ചേന്ദമംഗലം ജൂത സിനഗോഗ്
കാലഗണനയ്ക്കപ്പുറം...
കാതങ്ങള്‍ക്കപ്പുറത്തു നിന്നൊരു പായ്ക്കപ്പല്‍. കാറ്റിന്‍റെ ഗതിവേഗങ്ങളിലൂടെ അടുക്കുന്നത് അജ്ഞാതതീരത്തേക്ക്. കപ്പല്‍ച്ചാലിന്‍റെ പതിവു സഞ്ചാരവഴികളില്‍ നിന്നു വ്യതിചലിച്ചെത്തിയ തീരം. തീരത്തിന്‍റെ അപരിചിതത്വം മാറാന്‍ അധികം സമയമെടുത്തില്ല. കടലിനപ്പുറത്തെ കരയില്‍ നിന്നു പിന്നെയും കപ്പലുകള്‍ കരയണഞ്ഞു. കരക്കാരെ അറിഞ്ഞു. കരയിലെ വിഭവങ്ങളുടെ വിലയറിഞ്ഞു. ചരിത്രാതീതകാലത്തെ സജീവമായൊരു കപ്പല്‍ച്ചാലിന്‍റെ വഴികള്‍ അവസാനിക്കുന്ന തുറമുഖനഗരമായി ആ നാട്. പതുക്കെപ്പതുക്കെ വൈദേശിക വിരുന്നെത്തലിന്‍റെ താവളമായി മാറുകയായിരുന്നു. കാലത്തിന്‍റെ കലണ്ടറുകള്‍ മറിഞ്ഞപ്പോള്‍ മനുഷ്യവംശത്തിന്‍റെ വിഭിന്ന പേരുകാര്‍ വിരുന്നെത്തി ആ കരയില്‍, യവനര്‍, ജൂതര്‍, അറബികള്‍, ചൈനക്കാര്‍, പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടിഷുകാര്‍. കടലിലൂടെയൊരു വ്യാപാര ഇടനാഴി തുറക്കുകയായിരുന്നു. കടല്‍യാത്രാചരിത്രത്തിന്‍റെ താവളമാകുന്നതിനൊപ്പം സാംസ്കാരിക വൈജാത്യത്തിന്‍റെ സംഗമഭൂമി കൂടിയായി ആ തീരം. വ്യാപാരത്തിന്‍റെ, സാംസ്കാരിക വിനിമയത്തിന്‍റെ, വൈദേശിക വിത്തുപാകലുകളുടെ, വിശ്വാസങ്ങളുടെ, വാതിലുകള്‍ തുറന്നിട്ട തുറമുഖ നഗരം. പിന്നീടു ഗണിക്കാവുന്ന കാലത്തിന്‍റെ കല്‍പ്പടവുകളില്‍ എത്തിയപ്പോഴും ആ നാടിന്‍റെ പുരാതന പേരുകള്‍ക്കെന്നും അഭ്യൂഹങ്ങളുടേയും രസകരമായ സാധ്യതാനാമങ്ങളുടേയും ആവരണമുണ്ടായിരുന്നു...
വാല്മീകി രാമായണത്തില്‍
മുരചിപ്പട്ടണം,
സംഘകാല കൃതികളില്‍
മുചിരിപ്പട്ടണം,
ശിവലിംഗങ്ങളുടെ
ആധിക്യത്താല്‍
കോടി ലിംഗ പുരം,
കുലശേഖരന്മാരുടെ
മഹോദയപുരം
പുരാതന നാമത്തിന്‍റെ ആധുനിക പരിഷ്കരണമാണെന്നു കരുതാവുന്ന മുസിരിസ് വരെ, ഒരു സ്ഥലനാമത്തിന് എത്രയോ വ്യാഖ്യാനങ്ങള്‍. പുരാണത്തില്‍ത്തുടങ്ങി പിന്നീടു തെളിവുകളോടെ കാത്തുസൂക്ഷിച്ച എത്രയോ സാധ്യതകള്‍.
മുസിരിസ് ആണ് പിന്നീട് കൊടുങ്ങല്ലൂരായത് എന്നു വിശ്വാസം പുലര്‍ത്തിയിരുന്നു ചരിത്രം. വടക്കന്‍ പറവൂരിനടുത്തുള്ള പട്ടണം എന്ന സ്ഥലത്തെ ഖനനം, ചരിത്രത്തെ വീണ്ടും പുതിയൊരു കൈവഴിയിലൂടെ ഒഴുക്കി. അടുത്തടുത്തു കിടക്കുന്ന ഈ സ്ഥലങ്ങളുടെ ചരിത്രപ്രാധാന്യം വളരെ വ്യക്തം. വിദേശ വ്യാപാരികള്‍ പ്രധാനമായും തീരത്തെത്തിയതു നാട്ടുകാര്‍ക്കു വിലയറിയാത്ത ഒരു കറുത്ത കായയുടെ വിപണനസാധ്യത തേടിയായിരുന്നു. ചവര്‍പ്പും എരിവും ഇഴചേര്‍ന്ന കറുത്തഫലത്തിന്‍റെ വിശേഷണം യവനപ്രിയ എന്നാകുന്നതും മറ്റൊന്നും കൊണ്ടല്ല. കുരുമുളകായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. പിന്നെയും അനേകം പ്രാദേശിക വിഭവങ്ങള്‍ കടല്‍കടന്നു. സജീവമായൊരു സാംസ്കാരിക വ്യാപാര തുറമുഖം എങ്ങനെയാണ് ഇല്ലാതായത്....?
പാലിയം കൊട്ടാരം
എഡി 1341-42
തോരാത്ത മഴ. എങ്ങും വെള്ളപ്പൊക്കം. പെരിയാര്‍ കരകവിഞ്ഞു. സ്ഥിരം വഴികളില്‍ നിന്നു പ്രളയത്തിന്‍റെ പുതുവഴികള്‍ തേടി പെരിയാര്‍ നദി. ഒടുവില്‍ പ്രളയമൊടുങ്ങിയപ്പോള്‍ ചില തീരങ്ങള്‍ മുങ്ങി, പുതിയ കരകളും കടവുകളും രൂപമെടുത്തു. മുസിരിസിന്‍റെ തീരം ഇല്ലാതാവുകയായിരുന്നു. പകരം പുതിയൊ രു കര ഉയരുകയും ചെയ്തു. അറബിക്കടലിന്‍റെ കരയില്‍ കൊച്ചാഴി എന്നൊരു കര ഉയര്‍ന്നു. പെരിയാറിന്‍റെ പാതമാറ്റത്തില്‍ പുതുതുറമുഖ നഗരം ജന്മം കൊണ്ടു. കപ്പലുകള്‍ പുതിയ കരപറ്റി. വ്യാപാരകേന്ദ്രങ്ങളുണ്ടായി. അനിവാര്യമായ മാറ്റത്തിന്‍റെ പുതിയ താവളമായി മാറിയ കൊച്ചഴി അറബിക്കടലിന്‍റെ തീരത്തു സജീവമായി. പുതിയ സംസ്കാരങ്ങള്‍ക്കും ജനങ്ങള്‍ക്കുമായി തുറമുഖവാതിലുകള്‍ തുറന്നിട്ട കൊച്ചഴി, പിന്നീടു കൊച്ചി എന്നറിയപ്പെട്ടു. പെരിയാറിലെ പ്രളയത്തില്‍ മുങ്ങിയ മുസിരിസിനു ജീവന്‍ വീണ്ടെടുക്കാന്‍ ചരിത്രം വീണ്ടും വാതിലുകള്‍ തുറന്നിടേണ്ടി വന്നു.
കാലങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു യാത്ര. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചരിത്രത്തിന്‍റെ ചക്രവാളത്തിനപ്പുറത്തു നിന്നു കപ്പലടുത്ത അതേ തീരത്തേക്ക്. യവനരും ജൂതരും അറബികളുമൊക്കെ ശേഷിപ്പുകള്‍ അവശേഷിപ്പിച്ച, കാതങ്ങള്‍ക്കപ്പുറത്തു നിന്നു എങ്ങനെയെത്തി എന്ന അത്ഭുതം അവശേഷിപ്പിച്ച അതേ സ്ഥലത്തേക്ക്. സാംസ്കാരിക വൈവിധ്യത്തിന്‍റെ വിസ്മയങ്ങള്‍ ഉണര്‍ന്നിരിക്കുന്ന മുസിരിസിന്‍റെ മണ്ണിലേക്ക്. ഇവിടെ കഥ തുടങ്ങുന്നു. ചരിത്രം വര്‍ത്തമാനത്തോടു ചേര്‍ന്നു നില്‍ക്കുന്ന മണ്ണിന്‍റെ തുടര്‍ച്ചയുള്ള കഥ, ആധികാരികതയുടെ അധിനിവേശമുള്ള കൂട്ടിച്ചേര്‍ക്കലുകളെ എന്നും സ്വീകരിച്ച മണ്ണിലൂടെ വീണ്ടുമൊരു യാത്ര... കൊടുങ്ങല്ലൂര്‍ എന്ന സംക്ഷിപ്തരൂപത്തിന്‍റെ നഗരഹൃദയത്തിലേക്കു മാത്രമായിരുന്നില്ല. ജൂതരുടേയും ഡച്ചുകാരുടേയുമൊക്കെ സാന്നിധ്യത്തിന്‍റെ ശേഷിപ്പുകളുള്ള ചരിത്രത്താവളങ്ങളിലേക്ക്, വിശ്വാസകുടീരങ്ങളിലേക്ക്. ചരിത്രത്തിനപ്പുറത്തെ കാലത്തിന്‍റെ കഥ പറഞ്ഞു തരാന്‍ തെളിവുകളാകുന്ന ലിഖിതങ്ങള്‍, വായ്മൊഴിയായി പകര്‍ന്നു കിട്ടിയ അറിവരുളുന്ന ആധുനിക ആള്‍രൂപങ്ങള്‍.... ചരിത്രത്തെ പരസ്പരം കണക്റ്റ് ചെയ്തുള്ള യാത്ര രസകരമായിരുന്നു.
