Tuesday, September 13, 2011

ശബ്ദം നല്‍കിയത്...

 കണ്ണു നിറയുമ്പോള്‍ ഒരു സ്നാപ്പ് എടുക്കാം. 
കണ്ണീരില്‍ത്തട്ടി വാക്കുകള്‍ ഇടറുമ്പോള്‍  തെറ്റാതെ കുറിച്ചെടുക്കാം.
ഇപ്പോള്‍ത്തന്നെ നല്ലൊരു  ശീര്‍ഷകത്തിനുള്ള വക നേടാം...
വഴുതക്കാട്ടെ വര്‍ക്കിങ് വിമണ്‍സ് അസോസിയേഷന്‍റെ ഷോര്‍ട്ട് സ്റ്റേ ഹോമിനുള്ളില്‍ പത്രപ്രവര്‍ത്തനത്തിന്‍റെ ഈ പ്രാഥമികപാഠങ്ങള്‍ തെറ്റുന്നുവെന്നു തോന്നി. അഭ്രപാളിയില്‍ നടിയായും അഭിനേത്രികളുടെ ചുണ്ടിനിണങ്ങുന്ന ശബ്ദമായും പാട്ടുകാരിയായും നിറഞ്ഞു നിന്ന അമ്മ റീടേക്കുകളില്ലാത്ത ജീവിതത്തിന്‍റെ രംഗങ്ങളില്‍ പതറുമ്പോള്‍ പലതും എഴുതിയെടുക്കാന്‍ മറക്കുന്നു. മലയാള സിനിമയിലെ പഴയകാല നടി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നാടകനടി, പാട്ടുകാരി...പാലാ തങ്കം. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള ഭൂതകാലത്തിന്‍റെ വര്‍ത്തമാനകാലം എങ്ങനെയായിരിക്കുമെന്നു മനസില്‍ സങ്കല്‍പ്പിക്കാം. പക്ഷേ, ഭാവിസങ്കല്‍പ്പങ്ങളെ കരുതുന്നതു പോലെ കാക്കാന്‍ കടമയില്ലാത്ത ജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ ഇടറി, നിറഞ്ഞ കണ്ണുകളെ മറയ്ക്കാന്‍ മേശയിലേക്കു തലതാഴ്ത്തിക്കിടന്നു. ആരെയും പഴിക്കാതെ, പരിഭവങ്ങള്‍ പങ്കുവയ്ക്കാതെ, പത്രപ്രവര്‍ത്തകനോട് പറയരുതാത്ത വേദനകള്‍ കണ്ണീരിലൊതുക്കി നിശബ്ദതയ്ക്കു വഴിമാറിക്കൊണ്ടേയിരുന്നു പലപ്പോഴും ആ അമ്മയുടെ സംസാരം.

സിനിമാസാന്നിധ്യത്തിന്‍റെ പൂര്‍വകാല ആഘോഷങ്ങള്‍ക്കു തെളിവുകളായി നിരത്താന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടൊകളുടെ ശേഷിപ്പുകള്‍ ഒന്നുംതന്നെയില്ല. ഷോര്‍ട്ട് സ്റ്റേ ഹോമിന്‍റെ മുറിയിലെ കട്ടിലിനപ്പുറത്തെ ജനല്‍ക്കമ്പികള്‍ക്കിടയില്‍ ഓര്‍മകളുടെ ഒരേയൊരു ചിത്രംമാത്രം, പുഞ്ചിരിക്കുന്ന പതിവുമുഖവുമായി നടന്‍ സത്യന്‍റെ ഫോട്ടൊ. നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു, ആയിരത്തിലധികം ചിത്രങ്ങളില്‍ മലയാളം ആദരിച്ച അഭിനേത്രികള്‍ക്കു ശബ്ദം പകര്‍ന്നു, പ്രഗത്ഭരായ നാടക ആചാര്യന്മാര്‍ക്കൊപ്പം സമിതികള്‍ക്കൊപ്പവും സഹകരിച്ചു, നേട്ടക്കണക്കിന്‍റെ അക്കങ്ങള്‍. നിഷിദ്ധകലയുടെ നിരയില്‍ നാടകവും സിനിമയും കലാകാരി എന്ന വിശേഷണവും ഇടംപിടിച്ചു നിന്ന കാലത്തു തന്നെയായിരുന്നു പാലാ തങ്കത്തിന്‍റെ നടിയായും പാട്ടുകാരിയായുമുള്ള പട്ടാഭിഷേകം.

