Thursday, July 28, 2011

ഒരു ക്ലോസ് ഷോട്ട്


 1971 ജൂണ്‍ 5. 
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പൂര്‍ത്തിയാകും മുമ്പേ, കണ്ണിനും കാഴ്ചയ്ക്കും ഇടയിലൊരു ക്യാമറ എത്തിയ ദിവസം. അന്നത്തെ ആദ്യഷോട്ടിന്‍റെ അനുഭൂതിക്കു നാല്‍പ്പതു വയസ്. അത്രയുംനാള്‍ ക്യാമറക്കാഴ്ചയുടെ സൂക്ഷ്മതയിലൂടെ പകര്‍ത്തിയതു സിനിമയുടെ സമാനതകളില്ലാത്ത സൗന്ദര്യം. മലയാളിയുടെ ഹൃദയത്തില്‍ കൊരുത്ത അനേകം അഭ്രകാവ്യങ്ങളുടെ ആദ്യകാഴ്ച നുകര്‍ന്നയാള്‍, സാങ്കേതികവിദ്യയുടെ നവസിനിമാസങ്കേതങ്ങള്‍ വെള്ളിത്തിരയ്ക്കും പ്രേക്ഷകനും പരിചയപ്പെടുത്തിയ ഛായാഗ്രാഹകന്‍. പിന്നെ, കവി, ചിത്രകാരന്‍. മുന്നിലിരിക്കുന്നയാളുടെ സജീവ സിനിമാവഴികളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നു. എങ്കിലും നാല്‍പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു, അതിനുമപ്പുറത്തേക്കു അനുഭവങ്ങള്‍ക്കു നേരെ ക്യാമറ തിരിക്കുമ്പോള്‍, വാക്കുകളാല്‍ രേഖപ്പെടുത്തിയതൊരു ജീവിതകഥ മാത്രമായിരുന്നില്ല, ഒരുപരിധി വരെ സിനിമയുടെ ചരിത്രം കൂടിയാകുന്നു. തിരുവനന്തപുരം പേട്ടയിലെ ആദിത്യ എന്ന വീടിന്‍റെ ഗൃഹനാഥന്‍റെ പേരിനൊപ്പം മലയാള സിനിമയിലെ പല പരിചയപ്പെടുത്തലുകളുടേയും ആദ്യത്തെ ക്യാമറമാന്‍ എന്ന വിശേഷണം കൂടിച്ചേര്‍ന്നു നില്‍ക്കും. കെ. രാമചന്ദ്രബാബു. സംസാരത്തിനു സ്റ്റാര്‍ട്ട് പറഞ്ഞു. നിശബ്ദതയെ ഭേദിക്കുന്ന ക്യാമറയുടെ ശബ്ദമില്ല. നിറഞ്ഞ ഇരുട്ടില്‍ വെള്ളത്തുണിയില്‍ സിനിമ വിരുന്നെത്തുന്നതു കാണാന്‍ കാത്തിരുന്ന കാഴ്ചക്കാരന്‍റെ മനസൊരുക്കിവച്ചു, ആമുഖങ്ങള്‍ക്കുശേഷം അനുഭവങ്ങളുടെ അഭ്രപാളിയിലേക്കു വെളിച്ചം വീഴുന്നതുവരെ..

ഹരിപ്പാട് താമല്ലാക്കലില്‍ കുഞ്ചന്‍റേയും പത്മിനിയുടേയും ഏഴു മക്കളില്‍ മൂത്തയാള്‍. മദ്രാസിലെ വിദ്യാഭ്യാസകാലത്തില്‍ നിന്നു സിനിമയുടെ സജീവകാലത്തിലേക്കുള്ള ദൂരത്തിനിടയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍ണായക സ്വാധീനം. മദ്രാസ് ലൊയോള കോളെജില്‍ കെമിസ്ട്രി ബിരുദപഠനത്തിന്‍റെ ഭാഗമായി സ്റ്റില്‍ ഫോട്ടൊഗ്രഫിയും ഉണ്ടായിരുന്നു. ഡിജിറ്റല്‍ അനായസതയുടെ ക്യാമറ ക്ലിക്കുകള്‍ ഇല്ലാത്ത കാലം. ഫിലിം ഡവലപ്മെന്‍റും പ്രിന്‍റിങ്ങുമൊക്കെ തനിയെ സ്വായത്തമാക്കുമ്പോള്‍ താത്പര്യത്തിന്‍റെ ആദ്യവിത്തുകള്‍ പാകുകയായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ പല കോഴ്സുകളും നോക്കി. കൂട്ടത്തില്‍ സിനിമാപഠനത്തിന്‍റെ ആധികാരിക ആലയമായിരുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അപേക്ഷ അയച്ചു.



