Thursday, May 19, 2011

കൗസല്യയുടെ മകന്‍ സലിം

ആദാമിന്‍റെ മകന്‍ അബു ഈസ് ഈക്വല്‍ടു നന്മ....

അതിഭാവുകത്വമില്ലാത്ത അഭിനയത്തിനു ദേശീയ പുരസ്കാരമെത്തുമ്പോള്‍ സലിം കുമാറിന്‍റെ ആദ്യപ്രതികരണം ഇതായിരുന്നു. എന്നാല്‍ നന്മ നിറഞ്ഞ ഈ സിനിമ മലയാളികള്‍ കണ്ടില്ല. നല്ല അഭിനയത്തിനുള്ള അംഗീകാരം നുകരുമ്പോഴും, നമ്മുടെ അഭ്രപാളികള്‍ അന്യം നിര്‍ത്തിയ ചലച്ചിത്രകാവ്യമായിരുന്നു ആദാമിന്‍റെ മകന്‍ അബു. ആ വിഷമവും സലിം കുമാര്‍ പറയാന്‍ മറന്നില്ല. പക്ഷെ ഒന്നുണ്ട്, മലയാള സിനിമയിലെ സ്ഥിരം സഹസാന്നിധ്യങ്ങളുടെ ട്രാക്കിലേക്കു വീണുപോകാതെ നേടിയെടുത്ത പുരസ്കാരമാണിതു സലിംകുമാറിന്. പതിവു സിനിമാവഴികളില്‍ നിന്ന് ഇടയ്ക്കെങ്കിലും മാറിനടന്നതിനുള്ള പുരസ്കാരം. മിമിക്രിയിലൂടെ മലയാള സിനിമയിലേക്കു സലിം കുമാര്‍ എത്തുമ്പോള്‍ അഭിനയവളര്‍ച്ചയില്‍ ഇത്രദൂരം പിന്നിടുമെന്ന് ആരും പ്രതീക്ഷിച്ചില്ല, ഒരു പക്ഷേ സലിം കുമാര്‍ പോലും.....

പുരസ്കാരലബ്ധിയുടെ പടിവാതിലില്‍ സലിം കുമാര്‍ നില്‍ക്കുമ്പോള്‍ ആ പഴയ പറവൂര്‍കാരന്‍ പയ്യന്‍റെ ഊഷ്മളതകള്‍ കൈമോശം വന്നിട്ടില്ല. കഥാപാത്രത്തിന്‍റെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നോ എന്ന ചാനല്‍ച്ചോദ്യത്തിനുത്തരമായി പൊട്ടിച്ചിരിക്കാന്‍ സലിം കുമാറില്ലാതെ ആര്‍ക്കു കഴിയും. ഇപ്പോഴെങ്കിലും നിങ്ങള്‍ക്കു മനസിലായില്ലേ ഞങ്ങള്‍ കോമഡിക്കാര്‍ മോശമല്ലെന്ന്... അതാണു സലിം കുമാര്‍. അതുകൊണ്ടു തന്നെ ദേശീയ നേട്ടമെത്തിയാലും, ആ നടന്‍റെ ജീവിതാനുഭവങ്ങളെ ഗ്ലോറിഫൈ ചെയ്യേണ്ട കാര്യമില്ല.

സ്വന്തം വീടിന്‍റെ പറമ്പിലൂടെ ഇലക്ട്രിക് ലൈന്‍ വലിച്ചതുമായി ബന്ധപ്പെട്ടുള്ള കേസ് ജയിക്കുമ്പോള്‍ നല്ലൊരു വീടു പണിയണമെന്ന് ആഗ്രഹിച്ച കൗസല്യ എന്ന പാവം അമ്മയുടെ മകന്‍. പിന്നെ ആ കേസ് ജയിച്ചു പണം കിട്ടുമ്പോള്‍ അമ്മയില്ലെന്ന തിരിച്ചറിവില്‍ കണ്ണു നിറഞ്ഞ മകന്‍. പലപ്പോഴും ജീവിതത്തിന്‍റെ ദുരിതക്കടല്‍ താണ്ടുമ്പോള്‍ കലയും പാട്ടും കൗതുകങ്ങളും കുസൃതിയും ഇത്തരം സങ്കടങ്ങളും നിലപാടുകളും ഒപ്പമുണ്ടായിരുന്നു സലിം കുമാറിന്‍റെ മനസില്‍. അതൊന്നും തുറന്നു പറയാന്‍ മടിച്ചതുമില്ല.

