Wednesday, July 13, 2011

ഓര്‍മകളില്‍ ആദ്യ തീവണ്ടിയുടെ ഇരമ്പം

 കാലങ്ങള്‍ക്കു മുമ്പ് കരിപ്പുക ഉയര്‍ന്ന ആകാശത്തെ മറച്ച് മരങ്ങളും അതിനും മീതേ മേഘങ്ങളും. പെയ്തൊഴിഞ്ഞ മഴയുടെ ഇടവേളയിലെ യാത്ര, പഴയ പാളത്തിലേക്ക്, ആദ്യ തീവണ്ടിത്താവളത്തിലേക്ക്. നാളെയാരു സ്റ്റോറിയായി പരുവപ്പെടുത്താനായി കുറിച്ചെടുക്കാന്‍ ഒന്നുമില്ല, വാചകത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും ക്വട്ടേഷന്‍ മാര്‍ക്കിട്ട് ഒരു പേരെഴുതി ചേര്‍ക്കാന്‍ ആരെയും അവിടെ കാണുകയുമില്ല. കൊച്ചിയിലെ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനിലേക്ക് ആദ്യ പാസഞ്ചര്‍ട്രെയ്ന്‍ പുകയൂതിയെത്തിയിട്ടു ഈ മാസം പതിനാറിനു 109 വര്‍ഷം തികയുന്നു. ആ പാളങ്ങളില്‍ നിന്നും തീവണ്ടിയുടെ ഇരുമ്പുചക്രങ്ങള്‍ അന്യം നിന്നെങ്കിലും, കൊച്ചിയുടെ ഗതാഗതചരിത്രത്തിലെ സ്മരണയായി, സ്മാരകമായി ഇപ്പോഴുമുണ്ട് എറണാകുളം ടെര്‍മിനസ് സ്റ്റേഷന്‍ എന്ന ഓള്‍ഡ് സ്റ്റേഷന്‍. പക്ഷേ, കൊച്ചിയിലേക്കുള്ള ആദ്യപാളത്തിനു മീതേ കാലത്തിന്‍റെ അതിരില്ലാത്ത പച്ചപ്പ്. കാടു പിടിച്ച അകത്തളങ്ങളും തകര്‍ന്നടിഞ്ഞ നിര്‍മാണങ്ങളും പെയ്തു മുറുകിയ മഴയും പഴയ പ്ലാറ്റ്ഫോമിനെ അപ്രാപ്യമാക്കി. പക്ഷേ അപ്പോഴും അങ്ങകലെ കാലത്തിനപ്പുറത്തു നിന്നൊരു തീവണ്ടിശബ്ദം ഇരമ്പിയാര്‍ത്തെത്തുന്നുണ്ടായിരുന്നു. ഓര്‍മയുടെ ആകാശത്തു കറുത്തപുക ഉയര്‍ന്നു...

1902 ജൂലൈ 16.

നൂറുകണക്കിന് ജനങ്ങള്‍ അക്ഷമയോടെ കാത്തു നിന്നു. പ്ലാറ്റ്ഫോമിന് അരികില്‍ കൊട്ടാരം എന്ന പേരില്‍ റോയല്‍ മെമ്പേഴ്സിനായി നിര്‍മിച്ച വെയ്റ്റിങ് ഷെഡ്ഡില്‍ കൊച്ചി രാജകുടുംബാംഗങ്ങളും. അന്തരീക്ഷത്തില്‍ സ്വാഗതമോതി സംഗീതസംഘങ്ങളുടെ അവതരണങ്ങള്‍. വടക്കുഭാഗത്ത് കാഴ്ചയുടെ അതിര്‍ത്തി ഭേദിക്കുന്നിടത്തേക്കായിരുന്നു എല്ലാ കണ്ണുകളും. ജനങ്ങളുടേയും രാജകുടുംബാംഗങ്ങളുടേയും ആകാംക്ഷയ്ക്കു മീതേ ആശ്ചര്യത്തിന്‍റെ പുകയുയര്‍ത്തിക്കൊണ്ട് കൊച്ചിയിലേക്കുള്ള ആദ്യതീവണ്ടി പ്രത്യക്ഷപ്പെട്ടു, ഷൊര്‍ണ്ണൂരില്‍ നിന്നാണു വരവ്. കൊച്ചി സ്റ്റേറ്റ് റെയ്ല്‍വേ സര്‍വീസിന്‍റെ ഉടമസ്ഥതയിലുള്ള ആവിഎന്‍ജിന്‍റെ തലയില്‍ ബന്ധിച്ചു വളരെ കുറച്ചു ബോഗികള്‍ മാത്രം. കൊച്ചിയുടെ ഗതാഗതചരിത്രത്തിലെ വഴിത്തിരിവായിരുന്നു പാസഞ്ചര്‍ തീവണ്ടിയുടെ വരവ്. അതിനും ഒരു മാസം മുമ്പ്, ജൂണ്‍ രണ്ടിനു ഗുഡ്സ് സര്‍വീസിനായി ഷൊര്‍ണൂര്‍ - കൊച്ചി തീവണ്ടിപ്പാത തുറന്നുകൊടുത്തിരുന്നു. കൊച്ചിയുടെ തീവണ്ടിച്ചരിത്രത്തിന്‍റെ തുടക്കം ആദ്യസര്‍വീസിന്‍റെ ആഡംബരത്തില്‍ ഒടുങ്ങില്ല. ഓര്‍ക്കാതെ കഴിയില്ല, തീവണ്ടിപ്പാതയ്ക്കായി കഠിനപ്രയത്നം ചെയ്ത ജനസ്നേഹിയായ രാജാവിനെ. കൊച്ചി മഹാരാജാവായ രാമവര്‍മ്മയെ. ചരിത്രരേഖകള്‍ പറയുന്നുണ്ട് ആ ഇച്ഛാശക്തയുടെ കഥ. പാത സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സ്റ്റേറ്റിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബ്രിട്ടിഷ് ഭരണാധികാരികള്‍. പക്ഷേ, അത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പണമില്ല. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള മനസുമില്ല ആ രാജാവിന്. എന്തു വില കൊടുത്തും സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തന്നെ തീരുമാനിച്ചു. നിലവറയ്ക്കുള്ളിലെ നിലയില്ലാത്ത സമ്പാദ്യം വിറ്റിട്ടായാലും ജനങ്ങള്‍ക്കായി തീവണ്ടിപ്പാത നിര്‍മിക്കാന്‍ തന്നെ തീരുമാനിച്ചു കൊച്ചി മഹാരാജാവ്.

ഹിസ് എക്സലെന്‍സി രാമവര്‍മ്മയുടെ ഉടമസ്ഥതയിലുള്ളതെല്ലാം വിറ്റു. എന്നിട്ടും പണം തികയാതെ വന്നപ്പോള്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത ആനച്ചമയങ്ങളും രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങളും വിറ്റെന്നു രേഖകള്‍ പറയുന്നു. എന്നാല്‍ പണം ശരിയായപ്പോഴും കടമ്പകള്‍ ഒരുപാടുണ്ടായിരുന്നു. പാത കടന്നു പോകുന്ന അങ്കമാലി മുതല്‍ ഇടപ്പള്ളി വരെയുള്ള ഇരുപത്തൊമ്പതു കിലോമീറ്റര്‍ ഭാഗം തിരുവിതാംകൂര്‍ സ്റ്റേറ്റിന്‍റെ ഉടമസ്ഥതയിലായിരുന്നു. റെയ്ല്‍വേ ലൈന്‍ സ്ഥാപിക്കുന്നതിനായി ആ സ്ഥലം വിട്ടു നല്‍കാന്‍ തിരുവിതാംകൂറിന് അപേക്ഷ നല്‍കി. അങ്ങനെ മദ്രാസ് റെയ്ല്‍വേ കമ്പനിയുടെ നേതൃത്വത്തില്‍ 1899ല്‍ പാതയുടെ നിര്‍മാണം തുടങ്ങി.

ചരിത്രം വന്നിറങ്ങിയ പ്ലാറ്റ്ഫോം

പാത കടന്നു വരുന്ന പ്രദേശത്തു പുഴയുടെ കുറുകെ പാലങ്ങള്‍ നിര്‍മിക്കാനും കാലതാമസമുണ്ടായി. എന്തായാലും എല്ലാ ബുദ്ധിമുട്ടുകളും അതിജീവിച്ച് ആ പാതയിലൂടെ 1902 ജൂണ്‍ രണ്ടിന് ഗുഡ്സ് തീവണ്ടിയോടി. ജൂലൈ പതിനാറിനു പാസഞ്ചര്‍ ട്രെയ്നും. ഒറ്റട്രാക്കില്‍ നൂറു കിലോമീറ്റര്‍ നീളത്തിലായിരുന്നു ഷൊര്‍ണൂര്‍ - കൊച്ചി പാത. മഹാരാജാവ് യാത്ര ചെയ്യുമ്പോള്‍ മാത്രം ട്രെയ്നിനോടു ഘടിപ്പിച്ചിരുന്ന ഒരു പ്രത്യേക സലൂണ്‍ തന്നെ ഉണ്ടായിരുന്നു.

ഒരുപാടു ചരിത്രവ്യക്തികള്‍ വന്നിറങ്ങിയ പ്ലാറ്റ്ഫോമിലേക്ക് കയറാമെന്ന ആഗ്രഹം വെറുതെയായി. കടന്നു നോക്കാന്‍ കഴിയാത്ത വിധം കാടുപിടിച്ചു കിടക്കുന്നു. മഹാത്മാഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ലോര്‍ഡ് ഇര്‍വിന്‍.....അങ്ങനെ ഒരുപാടു ചരിത്രസാന്നിധ്യങ്ങള്‍. ചെങ്കല്ല് കൊട്ടി പ്രത്യേകം ഷെയ്പ്പ് ചെയ്താണു റെയ്ല്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. എറണാകുളത്തു പഴയ ഹൈക്കോര്‍ട്ട് കെട്ടിടത്തിനു സമീപം ( റാം മോഹന്‍ പാലസ്) തന്നെ റെയ്ല്‍വേ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കാരണങ്ങള്‍ അനവധിയായിരുന്നു. നഗരത്തിന്‍റെ ഹൃദയഭാഗം, എറണാകുളം മാര്‍ക്കറ്റിന്‍റെ സാമീപ്യം, ബോട്ട് ജെട്ടിയും അടുത്തുണ്ടായിരുന്നു. മട്ടാഞ്ചേരി, വൈപ്പിന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കു എത്തിപ്പെടാനും അനുയോജ്യമായ ഇടം.

എന്നാല്‍ ഗതാഗതമാര്‍ഗങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഒരുപാടുണ്ടായി. 1929ല്‍ സൗത്ത് റെയ്ല്‍വേ സ്റ്റേഷന്‍ നിലവില്‍ വന്നു. 1943ല്‍ ആ ട്രാക്ക് ഹാര്‍ബര്‍ ഭാഗത്തേക്കു നീട്ടി. അതോടെ പഴയതിന്‍റെ പ്രൗഢിയും പ്രാധാന്യവും പതുക്കെ നഷ്ടപ്പെടുകയായിരുന്നു. എങ്കിലും അറുപതുകളുടെ ആദ്യം വരെ എറണാകുളം ടെര്‍മിനസ് സ്റ്റേഷനിലേക്ക് പാസഞ്ചര്‍ തീവണ്ടികള്‍ എത്തിയിരുന്നു. പിന്നീടതു എറണാകുളം റെയ്ല്‍വേ ഗുഡ്സ് സ്റ്റേഷനായി. പിന്നീടു സിമന്‍റ് സ്റ്റോര്‍ ചെയ്യുന്ന കേന്ദ്രമായി. ഇപ്പോള്‍ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനും. അങ്ങനെ കൊച്ചിയുടെ ആദ്യ തീവണ്ടിയാപ്പീസിനെ കാലവും അധികൃതരും കരുണയില്ലാതെ തരം താഴ്ത്തിക്കൊണ്ടിരുന്നു. ഇന്ന് ഇരുപത്തിരണ്ടേക്കര്‍ വരുന്ന റെയ്ല്‍വേ സ്റ്റേഷന്‍ സ്ഥലം, അവഗണന എന്ന വാക്കിന്‍റെ തണലില്‍....


പാളം തെറ്റിയ പ്രഖ്യാപനങ്ങള്‍

ആണ്ടുതോറുമുള്ള പ്രഖ്യാപനങ്ങളില്‍ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനും ഇടംപിടിക്കാറുണ്ട്. റെയ്ല്‍ മ്യൂസിയമാക്കും, സബര്‍ബന്‍ റെയ്ല്‍ സ്റ്റേഷനാകും, പൈതൃക സ്റ്റേഷനായി നിലനിര്‍ത്തും, ഏറ്റവുമൊടുവില്‍ റെയ്ല്‍വേ മെഡിക്കല്‍ കോളെജ് തുടങ്ങും....അങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്തു തുടങ്ങിയിട്ടു കാലമേറെയായി. ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. എന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും തീരെയില്ല. നിരവധി പക്ഷിവര്‍ഗങ്ങളുള്ള മംഗളവനത്തിനു സമീപത്താണു ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷന്‍. അങ്ങനെയൊരു ചരിത്രമുറങ്ങുന്ന ഇടം ഇവിടെയുണ്ട് എന്നു തോന്നുക പോലുമില്ല. ഒരിക്കല്‍ ഹൈക്കോടതിയുടെ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കായി റെയ്ല്‍വേ സ്റ്റേഷന്‍റെ സ്ഥലം ഏറ്റെടുക്കാനുള്ള ആലോചനയും ഉണ്ടായിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ആ നീക്കം അവസാനിപ്പിച്ചു. 
വീണ്ടുമൊരു ജൂലൈ പതിനാറ്. കൊച്ചിയിലേക്കുള്ള ആദ്യതീവണ്ടിയുടെ ആദ്യയാത്രാസ്മരണകള്‍ക്കു 109 വയസ്. പടര്‍ന്നു കയറിയ കാട്ടുവേരുകളുടെ അടിയിലുറങ്ങുന്ന പാളങ്ങളില്‍ ഇപ്പോഴും ആദ്യതീവണ്ടിയുടെ ഒടുങ്ങാത്ത ഇരമ്പമുണ്ടാകും.

11 comments:

 1. വളരെ നന്നായി. ഇതൊക്കെ സംരക്ഷിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലല്ലോ....

  ReplyDelete
 2. Thanx Anoop

  കയ്യേറ്റങ്ങള്‍ പൌരാവകാശമായി കണക്കാക്കുന്ന നമ്മുടെ നാട്ടില്‍ ഇരുപത്തിരണ്ടേക്കര്‍ ഇന്ന് നിലവില്‍ ഉണ്ടോ ആവോ ........

  ReplyDelete
 3. വായിച്ചു വരുമ്പോള്‍ രോമങ്ങള്‍ എഴുന്നേറ്റു നിന്നു. ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു എനിക്ക്. നല്ലൊരു അറിവ് തന്നു. അഭിമാനവും... കൂടെ അപമാനവും... വീണ്ടും വീണ്ടും ഈ ഫോട്ടോസ് നോക്കുമ്പോള്‍ പണ്ട് ചരിത്രം പാലം തെറ്റാതെ ആ വഴി പോയത് മനസ്സില്‍ വരച്ചു നോക്കി. അസൂയ തോന്നി... ആ കാലഘട്ടത്തില്‍ ജീവിച്ചവരോടെല്ലാം. :)

  ReplyDelete
 4. ippol ivide saamoohya virudhar ennu ariyapedunna vargam ayirikkum thamasikkunne....

  ReplyDelete
 5. ee vivarnathinu prthyekam abhinandanagal, nandhiyum

  ReplyDelete
 6. സുള്‍ഫിക്കര്‍, അനു, ജ്യോ, എച്ച്മുക്കുട്ടി.....എല്ലാവര്‍ക്കും സന്തോഷത്തോടെ നന്ദി അറിയിക്കുന്നു

  ReplyDelete
 7. ഓർമ്മകൾ പഴകുന്നില്ല..

  ReplyDelete
 8. :: അനൂപ്... ഒരായിരം നന്ദി.. ;;

  ReplyDelete
 9. Great findings....very interesting....congrats.....

  ReplyDelete
 10. This comment has been removed by the author.

  ReplyDelete