പാലാക്കാരെന്നെ

നാടകക്കാരിയാക്കി...


കോട്ടയം പാലായിലെ അരുണാപുരത്തു ലക്ഷ്മിക്കുട്ടിയമ്മയുടെ മകള്‍. ബാല്യത്തിന്‍റെ കരുതലുകള്‍ കൊടുക്കാതെ ഉപേക്ഷിച്ചുപോയ അച്ഛന്‍റെ പേരു പറഞ്ഞില്ല. ആ മകള്‍ക്കു പിതൃസ്നേഹം നല്‍കാന്‍ ദൈവം നിയോഗിച്ച രാഘവന്‍ നായര്‍ എന്ന വളര്‍ത്തച്ഛന്‍റെ കരുതലുണ്ടായിരുന്നു പിന്നീട് ജീവിതത്തിലുടനീളം. പാട്ടിനോടായിരുന്നു ആദ്യ താത്പര്യം. ആദ്യഗുരു ചേര്‍ത്തല വിജയന്‍ ഭാഗവതര്‍. പിന്നീടു എല്‍. പി. ആര്‍. വര്‍മയുടെ ശിഷ്യയായി. നാടകത്തില്‍ പാടി അഭിനയിക്കുന്നവര്‍ക്കു അവസരങ്ങള്‍ ഉണ്ടായിരുന്ന കാലം. പാട്ടു പാടുന്നതു കൊണ്ടു തന്നെ ബൈബിള്‍ നാടകങ്ങളിലേക്കു തന്നെ എത്തിച്ച് പാലാക്കാരാണു നാടക്കാരിയാക്കിയതെന്നു തങ്കം. സെബസ്ത്യാനോസ് പോലുള്ള നാടകങ്ങളായിരുന്നു അക്കാലത്തു അവതരിപ്പിച്ചിരുന്നത്.

പാട്ടു പാടുന്ന കുട്ടി, അഭിനയിക്കുകയും ചെയ്യും. എന്‍. എന്‍ പിള്ളയുടെ വിശ്വകേരളാകലാസമിതി എന്ന നാടകസമിതിയിലേക്കു ക്ഷണം. പാട്ടുകാരിയില്‍ നിന്നു നാടകത്തിലേക്കുള്ള വഴിമാറ്റം, പക്ഷേ ജീവിതം ആ ഒരു വിശേഷണത്തില്‍ തീര്‍ന്നില്ല, യാത്ര തുടരുകയായിരുന്നു. എന്‍. എന്‍ പിള്ളയുടെ മൗലികാവകാശം എന്ന നാടകത്തില്‍ അന്നക്കുട്ടി എന്ന കഥാപാത്രമായിരുന്നു. പതിനാലുകാരിക്കു നാടകാഭിനയത്തെക്കുറിച്ചു കാര്യമായ ബോധമില്ല. ഈ കുട്ടിക്കു നടക്കാന്‍ പോലും അറിയില്ലല്ലോ എന്ന് എന്‍. എന്‍ പിള്ള കമന്‍റ് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു തങ്കം. പക്ഷേ, എല്ലാം കാര്യമായി പറഞ്ഞു തന്നു പഠിപ്പിക്കുമായിരുന്നു അദ്ദേഹം. അരങ്ങിന്‍റെ ഗുരുകുലമായിരുന്നു വിശ്വകേരളകലാസമിതി. പാലാക്കാര്‍ നാടകക്കാരിയാക്കിയ തങ്കത്തിന്‍റെ ആദ്യവേദിയും പാലായില്‍ത്തന്നെയായിരുന്നു. പിന്നീടു ചങ്ങനാശേരി ഗീഥാ, കേരള തിയെറ്റേഴ്സ്, ജ്യോതി തിയെറ്റേഴ്സ്...പി. ജെ. ആന്‍റണി, ഗോവിന്ദന്‍ കുട്ടി, കോട്ടയം ചെല്ലപ്പന്‍ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരോടൊപ്പവും...