ലോംഗ് ഷോട്ട് പൂനെയിലേക്ക്

എന്‍ട്രന്‍സ് എക്സാം മദ്രാസില്‍ വച്ചായിരുന്നു. അന്നു പരീക്ഷ എഴുതാന്‍ കേരളത്തില്‍ നിന്നും വന്നൊരാളെ പരിചയപ്പെട്ടു. പരീക്ഷ കഴിഞ്ഞു ചോദ്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ വിദേശ സിനിമകളുടെ വിജ്ഞാനം വിളമ്പിയയാളുടെ പേര്, കെ. ജി. ജോര്‍ജ്. പിന്നീടു സ്വപ്നാടനം എന്ന ആദ്യസിനിമയിലൂടെ ആ സുഹൃത്ത് സിനിമയ്ക്ക് സ്റ്റാര്‍ട്ട് പറയുമ്പോള്‍ ക്യാമറയ്ക്കു പിന്നില്‍ രാമചന്ദ്രബാബു ഉണ്ടായിരുന്നുവെന്നതു അന്നു തുടങ്ങിയ സൗഹൃദത്തിന്‍റെ നിയോഗമായിരിക്കണം. എന്‍ട്രന്‍സിനു വേണ്ടിയുള്ള യാത്രയായിരുന്നു ജോര്‍ജിന്‍റെ ആദ്യ മദ്രാസ് യാത്ര. പരീക്ഷ കഴിഞ്ഞു തിരികെ സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള 37 ഡി ബസ് കയറ്റിവിട്ടതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു രാമചന്ദ്രബാബു.

പരീക്ഷ പാസായി അഭിമുഖത്തിനു വിളിച്ചു. കൈയില്‍ കുറച്ചു പെയ്ന്‍റിങ്ങുകളുമായി ഇന്‍റര്‍വ്യൂവിനു പോയി, പൂനെയിലേക്ക്. ആകെ പത്തു സീറ്റ്. നൂറിലധികം പേര്‍ എത്തിയിരുന്നു. പലരും സ്റ്റുഡിയോ ഉടമകളുടേയും മറ്റും മക്കള്‍. പാരമ്പര്യത്തിന്‍റെ പരിചയത്തഴക്കങ്ങളില്ലാത്ത രാമചന്ദ്രബാബുവിനു പ്രതീക്ഷയറ്റു. പക്ഷേ, വരയുടെ വിസ്മയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇന്‍റര്‍വ്യൂ ബോര്‍ഡിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ടാകണം, മോഷന്‍ പിക്ച്ചര്‍ ഫോട്ടൊഗ്രഫിയില്‍ ഡിപ്ലോമ കോഴ്സിന് അഡ്മിഷന്‍ കിട്ടി.

1968 മുതല്‍ 71 വരെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം സംഭവബഹുലമായിരുന്നുവെന്നു തന്നെ പറയാം. കെ. ജി ജോര്‍ജ്, ജയഭാദുരി, രവിമേനോന്‍, ഡാനി, ക്യാമറമാന്‍ രാംചന്ദ്ര, കബീര്‍ റാവുത്തര്‍ തുടങ്ങിയവരൊക്കെ പഠനകാലത്തെ സമകാലികര്‍. സീനിയേഴ്സായി ബാലു മഹേന്ദ്രയും ജോണ്‍ എബ്രഹാമും...അങ്ങനെ പിന്നീടു സിനിമയുടെ സഹയാത്രികരായ പലരും വഴികാട്ടാനും ഒപ്പം നടക്കാനുമുണ്ടായിരുന്നു. നിരവധി പ്രഗത്ഭര്‍ അവിടെ ക്ലാസ് എടുക്കാനും വരുമായിരുന്നു. പി.എന്‍ മേനോന്‍, രാമു കാര്യാട്ട്....





