Sunday, March 11, 2012

അതേ റൂട്ട്, അതേ തോമസേട്ടന്‍...


ദേ നമ്മടെ തോമസേട്ടന്‍...
എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളത്തു നിന്നാരംഭം. കാഞ്ഞൂര്‍ കാലടി വഴി അങ്കമാലിയിലൂടെ മൂക്കന്നൂരും പൂതംകുറ്റിയും പിന്നിട്ടു മുന്നൂര്‍പ്പിള്ളിയില്‍. ഒരു ബസിന്‍റെ യാത്രാവഴിയിലെ സൗഹൃദസ്റ്റോപ്പുകളില്‍ കയറിയിറങ്ങുന്നവര്‍ ധാരാളം. അവരില്‍ പലര്‍ക്കും തോമസേട്ടനെ അറിയാം. പലരും പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ടാകും, ദേ നമ്മടെ തോമസേട്ടന്‍. ഔദ്യോഗിക പേരിന്‍റെ വിശദീകരണങ്ങളിലേക്കു ഡബിള്‍ ബെല്ലടിച്ചാല്‍ കക്ഷി മറ്റൂര്‍ പറക്കാടന്‍ പത്രോസ്-ഏല്യ ദമ്പതികളുടെ മകന്‍ തോമസാണ്. പറക്കാടന്‍ തോമസ് എങ്ങനെ ഒരു പ്രദേശത്തിന്‍റെ തോമസേട്ടനായി എന്ന കഥ ഒരു ബസ് സര്‍വീസില്‍ നിന്നു തുടങ്ങുന്നു. തിരുവൈരാണിക്കുളത്തു നിന്നും കാലടി അങ്കമാലി വഴി മുന്നൂര്‍പ്പിള്ളിയിലേക്കു സര്‍വീസ് നടത്തുന്ന ബ്രദേഴ്സ് ബസിന്‍റെ ഡ്രൈവറാണു തോമസ്. ഒരേ റൂട്ടില്‍ ഇരുപത്തഞ്ചു വര്‍ഷമായി ബസോടിക്കുന്ന ഡ്രൈവര്‍. ബസിന്‍റെ ഉടമകള്‍ നിരവധി തവണ മാറിയിട്ടും ആ റൂട്ടിലെ ബസിന്‍റെ വളയം കൈവിടാത്ത ഡ്രൈവര്‍. ആ മേഖലയിലെ ഏറ്റവും നല്ല ഡ്രൈവറിനുള്ള പുരസ്കാരം നേടിയ വ്യക്തി. ബ്രദേഴ്സിലെ തോമസേട്ടനുള്ളതു വര്‍ഷക്കണക്കിന്‍റെ പരിചയം മാത്രമല്ല അദ്ദേഹം നാട്ടുകാരുടേയും യാത്രക്കാരുടേയും പ്രിയങ്കരന്‍ കൂടിയാണ്. മരണപ്പാച്ചിലിന്‍റേയും മത്സരഓട്ടത്തിന്‍റേയും കഥകള്‍ ചീറിപ്പായുന്ന നിരത്തുകളില്‍ നന്മയുടെ വളയം പിടിക്കുന്നയാളാണ് തോമസേട്ടന്‍.

കഥാപ്രസംഗത്തിന്‍റെ ഭാഷയില്‍പ്പറഞ്ഞാല്‍ ഈ കഥ തുടങ്ങുന്നതു കാലടിയില്‍.
കാലടി ബസ് സ്റ്റാന്‍ഡ്.

സമയം ഉച്ചയ്ക്കു പന്ത്രണ്ടേ കാല്‍.


അങ്കമാലി ഭാഗത്തു നിന്നു സ്റ്റാന്‍ഡിലേക്കെത്തി, ബ്രദേഴ്സ് ബസ്. സാരഥിയുടെ സീറ്റില്‍ തോമസ്. ഒരു യാത്രയുടെ പതിവ് ഇടവേളയില്‍ ഒരേ റൂട്ടില്‍ ഇരുപത്തഞ്ചു വര്‍ഷത്തോളം ബസ് ഓടിച്ചതിന്‍റെ അനുഭവങ്ങളിലേക്കു ഫസ്റ്റ് ഗിയറിട്ടു. ഇത്രയും നാള്‍ ഒരേ റൂട്ടില്‍...... ആദ്യചോദ്യം അഴിച്ചപ്പോള്‍ത്തന്നെ തോമസിന്‍റെ ഉത്തരം കേള്‍ക്കാന്‍ ചുറ്റും കൂടി, ബസിലെ മറ്റു പണിക്കാരായ റോബിനും ബാബുവും പോളിയും വര്‍ഗീസും. സ്ഥിരം റൂട്ടിലെ കുഴിയും വളവും കയറ്റിറക്കങ്ങളും മനഃപാഠമാക്കിയ ഡ്രൈവറിനു പക്ഷേ, പതിവില്ലാത്ത അനുഭവസഞ്ചാരങ്ങളുടെ റോഡില്‍ വാക്കുകളിലൂടെ എളുപ്പത്തില്‍ മുന്നോട്ടു പോകാനാകുന്നില്ല. ഇടയ്ക്കിടിച്ചു നിന്നും, ചിരിയില്‍ തടഞ്ഞും അതങ്ങനെ ഇഴഞ്ഞു മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി മൂന്നിലാണ് ലൈസന്‍സ് എടുത്തത്. വലിയ വണ്ടിയുടെ വളയം പിടിക്കാന്‍ പിന്നെയും വൈകി. ആദ്യം എറണാകുളം - ഫോര്‍ട്ട് കൊച്ചി റൂട്ടിലായിരുന്നു. പിന്നീട് ആലുവ റൂട്ടിലെ മറ്റൊരു ബസില്‍. അതിനുശേഷമാണ് ആത്മബന്ധം പോലെ വേരുറച്ചു പോയ റൂട്ടിലെ ഡോര്‍ തുറന്നു ഡ്രൈവര്‍ സീറ്റിലേക്കു തോമസ് കയറുന്നത്. പിന്നീട് ഇതേവരെ സാരഥിയുടെ സീറ്റില്‍ നിന്നിറങ്ങേണ്ടി വന്നിട്ടില്ല. ഇതിനോടകം നാലോളം ഉടമകള്‍ മാറി. എങ്കിലും ദൂരെ നിന്നു ബ്രദേഴ്സ് കാണുമ്പോള്‍ മിക്കവര്‍ക്കുമറിയാം, അതിന്‍റെ മുമ്പില്‍ ചിരിച്ചു കൊണ്ട് തോമസേട്ടന്‍ ഉണ്ടാകുമെന്ന്. ഒന്നോ രണ്ടോ ദിവസത്തേക്കു ലീവിന് ഇറങ്ങുമ്പോള്‍ മാത്രമേ ആ കാഴ്ചയ്ക്കു മാറ്റം വന്നിട്ടുള്ളൂ ഇന്നേവരെ.1 comment:

  1. കേട്ടിട്ടുണ്ട്, ഈ പരിചയപ്പെടുത്ത്ല് നന്നായി.

    ReplyDelete