Saturday, July 2, 2011

ക്യാമറയ്ക്കു പിന്നില്


ആലപ്പുഴയ്ക്കടുത്ത് പൂന്തോപ്പ് വാര്‍ഡ് എന്ന ഗ്രാമത്തിലെ പഞ്ചാരമണല്‍ നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോള്‍ മനസില്‍ എറണാകുളത്തെ ഒരു വേദിയായിരുന്നു. ഗുരുതുല്യര്‍ക്ക് മലയാള സിനിമ പ്രണാമം അര്‍പ്പിക്കുകയാണ്. സംഗീതസംവിധായകന്‍ ബോംബെ രവിക്കും, അഭിനേത്രി സുകുമാരിക്കും പിന്നാലെ വേദിയില്‍ വന്ന ഒരു മെല്ലിച്ച മനുഷ്യന്‍.

തന്നെ അറിയാത്ത പുതുതലമുറയ്ക്കു മുന്നില്‍ അവകാശവാദങ്ങളില്ലാതെ, ഭൂതകാലത്തിന്‍റെ നേട്ടങ്ങളെ കാവടിയാക്കി ആടാതെ വിനയാന്വിതനായി നിന്ന കൃഷ്ണന്‍കുട്ടി എന്ന ഛായാഗ്രാഹകന്‍ രണ്ടു രാത്രിയിലെങ്കിലും ഉറക്കം കെടുത്തി. ഉണ്ണിയാര്‍ച്ച, ഭാര്യ, കാട്ടുതുളസി, കണ്ണൂര്‍ ഡീലക്സ്...ഒരിക്കല്‍ മലയാള സിനിമ ആഘോഷിച്ച കുറേ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഒരാള്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു എന്ന അറിവ് മനസില്‍ നിന്നു പോകുന്നില്ല. ബയോഡേറ്റകള്‍ തിരഞ്ഞു. മലയാളത്തിലെ ആദ്യത്തെ പഴശ്ശിരാജ ചിത്രത്തിന്‍റെ ക്യാമറയും കൃഷ്ണന്‍കുട്ടിയായിരുന്നു എന്നു കൂടി അറിഞ്ഞപ്പോള്‍, പുതുതലമുറയുടെ പ്രണാമം സ്വീകരിച്ചിട്ട് മറുപടിയായി നന്ദി എന്നു മാത്രം പറഞ്ഞ് വേദിയില്‍ നിന്നിറങ്ങിയ ആ മനുഷ്യനെക്കുറിച്ച് കൂടുതല്‍ അറിയാതെ വയ്യെന്നായി.

വീടിന്‍റെ ചുവരില്‍, കറുത്ത ബോര്‍ഡിലെ ആ വെളുത്ത അക്ഷരങ്ങള്‍ക്കു പിന്നില്‍ ഭൂതകാലത്തിന്‍റെ പ്രൗഢി നിറയുന്ന കഥകളുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു.

നൃത്തം പഠിക്കുന്ന ചെറുമകള്‍ മറന്നുവച്ച ചിലങ്ക കൊടുക്കാന്‍ പോയ അപ്പൂപ്പനെ കുറച്ചു നേരം കാത്തിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു സൈക്കിളില്‍ നിറചിരിയോടെ വീട്ടുമുറ്റത്തേക്കു കൃഷ്ണന്‍കുട്ടിയെത്തി. മനസില്‍ ഒരു ഫ്ളാഷ് ബാക്ക്. ഒരു തലമുറയുടെ സ്മരണയുടെ സ്ക്രീനിലെ ബ്ലാ ക്ക് ആന്‍ഡ് വൈറ്റ് രംഗം, മലയാള സിനിമയിലെ മഹാരഥന്‍മാരുടെ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കുന്ന കൃഷ്ണന്‍കുട്ടി.

ക്യാമറയ്ക്കു പിന്നില്‍ നിന്ന്, അദ്ദേഹം ആദ്യം കണ്ട കാഴ്ചകളായിരുന്നു, പിന്നീടു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായി, ഇരുട്ടു നിറയുന്ന കൊട്ടകയിലെ തൂണുകളും പിന്നിട്ട് കറുപ്പിലും വെളുപ്പിലും സ്ക്രീനില്‍ പതിഞ്ഞത്, മലയാളി ചിരിച്ചത്, കരഞ്ഞത്, അമ്പരന്നത്. കൃഷ്ണന്‍കുട്ടി ക്യാമറയില്‍ പകര്‍ത്തിയ താരങ്ങളെയാണ് ആരാധിച്ചത്. സഹായത്തിനു സാങ്കേതികവിദ്യയില്ലായിരുന്നു അക്കാലത്ത് അപ്രന്‍റിസെന്നും അസിസ്റ്റന്‍റെന്നുമൊക്കെയുള്ള വിശേഷണത്തോടെ കഠിനമായ പരിശീലനത്തിന്‍റെ, അനുഭവപാഠങ്ങളുടെ കരുത്ത്, അതായിരുന്നു കൃഷ്ണന്‍കുട്ടി ഉള്‍പ്പെടുന്ന തലമുറയുടെ കൈമുതല്‍, അതുമാത്രം.

പശ്ചാത്തലത്തില്‍ അവാര്‍ഡ് ശില്‍പ്പങ്ങളുടെ അതിപ്രസരമില്ല. വീടിനകത്തെ കസേരയിലിരുന്നു കൃഷ്ണന്‍കുട്ടി പറഞ്ഞുതുടങ്ങുകയായി. അനുഭവങ്ങളുടെ അഭ്രപാളിയില്‍ സിനിമ നിറഞ്ഞു നിന്ന ഭൂതകാലത്തിലേക്ക് ഒരിക്കല്‍ക്കൂടി കൃഷ്ണന്‍കുട്ടി ക്യാമറ തിരിച്ചുവച്ചു. അല്‍പ്പനേരം നിശബ്ദത....

സ്റ്റാര്‍ട്ട് ക്യാമറ...റോളിങ്...

സ്കൂള്‍ കാലഘട്ടം. സുഹൃത്ത് ആന്‍റണിയുടെ ബോക്സ് ക്യാമറ, കൃഷ്ണന്‍കുട്ടിക്കൊരു അത്ഭുതമായിരുന്നു. ക്യാമറയുടെ ചതുരക്കാഴ്ചകള്‍ കണ്ടു, സുഹൃത്തിന്‍റെ ക്യാമറയില്‍ ചിത്രങ്ങളെടുത്തു. ജീവിതനിയോഗം തിരിച്ചറിയും മുന്‍പ് ആദ്യതാല്‍പ്പര്യത്തിന്‍റെ സൂചനകള്‍. മകന്‍റെ ക്യാമറയിലുള്ള താല്‍പ്പര്യം കൃഷ്ണന്‍കുട്ടിയുടെ അച്ഛന്‍ തിരിച്ചറിഞ്ഞു. അച്ഛന്‍റെ സുഹൃത്തായിരുന്ന, ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയോട് മകനെക്കുറിച്ചു പറഞ്ഞു. കൃഷ്ണന്‍കുട്ടി ഉദയായിലെത്തി.

1949ല്‍ ഉദയ നിര്‍മിച്ച വെള്ളിനക്ഷത്രമായിരുന്നു ആദ്യചിത്രം. ക്യാമറ ശിവറാംസിങ്. കൃഷ്ണന്‍കുട്ടിയുടെ റോള്‍ അപ്രന്‍റിസ് എന്നതായിരുന്നു. ഏറിയപങ്കും സ്റ്റുഡിയോയില്‍ത്തന്നെ ചിത്രീകരണം. ഒരാഴ്ച മാത്രമായിരുന്നു ഔട്ട് ഡോര്‍ ചിത്രീകരണമെന്നു കൃഷ്ണന്‍കുട്ടി ഓര്‍മിക്കുന്നു. പിന്നെയങ്ങോട്ട് സിനിമയുടെ നാളുകള്‍....നല്ല തങ്ക, വിശപ്പിന്‍റെ വിളി, ശശിധരന്‍. ഒടുവില്‍ അന്‍പതുകളില്‍ കിടപ്പാടം എന്ന ചിത്രം, അതോടുകൂടി ഉദയാ സ്റ്റു ഡിയോ പൂട്ടി. ഉദയയോടു ചേര്‍ന്നു നിന്ന കൃഷ്ണന്‍കുട്ടിയുടെ കലാജീവിതം അവസാനിച്ചില്ല.തിരുവനന്തപുരം കുളത്തൂരുള്ള കൃഷ്ണ സ്റ്റുഡിയോയിലെത്തി കൃഷ്ണന്‍കുട്ടി. ആദ്യം വര്‍ക്ക് ചെയ്തതൊരു സിംഹള പടം, പേര് സല്ലി മല്ലി സല്ലി , അഭിനയിക്കുന്നതൊക്കെ സിലോണിലെ പേരു കേട്ട അഭിനേതാക്കളായിരുന്നുവെന്നു കൃഷ്ണന്‍കുട്ടി ഓര്‍മിക്കുന്നു. തിരുവനന്തപുരത്ത് ക്യാംപ് ചെയ്തായിരുന്നു ചിത്രീകരണം. ക്യാമറാ സഹായി മാത്രമായിരുന്നില്ല, ക്യാംപ് മാനെജ്മെന്‍റ്, സ്റ്റുഡിയോ മാനെജ്മെന്‍റ്....അങ്ങനെ എല്ലാ കാര്യങ്ങളുടെയും ചുമതല. അഞ്ചെട്ടു മാസമെടുത്തു ചിത്രീകരണം പൂര്‍ത്തിയാവാന്‍. ഇതിനിടയില്‍ സ്റ്റുഡിയോ ഉടമയും നിര്‍മാതാവുമായ കെ.എം.കെ മേനോനും സംവിധായകനും പിണങ്ങി. ഫലമോ, സംവിധായകന്‍ പാക്കപ്പായി.

ചിത്രീകരണം പൂര്‍ത്തിയായ സിനിമ സംവിധായകനില്ലാതെ എങ്ങനെ എഡിറ്റ് ചെയ്യും. സ്ക്രിപ്റ്റും ഇല്ല. ആകെയുള്ള ആശ്രയം കൃഷ്ണന്‍കുട്ടിയായിരുന്നു. ചിത്രീകരണത്തിന്‍റെ ആദ്യാവസാനം ഉണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയേയും കൊണ്ട് കെ.എം.കെ മേനോന്‍ മദ്രാസിലേക്ക്. ഓരോ ഷോട്ടും കണ്ടു, തെരഞ്ഞെടുത്തു, കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സംവിധായകനില്ലാതെ എഡിറ്റിങ് പൂര്‍ത്തിയായി. സല്ലി മല്ലി സല്ലി സിലോണില്‍ സൂപ്പര്‍ഹിറ്റായപ്പോള്‍, ഇവിടെ കേരളത്തിലിരുന്നു കൃഷ്ണന്‍കുട്ടിയും സന്തോഷിച്ചു.ഒരു ഛായാഗ്രാഹകന്‍ ജനിക്കുന്നു

മദ്രാസിലൊരു ഔട്ട്ഡോര്‍ യൂണിറ്റ് തുടങ്ങണം, കൃഷ്ണന്‍കുട്ടി വരണം. ക്ഷണിച്ചതു കുഞ്ചാക്കോ. ആദ്യപാഠങ്ങള്‍ പഠിപ്പിച്ച കുഞ്ചാക്കോയുടെ ക്ഷണം നിരസിക്കുന്നതെങ്ങനെ... കോടമ്പാക്കത്തു കെട്ടിടം വാടകയ്ക്കെടുത്ത്, എക്സല്‍ സിനി സര്‍വീസ് തുടങ്ങിയപ്പോള്‍ കൃഷ്ണന്‍കുട്ടിയും ഉണ്ടായിരുന്നു. കോടമ്പാക്കത്തു ഒരു കൊല്ലത്തോളം നിന്നു. മനസിലാക്കിയ കാര്യങ്ങളേറെ.... ലാബ് വര്‍ക്ക്, ടെക്നിക്കല്‍ സൈഡ്. പക്ഷേ ജീവിതനിയോഗം അതൊന്നുമായിരുന്നില്ലല്ലോ. അനിവാര്യമായ ഒരു തിരിച്ചുവരവ്. വീണ്ടും ആലപ്പുഴയില്‍ ഉദയാ തുടങ്ങുന്നു. ഒരു പടമെടുക്കണമെന്നു കുഞ്ചാക്കോയുടെ മോഹം.

പുതിയ സിനിമ ചിത്രീകരണം തുടങ്ങാനുള്ള എല്ലാം റെഡിയായി. ചിത്രം ഉമ്മ. ക്യാമറാമാന്‍റെ കാര്യമെത്തിയപ്പോള്‍, അവസരം എങ്ങനെയോ കൃഷ്ണന്‍കുട്ടിയിലെത്തി. സ്വതന്ത്രമായി ക്യാമറ ചെയ്യാന്‍ വിശ്വാസമുണ്ടായിരുന്നു അന്ന്. ധൈര്യമുണ്ടോ എന്നു കുഞ്ചാക്കോ ചോദിച്ചപ്പോള്‍, ഉണ്ടെന്നു തന്നെ മറുപടി പറഞ്ഞു. സ്വതന്ത്രഛായാഗ്രാഹകന്‍റെ ആദ്യദിനത്തിലെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ത്തന്നെ, മെരിലാന്‍ഡിലേക്ക്. അന്നു ഷൂട്ട് ചെയ്തതു മുഴുവന്‍ പ്രൊസസ് ചെയ്തു. രാത്രി തന്നെ റഷസ് കണ്ടു കുഞ്ചാക്കോ.

പിറ്റേന്നു രാവിലെ കുഞ്ചാക്കോയുടെ പ്യൂണ്‍ വന്നു കൃഷ്ണന്‍കുട്ടിയെ വിളിച്ചു. കുഞ്ചാക്കോയുടെ മുന്‍പിലെത്തി. “” റഷസ് കണ്ടു’’. ചങ്കിടിപ്പേറ്റിയ ഏതാനും നിമിഷത്തെ നിശബ്ദത, “” നന്നായിരിക്കുന്നു, ധൈര്യമായി എടുത്തോളൂ’’. അംഗീകാരത്തിന്‍റെ പച്ചക്കൊടി, ഒരു ഛായാഗ്രാഹകന്‍ ജനിക്കുകയായിരുന്നു. എത്രയോ സിനിമകള്‍. നിഴലും വെളിച്ചവും മിന്നിമറഞ്ഞ നിരവധി സൂപ്പര്‍ഹിറ്റുകള്‍. അഭ്രപാളികള്‍ ആഘോഷമാക്കിയ വിസ്മയങ്ങള്‍ക്കു പിന്നില്‍ പലപ്പോഴും ഇദ്ദേഹവുമുണ്ടായിരുന്നു.

സത്യന്‍റെ വിളി

ക്യാമറയില്‍ കാഴ്ചയുടെ പൂര്‍ണതയ്ക്കു വേണ്ടി ശ്രമിക്കുമ്പോഴും ചില പ്രതിഭകളുടെ അഭിനയം വിസ്മയിപ്പിച്ചിരുന്നുവെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. പ്രത്യേകിച്ചും സത്യന്‍റേത്. ഭാര്യ സിനിമയിലെ ക്ലൈമാക്സ് സീനില്‍ ആ മഹാപ്രതിഭയുടെ പ്രകടനം ഒരിക്കലും മറക്കാനാവില്ല. സത്യന്‍ എന്ന നടന്‍റെ മാത്രമല്ല, ആ വ്യക്തിയുടെ സ്നേഹവും വേണ്ടുവോളം അറിഞ്ഞിട്ടുണ്ട്. ഉദയക്കു വേണ്ടി പഴശിരാജ എടുത്തുകഴിഞ്ഞ സമയം, കുഞ്ചാക്കോയുമായി ചെറിയ തെറ്റിദ്ധാരണയില്‍, ഉദയ സ്റ്റുഡിയോയില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു കൃഷ്ണന്‍കുട്ടി. സത്യന്‍ ഇതറിഞ്ഞു. അധികം വൈകാതെ സത്യന്‍റെ ഒരു കത്ത് കൈയില്‍ കിട്ടി. എന്‍റെ ഒരു പടമുണ്ട്, അതെടുക്കണം എന്നായിരുന്നു ആവശ്യം. ആലുവ പാലസില്‍ ചെന്നു പി.ജെ ആന്‍റണിയെ കാണാനും പറഞ്ഞിരുന്നു. പറഞ്ഞതുപ്രകാരം ആലുവയിലെത്തി, സത്യന്‍റെ അനിയന്‍ നേശന്‍റെ ചിത്രം ചെകുത്താന്‍റെ കോട്ടയുടെ ക്യാമറാമാനായി..

ഉണ്ണിയാര്‍ച്ച, കാട്ടുതുളസി, ഭാര്യ, കണ്ണൂര്‍ ഡീലക്സ്, ലേഡീസ് ഹോസ്റ്റല്‍, പഞ്ചവടി.....സൂപ്പര്‍ഹിറ്റുകളായ, നൊസ്റ്റാള്‍ജിയയോടെ ഒരു തലമുറ ഇന്നും കണ്ടിരിക്കുന്ന പല ചിത്രങ്ങളുടെയും ഛായാഗ്രാഹകന്‍ കൃഷ്ണന്‍കുട്ടിയായിരുന്നു. സംവിധായകന്‍ ഹരിഹരന്‍റെ ആദ്യചിത്രം മുതല്‍ പതിനഞ്ചോളം ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. എം. കൃഷ്ണന്‍ നായര്‍, ശശികുമാര്‍, തിക്കുറിശി സുകുമാരന്‍ നായര്‍, മധു, എ.ബി. രാജ് തുടങ്ങി പ്രശസ്തരായ പല സംവിധായകരും തിളങ്ങി നിന്ന കാലത്ത് അവര്‍ക്കൊപ്പം ഈ ഛായാഗ്രാഹകനുണ്ടായിരുന്നു. 85-86 കാലഘട്ടത്തില്‍, സിനിമയ്ക്കു വേണ്ടി അവസാനമായി ക്യാമറയ്ക്കു പിന്നില്‍, ജോര്‍ജ് വെട്ടത്തിലിന്‍റെ ചിത്രത്തിന്‍റെ പേര് മടക്കയാത്ര. സജീവമായ സിനിമാജീവിതത്തില്‍ നിന്നുള്ള, മദിരാശിയില്‍ നിന്നുള്ള കൃഷ്ണന്‍കുട്ടിയുടെ മടക്കയാത്ര കൂടിയായിരുന്നു അത്.

ഹരന്‍റെ വര്‍ക്ക് കൊള്ളാം

ഇന്ന്, ആലപ്പുഴയിലെ വീഥികളിലൂടെ സൈക്കിളില്‍ പോകുമ്പോള്‍ അധികമാര്‍ക്കും അറിയില്ല, ഈ കലാകാരന്‍ കടന്നു വന്ന ചലച്ചിത്രവീഥികള്‍. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഡബിള്‍ റോള്‍ കാണിച്ചും, ദൈവം പ്രത്യക്ഷപ്പെടുന്നതു കാണിച്ചും നമ്മെ വിസ്മയിപ്പിച്ചയാളാണ് ഇതെന്നറിയുന്നില്ല ആരും. ഉണ്ണിയാര്‍ച്ചയില്‍ ചന്തുവിന്‍റെ തല വെട്ടി വീഴുന്നതു കാണിക്കാന്‍ മാത്രം എത്രമാത്രം കഷ്ടപ്പെട്ടു. ഇപ്പോള്‍ അധികം ബുദ്ധിമുട്ടില്ലാതെ ട്രിക്സ് എടുക്കാം, അന്നതല്ല സ്ഥിതി. ഡബിള്‍ റോള്‍ എടുക്കാന്‍ തന്നെ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്, കൃഷ്ണന്‍കുട്ടി ഓര്‍ക്കുന്നു. അറുപതുകളില്‍ പഴശിരാജയെടുത്ത കൃഷ്ണന്‍കുട്ടി, പുതിയ പഴശിരാജ ഈയിടെ തിയെറ്ററില്‍ പോയി കണ്ടു. പഴയ സഹപ്രവര്‍ത്തകന്‍, ഹരിഹരന്‍റെ ചിത്രമെന്ന ഇഷ്ടം കൂടിയുണ്ടായിരുന്നു. അഭിപ്രായം ചോദിച്ചപ്പോള്‍ മറുപടി, ഹരന്‍റെ (ഹരിഹരന്‍) വര്‍ക്ക് നന്നായിട്ടുണ്ട്, ചിത്രവും.

എണ്‍പതു വയസായെങ്കിലും, പ്രായം തളര്‍ത്താത്ത വീര്യത്തോടെ ഓര്‍മയുടെ നടവരമ്പിലൂടെ കാലിടറാതെയൊരു തിരിഞ്ഞു നടത്തം. ഫ്ളാഷ് ബാക്കിലൊരു ലോങ് ഷോട്ടില്‍, ഒരുപാട് പ്രതീക്ഷകളുമായി ഉദയാ സ്റ്റുഡിയോയുടെ വാതില്‍ കടക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. ഒന്നുറപ്പ് ആ ചെറുപ്പക്കാരന്‍ പിന്നീടു സജീവസിനിമയുടെ തിരക്കുകളില്‍ നിന്നു തിരികെയിറങ്ങി വരുമ്പോള്‍, അഭ്രപാളിയില്‍ ആര്‍ക്കും മായ്ക്കാനാവാത്ത കൈയൊപ്പ് അവശേഷിപ്പിച്ചിട്ടുണ്ടായിരുന്നു, മലയാള സിനിമയുടെ ചരിത്രപുസ്തകത്തിലും ആ പേരു തെളിയും... ഛായാഗ്രാഹകന്‍ കൃഷ്ണന്‍കുട്ടി.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പതിവു ചോദ്യം. അംഗീകരിക്കപ്പെടാന്‍ വൈകി എന്നു തോന്നിയിട്ടുണ്ടോ? ഉത്തരം അത്ഭുതപ്പെടുത്തി. സിനിമയില്‍ മെസ് മാനെജര്‍ മുതല്‍ ക്യാമറാമാന്‍ വരെയായിരുന്ന ഒരാളുടെ അനുഭവത്തിന്‍റെ തീയില്‍ കുരുത്ത ഉത്തരം. എന്നാല്‍ അതിലേറെ സൗമ്യവും. മലയാള സിനിമയില്‍ എത്രയോ പ്രതിഭകളുണ്ട്. എന്‍റെ അവസരം ഇപ്പോഴാണ് എത്തിയത്. വീണ്ടും ആ കണ്ണുകളിലേക്ക് നോക്കി. ഒരു ഷോട്ടെടുത്തു തീര്‍ത്തതിന്‍റെ ശാന്തതയുണ്ടവിടെ. അനുഭവങ്ങള്‍ക്ക് അപ്പോഴും നിറം കറുപ്പും വെളുപ്പുമായിരുന്നു.


2 comments:

  1. Thanks for introducing one of the pioneers in malayalam cinematography...

    jml

    ReplyDelete