പാലിയം നാലുകെട്ട്
സ്മാരകശിലകള്‍
പൊയ്പ്പോയ കാലഘട്ടത്തിന്‍റെ സ്മാരശിലകള്‍ ഇപ്പോഴും പേറുന്നുണ്ട് ഈ പരിസരമാകെ. മുസിരിസ് തുറമുഖത്തിന്‍റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍, ചരിത്രത്തെ സംരക്ഷിക്കാന്‍ മുസിരിസ് ഹെറിറ്റേജ് പദ്ധതി തുടക്കം കുറിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ചാരത്തിന്‍റെ കാലപശ്ചാത്തലം അനുയോജ്യമെന്നു തോന്നി. പറവൂര്‍ ജൂതസിനഗോഗ്, പട്ടണം ഖനനസ്ഥലം, കോട്ടയില്‍ കോവിലകം, വൈപ്പിക്കോട്ട സെമിനാരി, ചേന്ദമംഗലം ഡച്ച് സിനഗോഗ്, പാലിയം ഡച്ച് പാലസ്, പാലിയം നാലുകെട്ട്, ഗോതുരുത്ത്, കോട്ടപ്പുറം കോട്ട, ചേരമാന്‍ പറമ്പ്.....ഔദ്യോഗിക ഹെറിറ്റേജ് സൈറ്റുകളുടെ ലിസ്റ്റില്‍ ഇനിയും സ്ഥലങ്ങളേറെ.
പക്ഷേ മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചരിത്രസങ്കേതങ്ങളില്‍ മാത്രം ഒതുങ്ങിയില്ല ഈ യാത്രയും വിവരണങ്ങളും വിശേഷങ്ങളും. ചില പ്രാദേശിക വിശ്വാസത്തിന്‍റെ കുടീരങ്ങള്‍, മിത്തുകള്‍, കെട്ടുകഥകള്‍, കേട്ടറിവുകള്‍, ആരോ പടച്ചുവിട്ട പ്രേതകഥയെന്നറിയാമെങ്കിലും രസകരമായ കൗതുകങ്ങള്‍. ഒരു ഗ്രാമനന്മയുടെ കുസൃതികളിലൂടെയായിരുന്നു മുസിരിസ് യാത്രയുടെ ആദ്യദിനം.
ചരിത്രത്തിന്‍റെ വിത്തുപാകിയ വഴികളിലൂടെയുള്ള തുടക്കം. ഹിസ്റ്റോറിക്കല്‍ സൈറ്റ് എന്ന വിളിപ്പേരുള്ള കൃത്യമായ ഒരു കുടീരം തന്നെ ആദ്യം ലക്ഷ്യം വച്ചു. കോട്ടയില്‍ കോവിലകത്തെ ചേന്ദമംഗലം ജൂത സിനഗോഗ്. ആള്‍ത്തിരക്കില്ലാത്ത ഇടവഴിയുടെ അവസാനത്തിലൊരു ജൂതനിര്‍മിതി. പാരമ്പര്യശൈലിയില്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച സിനഗോഗ്. സിനഗോഗിനെ ചുറ്റിപ്പറ്റി ജൂതസാന്നിധ്യത്തിന്‍റെ ഒരുപാടു സൂചനകള്‍. ഒരു പക്ഷേ ഇന്ത്യയിലെ ആദ്യത്തെ ലിഖിതമെന്നു പറയാവുന്ന തെളിവുകള്‍. തൊട്ടടുത്തു തന്നെ ജൂതന്മാരെ അടക്കിയിരിക്കുന്ന സെമിത്തേരി. വില്ലാര്‍വട്ടത്തു രാജാവിന്‍റെ രാജകൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍, ഒരു ക്ഷേത്രം ഇവയെല്ലാം അടുത്തടുത്തു തന്നെ. അല്‍പ്പം അകലെയായി, വൈപ്പിക്കോട്ട സെമിനാരി, പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ചത്. ഓരോ ചരിത്രസ്മാരകങ്ങള്‍ക്കും ഒരു കാലഘട്ടത്തിന്‍റെ കഥ തന്നെ പറയുന്നു. കൊച്ചി മഹാരാജാവിന്‍റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാരുടെ കൊട്ടാരത്തിലേക്കായിരുന്നു യാത്രയുടെ തുടര്‍ച്ച. കൊട്ടാരത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചരിത്രത്തിന്‍റെ പുനരുദ്ധാരണം. കാലത്തേയും കാഴ്ചകളേയും തെളിവുകളേയുമൊക്കെ ചേര്‍ത്തുവച്ചുള്ള യാത്രയില്‍ ഇനിയും തീരങ്ങളും താവളങ്ങളും ബാക്കിയാണു മുചിരിപ്പട്ടണത്തിന്‍റെ മണ്ണില്‍. നൂറ്റാണ്ടുകളുടെ ചരിത്രത്തെ ഒറ്റദിവസ യാത്രയില്‍ ഒതുക്കാനാകില്ലെന്നു ചുരുക്കം.
കഥ തുടരുന്നു
മുസിരിയുടെ കഥ തുടരുന്നു. ജൂതരും യവനരും അറബികളും വന്നിറങ്ങിയ കരയുടെ കഥ... പായ്ക്കപ്പലിനൊപ്പം ചരിത്രവും വന്നു നങ്കൂരമിട്ട കരയുടെ കഥ...ചരിത്രത്തിന്‍റെ കണ്ണികള്‍ ചേര്‍ത്തുവച്ചുള്ള മുസിരിസിലെ കഥകള്‍ യാത്ര അവസാനിക്കുന്നില്ല. ആ കഥകളിലൂടെയുള്ള യാത്രയും...
മാളവനപ്പാറ
മറയാതെ മാളവനപ്പാറ
""ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും...ചില രാത്രികളില്‍ പന്ത്രണ്ട്, ഒരു മണിയൊക്കെ ആകുമ്പോ, പാറയുടെ നടുവില്‍ നിന്നൊരു വിളി കേള്‍ക്കാം, വല്ലാത്തൊരു വലിയ ശബ്ദം, ഞാന്‍ പല പ്രാവശ്യം കേട്ടിട്ടുണ്ട് ‘''’
എണ്‍പതുകാരന്‍ മുഹമ്മദാലി പറഞ്ഞുനിര്‍ത്തുമ്പോള്‍ വീണ്ടുമൊന്നു പാറയിലേക്കു നോക്കി. വലിയൊരു ശബ്ദം പകലിന്‍റെ തിരക്കിന്‍റെ ശബ്ദങ്ങളില്‍ നേര്‍ത്തില്ലാതാകുന്നുണ്ടോ...? കോട്ടയില്‍ കോവിലകത്തെ ജൂതസിനഗോഗിനു സമീപത്തു പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന പ്രദേശത്തെ പാറയാണു മാളവനപ്പാറ. അവിടെ നിന്നു രാത്രികാലങ്ങളില്‍ ശബ്ദം കേള്‍ക്കുമെന്നാണു മുഹമ്മദാലി പറയുന്നത്. അമ്പതു വര്‍ഷത്തോളം കോട്ടയില്‍ കോവിലകം - മാളവന ഭാഗത്തെ കടത്തുകാരനായിരുന്നു മുഹമ്മദാലി. അതുകൊണ്ടു തന്നെ പാറയെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകളും കഥകളും മുഹമ്മദാലിയോളം അറിയാവുന്നവര്‍ ചുരുക്കം. മുസിരിസിന്‍റെ പാതയിലൂടെ പോകുമ്പോള്‍ അപ്രതീക്ഷിതമായൊരു ടേണ്‍. പ്രാദേശിക പാറയുടെ കഥകളറിഞ്ഞപ്പോള്‍ ഒന്നടുത്തു കാണണമെന്നായി. മുസിരിസ് പൈതൃകം തേടിയുള്ള യാത്രയില്‍ ഇത്തരം ചില അനൗദ്യോഗിക ഇടത്താവളങ്ങളുണ്ട്, മുഹമ്മദാലിയെപ്പോലെ ഇതുവരെ ആരും രേഖപ്പെടുത്താത്ത ചരിത്രപുരുഷന്മാരുണ്ട്.
മുഹമ്മദാലി
കോട്ടയില്‍ കോവിലകത്തിന ടുത്തു നിന്നു മാളവനയിലേക്കു ജങ്കാര്‍. പക്ഷേ പോകുന്നതു പാറയുടെ സമീപത്തു കൂടെയല്ല. പാറ കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍, പ്രത്യേക റൂട്ട് സാങ്ഷന്‍ ചെയ്തു ജങ്കാറുകാരന്‍. പാറയുടെ വളരെ അടുത്തൂടെ യാത്ര. എല്ലാ വശങ്ങളിലും വെള്ളം, നടുവില്‍ ഒരു പാറ. ഭീമാകാരനായ ഒരാള്‍ നിവര്‍ന്നു കിടക്കുന്ന പോലെ. ഒരു വശത്തു നിന്നു നോക്കുമ്പോള്‍ ഏതോ ജീവിയുടെ രൂപം പോലെ. അങ്ങനെ നോക്കുന്നവരുടെ മനസിനനുസരിച്ചു പാറയുടെ രൂപം മാറുന്നു. അഞ്ച് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള യാത്രയിലൂടെ മറുകരയായ മാളവനയിലെത്തി. പാറയുടെ വിശേഷങ്ങള്‍ അറിയാനുള്ള യാത്രയെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കു താത്പര്യം, ജങ്കാറുകാരനും കൂടെക്കൂടി.
മാളവനപ്പാറയുടെ മുകളില്‍ ആനയുടെ രൂപത്തില്‍ മറ്റൊരു പാറ കൂടി ഉണ്ടായിരുന്നെന്നും, ഒരു സുപ്രഭാതത്തില്‍ അതു കാണാതായെന്നും പ്രാദേശിക അറിവ്. പക്ഷേ ആ അറിവിനെ അപ്പോള്‍ത്തന്നെ നിഷ്ക്കരുണം വെട്ടിയരിഞ്ഞു ഒരു ചെറുപ്പക്കാരന്‍, അതു തോട്ട പൊട്ടിയപ്പോള്‍ അടര്‍ന്നു പോയതാ. പാറയ്ക്ക് നിഗൂഢത നല്‍കാനുള്ള ശ്രമം ദയനീയ പരാജയമായി. കോട്ടയില്‍ കോവിലകത്തേയ്ക്കു മടങ്ങുമ്പോഴും മറുകരയില്‍ മാളവനപ്പാറയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല.
കോട്ടയില്‍ കോവിലകത്തെ ഫെറിക്കു സമീപത്തെ കടയിലാണു മുഹമ്മദാലിയെ കണ്ടുമുട്ടിയത്. പാറയുടെ കഥകള്‍ അറിയാവുന്നയാള്‍ താനാണെന്ന മട്ടില്‍ പറഞ്ഞു തുടങ്ങി. “” പണ്ട് അവിടെയൊക്കെ വെള്ളമായിരുന്നു. വെള്ളം ഊറി വന്നപ്പോള്‍ കരയും പാറയും തെളിഞ്ഞു. പിന്നീടു പുഴയില്‍ നിന്നു പാറ മറഞ്ഞില്ല. നീര്‍നായ്ക്കളുടെ താവളമാണു പാറയെന്നും മുഹമ്മദാലി പറയുന്നു. പാറയുടെ എതിര്‍ഭാഗത്തായി ശിവക്ഷേത്രമുള്ളതിനാല്‍, തൊട്ടടുത്തുള്ള കല്‍പ്പടവില്‍ ചിതാ ഭസ്മം നിര്‍മജ്ജനം ചെയ്യാനും ധാരാളം പേരെത്തുന്നുണ്ടെന്നു പ്രദേശവാസികള്‍.
