Thursday, September 22, 2011

ആള്‍ക്കൂട്ടത്തില്‍ തനിയെ


ഐശ്വര്യത്തിന്‍റെ സൈറണ്‍ മുഴക്കിയ പശുവിനെ കറക്കാനെത്തിയ കറവക്കാരനെ ഓര്‍മയില്ലേ. ടൂറി സ്റ്റ് ബസിന്‍റെ ഫ്രണ്ട് ഗ്ലാസ് പോലത്തെ വലിയ കൂളിങ് ഗ്ലാസും ഇടിവെട്ട് ടീഷര്‍ട്ടും ധരിച്ചെത്തിയ, നാടോടിക്കാറ്റിലെ മോഡേണ്‍ കറവക്കാരന്‍. ഞാന്‍ ഈവ്നിങ്ങില്‍ വരാമെന്നു സ്റ്റൈലില്‍ മൊഴിഞ്ഞു മടങ്ങിയയാള്‍. പിന്നെ ആവനാഴിയിലെ കള്ളന്‍ കുട്ടന്‍, ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിലെ വണ്ടിക്കാരന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ ബോംബ് വില്‍പ്പനക്കാരന്‍.... അങ്ങനെ ആ മുഖം ഭാവം നല്‍കിയ കഥാപാത്രങ്ങള്‍ ഒരുപാടുണ്ടായിരുന്നു മനസില്‍. ആള്‍ക്കൂട്ടത്തിന്‍റെ പതിവുമുഖങ്ങളില്‍ പരിചിതനെങ്കിലും അപരിചിതനായി പേരില്ലാത്ത കഥാപാത്രങ്ങളെ പേറുന്ന നടന്‍. അഭ്രപാളിയിലെ ആള്‍ക്കൂട്ടങ്ങളില്‍ സജീവമെങ്കിലും, സിനിമയുടെ ആഘോഷക്കൂട്ടങ്ങളില്‍ ഈ മുഖം ചില പ്പോള്‍ കണ്ടെന്നുവരില്ല, ആ പേരോര്‍മിക്കാന്‍ കഴിഞ്ഞെന്നും വരില്ല. പക്ഷേ, മലയാളത്തിന്‍റെ അഭ്രപാളിയില്‍ വര്‍ഷങ്ങളായി ഇദ്ദേഹമുണ്ട്. സിനിമയുടെ ഓരങ്ങളിലേക്ക് ഒതുങ്ങിയ അഭിനേതാവ്. കറവക്കാരന്‍, കള്ളന്‍ കുട്ടന്‍, ബോംബ് വില്‍പ്പനക്കാരന്‍, പിന്നെ അസംഖ്യം ആള്‍ക്കൂട്ടസാന്നിധ്യങ്ങളും. രാജന്‍ പാടൂര്‍. ആ വ്യത്യസ്ത മുഖത്തിന്‍റെ അനുഭവങ്ങളിലേക്കൊരു ക്ലോസ് ഷോട്ട്.

അഭിനയമോഹവുമായി ഒളിച്ചോടിയെത്തിയാല്‍ ഉടന്‍ ആ ആഗ്രഹം നിറവേറ്റുന്ന സ്ഥലമായി മദ്രാസ് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്ന ധാരണ ഒരുപാടു പേരെ കീഴടക്കിയ സമയം.

അമ്പതുകളുടെ അവസാനമോ, അറുപതുകളുടേ ആദ്യമോ... സാഹസികതയുടെ കാലത്തിനു കൃത്യമായ രേഖപ്പെടുത്തലുകളില്ല. പക്ഷേ, കോഴിക്കോട് നിന്നു മദ്രാസിലേക്ക് ഒളിച്ചോടിപ്പോയി രാജന്‍. സിനിമാനോട്ടിസിലും പാട്ടുപുസ്തകത്തിലും നസീറിന്‍റേയും സത്യന്‍റേയും ഫോട്ടൊകള്‍ വെട്ടിയൊട്ടിക്കുന്ന ശീലത്തിന്‍റെ അടുത്തപടിയായിരുന്നു ഒളിച്ചോട്ടം. പതുക്കെ അഭിനയം ജ്വരമായി. ജ്വരത്തിന്‍റെ തീവ്രതയില്‍ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. പിന്നെ പട്ടിണി, പൈപ്പ് വെള്ളം കുടിക്കല്‍, പ്രശസ്ത സിനിമാക്കാരുടെ അവഗണന, കഷ്ടപ്പാട്... പതിവായി സംഭവിക്കുന്നതൊന്നും ഉണ്ടായില്ല. എങ്ങും എത്താനാകാതെ കറങ്ങി നടക്കുന്നതിനിടെ വീടിനടുത്തുള്ള ഒരാള്‍ കണ്ടു. ടിക്കറ്റ് ബുക്ക് ചെയ്ത്, തിരികെ അയച്ചു. മദ്രാസ് കഥ അവിടെ അവസാനിക്കുന്നു. പക്ഷേ, അഭിനയത്തിന്‍റെ കഥ തുടര്‍ന്നു. 

പൂളയില്‍ നിന്നു സിനിമയിലേക്ക്...

പിന്നീട് സ്കൂള്‍ നാടകങ്ങളില്‍ സജീവമാകുകയായിരുന്നു രാജന്‍. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ ഭാരത് കലാവേദി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നിരവധി നാടകങ്ങള്‍. അങ്ങനെ നാടകം മനസില്‍ വേരുറയ്ക്കുന്ന സമയത്തു തന്നെ വേദിയില്‍ ഒരു സഹയാത്രികനെത്തി. കുതിരവട്ടം പപ്പു.

മൂപ്പരുമെത്തി.. പിന്നെ ഞങ്ങളൊന്നിച്ചായി. നാടകത്തിന്‍റെ ആവേശക്കാലത്തെ ഓര്‍മയില്‍ ഒന്നിളകിയിരുന്നു രാജന്‍ പാടൂര്‍. പപ്പുവേട്ടന്‍ എഴുതിയ നാടകമായിരുന്നു പൂളയില്‍ നിന്നു സിനിമയിലേക്ക്. അരമണിക്കൂര്‍ നാടകം, പലയിടത്തും പേരു മാറ്റി കളി ച്ചു. പിന്നെ ഞാനൊരു നാടകമെഴുതി, തട്ടാന്‍ കൃഷ്ണന്‍. അതും ലാഫ് ബോബ് എന്ന പേരിലൊക്കെ കളിച്ചു. ഹിറ്റായിരുന്നു രണ്ടു നാടകങ്ങളും.

കാര്‍ണിവല്‍ ഗ്രൗണ്ടുകളായിരുന്നു പിന്നീട് അഭിനയക്കളരി. ഡാന്‍സ്, മാജിക്, സ്കില്‍ ഗെയിമുകള്‍... ഏറ്റവുമൊടുവില്‍ നാടകം. നാല്‍പ്പത്തഞ്ചു മുതല്‍ അറുപതു ദിവസം വരെ നീണ്ടു നില്‍ക്കും കാര്‍ണിവലുകള്‍. ഒരു ദിവസം ഒരു നാടകം. അങ്ങനെ ചില പ്പോള്‍ തൊണ്ണൂറു ദിവസം വരെ നീണ്ടാല്‍, തൊണ്ണൂറു കഥകള്‍ അരങ്ങേറും. കുതിരവട്ടം പപ്പുവൊക്കെയായിരു ന്നു കൂട്ടകാര്‍. ഉരുളയ്ക്കുപ്പേരി പോലെ പറയണം. കഥയ്ക്കനുസരിച്ചു ഡയലോഗ് വീഴണം. ഇത്തരത്തില്‍ വിജയകരമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാടകം അവതരിപ്പിച്ചു. കാര്‍ണിവല്‍ കളിയില്‍ ശരിക്കും രാജനിലെ നടന്‍ പ്രശസ്തനാവുകയായിരുന്നു. കോഴിക്കോട്ടെ കലാകാരന്മാരൊക്കെ അറിഞ്ഞു തുടങ്ങി. കാര്‍ണിവല്‍ വേദികളില്‍ പന്ത്രണ്ടു കൊല്ലം.


വേഗം വിട്ടോളീ.....

കുതിരവട്ടം പപ്പുവിനൊപ്പം തച്ചോളി ഒതേനന്‍ എന്ന നാടകം കളിക്കുന്ന കാലം. വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങളെ ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് അവതരണം. തച്ചോളി ഒതേനന് ആസ്ത്മ, കുങ്കനു ഞൊണ്ടുമുണ്ട്...പലയിടത്തും വിജയകരമായി അവതരിപ്പിച്ച നാടകംവടകരയില്‍ അവതരിപ്പിക്കുന്ന സമയം. വടക്കന്‍ പാട്ടിന്‍റെ പാരമ്പര്യമുള്ള മണ്ണില്‍ വീരന്മാരെ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ചാല്‍ വിജയിക്കുമോ എന്നു സംശയമുണ്ടായിരുന്നു. എങ്കിലും ധൈര്യത്തോടെ തുടങ്ങി.

“” പപ്പുവേട്ടന്‍ ഒതേനനായി വേദിയിലെത്തി. കൈയടി വരുന്നില്ല. നാടകം തുടരുമ്പോഴും തമാശകളൊന്നും ഏക്കുന്നില്ല. കൂവലും വരുന്നുണ്ട്. വീരന്മാരെ അങ്ങനെ അവതരിപ്പിച്ചത് പലര്‍ക്കും ഇഷ്ടമായില്ലെന്നു സൂചനകള്‍. നാടകം തീര്‍ന്നയുടനെ സംഘാടകര്‍ എത്തി. ഇവിടെ ഇനി കാത്തു നില്‍ക്കണ്ട. ജനം ഇളകിയിരിക്കുകയാണ്. ചിലപ്പോള്‍ അടി കിട്ടാന്‍ സാധ്യതയുണ്ട്... വേഗം വിട്ടോളീ..’’

സ്റ്റേജിന്‍റെ ബാക്കില്‍കൂടി ഇറങ്ങിയോടി, വാന്‍ വരുന്ന വഴിയില്‍ കാത്തുനിന്നത് ഇപ്പോഴും ഓര്‍ക്കുന്നു രാജന്‍. സുരാസുവിന്‍റെ മ്യുസിക്കല്‍ തിയെറ്റേഴ്സ്, നെല്ലിക്കോട് ഭാസ്ക്കരന്‍റെ ചിത്ര തിയെറ്റേഴ്സ്, അക്ഷര തിയെറ്റേഴ്സ് തുടങ്ങിയ നാടകസമിതികളിലും രാജന്‍ പാടൂര്‍ സഹകരിച്ചിരുന്നു.തമ്പാന്‍റെ വേലക്കാരന്‍

ബാലന്‍. കെ. നായരാണ് സിനിമയിലേക്കു വിളിച്ചത്. തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ രാവിലെ വരണം. ഒരു റോളുണ്ട്. നാടകം വഴിയുള്ള പരിചയമുണ്ടായിരുന്നു അദ്ദേഹവുമായി. വിന്‍സന്‍റ് മാഷിന്‍റെ വയനാടന്‍ തമ്പാന്‍. കമല്‍ ഹാസന്‍ നായകന്‍. 1978ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമലിന്‍റെ വേലക്കാരനായിട്ടായിരുന്നു വേഷം. ആദ്യ ഷോട്ട് ഒരു മരത്തില്‍ കയറുന്നതും... തൃശൂരിലും മദ്രാസ് എവിഎമ്മിലുമായിരുന്നു ഷൂട്ടിങ്. രാജന്‍ പാടൂരിന്‍റെ അഭിനയജീവിതത്തിന്‍റെ മറ്റൊരു ടേണിങ് പോയ്ന്‍റ്. പിന്നെ നിരവധി സിനിമകള്‍, ചെറുതും ചിലപ്പോള്‍ ശ്രദ്ധേയവുമായ വേഷങ്ങള്‍. ഹരിഹരന്‍ സംവിധാനം ചെയ്ത അടിമക്കച്ചവടം, ശരപഞ്ജരം...... 


കള്ളന്‍ കുട്ടനും കറവക്കാരനും...

നാടകത്തില്‍ ആക്ഷന്‍ കോമഡിയായിരുന്നു കൂടുതല്‍ ചെയ്തിരുന്നത്. രാജന്‍റെ നാടക അഭിനയം തിരക്കഥാകൃത്ത് ടി. ദാമോദരന്‍ കണ്ടിട്ടുണ്ടായിരുന്നു.അദ്ദേഹമാണു ഐ. വി ശശിയോട് രാജനെ സജസ്റ്റ് ചെയ്ത ത്. ആവനാഴിയിലെ കള്ളന്‍ കുട്ടന്‍ എന്ന കഥാപാത്രത്തെ ഏല്‍പ്പിച്ചു. രാജന്‍ ചെയ്താല്‍ ശരിയാകുമോ എന്നു പലര്‍ക്കും സംശയമുണ്ടായിരുന്നു. അഭിനയിച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും അഭിനന്ദിച്ചുവെന്നു രാജന്‍ ഓര്‍ക്കുന്നു.

രാജന്‍റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി കള്ളന്‍ കുട്ടന്‍ മാറുകയും ചെയ്തു. അവിടുന്നങ്ങോട്ട് ഐ. വി ശശിയുടെ മിക്ക പടത്തിലും രാജന് അവസരം ലഭിച്ചു തുടങ്ങി. ആവനാഴിയുടെ തുടര്‍ഭാഗങ്ങള്‍ ഇറങ്ങിയപ്പോഴും രാജന്‍ സാന്നിധ്യം അറിയിച്ചു. കമല്‍ സംവിധാനം ചെയ്ത ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയിലെ കുതിരവണ്ടിക്കാരനും ശ്രദ്ധിക്കപ്പെട്ടു. സത്യന്‍ അന്തിക്കാടന്‍റെ സിനിമകളിലും രാജന്‍ സ്ഥിരം സാന്നിധ്യമായി. ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് ആയിരുന്നു തുടക്കം.

നല്ല റോളാണെന്നു പറഞ്ഞു വിളിച്ച ഒരു സിനിമയില്‍ ആള്‍ക്കൂട്ടത്തിലെ കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാടോടിക്കാറ്റിലേക്കു വിളിച്ചത്. അവിടെ ചോദിച്ചിട്ടു നാടോടിക്കാറ്റിന്‍റെ ഷൂട്ടിങ് നടക്കുന്ന കോഴിക്കോട്ടേക്കു പോന്നു. ഒരു വ്യത്യസ്ത കറവക്കാരനായിരുന്നു അത്. അബ്കാരിയിലും കറവക്കാരന്‍റെ വേഷമായിരുന്നു. പിന്നീടു നിരവധി ചിത്രങ്ങള്‍. ഇതുവരെ നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു രാജന്‍ പാടൂര്‍. ചിലപ്പോള്‍ ഒരു റോളുണ്ടന്നു പറഞ്ഞിട്ട്, ഒന്നും ഇല്ലാതായ അവസ്ഥയുമുണ്ട്. അങ്ങനെ കാര്യമായ വിഷമമൊന്നുമില്ല, ഇതൊക്കെ ഈ ഫീല്‍ഡിന്‍റെ ഭാഗമാണെന്ന സത്യം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു ഇദ്ദേഹം.

മറക്കില്ല മമ്മൂട്ടിക്കയേ...

ആവനാഴി, 1921, മിഥ്യ, ഇന്‍സ്പെക്റ്റര്‍ ബല്‍റാം, ഭൂതക്കണ്ണാടി.... ഒരുപാടു പടം ചെയ്തിട്ടുണ്ട് അദ്ദേഹത്തിനൊപ്പം. ഒരുപാടു സഹായവും ചെയ്തിട്ടുണ്ട് അദ്ദേഹം. ആവനാഴിയിലെ കള്ളന്‍ കുട്ടന്‍ നന്നായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലോഹിതദാസിന്‍റെ ഭൂതക്കണ്ണാടിയിലെ കഥാപാത്രം രാജനു കിട്ടാനുള്ള കാരണവും മമ്മൂട്ടിക്ക തന്നെ. എപ്പോഴും സ്നേഹമുണ്ട് അദ്ദേഹത്തിന്, അതു പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളും നിരവധി.

ഒരിക്കല്‍ ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ഹോട്ടലില്‍ റൂമില്ല. ഏതോ ഫുട്ബോള്‍ മാച്ച് നടക്കുന്നതിനാല്‍ ആ പ്രദേശത്തു ഹോട്ടല്‍ മുറി കിട്ടാനില്ല. വെയ്റ്റ് ചെയ്യൂ.. ഇപ്പൊ ചില മുറികള്‍ ഒഴിയുമെന്നു പറഞ്ഞു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. കോണിപ്പടിയില്‍ പെട്ടിയൊക്കെവച്ചു കാത്തു നില്‍ക്കുമ്പോഴാണ് മമ്മൂട്ടിയുടെ വരവ്. എന്താ ഇവിടെ നില്‍ക്കുന്നതെന്നു മമ്മൂട്ടിയുടെ ചോദ്യം. മുറി ഒഴിവില്ലാത്ത കാര്യങ്ങളൊക്കെ രാജന്‍ പറഞ്ഞു. മമ്മൂട്ടി ഉടനെ പ്രൊഡക്ഷനിലെ ആളിനെ വിളിച്ചു. ഒരു ആര്‍ട്ടിസ്റ്റാടോ അത്, അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം എന്നൊക്കെയായി മമ്മൂക്ക..... ഒരിക്കലും മറക്കില്ലത്.

കുടുംബത്തിന്‍റെ വേരുകള്‍ ഗുരുവായൂര്‍ ഭാഗത്താണെങ്കിലും അയ്യപ്പന്‍റേയും ലക്ഷ്മിയുടേയും മകനായ രാജന്‍ ജനിച്ചതും വളര്‍ന്നതും കോഴിക്കോട്ട്. നഗരത്തില്‍ നിന്നു കുറച്ചു മാറി തൊണ്ടയാടിനടുത്ത് കെ. ടി. താഴം എന്ന സ്ഥലത്താണ് താമസം.

രാജന് ആറു പെണ്‍കുട്ടികള്‍. അഞ്ചു പേരുടെ കല്യാണം കഴിഞ്ഞു. ചെറിയ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നതില്‍ വിഷമമില്ലേ എന്ന ചോദ്യത്തിന്‍റെ മറുപടി ഇങ്ങനെഅഭിനയിക്കാന്‍ ഒരു സെക്കന്‍ഡ് മതി. ചിലപ്പോള്‍ ഒരു മുഴുനീള ക്യാരക്റ്ററിനു കഴിയാത്തവിധം ശ്രദ്ധിക്കപ്പെടാന്‍ സാധിക്കും. ചെയ്യാന്‍ പറ്റുന്ന വേഷമാണെങ്കില്‍ എത്ര ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടും.

വെറൈറ്റി ടൈപ്പ് കോമഡി ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹവും മനസിലുണ്ട്. എങ്കിലും സിനിമയുടെ വലിയ ലോകത്ത് കഥാപാത്രം ചെറുതോ വലുതോ എന്ന് അന്വേഷിക്കാതെ രാജന്‍ പാടൂര്‍ അഭിനയജീവിതം തുടരുന്നു.

5 comments:

 1. നല്ല പംക്തി. ബ്ലോഗില്‍ ഇങ്ങനെയുള്ള മാറ്റങ്ങള്‍ വരണം. തുടരൂ....

  ReplyDelete
 2. ഈ വിവരങ്ങൾക്ക് നന്ദി. ചെറിയ വേഷക്കാർ വരുന്നതും പോകുന്നതും ആരും അറിയില്ല. അവരുടെ ജീവിതവും ഒരു പൂർണ ജീവിതമാണെന്ന ഓർമ്മപ്പെടുത്തൽ നന്നായി.

  ReplyDelete
 3. ആളവന്‍താന്‍...പ്രോത്സാഹനത്തിനു നന്ദി. എച്ച്മുക്കുട്ടിക്കും നന്ദി

  ReplyDelete
 4. നന്നായി ഈ പരിചയപ്പെടുത്തൽ.

  ReplyDelete
 5. Please remove the word verification. Thank you.

  ReplyDelete