Sunday, March 18, 2012

ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍



മേശയ്ക്കു താഴെയുള്ള ട്രങ്ക് പെട്ടിയിലേക്കു നോക്കി. ഇടയ്ക്കു പെട്ടി അനങ്ങുന്നുണ്ടോ എന്നൊരു സംശയം. താഴിട്ടു പൂട്ടിയിട്ടുണ്ട്. പേടിക്കണ്ടെന്നു മനസിനെ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി. അപ്പോള്‍ പുറകില്‍ വള്ളിപ്പടര്‍പ്പിലൊരു അനക്കം. പാഞ്ഞു പോയതൊരു അരണ തന്നെയായിരുന്നില്ലേ. തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ഒരു വീട്ടിലിരിക്കുമ്പോള്‍ ഇങ്ങനെ പലവിധ ആശങ്കകളായിരുന്നു മനസില്‍. വീടിനു മുന്നിലായി ലവ്ബേര്‍ഡ്സിന്‍റെ കൂടിനു മുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലായി എന്തിന്‍റെയോ മുട്ടകള്‍ സൂക്ഷിച്ചിരിക്കുന്നു. ഇനി ഇതൊരു പക്ഷേ പാമ്പിന്‍റെ മുട്ടകളായിരിക്കുമോ.?

വീടിന്‍റെ മുന്നിലേക്കിരുന്നോളൂ, ഞാന്‍ ഇപ്പോഴെത്താം എന്ന ഫോണ്‍കോളിനു ശേഷമുള്ള കാത്തിരിപ്പു നീളുന്നതിനിടയില്‍, അനവസരത്തില്‍ ചില ചൊല്ലുകളും ഓര്‍മയിലേക്കെത്തി.

ഇടിവെട്ടിയവനെ പാമ്പു കടിച്ചു

പാലു കൊടുത്ത കൈയ്ക്കു കൊത്തി...

വേലിയേലിരുന്ന പാമ്പിനെ..... ആക്റ്റിവയുടെ ശബ്ദത്തില്‍ പഴഞ്ചൊല്ലുകല്‍ ഇഴഞ്ഞകന്നു. കഥയിലെ നാഗനായകന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ തിരിഞ്ഞു നോക്കി. പുറകിലൊരു കറുത്ത ബാഗും തൂക്കി, വൈകിയതിന്‍റെ വേഗതയോടെയുള്ള എന്‍ട്രി. മുന്നിലെ കസേരയിലിരുന്നു, ആമുഖസംസാരത്തിന്‍റെ ആദ്യഡയലോഗിനു മുമ്പേ കഥാനായകന്‍റെ ഫോണ്‍ ബെല്ലടിച്ചു. ആ സംഭാഷണമിങ്ങനെ...

"" ഹലോ, എന്തു കളറാണ്.

ചാണകപ്പച്ചയോ, ഇടയ്ക്കു നാവു പുറത്തിടുന്നുണ്ടോ. പേടിക്കണ്ട, ചേരയാണ്. ആ വാതിലു തുറന്നിട്ടാല്‍ കുറച്ചു കഴിയുമ്പോ പൊയ്ക്കോളും. ഇല്ലെങ്കില്‍ എന്നെ വിളിച്ചോളൂ ''