ഇതിനിടയില്‍ ആലുവ അജന്താ സ്റ്റുഡിയോ നിര്‍മിച്ച കെടാവിളക്ക് എന്ന ചിത്രത്തില്‍ രണ്ടു പാട്ട് പാടാന്‍ അവസരം ലഭിച്ചു. താരകമലരുകള്‍ പാടി, തേക്കുപാട്ടിന്‍ എന്നീ ഗാനങ്ങള്‍. അച്ഛനൊപ്പം മദ്രാസില്‍ പോയാണ് പാട്ടു പാടിയത്. സത്യന്‍ നായകനായ സിനിമ. പക്ഷേ കെടാവിളക്ക് ഒരിക്കലും വെളിച്ചം കണ്ടില്ല. പിന്നണി ഗായിക ആകാമെന്ന മോഹത്തിന്‍റെ തിരി അണഞ്ഞു.യൂണിവേഴ്സലിലേക്കൊരു ഫോണ്‍ കോള്‍

ഫോണുകള്‍ ഇല്ലാത്ത കാലം. ഒരു ദിവസം പാലായിലെ പ്രശസ്ത ബിസിനസുകാരനായ മണര്‍കാട് പാപ്പന്‍റെ ബന്ധുവായ അപ്പച്ചന്‍ തങ്കത്തിന്‍റെ വീട്ടിലെത്തി. പാലാ യൂണിവേഴ്സല്‍ തിയെറ്ററില്‍ ഒരു ഫോണ്‍കോള്‍ വന്നിരിക്കുന്നു. വിളിച്ചത് ഉദയാ സ്റ്റുഡിയോയിലെ കുഞ്ചാക്കോ മുതലാളി. തങ്കത്തിനു സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചിരിക്കുന്നു കുഞ്ചാക്കോ മുതലാളി. പുതിയൊരു വഴി തുറക്കുകയായിരുന്നു. അമ്മയെക്കൂട്ടി ആലപ്പുഴയിലേക്ക്. അവിടെ ചെല്ലുമ്പോള്‍ കടലമ്മ എന്ന ചിത്രത്തിന്‍റെ വര്‍ക്ക് നടക്കുന്നു. തങ്കത്തിന്‍റെ മുഖത്തു ചായം പൂശി. സത്യന്‍ നായകനായ ചിത്രത്തില്‍ എസ്. പി. പിള്ളയുടെ സംഘത്തില്‍ ഒരാളായി ചെറിയൊരു വേഷം. പക്ഷേ കടലമ്മയിലെ കഥാപാത്രം ഒരു മേക്കപ്പ് ടെസ്റ്റായിരുന്നുവെന്നു മനസിലാക്കിയതു റബേക്ക എന്ന ചിത്രത്തില്‍

അഭിനയിക്കാന്‍ വിളിച്ചപ്പോഴായിരുന്നു. റബേക്കയില്‍ സത്യന്‍റെ അമ്മ വേഷമായിരുന്നു. പതിനേഴാം വയസില്‍ സത്യന്‍റെ അമ്മ, മറിയാമ്മ. അതുപോലൊരു വേഷം പിന്നീടൊരക്കലും കിട്ടിയിട്ടില്ലെന്നു പറയുന്നു തങ്കം. ഇതിനിടയില്‍ സീത എന്ന ചിത്രത്തില്‍ കുശല കുമാരിക്കു ശബ്ദം നല്‍കാനുള്ള അവസരവും ലഭിച്ചു.