സമരം നടത്തിയ കാര്‍ട്ടൂണ്‍

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളായിരുന്ന ശത്രുഘന്‍ സിന്‍ഹയും ജയഭാദുരിയും നവീന്‍ നിശ്ചലുമൊക്കെ ഹിന്ദി സിനിമയുടെ ഭാഗമാകുന്ന കാഴ്ച അഭിനയവിദ്യാര്‍ഥികളെ കൊതിപ്പിച്ചിരുന്നു. സൂപ്പര്‍സ്റ്റാറുകളായിക്കഴിഞ്ഞു എന്ന മട്ടിലായി അവരുടെ പെരുമാറ്റം. ഡയറക്ഷന്‍ വിദ്യാര്‍ഥികളും ആക്റ്റിങ് വിദ്യാര്‍ഥികളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കൂടി വന്നു. സംവിധാനവിദ്യാര്‍ഥികള്‍ ഡിപ്ലോമ ഫിലിം ഒരുക്കുമ്പോള്‍ അഭിനയവിദ്യാര്‍ഥികള്‍ക്കു അവസരം നല്‍കണമെന്ന നിയമം തെറ്റുന്നതില്‍ എത്തി കാര്യങ്ങള്‍. പ്രായമായ ആളിനേയോ ചെറിയ കുട്ടികളേയോ ഒക്കെ പ്രധാന കഥാപാത്രങ്ങളാക്കി. അഭിനയവിദ്യാര്‍ഥികള്‍ക്കു പറ്റാത്ത കഥാപാത്രമായിരുന്നു എന്ന ന്യായം പറഞ്ഞു പലരേയും ഒഴിവാക്കി. ഒടുവില്‍ ഡിപ്ലോമ ഫിലിം എല്ലാം ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ പല അക്റ്റിങ് സ്റ്റുഡന്‍സിനും അവസരമില്ലാത്ത അവസ്ഥ വന്നു. ഇതു മറികടക്കാന്‍ നാലു ഫിലിമുകള്‍ എടുക്കാന്‍ തീരുമാനിച്ചു ഇന്‍സ്റ്റിറ്റ്യൂട്ട്. എന്നാല്‍ അതിന്‍റെ ചുമതല സംവിധാനവിഭാഗത്തിലെ ആരെയെങ്കിലും ഏല്‍പ്പിക്കുന്നതിനു പകരം ആക്റ്റിങ് പ്രൊഫസറായിരുന്ന റോഷന്‍ തനേജയെ ചുമതലപ്പെടുത്തി. ഇതു പലരേയും അലോസരപ്പെടുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാന്‍റീനില്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. തോട്ട് ഫോര്‍ ദ് ഡേ. വിദ്യാര്‍ഥികളുടെ ആശയങ്ങളും ആവിഷ്കാരങ്ങളും പതിപ്പിക്കാന്‍ ഒരിടം. ഈ പ്രശ്നങ്ങള്‍ സജീവമായി നില്‍ക്കുമ്പോള്‍ ഒരു ദിവസം ആ ബോര്‍ഡില്‍ ഒരു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടു, നാലു ക്യാമറകള്‍ വച്ചു ഷൂട്ട് ചെയ്യുന്ന പ്രൊഫസര്‍ തനേജയുടെ ചിത്രം. ബിവേര്‍, വൈല്‍ഡ് ഷൂട്ടര്‍ ഇന്‍ ടൗണ്‍ ഷൂട്ട്സ് എനിതിങ് ആന്‍ഡ് എവരി അറ്റ് സൈറ്റ് എന്ന തലക്കെട്ടും..രാമചന്ദ്രബാബു വരച്ച കാര്‍ട്ടൂണായിരുന്നു അത്. പിന്നീട് അതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കത്തിപ്പടരുകയായിരുന്നു. പിന്നീടു സമരങ്ങളുടെ കാലം. സമരകാലത്തു തിരികെ വീട്ടിലെത്തി. അക്കാലത്താണു ജോണ്‍ എബ്രഹാം സിനിമ എടുക്കുന്ന വിവരം അറിഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന എം. ആസാദും ജോണിനൊപ്പമുണ്ടായിരുന്നു. അവരെ പോയിക്കണ്ടു. ആസാദിന്‍റെ അടുത്ത സുഹൃത്തും റൂംമേറ്റുമായിരുന്ന എസ്. രാംചന്ദ്രയെയാണു ക്യാമറാമാന്‍ ആയി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി വര്‍ക്ക് ചെയ്യാനുള്ള അവസരം തരാന്‍ തയാറായി അവര്‍. പക്ഷെ നിയോഗം മറ്റൊന്നായിരുന്നു.

