Saturday, July 16, 2011

ഫ്രാന്‍സിസ് മാഷ് ആന്‍ഡ് ഹിസ് ലൈഫ്


എന്‍റെ അപ്പനാ
ഫ്രാന്‍സീസ് മാഷ് എന്നു വിളിക്കാം
ദീര്‍ഘകാലം അധ്യാപകന്‍ ആയിരുന്നു
തൃശൂര്‍ മോഡല്‍ സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു
എന്‍റെ അപ്പന്‍ ആയതു കൊണ്ടു പറയുന്നതല്ല ആളു പുലിയാ
പഴയ ന്യൂസ്പേപ്പര്‍ ബോയ് സിനിമ കേട്ടിട്ടില്ലേ 
മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം എന്നൊക്കെ പറയുന്നത്
അതിന്‍റെ ഗാനരചയിതാവാ...പിന്നെ കവി, സിനിമാ ആസ്വാദകന്‍
മാഷ് പണി ഒഴിച്ച് എല്ലാം പുള്ളിക്കു പ്രിയം ആണ്
മാഷ് പണി തീരെ ഇഷ്ടമില്ല
തന്‍റെ സാഹിത്യജീവിതം നശിപ്പിച്ചത് 
മാഷ് പണി ആണെന്നാണ് പുള്ളി ഇപ്പോഴും
ഉറച്ചു വിശ്വസിക്കുന്നത്
മക്കളാരും മാഷുംമാര്‍ ആകരുത് എന്നു പുള്ളിക്കു വലിയ നിര്‍ബന്ധം ആയിരുന്നു 
എന്നിട്ടും പലരും പഠിപ്പിക്കാന്‍ പോയി....
ഈ ഞാന്‍ അടക്കം !
മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎക്ക് മലയാളംഭാഗത്തില്‍ ഒന്നാം റാങ്ക് ഉണ്ട്
തിരുപതി വെങ്കടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ എംഎയും ഉണ്ട്
( അത് എനിക്ക് അഞ്ചു വയസുള്ളപ്പോള്‍ പുള്ളി സംഘടിപ്പിച്ചതാ )
അമ്പതുകളുടെ തുടക്കത്തില്‍  മാതൃഭൂമിയിലെ സ്ഥിരം എഴുത്തുകാരന്‍ ആയിരുന്നു
പ്രണയം ആണു പുള്ളിയുടെ ഇഷ്ടവിഷയം, 
നല്ല ഒന്നാന്തരം കാല്പനികന്‍
വൃത്തത്തില്‍ എഴുതുന്ന വിപ്ലവകാരി,
പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, ചിലതൊക്കെ ഡീസീ പോലുള്ള പ്രസാധകര്‍ പുറത്തിറക്കിയിട്ടുണ്ട്, 
ചിലതൊക്കെ സ്വന്തം കാശു കൊണ്ടും
കാവ്യഭടന്‍ എന്ന മാസിക കുറേക്കാലം നടത്തി
മുന്‍പ് സ്വരാജ് റൗണ്ട് മുഴുവന്‍ എന്നും നടക്കും
മുടങ്ങാതെ മുപ്പതു കൊല്ലത്തോളം 
കറന്‍റ് ബുക്ക്സിനു മുന്നില്‍ ഒരു ചങ്ങാതിക്കൂട്ടം ഉണ്ടായിരുന്നു
 ഇപ്പോള്‍ സ്വസ്ഥം, വീട്ടില്‍ ഇരുന്നു, എഴുത്തും വായനയും

ഇപ്പോഴും എഴുതുന്നുണ്ട്, കവിതകളും ലേഖനങ്ങളും
വാരാന്ത്യപതിപ്പുകളിലും വാരികകളിലും സായാഹ്ന ദിനപത്രങ്ങളിലും

എന്നെ എന്നും മുന്നോട്ടു നയിക്കുന്ന ഒരു കവിത ഉണ്ട് അപ്പന്‍റേതായിട്ട് !