സിനിമാഭിനയത്തിന്‍റെ ഇടവേളയില്‍ വീട്ടിലെത്തുമ്പോള്‍ തോപ്പില്‍ ഭാസിയും എസ്. പി. പിള്ളയും ക്ഷണിക്കുന്നു, കെപിഎസിയിലേക്ക്. ശരശയ്യ എന്ന നാടകത്തില്‍ കെ. പി ഉമ്മറിന്‍റെ അമ്മയായി അഭിനയിച്ചു. തൊണ്ണൂറു വയസുള്ള അമ്മവേഷം ഏറെ കൈയടി നേടി. ആ നാടകത്തിലെ അഭിനയം കണ്ടു ഒരു പ്രമുഖ പത്രം പാലാ തങ്കത്തെ വിശേഷിപ്പിച്ചു, മലയാളത്തിലെ ലളിത പവാര്‍. അമ്മ റോളുകളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തയായ നടിയായിരുന്നു ലളിത.

അപ്പോഴേക്കും കല്യാണം. തിരുവനന്തപുരം കൈതമുക്ക് സ്വദേശി ശ്രീധരന്‍ തമ്പിയാണ് ജീവിതത്തിലേക്കു വന്നത്. പാലായില്‍ പൊലീസ് ഓഫിസറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. കലയെ സ്നേഹിക്കുന്നയാളായതുകൊണ്ടു കലാ ജീവിതത്തിനു തടസം നേരിട്ടില്ല. എന്നാല്‍ അധികം വൈകാതെ വ്യക്തി ജീവിതത്തില്‍ ഏറെ വേദനകള്‍ സമ്മാനിച്ച് ഭര്‍ത്താവ് മരിച്ചു.

തുറക്കാത്ത വാതില്‍

തറവാട്ടമ്മ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ടു പി. ഭാസ്കരന്‍ ടെലിഗ്രാം അയച്ചു. പക്ഷേ അതു കിട്ടിയില്ല. പിന്നീടു ഭാസ്കരന്‍ മാഷ് ടെലിഗ്രാം അയച്ചതു പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്. തൃശൂരില്‍ ശോഭന പരമേശ്വരന്‍ നായരുടെ സ്റ്റുഡിയോയില്‍ എത്തി ഫോട്ടൊ എടുക്കാന്‍ തങ്കത്തിനോട് പറയണം. അങ്ങനെ സ്റ്റില്‍സ് എടുത്തു. മദ്രാസിലേക്കു പുറപ്പെട്ടോളൂ എന്നു മാഷിന്‍റെ ക്ഷണം. അങ്ങനെ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടി. സിനിമയില്‍ തിരക്കേറിത്തുടങ്ങി. ഒപ്പം ഡബ്ബിങ്ങിലും കഴിവു തെളിയിച്ചു. ബോബനും മോളിയും എന്ന ചിത്രത്തില്‍ ബോബനു ശബ്ദം കൊടുത്തു. ശിക്ഷ എന്ന സിനിമയില്‍ നടി സാധനയ്ക്കു ശബ്ദം പകര്‍ന്നു. ആര്‍ക്കൊക്കെ ഡബ്ബ് ചെയ്തു എന്ന ചോദ്യത്തിന്‍റെ ഉത്തരം വ്യത്യസ്തമാണ്. ഷീലയ്ക്കും ജയഭാരതിക്കും ഒഴികെ ബാക്കിയെല്ലാവര്‍ക്കും. ശാരദ, ലക്ഷ്മി, സീമ, സാധന, വിജയശ്രീ, ശ്രീവിദ്യ. ഏറെ ഹിറ്റായ ഹൊറര്‍ മൂവി ലിസയില്‍ ഭവാനിക്കു ശബ്ദം നല്‍കിയതും തങ്കമായിരുന്നു. കൃഷ്ണ, ഗുരുവായൂരപ്പയില്‍ ബേബി ശാലിനിയുടെ ശബ്ദവും തങ്കത്തിന്‍റേതു തന്നെ. വോയ്സ് ചെയ്ഞ്ച് ചെയ്തു ആര്‍ക്കും ശബ്ദം കൊടുക്കാന്‍ കഴിയുമായിരുന്നു. ഒരിക്കല്‍ തിരക്കേറി ഡബ്ബ് ചെയ്യാന്‍ കഴിയാതെ സ്റ്റുഡിയോയില്‍ നിന്ന് മടങ്ങുന്ന പ്രേംനസീറിനോട് അടൂര്‍ ഭാസി തങ്കത്തിനെ ചൂണ്ടി പറഞ്ഞു, അസ്സേ ഇതു തങ്കം കയറി ചെയ്തു കളയും....

