Thursday, March 1, 2012

സൈക്കിളീന്നു വീണ അമ്മിപ്പിള്ള
അറിയോ, ഞാന്‍ പഴയ അമാനുള്ളയാണ്. ഒന്നു നിര്‍ത്തിയിട്ട് അവന്‍ പതുക്കെ പറഞ്ഞു, പഴയ ആ അമ്മിപ്പിള്ള....
ഓര്‍മയിലൊരു അവധിക്കാലം. പ്രത്യേകിച്ചു പണിയൊന്നുമില്ല. വീടനടുത്ത് അനാഥമായിക്കിടക്കുന്ന ഒരു ഒഴിഞ്ഞ വീടിന്റെ തിണ്ണയില്‍ കിടക്കുന്നു, ഇന്ന് എന്തൊപ്പിക്കണം എന്നാലോചിച്ച് സമാനമനസ്‌ക്കരും, സമാനഅവസ്ഥയില്‍ കഴിയുന്നവരുമായ സുഹൃത്തുക്കളും. പെട്ടെന്നൊരു ശബ്ദം. ഉറപ്പിച്ചു ഇന്നും ആരോ വീണിരിക്കുന്നു. ആ വീടിനു മുന്നിലൊരു അപകടവളവാണ്, പ്രത്യേകിച്ചു സൈക്കിള്‍ യാത്രികര്‍ക്ക്. ചരലില്‍ തെന്നിയോ, ബാലന്‍സ് കിട്ടാതെയോ സൈക്കിളിന്റെ ബര്‍മുഡ ട്രയാംഗിളായി മാറി സ്ഥലം.
ഞങ്ങള്‍ ഓടിച്ചെന്നു. വീണിതല്ലോ കിടക്കുന്ന ധരണിയില്‍ സൈക്കിളും ഒരുത്തനും. പിടിച്ചെഴുന്നേല്‍പ്പിച്ചു. ബീറ്റ്‌റൂട്ട് ചെത്തിയ പോലെ കൈയിലും കാലിലുമൊക്കെ തൊലി പോയിട്ടുണ്ട്. ഷൂസും തൊപ്പിയും നല്ല അത്തറിന്റെ മണവുമൊക്കെയുള്ള ഒരുത്തന്‍.
എന്താ പേര്..
അബാസ് അമാനുള്ള ഹബീബുള്ള ടിപ്പു ഖാന്‍
ഞങ്ങള്‍ ഞെട്ടി
വീട്ടില് അമ്മിപ്പിള്ള എന്നാ വിളിക്കുന്നത്...
കഷ്ടം തോന്നി. നല്ല ഘടല്‍ക്കോചനായ പേരുണ്ടായിട്ടും വീട്ടില് അമ്മിപ്പിള്ള എന്നു വിളിക്കുന്നു...കഷ്ടം...
മുറിവില്‍ മരുന്നുവച്ചു കെട്ടാന്‍ കമ്യൂണിസ്റ്റ് പച്ച പറിക്കാന്‍ പോകുമ്പോഴായിരുന്നു ദിലീപ് ആ ഐഡിയ പറഞ്ഞത്.
നമുക്ക് ഇവനെ വീട്ടില്‍ കൊണ്ടുച്ചെന്നാക്കിയാലോ...
എന്തിന്, ഞാന്‍ ചോദിച്ചു. കുറച്ചു കഴിയുമ്പോ അവന്‍ തനിയെ സൈക്കിള്‍ ചവിട്ടി പോയിക്കോളും. വെറുതെ രണ്ടരക്കിലോമീറ്റര്‍ പൊരിവെയിലത്ത് സൈക്കിള്‍ ചവിട്ടുന്നത് എന്തിനാ....
ദിലീപ് അവന്റെ ആശയങ്ങളുടെ ഭൂപടം നിവര്‍ത്തി വച്ചു...
