പാളങ്ങള്‍ അനന്തതയിലേക്കല്ല, അവസാനത്തിലേക്കാണു പോകുന്നത് എന്ന് ആദ്യമായി  തോന്നി. കൂകിപ്പായും തീവണ്ടി എന്ന പ്രയോഗത്തിന് അര്‍ഥമില്ലാതാവുന്നു,  അന്നു തീവണ്ടി കരയുകയായിരുന്നു. ഇടറിവീഴുന്ന ഒരു ഗാനം പോലെ...
ചരിത്രത്തിന്‍റെ റെയിലിലൂടെയുള്ള നൂറ്റാറു വര്‍ഷത്തെ യാത്ര അന്ന്  അവസാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ പത്തൊമ്പത്. രാവിലെ കൊല്ലത്തു  നിന്നു പുനലൂരിലേക്കുള്ള തീവണ്ടി കയറുമ്പോള്‍, പലപ്പോഴായി പറഞ്ഞു കേട്ട  ഒരു തീവണ്ടിപ്പാതയുടെ കാഴ്ചകളായിരുന്നു മനസില്‍. ആ യാത്രാനുഭവത്തിന്‍റെ,  നയനമനോഹരമായ ജാലകക്കാഴ്ച, തീപ്പെട്ടിക്കൂടു പോലുള്ള കംപാര്‍ട്ട്മെന്‍റിലെ  യാത്ര, കാഴ്ചയെ അതിരിടുന്ന മഞ്ഞിറങ്ങുന്ന മലനിരകളുടെ.... 
ബ്രോഡ് ഗേജിന്‍റെ വിസ്തൃതമായ പാളങ്ങളില്‍ കൂകിപ്പാഞ്ഞു തീവണ്ടി പാഞ്ഞു,  പുനലൂരിലേക്ക്. അവധിദിവസത്തിലെ യാത്രക്കാരില്‍ ഏറിയപങ്കും, മീറ്റര്‍  ഗേജിന്‍റെ അവസാനയാത്രയുടെ ആവേശം അനുഭവിക്കാന്‍ വന്നവര്‍. ആ ചരിത്രയാത്രയുടെ  ഭാഗമാകാന്‍ കൊതിക്കുന്നവര്‍. കൊച്ചുതീവണ്ടിയുടെ കൗതുകത്തിലേറി,  നെല്ലിമരങ്ങള്‍ അതിരിടുന്ന പാളങ്ങളിലൂടെ ഒരു വട്ടം കൂടി യാത്ര ചെയ്യാന്‍  മോഹിച്ചെത്തിയവര്‍. പുനലൂര്‍ - ചെങ്കോട്ട റൂട്ടിലെ മീറ്റര്‍ ഗേജ്  യാത്രയുടെ കഥകള്‍ മനസില്‍ ചൂളംവിളിച്ചപ്പോഴേക്കും പുനലൂര്‍ സ്റ്റേഷനായി. 
പുനലൂര്‍ റെയ്ല്‍വേ സ്റ്റേഷന്‍ ആഘോഷത്തിമിര്‍പ്പില്‍. മൂന്നാം നമ്പര്‍  പ്ലാറ്റ്ഫോമില്‍, ചെങ്കോട്ടയില്‍ നിന്നു തിരിച്ച തീവണ്ടിയെക്കാത്ത്  ആയിരങ്ങള്‍. അവസാന ദിവസത്തെ ആദ്യ ട്രിപ്പിന് അഭിവാദ്യം അര്‍പ്പിക്കാന്‍  ബാനറുകള്‍, പൂച്ചെണ്ടുകള്‍, മേളപ്പെരുക്കം. ഒടുവില്‍ ചെറിയ പാതയുടെ ദൂരെ  ഒരു പൊട്ടു പോലെ പുനലൂര്‍ - ചെങ്കോട്ട പാസഞ്ചര്‍ പ്രത്യക്ഷപ്പെടുന്നു.  പതുക്കെ പ്ലാറ്റ്ഫോമിനരികലേക്ക്. പാസഞ്ചറിന്‍റെ ശബ്ദം  ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങളില്‍ അലിഞ്ഞു. ആര്‍പ്പുവിളികള്‍,  മുദ്രാവാക്യങ്ങള്‍. ആവേശത്തിന് എക്സ്പ്രസ് വേഗം. യാത്രയുടെ അവസാനദിനത്തില്‍  പുനലൂരില്‍ നിന്നു ചെങ്കോട്ടയിലേക്കുള്ള ആദ്യയാത്രയുടെ ആരംഭം  കുറിക്കുന്നതിനുള്ള തയാറെടുപ്പുകള്‍. എന്‍ജിന്‍ മാറ്റി ചെങ്കോട്ടയിലേക്കു  ഫെയ്സ് ചെയ്തു നില്‍ക്കുമ്പോഴേക്കും, ആ തലയെടുപ്പില്‍ പൂച്ചെണ്ടുകളും,  ചെടികളും കൊടികളും നിറഞ്ഞിരുന്നു.