എങ്കിലും പാറയുടെ ഭാഗത്തു നിന്നു വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും കേള്‍ക്കുന്ന ശബ്ദത്തിന്‍റെ നിഗൂഢത മനസില്‍ നിറഞ്ഞു നിന്നു. വിശദീകരണത്തിനായി വീണ്ടും ചോദിച്ചു, രാത്രി പന്ത്രണ്ടു മണിക്കെന്തിനാ വഞ്ചി ഇറക്കിയത്..? എളന്തിക്കര, മാള ഭാഗത്തു നിന്നൊക്കെ ചിലര്‍ രാത്രി വരും. അവരെ കൊണ്ടു ചെന്നാക്കണം. അങ്ങനെ പോയി മടങ്ങി വരുമ്പോഴായിരിക്കും മിക്കവാറും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാറുള്ളതെന്നു മുഹമ്മദാലിയുടെ തൃപ്തികരമായ വിശദീകരണം. വള്ളക്കാരന്‍റെ റോളില്‍ നിന്നു പെന്‍ഷന്‍പറ്റി മുഹമ്മദാലി. എങ്കിലും ഇത്തരം കഥകളുമായി കരയില്‍ സജീവം. ആരെയും ഉപദ്രവിക്കാതെ, വെറുതെ ശബ്ദം മാത്രമുണ്ടാക്കുന്ന പാറ. ആ ശബ്ദത്തിന്‍റെ ശാസ്ത്രീയ വിശദീകരണം തേടിയില്ല. ഒരു നാടിന്‍റെ കെട്ടുകഥകളും വിശ്വാസങ്ങളും പേറുന്ന പാറയായി മാളവനപ്പാറ മനസില്‍ അവശേഷിപ്പിച്ചു കൊണ്ടു മടക്കം.
ഐശ്വര്യത്തിന്‍റെ സൈറണ്‍ മുഴക്കിയ പശുവിനെ കറക്കാനെത്തിയ കറവക്കാരനെ ഓര്‍മയില്ലേ. ടൂറി സ്റ്റ് ബസിന്‍റെ ഫ്രണ്ട് ഗ്ലാസ് പോലത്തെ വലിയ കൂളിങ് ഗ്ലാസും ഇടിവെട്ട് ടീഷര്‍ട്ടും ധരിച്ചെത്തിയ, നാടോടിക്കാറ്റിലെ മോഡേണ്‍ കറവക്കാരന്‍. ഞാന്‍ ഈവ്നിങ്ങില്‍ വരാമെന്നു സ്റ്റൈലില്‍ മൊഴിഞ്ഞു മടങ്ങിയയാള്‍. പിന്നെ ആവനാഴിയിലെ കള്ളന്‍ കുട്ടന്‍, ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിലെ വണ്ടിക്കാരന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ ബോംബ് വില്‍പ്പനക്കാരന്‍.... അങ്ങനെ ആ മുഖം ഭാവം നല്‍കിയ കഥാപാത്രങ്ങള്‍ ഒരുപാടുണ്ടായിരുന്നു മനസില്‍. ആള്‍ക്കൂട്ടത്തിന്‍റെ പതിവുമുഖങ്ങളില്‍ പരിചിതനെങ്കിലും അപരിചിതനായി പേരില്ലാത്ത കഥാപാത്രങ്ങളെ പേറുന്ന നടന്‍. അഭ്രപാളിയിലെ ആള്‍ക്കൂട്ടങ്ങളില്‍ സജീവമെങ്കിലും, സിനിമയുടെ ആഘോഷക്കൂട്ടങ്ങളില്‍ ഈ മുഖം ചില പ്പോള്‍ കണ്ടെന്നുവരില്ല, ആ പേരോര്‍മിക്കാന്‍ കഴിഞ്ഞെന്നും വരില്ല. പക്ഷേ, മലയാളത്തിന്‍റെ അഭ്രപാളിയില്‍ വര്‍ഷങ്ങളായി ഇദ്ദേഹമുണ്ട്. സിനിമയുടെ ഓരങ്ങളിലേക്ക് ഒതുങ്ങിയ അഭിനേതാവ്. കറവക്കാരന്‍, കള്ളന്‍ കുട്ടന്‍, ബോംബ് വില്‍പ്പനക്കാരന്‍, പിന്നെ അസംഖ്യം ആള്‍ക്കൂട്ടസാന്നിധ്യങ്ങളും. രാജന്‍ പാടൂര്‍. ആ വ്യത്യസ്ത മുഖത്തിന്‍റെ അനുഭവങ്ങളിലേക്കൊരു ക്ലോസ് ഷോട്ട്.
അഭിനയമോഹവുമായി ഒളിച്ചോടിയെത്തിയാല്‍ ഉടന്‍ ആ ആഗ്രഹം നിറവേറ്റുന്ന സ്ഥലമായി മദ്രാസ് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്ന ധാരണ ഒരുപാടു പേരെ കീഴടക്കിയ സമയം.
അമ്പതുകളുടെ അവസാനമോ, അറുപതുകളുടേ ആദ്യമോ... സാഹസികതയുടെ കാലത്തിനു കൃത്യമായ രേഖപ്പെടുത്തലുകളില്ല. പക്ഷേ, കോഴിക്കോട് നിന്നു മദ്രാസിലേക്ക് ഒളിച്ചോടിപ്പോയി രാജന്‍. സിനിമാനോട്ടിസിലും പാട്ടുപുസ്തകത്തിലും നസീറിന്‍റേയും സത്യന്‍റേയും ഫോട്ടൊകള്‍ വെട്ടിയൊട്ടിക്കുന്ന ശീലത്തിന്‍റെ അടുത്തപടിയായിരുന്നു ഒളിച്ചോട്ടം. പതുക്കെ അഭിനയം ജ്വരമായി. ജ്വരത്തിന്‍റെ തീവ്രതയില്‍ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. പിന്നെ പട്ടിണി, പൈപ്പ് വെള്ളം കുടിക്കല്‍, പ്രശസ്ത സിനിമാക്കാരുടെ അവഗണന, കഷ്ടപ്പാട്... പതിവായി സംഭവിക്കുന്നതൊന്നും ഉണ്ടായില്ല. എങ്ങും എത്താനാകാതെ കറങ്ങി നടക്കുന്നതിനിടെ വീടിനടുത്തുള്ള ഒരാള്‍ കണ്ടു. ടിക്കറ്റ് ബുക്ക് ചെയ്ത്, തിരികെ അയച്ചു. മദ്രാസ് കഥ അവിടെ അവസാനിക്കുന്നു. പക്ഷേ, അഭിനയത്തിന്‍റെ കഥ തുടര്‍ന്നു.
പൂളയില്‍ നിന്നു സിനിമയിലേക്ക്...
പിന്നീട് സ്കൂള്‍ നാടകങ്ങളില്‍ സജീവമാകുകയായിരുന്നു രാജന്‍. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ ഭാരത് കലാവേദി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നിരവധി നാടകങ്ങള്‍. അങ്ങനെ നാടകം മനസില്‍ വേരുറയ്ക്കുന്ന സമയത്തു തന്നെ വേദിയില്‍ ഒരു സഹയാത്രികനെത്തി. കുതിരവട്ടം പപ്പു.
മൂപ്പരുമെത്തി.. പിന്നെ ഞങ്ങളൊന്നിച്ചായി. നാടകത്തിന്‍റെ ആവേശക്കാലത്തെ ഓര്‍മയില്‍ ഒന്നിളകിയിരുന്നു രാജന്‍ പാടൂര്‍. പപ്പുവേട്ടന്‍ എഴുതിയ നാടകമായിരുന്നു പൂളയില്‍ നിന്നു സിനിമയിലേക്ക്. അരമണിക്കൂര്‍ നാടകം, പലയിടത്തും പേരു മാറ്റി കളി ച്ചു. പിന്നെ ഞാനൊരു നാടകമെഴുതി, തട്ടാന്‍ കൃഷ്ണന്‍. അതും ലാഫ് ബോബ് എന്ന പേരിലൊക്കെ കളിച്ചു. ഹിറ്റായിരുന്നു രണ്ടു നാടകങ്ങളും.
കാര്‍ണിവല്‍ ഗ്രൗണ്ടുകളായിരുന്നു പിന്നീട് അഭിനയക്കളരി. ഡാന്‍സ്, മാജിക്, സ്കില്‍ ഗെയിമുകള്‍... ഏറ്റവുമൊടുവില്‍ നാടകം. നാല്‍പ്പത്തഞ്ചു മുതല്‍ അറുപതു ദിവസം വരെ നീണ്ടു നില്‍ക്കും കാര്‍ണിവലുകള്‍. ഒരു ദിവസം ഒരു നാടകം. അങ്ങനെ ചില പ്പോള്‍ തൊണ്ണൂറു ദിവസം വരെ നീണ്ടാല്‍, തൊണ്ണൂറു കഥകള്‍ അരങ്ങേറും. കുതിരവട്ടം പപ്പുവൊക്കെയായിരു ന്നു കൂട്ടകാര്‍. ഉരുളയ്ക്കുപ്പേരി പോലെ പറയണം. കഥയ്ക്കനുസരിച്ചു ഡയലോഗ് വീഴണം. ഇത്തരത്തില്‍ വിജയകരമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാടകം അവതരിപ്പിച്ചു. കാര്‍ണിവല്‍ കളിയില്‍ ശരിക്കും രാജനിലെ നടന്‍ പ്രശസ്തനാവുകയായിരുന്നു. കോഴിക്കോട്ടെ കലാകാരന്മാരൊക്കെ അറിഞ്ഞു തുടങ്ങി. കാര്‍ണിവല്‍ വേദികളില്‍ പന്ത്രണ്ടു കൊല്ലം.
വേഗം വിട്ടോളീ.....
