Wednesday, November 30, 2011

നൂറു വെളിച്ചെണ്ണ അമ്പതു കടുക്

സിഗരറ്റു കൂടിന്‍റെ പിന്നിലെ വെളുപ്പില്‍
കണക്കുകൂട്ടല്‍.

നൂറു വെളിച്ചെണ്ണ
അമ്പതു കടുക്
നൂറ്റമ്പതു മുളക്

ബാക്കിക്ക് കല്ലു പെന്‍സിലും നാരങ്ങാമൊട്ടായിം, അതായിരുന്നു അമ്മയുടെ ഓഫര്‍.

മൊട്ടായി കിട്ടി...
കല്ലു പെന്‍സിലു താ...
താഴേന്നൊരു കല്ലെടുത്തോ...
പെന്‍സിലു നാളെത്തരാം...

അത്ര സുഖിച്ചില്ല ആ തമാശ...എല്ലാം വാരിപ്പിടിച്ച്, നാരങ്ങാ മൊട്ടായി നുണഞ്ഞ്...ആനവണ്ടിയുടെ ശബ്ദത്തില്‍ വണ്ടി കളിച്ച് വീട്ടിലേക്കോടുമ്പോള്‍ അമ്മയുടെ മുന്നറിയിപ്പ് ഓര്‍ത്തു, അന്നത്തെപ്പോലെ കുപ്പി പൊട്ടിയാല്‍...വണ്ടിയുടെ സ്പീഡ് കുറച്ചു...പതിവു ഗിയറുമാറ്റം ഇല്ല...കയ്യില്‍ വെളിച്ചെണ്ണക്കുപ്പിയുണ്ടല്ലോ...വീട്ടില്‍ ചെന്ന് സ്ലേറ്റില്‍ തറാ പറാന്ന് എഴുതിത്തുടങ്ങുമ്പോള്‍ അടുക്കളയില്‍ നിന്ന് ഉള്ളി മൂപ്പിച്ച ചോറിന്‍റെ മണം...ആകാശവാണി ശബ്ദിക്കുന്നു... ഇന്നത്തെ യുവവാണിയില്‍...

കോക്കനട്ട് ഓയിലേ... രണ്ടു കിലോ അങ്ങെടുത്താലോ? ഒരു ഗ്ലാസ് ബൗള്‍ ഫ്രീയുണ്ട്...ഭാര്യയുടെ ചോദ്യമാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്. മനസില്‍ ആരോ ചിരിക്കുന്നു, എന്നിട്ട് വീണ്ടും ഓര്‍മിപ്പിക്കുന്നു...

നൂറു വെളിച്ചെണ്ണ
അമ്പതു കടുക്
നൂറ്റമ്പതു മുളക്

ചെറിയ അളവുകളില്‍ സമൃദ്ധമായൊരു അത്താഴം കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചോര്‍ത്തു. ആട്ടിയ കൊപ്രയുടെ മണമുള്ള പലചരക്കുകടയുടെ തണലില്‍ നില്‍ക്കുമ്പോള്‍ കേട്ട ശബ്ദങ്ങള്‍ ഓര്‍ത്തു. കടയിലേക്ക് സാധനം വാങ്ങാന്‍ അയയ്ക്കുമ്പോള്‍ അമ്മയുടെ അല്ലെങ്കില്‍ അമ്മൂമ്മയുടെ മനസില്‍ കണക്കുണ്ടാവും. ഇതൊരു ഇമേജാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ആധുനിക വ്യാപാര സങ്കേതങ്ങളും മലയാളിയുടെ നിത്യജീവിതത്തില്‍ എത്തും മുമ്പേ, ഒരു പക്ഷേ എത്തിയിട്ടും ഈ വ്യാപാരരീതിയുണ്ടായിരുന്നു എല്ലായിടത്തും. ഇപ്പോള്‍ റീടെയ്ല്‍ വില്‍പ്പന ശൃംഖലയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വെറുതേ തോന്നുന്നു ഇതൊക്കെ അവസാനിക്കുന്നുവോ? അതെന്തുമാകട്ടെ, മനസിലേക്ക് വന്നു വീഴുന്നു നാട്ടിന്‍പുറത്തെ ആ ദൃശ്യം. വെളിച്ചെണ്ണയുടെ മണമുള്ള, ഭിത്തിയില്‍ പറ്റുപടിക്കണക്കിന്‍റെ രേഖപ്പെടുത്തലുകളുള്ള, ഒരു കൊളുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ചാക്കുനൂലിന്‍റെ വലിയ കട്ടയുള്ള, ലൈഫ്ബോയ്യുടെ ഗന്ധമുള്ള... മരപ്പലകകള്‍ ഒന്നിനു പിന്നാലെ ഒന്നായി ചേര്‍ത്തു വച്ച് അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്ന ഒരു കട...