ഇരുള്‍ മുറ്റും രാത്രി ഇടക്കിടിവെട്ടും മഴയും

അലമാലകളാല്‍ ചീറി പുളയുന്നൊരു പുഴയും
എന്‍ കരമോ കുഴയും, എന്നാലും ഞാന്‍ തുഴയും..... ‘’

അച്ഛന്മാര്‍ക്കായുള്ള ആഗോള ദിനത്തിന്‍റെ പുലരിയില്‍ ഫെയ്സ്ബുക്കിന്‍റെ എഴുത്തുചുമരില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ്. വൃത്തത്തില്‍ എഴുതുന്ന വിപ്ലവകാരി, ന്യൂസ്പേപ്പര്‍ ബോയ്യുടെ ഗാനരചയിതാവ്, അധ്യാപകന്‍, സര്‍വോപരി സഹൃദയന്‍. കെ.സി. ഫ്രാന്‍സിസ് എന്ന ഫ്രാന്‍സിസ് മാഷിനെ കാണാനിറങ്ങി. തൃശൂര്‍ പൂങ്കുന്നത്തു തീവണ്ടിപ്പാളങ്ങള്‍ക്കരികിലെ വീടിനു പുറത്തു തീവണ്ടിയുടേ യും മഴയുടേയും സമ്മിശ്രതാളം. ആ മുറിയില്‍ പാട്ടൊഴുക്കുന്ന ടേപ്പ് റെക്കോഡര്‍, വായിച്ചു പകുതിയാക്കിയ പുസ്തകങ്ങള്‍, പത്രങ്ങള്‍, വെള്ളപ്പേപ്പറില്‍ കുറിയ അക്ഷരങ്ങളില്‍ എഴുതിപകുതിയാക്കിയ വരികള്‍... സംസാരിച്ചു തുടങ്ങിയപ്പോള്‍ത്ത ന്നെ വായിച്ചറിഞ്ഞ കുറിപ്പില്‍ അവസാനിക്കാത്ത അനുഭവങ്ങള്‍ ബാക്കിയെന്നുറപ്പിച്ചു.

“” അഞ്ചാം ക്ലാസില് എഴുതിത്തുടങ്ങീതാ...’അച്ചടിഭാഷയുടെ ഭാരമില്ലാതെ തനി തൃശൂക്കാരന്‍റെ നിഷ്കളങ്കതയോടെ മാഷ് പറഞ്ഞു. ക്ലാസിലെ കൈയെഴുത്തു മാസികയിലായിരുന്നു ആദ്യസാഹിത്യ പരീക്ഷണങ്ങള്‍. കുറിയ വരികളില്‍ കവിതയുടെ മധുരം നിറഞ്ഞ താളുകള്‍. പുങ്കുന്നം പ്രൈമറി സ്കൂളിലും തൃശൂര്‍ മോഡല്‍ സ്കൂളിലും വിദ്യാഭ്യാ സം. ബ്രിട്ടിഷ് ഭരണകാലം, കൂടുതലും അവര്‍ക്കെതിരായ കവിതകള്‍ ആയിരുന്നു. അക്കാലത്ത് എല്ലാ ക്ലാസുകളിലും കൈയെഴുത്തു മാസികകള്‍ ഉണ്ടായിരുന്നെന്നു മാഷ് ഓര്‍ക്കുന്നു. പിന്നെ പതുക്കെ കൈയെഴുത്തു മാസികയില്‍ നിന്നു വലിയ മാസികകളിലേക്കു സ്ഥാനക്കയറ്റം. രണഭേരി, നവയുഗം അക്കാലത്തെ സാഹി ത്യ പ്രസിദ്ധീകരണങ്ങളില്‍ മാഷിന്‍റെ കൃതികള്‍ ഉണ്ടായിരുന്നു.

ബിരുദത്തിനു മെയ്ന്‍ സാമ്പത്തികശാസ്ത്രമെടുത്ത് സെന്‍റ് തോമസ് കോളെജില്‍. വായനയും കവിതാരചനയും അപ്പോഴും സജീവം. ഒരിക്കല്‍ നിമിഷക്കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനവും കിട്ടി. മദിരാശി യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്ന കോളെജില്‍ ബിഎയുടെ റിസല്‍റ്റ് വന്നപ്പോള്‍ പാര്‍ട്ട് രണ്ട് മലയാളത്തില്‍ ഒന്നാം റാങ്കുണ്ടായിരുന്നു. അക്കാലത്തെ പ്രധാന പത്രങ്ങളിലെല്ലാം കവിതകള്‍ അച്ചടിച്ചു വന്നുകൊണ്ടേയിരുന്നു. സഹോദരന്‍, കൗമുദി, മാതൃഭൂമി... ഒരുപാ ട് അഭിനന്ദനങ്ങളും. ഒന്നു നിര്‍ത്തിയിട്ട് മാഷ് പറഞ്ഞു അവാര്‍ഡ് ഒന്നും കിട്ടിയിട്ടില്ല, മ്മക്ക് വേണ്ടാനും... മലയാള കവിതയിലേ ക്ക് കടന്നു വന്ന അഗ്രഗണ്യനായ ഒരാള്‍ എന്ന് എന്‍. വി. കൃഷ്ണവാരിയര്‍ അഭിനന്ദിക്കുന്ന സ്ഥിതി വരെ വളര്‍ന്നു മാഷിന്‍റെ കാവ്യജീവിതം. അക്ഷരങ്ങളില്‍ വാക്കിന്‍റെ വാള്‍ത്തലമൂര്‍ച്ച തിരിച്ചറിഞ്ഞ കവിതാജീവിതം അപ്രതീക്ഷിതമായി യാഥാസ്ഥിതികരുടെ പിടിയില്‍ അമര്‍ന്നു.