കുതിരവട്ടം പപ്പുവിനൊപ്പം തച്ചോളി ഒതേനന്‍ എന്ന നാടകം കളിക്കുന്ന കാലം. വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങളെ ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് അവതരണം. തച്ചോളി ഒതേനന് ആസ്ത്മ, കുങ്കനു ഞൊണ്ടുമുണ്ട്...പലയിടത്തും വിജയകരമായി അവതരിപ്പിച്ച നാടകംവടകരയില്‍ അവതരിപ്പിക്കുന്ന സമയം. വടക്കന്‍ പാട്ടിന്‍റെ പാരമ്പര്യമുള്ള മണ്ണില്‍ വീരന്മാരെ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ചാല്‍ വിജയിക്കുമോ എന്നു സംശയമുണ്ടായിരുന്നു. എങ്കിലും ധൈര്യത്തോടെ തുടങ്ങി.
“” പപ്പുവേട്ടന്‍ ഒതേനനായി വേദിയിലെത്തി. കൈയടി വരുന്നില്ല. നാടകം തുടരുമ്പോഴും തമാശകളൊന്നും ഏക്കുന്നില്ല. കൂവലും വരുന്നുണ്ട്. വീരന്മാരെ അങ്ങനെ അവതരിപ്പിച്ചത് പലര്‍ക്കും ഇഷ്ടമായില്ലെന്നു സൂചനകള്‍. നാടകം തീര്‍ന്നയുടനെ സംഘാടകര്‍ എത്തി. ഇവിടെ ഇനി കാത്തു നില്‍ക്കണ്ട. ജനം ഇളകിയിരിക്കുകയാണ്. ചിലപ്പോള്‍ അടി കിട്ടാന്‍ സാധ്യതയുണ്ട്... വേഗം വിട്ടോളീ..’’
സ്റ്റേജിന്‍റെ ബാക്കില്‍കൂടി ഇറങ്ങിയോടി, വാന്‍ വരുന്ന വഴിയില്‍ കാത്തുനിന്നത് ഇപ്പോഴും ഓര്‍ക്കുന്നു രാജന്‍. സുരാസുവിന്‍റെ മ്യുസിക്കല്‍ തിയെറ്റേഴ്സ്, നെല്ലിക്കോട് ഭാസ്ക്കരന്‍റെ ചിത്ര തിയെറ്റേഴ്സ്, അക്ഷര തിയെറ്റേഴ്സ് തുടങ്ങിയ നാടകസമിതികളിലും രാജന്‍ പാടൂര്‍ സഹകരിച്ചിരുന്നു.
തമ്പാന്‍റെ വേലക്കാരന്‍
ബാലന്‍. കെ. നായരാണ് സിനിമയിലേക്കു വിളിച്ചത്. തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ രാവിലെ വരണം. ഒരു റോളുണ്ട്. നാടകം വഴിയുള്ള പരിചയമുണ്ടായിരുന്നു അദ്ദേഹവുമായി. വിന്‍സന്‍റ് മാഷിന്‍റെ വയനാടന്‍ തമ്പാന്‍. കമല്‍ ഹാസന്‍ നായകന്‍. 1978ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമലിന്‍റെ വേലക്കാരനായിട്ടായിരുന്നു വേഷം. ആദ്യ ഷോട്ട് ഒരു മരത്തില്‍ കയറുന്നതും... തൃശൂരിലും മദ്രാസ് എവിഎമ്മിലുമായിരുന്നു ഷൂട്ടിങ്. രാജന്‍ പാടൂരിന്‍റെ അഭിനയജീവിതത്തിന്‍റെ മറ്റൊരു ടേണിങ് പോയ്ന്‍റ്. പിന്നെ നിരവധി സിനിമകള്‍, ചെറുതും ചിലപ്പോള്‍ ശ്രദ്ധേയവുമായ വേഷങ്ങള്‍. ഹരിഹരന്‍ സംവിധാനം ചെയ്ത അടിമക്കച്ചവടം, ശരപഞ്ജരം......
കള്ളന്‍ കുട്ടനും കറവക്കാരനും...
നാടകത്തില്‍ ആക്ഷന്‍ കോമഡിയായിരുന്നു കൂടുതല്‍ ചെയ്തിരുന്നത്. രാജന്‍റെ നാടക അഭിനയം തിരക്കഥാകൃത്ത് ടി. ദാമോദരന്‍ കണ്ടിട്ടുണ്ടായിരുന്നു.അദ്ദേഹമാണു ഐ. വി ശശിയോട് രാജനെ സജസ്റ്റ് ചെയ്ത ത്. ആവനാഴിയിലെ കള്ളന്‍ കുട്ടന്‍ എന്ന കഥാപാത്രത്തെ ഏല്‍പ്പിച്ചു. രാജന്‍ ചെയ്താല്‍ ശരിയാകുമോ എന്നു പലര്‍ക്കും സംശയമുണ്ടായിരുന്നു. അഭിനയിച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും അഭിനന്ദിച്ചുവെന്നു രാജന്‍ ഓര്‍ക്കുന്നു.
രാജന്‍റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി കള്ളന്‍ കുട്ടന്‍ മാറുകയും ചെയ്തു. അവിടുന്നങ്ങോട്ട് ഐ. വി ശശിയുടെ മിക്ക പടത്തിലും രാജന് അവസരം ലഭിച്ചു തുടങ്ങി. ആവനാഴിയുടെ തുടര്‍ഭാഗങ്ങള്‍ ഇറങ്ങിയപ്പോഴും രാജന്‍ സാന്നിധ്യം അറിയിച്ചു. കമല്‍ സംവിധാനം ചെയ്ത ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയിലെ കുതിരവണ്ടിക്കാരനും ശ്രദ്ധിക്കപ്പെട്ടു. സത്യന്‍ അന്തിക്കാടന്‍റെ സിനിമകളിലും രാജന്‍ സ്ഥിരം സാന്നിധ്യമായി. ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് ആയിരുന്നു തുടക്കം.
നല്ല റോളാണെന്നു പറഞ്ഞു വിളിച്ച ഒരു സിനിമയില്‍ ആള്‍ക്കൂട്ടത്തിലെ കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാടോടിക്കാറ്റിലേക്കു വിളിച്ചത്. അവിടെ ചോദിച്ചിട്ടു നാടോടിക്കാറ്റിന്‍റെ ഷൂട്ടിങ് നടക്കുന്ന കോഴിക്കോട്ടേക്കു പോന്നു. ഒരു വ്യത്യസ്ത കറവക്കാരനായിരുന്നു അത്. അബ്കാരിയിലും കറവക്കാരന്‍റെ വേഷമായിരുന്നു. പിന്നീടു നിരവധി ചിത്രങ്ങള്‍. ഇതുവരെ നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു രാജന്‍ പാടൂര്‍. ചിലപ്പോള്‍ ഒരു റോളുണ്ടന്നു പറഞ്ഞിട്ട്, ഒന്നും ഇല്ലാതായ അവസ്ഥയുമുണ്ട്. അങ്ങനെ കാര്യമായ വിഷമമൊന്നുമില്ല, ഇതൊക്കെ ഈ ഫീല്‍ഡിന്‍റെ ഭാഗമാണെന്ന സത്യം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു ഇദ്ദേഹം.
മറക്കില്ല മമ്മൂട്ടിക്കയേ...
ആവനാഴി, 1921, മിഥ്യ, ഇന്‍സ്പെക്റ്റര്‍ ബല്‍റാം, ഭൂതക്കണ്ണാടി.... ഒരുപാടു പടം ചെയ്തിട്ടുണ്ട് അദ്ദേഹത്തിനൊപ്പം. ഒരുപാടു സഹായവും ചെയ്തിട്ടുണ്ട് അദ്ദേഹം. ആവനാഴിയിലെ കള്ളന്‍ കുട്ടന്‍ നന്നായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലോഹിതദാസിന്‍റെ ഭൂതക്കണ്ണാടിയിലെ കഥാപാത്രം രാജനു കിട്ടാനുള്ള കാരണവും മമ്മൂട്ടിക്ക തന്നെ. എപ്പോഴും സ്നേഹമുണ്ട് അദ്ദേഹത്തിന്, അതു പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളും നിരവധി.
ഒരിക്കല്‍ ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ഹോട്ടലില്‍ റൂമില്ല. ഏതോ ഫുട്ബോള്‍ മാച്ച് നടക്കുന്നതിനാല്‍ ആ പ്രദേശത്തു ഹോട്ടല്‍ മുറി കിട്ടാനില്ല. വെയ്റ്റ് ചെയ്യൂ.. ഇപ്പൊ ചില മുറികള്‍ ഒഴിയുമെന്നു പറഞ്ഞു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. കോണിപ്പടിയില്‍ പെട്ടിയൊക്കെവച്ചു കാത്തു നില്‍ക്കുമ്പോഴാണ് മമ്മൂട്ടിയുടെ വരവ്. എന്താ ഇവിടെ നില്‍ക്കുന്നതെന്നു മമ്മൂട്ടിയുടെ ചോദ്യം. മുറി ഒഴിവില്ലാത്ത കാര്യങ്ങളൊക്കെ രാജന്‍ പറഞ്ഞു. മമ്മൂട്ടി ഉടനെ പ്രൊഡക്ഷനിലെ ആളിനെ വിളിച്ചു. ഒരു ആര്‍ട്ടിസ്റ്റാടോ അത്, അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം എന്നൊക്കെയായി മമ്മൂക്ക..... ഒരിക്കലും മറക്കില്ലത്.
കുടുംബത്തിന്‍റെ വേരുകള്‍ ഗുരുവായൂര്‍ ഭാഗത്താണെങ്കിലും അയ്യപ്പന്‍റേയും ലക്ഷ്മിയുടേയും മകനായ രാജന്‍ ജനിച്ചതും വളര്‍ന്നതും കോഴിക്കോട്ട്. നഗരത്തില്‍ നിന്നു കുറച്ചു മാറി തൊണ്ടയാടിനടുത്ത് കെ. ടി. താഴം എന്ന സ്ഥലത്താണ് താമസം.
രാജന് ആറു പെണ്‍കുട്ടികള്‍. അഞ്ചു പേരുടെ കല്യാണം കഴിഞ്ഞു. ചെറിയ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നതില്‍ വിഷമമില്ലേ എന്ന ചോദ്യത്തിന്‍റെ മറുപടി ഇങ്ങനെഅഭിനയിക്കാന്‍ ഒരു സെക്കന്‍ഡ് മതി. ചിലപ്പോള്‍ ഒരു മുഴുനീള ക്യാരക്റ്ററിനു കഴിയാത്തവിധം ശ്രദ്ധിക്കപ്പെടാന്‍ സാധിക്കും. ചെയ്യാന്‍ പറ്റുന്ന വേഷമാണെങ്കില്‍ എത്ര ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടും.
വെറൈറ്റി ടൈപ്പ് കോമഡി ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹവും മനസിലുണ്ട്. എങ്കിലും സിനിമയുടെ വലിയ ലോകത്ത് കഥാപാത്രം ചെറുതോ വലുതോ എന്ന് അന്വേഷിക്കാതെ രാജന്‍ പാടൂര്‍ അഭിനയജീവിതം തുടരുന്നു.
കണ്ണു നിറയുമ്പോള്‍ ഒരു സ്നാപ്പ് എടുക്കാം.
കണ്ണീരില്‍ത്തട്ടി വാക്കുകള്‍ ഇടറുമ്പോള്‍ തെറ്റാതെ കുറിച്ചെടുക്കാം.
ഇപ്പോള്‍ത്തന്നെ നല്ലൊരു ശീര്‍ഷകത്തിനുള്ള വക നേടാം...
വഴുതക്കാട്ടെ വര്‍ക്കിങ് വിമണ്‍സ് അസോസിയേഷന്‍റെ ഷോര്‍ട്ട് സ്റ്റേ ഹോമിനുള്ളില്‍ പത്രപ്രവര്‍ത്തനത്തിന്‍റെ ഈ പ്രാഥമികപാഠങ്ങള്‍ തെറ്റുന്നുവെന്നു തോന്നി. അഭ്രപാളിയില്‍ നടിയായും അഭിനേത്രികളുടെ ചുണ്ടിനിണങ്ങുന്ന ശബ്ദമായും പാട്ടുകാരിയായും നിറഞ്ഞു നിന്ന അമ്മ റീടേക്കുകളില്ലാത്ത ജീവിതത്തിന്‍റെ രംഗങ്ങളില്‍ പതറുമ്പോള്‍ പലതും എഴുതിയെടുക്കാന്‍ മറക്കുന്നു. മലയാള സിനിമയിലെ പഴയകാല നടി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നാടകനടി, പാട്ടുകാരി...പാലാ തങ്കം. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള ഭൂതകാലത്തിന്‍റെ വര്‍ത്തമാനകാലം എങ്ങനെയായിരിക്കുമെന്നു മനസില്‍ സങ്കല്‍പ്പിക്കാം. പക്ഷേ, ഭാവിസങ്കല്‍പ്പങ്ങളെ കരുതുന്നതു പോലെ കാക്കാന്‍ കടമയില്ലാത്ത ജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ ഇടറി, നിറഞ്ഞ കണ്ണുകളെ മറയ്ക്കാന്‍ മേശയിലേക്കു തലതാഴ്ത്തിക്കിടന്നു. ആരെയും പഴിക്കാതെ, പരിഭവങ്ങള്‍ പങ്കുവയ്ക്കാതെ, പത്രപ്രവര്‍ത്തകനോട് പറയരുതാത്ത വേദനകള്‍ കണ്ണീരിലൊതുക്കി നിശബ്ദതയ്ക്കു വഴിമാറിക്കൊണ്ടേയിരുന്നു പലപ്പോഴും ആ അമ്മയുടെ സംസാരം.
സിനിമാസാന്നിധ്യത്തിന്‍റെ പൂര്‍വകാല ആഘോഷങ്ങള്‍ക്കു തെളിവുകളായി നിരത്താന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടൊകളുടെ ശേഷിപ്പുകള്‍ ഒന്നുംതന്നെയില്ല. ഷോര്‍ട്ട് സ്റ്റേ ഹോമിന്‍റെ മുറിയിലെ കട്ടിലിനപ്പുറത്തെ ജനല്‍ക്കമ്പികള്‍ക്കിടയില്‍ ഓര്‍മകളുടെ ഒരേയൊരു ചിത്രംമാത്രം, പുഞ്ചിരിക്കുന്ന പതിവുമുഖവുമായി നടന്‍ സത്യന്‍റെ ഫോട്ടൊ. നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു, ആയിരത്തിലധികം ചിത്രങ്ങളില്‍ മലയാളം ആദരിച്ച അഭിനേത്രികള്‍ക്കു ശബ്ദം പകര്‍ന്നു, പ്രഗത്ഭരായ നാടക ആചാര്യന്മാര്‍ക്കൊപ്പം സമിതികള്‍ക്കൊപ്പവും സഹകരിച്ചു, നേട്ടക്കണക്കിന്‍റെ അക്കങ്ങള്‍. നിഷിദ്ധകലയുടെ നിരയില്‍ നാടകവും സിനിമയും കലാകാരി എന്ന വിശേഷണവും ഇടംപിടിച്ചു നിന്ന കാലത്തു തന്നെയായിരുന്നു പാലാ തങ്കത്തിന്‍റെ നടിയായും പാട്ടുകാരിയായുമുള്ള പട്ടാഭിഷേകം.
പാലാക്കാരെന്നെ
നാടകക്കാരിയാക്കി...
കോട്ടയം പാലായിലെ അരുണാപുരത്തു ലക്ഷ്മിക്കുട്ടിയമ്മയുടെ മകള്‍. ബാല്യത്തിന്‍റെ കരുതലുകള്‍ കൊടുക്കാതെ ഉപേക്ഷിച്ചുപോയ അച്ഛന്‍റെ പേരു പറഞ്ഞില്ല. ആ മകള്‍ക്കു പിതൃസ്നേഹം നല്‍കാന്‍ ദൈവം നിയോഗിച്ച രാഘവന്‍ നായര്‍ എന്ന വളര്‍ത്തച്ഛന്‍റെ കരുതലുണ്ടായിരുന്നു പിന്നീട് ജീവിതത്തിലുടനീളം. പാട്ടിനോടായിരുന്നു ആദ്യ താത്പര്യം. ആദ്യഗുരു ചേര്‍ത്തല വിജയന്‍ ഭാഗവതര്‍. പിന്നീടു എല്‍. പി. ആര്‍. വര്‍മയുടെ ശിഷ്യയായി. നാടകത്തില്‍ പാടി അഭിനയിക്കുന്നവര്‍ക്കു അവസരങ്ങള്‍ ഉണ്ടായിരുന്ന കാലം. പാട്ടു പാടുന്നതു കൊണ്ടു തന്നെ ബൈബിള്‍ നാടകങ്ങളിലേക്കു തന്നെ എത്തിച്ച് പാലാക്കാരാണു നാടക്കാരിയാക്കിയതെന്നു തങ്കം. സെബസ്ത്യാനോസ് പോലുള്ള നാടകങ്ങളായിരുന്നു അക്കാലത്തു അവതരിപ്പിച്ചിരുന്നത്.
പാട്ടു പാടുന്ന കുട്ടി, അഭിനയിക്കുകയും ചെയ്യും. എന്‍. എന്‍ പിള്ളയുടെ വിശ്വകേരളാകലാസമിതി എന്ന നാടകസമിതിയിലേക്കു ക്ഷണം. പാട്ടുകാരിയില്‍ നിന്നു നാടകത്തിലേക്കുള്ള വഴിമാറ്റം, പക്ഷേ ജീവിതം ആ ഒരു വിശേഷണത്തില്‍ തീര്‍ന്നില്ല, യാത്ര തുടരുകയായിരുന്നു. എന്‍. എന്‍ പിള്ളയുടെ മൗലികാവകാശം എന്ന നാടകത്തില്‍ അന്നക്കുട്ടി എന്ന കഥാപാത്രമായിരുന്നു. പതിനാലുകാരിക്കു നാടകാഭിനയത്തെക്കുറിച്ചു കാര്യമായ ബോധമില്ല. ഈ കുട്ടിക്കു നടക്കാന്‍ പോലും അറിയില്ലല്ലോ എന്ന് എന്‍. എന്‍ പിള്ള കമന്‍റ് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു തങ്കം. പക്ഷേ, എല്ലാം കാര്യമായി പറഞ്ഞു തന്നു പഠിപ്പിക്കുമായിരുന്നു അദ്ദേഹം. അരങ്ങിന്‍റെ ഗുരുകുലമായിരുന്നു വിശ്വകേരളകലാസമിതി. പാലാക്കാര്‍ നാടകക്കാരിയാക്കിയ തങ്കത്തിന്‍റെ ആദ്യവേദിയും പാലായില്‍ത്തന്നെയായിരുന്നു. പിന്നീടു ചങ്ങനാശേരി ഗീഥാ, കേരള തിയെറ്റേഴ്സ്, ജ്യോതി തിയെറ്റേഴ്സ്...പി. ജെ. ആന്‍റണി, ഗോവിന്ദന്‍ കുട്ടി, കോട്ടയം ചെല്ലപ്പന്‍ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരോടൊപ്പവും...
ഇതിനിടയില്‍ ആലുവ അജന്താ സ്റ്റുഡിയോ നിര്‍മിച്ച കെടാവിളക്ക് എന്ന ചിത്രത്തില്‍ രണ്ടു പാട്ട് പാടാന്‍ അവസരം ലഭിച്ചു. താരകമലരുകള്‍ പാടി, തേക്കുപാട്ടിന്‍ എന്നീ ഗാനങ്ങള്‍. അച്ഛനൊപ്പം മദ്രാസില്‍ പോയാണ് പാട്ടു പാടിയത്. സത്യന്‍ നായകനായ സിനിമ. പക്ഷേ കെടാവിളക്ക് ഒരിക്കലും വെളിച്ചം കണ്ടില്ല. പിന്നണി ഗായിക ആകാമെന്ന മോഹത്തിന്‍റെ തിരി അണഞ്ഞു.
യൂണിവേഴ്സലിലേക്കൊരു ഫോണ്‍ കോള്‍
ഫോണുകള്‍ ഇല്ലാത്ത കാലം. ഒരു ദിവസം പാലായിലെ പ്രശസ്ത ബിസിനസുകാരനായ മണര്‍കാട് പാപ്പന്‍റെ ബന്ധുവായ അപ്പച്ചന്‍ തങ്കത്തിന്‍റെ വീട്ടിലെത്തി. പാലാ യൂണിവേഴ്സല്‍ തിയെറ്ററില്‍ ഒരു ഫോണ്‍കോള്‍ വന്നിരിക്കുന്നു. വിളിച്ചത് ഉദയാ സ്റ്റുഡിയോയിലെ കുഞ്ചാക്കോ മുതലാളി. തങ്കത്തിനു സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചിരിക്കുന്നു കുഞ്ചാക്കോ മുതലാളി. പുതിയൊരു വഴി തുറക്കുകയായിരുന്നു. അമ്മയെക്കൂട്ടി ആലപ്പുഴയിലേക്ക്. അവിടെ ചെല്ലുമ്പോള്‍ കടലമ്മ എന്ന ചിത്രത്തിന്‍റെ വര്‍ക്ക് നടക്കുന്നു. തങ്കത്തിന്‍റെ മുഖത്തു ചായം പൂശി. സത്യന്‍ നായകനായ ചിത്രത്തില്‍ എസ്. പി. പിള്ളയുടെ സംഘത്തില്‍ ഒരാളായി ചെറിയൊരു വേഷം. പക്ഷേ കടലമ്മയിലെ കഥാപാത്രം ഒരു മേക്കപ്പ് ടെസ്റ്റായിരുന്നുവെന്നു മനസിലാക്കിയതു റബേക്ക എന്ന ചിത്രത്തില്‍
അഭിനയിക്കാന്‍ വിളിച്ചപ്പോഴായിരുന്നു. റബേക്കയില്‍ സത്യന്‍റെ അമ്മ വേഷമായിരുന്നു. പതിനേഴാം വയസില്‍ സത്യന്‍റെ അമ്മ, മറിയാമ്മ. അതുപോലൊരു വേഷം പിന്നീടൊരക്കലും കിട്ടിയിട്ടില്ലെന്നു പറയുന്നു തങ്കം. ഇതിനിടയില്‍ സീത എന്ന ചിത്രത്തില്‍ കുശല കുമാരിക്കു ശബ്ദം നല്‍കാനുള്ള അവസരവും ലഭിച്ചു.
സിനിമാഭിനയത്തിന്‍റെ ഇടവേളയില്‍ വീട്ടിലെത്തുമ്പോള്‍ തോപ്പില്‍ ഭാസിയും എസ്. പി. പിള്ളയും ക്ഷണിക്കുന്നു, കെപിഎസിയിലേക്ക്. ശരശയ്യ എന്ന നാടകത്തില്‍ കെ. പി ഉമ്മറിന്‍റെ അമ്മയായി അഭിനയിച്ചു. തൊണ്ണൂറു വയസുള്ള അമ്മവേഷം ഏറെ കൈയടി നേടി. ആ നാടകത്തിലെ അഭിനയം കണ്ടു ഒരു പ്രമുഖ പത്രം പാലാ തങ്കത്തെ വിശേഷിപ്പിച്ചു, മലയാളത്തിലെ ലളിത പവാര്‍. അമ്മ റോളുകളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തയായ നടിയായിരുന്നു ലളിത.
അപ്പോഴേക്കും കല്യാണം. തിരുവനന്തപുരം കൈതമുക്ക് സ്വദേശി ശ്രീധരന്‍ തമ്പിയാണ് ജീവിതത്തിലേക്കു വന്നത്. പാലായില്‍ പൊലീസ് ഓഫിസറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. കലയെ സ്നേഹിക്കുന്നയാളായതുകൊണ്ടു കലാ ജീവിതത്തിനു തടസം നേരിട്ടില്ല. എന്നാല്‍ അധികം വൈകാതെ വ്യക്തി ജീവിതത്തില്‍ ഏറെ വേദനകള്‍ സമ്മാനിച്ച് ഭര്‍ത്താവ് മരിച്ചു.
തുറക്കാത്ത വാതില്‍
തറവാട്ടമ്മ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ടു പി. ഭാസ്കരന്‍ ടെലിഗ്രാം അയച്ചു. പക്ഷേ അതു കിട്ടിയില്ല. പിന്നീടു ഭാസ്കരന്‍ മാഷ് ടെലിഗ്രാം അയച്ചതു പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്. തൃശൂരില്‍ ശോഭന പരമേശ്വരന്‍ നായരുടെ സ്റ്റുഡിയോയില്‍ എത്തി ഫോട്ടൊ എടുക്കാന്‍ തങ്കത്തിനോട് പറയണം. അങ്ങനെ സ്റ്റില്‍സ് എടുത്തു. മദ്രാസിലേക്കു പുറപ്പെട്ടോളൂ എന്നു മാഷിന്‍റെ ക്ഷണം. അങ്ങനെ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടി. സിനിമയില്‍ തിരക്കേറിത്തുടങ്ങി. ഒപ്പം ഡബ്ബിങ്ങിലും കഴിവു തെളിയിച്ചു. ബോബനും മോളിയും എന്ന ചിത്രത്തില്‍ ബോബനു ശബ്ദം കൊടുത്തു. ശിക്ഷ എന്ന സിനിമയില്‍ നടി സാധനയ്ക്കു ശബ്ദം പകര്‍ന്നു. ആര്‍ക്കൊക്കെ ഡബ്ബ് ചെയ്തു എന്ന ചോദ്യത്തിന്‍റെ ഉത്തരം വ്യത്യസ്തമാണ്. ഷീലയ്ക്കും ജയഭാരതിക്കും ഒഴികെ ബാക്കിയെല്ലാവര്‍ക്കും. ശാരദ, ലക്ഷ്മി, സീമ, സാധന, വിജയശ്രീ, ശ്രീവിദ്യ. ഏറെ ഹിറ്റായ ഹൊറര്‍ മൂവി ലിസയില്‍ ഭവാനിക്കു ശബ്ദം നല്‍കിയതും തങ്കമായിരുന്നു. കൃഷ്ണ, ഗുരുവായൂരപ്പയില്‍ ബേബി ശാലിനിയുടെ ശബ്ദവും തങ്കത്തിന്‍റേതു തന്നെ. വോയ്സ് ചെയ്ഞ്ച് ചെയ്തു ആര്‍ക്കും ശബ്ദം കൊടുക്കാന്‍ കഴിയുമായിരുന്നു. ഒരിക്കല്‍ തിരക്കേറി ഡബ്ബ് ചെയ്യാന്‍ കഴിയാതെ സ്റ്റുഡിയോയില്‍ നിന്ന് മടങ്ങുന്ന പ്രേംനസീറിനോട് അടൂര്‍ ഭാസി തങ്കത്തിനെ ചൂണ്ടി പറഞ്ഞു, അസ്സേ ഇതു തങ്കം കയറി ചെയ്തു കളയും....
ടൈറ്റിലില്‍ ഡ്രൈവറുടെ പേരു വരുമ്പോള്‍പ്പോലും ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്‍റെ പേരു വരാത്ത കാലമായിരുന്നു അത്. പിന്നീട് ആ കലാവിഭാഗത്തെ പേരു നല്‍കി അംഗീകരിക്കുന്നതിനും, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കു സംഘടന ഉണ്ടാകുന്നതിനും തങ്കത്തിന്‍റെ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളുമുണ്ട്.
മോഹങ്ങള്‍ ബാക്കി
ജീവിതസായാഹ്നത്തില്‍ ഏകയായിപ്പോയതിന്‍റെ വിഷമം വാക്കുകളില്‍ ഒളിപ്പിക്കാനുള്ള ശ്രമം പലപ്പോഴും വിഫലമാകുന്നു. വിതുമ്പലില്‍ വിറങ്ങലിച്ചു നിന്ന വാക്കുകളില്‍ വേദന നിറയുന്നു. ഷോര്‍ട്ട് സ്റ്റേ ഹോമിലെ ഹ്രസ്വകാലജീവിതത്താവളത്തില്‍ ആശ്വാസം കണ്ടെത്തുന്നു പാലാ തങ്കം. അവിടുത്തെ സ്നേഹം നല്‍കുന്ന ആശ്വാസം ചെറുതല്ല. മറ്റൊരിടം ശരിയാകുന്നതു വരെ ഈ അമ്മയെ എങ്ങും വിടില്ലെന്ന ആത്മാര്‍ഥത പ്രതിധ്വനിക്കുന്നുണ്ട് അവിടെ.
അഭ്രപാളിയിലെ സമൃദ്ധഭൂതകാലത്തിന്‍റെ അവകാശം ആരോടും ചോദിച്ചു പോയിട്ടില്ല, കടപ്പാടിന്‍റെ കഥ പറഞ്ഞു കണക്കു തീര്‍ക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മ സഹായം നല്‍കുന്നുണ്ട്. ഈ അമ്മയുടെ ഇന്നത്തെ അവസ്ഥയില്‍ സാന്ത്വനമാകുന്നു പലരും, പഴയകാല സഹയാത്രികര്‍, ഒരു ഫോണ്‍ കോളില്‍ ക്ഷേമാന്വേഷണത്തിന്‍റെ കരുതല്‍ ശബ്ദങ്ങള്‍...ജീവിതത്തിന്‍റെ ഏകാന്തതുരുത്തിലും അനേകം സ്നേഹസാന്ത്വനങ്ങള്‍ തേടിയെത്തുന്നു...
സ്വന്തമായൊരു കൊച്ചുവീടിന്‍റെ സുരക്ഷിതത്വം സ്വപ്നമായി അവശേഷിക്കുന്നു. ഒരിക്കല്‍ കഴിവു തെളിയിച്ച മേഖലയില്‍ ഇനിയും വര്‍ക്ക് ചെയ്യണമെന്ന മോഹവുമുണ്ട്. ജീവിത വിവരണങ്ങളില്‍ മാത്രമേ ഈ അമ്മയ്ക്കു തൊണ്ടയിടറുന്നുള്ളൂ.. അഭിനേത്രിയുടെ ചുണ്ടിനോടു ശബ്ദം ചേര്‍ത്തു വയ്ക്കാന്‍ വെമ്പുന്ന കലാകാരിയുടെ മനസിപ്പോഴും ശേഷിക്കുന്നു...
അമ്മയെപോലെ അമ്പലത്തില്‍ കൊണ്ടുപോകുന്ന ഓട്ടൊഡ്രൈവര്‍ മുതല്‍ കാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും ഓരോ ആള്‍രൂപങ്ങളേയും ഈ അമ്മ ഓര്‍ത്തുവയ്ക്കുന്നു...
തിരുവനന്തപുരത്തു വരുമ്പോള്‍ ഇനിയും കാണണം എന്ന ഓര്‍മപ്പെടുത്തലിനു തലയാട്ടി തിരികെപ്പോരുമ്പോള്‍ പാതി ചാരിയ വാതിലിനപ്പുറത്തു നിന്നു കാഴ്ച മറയും വരെ ആ അമ്മ മടങ്ങിപ്പോയിട്ടുണ്ടായിരുന്നില്ല...
ഏതാനും ദിവസങ്ങള്‍ക്കു ശേഷം
ഒരു ഫോണ്‍ കോള്‍. അങ്ങേത്തലയ്ക്കല്‍ ആ ശബ്ദം. അഭ്രപാളികളെ ത്രസിപ്പിച്ച ശബ്ദം... തിയെറ്ററിലെ ഇരുട്ടിനെ കരയിച്ച ശബ്ദം..അനേകം താരങ്ങള്‍ക്കു കടം കൊടുത്ത ശബ്ദം...