കടന്നു പോകുന്ന കച്ചവടക്കാഴ്ച

അന്നത്തെ ആഹാരത്തിനായി ദിവസക്കൂലിയുടെ അളവുകളില്‍ ഒതുങ്ങുന്ന വാങ്ങലുകള്‍, കൃത്യമായ മനക്കണക്കു തെറ്റാതെ. ചില്ലറവ്യാപാരത്തിന്‍റെ അപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തിയ ലാഭം നേടുമ്പോള്‍, വാങ്ങുന്നവനും സംതൃപ്തി. ചെറിയ ദൂരത്തില്‍ ആഗ്രഹിക്കുന്ന അളവില്‍ എന്തും വാങ്ങാനുള്ള സാധ്യത. ചില്ലറവ്യാപാര മേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്കു വിട്ടു കൊടുക്കുമ്പോള്‍ മലയാളിയുടെ മനസില്‍ നിന്ന് ഈ ഇമേജ് അന്യം നിന്നു പോകാന്‍ തുടങ്ങുന്നു. ഒരു പക്ഷേ ഇത്തരമൊരു നീക്കത്തിന്‍റെ അതിഭാവുകത്വം കലര്‍ന്ന സാധ്യതയെന്നു തോന്നാമെങ്കിലും അതിവിദൂരമല്ല ആ കാലം. ഇതെല്ലാം കാലത്തിന്‍റെ വളര്‍ച്ചയിലെ അനിവാര്യമായ മാറ്റം തന്നെ. എങ്കിലും ഒരുപാടു തലമുറകളുടെ മനസില്‍ സജീവമായൊരു കച്ചവടക്കാഴ്ച പതുക്കെ മറയുന്നു, ആരേയും വേദനിപ്പിക്കാതെ, അധികമാര്‍ക്കും ഗൃഹാതുരത ഉണര്‍ത്താ തെ. അങ്ങനെയൊരു സംഭവം മറയുന്നുണ്ടെന്നു തോന്നിപ്പിക്കുക പോലെ ചെയ്യാതെ.


 ആവശ്യക്കാരന്‍ പറയുന്ന പലചരക്കുകളുടെ കണക്കുകൂട്ടാന്‍ വിളിച്ചു പറയുന്നതിനൊരു താളം കൂടിയുണ്ട്. സിഗരറ്റു കൂടിന്‍റെ മറുപ്രതലത്തില്‍ എഴുതി, നിമിഷനേരം കൊണ്ടു കണക്കുകൂട്ടുന്ന പലരും പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഭാഗ്യം കിട്ടാത്തവരായിരിക്കും. അനുഭവപരിചയത്തിന്‍റെ ഗണിതം ഒരിക്കലും പിഴയ്ക്കുകയുമില്ല. അരിയിലേയും പയറിലേയും കല്ലുകളോടു ക്ഷമിക്കാനും, മുളകുപൊടിയുടേയും മഞ്ഞള്‍ പ്പൊടിയുടേയും നിറക്കൂടുതലിനോടു കലഹിക്കാതിരിക്കാനും പഠിച്ചുതുടങ്ങിയത് ഒരുനാള്‍ കടം പറഞ്ഞാലും കുഴപ്പമില്ലെന്നതു കൊണ്ടാണ്, കാശില്ലാത്ത കാരണത്താല്‍ അന്നത്തെ ആഹാരം മുടക്കില്ലെന്നതു കൊണ്ടാണ്. എല്ലാം വാങ്ങിക്കഴിഞ്ഞിട്ട്, എഴുതിക്കോ എന്ന ഒറ്റവാക്കില്‍ അഭേദ്യമായൊരു വിശ്വാസം. പറ്റുപടിയെന്ന കടം പറയ ലിന്‍റെ പരിഷ്കൃതനാമത്തെ പ്രയോജനപ്പെടുത്താന്‍ മറ്റെവിടെക്കഴിയും.കടം പറഞ്ഞവരുടെ പേരെഴുതിയ ചുമരുകള്‍ കാലം മായ്ക്കുന്നു. അവിടെ വില കൂടിയാല്‍ പരിഭവിക്കാനും, വിലയില്‍ ഇളവു വാങ്ങാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നാലു ചക്രമുള്ള ട്രോളിയുമുന്തി ആവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞെടുത്തു മടങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും സൃഷ്ടിക്കപ്പെടാത്ത വിശ്വാസം.

പറ്റുപടിയുടെ വിശ്വാസങ്ങള്‍

അളവില്‍ നൂറിന്‍റേയും അമ്പതിന്‍റേയും സൗകര്യങ്ങളില്ലാതെ വരുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ കഴിയാത്ത ചെറിയൊരു വിഭാഗം ഇപ്പോഴും ശേഷിക്കുന്നുണ്ടാകുമെന്നു തീര്‍ച്ച. അപ്രതീക്ഷിതമായി വിരുന്നു വന്ന അതിഥിക്കുള്ള ഭക്ഷണമൊരുക്കാന്‍ ആരും കാണാതെ പിന്നാമ്പുറത്തൂടെ ഓടി ആശ്രയിക്കാന്‍ ഇത്തരം കടകളല്ലാതെ മറ്റെന്തുണ്ടായിരുന്നു ഒരു കാലത്ത്. കൈയിലൊരു ചെറിയ കുപ്പിയും മടക്കിപ്പിടിച്ച സഞ്ചിയുമായി കടകളിലേക്കു നടന്നടുക്കുന്നവര്‍... ആ കാഴ്ച മറക്കാനാവില്ല.



ഊഴം കാത്തു നില്‍ക്കുമ്പോള്‍ നാട്ടുവര്‍ത്തമാനങ്ങളുടെ ചൂടുള്ള ചര്‍ച്ച. ഒളിച്ചോട്ടവും വേലിചാട്ടവും അവിഹിതവും തുടങ്ങി അവിശ്വാസ പ്രമേയം വരെ വിഷയമാകാവുന്ന ചര്‍ച്ചകള്‍. പലചരക്കു കടയിലെ പലവിധ വിശേഷങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എല്ലാം കേട്ട് ചുമരിലെ കലണ്ടറില്‍ തെങ്കാശി കായത്തിന്‍റെ വലിയ എഴുത്തിനു മുകളില്‍ ശ്രീദേവിയോ പദ്മിനി കൊലാപ്പുരിയോ ചിരിക്കും...

ഇത്തരം കടകള്‍ക്കു പലപ്പോഴുമൊരു പേരിന്‍റെ വിശേഷണം ഉണ്ടാകാറില്ല. മിക്കവാറും കടക്കാരന്‍റെ പേരിനു പിന്നില്‍ ചേട്ടന്‍ എന്നോ അമ്മാവന്‍ എന്നോ ചേര്‍ത്ത് ഒരു പേരു വിളിക്കും. ഏതോ തലമുറ അജ്ഞാതകാരണത്തില്‍ വട്ടപ്പേരു നല്‍കിയ എത്രയോ കടക്കാര്‍. തലമുറകള്‍ കടന്നിട്ടും ആ പേരു മാത്രം നഷ്ടപ്പെടാതെ കച്ചവടത്തിന്‍റെ പാരമ്പര്യം തുടര്‍ന്നവര്‍ അനേകം. കച്ചവടത്തിന്‍റെ ആധുനിക സങ്കേതങ്ങള്‍ തുറന്നിട്ടും, നഷ്ടത്തിലായിട്ടും കടയെന്ന നാലു ചുവരിന്‍റെയുളളില്‍ രാജാവായുള്ള വാഴ്ച അവസാനിപ്പിക്കാന്‍ മടിച്ചവര്‍ എത്രയോ പേര്‍. ആഴ്ചയില്‍ ഒരിക്കല്‍ ചന്തയ്ക്കു പോയി മടങ്ങിവരുമ്പോള്‍ വാര്‍ത്തകളുടെ വിശാലമായ ലോകം ഗ്രാമത്തിലേക്കു കൊണ്ടു വന്നിരുന്നു ഈ കച്ചവടക്കാര്‍. പൊതിയാനുള്ള പത്രക്കടലാസില്‍ നിന്നു വാര്‍ത്തകളുടെ അറിവു നേടിയവര്‍. അസംഘടിതരെങ്കിലും വ്യാപാരരീതിയിലും ഉപഭോക്താവിനെ കൈകാര്യം ചെയ്യുന്ന രീതിയിലും സമാനസംഘടിത സ്വഭാവം പുലര്‍ത്തിയിരുന്നു അവരും.
പൂട്ടാത്ത പൂട്ടുകള്‍
സാധാരണക്കാരന്‍റെ ആവശ്യങ്ങളുടെ അളവിനോട് സമരസപ്പെടാനാകാതെ താഴിട്ടു പൂട്ടുന്നു ഒരു കച്ചവടസംസ്കാരത്തെ. കച്ചവടത്തെ മനുഷ്യത്വവുമായി കൂട്ടിയിണക്കി, മനുഷ്യരുമായി കൂട്ടിയണിക്കിക്കഴിഞ്ഞവരുടെ കാലം കഴിയുന്നു. ഒരു കൂട്ടം അപരിചിതര്‍ അവനവന്‍റെ മാത്രം ആവശ്യത്തിനായി പരസ്പരം അജ്ഞാതരായി വന്നു കടന്നു പോകുന്നവരുടെ സങ്കേതം മാത്രമായി കച്ചവടകേന്ദ്രങ്ങള്‍ മാറിക്കഴിഞ്ഞു. പലവകയുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മേല്‍ക്കൂരയുടെ ചുവട്ടില്‍ ഊഴം കാത്തു നില്‍ക്കുന്ന കാഴ്ചകള്‍ മറയുന്നു. കാലത്തിന്‍റെ ഇരുട്ടു പടരുന്നു. മനസില്‍ സെറ്റിട്ടൊരുക്കിയ പലചരക്കു കട അടയ്ക്കുന്നു. പുറത്തൊരു ബോര്‍ഡ് തൂക്കാം, ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ കട തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ഇനിയൊരറിയിപ്പ് ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ...



അമ്മേ ഹോര്‍ളിക്സ്...രാ വണിന്‍റെ സ്റ്റിക്കര്‍ ഫ്രീയുണ്ട്...മനോഹരമായി ഡിസൈന്‍ ചെയ്ത റാക്കുകള്‍ക്കിടയിലൂടെ ട്രോളി തള്ളുന്നതിനിടെ ഒന്നാം ക്ലാസുകാരന്‍റെ ഓര്‍മപ്പെടുത്തല്‍. അരിക്കു ഫ്രീയായി കുറച്ചു കല്ലു കിട്ടിയിരുന്നു

എന്നതൊഴിച്ചാല്‍... പണ്ട് നൂറു വെളിച്ചെണ്ണയ്ക്കും അമ്പതു കടുകിനും എന്ത് ഫ്രീ തരാനാണ്...

ചെറിയ കടലാസു പൊതികള്‍ക്കൊപ്പം വെളിച്ചെണ്ണക്കുപ്പിയും മാറില്‍ അടുക്കിപ്പിടിച്ച്...നാരങ്ങാമിട്ടായി നുണഞ്ഞ്...വീട്ടിലേക്ക് ഓടിപ്പോയതിന്‍റെ ഓര്‍മകള്‍ മനസിലുള്ള ഒരു തലമുറ ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളോട് താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. എന്നാലും പറയാതെ വയ്യ...മകനേ.. നിനക്കു നഷ്ടം, ത്രാസില്‍ ചെറിയ കട്ടികള്‍ വീഴുമ്പോഴുള്ള ശബ്ദം...കൊപ്രയാട്ടിയ വെളിച്ചെണ്ണയുടെ മണം...ഉള്ളി മൂപ്പിച്ച ചോറ്...യുവവാണി...

കാലമേ...ഗുഡ് ബൈ...

വാള്‍മാര്‍ട്ടേ...സ്വാഗതം....

8 comments:

  1. അനൂപിന്റെ എഴുത്തുകളില്‍ സ്ഥിരം മനസ്സിനെ ശ്വാസം മുട്ടിച്ച് ശേഷം ഒരു വല്ലാത്ത ലാഘവത്വം തരുന്ന ഗൃഹാതുരത്വം ഉണ്ട്. അത് ഇവിടെയും പ്രകടം. ഓര്‍ക്കുന്നു, പണ്ടത്തെ മാഞ്ഞു മറിയുന്ന ഓര്‍മകളില്‍, അത്തരം പലകകള്‍ അടുക്കുന്ന കടകളും അവരുടെ രൂപവും കുശലവും ഒക്കെ... പക്ഷെ കാലത്തിനു ഒരിക്കലും ഒരു ഗുഡ് ബൈ പറയാന്‍ അല്പം എഴുതുന്ന നമുക്കൊരിക്കലും ആവില്ല... ഇന്നിനോടാണ് എന്നും നമ്മുടെ ഗുഡ് ബൈ. മനസ്സില്‍ മുഴുവനും ഇന്നലെകളും, നാലെകളും ആണ്... അതാണ്‌ നമ്മുടെ അനുഗ്രഹം...ശാപവും... നല്ല എഴുത്ത്. മനസ്സില്‍ തോന്നിപിച്ച ഈ ഒരു നല്ല അനുഭൂതിക്ക്, നന്ദി. :)

    ReplyDelete
  2. ഓര്‍മിക്കുവാനും ഓര്‍മപ്പെടുത്തുവാനും ഒത്തിരി ബാക്കിയുള്ള ഒരു തലമുറയുടെ ശബ്ദം...എല്ലാം എനിക്കും പ്രിയപ്പെട്ടതായിരുന്നു..
    നന്ദി.

    ReplyDelete
  3. വാൾ മാർട്ടിനു മുൻപ് നമ്മൾ സ്പെൻസറിനും ബിഗ്ബസാറിനും റിലയൻസിനും സ്വാഗതമരുളി......തെരുവിന്റെ ഇരുവശത്തും ഉജ്ജ്വല വെളിച്ചത്തിൽ കുതിർന്നു നിൽക്കുന്ന വലിയ വലിയ മാളുകൾക്കു മുൻപിലൂടെ നടക്കുമ്പോൾ മുട്ട പുഴുങ്ങി വിറ്റിരുന്ന ബീഹാറി അപ്രത്യക്ഷനായതിനെക്കുറിച്ചും, ചോളം വിറ്റിരുന്ന അമ്മൂമ്മ യാത്ര പറഞ്ഞതിനെക്കുറിച്ചും അനിയത്തി പറഞ്ഞുകൊണ്ടിരുന്നു.
    എവിടെ പോയി? ആവോ?
    അങ്ങനെ ഗോപാലന്റെ പലചരക്ക് കടയും മാതൂന്റെ ജൌളിക്കടയും ഒന്നും കാണാനില്ലാതായി......
    പോസ്റ്റിന് അഭിനന്ദനങ്ങൾ.

    ReplyDelete
  4. എച്ച്മുക്കുട്ടി ഓരോ പോസ്റ്റും വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. നന്ദി. ജ്യോതിഷ്, കെകെ നന്ദി. ജ്യോതി എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി

    ReplyDelete
  5. annop ..................no words to appreciate simply superb......and true to every word......dnt knw whether our children can ever experience this..............

    ReplyDelete
  6. രേണു... നന്ദി. ഒരു തലമുറ അനുഭവിച്ച ഇത്തരം കാര്യങ്ങള്‍ നഷ്ടമാകുമ്പോഴാണ്, അതൊക്കെ നമ്മുടെ ഒരു കാലത്തിന്റെ ഭാഗമായിരുന്നു എന്നു തിരിച്ചറിയുക. വരുന്ന തലമുറക്കായി ഇത്തരത്തില്‍ മറ്റെന്തെങ്കിലും കാത്തിരിക്കുന്നുണ്ടാകും

    ReplyDelete
  7. Ende nattil eppozhum undu ee kada..Kadayum, cigarettee cover le kanakkukalum, kalbharanikalile palanirathilullaa mittaayyiii kalum,soap indeyum velichennayudetum vasanayum...elllamm...eppoozhum avideyundu..
    Pakshee Palaka marii lock vannuu...odu marii concrete ayii...ennalum nattuuvarthamanathinu kuravillaa...
    Pathukkee marala pidichu thudangiya aa cheruppakalam veendum thudachu vrithiyakkii tannathinde santhosham ariyikkunnuu anoopettaa...

    ReplyDelete