Well begun is half done, ill begun is nil done. 

ഒരു ലൈബ്രറി നടത്തിയിരുന്നു ഫ്രാന്‍സിസ് മാഷ്. പാട്ടുരായ്ക്കല്‍ കലാനിലയം ലൈബ്രറി. അക്കാലത്തു രാംദാസിനെ പരിചയപ്പെടാനിടയായി, നല്ല മനുഷ്യനാ അങ്ങോര്. പൂരപ്പറമ്പിലെ വാട്ടര്‍ ടാങ്കിന്‍റെ ചുവട്ടില്‍ ഒരു സൗഹൃദസംഘം ഉണ്ടായിരുന്നു. സംഘത്തിന്‍റെ ഒത്തുചേരലില്‍ ഒരിക്കലാണു സിനിമ എടുക്കുന്നുവെന്നും പാട്ട് എഴുതണമെന്നും രാംദാസ് പറഞ്ഞത്. ട്യൂണൊക്കെ നേരത്തെ ഇട്ടിരുന്നു. ഷര്‍ട്ട് തുന്നീട്ട് ആളെ അന്വേഷിക്കണ പോലെ എന്നു മാഷ്. എന്തായാലും സംഭവം എഴുതിക്കൊടുത്തു. അതില്‍ തെക്കന്‍ കാറ്റേ തെക്കന്‍ കാറ്റേ, നീയിന്ന് എന്താ പാടണേ... എന്ന പാട്ട് ഹിറ്റായി. പക്ഷേ കാസെറ്റൊന്നുമില്ല. തൃശൂര്‍ ജോസ് തിയെറ്ററില്‍പ്പോയി സിനിമ കണ്ടു മാഷ്. നിരാശ തോന്നി, തെക്കന്‍ കാറ്റ് ഹിറ്റായെങ്കി ലും മറ്റു പാട്ടുകളില്‍ ചില കൂട്ടിച്ചേര്‍ക്കലുകളോടു പൊരുത്തപ്പെടാനായില്ല. അതുകൊണ്ടായിരി ക്കാം പിന്നീട് ഒരു കവിതയുടെ അവസാനവരി ഇങ്ങനെയായത്

പാട്ടൊരു പൊട്ടപ്പടത്തില്‍
രചിക്കയാല്‍
പാട്ടിലാക്കാനാണു ശത്രുവിന്‍
പാഴ്ശ്രമം
ജീവിതത്തെ ഞാന്‍
പഠിപ്പിച്ചതും, പിന്നെ
ജീവിതത്തില്‍ ഞാന്‍
പഠിച്ചതും ശൂന്യമാം...