മനസില്‍ ഒരു ഡബ്ബിങ് സ്റ്റുഡിയോ. സ്ക്രീനില്‍ ഒരു ദൃശ്യം തെളിയുന്നു. പ്രായമായ ഒരു സ്ത്രീ ഫോണ്‍ ചെയ്യുന്നു...സ്റ്റുഡിയോയിലെ മൈക്രോഫോണിനു മുന്നില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റെഡി. ശബ്ദം മുഴങ്ങുന്നു...
ഒരു വൃദ്ധസദനത്തിലേക്കു
മാറുകയാണ് മോനേ...
സ്ക്രീനിലും മൈക്രോഫോണിനു മുന്നിലും മനസിലും ഒരേ മുഖം. ഒന്നൂ കൂടെ നോക്കണോ. വേണ്ട, ലിപ് മൂവ്മെന്‍റും മോഡുലഷനും ഇടര്‍ച്ചയുമടക്കം എല്ലാം കറക്റ്റ്...ശബ്ദം നല്‍കിയത് പാലാ തങ്കമല്ലേ....ഇത്തവണ അത് മറ്റാര്‍ക്കും വേണ്ടിയായിരുന്നില്ല...
എറണാകുളത്ത് വൈറ്റില യ്ക്കു സമീപം ലക്ഷാര്‍ച്ചന യെന്ന വീട്ടിലേക്കു നടക്കുമ്പോള്‍ മനസിലൊരു സിനിമാപ്പാട്ടായിരുന്നു. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോഴൊരു ലജ്ജയില്‍ മുങ്ങി യ മുഖം കണ്ടു... വീട്ടുപേരാല്‍ ചുണ്ടില്‍ കിളിര്‍ത്ത അനുപല്ലവിയായിരുന്നില്ല. ലക്ഷാര്‍ച്ചനയെന്ന വീടിന്‍റെ ഗൃഹനാഥനെഴുതിയ ഈ വരികളിലൂടെയാണു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രേംനസീര്‍ ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടത്, മല്ലികാര്‍ജുന ക്ഷേത്രത്തില്‍ വച്ചവള്‍ മല്ലീശ്വരന്‍റെ പൂവമ്പുകൊണ്ടു എന്നു പാടിയത്. ഒരു പക്ഷേ, മലയാള സിനിമയുടെ സ്ഥിരം ആഘോഷവേദികളിലോ, അഭിമുഖപരമ്പരകളിലെ പതിവു മുഖമായോ ഈ പാട്ടെഴുത്തുകാര നെ, തിരക്കഥാകൃത്തിനെ, സാഹിത്യകാരനെ കാണാന്‍ കഴിയില്ല. ആ നല്ല ഗാനത്തിന്‍റെ മധുരമറിഞ്ഞവര്‍ പോലും ആ മുഖം കണ്ടിട്ടുമുണ്ടാകില്ല. ഒരു മൂളിപ്പാട്ടായി ചുണ്ടി ലെത്തുന്ന ഗാനങ്ങള്‍ ഈ മനുഷ്യന്‍ എഴുതിയതാണെന്നു പലരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എത്രയോ വര്‍ഷങ്ങളായി സജീവസിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍, ഗാനരചയിതാവായും തിരക്കഥാകൃത്തായും, മങ്ങാതെ ആ പേരു തെളിഞ്ഞുകൊണ്ടേയിരിക്കുന്നു... മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.
കാര്‍ഷിക സമൃദ്ധിയുടെ മണമു ള്ള മങ്കൊമ്പിന്‍റെ മണ്ണില്‍ നിന്നു മദ്രാസിന്‍റെ സിനിമാഭൂമിയില്‍. വേഷങ്ങള്‍ പലതായിരുന്നു. പത്രാധിപര്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്. ചിരഞ്ജീവിയും നാഗാര്‍ജുനയുമൊക്കെ മലയാളം പറഞ്ഞ തും മങ്കൊമ്പ് എഴുതിയ സംഭാഷണങ്ങളിലൂടെയാണ്. ആഘോഷങ്ങളോ അറിയിക്കലുകളോ ഇല്ലാ തെ സ്നേഹിച്ച മാധ്യമത്തില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. ലക്ഷാര്‍ച്ചനയിലിരുന്ന് ഓര്‍മ കള്‍ പങ്കുവയ്ക്കുമ്പോള്‍, ഞാനാണ് എല്ലാം എന്നു തെളിയിക്കുന്നവിധത്തില്‍, ഓര്‍മകളുടെ ഒരു ക്യാപ്സ്യൂള്‍ അദ്ദേഹം കരുതിവച്ചിരുന്നില്ല. സ്മരണകളില്‍ നിന്നു സ്മരണകളിലേക്കു കണക്റ്റ് ചെയ്യു ന്ന ജീവിതാനുഭവങ്ങള്‍...
കുട്ടനാടിന്‍റെ പച്ചപ്പു നിറയുന്ന അന്തരീക്ഷത്തില്‍ സാഹിത്യതാല്‍പ്പര്യമുള്ള ഒരു പയ്യന്‍. ഗോവിന്ദന്‍ നായരുടെയും ദേവകിയമ്മയുടെ യും മകന്‍. നാട്ടിലെ സികെപി സ്മാരക ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു അച്ഛന്‍. പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തുന്നതി നു മുന്‍പ് സെക്ഷന്‍ തിരിക്കുന്നതിനായി ഗോപാലകൃഷ്ണന്‍റെ വീട്ടിലെത്തും. വായനയുടെ സുഖമറി ഞ്ഞ നാളുകള്‍. ഉച്ചവരെ സ്കൂള്‍ കഴിഞ്ഞാല്‍ തിരികെ വീട്ടിലെത്തുമ്പോള്‍, പുസ്തകങ്ങളായിരിക്കും വിരുന്നൊരുക്കിയിട്ടുണ്ടാകുക. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ച മകന് അക്ഷരങ്ങളുടെ താരാട്ട്.
സാഹിത്യത്തിന്‍റെ സുഗന്ധമനുഭവിച്ച ഏതൊരാളെയും പോലെ ആദ്യ എഴുത്തിന്‍റെ ശ്രമങ്ങള്‍ കവിതകളിലൂടെയായിരുന്നു. തിരുത്തിക്കൊടുക്കാന്‍ അധ്യാപകരും. ഒരിക്കല്‍ സ്കൂളിലേക്കൊരു മണി ഓര്‍ഡര്‍. ഗ്രന്ഥലോകം മാഗസിനില്‍ എഴുതിയ നിരൂപണത്തിനുള്ള പ്രതിഫലം. ഏഴു രൂപയുടെ മണി ഓര്‍ഡര്‍ ഒപ്പിട്ടു വാങ്ങുമ്പോള്‍, ഒന്‍പതാം ക്ലാസുകാരന്‍ ഗോപാലകൃഷ്ണന്‍ ഓര്‍ത്തിരുന്നു പോലുമില്ല, പിന്നീട് ഇതേ മാഗസിന്‍റെ പത്രാധിപരുടെ കസേര, കാലം കരുതിവച്ചിട്ടുണ്ടെന്ന്. ഇതിനിടെ സിനിമാപ്പാട്ടുകളും ആകര്‍ഷിച്ചു തുടങ്ങി. തിയെറ്ററിന്‍റെ ഇരുട്ടിലിരുന്ന്, ഭാര്യ എന്ന സിനിമ കണ്ടു തിരികെയിറങ്ങുമ്പോള്‍ മനസിലും ചുണ്ടിലും, പെരിയാറേ... എന്ന ഗാനത്തിന്‍റെ സൗന്ദര്യമായിരുന്നു.
പുസ്തകങ്ങള്‍ വായിച്ചും കവിതകളെഴുതിയും കാലം കടന്നു പോയി. ഗ്രന്ഥലോകം മാഗസിനില്‍ ജോലിക്കായി തിരുവനന്തപുരത്ത്. രാവിലെ ആറു മണിക്കു തുടങ്ങുന്ന ജോലി രാത്രി വൈകും വരെ നീളും. സിനിമാസ്വപ്നങ്ങള്‍ക്കു വളമേകാന്‍ ഒട്ടും സമയമില്ലാത്ത അവസ്ഥ. ഒരു സെക്കന്‍ഡ് ഷോ പോലും കാണാന്‍ കഴിയാത്ത സാഹചര്യം. പാട്ടെഴുതണമെന്ന ആഗ്രഹം തീവ്രവും. ഒരുപാടു പ്രശസ്തരെ പരിചയപ്പെടാന്‍ കഴിഞ്ഞ കാലമായിരുന്നു തിരുവനന്തപുരത്തേതെന്നു ഗോപാലകൃഷ്ണന്‍ ഓര്‍മിക്കുന്നു. മദ്രാസിലേക്കു പോകണമെന്നുണ്ടായിരുന്നു. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തിനല്ലാതെ പോകാന്‍ മനസനുവദിച്ചില്ല. ആയിടക്കാണ് മദ്രാസ് ലിറ്റററി കോപ്പറേറ്റിവ് സൊസൈറ്റിയുടെ, അന്വേഷണം മാഗസിനിലേക്ക് എഡിറ്ററെ അന്വേഷിക്കുന്ന വിവരം കവി അയ്യപ്പപ്പണിക്കര്‍ അറിയിക്കുന്നത്. മദ്രാസിലേക്കു പോകുന്ന വിവരം ഗ്രന്ഥശാലാ സ്ഥാപകന്‍ പി.എം പണിക്കരോടു പറഞ്ഞാല്‍ വിടില്ലെന്നറിയാമായിരുന്നു. അതുകൊണ്ടു തന്നെ മദ്രാസിലെത്തിയശേഷമാണ് ഗ്രന്ഥലോകത്തില്‍ നിന്നു രാജിവച്ചത്.
വയലാര്‍ രാമവര്‍മ്മയായിരുന്നു അന്വേഷണത്തിന്‍റെ ചീഫ് എഡിറ്റര്‍. മങ്കൊമ്പ് സിറ്റിങ് എഡിറ്ററും. അതിനുമുന്‍പേ വയലാറിനെ പരിചയമുണ്ടായിരുന്നു. വയലാറിന്‍റെ നിരീശ്വരവാദ കവിതകളെക്കുറിച്ച്, ഗോപാലകൃഷ്ണന്‍ എഴുതിയ പഠനം കൗമുദി വാരികയില്‍ പ്രസിദ്ധീകരിക്കുന്നതറിഞ്ഞ്, വയലാര്‍ ഒരു കവിതയെഴുതിക്കൊടുത്തു, ജ്വാലാവിഭ്രാന്തി. വയലാറിന്‍റെ കവിത മുന്‍പിലും, മങ്കൊമ്പിന്‍റെ പഠനം ഉള്‍പ്പേജുകളിലുമായാണ് അത്തവണത്തെ കൗമുദി പുറത്തിറങ്ങിയത്.
