇല്ലെങ്കിലും എന്നും എപ്പോഴും ഒരു തീവണ്ടി യാത്രയ്ക്കിടെ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന വിശേഷങ്ങള്‍.

അപ്രതീക്ഷിതമായി ചില സ്ഥിരം ചോദ്യങ്ങള്‍, ആശങ്കകള്‍ ഉയര്‍ന്നേക്കാം, ഇന്നെങ്കിലും തീവണ്ടി സമയത്തെടുക്കുമോ...? എടുത്താല്‍ത്തന്നെ പാതിവഴിയില്‍ പിടിച്ചിടുമോ...? പുറകെ വരുന്ന അതിവേഗ തീവണ്ടിത്തമ്പുരാനായി വഴിമാറിക്കൊടുക്കുമോ...? കൃത്യസമയത്തു സ്റ്റേഷനില്‍ ഇറങ്ങിയാല്‍ അവസാന ബസിനു വീട്ടിലെത്താന്‍ കഴിയുമോ..? അതുമല്ലെങ്കില്‍ അന്വേഷണം ഒരു സ്ഥിരം യാത്രക്കാരന്‍റെ അഭാവത്തെക്കുറിച്ചായിരിക്കും. പതിവു യാത്രക്കാരന്‍റെ പരാതികള്‍, ആശങ്കകള്‍. ഇനിയൊരു പുതിയ ആളെത്തി, ഈ വണ്ടി എപ്പോഴാണ് ഏതെങ്കിലും സ്റ്റേഷനിലെത്തുക എന്നു ചോദിച്ചാല്‍ തീര്‍ന്നു. പതിവു യാത്രക്കാരന്‍ പട്ടാളക്കാരന്‍റെ യൂണിഫോം അണിയും. ഞാന്‍ പണ്ടു ലഡാക്കില്‍ ആയിരുന്ന കാലത്ത് എന്ന തുടക്കം പോലെ, ഞാന്‍ കുറച്ചുനാള്‍ മുമ്പ് ഒരു മഴയുള്ള ദിവസം പോയപ്പോള്‍, പാസഞ്ചര്‍ തൃശൂരെത്തിയതു രാത്രി ഒരു മണിയ്ക്കാണെന്നും നാലു മണിക്കൂര്‍ വൈകിയെന്നുമൊക്കെ ഇല്ലാക്കഥ തട്ടിവിട്ടു കളയും.

പലതരം ജീവിതവഴിയിലൂടെ പാസഞ്ചറില്‍ എത്തി, ഒരു പാളത്തിലൂടെ ഒരുമിച്ചു യാത്ര ചെയ്ത്, ജോലിക്കും പഠനത്തിനും അന്വേഷണങ്ങള്‍ക്കുമൊടുവില്‍, ഒരു രാത്രിവണ്ടിയുടെ സമാന്തരങ്ങളിലൂടെ തിരികെപ്പായുന്നവര്‍ എത്രയോ പേര്‍. എത്രയോ മുഖങ്ങള്‍, എത്രയോ കഥാപാത്രങ്ങള്‍. ആ പാളങ്ങള്‍ ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരങ്ങളിലൂടെയല്ല, സൗഹൃദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയുമാണു കൂകിപ്പായുന്നത്. ഒരു ബജറ്റില്‍ തീവണ്ടിക്കൂലി കൂടിയാലും കുറഞ്ഞാലും, പുതിയ ട്രെയ്ന്‍ എത്തിയാലും ഇല്ലെങ്കിലും സൗഹൃദത്തിന്‍റെ വേരാഴ്ന്നിറങ്ങിയ പാസഞ്ചര്‍ മുറികളില്‍ എല്ലാവരുമുണ്ടാകും. അവര്‍ക്കാര്‍ക്കും ഈ തീവണ്ടിയൊരു യാത്രാമാര്‍ഗം മാത്രമല്ല, ഒരു സ്ഥിരസങ്കേതത്തിന്‍റെ സ്വസ്ഥതകള്‍, സൗഹൃദങ്ങള്‍, പിണക്കങ്ങള്‍, ഒത്തൊരുമിക്കലുകള്‍, ചര്‍ച്ചകള്‍.

രാത്രി എട്ടുമണി.
എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷന്‍.

ഗുരുവായൂര്‍ക്കുള്ള പുഷ് പുള്ളിന്‍റെ നാലാമത്തെ മുറിയില്‍ ആദ്യമെത്തിയ അരി ബിസിനസുകാരന്‍ വക്കച്ചന്‍ കാത്തിരിക്കുന്നു. മുഖത്ത് ബജറ്റ് നിര്‍ദേശത്തിന്‍റെ വേവലാതികള്‍ ഇല്ല. അരിവിലയെ ബാധിക്കാത്തതൊന്നും വക്കച്ചന് അത്ര പ്രശ്നമല്ല. സ്ഥിരം കംപാര്‍ട്ട്മെന്‍റ്. ജനലിനരികിലെ സീറ്റില്‍ ബാഗ് കൊണ്ടു സ്ഥലമുറപ്പിച്ചു. സീറ്റ് ബുക്കിങ്ങിന്‍റെ അടയാളമായി തൂവാല വിരിച്ചു. യാത്രാസംഘത്തിലെ സീനിയറും നാടകനടനുമായ കാഞ്ഞൂര്‍ മത്തായി എന്ന കഥാപാത്രത്തിനുള്ളതാണ് സൈഡ് സീറ്റെന്നത് അലിഖിത നിയമം. പതിവു യാത്രയുടെ സ്ക്രിപ്റ്റിലെ ആ വരി ആരും ലംഘിച്ചിട്ടില്ല ഇതുവരെ. ആരെങ്കിലും അനധികൃതമായി കൈയേറിയാല്‍ ഇന്നു മത്തായിച്ചേട്ടനുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ മറക്കാറില്ല. സമയം എട്ടേ പതിനഞ്ചാകുമ്പോഴേക്കും എത്തിത്തുടങ്ങുകയായി. ബിജു, ജോജോ, ഡിക്സണ്‍....ഓരോ മുഖങ്ങള്‍. വരാന്‍ വൈകുന്ന യാത്രക്കാരനു മുന്നറിയിപ്പ്. എത്താത്തയാളോടു കാരണം അന്വേഷിക്കല്‍. ഇടയ്ക്കു ഗ്രീന്‍ സിഗ്നലായോ എന്നു നോക്കാനുള്ള എത്തിനോട്ടങ്ങള്‍. അടുത്ത സ്റ്റേഷനിലെത്തുമ്പോള്‍ ആദ്യസ്റ്റേഷനില്‍ നിന്നു കയറിയവന്‍റെ മുഖത്ത് അധികാരഭാവം.

ഇങ്ങനെ എത്രയെത്ര തീവണ്ടികളില്‍ ഒത്തൊരുമയുടെ ചൂളം വിളികള്‍ക്കു കാതോര്‍ത്ത് എത്രയോ പേര്‍ യാത്ര ചെയ്യുന്നുണ്ടാകും... ജോലിയുടെ പേരെന്തായാലും, സ്റ്റാറ്റസ് എന്തായാലും, ശമ്പളം എത്രയായാലും, പ്രായവ്യത്യാസമുണ്ടായാലും ഒരുമിച്ചുള്ള യാത്രയുടെ താളം തിരിച്ചറിയുന്നു പാസഞ്ചര്‍ തീവണ്ടിയിലെ സൗഹൃദക്കൂട്ടങ്ങള്‍. സിഗ്നല്‍ ആകുമ്പോഴേക്കും അടുത്ത സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നവര്‍ക്കായി മുന്നറിയിപ്പിന്‍റെ മിസ്ഡ് കോളുകള്‍. പിന്നെയങ്ങോട്ട് ആഴത്തിലുള്ള പത്രവായനയുടെ ചര്‍ച്ചകള്‍, പരദൂഷണങ്ങള്‍, പ്രതിഷേധങ്ങള്‍, കളിയാക്കലുകള്‍, കൊറിക്കലുകള്‍, അന്തിപ്പത്രത്തിലെ ഒരു വാര്‍ത്ത തന്‍റെ അറിവെന്നു തെറ്റിദ്ധരിപ്പിച്ച് ആളാകുന്നവര്‍, ആലുവാപ്പാലം കടക്കുമ്പോള്‍ ഉണരാം എന്നുറപ്പിച്ചു മനസിലൊരു അലാറം സെറ്റ് ചെയ്തു കിടങ്ങുന്നവര്‍.

വര്‍ത്തമാനങ്ങള്‍ക്കും സൊറപറച്ചിലുകള്‍ക്കുമപ്പുറം മറ്റു വിശേഷങ്ങളുമുണ്ട്. എറണാകുളത്ത് കാറ്ററിങ് സര്‍വീസ് നടത്തുകയാണ് റെജി. എന്നും വൈകിട്ട് എറണാകുളത്തു നിന്ന് കോട്ടയം പാസഞ്ചറില്‍ കയറുമ്പോള്‍ റെജിയുടെ കൈയില്‍ ഒരു വലിയ പൊതിയുണ്ടാവും. അന്നത്തെ വിഭവങ്ങളില്‍ ചിലത് കൂട്ടുകാരുമായി പങ്കുവയ്ക്കാന്‍. ബിരിയാണി രുചിയുടെ ഓര്‍മയില്‍ റെജിയെ കാത്തിരിക്കുകയാണ് റെജിയുടെ കൂട്ടുകാര്‍.

ഓരോ കംപാര്‍ട്ട്മെന്‍റിലും സാധാരണക്കാരന്‍റെ പരാതികളും പരിഭവങ്ങളുമുണ്ട്. പതിവിലും വേഗത്തിലോടിച്ച് ലക്ഷ്യസ്ഥാനത്തെത്തിച്ച എന്‍ജിന്‍ ഡ്രൈവറെ തീവണ്ടിയുടെ മുമ്പില്‍ച്ചെന്നു കണ്ട്, കലക്കീണ്ട്ട്ടാ എന്ന അഭിനന്ദനം അറിയിക്കാനും മടിക്കാറില്ല ചില തൃശൂരുകാര്‍. മറ്റു തീവണ്ടികള്‍ക്കു പോകാനായി പാസഞ്ചര്‍ ട്രെയ്ന്‍ പിടിച്ചിടുന്നുവെന്ന സ്ഥിരം പരാതി. പരിഹാരമില്ലാത്ത പരാതി, അതിപ്പോഴും മുഴങ്ങാറുണ്ട് പാസഞ്ചറിന്‍റെ കംപാര്‍ട്ട്മെന്‍റുകളില്‍. ചിലപ്പോള്‍ വെള്ളമില്ല, അല്ലെങ്കില്‍ വെളിച്ചമില്ല....പക്ഷേ കുറവുകള്‍ ഏറെപ്പറഞ്ഞാലും, എന്നും ഒരുപാടു വൈകിയോടിയാലും, നാളെ ഗ്രീന്‍സിഗ്നല്‍ വീഴുന്നതിനു മുമ്പേ യാത്രാസംഘം സ്വന്തം കംപാര്‍ട്ട്മെന്‍റില്‍ ഇടംപിടിച്ചിട്ടുണ്ടാകും.

“” നാളെ പീപ്പിയില്‍ ഉണ്ടാകില്ലേ..? ‘’
നാളെ എല്ലാവരും ഉണ്ടാകുമെന്നുറപ്പിക്കുന്ന ചോദ്യം. എന്താണ് പീപ്പി...? ആ പീപ്പിയുടെ അര്‍ഥം പിടികിട്ടണമെങ്കില്‍, പിന്നാലെ വിശദീകരണം എത്തണം. അല്ലെങ്കില്‍ എറണാകുളം - ഗുരുവായൂര്‍ റൂട്ടിലെ ട്രെയ്ന്‍ യാത്രക്കാരനായിരിക്കണം. ഗുരുവായൂര്‍ പുഷ് - പുള്‍ ട്രെയ്നാണു പീപ്പി എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കപ്പെടുന്നത്. അങ്ങനെ സ്ഥിരം തീവണ്ടി യാത്രക്കാര്‍ക്കു മാത്രം മനസിലാകുന്ന പ്രയോഗങ്ങള്‍ ഏറെ.

ലാസ്റ്റ് സ്റ്റേഷന്‍


സ്റ്റേഷനെത്താറായി. ഇരിപ്പിടത്തില്‍ നിന്ന് ഒന്നനങ്ങി. യാത്രാത്തുടക്കത്തിലുണ്ടായിരുന്ന ബാഗും മറ്റു സാധനങ്ങളും എടുത്തുവെന്നുറപ്പിച്ചു. ഇനിയും യാത്ര ബാക്കിയുള്ള സഹയാത്രികന് അഭിവാദ്യമര്‍പ്പിച്ച് തീവണ്ടിയില്‍ നിന്നിറങ്ങുന്നു. വാര്‍ത്തയും കഥയും വിവാദങ്ങളുമൊക്കെ തിങ്ങിനിറഞ്ഞിരുന്ന കംപാര്‍ട്ട്മെന്‍റൊഴിയുന്നു. ഇരുട്ടില്‍ ഇറങ്ങി നടക്കുമ്പോള്‍ ദൂരെ അകന്നു പോകുന്ന തീവണ്ടിശബ്ദം. ഓരോരുത്തരും ഓരോ വഴിയില്‍ പിരിയുമ്പോള്‍ അടുത്ത തീവണ്ടിയാത്രയ്ക്ക് ഒരു രാത്രി ഉറക്കത്തിന്‍റെ ദൈര്‍ഘ്യം മാത്രം. യാത്രക്കാരനു തിരക്കേറിയ ഒരു ദിവസത്തിന്‍റെ റെഡ് സിഗ്നല്‍.

എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ വള്ളത്തോള്‍ നഗര്‍ പിന്നിട്ടു. ബജറ്റ് നിര്‍ദേശങ്ങളില്‍ ഇല്ലാതെ പോയ ഒരു നൊമ്പരമായി ഒരു ഓര്‍മ, സൗമ്യ. ഇവിടെയാണ്, ഈ പാളങ്ങള്‍ക്കിടെയാണ് അവള്‍...

ഷൊര്‍ണ്ണൂര്‍ അടുക്കാറായി. ഒരു ദിവസത്തെ വിശേഷങ്ങള്‍...നൊമ്പരങ്ങള്‍...തീവണ്ടിയിറങ്ങി, ബസ് കാത്തുകിടക്കുന്നു. വീട്ടിലെത്തി ഒരു കുളികഴിഞ്ഞ്, രാത്രി പത്തരയുടെ ന്യൂസ് കാണണം,...ഒന്നിനുമല്ല...ഒന്നും സംഭവിക്കാനുമില്ല... വെറുതെ... ശുഭരാത്രി.

6 comments:

  1. superb...really miss push pull.........

    ReplyDelete
  2. നല്ല മഴയത്ത് ഒരു കട്ടന്‍ചായ കുടിച്ചു വീടിനു പുറത്തു വന്നപ്പോള്‍ ഒരു പുഷ് പുള്ളിന്റെ ചൂളം വിളിയും കൂകി പായുന്ന ഒരു ട്രെയിനും കണ്ട പ്രതീതി... അതിന്റെ ഉള്ളിലെ ജീവിതങ്ങളെ മങ്ങിയ ഓരോ സിനിമാ രംഗങ്ങളായി മുന്നില്‍ കണ്ട പോലെ. എടുത്തു പറയേണ്ടത് അവസാന ഭാഗം. അതിലേക്കു ഒരു സാധാരണക്കാരന്റെ ദിനാന്ത്യം കൂടി കാണിച്ച രീതി ഗംഭീരം. നന്നായിരിക്കുന്നു അനൂപ്‌ :)

    ReplyDelete
  3. സ്റ്റാര്‍ട്ടിങ് നല്ലത്. പാസഞ്ചര്‍ സിനിമയിലെ ചില രംഗങ്ങളൊക്കെ ഓര്‍മ്മിപ്പിച്ചു.

    ReplyDelete