സിനിമയില്‍ പാട്ടെഴുതിയപ്പോള്‍ പേരിനൊരു പരിഷ്കാരം നടത്തിയിരുന്നു. ടൈറ്റിലില്‍ തെളിഞ്ഞതു കെ.സി. പൂങ്കുന്നം എന്നാണ്. പിന്നീടൊരിക്കലും സിനിമാഗാനരചനയുടെ വഴികളില്‍ കാണാത്തതിനെക്കുറിച്ചു ചോദിച്ചാല്‍ മറുപടി ഇംഗ്ലിഷ് പഴമൊഴിയില്‍ ഒതുക്കും....
Well begun is half done, ill begun is nil done.
Once a teacher, always a teacher
ചിറ്റൂരിനടുത്തു നല്ലേപ്പിള്ളിയിലെ സ്കൂളിലായിരുന്നു മാഷിന്‍റെ അധ്യാപക ജീവിതത്തിന്‍റെ തുടക്കം. പത്രാധിപര്‍ ആകണമെ ന്ന് ആഗ്രഹിച്ച മാഷിനെ അധ്യാപകന്‍റെ വേഷമണിയിച്ചതു ജീവിതമായിരുന്നു. തീരെ ഇഷ്ടമില്ലാത്ത ജോലി.അധ്യാപകജീവിതം തുടരുമ്പോഴും കാവ്യഭടന്‍ എന്ന മാസി ക നടത്തി. സ്കൂള്‍ ജീവിതത്തെ ആധാരമാക്കി ഒരദ്ധ്യാപകന്‍റെ നിത്യാനുഭവം എന്നൊരു കവിത എഴു തി ഒരിക്കല്‍. കവിതയെപ്പറ്റി പരാതി പോയി. ഒരു ദിവസം ഹെഡ്മിസ്ട്രസ് വന്നു പറഞ്ഞു, എന്‍സിആര്‍ടിയില്‍ നിന്നാരോ വന്നിരിക്കുന്നു, മാഷ് ഒന്ന് ഇംഗ്ലിഷില്‍ സംസാരിക്കണം. മുറിയില്‍ ചെല്ലുമ്പോള്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റുകയാണെന്ന് അയാള്‍ പറഞ്ഞു. അപ്പോഴാണു വകുപ്പിന്‍റെ ശിക്ഷണനടപടിയായിരുന്നെന്നു തിരിച്ചറിഞ്ഞത്. വിദ്യാര്‍ഥികള്‍ എതിര്‍ത്താലോ എന്നു കരുതി അന്നു കുട്ടികളെ നേരത്തെ പറഞ്ഞുവിട്ടതും ഓര്‍ക്കുന്നു മാഷ്. ശമ്പളമില്ലാതെ അവധി എടുക്കേണ്ടി വന്നു. പലരുടേയും നിര്‍ബന്ധം മൂലം കാവ്യഭടന്‍ എന്ന മാസിക നിര്‍ത്തി. കാവ്യജീവിതം നേടിത്തന്ന ദുരവസ്ഥകളൊന്നും തൂലികയെ ആ കൈയില്‍ നിന്ന് അകറ്റിയില്ല, മുറുകെ പിടിച്ചപ്പോഴൊക്കെ മനസിലുറച്ച അക്ഷരങ്ങള്‍ ഒഴുകിവന്നിട്ടുമുണ്ട്, എപ്പോഴും.



വിദ്യാഭ്യാസ വകുപ്പില്‍ നിന്നു സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത കാതറിനാണു മാഷിന്‍റെ ഭാര്യ. മക്കള്‍ സോണിയ, സെബി, ഫേവര്‍. വാര്‍ധക്യത്തിന്‍റെ വിഹ്വലതകള്‍ മാഷിനെ തീരെ അലട്ടുന്നില്ല. ആ മുറി ഇപ്പോഴും സജീവം. വായിച്ചു പകുതിയാക്കിയ ആമേന്‍ എന്ന ഇംഗ്ലി ഷ് പുസ്തകം കണ്ണുകള്‍ ഓടാന്‍ കാത്തുകിടക്കുന്നു. വെള്ളപേപ്പറിന്‍റെ പ്രതലത്തില്‍ പാതിമുറിഞ്ഞ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി വെമ്പുന്നു. മാഷിനെക്കുറിച്ചെഴുതിയ ഈ അക്ഷരങ്ങളാല്‍ ജീവിതം പൂര്‍ണമായും രേഖപ്പെടുത്താനാവില്ല. വാര്‍ധക്യത്തിനും തളര്‍ത്താനാകാത്ത തുടര്‍ച്ചയുണ്ട് ഫ്രാന്‍സിസ് മാഷിന്‍റെ ജീവിതത്തിന്. എഴുത്തിന്‍റെ സജീവത ഒരിക്കലും വാടാതെ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. മകനു പ്രചോദനം നല്‍കുന്ന അപ്പന്‍റെ വരികളുടെ ആവര്‍ത്തനത്തില്‍ കുറിപ്പ് അവസാനിപ്പിക്കാം..

ഇരുള്‍ മുറ്റും രാത്രി ഇടക്കിടിവെട്ടും മഴയും
അലമാലകളാല്‍ ചീറി പുളയുന്നൊരു പുഴയും
എന്‍ കരമോ കുഴയും, എന്നാലും ഞാന്‍ തുഴയും.....

2 comments:

  1. ഫ്രാന്‍സിസ് മാഷിനൊരു സല്യൂട്ട് ........

    ReplyDelete