പാമ്പുകളുടെ രക്ഷകന്‍

സര്‍പ്പസുന്ദരി എന്നാണല്ലോ വ്യാപകമായ പ്രയോഗം. എന്നാല്‍ ഇതാ സര്‍പ്പങ്ങളുടെ സുന്ദരനായ സുഹൃത്ത്...ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍...വാവ സുരേഷ്. നിഗൂഢതയും ഉദ്വേഗവും അതിലേറെ ഭയവും മനസിലേക്കു ഇഴഞ്ഞെത്തിക്കുന്ന പാമ്പുകളുടെ തോഴന്‍. നാഗങ്ങളുടെ രക്ഷകനാകുക എന്നതു ജീവിതനിയോഗം പോലെ നെഞ്ചേറ്റിയ മുപ്പത്തെട്ടുകാരന്‍. വീടിന്‍റെ ഉള്ളിലേക്കും സ്വസ്ഥജീവിതത്തിന്‍റെ സങ്കേതങ്ങളിലേക്കും അറിയാതെ ഇഴഞ്ഞെത്തുന്ന പാമ്പുകളെ പുറത്തിറക്കിയും, അവയുടെ ജീവന്‍ സംരക്ഷിച്ചും ആ ജീവിവര്‍ഗത്തെ കാക്കുന്നയാള്‍. സുരേഷിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും സംസാരം മുറിച്ചു കൊണ്ടു ഫോണ്‍ കോളുകള്‍. പാമ്പിനെ കണ്ട പലയിടങ്ങളിലും നിന്ന് കോളുകള്‍ സുരേഷിനെത്തേടി എത്തിക്കൊണ്ടേയിരിക്കുന്നു. ഈ നാട്ടില്‍ ഇത്രയധികം പാമ്പുകള്‍ ഉണ്ടോ എന്നു തോന്നിപ്പിക്കും വിധം. സുരേഷിന്‍റെ പാമ്പനുഭവങ്ങള്‍ വര്‍ണിക്കുമ്പോള്‍ കൗതുകവും ആകാംക്ഷയുമൊക്കെ തോന്നും, അതിലേറെ ഭയവും. എങ്കിലും വളരെ നിസാരമായി തന്‍റെ ഓരോ ഓപ്പറേഷനെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു. പലപ്പോഴും പകര്‍ത്തിയെടുക്കാന്‍ മറക്കുന്നവിധത്തില്‍ ആ അനുഭവങ്ങള്‍ പകരുന്ന ആകാംക്ഷ അതിതീവ്രമാകുന്നു.


ഓപ്പറേഷന്‍ കിങ് കോബ്ര

"" ഇന്നലെ കോന്നിയിലായിരുന്നു. '' സുരേഷ് ഡയറി തുറന്നു. രക്ഷപെടുത്താന്‍ പോകുന്ന ഓരോ വീടും സ്ഥലവുമൊക്കെ എഴുതിവയ്ക്കും. ഡയറി മാത്രമല്ല, ഒരു ഡിജിറ്റല്‍ ക്യാമറയും കൈവശമുണ്ട്. പാമ്പുകളെ രക്ഷപെടുത്തുന്നതിന്‍റെ ചിത്രങ്ങള്‍ അതില്‍ പകര്‍ത്തിയിരിക്കുന്നു. ഡയറിയിലേക്കു കണ്ണോടിച്ചിട്ടു സുരേഷ് തുടര്‍ന്നു. തുലാപ്പിള്ളിയിലെ ഒരു ജോസഫിന്‍റെ വീട്ടിലാണ് ഇന്നലെ പോയത്. നിസാരക്കാരനല്ലായിരുന്നു പാമ്പ്. രാജവെമ്പാല, കിങ് കോബ്ര. ഒരു കൊത്തു കിട്ടിയാല്‍ നാലോ അഞ്ചോ മിനിറ്റ് മതി മരണം സംഭവിക്കാന്‍. ആന അരമണിക്കൂറിനുള്ളില്‍ തീരുമെന്നു സുരേഷിന്‍റെ സാക്ഷ്യം. ഒറ്റക്കൊത്തില്‍ ഇഞ്ചെക്റ്റ് ചെയ്യുന്നതു മുപ്പതു മില്ലിഗ്രാം വിഷമാണ്. ആ വിഷത്തിന്‍റെ തീവ്രത അത്രയേറെ.

അവിടെ ചെല്ലുമ്പോള്‍ ഒരു വലിയ മരത്തിനു മുകളിലാണു രാജവെമ്പാല. ആളു കൂടിയിട്ടുണ്ട്. പാമ്പ് താഴേക്കു വീഴാന്‍ പാടില്ല. പതുക്കെ കമ്പൊക്കെ ഉപയോഗിച്ചു മരത്തിനു മുകളില്‍ നിന്നു താഴേക്കു കൊണ്ടു വന്നു. പിന്നെ പതിവുപോലെ വാലില്‍ പിടിച്ചു. നാഗങ്ങളുടെ രാജാവിനെ മനുഷ്യരിലെ ഒരു സാധാരണക്കാരന്‍ നിസാരമായി കീഴടക്കി. പിന്നെ ശിഷ്ടജീവിതത്തിനായി ഉള്‍വനങ്ങളുടെ സ്വസ്ഥതയിലേക്ക് തുറന്നുവിട്ടു. വീണ്ടുമൊരു ഫോണ്‍ കോള്‍. തിരുവനന്തപുരത്തിന്‍റെ ഉള്‍നാട്ടിലെ ഏതോ കരിങ്കല്‍ക്കെട്ടിനിടയിലാണു പാമ്പ് കയറിയിരിക്കുന്ന്. ലക്ഷണങ്ങളൊക്കെ ചോദിച്ചു മനസിലാക്കി, സ്ഥലവും മനസിലാക്കിയശേഷം ഫോണ്‍ വച്ചു. കലുങ്കിലും കരിങ്കല്‍ക്കെട്ടിലുമൊക്കെ കയറിയിരിക്കുന്ന പാമ്പിനെ പിടിച്ചതു പുലിവാലായിട്ടുണ്ടെന്നു സുരേഷ്. പലപ്പോഴും ജനങ്ങള്‍ ആവേശംപൂണ്ടു കലുങ്ക് പൊളിച്ചു പാമ്പിനെ പുറത്തെടുക്കാന്‍ പറയും. മതിലും മറ്റുമൊക്കെ പൊളിച്ചതിനു കേസാവുകകയും ചെയ്യും. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു മാത്രമേ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാറുള്ളൂ.

വിരിയാന്‍ വൈകിയ പാമ്പിന്‍ മുട്ടകള്‍

വിശാലമായ പറമ്പിലൊക്കെ കാണുന്ന പാമ്പിനെ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. വീട്ടില്‍ കയറിയ പാമ്പിനെ എളുപ്പം പിടിക്കാം. മൂവ്മെന്‍റ്സ് നോക്കി ചിലതിനെ പിന്തുടരാന്‍ കഴിയും. ആദ്യം കാണുന്ന മാളത്തിലായിരിക്കും മിക്കവാറും കയറിയിരിക്കുക. മാളം പൊളിച്ചാല്‍ അവിടെ ഉണ്ടാകും. സുരേഷ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണു സുരേഷിന്‍റെ പ്രധാന പ്രവര്‍ത്തനമേഖല. ഒരു ദിവസം പത്തിനും പതിനഞ്ചിനും ഇടയില്‍ കോളുകള്‍ ഉണ്ടാകാറുണ്ടെന്നു പറയുന്നു സുരേഷ്. കൂടുതലും സന്ധ്യ കഴിഞ്ഞായിരിക്കും. പലരും ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോഴായിരിക്കും ഈ അപ്രതീക്ഷിത അതിഥി എത്തിയ വിവരം അറിയുന്നത്.

സുരേഷിന്‍റെ വീടിനു മുന്നിലെ കൂട്ടില്‍ നിന്നും വീണ്ടും ലവ് ബേഡ്സിന്‍റെ ശബ്ദം. കൂടിനു മുകളില്‍ വച്ചിരിക്കുന്ന മുട്ടകള്‍ വീണ്ടും സംശയം ജനിപ്പിക്കുന്നു. ഈ കുപ്പിയില്‍ ഇരിക്കുന്നതൊക്കെ... ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. എല്ലാം പാമ്പിന്‍റെ മുട്ടകള്‍, 444 എണ്ണം ഉണ്ട്. കുപ്പിയില്‍ പ്ലാവിലയും മറ്റുമിട്ടാണു സൂക്ഷിച്ചിരിക്കുന്നത്. ഇവ ഇടയ്ക്കു മാറ്റിക്കൊടുക്കണം. സാധാരണയിടങ്ങളിലാകുമ്പോള്‍ നാല്‍പ്പത്തഞ്ചു ദിവസം കൊണ്ടു മുട്ട വിരിയും. കുപ്പിയില്‍ സുക്ഷിച്ചിരിക്കുന്നതു കൊണ്ടു അറുപതു ദിവസമൊക്കെ എടുക്കും.

ബാല്യം പാമ്പുമയം

ശ്രീകാര്യം ചെറുവയ്ക്കല്‍ തേരുവിള വീട്ടില്‍ ബാഹുലേയന്‍റേയും കൃഷ്ണമ്മയുടേയും നാലു മക്കളില്‍ മൂന്നാമന്‍ ചെറുപ്പത്തില്‍ത്തന്നെ പാമ്പുകളുമായി ചങ്ങാത്തം കൂടി. വീടിനു സമീപത്തെ മരച്ചീനി ഗവേഷണ കേന്ദ്രത്തിന്‍റെ പരിസരങ്ങളില്‍ സമൃദ്ധമായി കുറ്റിക്കാടുകളുണ്ടായിരുന്നു, അതുകൊണ്ടു തന്നെ പാമ്പും. അവയുടെ ഒപ്പം കളിച്ചു തന്നെയായിരുന്ന ബാല്യം. മൂര്‍ഖന്‍റെ കുഞ്ഞിനെ കുപ്പിയിലാക്കിത്തുടങ്ങിയ വിനോദം. പിന്നീട് ഒരുപാടു പേരുടെ ജീവന്‍ രക്ഷിക്കുന്നതിലും, പാമ്പുകളുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിലും ചെന്നെത്തുകയായിരുന്നു. നാഗങ്ങളുടെ തോഴാനായുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്താറു വര്‍ഷം പിന്നിടുന്നു. ഒരു ദിവസം പോലും വിശ്രമമില്ല. എല്ലാ ദിവസം എവിടെ നിന്നെങ്കിലുമൊക്കെ സുരേഷിനെത്തേടി കോളുകള്‍ എത്തും.

ഇരുപത്തൊമ്പതിനായിരം പാമ്പുകള്‍ ഇരുനൂറ്റമ്പത്തഞ്ചു കടികള്‍

ഇരുപത്താറു വര്‍ഷത്തിനിടെ സുരേഷ് പിടിച്ചതു ഇരുപത്തൊമ്പതിനായിരത്തിലധികം പാമ്പുകളെ. ഇതില്‍ മൂന്നരവര്‍ഷത്തിനിടെ പതിനേഴു രാജവെമ്പാലകളെ പിടിച്ചു. ഒരു പക്ഷേ, കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയും കോബ്രകളെ പിടിക്കുന്നതൊരു റെക്കോഡായിരിക്കും. 2011ല്‍ മാത്രം മൂവായിരത്തിലധികം പാമ്പുകള്‍ സുരേഷിന്‍റെ കൈകളിലായി. ഈ വര്‍ഷം ഇതുവരെ 464 പാമ്പുകളും. വേണമെങ്കില്‍ മറ്റൊരു റെക്കോഡ് കൂടി സുരേഷിന്‍റെ പേരില്‍ എഴുതിച്ചേര്‍ക്കാം. ഇതുവരെ 255 പ്രാവശ്യം പാമ്പിന്‍റെ കടിയേറ്റിട്ടുണ്ട്. അതിഗുരുതരമായി ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. പലപ്പോഴും പാമ്പിനെ പിടിച്ച് ചാക്കിനകത്താക്കിയശേഷം ജനങ്ങളെ കാണിക്കാന്‍ വീണ്ടും പുറത്തെടുക്കുമ്പോഴാണ് കടികിട്ടുക. അപകടമാണെന്ന് അറിയാമെങ്കിലും പലപ്പോഴും നാട്ടുകാര്‍ സമ്മതിക്കില്ല, വീണ്ടും കാണിക്കാന്‍ ആവശ്യപ്പെടും. അന്യന്‍റെ ജീവന്‍ നഷ്ടപ്പെട്ടും കൗതുകം ആസ്വദിക്കാനുള്ള മോഹം അത്രയ്ക്കു തീവ്രമെന്നു ചുരുക്കം.

എന്നാല്‍ എല്ലാത്തവണയും പാമ്പിന്‍റെ കടിയേറ്റാല്‍ ആശുപത്രിയില്‍ പോകാറില്ലെന്നു സുരേഷ് പറയുന്നു. ഇപ്പോള്‍ ശരീരത്തില്‍ത്തന്നെ ആ വിഷത്തിനുള്ള പ്രതിരോധശേഷി വളര്‍ന്നു വന്നു തുടങ്ങിയിരിക്കുന്നു. എവിടെ നിന്നെങ്കിലും വിളി വന്ന് അവിടേക്കു പോകുമ്പോള്‍ത്തന്നെ ചിലപ്പോള്‍ മനസു പറയാറുണ്ട്, ഇന്ന് അപകടം പറ്റുമെന്ന്. പാമ്പിന്‍റെ കടിയേറ്റ പലതവണയും ഇത്തരം തോന്നലുണ്ടായിട്ടുണ്ട്.

പാമ്പിനു പകയില്ല

പാമ്പ് പക കാത്തുസൂക്ഷിക്കുന്ന ജീവിയാണ് എന്നതടക്കം ഒരുപാട് കഥകള്‍. പാമ്പിന് ഓര്‍മശക്തയില്ല. കുറച്ചെങ്കിലും ഓര്‍മ വയ്ക്കുന്നതു പെരുമ്പാമ്പും കിങ് കോബ്രയുമാണെന്നു സുരേഷിന്‍റെ അനുഭവം. ബാക്കിയെല്ലാം കഥകളാണ്. ഒരിക്കലും ഇണങ്ങാത്ത ജീവിയാണ് പാമ്പ്. പാമ്പാട്ടികള്‍ കാണിക്കുന്നതു വിഷഗ്രന്ഥി റിമൂവ് ചെയ്ത പാമ്പുകളെയാണ്. അതുകൊണ്ടു കടിയേറ്റാലും ഒന്നും സംഭവിക്കില്ല.

മൂര്‍ഖനും ചേരയും ഇണചേരുമെന്നതു ഏറെ വേരോട്ടമുള്ള മറ്റൊരു കഥ. പക്ഷേ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു സുരേഷ് പറയുന്നു. മറ്റുള്ള പാമ്പുകളെ ഭക്ഷണമാക്കുന്ന പാമ്പാണു മൂര്‍ഖന്‍. അതിനുള്ള ശ്രമം ഇണചേരലായി തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും. അണലി വാ തുറന്നാല്‍ മരച്ചീനിക്കെട്ടിന്‍റെ മണമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പണ്ടുകാലങ്ങളില്‍ സന്ധ്യയായാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഏതോ ഒരു അമ്മ എയ്തു വിട്ട കഥയാകാം. സത്യത്തില്‍ അതു കേരളത്തില്‍ ഏറെ കണ്ടുവരുന്ന പാടത്താളിയുടെ മണമാണെന്നു സാക്ഷ്യപ്പെടുത്തുന്നു സുരേഷ്.

കേരളത്തില്‍ എണ്‍പതിനം പാമ്പുകളുണ്ടെന്നാണ് സുരേഷിന്‍റ കണക്ക്. സാധാരണ നാട്ടില്‍ കാണുന്നവയില്‍ മൂന്നു പാമ്പുകള്‍ക്കേ വിഷമുള്ളൂ. അണലി (വൈപ്പര്‍ ), മൂര്‍ഖന്‍ ( കോബ്ര), ശംഖുവരയന്‍ അഥവാ വെള്ളിക്കെട്ടന്‍. ഇപ്പോള്‍ സുരേഷിന്‍റെ സംരക്ഷണത്തില്‍ ഇരുനൂറിലധികം പാമ്പുകളുണ്ട്. അവയെ പിന്നീട് ഉള്‍വനങ്ങളില്‍ വിടും. ഇവയ്ക്കു എലിയെയാണു ഭക്ഷണമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 740 പാമ്പുകള്‍ക്കാണു വനത്തില്‍ സ്വൈരവിഹാരത്തിനായി വഴി തുറന്നു കൊടുത്തത്.


നാഗങ്ങളെക്കുറിച്ചു സുരേഷിനുള്ളതു ഒരു പുസ്തകവും പകര്‍ന്നു കൊടുത്ത അറിവല്ല. ഇവിടെ പത്തി വിടര്‍ത്തിയാടുന്നതു അനുഭവങ്ങള്‍ തന്നെ. എത്രയോ മനുഷ്യജീവനുകള്‍ രക്ഷിച്ചു. എത്രയോ പാമ്പങ്ങളെ ഉള്‍വനങ്ങളുടെ സുരക്ഷിതത്വത്തിലേക്കു വിട്ടു. ഒരുപാടു പേര്‍ സഹായം തേടിയെത്തുന്നു. 9387974441 അതാണു സുരേഷിന്‍റെ നമ്പര്‍.

പറഞ്ഞു തീര്‍ന്നില്ല അതാ ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു. കാടിന്‍റെ സ്വൈരസ്ഥലം നഷ്ടമായ ഏതോ ഒരു പാമ്പ് വീണ്ടും വീടുകളുടെ സുരക്ഷിതത്വത്തിലേക്കു ഇഴഞ്ഞെത്തിയിരിക്കുന്നു. ഈ സേവനത്തിന് ഒരിക്കല്‍പ്പോലും കണക്കുപറഞ്ഞു കാശു മേടിച്ചിട്ടില്ല. തരുന്നതു മേടിക്കും. തന്നില്ലെങ്കില്‍ പരാതിയുമില്ല. സുരേഷ് പുറപ്പെടുകയായി. പുറകില്‍ കറുത്ത ബാഗ് തൂക്കിക്കഴിഞ്ഞു. സ്വന്തം ജീവന്‍ പണയം വച്ചുള്ള സേവനത്തിന്‍റെ ലഹരിയിലേക്കുള്ള അടുത്ത യാത്ര തുടരുന്നു. സുരേഷിന്‍റെ വരവും കാത്ത് മറ്റൊരാള്‍ ഒളിത്താവളത്തിന്‍റെ കരിയിലക്കൂട്ടങ്ങള്‍ക്കുള്ളിലേക്ക് ഇഴഞ്ഞു കയറുകയാവും ഇപ്പോള്‍...

5 comments:

  1. nalla leghanam....nannayi thanne parichayapeduthirikkunu

    ReplyDelete
  2. ഇയളെപറ്റി കുറെ ആയി വായിക്കുന്നു..ആളൊരു ഒന്നൊന്നര സംഭവം തന്നെ..ആസ്വദിച്ചു ചെയ്യുന്നതെന്തും നന്ന് തന്നെ..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. സുരേഷിനെ കുറിച്ച് ഒരുപാടു കേട്ടിടുണ്ട്. ഒരു തവണ ഒരു ചാനലില്‍ കണ്ടിരുന്നു. ഇതേഹത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഘനം വായിച്ചതു കൊണ്ട് സാധിച്ചു. നന്ദി അനൂപെ......
    പി.കെ.രാജേഷ്‌ ബാബു. ഗുരുവായൂര്‍

    ReplyDelete
  5. അറിയാം , സുരേഷിനെ. ശ്രീകാര്യത്ത് ഇപ്പോ ഫാന്‍സ് അസോസിയേഷന്‍ ഉണ്ട്.വായിയ്ക്കാന്‍ വൈകിയ വിഷമം മാത്രം.
    സുരേഷിനു എന്നും നല്ലതു വരട്ടെ.

    ReplyDelete