അന്വേഷണത്തില്‍ നിന്നു ഫിലിം നാദം, ചിത്രപൗര്‍ണമി എന്നീ മാഗസിനുകളുടെ മദ്രാസിലെ ചുമതല ഏറ്റെടുത്തു. അപ്പോഴും പാട്ടിന്‍റെ ഈരടികള്‍ മോഹമായി മനസിലുണ്ടായിരുന്നു. പാട്ടുകാരന്‍ കെ.പി ഉദയഭാനുവിന്‍റെ അനിയന്‍ ചന്ദ്രമോഹനൊപ്പമായിരുന്നു മദ്രാസില്‍ താമസം. ചന്ദ്രമോഹന്‍റെ കൂട്ടുകാരനെടുക്കുന്ന ഒരു ചിത്രത്തിലേക്ക് പാട്ടെഴുതാന്‍ അവസരം കിട്ടി. അലകള്‍ എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ആറു പാട്ടുകള്‍, അഷ്ടമിപ്പൂത്തിങ്കളേ....ഉള്‍പ്പെടെയുള്ള ഇമ്പമുള്ള ഗാനങ്ങള്‍. പിന്നെയും മങ്കൊമ്പ് സിനിമാപ്പാട്ടുകളെഴുതി. വരികളില്‍ ഈണം ചേര്‍ന്നെങ്കിലും, പല സിനിമകളും അഭ്രപാളിയിലെത്തിയില്ല. ഒടുവില്‍ ബ്രെയ്ക്കാവുന്നതു ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍... എന്ന ഗാനം എക്കാലത്തെയും ഹിറ്റ്. അന്ന് ഒരു തീരുമാനമെടുത്തു, ഇറങ്ങുമെന്നുറപ്പുള്ള ചിത്രങ്ങള്‍ക്കു മാത്രമേ ഇനി ഗാനങ്ങളെഴുതൂ എന്ന്. 1974ല്‍ മാത്രം പതിനെട്ടോളം ചിത്രങ്ങളിലാണു മങ്കൊമ്പിന്‍റെ വരികളുടെ സൗരഭ്യം നിറഞ്ഞത്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍...എന്ന ഗാനം സൂപ്പര്‍ഹിറ്റായി ഇന്നും നിലനില്‍ക്കുന്നു.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം ഒരുങ്ങുമ്പോഴും മങ്കൊമ്പ് കൂടെയുണ്ട്. ഇളംമഞ്ഞിന്‍, തുമ്പപ്പൂ എന്നീ ഗാനങ്ങള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ പുതിയ രണ്ടു ഗാനങ്ങളും മങ്കൊമ്പ് എഴുതുന്നു.
അനുഭവങ്ങളില്‍ നിന്നു പഠിച്ച പാഠങ്ങളായിരുന്നു പിന്നീടു സംഗീതജീവിതത്തില്‍ പുതുമ തേടാന്‍ മങ്കൊമ്പിനെ പ്രേരിപ്പിച്ചത്. അതുവരെ പാട്ടുകളില്‍ പ്രത്യക്ഷപ്പെടാത്ത വാക്കുകള്‍. ലക്ഷാര്‍ച്ചന എന്ന ഗാനം ഉദാഹരണം. ല എന്ന അക്ഷരത്തില്‍ അപൂര്‍വം പാട്ടുകളെ തുടങ്ങിയിരുന്നുള്ളൂ. ത്രയംബകം, ആഷാഢമാസം...പുതിയ പദങ്ങളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. വരികളിലെ പരീക്ഷണം അംഗീകരിക്കപ്പെട്ടു. കാലമേറെ കഴിഞ്ഞിട്ടും മങ്കൊമ്പിന്‍റെ വരികള്‍ ഓര്‍മയില്‍ ശേഷിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. കമലഹാസനും ശ്രീദേവിയും ആദ്യമായി ഒരുമിച്ച കുറ്റവും ശിക്ഷയും, റൂബി മൈ ഡാര്‍ലിങ്, ഇവള്‍ ഈ വഴി ഇതുവരെ തുടങ്ങി അഞ്ചോളം സിനിമകള്‍ക്കു തിരക്കഥയുമെഴുതി. മദ്രാസ് ജീവിതത്തിനിടയില്‍ തെലുങ്ക്, കന്നഡ ഭാഷകള്‍ പഠിക്കാനായതു പിന്നീടു കലാജീവിതത്തിന്‍റെ വഴി മറ്റൊരു റൂട്ടിലേക്കു തിരിച്ചു...
മൊഴിമാറ്റ ചിത്രങ്ങളുടെ ആചാര്യന്‍ അഭയദേവിനെ പരിചയപ്പെട്ടതായിരുന്നു വഴിത്തിരിവ്. അദ്ദേഹമെഴുതിയ പല ചിത്രങ്ങള്‍ക്കും മങ്കൊമ്പ് പാട്ടെഴുതിയിട്ടുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു, ഗോപാലകൃഷ്ണനു ഡബ്ബിങ് ചിത്രങ്ങള്‍ക്ക് എഴുതിക്കൂടേ...? ആ ചോദ്യം പിന്നീടു മൊഴിമാറ്റ ചിത്രങ്ങളുടെ അമരക്കാരനാക്കി മാറ്റുന്നതിനു കാരണമായി. തെലുങ്കിലെ കൊണ്ടവീട് സിംഹം എന്ന ചിത്രം മലയാളത്തിലേക്ക് അഗ്നിയാണു ഞാന്‍ അഗ്നി എന്ന പേരില്‍ മൊഴിമാറ്റിയായിരുന്നു തുടക്കം. സന്ദര്‍ഭവും അര്‍ഥവും മനസിലാക്കി വേണം മൊഴിമാറ്റാനെന്നു മങ്കൊമ്പ് പറയുന്നു. അല്ലെങ്കില്‍ വെറുതെ ട്രാന്‍സ്ലേഷനേ ആകുന്നുള്ളൂ. ലിപ് മൂവ്മെന്‍റും കറക്റ്റാകണം. ഡബ്ബിങ്, സ്ട്രെയ്റ്റ് സിനിമ എന്നിങ്ങനെയുള്ള വകഭേദം ഒരിക്കലും തോന്നിയിട്ടില്ല. മൊഴിമാറ്റ ചിത്രങ്ങളിലുള്‍പ്പെടെ എണ്ണൂറോളം പാട്ടുകള്‍, ഇരുന്നൂറോളം മൊഴിമാറ്റചിത്രങ്ങള്‍. ഇന്നും സജീവമായി സിനിമാരംഗത്തുണ്ട് മങ്കൊമ്പ്. മങ്കൊമ്പെഴുതുന്ന മലയാളത്തിനായി ഒരുപാട് അന്യഭാഷചിത്രങ്ങള്‍ കാത്തുനില്‍ക്കുന്നു. ചിത്രങ്ങള്‍ക്കായി നല്ല വരികളൊരുക്കുന്നു. ചിരഞ്ജീവി മുതല്‍ പുതിയ സെന്‍സേഷന്‍ അല്ലു അര്‍ജുന്‍ വരെയുള്ള സൂപ്പര്‍ താരങ്ങള്‍ കേരളത്തില്‍ പാടുന്നതും പറയുന്നതും മങ്കൊമ്പിന്‍റെ മലയാളം.
ഒരു നിര്‍മാതാവിനു കഥ കിട്ടിയാല്‍ ആരെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കാമെന്നു തീരുമാനിക്കുന്നു, എഴുതാന്‍ ആളെ തീരുമാനിക്കുന്നു. അഭിനേതാക്കള്‍, മറ്റ് അണിയറപ്രവര്‍ത്തകര്‍ എന്നിവരെ തീരുമാനിക്കുന്നു...ഈ സ്ഥിതി മാറിയെന്നു മങ്കൊമ്പ് പറയുമ്പോള്‍, കൃത്യതയോടെ സിനിമയൊരുക്കിയ ഒരു കാലത്തിന്‍റെ ഭാഗമായതിന്‍റെ കരുത്തുണ്ട് ആ വാക്കുകളില്‍. കൃത്യമായ പ്രിപ്പറേഷന്‍ വേണം. വരികളെഴുതുമ്പോഴും, കഥ മനസിലാക്കി അതിനനുസരിച്ചു വേണം എഴുതാന്‍. ഇപ്പോള്‍ ട്യൂണ്‍ ഇട്ടശേഷം, ഫില്‍ ഇന്‍ ദ് ബ്ലാങ്ക്സ് പോലെ, വരികളെഴുതുന്ന സ്ഥിതിയായി, മങ്കൊമ്പ് പറയുന്നു. ജോലിയോടുള്ള അര്‍പ്പണം അതാണു മുഖ്യം.
സിനിമാകാലത്തിനു തുടക്കമിട്ട മദ്രാസ് ജീവിതം അവസാനിപ്പിച്ച്, മങ്കൊമ്പ് കൊച്ചിയിലെത്തിയിട്ടു മൂന്നു വര്‍ഷമാകുന്നതേയുള്ളൂ. വൈറ്റിലയ്ക്കടുത്തെ വീട്ടില്‍ ഭാര്യ കനകമ്മയ്ക്കൊപ്പം താമസം. മൂന്നു മക്കള്‍.
മദ്രാസില്‍ നിന്നുള്ള മടക്കം ഒരിക്കലും സിനിമാജീവിതത്തിന്‍റെ വിരാമമല്ല. ഇപ്പോഴും കര്‍മമേഖലയില്‍ സജീവമായി തുടരുന്നു. കുട്ടനാടിന്‍റെ നന്മയില്‍ നിന്ന് അനന്തപുരിയിലേക്കും, സിനിമയുടെ സങ്കേതമായ മദ്രാസിലേക്കും, തിരികെ നാട്ടിലേക്കും...
അഭിമുഖത്തിന്‍റെ ഔപചാരികത അവസാനിക്കുമ്പോഴും, അനുഭവങ്ങളുടെ റീല്‍ അവസാനിക്കുന്നില്ല, പാതി വഴിയില്‍ പൊട്ടി വീഴുന്നുമില്ല. അടുത്ത രംഗത്തിന്‍റെ ആകാംക്ഷയിലേക്ക് ഇപ്പോഴും മനസു തുറന്നിട്ടിരിക്കുകയാണ്, ലക്ഷാര്‍ച്ചനയുടെ ഗൃഹനാഥന്‍.