ഒരു ദിവസം ജോണ്‍ എബ്രഹാമും ആസാദും എഴുതിയ കത്തു ലഭിച്ചു. പുതിയ ചിത്രത്തില്‍ ക്യാമറാമാനെ സഹായിക്കാന്‍ ക്ഷണിച്ചുകൊണ്ടല്ല. ക്യാമറാമാന്‍ ആയിത്തന്നെ തീരുമാനിച്ചിരിക്കുന്നുവെന്ന അറിയിപ്പ്. കൈയില്‍ ക്യാമറ ഏന്തി നിരവധി ഷോട്ടുകള്‍ എടുക്കേണ്ടിയിരുന്നു ചിത്രത്തില്‍, അതുകൊണ്ടു തന്നെ പോളിയോ ബാധിച്ച് അംഗവൈകല്യം സംഭവിച്ച രാംചന്ദ്രയെ പ്രധാന ക്യാമറാമാന്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ ഇടയായത്. അങ്ങനെ ഛായാഗ്രഹണസഹായി എന്ന വിളിപ്പേരില്ലാതെ നേരെ ക്യാമറയ്ക്കു പിന്നിലേക്ക്. വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ എന്ന ആദ്യ ജോണ്‍ എബ്രഹാം ചിത്രത്തിലൂടെ മലയാള സിനിമയുടെ മായാഭൂമിയിലേക്ക്. ആദ്യ ഷോട്ട് എടുത്ത തീയതി 1971 ജൂണ്‍ 5.


നിര്‍മാല്യം, രതിനിര്‍വേദം വടക്കന്‍ വീരഗാഥ

പിന്നീട് എന്‍.എന്‍ പിഷാരടി സംവിധാനം ചെയ്ത റാഗിങ്, ഹമീദ് കാക്കശേരിയുടെ മനസ്, ജി.എസ് പണിക്കരുടെ ഏകാകിനി, കെ.ജി ജോര്‍ജിന്‍റെ ആദ്യചിത്രം സ്വപ്നാടനം. ക്യാമറാമാന്‍ എന്ന നിലയില്‍ വളരുകയായിരുന്നു രാമചന്ദ്രബാബു. 1973ല്‍ എം. ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മാല്യം. ഒരു കൂട്ടായ്മ പോലെ എടുത്ത ചിത്രമായിരുന്നു നിര്‍മാല്യം. എടപ്പാളില്‍ നടന്‍ സുകുമാരന്‍റെ വീട്ടിലായിരുന്നു ആര്‍ട്ടിസ്റ്റുകളില്‍ പലരും താമസിച്ചിരുന്നത്. പണത്തിനു ഞെരുക്കവുമുണ്ടായിരുന്നു. സിനിമയുടെ അവസാനമായപ്പോഴേക്കും ഷൂട്ട് ചെയ്യാനുള്ള ഫിലിം തീര്‍ന്നു. പിന്നീടു സമീപത്തു ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്ന മറ്റൊരു സിനിമയ്ക്കു വേണ്ടി വരുത്തിയിരുന്ന ഫിലിം വാങ്ങുകയായിരുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് ആയിരുന്നു രാമചന്ദ്രബാബുവിന്‍റെ ആദ്യത്തെ കളര്‍ചിത്രം. ഛായാഗ്രഹണത്തിനുള്ള 1976ലെ അവാര്‍ഡ് ആ ചിത്രത്തിലൂടെ രാമചന്ദ്രബാബുവിനു ലഭിച്ചു. എഴുപത്തെട്ടില്‍ രതിനിര്‍വേദം, എണ്‍പതില്‍ ചാമരം, എണ്‍പത്തിയൊന്‍പതില്‍ ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെയും അവാര്‍ഡുകളുടെ മധുരം തേടിയെത്തി. ആദ്യത്തെ മലയാളം 70എംഎം ഫീച്ചര്‍ ഫിലിം പടയോട്ടത്തിന്‍റെ ഛായാഗ്രാഹകന്‍ കൂടിയാണ് രാമചന്ദ്രബാബു. പൈലറ്റിനും ഒരാള്‍ക്കും മാത്രം കയറാവുന്ന ഹെലികോപ്റ്ററില്‍ ഇരുന്നൊരു ഏരിയല്‍ ഷോട്ട്, കൊട്ടാരം ഒഴുകിവരുന്നത്. പടയോട്ടത്തിന്‍റെ അനുഭവം. മലമ്പുഴയായിരുന്നു ലൊക്കേഷന്‍. ഹെലികോപ്റ്ററിന്‍റെ ഡോര്‍ ഇളക്കിമാറ്റി, ക്യാമറ കൈയിലേന്തി ആ രംഗം ചിത്രീകരിക്കുമ്പോള്‍ കാറ്റു വീശിയടിക്കുന്നുണ്ടായിരുന്നു. മറക്കാനാവില്ല ആ അനുഭവം. പിന്നീട് അല്‍ ബൂം എന്ന അറബിക് ചിത്രത്തിനുവേണ്ടി പത്തേമാരി ഒഴുകിവരുന്ന സമാനമായ ഷോട്ട് എടുക്കുമ്പോള്‍ അറിയാതെ ഓര്‍മയിലെത്തി പടയോട്ടക്കാലത്തെ ആ സാഹസിക ചിത്രീകരണമെന്നു രാമചന്ദ്രബാബു.

ഹിന്ദി, തെലുങ്കു, തമിഴ്, അറബിക്, ഇംഗ്ലിഷ്.....അഭ്രകാവ്യങ്ങള്‍ക്കു ക്യാമറയേന്തിയതു ആറു ഭാഷകളില്‍. മലയാളത്തില്‍ മറക്കാനാകാത്ത ഒരുപാടു ചിത്രങ്ങള്‍ ഏഴാം കടലിനക്കരെ, നിദ്ര, ആദാമിന്‍റെ വാരിയെല്ല്, അച്ചുവേട്ടന്‍റെ വീട്, ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, വെങ്കലം, ഗസല്‍, സല്ലാപം, കന്മദം, ഉടയോന്‍, മിഴികള്‍ സാക്ഷി, യുഗപുരുഷന്‍....... ഓരോ സിനിമയും ഓരോ അനുഭവങ്ങള്‍. ഇപ്പോള്‍ വിവരസാങ്കേതികവിദ്യയുടെ അക്ഷരസങ്കേതങ്ങളില്‍ ആത്മകഥ എഴുതിത്തുടങ്ങിയിരിക്കുന്നു രാമചന്ദ്രബാബു. ഓരോ സിനിമയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും.

യാത്ര പറഞ്ഞിറങ്ങുന്നതിനു മുമ്പ്, ഫോട്ടൊ എടുക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. ഫോട്ടൊ ക്ലിക്ക് ചെയ്തശേഷം ഫോക്കസ് ചെയ്യാന്‍ കഴിയുന്ന ഒരു ക്യാമറ ഇറങ്ങാന്‍ പോകുന്നു, ലൈറ്റ്ട്രോ എന്നാണു പേര്. അങ്ങനെ ക്യാമറയുടെ ആധുനികസങ്കേതങ്ങളും വികാസങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടാണു രാമചന്ദ്രബാബുവിന്‍റെ സിനിമാജീവിതം മുന്നോട്ടു പോകുന്നത്. ഒരു പഴയകാല ഛായാഗ്രാഹകന്‍റെ ചില്ലിട്ടുവച്ച ഓര്‍മകളല്ല. ആ സിനിമാജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അഭിമുഖം കഴിഞ്ഞ ശേഷം എവിടെ ഫോക്കസ് ചെയ്യണമെന്നു തീരുമാനിക്കാന്‍ കഴിയാത്തവിധത്തില്‍ സിനിമയുടെ അനുദിന നടവഴികളില്‍ ഇപ്പോഴും സജീവം ഈ ഛായാഗ്രാഹകന്‍.

1 comment: