Wednesday, July 6, 2011

സൈക്യാട്രിസ്റ്റ് ആക്റ്ററിന് സ്വാഗതം

  
                                     അഗാഷേ, മമ്മുട്ടി
വോദയ സ്റ്റുഡിയോയുടെ ചിത്രീകര ണഭൂമി. ഷാജി കൈലാസ് സംവിധാ നം ചെയ്യുന്ന ദ കിംഗ് ആന്‍ഡ് ദ കമ്മീഷണറുടെ ചിത്രീകരണം തുടരു ന്നു. മലയാള സിനിമകള്‍ നിരവധി പിറന്നു വീണ നവോദയായുടെ മണ്ണിലേ ക്കു പോകുമ്പോള്‍ അഭിമുഖത്തിന്‍റെ മറുപുറത്ത് ലക്ഷ്യം വച്ചിരുന്നത് ഒരു മലയാളിയെ അല്ല... ബോളിവുഡില്‍ നിന്ന് മലയാള സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന താരങ്ങളുടെ നിരയില്‍ ഉള്‍പ്പെടുത്താവുന്ന ഒരാളേയും അല്ല...

....ഇസ് ആന്‍ ഇന്ത്യന്‍ തിയെറ്റര്‍ ആന്‍ഡ് ഫിലിം ആക്റ്റര്‍. ആന്‍ഡ് എ സൈക്യാട്രിസ്റ്റ് ബൈ പ്രൊഫഷന്‍ എന്നു തുടങ്ങി താഴേക്കു നീളുന്ന ഇന്‍റര്‍നെറ്റിലെ പ്രൊഫൈല്‍ വിവരണങ്ങളില്‍ നിന്ന് ആള് വ്യത്യസ്തന്‍ എന്നു മനസിലാക്കിയിരുന്നു. ജീവചരിത്രത്തിന്‍റെ പതിവുകോളങ്ങള്‍ പൂര്‍ത്തീ കരിക്കാന്‍ കഴിയാത്തവിധം എപ്പോ ഴും ജീവിതത്തില്‍ നേട്ടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ കാത്തുസൂക്ഷിച്ചയാള്‍. ചലച്ചിത്രനടന്‍, നാടകനടന്‍, സൈക്യാട്രിസ്റ്റ്, പ്രൊഫസര്‍, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ ജനറല്‍... സ്പോട്ട് ലൈറ്റിന്‍റെ വെള്ളിവെളിച്ചത്തില്‍ നിന്ന് നടന്നടുക്കുന്നു, പദ്മശ്രീ ഡോ. മോഹന്‍ അഗാഷെ.

                            പദ്മശ്രീ ഡോ. മോഹന്‍ അഗാഷെ

മറാത്തി തിയെറ്ററിന്‍റെ അതികായന്‍ അനുഭവങ്ങളുടെ അരങ്ങുണര്‍ത്താന്‍ വന്നിരിക്കുന്നു, ദ കിംഗ് ആന്‍ഡ് ദ കമ്മീഷണറിലെ കഥാപാത്രത്തിന്‍റെ വേഷപ്പകര്‍ച്ചയിലേക്ക്. ഭാഷയു ടെ അതിര്‍വരമ്പില്ലാത്ത അഭിനയസപര്യയായിരുന്നു അദ്ദേഹത്തിന്‍റേ ത്. ഹിന്ദി, മറാത്തി, ഇംഗ്ലിഷ് ഭാഷകളില്‍ അഭിനയിച്ച മോഹന്‍ അഗാഷെ ഇതാദ്യമായി മലയാള സിനിമയില്‍. പക്ഷേ, ജീവിതം എന്നും സിനിമാഭിന യത്തിന്‍റെ തീരത്തുമാത്രം തളച്ചു നിര്‍ത്തിയില്ല അദ്ദേഹം. മനസില്‍ അഭിനിവേശമായി അരങ്ങുണ്ട്, മനുഷ്യന്‍റെ മനോവ്യാപാരത്തിന്‍റെ ആഴങ്ങള്‍ അടുത്തറിഞ്ഞ ഒരു സൈക്യാട്രിസ്റ്റുണ്ട്... അതുകൊണ്ടൊക്കെത്തന്നെ ആരോ ടും അകല്‍ച്ചകള്‍ ഇല്ലാതെ സംവേദ നം നടത്താനുള്ള മനസ് എപ്പോഴും ഒരുക്കിവച്ചിരിക്കുന്നു അദ്ദേഹം.

തിയെറ്ററിക്കല്‍ മെഡിസിന്‍
പതിവു പോലെ സ്കൂള്‍ ജീവിത ത്തിന്‍റെ പത്തു വര്‍ഷക്കാലയളവില്‍ എപ്പൊഴോ ആണ് അരങ്ങ് ജീവിത ത്തിലെത്തുന്നത്. ആദ്യ അവതരണങ്ങളുടെ അഭിനന്ദനങ്ങള്‍ ആ മനസില്‍ ആവേശമായി കുടികൊണ്ടു. ചില്‍ഡ്രന്‍സ് തിയെറ്ററിലും സജീവ മായി. ഒപ്പം പഠനവും നല്ല രീതിയില്‍ത്തന്നെ മുന്നോട്ട്. എ ഗ്രെയ്ഡ് കിട്ടുന്നവന്‍ എന്‍ജിനിയറിങ്ങിനു പോകണമെന്നും ബി ഗ്രെയ്ഡ് കിട്ടുന്നവന്‍റെ വഴി മെഡിസിനാണെന്നും അലിഖിത നിയമം നിലനി ന്ന സമയം. പതിവുതെറ്റിക്കാതെ മെഡിസിനു ചേര്‍ന്നു. അപ്പോഴും അലിഞ്ഞില്ല തിയെറ്ററിനോടുള്ള പാഷന്‍. പലരും ജീവിതവഴിയില്‍ ഇത്തരം ബാല്യകാല മോഹങ്ങള്‍ ഉപേക്ഷിക്കുമെങ്കിലും, നാടകം മോഹന്‍ ആഗാഷെയുടെ ജീവിതത്തില്‍ മോഹമായി തുടരുക തന്നെ ചെയ്തു. പ്രീ മെഡിക്കല്‍ ഇയേഴ്സിലും, മെഡിക്കല്‍ വിദ്യാഭ്യാ സം തുടരുമ്പോഴുമൊ ക്കെ സ്റ്റേറ്റ് കോംപറ്റീഷനില്‍ സമ്മാനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ഒരു പക്ഷേ, കഥാപാത്രങ്ങളുടെ മനസിനെ തിരിച്ചറിഞ്ഞ നടനായതുകൊണ്ടായിരിക്കാം, സൈക്യാട്രിയിലേ ക്കു തിരിഞ്ഞതും.

ജര്‍മനിയില്‍ നിന്നു ഗ്രിപ്സ് ചില്‍ഡ്രന്‍ തിയെറ്റര്‍ പ്രൊജക്റ്റിനെ ഇന്ത്യയിലേക്കു പറിച്ചുനട്ടയാള്‍ എന്ന നിലയിലും പൂനെ തിയെറ്റര്‍ അക്കാഡ മിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ എന്ന നിലയിലും നാടകലോകത്തിനു വലിയ സംഭാവന നല്‍കി, മോഹന്‍ അഗാഷെ. വര്‍ഷങ്ങളോളം പൂനെ തിയെറ്റര്‍ അക്കാഡമിയില്‍ നടനുമായിരുന്നു. വിജയ് ടെന്‍ഡുല്‍ക്കര്‍ എഴുതിയ ഗാഷിറാം കോത്ത്വാള്‍ എന്ന നാടകത്തില്‍ നാനാ പാദ്വാനി എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിലെ അടര്‍ത്തിമാറ്റാനാവാത്ത ഒരേട്. പലപ്പോഴും ആ കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെട്ടു. അരങ്ങിന്‍റെ വെളിച്ചത്തില്‍ നിരവധി അന്താരാഷ്ട്ര നാടകവേദികളില്‍ മോഹന്‍ അഗാഷെ എത്തിയിട്ടുണ്ട്. ബെര്‍ലിനിലേയും ബെല്‍ഗ്രേഡിലേയും ബാല്‍ട്ടിമൂറിലേയും തിയെറ്റര്‍ ഫെസ്റ്റിവലുകളില്‍ വരെ.

നാടകാഭിനയവും സിനിമയിലെ അഭിനയ വും തമ്മില്‍ വ്യത്യാസം തോന്നിയിട്ടുണ്ടോ...? അസമയത്തൊരു പതിവുചോദ്യത്തിന്‍റെ പരിഭവം മുഖത്തു നിഴലിച്ചു. പക്ഷേ, മറുപടി വ്യക്തം, കൃത്യം. നാടകം ജീവിതമാണ്. ഡ്രാമ ഇസ് എ ലൈവ് ആര്‍ട്ട്. ഒരിക്കല്‍ തെറ്റുവരുത്തിയാല്‍ പിന്നെ തിരുത്താന്‍ കഴിയില്ല. സിനിമയില്‍ ഇരുപതു സെക്കന്‍ഡില്‍ അഭിനയിക്കാന്‍ പറയുകയാണെങ്കില്‍, കൃത്യമായി അളന്നു മുറിച്ചുള്ള അഭിനയമായിരിക്കും. ആക്റ്റര്‍ ഒരു കോണ്‍ട്രിബ്യൂട്ടര്‍ മാത്രമാകുന്നു ഇവിടെ. പിന്നെ അഭിനയത്തിന്‍റെ കാര്യം പൊതുവായി പറയുമ്പോള്‍, കഴിഞ്ഞ കാലത്തില്‍ നിന്നൊരു സന്ദര്‍ഭം ഓര്‍ത്തെടുത്ത് അവത രിപ്പിക്കാന്‍ കഴിയും. അത് എക്സ്പ്രസ് ചെയ്യാനുള്ള ചാന്‍സ് കൂടി ലഭിക്കുന്നു. അതുകൊണ്ടൊക്കെത്തന്നെ രണ്ടും തമ്മില്‍ സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടെന്നു പറയാം.

അഭിനയത്തിനും ഒരു സൈക്യാട്രി
തെറാപ്പിസ്റ്റും ക്ലയന്‍റും തമ്മിലുള്ള ബന്ധം പോലെയാണു നടനും കഥാപാത്രവും തമ്മിലുള്ള ബന്ധം. ക്ലയന്‍റിനു തെറാപ്പിസ്റ്റിനോട് ദേഷ്യപ്പെടാം, അതൃപ്തി രേഖപ്പെടുത്താം. പക്ഷേ, തെറ്റാപ്പിസ്റ്റ് അതൊന്നും ഒരിക്കലും തിരികെ പ്രകടിപ്പിക്കാന്‍ പാടില്ല. അതുപോലെ തന്നെയാണു നടനും കഥാപാത്രവും തമ്മിലുള്ള ബന്ധവും. ഒരു ആക്റ്ററിനു ക്യാരക്റ്റാകാനേ കഴിയുകയുള്ളൂ. അല്ലാതെ നടന്‍റെ പേഴ്സണല്‍ ഇമോഷനുകളല്ല അവിടെ അവതരിപ്പിക്കേണ്ടത്. ഒരു പക്ഷേ, സ്വന്തം പ്രൊഫഷനേയും പാഷനേയും വളരെ അര്‍ഥവത്തായി താരതമ്യപ്പെടുത്താനും, കാര്യമായ വ്യത്യാസമുണ്ടെന്നു ബോധ്യപ്പെടുത്തിത്തരാനും കഴിയുന്നു ഈ ആക്റ്റര്‍ സൈക്യാട്രിസ്റ്റിന്.

അഭ്രപാളിയിലെ ആവിഷ്കാരത്തിന് ആര്‍ട്ട് - കമേഴ്സ്യല്‍ എന്ന വ്യത്യാസം നല്‍കാ തെയാണ് മോഹന്‍റെ അഭിനയജീവിതം ഇക്കാലമത്രയും തുടര്‍ന്നത്. സത്യജിത്ത് റായ്, ശ്യാം ബനഗല്‍, ഗൗതം ഘോഷ്, മീര നായര്‍, ജബ്ബാര്‍ പട്ടേല്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം സഹകരിച്ചു. രംഗ് ദേ ബസന്തി, ത്രിമൂര്‍ത്തി, ഗജഗാമിനി, ഗംഗാജല്‍ തുടങ്ങി നിരവധി ബോളിവുഡ് സിനിമകള്‍. മിക്കതിലും വില്ലന്‍ വേഷങ്ങള്‍. അല്ലെങ്കില്‍ പൊലീസ് വേഷങ്ങള്‍. പ്രകാശ് ഝായുടെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യം. മിസിസ്സിപ്പി മസാല എന്ന ഇംഗ്ലിഷ് ഫിലിം, നിരവധി മറാത്തി ചിത്രങ്ങള്‍, സത്യജിത്ത് റായുടെ കഥകളെ ആസ്പദമാ ക്കി അദ്ദേഹത്തിന്‍റെ മകന്‍ സന്ദീപ് റായ് സംവിധാനം ചെയ്ത ബംഗാളി ടെലിഫിലിമിലും മോഹന്‍ അഭിനയസാന്നിധ്യം അറിയിച്ചു.

പക്ഷേ, ആ ജീവിതത്തില്‍ സിനിമ അഭിനയത്തിന്‍റെ സജീവതയില്ല. അതിനു വ്യക്തമായ കാരണമുണ്ടാകാം. പ്രൊഫഷന്‍റെ ഉത്തരവാദിത്തം വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാകാം. മാനസിക ആരോഗ്യ വിദ്യാഭ്യാസ ത്തേയും സേവനത്തേയും ശക്തിപ്പെടുത്താന്‍ അദ്ദേഹം നേതൃത്വം നല്‍കി. 1988ല്‍ ഒരു പ്രൊജക്റ്റ് രൂപീകരിച്ചു. മഹരാഷ്ട്ര ഗവണ്‍മെന്‍റ് ഒരു പുതിയ മെന്‍റല്‍ ഹെല്‍ത്ത് പോളിസി സ്വീകരിക്കാന്‍ ഇടയായത് ഈ പദ്ധതി മൂലമായിരുന്നു. 1993ല്‍ ലാത്തൂരിലുണ്ടായ ഭൂകമ്പത്തിലെ ഇരകളെ മാനസിക വും സാമൂഹ്യവുമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്കു മുന്‍കൈയെടുത്തു. ഭൂകമ്പദുരന്തം സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെപ്പറ്റി നടത്തിയ ഗവേഷണത്തിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, കള്‍ച്ചറല്‍ ഡിസോര്‍ഡേഴ്സ് ഒഫ് ഫറ്റിഗ് ആന്‍ഡ് വീക്ക്നെസ് എന്ന വിഷയത്തിലുള്ള ഇന്തോ - യുഎസ് റിസര്‍ച്ച് പ്രൊജക്റ്റിന്‍റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍... അങ്ങനെ ഉത്തരവാദിത്വമുള്ള വിശേഷണങ്ങള്‍ ഏറെ.

മലയാളം അപരിചിതമല്ല
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ചിത്രം, അഞ്ജലി മേനോന്‍റെ സിനിമ തുടങ്ങിയവയാണ് അടുത്തിടെ ആസ്വദിച്ച മലയാള ആവിഷ്കാരങ്ങള്‍. ബ്ലെസിയുടെ തന്മാത്ര എന്ന ചിത്രത്തെ ആസ്പദമാക്കി ഒരിക്കല്‍ ഒരു ക്ലാസ് നയിച്ചിട്ടുണ്ടെന്നും മലയാളബന്ധത്തിന്‍റെ തെളിവുകളായി അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ജബ്ബാര്‍ പട്ടേലിന്‍റെ ഡോക്റ്റര്‍ അം ബേദ്ക്കറില്‍ സ്വാഭാവിക അഭിനയത്തിന്‍റെ തീവ്രത അറിയിച്ച മമ്മൂട്ടിയേയും അദ്ദേഹം ഓര്‍ത്തു. ഇപ്പോള്‍ മലയാളത്തില്‍ മമ്മൂട്ടി ക്കൊപ്പം അഭിനയിക്കാനുള്ള അവസരം. വ്യത്യസ്ത ഭാഷയില്‍ അഭിനയിക്കുക എന്നതു തന്നെ ഒരു പഠനാനുഭവമാണെന്നു പറയുന്നു മോഹന്‍ അഗാഷെ.

സെറ്റില്‍ മമ്മൂട്ടിയുമുണ്ട്. ഇടവേളകളില്‍ മമ്മൂട്ടിയുമായി ചര്‍ച്ചകളും സജീവം. ഷോട്ട് റെഡി. നവോദയ സ്റ്റുഡിയോയുടെ അകത്തേക്കു നടന്നു. അകത്തു വെള്ളിത്തിരയ്ക്കായുള്ള വെളിച്ചത്തില്‍ അഭിനയത്തിന്‍റെ പറഞ്ഞു നിര്‍ത്തിയ തിയറി പ്രാവര്‍ത്തികമാക്കുകയായിരിക്കാം. കഥാപാത്രത്തിന്‍റെ മനസിലേക്കു ചേക്കേറുന്നുണ്ടാകാം. മോഹന്‍ അഗാഷെ എന്ന വ്യക്തിയുടെ പ്രൊഫൈലിന്‍റെ പാതിചിത്രം പോലുമായിട്ടില്ല ഇത്. അരങ്ങിലും അഭ്രപാളിയിലും അനുഭവങ്ങള്‍ അത്രയ്ക്കുണ്ട്, അഭിമുഖത്തിന്‍റെ ആവാഹനങ്ങളില്‍ തളയ്ക്കാന്‍ കഴിയാത്തവിധം.

3 comments:

  1. വായിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹത്തെപ്പറ്റി. ഈ കുറിപ്പിന് അഭിനന്ദനങ്ങൾ.

    ReplyDelete
  2. സിനിമകൾ കണ്ടിട്ടുണ്ട്‌. ഇഷ്ടപ്പെട്ട നടനുമാണ്‌. മറ്റു ചില മുഖങ്ങൾ പരിചയപ്പെടുത്തിയതിൽ നന്ദി.

    ReplyDelete