കൂവപ്പറമ്പു വീട്ടില്‍ ഗംഗാധരന്‍റെ മകന്‍ സലിമിന്‍റെ പഠനം പറവൂര്‍ ബോയ്സില്‍. അക്കാലത്തു ഇഷ്ടതാരം ബാലചന്ദ്രമേനോനായിരുന്നു. തലേക്കെട്ടൊക്കെ പരീക്ഷിച്ച് ഇഷ്ടതാരത്തിനോട്

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന സ്കൂള്‍ കാലം. നോട്ട്ബുക്കില്‍ സലിം കുമാര്‍ കെ.ജി.കെ മേനോന്‍ എന്നു വരെ എഴുതിച്ച ആരാധന. കലാലയപഠനം മാല്യങ്കര എസ്.എന്‍.എം കോളജില്‍. സെക്കന്‍ഡ് ഗ്രൂപ്പില്‍ കണക്കില്ലെന്നു കരുതിയാണ് സെക്കന്‍ഡ് ഗ്രൂപ്പ് എടുത്തത്. വലിയ കണ്ണുകളും പൊട്ടിപൊട്ടിയുള്ള ചിരിയുമായി ആളെ കൈയിലെടുക്കാന്‍ കലാലയകാലത്തു ആയുധം മിമിക്രി തന്നെയായിരുന്നു.

ആദ്യ താത്പര്യം ലളിതഗാനത്തോടായിരുന്നു. അത്ര ലളിതമല്ലെന്നു മനസിലായപ്പോള്‍ ഉപേക്ഷിച്ചു. പിന്നെയാണ് അനുകരണകലയിലേക്ക് ആകൃഷ്ടനാകുന്നത്. പക്ഷേ അതും അത്ര എളുപ്പമായിരുന്നില്ല. കേട്ടു പഠിക്കാനുള്ള ഉപാധികളില്ല. നേരിട്ടു തന്നെ കാണണം. ഒരിക്കല്‍ ഗൗരിയമ്മയുടെ ശബ്ദം പഠിക്കാനായി മൂത്തകുന്നം മുതല്‍ കൂത്താട്ടുകുളം വരെ പല പല വേദികളില്‍ ഗൗരിയമ്മയ്ക്കൊപ്പം സഞ്ചരിച്ചു. ഒടുവില്‍ കൂത്താട്ടുകുളമെത്തിയപ്പോള്‍ ആ ശബ്ദം വഴങ്ങി. പിന്നെ പതുക്കെ ചാനലുകളിലെ കോമഡി പരിപാടികളില്‍ സാന്നിധ്യം അറിയിച്ചു. ഡിഗ്രി പഠനം എറണാകുളം മഹാരാജാസ് കോളെജില്‍.

വിവാഹപ്പിറ്റേന്ന് സലിം കുമാര്‍ സിനിമാനടനായി. ആദ്യ സിനിമ. ഇഷ്ടമാണ് നൂറുവട്ടം. പതിവുപോലെ അഭ്രപാളിയിലെ പുതിയ ഹാസ്യതാരത്തിനു കുറെ ചിത്രങ്ങള്‍ കിട്ടി. തെങ്കാശിപ്പട്ടണമാണ് ബ്രേക്കായത്. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഒരഭിനേതാവെന്ന നിലയില്‍ വലിയ കുഴപ്പമില്ലല്ലോ എന്നു സ്വയം തോന്നിത്തുടങ്ങിയതു രാപ്പകല്‍ മുതലാണെന്നു സലിം കുമാര്‍. ഒരു പക്ഷെ ചില സിനിമാഡയലോഗുകള്‍ പോലും ഓര്‍ത്തു വയ്ക്കുന്നതു സലിം കുമാര്‍ ശൈലിയില്‍ പറഞ്ഞതുകൊണ്ടാണ്. ഇതു തിരുവിതാകൂര്‍ വാണ മഹാരാജാവാ, പേര് ശശി....(ചതിക്കാത്ത ചന്തു)

ഇതിപ്പോ പരമശിവന്‍റെ മുടി വെട്ടാന്‍ വന്ന ബാര്‍ബര്‍ പാമ്പ് കൊത്തി ചത്തു എന്നു പറഞ്ഞ പോലെയായല്ലോ...? കല്യാണരാമനിലെ ഈ ഡയലോഗ് സലിം കുമാര്‍ കൈയില്‍ നിന്നിട്ടത്. തെങ്കാശിപ്പട്ടണത്തില്‍ പശുവിന്‍റെ തോലണിഞ്ഞു പോകുമ്പോള്‍ ബാര്‍ലി വെള്ളം കുടിക്കുന്നതുമൊക്കെ കണ്ട് ആര്‍ത്തു ചിരിച്ച മലയാളി തന്നെയാണു അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലിന്‍റെ ദുഖ:ങ്ങളില്‍ വീര്‍പ്പുമുട്ടിയിരുന്നത്. സാമുവലിന്‍റെ രൂപഭാവങ്ങളോടു തന്‍റെ മുന്‍കാല ഇമേജുകള്‍ ഒരിക്കലും കലഹിക്കാത്ത വിധത്തില്‍ മെരുക്കിയെടുക്കുകയായിരുന്നു സലിം കുമാര്‍. സാമുവലിനായിരുന്നു ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്.

കേരള കഫെയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ചിത്രത്തില്‍ അമ്മയെ ഉപേക്ഷിക്കുന്ന മകന്‍റെ വേഷവും മലയാളിയെ ഈറനണിയിച്ചു. സീരിയസ് വേഷങ്ങളിലേക്ക് എത്തുമ്പോള്‍ തീര്‍ത്തും അതിഭാവുകത്വമില്ലാത്ത അഭിനയശൈലി തന്നെയായിരുന്നു സലിം കുമാറിന്‍റേത്. ഗ്രാമഫോണിലെ തബലിസ്റ്റ് സൈഗാള്‍ യൂസഫ്, പെരുമഴക്കാലത്തിലെ കഥാപാത്രം... കൃത്യമായ ഇടവേളകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിയെത്തിയിരുന്നു സലിംകുമാറിനെ. ഇപ്പോള്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകന്‍ അബു ...

അഭിനേതാവായി നിലനില്‍ക്കുന്നതിനാല്‍ നിലപാടുകള്‍ പാടില്ലെന്നതിനും അപവാദമാണ് സലിം കുമാര്‍. തന്‍റെ രാഷ്ട്രീയ ആശയങ്ങള്‍ പറയേണ്ടിടത്തു വ്യക്തമായിത്തന്നെ പറഞ്ഞു. വായനയുടേയും അറിവിന്‍റേയും സ്ഫുരണങ്ങള്‍ അറിയിച്ച് ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയപ്പോള്‍ മലയാളി അമ്പരന്നു, ഒരു ഹാസ്യനടന് കഴിയുമോ ഇതൊക്കെ എന്ന് ആശ്ചര്യപ്പെട്ടു. കടലോളമുള്ള ജീവിതാനുഭവങ്ങള്‍ അക്ഷരങ്ങളിലേക്കു പകര്‍ത്തുകയും ചെയ്തു, ഈശ്വരാ വഴക്കില്ലല്ലോ എന്ന പേരില്‍ അനുഭവങ്ങള്‍ അക്ഷരങ്ങളിലേക്ക്. ഒരു പക്ഷേ ഓരോ നേട്ടങ്ങളും സ്വന്തം വീടായ ലാഫിങ് വില്ലയുടെ പടികടന്നു വരുമ്പോഴും മനസില്‍ ഈശ്വരനോട് മന്ത്രിക്കുന്നുണ്ടാകും, ഈശ്വരാ വഴക്കില്ലല്ലോ....

സലിം കുമാറിനുള്ള അവാര്‍ഡ് ഒരു പ്രായശ്ചിത്തമാണ്. തിയെറ്ററില്‍ ആളുകളെ ചിരിപ്പിച്ചു എന്ന അപരാധത്തിന് മുന്‍കാല ജൂറിത്തമ്പുരാക്കന്മാര്‍ പടിയടച്ചു പിണ്ഡം വച്ച നല്ല കുറേ നടന്മാരോടുള്ള പ്രായശ്ചിത്തം. എസ്. പി. പിള്ളയും ശങ്കരാടിയും മുതല്‍ കുതിരവട്ടം പപ്പു വരെയുള്ള മികച്ച നടന്മാരെ വെറും തമാശക്കാര്‍ മാത്രമാക്കിയവര്‍ക്കുള്ള മറുപടി. എത്രയോ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും വിലയിരുത്തലുകളില്‍ അവര്‍ അവഗണിക്കപ്പെടുകയായിരുന്നു. ആകാശങ്ങളിലിരുന്ന് അവര്‍ ആഹ്ലാദിക്കുന്നുണ്ടാവും. ചിരിപ്പിക്കാനാണ് ഏറ്റവും വിഷമം എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ എന്ന ചാനല്‍ അവതാരകയുടെ ചോദ്യത്തിനു മറുപടിയായുള്ള സലിം കുമാറിന്‍റെ ചിരിയില്‍ അവരുടെ ചിരിയും പ്രതിധ്വനിക്കുണ്ടായിരുന്നു
.

6 comments:

  1. നന്നായിട്ടുണ്ട്. സലിമേട്ടന് ഇഷ്ടമാവും തീര്‍ച്ച...

    ReplyDelete
  2. അനൂപ് നന്നായിട്ടുണ്ട്. തുടരുക. കലാകാരൻ മാരെ വിലയിരുത്തുമ്പോൾ ഒരുപാട് അറ്റാച്ച്ഡ് ആവുന്നത്‌ ലേഖനത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുന്നു. അല്പം കൂടി ഡിറ്റാച്ച്ഡ് ആയാൽ കുറച്ചു കൂടി നന്നാവും.

    ഒരു വായനക്കരൻ

    ReplyDelete
  3. നന്നായി എഴുതി അനൂപ്..

    ReplyDelete