ടൈറ്റിലില്‍ ഡ്രൈവറുടെ പേരു വരുമ്പോള്‍പ്പോലും ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്‍റെ പേരു വരാത്ത കാലമായിരുന്നു അത്. പിന്നീട് ആ കലാവിഭാഗത്തെ പേരു നല്‍കി അംഗീകരിക്കുന്നതിനും, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കു സംഘടന ഉണ്ടാകുന്നതിനും തങ്കത്തിന്‍റെ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളുമുണ്ട്.

മോഹങ്ങള്‍ ബാക്കി

ജീവിതസായാഹ്നത്തില്‍ ഏകയായിപ്പോയതിന്‍റെ വിഷമം വാക്കുകളില്‍ ഒളിപ്പിക്കാനുള്ള ശ്രമം പലപ്പോഴും വിഫലമാകുന്നു. വിതുമ്പലില്‍ വിറങ്ങലിച്ചു നിന്ന വാക്കുകളില്‍ വേദന നിറയുന്നു. ഷോര്‍ട്ട് സ്റ്റേ ഹോമിലെ ഹ്രസ്വകാലജീവിതത്താവളത്തില്‍ ആശ്വാസം കണ്ടെത്തുന്നു പാലാ തങ്കം. അവിടുത്തെ സ്നേഹം നല്‍കുന്ന ആശ്വാസം ചെറുതല്ല. മറ്റൊരിടം ശരിയാകുന്നതു വരെ ഈ അമ്മയെ എങ്ങും വിടില്ലെന്ന ആത്മാര്‍ഥത പ്രതിധ്വനിക്കുന്നുണ്ട് അവിടെ.

അഭ്രപാളിയിലെ സമൃദ്ധഭൂതകാലത്തിന്‍റെ അവകാശം ആരോടും ചോദിച്ചു പോയിട്ടില്ല, കടപ്പാടിന്‍റെ കഥ പറഞ്ഞു കണക്കു തീര്‍ക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മ സഹായം നല്‍കുന്നുണ്ട്. ഈ അമ്മയുടെ ഇന്നത്തെ അവസ്ഥയില്‍ സാന്ത്വനമാകുന്നു പലരും, പഴയകാല സഹയാത്രികര്‍, ഒരു ഫോണ്‍ കോളില്‍ ക്ഷേമാന്വേഷണത്തിന്‍റെ കരുതല്‍ ശബ്ദങ്ങള്‍...ജീവിതത്തിന്‍റെ ഏകാന്തതുരുത്തിലും അനേകം സ്നേഹസാന്ത്വനങ്ങള്‍ തേടിയെത്തുന്നു...

സ്വന്തമായൊരു കൊച്ചുവീടിന്‍റെ സുരക്ഷിതത്വം സ്വപ്നമായി അവശേഷിക്കുന്നു. ഒരിക്കല്‍ കഴിവു തെളിയിച്ച മേഖലയില്‍ ഇനിയും വര്‍ക്ക് ചെയ്യണമെന്ന മോഹവുമുണ്ട്. ജീവിത വിവരണങ്ങളില്‍ മാത്രമേ ഈ അമ്മയ്ക്കു തൊണ്ടയിടറുന്നുള്ളൂ.. അഭിനേത്രിയുടെ ചുണ്ടിനോടു ശബ്ദം ചേര്‍ത്തു വയ്ക്കാന്‍ വെമ്പുന്ന കലാകാരിയുടെ മനസിപ്പോഴും ശേഷിക്കുന്നു...

അമ്മയെപോലെ അമ്പലത്തില്‍ കൊണ്ടുപോകുന്ന ഓട്ടൊഡ്രൈവര്‍ മുതല്‍ കാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും ഓരോ ആള്‍രൂപങ്ങളേയും ഈ അമ്മ ഓര്‍ത്തുവയ്ക്കുന്നു...

തിരുവനന്തപുരത്തു വരുമ്പോള്‍ ഇനിയും കാണണം എന്ന ഓര്‍മപ്പെടുത്തലിനു തലയാട്ടി തിരികെപ്പോരുമ്പോള്‍ പാതി ചാരിയ വാതിലിനപ്പുറത്തു നിന്നു കാഴ്ച മറയും വരെ ആ അമ്മ മടങ്ങിപ്പോയിട്ടുണ്ടായിരുന്നില്ല...

ഏതാനും ദിവസങ്ങള്‍ക്കു ശേഷം

ഒരു ഫോണ്‍ കോള്‍. അങ്ങേത്തലയ്ക്കല്‍ ആ ശബ്ദം. അഭ്രപാളികളെ ത്രസിപ്പിച്ച ശബ്ദം... തിയെറ്ററിലെ ഇരുട്ടിനെ കരയിച്ച ശബ്ദം..അനേകം താരങ്ങള്‍ക്കു കടം കൊടുത്ത ശബ്ദം...

മനസില്‍ ഒരു ഡബ്ബിങ് സ്റ്റുഡിയോ. സ്ക്രീനില്‍ ഒരു ദൃശ്യം തെളിയുന്നു. പ്രായമായ ഒരു സ്ത്രീ ഫോണ്‍ ചെയ്യുന്നു...സ്റ്റുഡിയോയിലെ മൈക്രോഫോണിനു മുന്നില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റെഡി. ശബ്ദം മുഴങ്ങുന്നു...

ഒരു വൃദ്ധസദനത്തിലേക്കു

മാറുകയാണ് മോനേ...

സ്ക്രീനിലും മൈക്രോഫോണിനു മുന്നിലും മനസിലും ഒരേ മുഖം. ഒന്നൂ കൂടെ നോക്കണോ. വേണ്ട, ലിപ് മൂവ്മെന്‍റും മോഡുലഷനും ഇടര്‍ച്ചയുമടക്കം എല്ലാം കറക്റ്റ്...ശബ്ദം നല്‍കിയത് പാലാ തങ്കമല്ലേ....ഇത്തവണ അത് മറ്റാര്‍ക്കും വേണ്ടിയായിരുന്നില്ല...

6 comments:

  1. ഇവരെ അമൃത ടീവിയുടെ "ഇന്നലത്തെ താരം" എന്ന പരിപാടിയില്‍ അവതരിപ്പിച്ചത് കണ്ടിരുന്നു ..അനൂപിന്റെ ഈ സ്റ്റോറിയും നന്നായിട്ടുണ്ട് .

    ReplyDelete
  2. innalathe thaarathil kandirunnu. ee ezhuthum nannai. abhinandanangal

    ReplyDelete
  3. നന്ദി..എല്ലാവര്‍ക്കും

    ReplyDelete