Saturday, June 22, 2013

ജീവിതപ്പാളത്തിലെ അജ്ഞാതദേഹം


ജീവിതത്തിന്റെ ഇടവഴി തിരിഞ്ഞു മുമ്പില്‍ വന്നുപെടുന്നവര്‍ ആരൊക്കയെന്നു ഊഹിക്കാന്‍ പോലും കഴിയില്ല. പ്രത്യേകിച്ചും തീവണ്ടിയാത്രകളില്‍. അപരിചിതരായി വന്നു പരിചിതത്വത്തിന്റെ ഊഷ്‌മളതകള്‍ സമ്മാനിച്ചു മടങ്ങുന്നവര്‍ എത്രയോ പേര്‍. ഒരിക്കല്‍ മഴയൊഴിഞ്ഞ മഴക്കാലദിവസത്തില്‍ ആളൊഴിഞ്ഞ കംപാര്‍ട്ട്‌മെന്റില്‍ അപരിചിതനായി വന്നയാള്‍.
ഇന്നത്തെ കേരളയുടെ ഭാഗ്യം നീട്ടിയപ്പോള്‍ ആദ്യം വേണ്ടെന്നു പറഞ്ഞു. അടുത്ത ഭാഗ്യവാനെ കണ്ടെത്താന്‍ മടങ്ങുമെന്നു കരുതിയെങ്കിലും അയാള്‍ ശൂന്യമായിക്കിടന്ന സീറ്റിലേക്കിരുന്നു. എവിടെപ്പോകുന്നു എന്ന ചോദ്യം അയാളെറിഞ്ഞപ്പോള്‍ ലോട്ടറി വാങ്ങിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി എന്നേ കരുതിയുള്ളൂ. മറുപടി പറഞ്ഞു, ഒരു മരണം, ആ വീട്‌ വരെ പോകണം..മരണങ്ങള്‍ക്കു പോകണം. വിയോഗമാണ്‌. അസാന്നിധ്യം സംഭവിക്കുമ്പോള്‍ നമ്മുടെ സാന്നിധ്യം പകരുന്ന ആശ്വാസത്തെക്കുറിച്ചൊന്നും പറയാന്‍ അയാള്‍ക്കറിയില്ല. എങ്കിലും അതാവര്‍ത്തിച്ചു. വിവാഹത്തിനു പോയില്ലെങ്കിലും കുഴപ്പമില്ല, മരണത്തിനു പോകണം. പിന്നെ പരിചയത്തിന്റെ നൂലിഴകളില്‍ പിടിച്ചൊരു ജീവിതകഥയുടെ മുറ്റത്തേക്കിറങ്ങുകയായിരുന്നു.
രവി. ഓര്‍മ്മയില്‍ അദ്ദേഹത്തിന്‌ ആ പേരാണ്‌.
ഇരുമ്പുപാളങ്ങള്‍ക്കു മുമ്പില്‍, ജീവിതത്തിന്റെ ഭാരങ്ങള്‍ പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍ ഒടുക്കിയവരുടെ മൃതദേഹങ്ങള്‍ മാറ്റലായിരുന്നു രവിച്ചേട്ടന്റെ ജോലി. മൂക്കറ്റം മദ്യപിച്ച്‌, അബോധാവസ്ഥയുടെയും ബോധത്തിന്റെയും അതിര്‍വരമ്പുകളില്‍ നിന്ന്‌ അജ്ഞാതരായ, വികൃതമായ ശവശരീരങ്ങള്‍ നീക്കിയയാള്‍. ഒരുകാലത്ത്‌ എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള പ്രദേശത്ത്‌ തീവണ്ടി തട്ടിയുള്ള മരണം സംഭവിക്കുമ്പോള്‍, അന്വേഷണം അവസാനിക്കുന്നതു രവിച്ചേട്ടനിലായിരുന്നു. ചീഞ്ഞളിഞ്ഞ, തിരിച്ചറിയാനാകാത്ത നിര്‍ജ്ജീവശരീരങ്ങളുടെ അന്ത്യയാത്രയ്‌ക്ക്‌ ഇദ്ദേഹം വേണമായിരുന്നു. മരണമെടുത്ത ദേഹത്തെ അന്വേഷിച്ചുവരുന്നവര്‍ ഉണ്ടാകും, ആരുമില്ലാത്തവരെ പാളങ്ങള്‍ക്കരികില്‍ത്തന്നെ കുഴിവെട്ടി മൂടും.
മൃതശരീരങ്ങളുടെ പോക്കറ്റിലെ അവസാന തുട്ടും എടുത്തുതരാന്‍ ആവസ്യപ്പെടുന്ന പൊലീസുകാര്‍, പിറവം ഭാഗത്തു മരണപ്പെട്ട ഒരു വൃദ്ധയുടെ ചെവിയിലെ കമ്മല്‍ ഊരാന്‍ ആവശ്യപ്പെട്ടയാള്‍...............അങ്ങനെ ഇനിയും ജീവിതം ശേഷിക്കുന്നവരുടെ ആര്‍ത്തിമൂത്ത എത്രയെത്ര പരാക്രമങ്ങള്‍. 

 മരണത്തിന്റെ ദുര്‍ഗന്ധം മടുത്തു തുടങ്ങിയപ്പോള്‍ രവിച്ചേട്ടന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ അന്വേഷണങ്ങള്‍ വന്നു. പാളങ്ങള്‍ക്കരികില്‍ അജ്ഞാതരായ മൃതദേഹങ്ങള്‍ രവിച്ചേട്ടനെ കാത്തുകിടുന്നു, പരിവഭവങ്ങളില്ലാതെ..
ആ അനുഭവങ്ങള്‍ക്ക്‌ മദ്യത്തിന്റെ നേര്‍ത്ത ഗന്ധമുണ്ടായിരുന്നു. വയലാര്‍ എത്തി. എറണാകുളത്തേക്ക്‌ പോകുന്ന തീവണ്ടി പിടിക്കാന്‍ ഇവിടെ ഇറങ്ങണം. വെറുതെ വാതില്‍ക്കലേക്ക്‌ ചെന്നു. സ്വന്തം ജീവിതകഥ പറഞ്ഞ്‌, അനുഭവങ്ങള്‍ പകര്‍ന്ന്‌ മടങ്ങുമ്പോള്‍ വെറുതെ ഫോണ്‍നമ്പര്‍ ചോദിച്ചു, ഫോണില്ലെന്നു മറുപടി. എവിടെക്കാണും എന്നു ചോദിച്ചു, എന്തിനിനി കാണണം എന്നു മറുചോദ്യം. ഒടുവില്‍ വയലാര്‍ റെയ്‌ല്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്കിറങ്ങി കൈവീശി കാണിച്ചു മടങ്ങി. പിന്നീടൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തയാളുടെ ചിത്രം പകര്‍ത്തി, ഒരിക്കല്‍ക്കൂടി. അപ്പോഴേക്കും പാളങ്ങളില്‍ക്കൂടി പാഞ്ഞുതുടങ്ങിയിരുന്നു. ജീവിതത്തീവണ്ടിയിലെ വെറുമൊരു യാ്‌ത്രക്കാരന്‍ മാത്രമായി ഞാനും

3 comments:

  1. ഇങ്ങനെ ആരൊക്കെയോ... എവിടൊക്കെയോ...അല്ലേ?

    ReplyDelete
  2. നൈസ് സ്റ്റോറി

    ReplyDelete