തീവണ്ടിക്കകത്ത് ജാലകത്തിനരികില്‍, പറ്റുമെങ്കില്‍ ജനലരികിലെ ഒറ്റസീറ്റില്‍  കാഴ്ചകള്‍ കണ്ട്, കാര്യങ്ങള്‍ കുറിച്ചെടുത്തൊരു യാത്ര. അതായിരുന്നു  ലക്ഷ്യം. മനസിലെ മോഹങ്ങള്‍ക്കു പാളം തെറ്റിയെന്നു തിരക്കു  കണ്ടപ്പോള്‍ത്തന്നെ ബോധ്യമായി. എങ്ങനെയെങ്കിലും കയറിപ്പറ്റാനായി ശ്രമം.  ഒടുവില്‍ എന്‍ജിനരികിലെ ബോര്‍ഡില്‍, കമ്പിയില്‍ കൈപിടിച്ചു നിന്നു.  അവസാനയാത്രയുടെ സ്വാതന്ത്ര്യം നല്‍കിയതായിരിക്കാം, താഴെയിറക്കാനോ താക്കീതു  ചെയ്യാനോ ആരുമെത്തിയില്ല. ആദ്യമായി എന്‍ജിന്‍ ക്യാബിനു പുറത്തു യാത്ര  ചെയ്യുന്നതിന്‍റെ ത്രില്ലിനു മീതെ ചൂളം വിളി. പൊടിയോടെയുള്ള കറുത്ത  പുകയ്ക്കും മായ്ക്കാന്‍ കഴിയാത്ത ആവേശം. ചരിത്രത്തിലേക്കു മറയുന്ന ആ യാത്ര  ആരംഭിക്കുന്നു, പുനലൂര് നിന്ന്.....
സമയം 8. 40. പുനലൂര്‍ - ചെങ്കോട്ട പാസഞ്ചര്‍ ചൂളം വിളിച്ചു. അപ്പോഴേക്കും  എന്‍ജിനു പുറത്തെ ഔട്ട്സ്റ്റാന്‍ഡിങ് യാത്രക്കായി കുറച്ചു കൂടി  സഹയാത്രികരെത്തി. തീവണ്ടിയുടെ താളത്തില്‍ ബാലന്‍സ് ചെയ്തു പഠിക്കാന്‍  അല്‍പ്പസമയം. ഇരുവശത്തും അഭിവാദ്യം അര്‍പ്പിക്കാനും, കൈവീശി കാണിക്കാനും  ആയിരങ്ങള്‍. പാതയ്ക്കരികിലെ ചില്ലകള്‍ക്കനുസരിച്ചു തല താഴ്ത്തിയും  ഒഴിഞ്ഞുമാറിയും ഒരു അഭ്യാസിയുടെ മെയ്വഴക്കത്തോടെ പലരും യാത്ര ആസ്വദിച്ചു  തുടങ്ങുന്നു. മീറ്റര്‍ ഗേജ് യുഗം അവസാനിക്കുന്ന യാത്രയില്‍ പങ്കാളിയാവാന്‍  കേരളത്തിന്‍റെ എല്ലായിടത്തു നിന്നും ആളുകളുണ്ട്. കൂടുതലും ചെറുപ്പക്കാര്‍.  ഓവര്‍ ബ്രിഡ്ജുകള്‍ക്കു മുകളില്‍ നിന്നു താഴേക്കു നീങ്ങുന്ന മൊബൈല്‍  ക്യാമറകള്‍, ഫ്ളാഷുകള്‍. താഴെ കല്ലടയാറിന്‍റെ കുത്തൊഴുക്കിനു മീതെ  പരീക്ഷിക്കപ്പെടുന്ന ധൈര്യം. അവിസ്മരണീയമായ ആ യാത്ര ആവേശത്തിലേക്കു  കടക്കുകയാണ്.
വലതുവശത്തു സ്ഥലനാമം രേഖപ്പെടുത്തിയ ഒരു സ്റ്റേഷന്‍, എടമണ്‍. അവിടെയും  വണ്ടിയില്‍ കയറാന്‍ നിരവധി പേര്‍. പുനലൂര്‍ - ചെങ്കോട്ട പാസഞ്ചര്‍  നിത്യജീവിതത്തിന്‍റെ ഭാഗമായ ആദ്യസ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയപ്പോള്‍  ചിലര്‍ ഇരിപ്പിടം ചെയ്ഞ്ച് ചെയ്തു. ശിഷ്ടയാത്ര ട്രെയ്നിന്‍റെ മുകളിലേക്കു  മാറ്റി ചിലര്‍. തുരങ്കമെത്തുമ്പോള്‍ തല കുനിക്കണമെന്നാരുടെയോ  മുന്നറിയിപ്പ്. പ്രഭാതത്തിലെ വെയില്‍ പതുക്കെ ചാറ്റല്‍ മഴയ്ക്കു  വഴിമാറുന്നു. ദൂരെയേതോ മലയുടെ മുകളില്‍ മഞ്ഞിറങ്ങുന്ന ദൃശ്യം. മഴ  കനക്കുന്നതിനു മുന്‍പേ വീണ്ടും വെയിലിന്‍റെ തിരനോട്ടം. തീവണ്ടി ചെറിയ  പാളത്തിലൂടെ, താളത്തില്‍ വളരെ പതുക്കെ യാത്ര തുടരുന്നു. ആര്‍പ്പുവിളികള്‍  അവസാനിച്ചിട്ടില്ല. വഴിയരികില്‍ കൈവീശികാണിക്കുന്നവരെ കാണുമ്പോള്‍,  തുരങ്കത്തില്‍ ഇരുട്ടിന്‍റെ സ്വാതന്ത്ര്യമെത്തുമ്പോള്‍ മുദ്രാവാക്യങ്ങളും  ആര്‍പ്പോ വിളികളും വാനോളമുയരുന്നു, തീവണ്ടിയുടെ ശബ്ദത്തെയും ഭേദിക്കുന്ന  വിധത്തില്‍.
പച്ചപ്പു നിറയുന്ന ഓരോ സ്റ്റേഷനുകള്‍ പിന്നിടുമ്പോഴും സ്വീകരണങ്ങളുടെ  ബഹളം. യാത്രക്കാര്‍ക്ക് മിഠായി, പായസം. എടമണ്‍, ഒറ്റക്കല്‍, തെന്മല,  കഴുതുരുട്ടി, എടപ്പാളയം, ആര്യങ്കാവ്, ഭഗവതിപുരം. തെന്മല ആര്യങ്കാവ്  ഫോറസ്റ്റ് ഡിവിഷനുകളിലൂടെയുള്ള യാത്രയ്ക്ക് ഒരു വിനോദയാത്രയുടെ മൂഡ്.  നാളെ ത്തൊട്ട് ഈ വണ്ടിയുടെ ശബ്ദം ശല്യം ചെയ്യില്ലെന്നുറപ്പില്‍ ഊയലാടുന്ന  വാനരന്മാര്‍... പ്രകൃതിഭംഗി നിറയുന്നു ഓരോ വണ്ടിത്താവളങ്ങളിലും. പരമ്പരാഗത  ബ്രിട്ടിഷ് സ്റ്റൈലില്‍ പണി കഴിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങള്‍.  കൊളോണിയല്‍ നിര്‍മാണവൈദ്ഗധ്യത്തിന്‍റെ മേന്മ വിളിച്ചോതുന്ന കണ്ണറ പാലം  തന്നെയാണു യാത്രയിലെ പ്രധാന ആകര്‍ഷണം, അറിയപ്പെടുന്നതു പതിമൂന്ന് കണ്ണറ  പാലം എന്ന്. ബ്രിട്ടിഷ് ഭരണകാലത്ത് സുര്‍ക്കി നിര്‍മാണരീതിയില്‍ പണി  കഴിപ്പിച്ച കഴുതുരുട്ടിയിലെ ഈ പാലത്തിനു പതിമൂന്ന് ആര്‍ക്കുകള്‍ ഉണ്ട്.  പേരിനു കാരണവും അതു തന്നെ. നിര്‍മാണത്തിനു സിമന്‍റ്  ഉപയോഗിച്ചിട്ടേയില്ലെന്ന് ഒരു സഹയാത്രികന്‍ അറിവു പകര്‍ന്നു. പണി  കഴിപ്പിച്ചിട്ടു നൂറു വര്‍ഷം കഴിഞ്ഞെങ്കിലും യാതൊരു കേടുപാടുകളും  സംഭവിച്ചിട്ടില്ല, പാലത്തിന് ഇതുവരെ. 
മീറ്റര്‍ ഗേജ് പാതയിലെ സിഗ്നലിങ് സംവിധാനം വരെ ഇപ്പോഴും പഴയ രീതിയില്‍  തന്നെയാണ്. ട്രെയ്ന്‍ പുറപ്പെടാറാകുമ്പോഴേക്കും മണിയടി കേള്‍ക്കാം.  ഇനിയിപ്പോ തീവണ്ടി പതുക്കെ നീങ്ങിത്തുടങ്ങുമ്പോള്‍ ആരെങ്കിലും  ഓടിയെത്തുന്നതു കണ്ണില്‍പ്പെട്ടാല്‍, ഒന്നു നിര്‍ത്തിക്കൊടുക്കാനും  മടിക്കില്ല, ചെങ്കോട്ട പാതയിലെ ഈ ജനകീയത്തീവണ്ടി. മലനിരകള്‍ക്കിടയിലൂടെ  പാളങ്ങളില്‍ ഒറ്റയാനായി പതുക്കെ നീങ്ങുന്നതിന്‍റെ ഏറെ സ്വാതന്ത്ര്യമുണ്ട്  എന്‍ജിന്‍ ഡ്രൈവര്‍ക്ക്. ഒറ്റയടിപ്പാതയില്‍ എപ്പോള്‍ എതിരെ വണ്ടി  വരുമെന്നു കൃത്യമായി അറിയാം. ഇടയ്ക്കൊരു ശങ്ക തോന്നിയപ്പോള്‍, തീവണ്ടി  നിര്‍ത്തി ആ ശങ്കയ്ക്ക് ആശ്വാസം തേടിയതും ഈ ഉറപ്പില്‍ത്തന്നെയായിരിക്കും. 
ഏകദേശം അമ്പതോളം കിലോമീറ്റര്‍ വരുന്ന പുനലൂര്‍ - ചെങ്കോട്ട പാതയിലെ  ഏറ്റവും രസകരമായ യാത്ര, ആര്യങ്കാവില്‍ നിന്ന്. ആര്യങ്കാവിലും  സ്വീകരണങ്ങള്‍. പത്തു രൂപയ്ക്ക് ഒരു പാക്കറ്റ് ഉണ്ണിയപ്പം. ഒരു ചേച്ചിയുടെ  ജീവിതം. ബ്രോഡ് ഗേജ് പാത നിര്‍മാണത്തിനായി മീറ്റര്‍ ഗേജ്  നിര്‍ത്തുമ്പോള്‍, ഈ ചേച്ചിയെപ്പോലെയുള്ളവരുടെ ജീവിതവും വഴി മുട്ടുന്നു.  തീവണ്ടിയെ ആശ്രയിച്ചു ജീവിതവും കച്ചവടവും നടത്തുന്ന എത്രയോ പേര്‍.  ചിത്രമെടുക്കുമ്പോള്‍ ചേച്ചി പറയാന്‍ മറന്നില്ല, പത്രത്തില്‍ ഇടണേ സാറേ...
ആര്യങ്കാവിനെ അകലെയാക്കി തീവണ്ടിയുടെ പുകയുയര്‍ന്നു. പാതയ്ക്കരികിലെ ചെറിയ  കൂട്ടിലിരുന്നൊരാള്‍ പച്ചക്കൊടി വീശി. അഞ്ചോളം തുരങ്കങ്ങളുള്ള പാതയിലെ  ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കത്തിലേക്കു തീവണ്ടി കയറി. തല  കുനിച്ചോടാ...എല്ലാവര്‍ക്കുമായി ഒരു അലര്‍ച്ച. ഇരുട്ട്. ഇടയ്ക്ക്  മിന്നുന്ന ഫ്ളാഷുകള്‍. ഈ ഗുഹയുടെ ഇരുളിലെവിടെയോ ആണ്, കേരള- തമിഴ്നാട്  അതിര്‍ത്തി. 
യാത്രയിലുടനീളം സമൃദ്ധമായി പൂത്തു നില്‍ക്കുന്ന മുരിങ്ങ, നെല്ലിമരങ്ങള്‍,  തേക്കിന്‍തോട്ടം, അതിര്‍ത്തി കെട്ടി സംരക്ഷിച്ചിരിക്കുന്ന ചന്ദനമരങ്ങള്‍..  ഇതിനെല്ലാമിടയിലൂടെ ഒരു പാമ്പിനെപ്പോലെ പാസഞ്ചര്‍ ഇഴഞ്ഞു നീങ്ങി.  ഭഗവതിപുരം റെയ്ല്‍വേ സ്റ്റേഷന്‍. ഏതോ സിനിമയില്‍ കണ്ടു പരിചയിച്ചതെന്നു  സഹയാത്രികരിലാരോ സംശയം ഉന്നയിച്ചപ്പോഴേ മറുപടിയെത്തി, പ്രിയദര്‍ശന്‍റെ  വെട്ടം. 
ചരിത്രയാത്രയുടെ ആദ്യപാദം അവസാനിക്കാറായി. പാസഞ്ചര്‍ പതുക്കെ ചെങ്കോട്ട  സ്റ്റേഷനിലേക്ക്. പന്ത്രണ്ടു മണിയാകാറായി, ചൂടേറുന്നു. ചരിത്രവണ്ടിയുടെ  മുന്നില്‍ നിന്നു ചിത്രമെടുക്കാനായി തിക്കിത്തിരക്കുന്നു ചിലര്‍.  അവസാനദിവസം പാസഞ്ചറില്‍ ആളൊഴിയുന്നില്ല. തിരികെയുള്ള യാത്രയ്ക്കായി  ആളുകള്‍ കയറിക്കഴിഞ്ഞു. 
പുനലൂരിലേക്കു വണ്ടി തിരികെപ്പോകുന്നതു ഉച്ചയ്ക്ക്  ഒന്നരയ്ക്ക്. 
 അതിനു ശേഷം വൈകിട്ട് മൂന്നരയ്ക്കും. മൂന്നരയുടെ തീവണ്ടി  പുനലൂരിലെത്തി, തിരികെ ചെങ്കോട്ടയിലേക്കുള്ള യാത്രയാണു മീറ്റര്‍ ഗേജ്  വണ്ടിയുടെ അവസാനയാത്ര. മൂന്നരയുടെ പാസഞ്ചര്‍ പുനലൂരിലേക്കു യാത്ര  തിരിക്കുമ്പോള്‍, ഇങ്ങോട്ടുള്ള യാത്രയുടെ ആഘോഷത്തിന്‍റെ ക്ഷീണം  തെല്ലുമുണ്ടായില്ല ആര്‍ക്കും. പാട്ടും ബഹളവും. സ്ഥലം തമിഴ്നാടാണെങ്കിലും,  പാട്ടില്‍ അന്യസംസ്ഥാനത്തിന്‍റെ തടസമുണ്ടായില്ല, കുട്ടനാടന്‍ പുഞ്ചയിലെ....  പലരും ഏറ്റുപാടി. 
വൈകിട്ട് ആറരയോടടുക്കുന്നു. പാസഞ്ചര്‍ പുനലൂര്‍ സ്റ്റേഷനിലെത്തി. അവിടെ  അപ്പോഴും ഏറെപ്പേര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ആഹ്ളാദത്തിമിര്‍പ്പ്  ഏറ്റുവാങ്ങി അവസാനചൂളം വിളി ഉയരാന്‍ പിന്നെയും വൈകി. തീവണ്ടിക്കു മുകളിലും  ഉള്ളിലും ധാരാളം പേര്‍, ചുറ്റുപാടും നാട്ടുകാര്‍, റെയ്ല്‍വേ ജീവനക്കാര്‍,  പത്രപ്രതിനിധികള്‍. വണ്ടി ചെങ്കോട്ടയ്ക്കു പുറപ്പെടുകയാണ്. അവസാനയാത്രയുടെ  ലോക്കോ പൈലറ്റ് ആര്‍. കാളിരാജുവിന്‍റെ കണ്ണു നിറഞ്ഞു. എല്ലാവരുടെയും  മുന്നില്‍ കൈകൂപ്പി... ഇങ്ങനെയൊരു അനുഭവം ഇതാദ്യം.
ഇരുട്ടിന്‍റെ ആകാശത്തേക്കു പുകയുയര്‍ന്നു. വികാരനിര്‍ഭരമായ യാത്രയയപ്പ്.  ചരിത്രം പതുക്കെ നീങ്ങിത്തുടങ്ങുന്നു. കേരളത്തിന് ഇനി മീറ്റര്‍ ഗേജില്ല.  ഏതാനും മണിക്കൂറുകള്‍ മാത്രം, ഒരു ചുവന്ന സിഗ്നലിനു മുന്നില്‍ ഈ യാത്ര  അവസാനിപ്പിക്കും. അത് ചരിത്രത്തിന്‍റെ സിഗ്ലനാണ്. പിന്നെ ഗ്രീന്‍  സിഗ്നലില്ല ഈ യാത്രയ്ക്ക്. കാഴ്ചയുടെ അവസാനവെളിച്ചവും ദൂരെ മറയുന്നു.  തീവണ്ടിയുടെ ശബ്ദം നേര്‍ത്തു. 
സ്റ്റേഷനില്‍ അത്ര നേരം ഏറെ ഉറക്കെ മുഴങ്ങിക്കേണ്ട ഉപചാരം ചൊല്ലല്‍ എവിടെയെക്കെയോ ഇടറുന്നുണ്ടായിരുന്നു.
ഇല്ല, ഇല്ല, മായില്ല, 
ഓര്‍മയില്‍ നീ എന്നെന്നും...
 ഒരു പ്രദേശത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മീറ്റര്‍ ഗേജ്  തീവണ്ടിയെത്തുന്നതു 1904 ജൂണ്‍ ഒന്നിന്. കൊല്ലം മുതല്‍ പുനലൂര്‍  വരെയായിരുന്നു ആദ്യ തീവണ്ടിയുടെ ഓട്ടം. തീവണ്ടി വരുന്നു, അതിനായി ട്രാക്ക്  സജ്ജീകരിക്കുന്നു എന്നൊക്കെപ്പറഞ്ഞു കേട്ടിരുന്നെങ്കിലും, ആദ്യമായി  ട്രെയ്ന്‍ എത്തിപ്പോള്‍ പലരും ഭയന്നോടി എന്നു ചരിത്രം. പിന്നീടു ഈ  പ്രദേശത്തുകാരുടെ ജനകീയസഞ്ചാരമാര്‍ഗമായി ഇതു മാറിയെങ്കിലും, തീവണ്ടിയുടെ  ആദ്യകാഴ്ച ഭയം ജനിപ്പിച്ചു. 
ബ്രിട്ടിഷുകാരാണു കൊല്ലം - ചെങ്കോട്ട പാത നിര്‍മിച്ചത്. തിരുവിതാംകൂര്‍  മഹാരാജാവ് ശ്രീമൂലം തിരുനാളിന്‍റെ ഭരണകാലത്ത്. പാതയുടെ നിര്‍മാണം  ആരംഭിച്ചതു 1890ല്‍. കാര്യമായ ഗതാഗതസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തു  തീവണ്ടിയുടെ എന്‍ജിന്‍ കൊണ്ടു വന്ന കഥയും രസകരം. തൂത്തുക്കുടിയില്‍  നിന്നു പത്തേമാരിയില്‍ കൊല്ലത്തെത്തിച്ചു. പക്ഷേ അതേ വലുപ്പത്തില്‍  സ്റ്റേഷനിലേയ്ക്കു കൊണ്ടു പോകാന്‍ മാര്‍ഗമില്ല. ഒടുവില്‍ പല  കഷണങ്ങളാക്കി, കാളവണ്ടിയില്‍ കൊല്ലം സ്റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ചു  കൂട്ടി യോജിപ്പിച്ചു. കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും കൊല്ലത്തു  നിന്നു മദ്രാസിലെത്തിക്കാനായിരുന്നു മീറ്റര്‍ ഗേജ് പാത നിര്‍മിച്ചത്.  വാണിജ്യപരമായും സാംസ്കാരികപരമായും രണ്ടു സമൂഹങ്ങളെ  കൂട്ടിയോജിപ്പിച്ചിരുന്നു ഈ തീവണ്ടി. മദ്രാസ് ദക്ഷിണേന്ത്യയുടെ  തലസ്ഥാനമായിരുന്ന കാലത്തു തിരുവനന്തപുരത്തു നിന്നു മദ്രാസിലെത്താനുള്ള  ഏളുപ്പമാര്‍ഗം.
ആദ്യം കൊല്ലം - ചെങ്കോട്ട റൂട്ടിലായിരുന്നു മീറ്റര്‍ ഗേജ് തീവണ്ടി  സര്‍വീസ് നടത്തിയിരുന്നത്. പിന്നീട് കൊല്ലം മുതല്‍ പുനലൂര്‍ വരെ ബ്രോഡ്  ഗേജ് ആക്കുന്നതിനു വേണ്ടി സര്‍വീസ് നിര്‍ത്തിവച്ചു. അപ്പോള്‍ പുനലൂരില്‍  നിന്നായി മീറ്റര്‍ഗേജ് സര്‍വീസ്. ഇപ്പോഴിതാ ബ്രോഡ് ഗേജ് ആക്കാനായി  പുനലൂര്‍ - ചെങ്കോട്ട പാതയും അടയ്ക്കുമ്പോള്‍, കേരളത്തിലെ മീറ്റര്‍ ഗേജ്  യുഗം അവസാനിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ പാത ബ്രോഡ് ഗേജാക്കി  തുറന്നു കൊടുക്കുമെന്നാണു പ്രതീക്ഷ.
യാത്രയില്‍ ഉടനീളം ശ്രദ്ധിക്കപ്പെടുന്ന കാര്യം, ബ്രിട്ടിഷുകാരുടെ നിര്‍മാണ  വൈദഗ്ധ്യം തന്നെയാണ്. നാളുകള്‍ ഒരുപാടു കഴിഞ്ഞിട്ടും ബ്രിട്ടിഷ്  എന്‍ജിനിയറിങ് ടെക്നോളജിയുടെ സ്മാരകമെന്നോണം പല കെട്ടിടങ്ങളും  നിലനില്‍ക്കുന്നു. യൂറോപ്യന്‍ ആര്‍ക്കിടെക്ച്ചറിന്‍റെ സ്മാരകശിലകള്‍.  അവസാന ട്രിപ്പ് വരെ ബ്രിട്ടിഷുകാര്‍ തുടങ്ങിവച്ച സിഗ്നലിങ്  സംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇനി ഈ മീറ്റര്‍ ഗേജ് എന്‍ജിനുകളും  റെയ്ല്‍ ഭാഗങ്ങളും എന്തു ചെയ്യുമെന്നതിനെക്കുറിച്ച് അന്തിമ  തീരുമാനമായിട്ടില്ല. ചരിത്രത്തിനൊപ്പം ചിലപ്പോള്‍ റെയ്ല്‍ മ്യൂസിയത്തിലും  സ്ഥാനം പിടിച്ചേക്കാം ഇവയൊക്കെ. 
 
പത്തു രൂപയ്ക്ക് ഒരു പാക്കറ്റ് ഉണ്ണിയപ്പം. ഒരു ചേച്ചിയുടെ ജീവിതം.
ReplyDeleteഈ വരിയില്‍ ഒരു ജീവിതം ഉണ്ടായിരുന്നു. ആ ജീവിതത്തെ തട്ടിത്തെറിപ്പിച്ചു ആ ട്രെയിന്‍ പോയിട്ടും ആ യാത്രയ്ക്കൊപ്പം അതിനെ പൊതിഞ്ഞു വച്ച മനസ്സ് വലുതാണ്. ആരവങ്ങള്‍ ഉയരുന്നതും താഴുന്നതും ഞാന്‍ അറിഞ്ഞു. ഫോട്ടോകള്‍ ഇടയ്ക്കു ഇട്ടത് വളരെ നന്ന്. യാത്രയുടെ അനുഭവം നന്നായി എനിക്കും പകര്‍ന്നു തന്നു. നല്ല എഴുത്ത്... :)
ഈ യാത്ര് ചെയ്ത് മറ്റൊരാൾ എഴുതിയ കുറിപ്പ് വായിച്ചിട്ടുണ്ട്. പേര് ഓർമ വരുന്നില്ല. ഭംഗിയായി എഴുതി. അഭിനന്ദനങ്ങൾ.
ReplyDelete