Monday, May 23, 2011

മാള മുതല്‍ മാള വരെ

സാമുവല്‍ ബ്രിങ് വണ്‍ സോഡ...സായിപ്പ് ആജ്ഞാപിച്ചു.
യെസ് സാര്‍.

സാമുവല്‍ സോഡയുമായെത്തി.

ഓപ്പണ്‍ ഇറ്റ്.

ഗോലി സോഡ തുറക്കാന്‍ സാമുവല്‍ ശ്രമിച്ചു. കുപ്പിക്കുള്ളില്‍ കൈ കുടുങ്ങിയിരിക്കുന്നു. എന്തു ചെയ്തിട്ടും കൈ എടുക്കാന്‍ കഴിയുന്നില്ല. കരച്ചിലും ചിരിയും പരാക്രമങ്ങളും. നാടകത്തില്‍ സാമുവലായി അഭിനയിക്കുന്ന തബലിസ്റ്റ് അരവിന്ദനു മനസിലായി, താന്‍ പെട്ടിരിക്കുന്നു. കുപ്പിക്കുള്ളില്‍ വിരല്‍ വീരചരമം പ്രാപിക്കുമോ എന്നു സംശയം.

 ജനം അപ്പോഴും അരവിന്ദന്‍റെ അഭിനയം കണ്ട് ആര്‍ത്താര്‍ത്തു ചിരിക്കുകയാണ്. ഒടുവില്‍ സായിപ്പിനെക്കൊണ്ട് സോഡാക്കുപ്പി ഊരിയെടുക്കുമ്പോള്‍, വിരല്‍ തിരിച്ചു കിട്ടിയതിന്‍റെ സന്തോഷം. ഒപ്പം ആദ്യ നാടകാഭിനയത്തിനു സദസു നല്‍കിയ അംഗീകാരത്തിന്‍റെ മധുരവും ആസ്വദിക്കുകയായിരുന്നു തബലിസ്റ്റ് അരവിന്ദന്‍. പിന്നീടിങ്ങോട്ട് തബലിസ്റ്റിന്‍റെ താളപ്പെരുക്കങ്ങളില്‍ നിന്ന് അഭിനയത്തിന്‍റെ അരവിന്ദന്‍ ടച്ചോടെ സിനിമയില്‍. തൃശൂര്‍ ജില്ലയിലെ രണ്ടക്ഷര ഗ്രാമത്തിന്‍റെ പേരു കേട്ടാല്‍ മലയാളിയുടെ മനസില്‍ ചിരി വിടര്‍ത്തുന്ന നടന്‍... മാള അരവിന്ദന്‍.

പഴയകാലത്തെ ജൂതസാന്നിധ്യം പേരു നല്‍കിയ ഗ്രാമം. ഹീബ്രു വാക്കായ മാള്‍ അഹയില്‍ നിന്നാണു മാള എന്ന പേരിന്‍റെ ഉത്ഭവം. അഭയാര്‍ഥികളുടെ കേന്ദ്രമെന്നു പരിഭാഷ. പക്ഷേ, ചരിത്രം കുറിക്കുന്ന വാക്കിന്‍റെ അര്‍ഥത്തില്‍ നിന്ന്, വ്യക്തി വിടര്‍ത്തുന്ന പുഞ്ചിരിയിലേക്കു ചുരുങ്ങി ഈ ഗ്രാമം. നഗരഛായയിലേക്കു വഴിമാറുന്ന മാള സെന്‍ററില്‍ നിന്നു മാള അരവിന്ദന്‍റെ സങ്കേതമായ കോട്ടമുറിയിലേക്കെത്തുമ്പോള്‍, മാളയെ കാണാന്‍ ആരാധനയുടെ പുതപ്പിലൊളിച്ച അതിഥികളുണ്ടായിരുന്നു. മാളച്ചേട്ടാ എന്നു വിളിക്കുന്ന ആരാധകനോട്, അരവിന്ദേട്ടാ എന്നു വിളിക്കെടാ എന്ന് ആവശ്യപ്പെടുന്ന ആത്മാര്‍ഥത. ഷൊര്‍ണൂരിലെ ഷൂട്ടിങ്ങിന്‍റെ ഇടവേളയില്‍ ഒരു ദിവസത്തെ വിശ്രമത്തിനു മാളയിലെ വീട്ടില്‍. അമ്മയെക്കുറിച്ചു പറയുമ്പോള്‍ കരഞ്ഞും, വാക്കുകളില്‍ തബലയുടെ പെരുക്കങ്ങളെത്തുമ്പോള്‍ ചിരിച്ചും, അഭിനയാനുഭവങ്ങളില്‍ ആവേശം നിറച്ചും, ജീവിതം പറഞ്ഞുതുടങ്ങുകയായി, ജീവിതം തമാശയല്ലല്ലോടാ... എന്നൊരു അറിയിപ്പോടെ..

സംഗീതാധ്യാപിക പൊന്നമ്മയുടെയും അയ്യപ്പന്‍റെയും മകനു ചെറുപ്പത്തിലേ മന സില്‍ താളമുണ്ടായിരുന്നു, ഒപ്പം അച്ഛന്‍റെ നര്‍മബോധവും. ആണ്ടിലൊരിക്കല്‍ ഒരു ഷര്‍ട്ടും മുണ്ടും കിട്ടുന്ന ഓണക്കാലത്തിന്‍റെ ഓര്‍മയിലേക്ക് അച്ഛനും അമ്മയും എത്തുമ്പോള്‍, മലയാളിയെ ചിരിപ്പിക്കുന്ന മാളയുടെ കണ്ണു നിറഞ്ഞുനിന്നു, വാക്കുകള്‍ തബലയുടെ താളത്തിലേക്കു തിരികെയെത്തും വരെ. അമ്മ പാടുമ്പോള്‍ പെട്ടിയില്‍ താളം പിടിച്ച അരവിന്ദന്‍. അക്കാലത്താണു കൊടുങ്ങല്ലൂര്‍ ആര്‍ട്സ് ക്ലബ്ബിന്‍റെ മുകളില്‍ ഒരു തബലിസ്റ്റ് എത്തുന്നത്, കൊച്ചിന്‍ മുഹമ്മദ് ഉസ്താദ്. മോഹങ്ങള്‍ താളം കൊട്ടിത്തുടങ്ങി. ഉസ്താദിനെ കാണാനെത്തി, തബല പഠിക്കാന്‍ കുറച്ചുപേര്‍ കൂടിയുണ്ട്. എന്നാല്‍ താളബോധമുള്ള ചിലരെ സെലക്റ്റ് ചെയ്യാന്‍ ഒരു പരീക്ഷണം...

തബലയില്‍ തഴമ്പിച്ച കൈകള്‍

മന്‍ തട്പത് ഹരിദര്‍ശന് കോ... പാടി താളം പിടിക്കാന്‍ പറഞ്ഞു ഉസ്താദ്. ആറാം ക്ലാസുകാരന്‍ അരവിന്ദന്‍റെ വിരലുകള്‍ ഇടറിയില്ല. ഉസ്താദിന് ഇഷ്ടപ്പെട്ടു, തബലയുടെ ലോകത്തേക്ക്. പിന്നീടിങ്ങോട്ട് ഇഴപിരിയാത്ത കൂട്ടുകാരനായി തബലയുണ്ട്, മാളയ്ക്കൊപ്പം. ഉസ്താദുമാരുടെ കസെറ്റുകള്‍ കേട്ട് ഇംപ്രൊവൈസ് ചെയ്ത്, കൈമോശം വരുത്താതെ സൂക്ഷിക്കുന്ന സിദ്ധി. ഗസലിനു തബല വായിക്കാന്‍ പറ്റുന്നവിധത്തില്‍ പ്രാപ്തനാക്കിയ പരിശീല നം. താളം തഴമ്പിച്ച കൈകള്‍ ഇപ്പോഴും തബലയിലൊഴുകാന്‍ കൊതിക്കുന്നു, ഉസ്താദിനു മുന്നില്‍ താളം പിടിക്കാന്‍ കാത്തുനിന്ന ആ പഴയ ആറാം ക്ലാസുകാരനെപ്പോലെ.

നൃത്തപരിപാടികള്‍ക്കും നാടകങ്ങള്‍ ക്കും തബല വായിക്കാന്‍ പോയിത്തുടങ്ങി. ചെറിയ വേഷങ്ങളില്‍ നാടക വേദിയിലുമെ ത്തി. സായിപ്പിന്‍റെ സഹായി സ്പൈ വര്‍ക്കര്‍ സാമുവലിന്‍റെ വേഷം ഏറെ കൈയടി നേടി, നാടകരംഗത്തെ അഭിനയത്തിന്‍റെ തുടക്കം. ആദ്യ സ്റ്റേജില്‍ പറ്റിയ അബദ്ധത്തില്‍ കൈയടി ഉയര്‍ന്നപ്പോള്‍, ആ സോ ഡാക്കുപ്പി പരാക്രമങ്ങള്‍ ശീലമാക്കി. അഭിനയത്തിന്‍റെ വേദിയില്‍ നിന്നിറങ്ങുമ്പോള്‍ നേരെ തബലയുടെ മുന്നിലേക്ക്.

പിന്നീടു തട്ടകം കോട്ടയം നാഷണല്‍ തിയെറ്റേഴ്സിലേക്കു മാറുമ്പോള്‍, റോള്‍ തബലിസ്റ്റിന്‍റേതായിരുന്നില്ല, അഭിനേതാവിന്‍റേതായിരുന്നു. തിയെറ്റേഴ്സിലേക്കു തെര ഞ്ഞെടുക്കും മുമ്പൊരു ടെസ്റ്റ്... നാടകത്തി ന്‍റെ സ്ഥിരം കൊല്ലം ശൈലി വിട്ടൊരു മാള ശൈലി അവതരിപ്പിച്ചു. അംഗീകാരം നേടി. നാഷണല്‍ തിയെറ്റേഴ്സില്‍ ആദ്യനാടകം സെക്കന്‍ഡ് ബെല്‍. ഒപ്പമുണ്ടായിരുന്നതു എസ്.പി പിള്ള, വാണക്കുറ്റി, പങ്കജവല്ലി... രണ്ടാം നാടകം യാത്ര. അഭിനയത്തിന്‍റെ ഉഗ്രമൂര്‍ത്തി കൊട്ടാരക്കര ശ്രീധരന്‍ നായരും അഭിനയിച്ചിരുന്നു യാത്രയില്‍. നാടകജീവിതത്തിന്‍റെ അടുത്ത സങ്കേതം ആലപ്പുഴ സിനി തിയെറ്റേഴ്സായിരുന്നു. അവിടെ സഹകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ നാടകം കാണാന്‍ നാടകകൃത്ത് കാലടി ഗോപിയും പെരുമ്പാവൂര്‍ നാടകശാലയുടെ സുകുമാരന്‍ മാസ്റ്ററുമെത്തി. മാള തകര്‍ത്തഭിനയിക്കുന്നു. ഒരു പാട്ട് പാടുകയാണ്.

ഹാ കഷ്ടം! അന്തരംഗമേ

അകലെ അകലെ റയില്‍പ്പാളത്തിലൂടെ

മലബാര്‍ മെയ്ല്‍ വരുന്നു.

അതിന്‍റെ ശബ്ദം അപാരശബ്ദം

ആത്മഹത്യയ്ക്കു വിളിക്കുന്നു,

വരുന്നൂ ഞാന്‍, വരുന്നൂ ഞാന്‍, വരുന്നൂ ഞാന്‍...

പാട്ടിനു ശേഷം മാളയുടെ കഥാപാത്രം ആത്മഹത്യയ്ക്കു ശ്രമിക്കുകയാണ്. നാട കം കഴിഞ്ഞപ്പോള്‍ കാലടി ഗോപിയും സുകുമാരന്‍ മാസ്റ്ററും ക്ഷണിച്ചു, പെരുമ്പാവൂര്‍ നാടകശാലയിലേക്ക്. അക്കാലത്തു കേരളത്തിലെ ശ്രദ്ധേയമായ നാടകട്രൂപ്പ്.

നാടകശാലയുടെ താവളത്തില്‍ അന്നൊരുപാട് പ്രഗത്ഭരുണ്ട്. കുതിരവട്ടം പപ്പു, കുട്ട്യേടത്തി വിലാസിനി, ബാബു നമ്പൂതിരി, ശ്രീമൂലനഗരം വിജയന്‍. നാടകശാലയില്‍ ആറു വര്‍ഷം, എഴുപത്തൊന്നു മുതല്‍ എഴുപ ത്താറ് വരെ. ആറു നാടകങ്ങള്‍. സമസ്യ, മനസ്, സ്വരം, രസന, രംഗം, സമാന്തരം. ആറ് അവാര്‍ഡുകള്‍, ടാസ്, വികാസ്, ഷിപ്പ്യാര്‍ഡ്, ആക്റ്റ്, സ്പാര്‍ക്ക്, തരംഗിണി. പിന്നീട് എസ്.എല്‍ പുരം സദാനന്ദന്‍റെ സൂര്യസോമ തിയെറ്റേഴ്സില്‍. നിധി നാടകത്തി ലെ ദാമോദരവാര്യര്‍ എന്ന കഥാപാത്രം മറക്കാനാകില്ല. പ്രേതത്തെ കണ്ടു വിറയ്ക്കു ന്ന ദാമോദരവാര്യരുടെ ഭയത്തില്‍ ഇന്‍റര്‍വെല്ലിനു കര്‍ട്ടന്‍ വീഴുന്നു. ഇടവേള കഴി ഞ്ഞു നാടകം തുടങ്ങുമ്പോള്‍ സദസിന്‍റെ ചിരി ഒടുങ്ങിയിട്ടുണ്ടായിരുന്നില്ല. നിധിയിലെ ദാമോദരവാര്യര്‍ എഴുപത്തെട്ടിലെ നല്ല നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടു ത്തു. അവാര്‍ഡ് നല്‍കിയതു കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണര്‍ ജ്യോതി വെങ്കടാച ലം. പ്രശസ്തിപത്രവും അയ്യായിരം രൂപ യും.

പ്ലീസ് സെന്‍ഡ് മീ എ പ്ലെയ്ന്‍

നാടക സീസണിന്‍റെ ഇടവേളയില്‍ മാളയിലെ വീട്ടിലിരിക്കുമ്പോള്‍ ഒരു ടെലിഗ്രാം, ശ്രീമൂലനഗരം വിജയന്‍റേത്. സ്റ്റാര്‍ട്ട് ഇമ്മീഡിയറ്റ്ലി. മാള സ്വതസിദ്ധമായ രീതിയില്‍ മറുപടിയും അയച്ചു, പ്ലീസ് സെന്‍ഡ് മീ എ പ്ലെയ്ന്‍. ഒടുവില്‍ വിജയന്‍റെ അടുത്തെത്തുമ്പോള്‍ സിനിമയില്‍ ഒരു അവസരം ഒരുങ്ങിയിരുന്നു, ശ്രീമൂലനഗരം മോഹന്‍റെ ഗ്രീഷ്മം നാടകത്തിന്‍റെ സിനിമാവിഷ്കാരം. സംവിധാനം പി.ജി വിശ്വംഭരന്‍. മധുരിക്കു ന്ന രാത്രിയെന്നു പേരിട്ട ചിത്രത്തിലെ പൊലീസുകാരന്‍ കുട്ടന്‍പിള്ളയായി അരവിന്ദന്‍. കൂര്‍ത്ത തൊപ്പിയും ട്രൗസറുമൊക്കെയുള്ള പൊലീസുകാരന്‍. ആറു പെണ്‍മക്കളുടെ അച്ഛന്‍. ആദ്യ കഥാപാത്രത്തെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മകള്‍ക്കു ചെറുപ്പം. ആദ്യ ഷോട്ടില്‍ത്തന്നെ ഒരു ഫുള്‍പേപ്പര്‍ ഡയലോഗ് പറയേണ്ടി വന്നുവെന്ന് അരവിന്ദന്‍ ഓര്‍മിക്കുന്നു.

മധുരിക്കുന്ന രാത്രിയിലെ അഭിനയം കഴിഞ്ഞു. തിരികെ പോരുമ്പോള്‍ വിജയന്‍ പറഞ്ഞു, പ്രൊഡക്ഷന്‍റെ ഓഫിസില്‍ച്ചെ ന്നു കാശു മേടിച്ചോ. അയ്യായിരം രൂപ വേണമെന്നു പറയണം. ഓഫിസിലെത്തി. ചോദിക്കാന്‍ മടി... എത്രയാ വേണ്ടതെന്നു ചോ ദ്യം. വിക്കിവിക്കി അയ്യായിരം എന്നു പറഞ്ഞൊപ്പിച്ചു. അയ്യായിരം രൂപ നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത കാലം. ഒടുവില്‍ 4500 രൂപ പ്രതിഫലം നല്‍കി. ആദ്യം ഒരു മുണ്ടും ഷര്‍ട്ടും വാങ്ങി. തിരികെ നാട്ടിലേക്കു പോരാന്‍ കൊച്ചിന്‍ എക്സ്പ്രസില്‍ കയറി. വണ്ടി വിടാന്‍ കുറച്ചുനേരം മാത്രം. ഒരാള്‍ തേടിയെത്തി. പ്രൊഡക്ഷന്‍ എക്സിക്യുട്ടി വ് രാധാകൃഷ്ണന്‍. അടുത്ത ചിത്രത്തിലേക്കുള്ള ക്ഷണം... ചിത്രം ഇവളൊരു നാടോടി. കഥാപാത്രം ഡോലക് തങ്കന്‍. സിനിമാഭിനയ ജീവിതത്തിലെ തീവണ്ടി ചൂളം വിളിച്ചു തുടങ്ങിയിരുന്നു.

പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അരവിന്ദനെത്തന്നെ അത്ഭുതപ്പെടുത്തി മാളയിലെ നടന്‍ വളര്‍ന്നു. കോംബിനേഷനുകളിലെ വിജയഘടകമായി. കുതിരവട്ടം പപ്പു വും മാള അരവിന്ദനും ജഗതി ശ്രീകുമാറും ഒരുമിച്ച്, പപ്പു മാള ജഗതി എന്ന പേരില്‍ സിനിമയുമിറങ്ങി. കഥാപാത്രങ്ങളുടെ വൈവി ധ്യം എന്നും കൂട്ടുണ്ടായിരുന്നു. താറാവിലെ മന്ദബുദ്ധി കഥാപാത്രം തങ്കി... വേറിട്ട ആ കഥാപാത്രവും സുരക്ഷിതമായിരുന്നു ആ കൈകളില്‍. ഭൂതക്കണ്ണാടിയില്‍ കുന്നിന്‍മുകളിലെ അന്ധഗായകന്‍. ചിത്രത്തിലെ അഭിനയം കണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അഭിനയ മികവു തെളിയിച്ച എത്രയോ സിനിമ കള്‍... സല്ലാപം, വെങ്കലം, ജോക്കര്‍, മീശമാധവന്‍.

ബിജു വട്ടപ്പാറയുടെ, സ്വന്തം ഭാര്യ സിന്ദാ ബാദ് എന്ന ചിത്രത്തിന്‍റെ വര്‍ക്ക് തുടരുന്നു. അതു കഴിഞ്ഞ് പാര്‍വണം എന്ന ചിത്രം. അഭിനയത്തിന്‍റെ തിരക്കുകള്‍ ഒഴിയുന്നില്ല. എങ്കിലും കൃത്യമായ ഇടവേളകളില്‍ വീട്ടിലെത്തും. ഒരു പതിവു ചോദ്യം, കുടുംബത്തെക്കുറിച്ച്... മറുപടി ഒരു പ്രണയകഥ. മനസ് പാലിശേരി സ്കൂളില്‍ തബല വായിക്കാന്‍ പോയ അരവിന്ദനിലേക്ക്. സ്കൂള്‍ വാര്‍ഷി കം. അന്നു നടനായിട്ടില്ല. ജീവിതത്തിലെ റോള്‍ തബലിസ്റ്റിന്‍റേതാണ്. തബല വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസിലുള്ള ഒരു രൂപം മിന്നിമായുന്നു. ഇടയ്ക്കു നോക്കുന്നു, ചിരിക്കുന്നു. മനസിലുള്ള പെണ്‍കുട്ടിയുടെ രൂപം. പ്രോഗ്രാം കഴിഞ്ഞു തിരികെ പോരുമ്പോള്‍, മനസിലുടക്കിയ പെണ്‍കുട്ടിയുടെ അഡ്രസ് വാങ്ങി. അന്നമ്മ, എട്ട് ബി, പാലിശേരി സ്കൂള്‍. അരവിന്ദന്‍ കത്തുകള്‍ എഴുതി. എന്നാല്‍ സ്കൂളിലേക്കുള്ള കത്തെഴുത്തിന് അധികം ആയുസുണ്ടായില്ല. പിന്നെ വീട്ടിലേക്കായി. ഒടുവില്‍ 1971 ഫെബ്രുവരി ഒന്നിനു രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം. എഴുപതുകളില്‍ ഇത്തരത്തിലൊരു വിവാഹം സാഹസികമായിരുന്നു. എതിര്‍പ്പുകള്‍ ഒരുപാട്. അന്ന് ആ എതിര്‍പ്പുകളെ പേടിച്ചിരുന്നെങ്കില്‍ നഷ്ടമാകുന്നതിന്‍റെ വില, ദാമ്പത്യത്തിന്‍റെ നാല്‍പ്പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അരവിന്ദനറിയാം. മക്കള്‍ രണ്ടുപേര്‍ മുത്തു, കല.

അഭിനയയാത്ര തുടരുകയാണ് അരവിന്ദന്‍. പരിചിതനായ ഒരു ഗ്രാമീണകഥാപാത്രത്തിന്‍റെ, പൊലീസുകാരന്‍റെ, കള്ളന്‍റെ, അന്ധന്‍റെ, മന്ദബുദ്ധിയുടെ... കഥാപാത്രമെന്തായാലും അതിന്‍റെ രൂപഭാവങ്ങളിലേക്കു സ്വാഭാവികമായി ചേക്കേറുന്നു മാള അരവിന്ദന്‍.

3 comments:

  1. maalaye kurichu vaichittund. ee lekhanavum nannai.

    ReplyDelete
  2. Great note about Mala chettan... I hope he is our family friend more than that like a relative.. Its a Great tribute to him....With your permission I am sharing the same...

    ReplyDelete
  3. Really Touching....
    LIFIL varenda oru item.
    athorkkumbol oru sangadavum...!!!






    ReplyDelete