സൈക്കിളില്‍ നിന്നു വീണ അമ്മിപ്പിളളയെ വീട്ടിലേക്കു നമ്മള്‍ കൊണ്ടു പോകുന്നു. അവിടെ ചെല്ലുമ്പോള്‍ അപകടത്തില്‍പ്പെട്ട മകനെ രക്ഷിച്ചതിനുള്ള പ്രത്യുപകാരം അവന്റെ വീട്ടുകാര്‍ കാണിക്കാതിരിക്കുമോ...
മനസില്‍ ലഡ്ഡു പൊട്ടി
ദിലീപ് തുടര്‍ന്നു...മുസ്ലിംകളാണ്. അവരുടെ വീട്ടില്‍ എപ്പോഴും പത്തിരിയും കോഴിക്കറിയും കാണും. നമ്മള്‍ ചെല്ലുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. അമ്മിപ്പിള്ള ചത്തു പോകേണ്ടതായിരുന്നു. പക്ഷേ ഞങ്ങള്‍ പെട്ടെന്നു വന്നതു കൊണ്ട് ഒന്നും സംഭവിച്ചില്ല. ഒറ്റയ്ക്കു വിടാന്‍ മനസു വരാത്തതു കൊണ്ട് എല്ലാവരും കൂടി പോരുകയായിരുന്നു. ഇറങാന്‍ സമയത്ത് അവന്റെ ഉമ്മ പറയും. ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടി വന്നതല്ലേ, എന്തെങ്കിലും കഴിച്ചിട്ടു പോകാം...

ആ ഒരു ഡയലോഗിനു വേണ്ടിയല്ലേ ഞങ്ങള്‍ കാത്തു നിന്നതെന്ന ഭാവം കാണിക്കാതെ അകത്തേക്ക്,....
പതുക്കെ ഞങ്ങള്‍ ഓരോരുത്തരായി ഈ ആശയം ഷെയര്‍ ചെയ്തു. അവന്റെ വീട്ടിലേക്കു പോകുമ്പോള്‍ അമ്മിപ്പിള്ളയെ സൈക്കിളിലിരുത്തി ലോഡ് ചവിട്ടുന്നതു ദിനുവായിരിക്കും. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മൂത്തവന്‍. ഞാനും ദിലീപും ഷൈജുവും എസ്‌കോരട്ട് പോലെ കൂടെ ഉണ്ടാവും.
വാ അമ്മിപ്പിള്ളേ കയറ്....ദിനു ക്ഷണിച്ചു
എന്തിന്...
വീട്ടില്‍ കൊണ്ടാക്കാം...
വേണ്ട, ഞാന്‍ ഒറ്റയ്ക്കു പൊക്കോളാം...
ഞങ്ങളു വിടുമോ. യാത്ര ആരംഭിച്ചു.
പോകുന്ന വഴിയില്‍ പരസ്പരം സഹായിക്കുന്നതിന്റെ അത്യാവശ്യത്തെക്കുറിച്ചും. കുറച്ചുനാള്‍ മുമ്പ് ഇത്തരത്തില്‍ സൈക്കിളില്‍ നിന്നു വീണവനെ അവന്റെ വീട്ടില്‍ എത്തിച്ചപ്പോള്‍ കാശു തന്നതും ഞങ്ങള്‍ മേടിച്ചില്ലെന്നുമൊക്കെ പറയണമെന്നു നേരത്തെ ദിനുവിനെ പറഞ്ഞു ചട്ടം കെട്ടിയിരുന്നു.
അന്നു വെയിലിനു ശക്തി കൂടുതലായിരുന്നു. എന്നാലുമെന്താ. കോഴിക്കറിക്കും പത്തിരിക്കും അതിലും കൂടുതല്‍ ചൂട് കാണില്ലേ. ഇടയ്ക്കു യാത്രയ്‌ക്കൊരു ബ്രേക്ക് എടുത്തപ്പോ ദിനു അടക്കം പറഞ്ഞു, മുടിഞ്ഞവന്‍ അമ്മിപ്പിള്ള തന്നെയാ, ഒടുക്കത്തെ വെയ്റ്റ്.  ഇനിയിപ്പോ പൈസ തരുകയാണെങ്കില്‍, അയ്യോ അതൊന്നും വേണ്ട എന്ന് ഒറ്റപ്രാവശ്യം പറഞ്ഞാല്‍ മതിയെന്നു തീരുമാനിച്ചു.
ഒരു വലിയ വീടിന്റെ മുന്നില്‍ സൈക്കിള്‍ നിന്നു.
അമ്മിപ്പിള്ള ഇറങ്ങി. അവന്റെ സൈക്കിള്‍ വാങ്ങി ഗേറ്റ് തുറന്ന്, ഇല്ലിപ്പട്ടല്‍ അതിരിട്ട വഴിയിലൂടെ അകത്തേക്ക് പോകാന്‍ ഭാവിച്ചു. ഞങ്ങളും വരാം, നിന്നെ വീട്ടില്‍ എല്‍പ്പിച്ചിട്ടേ പോകുന്നുള്ളൂ. വേണ്ട, ഞാന്‍ പൊയ്‌ക്കോളാം എന്നൊക്കെ നൂറു പ്രാവശ്യം അമ്മിപ്പിള്ള ഞങ്ങളോടു പറഞ്ഞു...
ഇല്ല, സമ്മതിക്കില്ല.....
ഒടുവില്‍ സൈക്കിള്‍ വീടിന്റെ വരാന്തയില്‍ ചാരിവച്ച് അമ്മിപ്പിള്ള അകത്തേക്ക്. ഞങ്ങള്‍ അവന്റെ ഉമ്മ അകത്തേക്കു വിളിക്കുന്നതും കാത്ത് പുറത്തു നില്‍ക്കുകയാണ്. അകത്ത് എന്തൊക്കെയോ ചോദ്യവും പറച്ചിലും..
അവന്റെ ഉമ്മ പുറത്തേക്കു വന്നു. സത്യത്തില്‍ അവനെ വീട്ടില്‍ കൊണ്ടു ചെന്നാക്കണം എന്ന ആശയം ആദ്യം പറഞ്ഞതു ഞാനായിരുന്നു എന്ന മട്ടില്‍ ഓരോരുത്തരായി മുന്നോട്ട് നീങ്ങി നിന്നു. സൈക്കിളില്‍ നിന്നു വീണതിന്റെ കഥ പറയാനായി മുന്നോട്ടു വരുമ്പോള്‍..... ആ ക്ലൈമാക്‌സ് സംഭവിച്ചു.
അവന്റെ ഉമ്മ ഒരു ആട്ട്്.....
പ്ഫാ...പെഴച്ച കുറെ എണ്ണങ്ങള് ഇറങ്ങിയിട്ടുണ്ട്. ന്റെ മോനെ ചീത്തയാക്കാന്‍. ഇറങ്ങിപ്പോടാ ഹറാം പെറന്നോന്മാരേ...
ഇല്ലിപ്പട്ടലിന്റെ ഇടയില്‍ക്കൂടി ഓടി സൈക്കിളിന്റെ അരികിലെത്തുമ്പോള്‍ വയറു നിറഞ്ഞിരുന്നു. പത്തിരിയും കോഴിക്കറിയുമില്ലാതെ. തിരികെ മടങ്ങുമ്പോള്‍ ആരും മിണ്ടിയില്ല. വീണ്ടും അനാഥമായ വീടിന്റെ തിണ്ണയില്‍ ആരോടും ഒന്നും പറയാതെ ഞങ്ങളിരുന്നു. പെ്‌ട്ടെന്നു വീണ്ടുമൊരു അപകടശബ്ദം. ആരും അനങ്ങിയില്ല...
ആരായാലും അവിടെക്കിടന്നു മരിക്കട്ടേ..... അങ്ങനെ പറഞ്ഞതു ആരായിരുന്നുവെന്ന് ഓര്‍മയില്ല.

2 comments: